മൈഹർ

ഉസ്താദ് അലാവുദ്ദീൻ ഖാൻ, ജീവിതപങ്കാളി മദൻമഞ്ജരി, മക്കളായ ജഹനാര, അന്നപൂർണ്ണ, അലി അക്ബർ ഖാൻ എന്നിവരെ കഥാപാത്രങ്ങളാക്കി നദീം നൗഷാദ് എഴുതിയ Story Series തുടരുന്നു.

മൈഹർ ഭാഗം- 3

എപ്പിസോഡ് 5

നേരം ഇരുട്ടി വെളുത്തപ്പോൾ കൊൽക്കത്തയിലെ സീൽദ തീവണ്ടിയാപ്പീസിലെത്തി. നല്ല തിരക്കുണ്ടായിരുന്നു. തലങ്ങും വിലങ്ങും നടക്കുന്ന യാത്രക്കാർ. പിന്നിൽ ചുമടുമായി പോർട്ടർമാർ. നടന്നു നടന്ന് ഞാൻ പുറത്തെ കവാടത്തിലെത്തി. അവിടെ ചുകപ്പ്നിറത്തിൽ ചായം പൂശിയ ഭീമാകാരമായ ഒരു ആർച്ച് കണ്ടു. അതിനു താഴെ കരിങ്കല്ലിൽ ഇങ്ങനെ കൊത്തിവെച്ചിട്ടുണ്ട്: ‘1854ൽ ലോഡ് ഡെൽഹൗസി പണി കഴിപ്പിച്ചത്’.

ബ്രിട്ടീഷ് മാതൃകയിൽ കൊത്തുപണി ചെയ്ത ആ വലിയ കെട്ടിടത്തിനുമുമ്പിൽ ഞാൻ അത്ഭുതത്തോടെ നിന്നു. എങ്ങോട്ടു പോകണമെന്നറിയില്ല. ജനത്തിന്റെ കുത്തൊഴുക്ക്. ഇത്രയധികം ആൾക്കാരെ മുമ്പ് ഒരുമിച്ച് കണ്ടിട്ടില്ല. വലിയ കെട്ടിടങ്ങൾ. ഞാൻ അവയുടെ നിലകൾ എണ്ണി നോക്കി. ഏഴുനിലകൾ വരെയുണ്ട്. ബസ്സുകൾ, കാറുകൾ, റിക്ഷാവണ്ടികൾ, കുതിരവണ്ടിയിൽ പോകുന്ന മദാമ്മമാർ. എങ്ങോട്ട് പോകണമെന്ന് ഒരു എത്തും പിടിയുമില്ല. കുറച്ചുനേരം പാതവക്കിൽ ആലോചിച്ചുനിന്നു. മുഷിഞ്ഞ ട്രൗസറും കുപ്പായവുമായിരുന്നു വേഷം. അത് കണ്ടിട്ടാവണം ചിലർ എന്നെ വിചിത്രജീവിയെ നോക്കുന്നതുപോലെ തുറിച്ചുനോക്കി. പിന്നെ അധികനേരം അവിടെ നിന്നില്ല. കുറച്ചുദൂരം മുന്നോട്ട് നടന്നു. വഴിയിലുള്ള ഒരു കടയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഹൗറ പാലത്തിനുസമീപമെത്തി. ഹൂഗ്ളി നദിയിലിറങ്ങി. കൈകുമ്പിളിൽ വെള്ളം കുടിച്ചു.

പകൽ രാത്രിക്ക് വഴിമാറി. നഗരത്തിലെ രാത്രി ആദ്യമായി കാണുകയായിരുന്നു. വൈദ്യുതി വിളക്കുകൾ കണ്ടപ്പോൾ സ്വർഗത്തിലെത്തിയ പ്രതീതി. നമ്മുടെ നാട്ടിൽ അപ്പോഴും മണ്ണെണ്ണ വിളക്കിലാണ് രാത്രി പുലരുന്നത്. പകൽ നേരത്തെ അലച്ചിലും മറ്റും എന്നെ ക്ഷീണിതനാക്കിയിരുന്നു. ഉറങ്ങാനുമുള്ള സ്ഥലം അന്വേഷിച്ചു ഹൂഗ്ലിയുടെ കരയിലൂടെ നടന്നു. കുറച്ച് നടന്നപ്പോൾ നാടോടികൾ കിടക്കുന്ന ഒരിടത്ത് എത്തി. കൈയിലുള്ള ഭാണ്ഡം തലയിണയാക്കി അവിടെ കിടന്നു.

പുലർച്ചെ ഉണർന്നപ്പോൾ ക്ഷീണവുമൊക്കെ മാറിയിരുന്നു. ഇളം തണുപ്പുള്ള അന്തരീക്ഷം. ആ സുഖാലസ്യത്തിൽ അൽപനേരം കൂടി കിടക്കാമെന്ന് വിചാരിച്ചു. ഭാണ്ഡം തപ്പി നോക്കി. കാണാനില്ല. എഴുന്നേറ്റ് നാലുപാടും നോക്കി. സമീപത്തു കിടന്നവർ ആരും അവിടെയുണ്ടായിരുന്നില്ല. സങ്കടം നിയന്ത്രിക്കാനായില്ല. ഞാൻ ഉറക്കെ കരഞ്ഞു. ഡ്യൂട്ടിയുള്ള പോലീസുകാരൻ എന്റെയടുക്കൽ വന്നു.

“എന്താ പ്രശ്‌നം?”
“എന്റെ ഭാണ്ഡം ആരോ കട്ടുകൊണ്ടുപോയി’’, ഞാൻ തേങ്ങിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
“എവിടെയായിരുന്നു വെച്ചത്?”
‘‘തലയ്ക്കുവെച്ചാ ഉറങ്ങിയത്. എഴുന്നേറ്റ് നോക്കുമ്പോ…..”
“അതിൽ പൈസ ഉണ്ടായിരുന്നോ?”
“പന്ത്രണ്ട് രൂപ. പിന്നെ കുറച്ച് കുപ്പായങ്ങളും’’, ഞാൻ കരച്ചിൽ നിർത്താനാവാതെ പറഞ്ഞു.
“നീയൊരു വിഡ്ഢി തന്നെ. ശ്രദ്ധയില്ലാത്തത് കൊണ്ടാ…ഇവിടെയൊക്കെ കള്ളന്മാരുടെ സ്ഥലമാ… കാശ് പോയിട്ട് കരഞ്ഞിട്ടെന്താ?’’
ദയയില്ലാതെ വർത്തമാനം പറഞ്ഞ് അയാൾ നടന്നു പോയി.

മൈഹർ മറ്റ് ഭാഗങ്ങൾ വായിക്കാം,കേൾക്കാം

നഗരത്തിലെ രാത്രി  ആദ്യമായി കാണുകയായിരുന്നു. വൈദ്യുതി  വിളക്കുകൾ കണ്ടപ്പോൾ  സ്വർഗത്തിലെത്തിയ പ്രതീതി.
നഗരത്തിലെ രാത്രി ആദ്യമായി കാണുകയായിരുന്നു. വൈദ്യുതി വിളക്കുകൾ കണ്ടപ്പോൾ സ്വർഗത്തിലെത്തിയ പ്രതീതി.

ഞാൻ കണ്ണീരൊലിപ്പിച്ച് മുന്നോട്ട് നടന്നു. നേരെ ചെന്ന് കയറിയത് കൊൽക്കത്തയിലെ അറിയപ്പെടുന്ന ശ്‌മശാനഘട്ടുകളിൽ ഒന്നായ നാംതല്ല ഘട്ടിലാണ്. അവിടെ ശരീരമാകെ ഭസ്‌മംപൂശിയ ഒരു കൂട്ടം സന്യാസിമാരെ കണ്ടു. അവർ ഭാംഗ് തയ്യാറാക്കുകയാണ്. എന്റെ കണ്ണുനീർ കണ്ടപ്പോൾ അവരിൽ ഒരാൾ കാര്യമന്വേഷിച്ചു. അയാൾ എന്നെ ആശ്വസിപ്പിക്കുകയും വിഷമിക്കരുതെന്ന് പറയുകയും ചെയ്തു; ‘‘എല്ലാം നല്ലതിനായിരിക്കും’’.
എൻ്റെ ചുമലിൽ കൈവെച്ച് സന്യാസി പറഞ്ഞു, “കുട്ടി നദിയിൽ മുങ്ങിവന്നോളൂ’’.
ഞാൻ ഉടുവസ്ത്രത്തോടെ മുങ്ങി വന്നു. സന്യാസി എനിക്ക് ഒരു നുള്ള് ഭസ്മവും തീർത്ഥജലവും തന്നു.
“കുട്ടി മുന്നോട്ട് നടന്നോളൂ, എല്ലാ പ്രയാസങ്ങളും മാറും’’, അദ്ദേഹം എന്നെ ആശീർവദിച്ചു.

മുന്നോട്ടുനടന്നപ്പോൾ യാചകരും അനാഥരും എന്ന് തോന്നിക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും കൂട്ടത്തെ കണ്ടു. ഒരു സാമൂഹ്യപ്രവർത്തകൻ എല്ലാവർക്കും ഭക്ഷണം വിളമ്പുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അയാൾ അടുത്ത് വിളിച്ചു ഭക്ഷണം തന്നു. വിശന്ന് പൊരിഞ്ഞു നിൽക്കുകയായിരുന്ന എനിക്ക് അയാൾ തന്ന ചോറും ദാലും ആശ്വാസമായി. അത് കഴിച്ചതോടെ പകുതി ദുഃഖം മാറിയതായി തോന്നി. അയാൾ വിവരങ്ങൾ ചോദിച്ചു. എന്നെ വീട്ടിലേക്ക് തിരിച്ചയക്കുമെന്നുഭയന്ന് കൃത്യമായ വിവരങ്ങൾ നൽകിയില്ല. സംസാരത്തിൽ നിന്ന് ഞാനൊരു അനാഥനാണെന്ന് അയാൾക്ക് തോന്നിക്കാണണം. എന്നെ ഒരു മെഡിക്കൽ ക്ലിനിക്കിന്റെ മുന്നിലുള്ള വരാന്തയിൽ കൊണ്ടിരുത്തി.
“ഇവിടെ വിശ്രമിച്ചോ, രാത്രി ഇവിടെ ഉറങ്ങാം. ആരും ഉപദ്രവിക്കില്ല”.

അന്നു മുതൽ അതായിരുന്നു എൻ്റെ വീട്. പകൽ മുഴുവൻ നഗരത്തിൽ അലഞ്ഞു നടക്കും. ശ്‌മശാനഘട്ടിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം കിട്ടും. രാത്രി കിടക്കാൻ ക്ലിനിക്കിന്റെ തിണ്ണയിലെത്തും. മിക്ക രാത്രികളിലും ഞാനെൻ്റെ അവസ്ഥയോർത്തു കരഞ്ഞു. ചിലപ്പോൾ വല്ലാത്ത നിരാശ തോന്നും. സംഗീതം പഠിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ദുരിതങ്ങളുടെ കടൽ തന്നെ താണ്ടണമല്ലോ. അങ്ങനെ മൂന്നുമാസം കടന്നുപോയി.

ഒരിക്കൽ ക്ലിനിക്കിൽ ഒരു യുവാവ് മരുന്ന് വാങ്ങാൻ വന്നു. വരാന്തയിൽ ഇരിക്കുന്ന എന്നെ കണ്ടിട്ട് അയാൾ ചോദിച്ചു, “കുട്ടി എന്താ ഇവിടെ ഇരിക്കുന്നത്?’’
“ചുമ്മാ’’.
“ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. എന്താ മുഖത്തൊരു വാട്ടം?”

ഞാൻ ഒന്നും പറയാൻ കൂടാക്കിയില്ല. എന്നാൽ അയാൾ നിർബന്ധിച്ചപ്പോൾ എന്റെ കഥ മുഴുവൻ പറഞ്ഞു. ഗുരുവിനെ അന്വേഷിക്കുകയാണെന്നു പറഞ്ഞപ്പോൾ എന്നോട് മതിപ്പുതോന്നി. അയാൾ എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. അയാളുടെ അമ്മ എനിക്ക് പൂരിയും ഹൽവയും തന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവർ എന്റെ മുടിയിൽ തലോടി. ഞാൻ ഉമ്മയെ ഓർത്തുപോയി.

‘‘സംഗീതം പഠിക്കാനാ നാടും വീടും വിട്ടത്. ഒരു വലിയ ഗായകനായി നാട്ടിലേക്ക് തിരിച്ചു പോകണമെന്നാ ആഗ്രഹം’’, ഞാൻ ചുരുങ്ങിയ വാക്കുകളിൽ ജീവിതലക്ഷ്യം വെളിവാക്കി. അത് കേട്ടപ്പോൾ അവർ ആദരവോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വൈകീട്ട് വീട്ടിലെത്തിയ അവരുടെ ഭർത്താവ് ബീരേശ്വർ ബാബു എന്റെ കഥ കേട്ട് അന്തം വിട്ടു. അയാൾ സംഗീതം പഠിച്ചിരുന്നു. എന്നോട് പാടാനാവശ്യപ്പെട്ടു. കേട്ട് പഠിച്ച ഭജൻ പാടി. അയാൾക്ക് അതിഷ്ടമായി. എന്റെ ശബ്ദം നല്ലതാണെന്നും ഭാവിയിൽ വലിയൊരു പാട്ടുകാരനാവുമെന്നും പറഞ്ഞു. അമ്മയോട് യാത്ര പറഞ്ഞ് ബീരേന്ദ്ര ബാബുവിനെ അനുഗമിച്ചു. എന്നെ കൊണ്ടുപോയത് ഗോപാൽ ചന്ദ്രഭട്ടാചാര്യ എന്ന പാട്ടുകാരന്റെ അടുത്തേക്കാണ്. രണ്ടു കൈകളും ചെറുതായതുകൊണ്ട് നുലോ ഗോപാൽ എന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്. നുലോഗോപാൽ കൽക്കത്ത രാജാവ് ജ്യോതീന്ദ്ര മോഹൻടാഗോറിന്റെ കൊട്ടാരം ഗായകനായിരുന്നു. ബീരേന്ദ്ര ബാബു എന്നെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം ഗുരുവിനോട് പറഞ്ഞു. അദ്ദേഹം എൻ്റെ സംഗീതവാസന പരീക്ഷിച്ച് തൃപ്തി തോന്നി ശിഷ്യനായി സ്വീകരിച്ചു.

ഗുരുവിന്റെ കീഴിലുള്ള പഠനം പുലർച്ചെ രണ്ടു മണിമുതൽ അഞ്ച് വരെയായിരുന്നു. ഞാൻ വളരെയധികം സന്തുഷ്ടനായി. ഗുരു എൻ്റെ ഭക്ഷണത്തെ പറ്റി അന്വേഷിച്ചു. ശ്‌മശാനത്തിൽ ഭിക്ഷക്കാർക്ക് കൊടുത്തിരുന്ന ഭക്ഷണം കഴിക്കുന്നതും രാത്രി ഹുഗ്ലി നദിയിലെ വെള്ളം കുടിച്ച് വിശപ്പടക്കുന്നതും ഞാൻ പറഞ്ഞു കേട്ടപ്പോൾ ഗുരു ഞെട്ടി. ഉടനെ തന്നെ ശിഷ്യനായ കിരൺബാബു വഴി എനിക്കുള്ള ഭക്ഷണം ഏർപ്പാടാക്കി.

നൂലോഗോപാലിന്റെ കീഴിൽ സ്വരസാധന അർപ്പണത്തോടെ ചെയ്തു പോന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വീടിനെ കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് തികട്ടി വന്ന് അസ്വസ്ഥനാക്കും. അതിനെയെല്ലാം പ്രയാസപ്പെട്ട് ഒരു ഭാഗത്തേക്ക് തള്ളിമാറ്റി സംഗീതത്തിൽ ശ്രദ്ധയർപ്പിക്കും. എൻ്റെ അർപ്പണ ബോധം കൊണ്ടാവണം ഗുരു എല്ലാ അറിവുകളും ഒരു മടിയുമില്ലാതെ പകർന്നുതന്നു. അക്കാലത്ത് സംഗീതം പഠിച്ചവരെല്ലാം വലിയ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. എന്നെപോലെ വീട് വിട്ട് ഓടിവന്ന ഒരു പയ്യന് സംഗീതം പഠിക്കാൻ അവസരം കിട്ടുക എന്നത് തന്നെ മഹാഭാഗ്യമായിരുന്നു.

കൊൽക്കത്തയിൽ എട്ടു വർഷങ്ങൾ കടന്നു പോയി. ഒരു ദിവസം ദാദ ഗുരുവിന്റെ വീടിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷമാണത്രെ ഞാൻ അവിടെയുണ്ടെന്ന് വിവരം കിട്ടിയത്. കൊൽക്കത്തയിൽ പഠിക്കുന്ന ഗ്രാമത്തിലെ ഭൂവുടമയുടെ മകൻ വഴിയായിരുന്നു വിവരം അറിഞ്ഞത്. സംഗീതം പഠിപ്പിക്കുന്നിടത്തെല്ലാം കുറച്ചു വർഷങ്ങളായി അവർ എന്നെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

“ഞങ്ങൾ ആലത്തെ കൊണ്ടുപോകാൻ വന്നതാ”
‘‘വിട്ടുതരാൻ പ്രയാസമൊന്നുമില്ല. പക്ഷെ അവൻ നന്നായി പഠിക്കുന്ന കുട്ടിയാ. പഠനത്തിൽ നല്ല പുരോഗതിയും ഉണ്ട്. നിങ്ങൾ അവനെ കൊണ്ടുപോയാൽ അത് അവന്റെ ജീവിതത്തിൽ വലിയൊരു നഷ്ടമായിരിക്കും’’, എന്നെ വിട്ടുതരാൻ മനസ്സില്ലാതെ നുലോഗോപാൽ പറഞ്ഞു.
‘‘ഉമ്മയ്ക്ക് സുഖമില്ല. ആലത്തെ കാണണമെന്ന് പറയുന്നു’’, ഭവ്യതയോടെ ദാദ പറഞ്ഞു.

ഒടുവിൽ ദാദയുടെ നിർബദ്ധപ്രകാരം വീട്ടിൽ പോയി കുറച്ചു ദിവസം താമസിച്ച് തിരികെ വരാൻ ഗുരു പറഞ്ഞു. ഞാൻ ഗുരുവിനോട് യാത്ര പറഞ്ഞ് ദാദയുടെ കൂടെ ഷിബ്പൂരിലേക്ക് യാത്രതിരിക്കുമ്പോൾ ഗുരുവിനെ ഇനിയൊരിക്കലും കാണാൻ പറ്റില്ല എന്ന് കരുതിയില്ല.

കൊൽക്കത്തയിലെ അറിയപ്പെടുന്ന ശ്‌മശാനഘട്ടുകളിൽ ഒന്നാണ് നാംതല്ല ഘട്ട്. മുന്നോട്ടുനടന്നപ്പോൾ യാചകരും അനാഥരും എന്ന് തോന്നിക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും കൂട്ടത്തെ കണ്ടു.
കൊൽക്കത്തയിലെ അറിയപ്പെടുന്ന ശ്‌മശാനഘട്ടുകളിൽ ഒന്നാണ് നാംതല്ല ഘട്ട്. മുന്നോട്ടുനടന്നപ്പോൾ യാചകരും അനാഥരും എന്ന് തോന്നിക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും കൂട്ടത്തെ കണ്ടു.

എപ്പിസോഡ് 6

മ്മയുടെ അസുഖം പറഞ്ഞാണ് എന്നെ നാട്ടിലേക്ക് കൊണ്ടുവന്നതെങ്കിലും അതിനു പിന്നിലൊരു ചതിയുള്ളത് അറിഞ്ഞതേയില്ല. പോകുന്ന വഴി നിന്റെ വീട്ടിൽ കയറിയപ്പോഴും അതൊരു സൗഹൃദ സന്ദർശനമായിട്ടേ കരുതിയിരുന്നുള്ളൂ. നിന്റെ വീട്ടിൽ നിന്ന് നല്ല സ്വീകരണം കിട്ടിയിട്ടും സംശയം തോന്നിയില്ല. എന്നാൽ കാര്യങ്ങൾ തിരിച്ചറിഞ്ഞപ്പോഴേക്കും പുറത്തു കടക്കാനാകാത്ത വിധം കെണിയിൽ അകപ്പെട്ട് കഴിഞ്ഞിരുന്നു. ആ സമയം കല്യാണത്തെപ്പറ്റി ആലോചിക്കാൻ പോലും പറ്റുമായിരുന്നില്ല. സംഗീതത്തെ ഞാൻ എത്ര തീവ്രമായി പ്രണയിക്കുന്നുവെന്ന് സംഗീതജ്ഞനായ എന്റെ വാപ്പയ്ക്കും ദാദയ്ക്കും മനസ്സിലാക്കാൻ കഴിയാത്തതിൽ കടുത്ത ദേഷ്യവും നിരാശയും തോന്നി. അതുകൊണ്ടാണ് കല്യാണത്തിന്റെ ആദ്യരാത്രി തന്നെ നാടുവിടാൻ തീരുമാനിച്ചത് അല്ലാതെ നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. സംഗീത പഠനം പാതിവഴിയിൽ നിലച്ചുപോകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. കുടുംബത്തിന്റെ കെട്ടുപാടുകളിൽ കുടുങ്ങിക്കിടന്ന് എൻ്റെ സ്വപ്‌നം നശിപ്പിക്കാൻ ഒരുക്കമായിരുന്നില്ല. എൻ്റെ ഇറങ്ങിപ്പോക്ക് നിനക്ക് ഒരുപാട് വിഷമതകൾ ഉണ്ടാക്കി അല്ലേ. നീയെനിക്ക് മാപ്പുതരണം’’.

അത്രയും പറഞ്ഞപ്പോൾ അലാവുദ്ദീൻ വികാരാധീനനായി കണ്ണുകൾ നിറഞ്ഞു.
“സാരമില്ല. ആലം, നിങ്ങൾ മടങ്ങിവരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എൻ്റെ കാത്തിരിപ്പിന് അർത്ഥമുണ്ടായല്ലോ അതുമതി’’.
അലാവുദീനെ ആശ്വസിപ്പിക്കാൻ തക്കവണ്ണം മദൻ മഞ്ചരി ഭർത്താവിന്റെ കൈയിൽ മുറുക്കെ പിടിച്ചു.

“നിനയ്ക്ക് ഇത്രയധികം വേദനകൾ തന്നിട്ടും നീയെന്നെ മനസ്സിലാക്കിയല്ലോ. ഇനിയൊരിക്കലും നിന്നെ വേദനിപ്പിക്കില്ല’’, അലാവുദീൻ ഭാര്യയെ തന്റെ നെഞ്ചോട് ചേർത്ത് നിറുത്തി. മദൻ ആവുന്നത്ര അയാളോട് ചേർന്നുനിന്നു.

“നിങ്ങൾ തീർച്ചയായും ലോകം അറിയപ്പെടുന്ന സംഗീതജ്ഞനായി മാറും. അതിൽ ഒട്ടും സംശയം വേണ്ട. അത്ര തീവ്രമാണ് സംഗീതത്തോടുള്ള ആലത്തിന്റെ സമർപ്പണം. അത് ഫലം കാണാതെ പോവില്ല. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും’’.

മദന്റെ വാക്കുകൾ അയാളിൽ പ്രത്യാശ ഉണർത്തി. മുഖം കൂടുതൽ പ്രകാശിച്ചു.

“ കൊൽക്കത്തയിൽ എത്തിയപ്പോൾ ഗുരുവിന്റെ മരണവാർത്തയാണ് എന്നെ കാത്തിരുന്നത്’’, അലാവുദ്ദീൻ തുടർന്നു.
“ഗുരുവിന്റെ അവസാന നിമിഷങ്ങളിൽ ഒപ്പമുണ്ടാകാൻ പറ്റാത്തതിൽ എനിക്ക് അതിയായ വിഷമം തോന്നി. അദ്ദേഹത്തിന് ഭാര്യയോ മക്കളോ ഇല്ലായിരുന്നു’’.

എങ്ങോട്ടു പോകണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. നുലോ ഗോപാലിന്റെ ശിഷ്യനായ കിരൺബാബു എന്നെ ആശ്വസിപ്പിച്ചു. ഞാൻ വായ്‌പാട്ട് അവസാനിപ്പിച്ച് ഉപകരണസംഗീതം പഠിക്കാൻ തീരുമാനിച്ചു. എൻ്റെ തീരുമാനത്തെ അവൻ പിന്തുണച്ചു. കിരൺ എന്നെ അംരിത്ത് ലാൽ ദത്തയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. സ്വാമി വിവേകാന്ദന്റെ സഹോദരനായിരുന്നു. ഹബുദത്ത എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. അദ്ദേഹം കൊൽക്കത്തയിൽ എവിടെയോ ആയിരുന്നു എന്നു മാത്രമേ കിരണിന് അറിയാമായിരുന്നുള്ളൂ. കണ്ടുപിടിക്കാൻ ഞാൻ കുറെ അലഞ്ഞു. ഒടുവിൽ ഒരു നാടോടി പാട്ടുകാരനായിരുന്നു എന്നെ ഹബുദത്തയുടെ അടുത്ത് എത്തിച്ചത്. ആ കൂടിക്കാഴ്ച ഇപ്പോഴും ഓർമ്മയിലുണ്ട്. സ്വാതികനായ ഒരു മനുഷ്യൻ. വിസ്മയം ജനിപ്പിക്കുന്ന കണ്ണുകളോടെ എൻ്റെ കഥകൾ കേട്ടു നിന്നു. വയലിനും കോറോണെറ്റും പഠിപ്പിക്കാമെന്ന് ഏറ്റു. വീട്ടിൽ നിന്ന് കൊണ്ട് വന്ന പണം കൊണ്ട് രണ്ട് ഉപകരണങ്ങളും വാങ്ങി.

വളരെ വേഗത്തിലായിരുന്നു എന്റെ പഠനം. വലിയ പ്രയാസമില്ലാതെ വയലിനും കോറോണെറ്റും പഠിച്ചു. കൂടാതെ സിതാർ, ബാൻസുരി, മാൻഡലിൻ എന്നിവയും. അദ്ദേഹം എന്നെ പറ്റി ഒരു സുഹൃത്തിനോട് പറഞ്ഞത് കേൾക്കാനിടയായി. ‘‘ഇവൻ ഭാവിയിൽ ഉയരങ്ങളിലെത്തും, അതെനിക്കുറപ്പാണ്’’, ആ വാക്കുകൾ കേട്ട് ഞാൻ വല്ലാതെ ആഹ്ലാദിച്ചു.

എന്റെ ഒറ്റപ്പെടൽ ഭീകരമായിരുന്നു. അവിടെ സംഗീതത്തെ കുറിച്ച് സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. മദ്യപാനവും പരദൂഷണം പറച്ചിലുമായിരുന്നു  മിക്ക ആളുകളുടെയും  വിനോദം. എനിക്ക് അതുമായി പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല.
എന്റെ ഒറ്റപ്പെടൽ ഭീകരമായിരുന്നു. അവിടെ സംഗീതത്തെ കുറിച്ച് സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. മദ്യപാനവും പരദൂഷണം പറച്ചിലുമായിരുന്നു മിക്ക ആളുകളുടെയും വിനോദം. എനിക്ക് അതുമായി പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല.

പല ഗുരുക്കന്മാരിൽ നിന്നായി വയലിൻ, മൃദംഗം, പിയാനോ എന്നിവയും പഠിച്ചു. അത്രയും തീവ്രമായ ആവേശമായിരുന്നു ഓരോ ഉപകരണവും പഠിച്ചെടുക്കാൻ. സാമ്പത്തിക ബുദ്ധിമുട്ട് കടുത്തപ്പോൾ ഹബുദത്തയോട് പറഞ്ഞു. “എനിക്കൊരു ജോലിയില്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ പ്രയാസമാ’’, അയാൾ എന്നെ നാടകകൃത്തായ ഗിരീഷ് ചന്ദ്രഘോഷിന്റെ അടുത്തേയ്ക്കയച്ചു. കവി, എഴുത്തുകാരൻ, നടൻ എന്നീ നിലകളിൽ കൂടി പ്രശസ്തനായിരുന്ന അദ്ദേഹത്തിന്റെ മിനർവ നാടക ട്രൂപ്പായിരുന്നു എന്റെ അടുത്ത തട്ടകം. ഒട്ടും പരിചയമില്ലാത്ത മേഖല. അപരിചിതമായ അന്തരീക്ഷത്തെ പരിചിതമാക്കി മാറ്റാൻ ഞാൻ പാടുപെട്ടു. ട്രൂപ്പിലെ ഏക മുസ്‌ലിം അംഗവും ഞാനായിരുന്നു. ഗിരീഷ് ചന്ദ്രഘോഷ് എന്നെ പ്രസന്നകുമാർ ബിശ്വാസ് എന്ന് വിളിച്ചു. മറ്റുള്ളവർ എന്നോട് മതത്തിന്റെ പേരിലുള്ള വിവേചനം കാണിക്കാതിരിക്കാനാണെന്ന് മനസ്സിലായി. അതിനെ കുറിച്ച് നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ല. എല്ലാ ഉപകരണങ്ങളും വായിക്കുന്നത് കൊണ്ട് സംഗീതത്തിന്റെ മുഴുവൻ ചുമതലയും എനിക്ക് തന്നു. അവിടുത്തെ ജോലി എന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തി. ആദ്യമായി ഭക്ഷണവും താമസവും ഒട്ടും ബുദ്ധിമുട്ടില്ലാതെ കിട്ടി. ഈകാലത്ത് കുറെ നാടകഗാനങ്ങൾ പഠിക്കാൻ സാധിച്ചു.

മൂന്നു വർഷത്തോളം ജോലി ചെയ്തുവെങ്കിലും നാടകട്രൂപ്പിലെ ആളുകളുമായി സൗഹൃദത്തിലാകാൻ സാധിച്ചില്ല. എന്റെ ഒറ്റപ്പെടൽ ഭീകരമായിരുന്നു. അവിടെ സംഗീതത്തെ കുറിച്ച് സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. മദ്യപാനവും പരദൂഷണം പറച്ചിലുമായിരുന്നു മിക്ക ആളുകളുടെയും വിനോദം. എനിക്ക് അതുമായി പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല. അതേസമയം സംഗീതപഠനം തുടരേണ്ടത് ആവശ്യമായിരുന്നു. ഞാൻ നാടക കമ്പനി വിടാൻ തീരുമാനിച്ചു. തീരുമാനം ഗിരീഷ് ചന്ദ്രഘോഷിനെ അറിയിച്ചു. എന്നെ തുടരാൻ നിർബന്ധിച്ചില്ല. എന്റെ സംഗീതസ്വപ്‌നങ്ങളെ അദ്ദേഹം മനസ്സിലാക്കിയിരുന്നു.

(അടുത്ത പാക്കറ്റിൽ തുടരും).


Summary: Maihar story series on Hindustani Music family written by Nadeem Noushad part 3 published in Truecopy webzine packet 249.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments