മൈഹർ ഭാഗം- 12
എപ്പിസോഡ് 23
▮
ആകാശഗംഗയിലെ ഏകാന്തതയെ മുഖരിതമാക്കിയിരുന്നത് ഇടയ്ക്കിടെ ശിഷ്യർ വരുമ്പോൾ കേൾക്കുന്ന മനുഷ്യശബ്ദമാണ്. മുന്നയുമായി നന്നായി ഇണങ്ങിക്കഴിഞ്ഞു. അവൻ എപ്പോഴും അന്നപൂർണ്ണയെ ചുറ്റിപ്പറ്റിനിൽക്കും, സാധകം ചെയ്യുമ്പോൾ ശ്രദ്ധിച്ചിരുന്ന് കേൾക്കും. കേൾവിശീലം കൊണ്ട് നല്ല വായനയെ തിരിച്ചറിയാൻ മുന്നയ്ക്ക് കഴിഞ്ഞിരുന്നു. സൂർബഹാർ വായനക്കനുസരിച്ച് ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കാനും പഠിച്ചു. ശിഷ്യർ നന്നായി വായിച്ചാൽ മുന്ന അത് ആസ്വദിച്ചിരുന്നു. വായന ശരാശരിയാണെങ്കിൽ എഴുന്നേറ്റ് പോകും. മോശമാണെങ്കിൽ വായിക്കുന്ന ആളെ ദേഷ്യത്തോടെ നോക്കി കുരയ്ക്കും.
ഒരിക്കൽ ഒരു ശിഷ്യൻ പറഞ്ഞു, “മാ, എന്റെ വായനയൊന്ന് കേൾക്കണം.”
അയാൾ വായിച്ചു തുടങ്ങി മിനിറ്റുകൾ കഴിഞ്ഞപ്പോൾ മുന്ന കുരയ്ക്കാൻ തുടങ്ങി. അന്നപൂർണ്ണ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘‘നിറുത്തിക്കൊ, മുന്നയ്ക്കുപോലും ഇഷ്ടമായിട്ടില്ല.”
ബാബയ്ക്ക് അസുഖമാണ് എന്ന വിവരമറിഞ്ഞപ്പോൾ അന്നപൂർണ്ണ മൈഹറിലേക്ക് യാത്ര പുറപ്പെട്ടു. ആകാശഗംഗ നോക്കാനും പ്രാവുകൾക്കും മുന്നയ്ക്കും ഭക്ഷണം കൊടുക്കാനുമുള്ള ചുമതല ശിഷ്യനായ നിത്യാനന്ദ് ഹൽദിപ്പൂരിനെ ഏൽപ്പിച്ചു. മൈഹറിലെ വീട്ടിലെത്തുമ്പോൾ മൈഹർ ബാൻഡിലെ ശിഷ്യമാർ എല്ലാവരും കൂടിനിൽക്കുന്നു. അന്നപൂർണ്ണയെ കണ്ടപ്പോൾ അവർ വഴിമാറിക്കൊടുത്തു. മുറിയിൽ മദനും സുബൈദാബീഗം ബാബയുടെ കട്ടിലിന് സമീപത്തെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു.
അന്നപൂർണ്ണ ബാബയുടെ കട്ടിലിനരികെ ഇരുന്നു.
“നീ വന്നോ മോളെ…
ഇന്നലെ രാത്രി മുഴുവൻ ജഹനാര ഇവിടെയായിരുന്നു. പുലർച്ചയായപ്പോൾ അവൾ ഒന്നും മിണ്ടാതെ പോയി.”
അന്നപൂർണ്ണയുടെ മുഖത്ത് വേദന പടർന്നു.
“നീ വരുന്നതുവരെ ജഹനാരയെ കുറിച്ചായിരുന്നു ബാബ പറഞ്ഞു കൊണ്ടിരുന്നത്’’,സുബൈദാ ബീഗം പറഞ്ഞു.
“ഇന്നലെ ഞാൻ ഉസ്താദ് വാസിർഖാനെ സ്വപ്നം കണ്ടു. അദ്ദേഹം പറഞ്ഞ ഒരു പ്രധാന കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു, ഒരു നല്ല വിദ്യാർത്ഥിയായിരിക്കുക.”
ബാബ ഒന്ന് ചുമച്ചു. പിന്നെ തുടർന്നു, ‘‘ഞാൻ സംഗീതത്തെ കുറിച്ച് കുറച്ച് മനസ്സിലാക്കി തുടങ്ങുമ്പോഴേയ്ക്കും പോകാനുള്ള സമയമായി, മോളെ എനിക്ക് നിന്റെ വായന കേൾക്കണം.”
“നിന്റെ വായനയിൽ ലയിക്കാനാണ് ബാബ ഇത്രയും നേരം ശ്വാസം പിടിച്ച് നിറുത്തിയത്’’, സുബൈദ പറഞ്ഞു.
“ഏതാ വായിക്കേണ്ടത് ബാബ, സിതാറോ, സൂർബഹാരോ അതോ സരോദോ?”
“നിനയ്ക്ക് ഇഷ്ടമുള്ളത്.”
അന്നപൂർണ്ണ സിതാറിൽ ദർബാരി വായിക്കാൻ തുടങ്ങി. സമീപത്തിരുന്ന് മദൻ മഞ്ചരി ബാബയെ തന്നെ നോക്കിയിരുന്നു.
ബാബയുടെ കൈകൾ ചലിച്ചു. മുഖത്ത് മന്ദഹാസം പടർന്നു. ബാബ ദീർഘമായ മയക്കത്തിലേക്ക് വീണു. മദൻ കരഞ്ഞപ്പോൾ അന്നപൂർണ്ണ സിതാർ വായന നിറുത്തി. ബാബയുടെ ശ്വാസം നിലച്ചിരുന്നു. ബാബയുടെ ചേതനയറ്റ ദേഹം നോക്കി നിന്നു. തളർന്നിരുന്ന അമ്മയെ അവൾ ചേർത്തുപിടിച്ചു. ബാബയെ ഒരിക്കലും പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കാത്ത മദൻ മഞ്ചരി ആ വിടവാങ്ങലിനെ ഉൾകൊള്ളാൻ ശ്രമിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ബാബയുടെ ഓർമ്മകൾ അന്നപൂർണ്ണയിലേക്ക് വന്നുകൊണ്ടിരുന്നു. ഒരിക്കൽ ഒരു തൂപ്പൂകാരി മദീനഭവൻ കാണാൻ വന്നത് ഈയടുത്ത് കഴിഞ്ഞതുപോലെ തോന്നി. അവൾ വീടുകളിൽ നിന്ന് മലം കൊട്ടയിൽ എടുത്തുകൊണ്ട് പോകുന്നവളാണ്. ജനലിന്റെ ഉള്ളിലൂടെ അകത്തേക്ക് നോക്കി നിന്ന അവരെ കണ്ടപ്പോൾ ബാബ ചോദിച്ചു, “മാ എന്താണ് ഉള്ളിലേക്ക് വരാത്തത്?”.
ബാബ അവരുടെ കൈ പിടിച്ചു വീടിനകത്തേക്ക് കൊണ്ടുവന്നു.
“നിന്റെ ഉമ്മയെ പോലെയാ... കാൽക്കൽ തൊട്ട് വന്ദിക്കൂ’’, അന്നപൂർണ്ണയോട് പറഞ്ഞു.
ബാബ അവരെ കൊണ്ടുപോയി വീട് മുഴുവൻ കാണിച്ചു. ബാബയുടെ പെരുമാറ്റത്തിൽ നിന്ന് തനിക്ക് വലിയ പാഠം പഠിക്കാനുണ്ടെന്ന് അന്നപൂർണ്ണ ഓർത്തു.
ചടങ്ങുകൾക്കുശേഷം അന്നപൂർണ്ണ ആകാശ ഗംഗയിലേക്ക് തിരിച്ചുപോകുമ്പോൾ മദൻ മഞ്ചരിയെയും ഒപ്പം കൂട്ടി. ഉമ്മയുടെ ഏകാന്തതയ്ക്ക് ശമനമാകുമല്ലോ. ബാബയുമായുള്ള ജീവിതത്തിലെ ഓർമ്മകളിൽനിന്ന് അവർക്ക് മുക്തയാകാൻ കഴിയില്ല എന്ന് തോന്നി. ചില നേരങ്ങളിൽ ചമ്രം പടിഞ്ഞിരുന്ന് വെറ്റില ചവയ്ക്കും. ഒരു ദിവസം അർദ്ധമയക്കത്തിൽ അവർ പറഞ്ഞു, “എനിക്ക് ബാബയുടെ അടുത്തേയ്ക്ക് പോണം.”
അമേരിക്കയിൽ നിന്ന് അലിയും രവിയും കാര്യങ്ങൾ അറിയാൻ ആകാശഗംഗയിയിലേക്ക് ഫോൺ ചെയ്‌തു. ഉമ്മയുടെ കൈയിൽ ഫോൺ കൊടുത്തപ്പോൾ അവർക്ക് സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു.
രാത്രി മദൻ തന്റെ പഴയ തകരപെട്ടി തുറന്ന് എന്തോ പരതുന്നത് അന്നപൂർണ്ണ ശ്രദ്ധിച്ചു. അടുത്ത് പോയി നോക്കിയപ്പോൾ അതൊരു നോട്ടുബുക്കാണെന്ന് മനസ്സിലായി. വെറുതെയിരിക്കുമ്പോൾ എന്തെങ്കിലും എഴുതുന്ന ശീലം ഉമ്മയ്ക്കുണ്ട്. ഞാൻ ചെറുതായപ്പോൾ എഴുതുന്നത് കണ്ടിട്ടുണ്ട്. മിക്കവാറും രാത്രിയായിരിക്കും. ബാബ നല്ല ഉറക്കത്തിലായിരിക്കും. മൈഹറിലെ തിരക്കുകൾക്കിടയിൽ ക്രമേണ എഴുതാനുള്ള സമയം നഷ്ടപ്പെട്ടു.
കുറെ കാലത്തിനുശേഷമാണ് മദൻ വീണ്ടും ഒറ്റക്കായത്. ബാബയുടെ വേർപാട് വലിയൊരു ശൂന്യതയായിരുന്നു. ഭർത്താവിനെ പതിനഞ്ച് വർഷം കാത്തിരുന്നതിന് ശേഷം അതിലും തീവ്രമായ ഒറ്റപ്പെടൽ അനുഭവിക്കുന്നത് ഇപ്പോഴാണ്. ബാബയെ കാത്തിരുന്ന നാളുകളിലാണ് ആദ്യമായി എഴുതാൻ തോന്നിയത്.
ഉമ്മ എഴുതുന്നത് അന്നപൂർണ്ണ നോക്കിനിന്നു. എഴുന്നതിന് തടസ്സമാവേണ്ടതില്ലല്ലോ എന്ന് കരുതി അതേപറ്റി ഒന്നും ചോദിച്ചില്ല. മദൻ എഴുതിക്കഴിഞ്ഞപ്പോൾ പുസ്തകം അടച്ചുവെച്ചു. ലൈറ്റണച്ച് കിടന്നു. അന്നപൂർണ്ണയ്ക്ക് ഉറങ്ങാനുള്ള സമയമായിട്ടില്ല. കുറെ നാളായി ഉറക്കം കുറവാണ്. ആ സമയങ്ങളിൽ ഏതെങ്കിലും വായിക്കാനിരിക്കും. ഉമ്മ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അടച്ചുവെച്ച ഡയറി തുറന്നുനോക്കി.
ഏകാന്തയുടെ രണ്ടാം വരവ്.
ജീവിതം ഒരത്ഭുതമാണ്.
ചിലപ്പോൾ സംഭവങ്ങൾ ആവർത്തിച്ചുവരുന്നു
പതിനഞ്ചു വർഷത്തെ ഏകാന്തതയ്ക്ക് ശേഷം
വീണ്ടും വന്നിരിക്കുന്നു.
ഇത് എത്രകാലം നിൽക്കുമെന്ന് അറിയില്ല.
പണ്ടത്തെ പോലെ ഇനി വയ്യ.
ഞാനിപ്പോൾ നിലംപതിക്കാറായ
മരം പോലെയാണ്,
എന്റെ വേരുകൾക്ക് പഴയ ബലമില്ല,
പണ്ടത്തെ പോലെ
മണ്ണിൽ പിടിച്ചു നിൽക്കാനുള്ള ശേഷിയില്ല,
മണ്ണുകളൊക്കെ ഒലിച്ചുപോയിരിക്കുന്നു.
എത്രകാലമെന്ന് ആർക്കറിയാം.
വായിച്ചു തീർത്തപ്പോൾ അന്നപൂർണ്ണയുടെ കണ്ണുകൾ നിറഞ്ഞു. ഉമ്മ ഒരുപാട് അനുഭവിച്ചു. നമ്മളൊക്കെ നമ്മളെ പറ്റിയല്ലേ ചിന്തിക്കാറുള്ളൂ. ഉമ്മയെ പറ്റി അവർ കടന്നുപോകുന്ന അവസ്ഥയേ പറ്റി എത്ര മക്കൾ ചിന്തിക്കുന്നുണ്ടാവും?
കവിതകൾ എഴുതുന്നത് ഒരിക്കൽ മൈഹറിൽ വെച്ച് കണ്ടിട്ടുണ്ട്. അന്ന് അതിനെ പറ്റി കൂടുതലൊന്നും സംസാരിക്കാൻ ഉമ്മ തയ്യാറായിരുന്നില്ല. ഒരിക്കൽ ഇതേകുറിച്ച് ഞാൻ ചോദിച്ചതാണ് പിന്നെ ആ കാര്യം ശ്രദ്ധിക്കാൻ മറന്നുപോയി. എന്തേ ഇതിനു മുമ്പ് ഞാൻ ശ്രദ്ധിച്ചില്ല? ഉമ്മയുടെ സംഗീതവാസനയും ഇതുപോലെയായിരിക്കും. ജോലിത്തിരക്കിനിടയിലും എത്ര വേഗമാണ് ഹാർമോണിയം പഠിച്ചെടുത്തത്. അത്രതന്നെ വേഗത്തിൽ സിതാറും. എന്നിൽ നിന്നോ ബാബയിൽ നിന്നോ ഉമ്മയ്ക്ക് വേണ്ട രീതിയിൽ പരിഗണന കിട്ടിയിരുന്നില്ല? വലിയ സംഗീതജ്ഞരുടെ ഇടയിൽ ഉമ്മയുടെ കഴിവ് ശ്രദ്ധിക്കപെടാത്തതിൽ അവൾക്ക് കുറ്റബോധം തോന്നി.
അന്നപൂർണ്ണ വളരെ കുറച്ചുമാത്രമാണ് സംസാരിച്ചിരുന്നത്. കൂടുതൽ സമയവും മുറിയിൽ സൂർബഹാർ വായനയിലായിരിക്കും. മകളുടെ തനിച്ചുള്ള ജീവിതം കാണുമ്പോൾ മദന്റെ കണ്ണ് നിറയുന്നു. ജഹനാരയുടേതുപോലെ അന്നപൂർണ്ണയുടെ ജീവിതവും ദുരന്തമാകുമെന്ന് അവർ കരുതിയിരുന്നില്ല. ജഹനാരയുടെ യാതന പെട്ടെന്ന് തന്നെ മരണത്തിൽ കലാശിച്ചെങ്കിലും അന്നപൂർണ്ണ എത്രയോ വർഷങ്ങളായി ഇപ്പൊഴും അതനുഭവിച്ചുകൊണ്ടിരിക്കുന്നു.

ആകാശഗംഗയിലെ ഏകാന്തത മദനെ ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു. മൈഹറിൽ ആണെങ്കിൽ ഇപ്പോൾ നൂറു ആളുകളുമായി സംസാരിച്ചിട്ടുണ്ടാകും. കുടുംബക്കാരും അയൽപക്കക്കാരും. അങ്ങനെ ഒരുപാട് ആളുകൾ വന്നു പോയികൊണ്ടിരിക്കും. അവിടെ പറമ്പ് മുഴുവൻ ഓടി നടന്ന മദൻ ഇവിടെ അടച്ചിട്ട സ്ഥലത്ത് അകപെട്ടതും തിമിരം കാഴ്ച്ചയെ ബാധിച്ചതും മാനസിക പ്രയാസങ്ങൾ രൂക്ഷമാക്കി.
“മോളെ എനിക്ക് മൈഹറിലേക്ക് തന്നെ തിരിച്ചു പോകണം. അവിടെയാകുമ്പോൾ വീട്ടിലെയും പറമ്പിലേയും പണികളിൽ മുഴുകി ഒന്നും ഓർക്കാൻ സമയമുണ്ടാവില്ല. പിന്നെ ബാബ ജീവിച്ച സ്ഥലമല്ലേ. അവിടെയാകുമ്പോൾ ബാബ കൂട്ടിനുണ്ടാകും. ഇവിടെ എനിക്ക് പറ്റുന്നില്ല.”
അന്നപൂർണ്ണയും കുറച്ചു ദിവസങ്ങളായി ഉമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ ഇഷ്ട്ടം അതാണെങ്കിൽ ഞാൻ എന്തിന് തടസ്സം നിൽക്കണം? അവർക്ക് ഇഷ്ടമുള്ള സ്ഥലത്തു നിൽക്കട്ടെ. ബാബയുടെ ആത്മാവിൽ ചേരാനുള്ള കൊതി കൊണ്ടാവും മൈഹറിലേക്ക് പോകുന്നത്.
ഉമ്മയുടെ ബാഗ് പാക്ക് ചെയ്തത് തന്റെ ശിഷ്യന്റെ കൂടെ പറഞ്ഞയക്കുമ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി.
വീണ്ടും ഞാൻ തനിച്ചാകുന്നു. ഉമ്മയും.
“മൈഹറിൽ എനിക്ക് കൂട്ടായി നീ വല്ലപ്പോഴും വരില്ലേ?”
“ഉറപ്പായും.”
മദൻ പോകുന്നത് അന്നപൂർണ വേദനയോടെ നോക്കിനിന്നു.
അവനവൻ ജീവിതം എന്നൊന്നുണ്ട്. അതിലേ ഓരോരുത്തർക്കും നിലയുറപ്പിക്കാനാവൂ.
(അവസാനിച്ചു)
