മൈഹർ

ഉസ്താദ് അലാവുദ്ദീൻ ഖാൻ, ജീവിതപങ്കാളി മദൻമഞ്ജരി, മക്കളായ ജഹനാര, അന്നപൂർണ്ണ, അലി അക്ബർ ഖാൻ എന്നിവരെ കഥാപാത്രങ്ങളാക്കി നദീം നൗഷാദ് എഴുതിയ Story Series തുടരുന്നു.

മൈഹർ ഭാഗം- 4

എപ്പിസോഡ് 7

കിഴക്കൻ ബംഗാളിലെ മൈമൻസിംഗ് ജില്ലയിൽ വലിയ സംഗീതജ്ഞന്മാർ പങ്കെടുക്കുന്ന പരിപാടി. ജഗത്കിഷോർ ആചാര്യയുടെ രാജസദസ്സിലായിരുന്നു വേദി. 15 വർഷം കൊണ്ട് എല്ലാം പഠിച്ചുകഴിഞ്ഞെന്നും ഈ രാജ്യത്ത് എന്നേക്കാൾ അറിവുള്ള സംഗീതജ്ഞർ ഉണ്ടാവില്ലെന്നുമായിരുന്നു എന്റെ ധാരണ.
“ഈ പരിപാടിയിൽ പങ്കെടുക്കണം. സദസ്സിനെ എന്റെ സംഗീതം കൊണ്ട് കോരിത്തരിപ്പിക്കണം. ഏതായാലും ഞാനൊരു അറിയപ്പെടുന്ന സംഗീതജ്ഞനാണല്ലോ’’- ഞാൻ ജഗത് കിഷോർ ആചാര്യയുടെ രാജസദസ്സിലെത്തി. കൈയിലുള്ള സഞ്ചിയിൽ വയലിൻ, കോറോണേറ്റ്, ഷെഹനായി എന്നിവ ഉണ്ടായിരുന്നു. സ്വൽപം അഹങ്കാരത്തോടെ ഞാൻ രാജാവിനോട് പറഞ്ഞു, “മഹാരാജാവേ… ഞാനോരു ഉസ്താദാണ്. 15 വർഷത്തോളം സംഗീതം പഠിച്ചു. വയലിൻ കോറോണേറ്റ്, ഷെഹനായി എന്നിങ്ങനെ കുറെ ഉപകരണങ്ങൾ വായിക്കാനറിയാം. അത് അങ്ങയെ കേൾപ്പിക്കാനാണ് വന്നത്’’.
“തീർച്ചയായും. നിനക്ക് കഴിവ് തെളിക്കാൻ അവസരം തരാം. നാളെ രാവിലെ എട്ടു മണിക്ക് വരിക’’.

വലിയ സംഗീതജ്ഞരോട് മത്സരിക്കാൻ തീരുമാനിച്ച എനിക്ക് ഭ്രാന്താണ് എന്ന മട്ടിൽ സദസ്സിൽ നിന്നൊരാൾ രാജാവിനോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു.

കൊട്ടാരത്തിൽ നല്ല താമസസൗകര്യങ്ങൾ കിട്ടി. അന്ന് രാത്രി ഞാൻ വലിയ സ്വപ്‌നങ്ങൾ കണ്ടു. രാജാവ് എന്റെ മാസ്മരികപ്രകടനം കണ്ട് സിംഹാസനത്തിൽ നിന്ന് ഇറങ്ങിവരുന്നതും എന്നെ അഭിനന്ദിക്കുന്നതും കൊട്ടാരം സംഗീതജ്ഞനായി നിയമിക്കുന്നതുമെല്ലാം കിനാവ് കണ്ട് സുഖമായി ഉറങ്ങി.

പിറ്റേന്ന് വലിയ പ്രതീക്ഷയോടെ ദർബാർ ഹാളിലെത്തി. നടപ്പിലും നോക്കിലുമെല്ലാം വലിയൊരു ഉസ്താദിന്റെ ഭാവഹാദികൾ പുലർത്താൻ പ്രത്യേകം ശ്രദ്ധിച്ചു. സാമാന്യം വലിയൊരു സദസ്സ് തന്നെ ഉണ്ടായിരുന്നു. ഞാൻ എത്തുമ്പോൾ ഒരാൾ തന്റെ സരോദ് ട്യൂൺ ചെയ്യുകയായിരുന്നു. താടിയും തൊപ്പിയും വെച്ച മെലിഞ്ഞ രൂപം. അകമ്പടിയായി താൻപുര വായിക്കുന്ന മറ്റൊരാളുമുണ്ട്. അയാൾ ട്യൂൺ ചെയ്യുന്നത് അതുവരെ കണ്ട രീതിയിലായിരുന്നില്ല. അതിലെന്തോ ആകർഷകത്വമുണ്ടെന്ന് തോന്നി. എന്നാൽ വായിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ശരിക്കും അന്തംവിട്ടത്. അങ്ങനെയൊരു കേൾവി അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. അയാൾ എന്നേക്കാൾ എത്രയോ ഉയരത്തിലാണെന്ന് തിരിച്ചറിഞ്ഞു. വായിച്ച രാഗം മുമ്പ് കേട്ടിട്ടുമില്ല. അന്ന് വായിച്ചത് ദർബാരി തോഡിയാണെന്ന് പിന്നീടാണ് മനസ്സിലായത്. ആലാപ് തുടങ്ങിയപ്പോൾ തന്നെ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. വായിച്ച നോട്ടെല്ലാം എന്റെ ഹൃദയഭാരം വർദ്ധിപ്പിച്ചു. മറ്റുള്ളവർ അത് നന്നായി ആസ്വദിച്ചു. അങ്ങനെയൊരു സ്വർഗീയ സംഗീതം അതുവരെ ജീവിതത്തിൽ കേട്ടിട്ടില്ല. ഒടുവിൽ വായന അവസാനിച്ചപ്പോൾ ഓടിച്ചെന്ന് അയാളെ വണങ്ങി. അതുവരെ ഉണ്ടായിരുന്ന എന്റെ എല്ലാ അഹങ്കാരവും അലിഞ്ഞ് ഇല്ലാതെയായി. അത് ഉസ്താദ് അഹമ്മദ് അലിഖാൻ ആയിരുന്നു.
“ദയവായി അങ്ങ് എന്നെ ശിഷ്യനായി സ്വീകരിക്കണം’’, എന്റെ ഭാഗ്യം കൊണ്ടും എന്നോട് അലിവ് തോന്നിയത് കൊണ്ടുമാവണം അയാൾ സമ്മതിച്ചു. ശിഷ്യനായി സ്വീകരിക്കാനുള്ള ഖണ്ഡബന്ധൻ ചടങ്ങുകൾക്കുവേണ്ട ഏർപ്പാടുകൾ ചെയ്തു. രാജാവ് എനിക്കൊരു സരോദ് സമ്മാനിച്ചു.

അഹമ്മദ് അലിഖാന്റെ കൂടെയുള്ള ജീവിതം വേറിട്ടൊരു അനുഭവമായിരുന്നു. അതുവരെ കണ്ട ഗുരുക്കന്മാരെപോലെ ആയിരുന്നില്ല. ശിഷ്യനായത് മുതൽ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടതായിട്ട് വന്നു. ഭക്ഷണം പാകം ചെയ്യൽ, വീട് വൃത്തിയാക്കൽ, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങൽ എന്നിവ തുടങ്ങി കക്കൂസ് കഴുകൽ വരെ എന്റെ ചുമതലയായി. ഗുരുവിന് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്നത് പഠിപ്പിച്ചുതന്നു. അതിഥികൾ വരുന്ന ദിവസമാണെങ്കിൽ അവർക്കുള്ള ഭക്ഷണവും ഞാൻ തന്നെ തയ്യാറാക്കണം. ഉസ്താദ് വിശ്രമിക്കുമ്പോൾ കാലുതിരുമ്മി കൊടുക്കണം. അങ്ങനെ വളരെയധികം ജോലികൾ ചെയ്യാനുണ്ടെങ്കിലും സംഗീതം പഠിക്കാം എന്നതുകൊണ്ട് എനിക്ക് അവയൊന്നും ഭാരമായി തോന്നിയില്ല.

ഒരിക്കൽ ഗുരു മുജറയ്ക്ക് പോയപ്പോൾ എന്നെയും കൂടെ കൂട്ടി. ഒരു പ്രഭു മന്ദിരത്തിലായിരുന്നു പരിപാടി. നൃത്തത്തിന് അകമ്പടിയായി ഗുരു സരോദും ഞാൻ തബലയും വായിച്ചു. കൊട്ടാരസമാനമായ വീടിന്റെ അകത്തളത്തിൽ വെച്ചാണ് പരിപാടി നടന്നത്. ചുറ്റും പ്രഭുക്കന്മാർ ഹുക്ക വലിച്ച് താവായഫുകളുടെ നൃത്തം ആസ്വദിക്കുന്ന കാഴ്ച എനിക്ക് പുതുതായിരുന്നു. ദാദ വലിച്ചത് പോലെയുള്ള ഹുക്കയല്ല. വലിയ ആഡംബര ഹുക്കയായിരുന്നു അത്. ഭീമാകാരമായ ഹുക്ക എടുത്തുകൊണ്ട് നടക്കാൻ ഹുക്ക ബർദാർ എന്നു വിളിക്കുന്ന പരിചാരകരുണ്ടായിരുന്നു. ഹുക്ക തയ്യാറാക്കിവെക്കുകയാണ് അവരുടെ ജോലി. ഭക്ഷണത്തിനുശേഷം അവരെ വിളിക്കും. അപ്പോൾ ഒരുങ്ങിനിൽക്കണം. അത് വലിക്കുമ്പോൾ പുകച്ചുരുൾ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദം കേൾക്കാം. പുകയില മാത്രമല്ല ഉണങ്ങിയ പഴങ്ങൾ, റോസാദളങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിങ്ങനെ പലതും അതിൽ ചേർക്കും. മധുരമുള്ള ആ പുക നീണ്ട കുഴലിലൂടെ ഉള്ളിലേക്ക് എടുത്ത് ആളുകൾ ആസ്വദിക്കും. കുറെ ഹുക്കകൾ ഒന്നിച്ചു വലിക്കുകയാണെങ്കിൽ വെള്ളത്തിൽ അതിന്റെ അലയടി സംഗീതമായി കേൾക്കാം.

മറ്റൊരിക്കൽ അകമ്പടിക്കാരനായത് വയലിനിലാണ്. അന്ന് ഗുരുവിന്റെ സരോദിനേക്കാൾ നന്നായത് എന്റെ വയലിനാണെന്ന് സദസ്സിൽ ചിലർ അടക്കം പറഞ്ഞിരുന്നു. അത് ഗുരുവിന്റെ ശ്രദ്ധയിൽ പെടരുതേ എന്ന് ഞാൻ പ്രാത്ഥിച്ചു. ശിഷ്യൻ തന്നെക്കാൾ കേമനാണെന്ന് കേൾക്കുമ്പോൾ ഗുരു പഠിപ്പിക്കുന്നത് നിറുത്തുമെന്ന് ഞാൻ പേടിച്ചു. ഈ പരിപാടികളിലെല്ലാം കിട്ടുന്ന പണത്തിന്റെ പകുതി ഉസ്താദ് എനിക്ക് തന്നിരുന്നു. അദ്ദേഹത്തിന്റെ പണം സൂക്ഷിക്കാനും എന്നെ ഏൽപ്പിച്ചു.

രാവിലെ പ്രാതൽ കഴിഞ്ഞാൽ പരിശീലനം തുടങ്ങും. അതുകഴിഞ്ഞ് ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പാണ്. ശേഷം വൈകീട്ട് ചായയുടെ സമയമാണ്. അന്നേരം ഗുരു കുറച്ചു പഠിപ്പിക്കും. അത് ഞാൻ രാത്രി മുഴുവൻ പരിശീലിക്കും. ഉസ്താദിന്റെ കൂടെ മുജറയിൽ പങ്കെടുക്കുമ്പോൾ അദ്ദേഹം വായിക്കുന്നതൊക്കെ മനസിലാക്കി വെച്ചിരുന്നു. ഇത്രയുമൊക്കെ പഠിക്കാൻ കഴിഞ്ഞതിൽ പടച്ചവനോട് നന്ദി പറഞ്ഞു. രാത്രിയിലെ ഏകാന്തത വീടിനെ പറ്റിയുള്ള ചിന്ത ഉണർത്തും. മാതാപിതാക്കളെ ഉപേക്ഷിച്ചു വന്നതിലും നിന്നോട് ചെയ്യുന്ന അനീതിയിലുമൊക്കെ വിഷമമുണ്ടായിരുന്നു. വീട്ടുകാരും നാട്ടുകാരുമൊക്കെ എന്നെ ക്രൂരനും ദയയില്ലാത്തവനുമൊക്കെയായി കരുതുന്നുണ്ടാവാം. ഒന്നുമാകാതെ നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റില്ലായിരുന്നു. അക്കാര്യം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക അസാധ്യമാണ്.” മോന്തയിൽ നിന്ന് അല്പം വെള്ളം കുടിച്ചതിന് ശേഷം അലാവുദീൻ തുടർന്നു.

“സരോദിനെ പറ്റിയുള്ള അടിസ്ഥാനപരമായ ചില അറിവുകൾ മാത്രമായിരുന്നു ഗുരു എന്നെ പഠിപ്പിച്ചത്. തന്റെ അറിവുകളിൽ പ്രധാനപ്പെട്ടത് രക്തബന്ധമുള്ളവർക്ക് മാത്രമേ പഠിപ്പിച്ചു കൊടുക്കൂ എന്ന് കരുതുന്ന ചില ഉസ്താദുമാർ ഉണ്ടായിരുന്നു. അവരുടെ ഗണത്തിൽപ്പെട്ട ആളായിരുന്നു അഹമ്മദ് അലിഖാനും. ബന്ധുക്കൾ ഇല്ലെങ്കിൽ അവരുടെ വിലപ്പെട്ട അറിവുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാവും എന്ന കാര്യം ആലോചിക്കാറില്ല. എല്ലാം വേഗം പഠിച്ചെടുക്കാനുള്ള അത്യാർത്തി ഒരിക്കൽ എനിക്ക് വിനയായി. ഉസ്താദ് വായിക്കുമ്പോൾ ഞാൻ കേട്ടു പഠിച്ച പാഠങ്ങൾ അദ്ദേഹം വീട്ടിലില്ലാത്തപ്പോൾ പരിശീലിക്കാറുണ്ടായിരുന്നു.

ഒരു ദിവസം ഉസ്താദ് എന്നെ പഠിപ്പിക്കാത്ത ദർബാരി തോഡി രാഗം ഞാൻ വായിക്കുകയായിരുന്നു. ഗുരു വായിക്കുന്നത് അതെ പോലെ, ഓരോ അണുവിലും കൃത്യതയോടെ വായിച്ചു. ഞാൻ വായനയിൽ ലയിച്ചു നിൽക്കുന്നത് കൊണ്ട് ഉസ്താദ് തിരിച്ചെത്തിയത് അറിഞ്ഞില്ല. അടച്ചിട്ട വാതിലിനു പിന്നിൽ നിന്ന് ഗുരു എല്ലാം കേട്ടു. വായന കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നു. ഉസ്താദിന്റെ ദേഷ്യത്തോടെയുള്ള തുറിച്ചു നോട്ടം പെട്ടെന്ന് എനിക്ക് പിടികിട്ടിയില്ല.

“ഇതൊക്കെ ആര് പഠിപ്പിച്ചു?’’
എനിക്ക് ഉത്തരമില്ലായിരുന്നു. മിണ്ടാതെ തലതാഴ്ത്തി നിന്നു.
ചോദ്യം ആവർത്തിക്കപ്പെട്ടു. സത്യം പറയാൻ തീരുമാനിച്ചു: ‘‘എല്ലാം അങ്ങയിൽ നിന്ന് പഠിച്ചതാണ്. അങ്ങ് വായിക്കുമ്പോൾ ഞാൻ കേട്ടിരിക്കും. എന്നിട്ട് അങ്ങറിയാതെ പരിശീലിക്കും’’.
“അപ്പൊ കള്ളനാണ് നീ”.
“ഗുരോ ഞാൻ കള്ളനല്ല’’, ദൈന്യതയോടെ ഉസ്താദിന്റെ മുഖത്തേയ്ക്ക് നോക്കി ഞാൻ പറഞ്ഞു.
“ഞാനറിയാതെ എന്റെ പാഠങ്ങളെ കട്ടെടുക്കുന്നവനെ കള്ളൻ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?’’
“ക്ഷമിക്കണം. സംഗീതം പഠിക്കാനുള്ള എന്റെ അത്യാർത്തികൊണ്ടു പറ്റിയതാണ്. എനിക്ക് മാപ്പു തരണം. ആദ്യമായി അങ്ങയെ കണ്ടപ്പോൾ കേട്ട ദർബാരി തോഡി രാഗം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. എന്റെ അഹന്തയെ അത് ഉരുക്കിക്കളഞ്ഞു. അതിപ്പോഴും ഉള്ളിലുണ്ട്. ഞാൻ പഠിച്ചതിനെല്ലാം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. അങ്ങയിൽ നിന്ന് കേട്ടുപഠിച്ച പാഠങ്ങൾ ഇനി വായിക്കില്ല. എന്നോട് ദേഷ്യമൊന്നും തോന്നരുത്’’.

കുറച്ചു കഴിഞ്ഞപ്പോൾ ഉസ്താദ് തണുത്തു. അതേ പറ്റി പിന്നെയൊന്നും സംസാരിച്ചില്ല.

ഞാൻ ഗുരുവിന്റെ അനുവാദത്തോടെ വാരാണസിയിലേക്ക് യാത്രതിരിച്ചു. മൂന്നുമാസത്തോളം അവിടെ ചെലവഴിച്ചു. കുറച്ചു സംഗീത പരിപാടികൾ കിട്ടി. അത്യാവശ്യം വലിയൊരു പണവുമായി ഉസ്താദിന്റെ വീട്ടിൽ തിരിച്ചെത്തി. കൈയിലുള്ള തകരപെട്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

“അങ്ങയുടെ സമ്പാദ്യം മുഴുവൻ ഇതിലുണ്ട്’’, എന്റെ വാക്കുകൾ ഉസ്താദിന് വിശ്വാസമായില്ല.
“ഞാൻ നിന്നെ ഏൽപ്പിച്ച പണമെല്ലാം ഭക്ഷണത്തിനും വീട്ടുചിലവിനും എടുത്തില്ലേ. അപ്പോൾ ബാക്കിയൊന്നും ഉണ്ടാകാൻ തരമില്ലല്ലോ’’.

ഞാൻ തകരപെട്ടി തുറന്നു. നോട്ടുകൾ അടക്കി വെച്ചതുകണ്ട് അദ്ദേഹം അന്ധാളിച്ചു. എല്ലാം കൂടി 10,000 രൂപ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഉസ്താദിന്റെ ബാപ്പയ്ക്ക് എന്നോട് വളരെയധികം സ്നേഹം തോന്നി.

“നീ സത്യസന്ധനാണ്. അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ”, ഗുരുവിന്റെ ബാപ്പ എന്നെ തലോടിക്കൊണ്ട് പറഞ്ഞു.
ഇത്രയധികം പണം എന്തുചെയ്യുമെന്ന് ഗുരു ബാപ്പയോട് ചോദിച്ചു.
‘‘ഒരു കോൺക്രീറ്റ് വീടുണ്ടാക്കാം’’.
ഉസ്താദിന് അത് സ്വീകാര്യമായി. വീടുപണി മുഴുവനായും എന്നെ ഏൽപ്പിച്ചു. പിറ്റേന്ന് മുതൽ കാളവണ്ടിയിൽ കല്ലും സിമന്റും എത്തി. തൊട്ടടുത്ത് വീട് വാടകയ്ക്ക് എടുത്ത് ഞാൻ ജോലിയിൽ മുഴുകി. ആറുമാസത്തോളം അതിൽ മാത്രമായി ശ്രദ്ധ. കഠിനമായ ജോലി ചെയ്ത് ക്ഷീണിച്ച് അവശനായി രോഗം പിടിപെട്ടു. കൈയിലുള്ള പണമെല്ലാം വീടുപണിക്ക് ചെലവഴിച്ചതുകൊണ്ട് പാപ്പരായി. ശരീരവേദന കുറക്കാൻ യൂനാനി വൈദ്യനെ കാണിച്ചു. വേദന കുറഞ്ഞെങ്കിലും പോഷകാഹാരം കിട്ടാത്തത് കൊണ്ട് ശരീരം പഴയനില പ്രാപിച്ചില്ല. എന്നിട്ടും ജോലി തുടർന്നു.

വീട് പണി പൂർത്തിയായപ്പോൾ ഉസ്താദ് എന്നെ അദ്ദേഹത്തിന്റെ രക്ഷിതാക്കളുടെ കൂടെ വിട്ടിട്ട് കൊൽക്കത്തയിലേക്ക് പോയി. ഗുരുവിന്റെ കീഴിലുള്ള പഠനം അവസാനിച്ചെന്ന് തോന്നി. ഗുരുവിന്റെ ബാപ്പ എന്നെ അവരുടെ കൂടെ നിറുത്തി പഠിപ്പിക്കാൻ തുടങ്ങി. ഭക്ഷണത്തിന് വേണ്ടി എല്ലാ സമയവും അവിടെ പോകും. അവർ ബീഫായിരുന്നു കഴിച്ചിരുന്നത്. ഞാൻ അത് കഴിക്കാറില്ല. ദാലും റൊട്ടിയും കഴിക്കും. കൈയിൽ പണമില്ലാത്തതു കൊണ്ട് മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു.

ഗുരുവിന്റെ ബാപ്പയ്ക്ക് കാര്യമായൊന്നും എന്നെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. ഞാൻ നിരാശനായി. ഒരു ദിവസം അദ്ദേഹം പറഞ്ഞു “നിന്റെ പഠനം ഇവിടെ അവസാനിച്ചിരിക്കുന്നു.” അതിനർത്ഥം തിരിച്ചുപോകണമെന്നാണ്. എന്റെ ഭക്ഷണം അവർ നിറുത്തി. ഞാൻ മുഴുപട്ടിണിയിലായി. നിരാശ നാൾക്ക് നാൾ വർദ്ധിച്ചു കൊണ്ടിരുന്നു.

എപ്പിസോഡ് 8

പുതിയൊരു ഗുരുവിനെ അന്വേഷിച്ചിറങ്ങി. രാംപൂരിലെ പല സംഗീതജ്ഞരെയും സമീപിച്ചു. സൗജന്യമായി പഠിപ്പിക്കാൻ ആരും തയ്യാറായില്ല. അവർ ആവശ്യപ്പെട്ട പണം താങ്ങാൻ പറ്റുന്നതായിരുന്നില്ല. എന്റെ കൈയിലാകട്ടെ കാശൊന്നും ഇല്ലായിരുന്നു. ഭക്ഷണത്തിനുള്ളത് പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സമയം. അതുകൊണ്ട് വീണ്ടും ഭക്ഷണം ഒരു നേരം മാത്രമായി. ദാരിദ്ര്യവും മോശം ആരോഗ്യസ്ഥിയും എന്നെ ദുർബലനാക്കി. പല ദിവസങ്ങളിലും എന്റെ അവസ്ഥയോർത്ത് നിശ്ശബ്ദം കരഞ്ഞു. പള്ളിയിൽ പോകുന്നത് പതിവാക്കി. ദീർഘനേരം അവിടെയിരുന്ന് പ്രാർത്ഥിച്ചു. ഒരു വഴികാണിച്ചു തരാൻ പടച്ചവനോട് മനമുരുകി അപേക്ഷിച്ചു. ആ പ്രാർത്ഥനകളെല്ലാം എനിക്ക് അല്പം ആത്മബലം തന്നു. ഭക്ഷണം വല്ലപ്പോഴുമായി. ചില ദിവസങ്ങൾ വെള്ളം മാത്രം കുടിച്ചാണ് ജീവൻ പിടിച്ച് നിറുത്തിയത്.

ഗുരുവിനെ കണ്ടെത്തിയേ തീരൂ. ഉസ്താദ് വാസിർഖാനെ കാണാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കീഴിൽ പഠിക്കാൻ പറ്റിയാൽ വലിയ ഭാഗ്യമായിരിക്കും. ഏറെ പ്രതീക്ഷയോടെ വാസിർഖാന്റെ ബംഗ്ളാവിലേക്ക് തിരിച്ചു. കാവൽക്കാർ എന്നെ ഗേറ്റ് കടക്കാൻ അനുവദിച്ചില്ല. ഒരു പക്ഷെ എന്റെ അപ്പോഴത്തെ രൂപം കണ്ടിട്ടാവണം. താടിയും മുടിയും നീട്ടി വളർത്തിയത് കണ്ട് ഞാനൊരു നാടോടിയാണെന്ന് തെറ്റിദ്ധരിച്ചിരിക്കാം.

പിറ്റേദിവസവും അദ്ദേഹത്തിന്റെ ബംഗ്ലാവിൽ പോയി. കാവൽക്കാരൻ എന്നെ തല്ലാൻ ഓങ്ങി. എനിക്ക് നേരെ നിവർന്നുനിൽക്കാൻ പോലും ശേഷിയുണ്ടായിരുന്നില്ല. അടി കൂടി കിട്ടിയാൽ ചത്തുപോകും. തിരിച്ചുനടന്നു. കുറച്ചുനേരം രാംപൂരിലെ നദിക്കരയിൽ പോയി ഇരുന്നു. വീട് വിട്ടുപോന്നത് മുതലുള്ള സംഭവങ്ങളെല്ലാം ചിന്തയിലൂടെ കടന്നുപോയി. അവയെല്ലാം എന്നെ കൂടുതതൽ അലട്ടി. തിരികെ പട്ടണത്തിലെത്തി. കൈയിൽ കുറച്ചു നാണയത്തുട്ടുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. കുറച്ച് ഓപ്പിയം വാങ്ങി. അത് അമിതമായി കഴിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അടുത്ത പള്ളിയിൽ നിന്ന് ബാങ്ക് വിളികേട്ടു. പള്ളിയിൽ കയറി അവസാനമായി നമസ്കരിച്ചിട്ടാവാം ജീവിതം അവസാനിപ്പിക്കുന്നതെന്ന് തീരുമാനിച്ചു. പള്ളിയിൽ എത്തിയ ഞാൻ നമസ്കാരം നിർവഹിക്കാൻ പ്രയാസപ്പെട്ടു. ഇച്ഛാഭംഗം അടിമുടി ബാധിച്ച എന്റെ ശരീരം ഉദ്ദേശിക്കുന്ന വിധം ചലിക്കാൻ കൂട്ടാക്കിയില്ല. മൗലവി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ എന്റെയടുത്തേക്ക് വന്നു. ഞാൻ എന്നെ അയാളുടെ മുമ്പിൽ തുറന്നുവെച്ചു.

“നിരാശപ്പെടേണ്ട… എല്ലാറ്റിനും പടച്ചോൻ ഒരു വഴി കാണിച്ചു തരും. ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്നത് പോലും വലിയ പാപമാണ്. പടച്ചോൻ പൊറുക്കൂല്ല’’, അയാൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“വാസിർഖാനെ കാണാൻ ഒരു വഴിയുണ്ട് . ഞാൻ പറയുന്നത് പോലെ ചെയ്‌താ മതി. നവാബ് ഹാമിദ് അലിഖാന് ഒരു കത്തെഴുത്. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അതിൽ വിശദീകരിക്കണം. എന്നിട്ട് അതുമായി അദ്ദേഹത്തെ പോയി കാണൂ. നിന്റെ കാര്യം നടക്കും’’, മൗലവി ആത്മവിശ്വാസം തന്നു.

കത്തും കീശയിലിട്ട് നവാബിനെ കാണാനിറങ്ങി. അദ്ദേഹത്തെ കാണുക എളുപ്പമായിരുന്നില്ല. കാവൽക്കാർ എന്നെ കൊട്ടാരത്തിലേക്ക് പ്രവേശിപ്പിച്ചില്ല. എല്ലാ ദിവസവും രാവിലെയും വൈകീട്ടും അവിടെ കാത്തുനിന്ന് നവാബിനെ കാണാതെ ഹതാശനായി തിരിച്ചുപോയി. ഇതൊരു പതിവായി. ഇങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി. ഒരു ദിവസം ഞാൻ ഗേറ്റിൽ നിൽക്കുമ്പോൾ നവാബിന്റെ കുതിരവണ്ടി വരുന്നത് കണ്ടു. ഇത് തന്നെയാണ് അവസരം. ഒന്നും ആലോചിച്ചില്ല. കുതിരയുടെ മുമ്പിലേക്ക് എടുത്ത് ചാടി. ബ്രെക്കിട്ടപോലെ പെട്ടെന്ന് കുതിര നിന്നു. അംഗരക്ഷകർ എന്നെ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകാൻ തുടങ്ങി. നവാബ് ദേഷ്യപ്പെടുന്നതിന് പകരം എന്താണ് പ്രശ്‌നമെന്ന് ഉറക്കെ വിളിച്ചു ചോദിച്ചു.

‘‘ഒരു ബംഗാളിപയ്യനാ സാബ്. കണ്ടിട്ട് വട്ടനാണെന്ന് തോന്നുന്നു’’, അംഗരക്ഷകന്റെ മറുപടിയിൽ നവാബ് തൃപ്‌തനായില്ല.
“അയാളെ എന്റെ മുമ്പിൽ കൊണ്ടുവരൂ”
അംഗരക്ഷകർ എന്നെ ബലമായി പിടിച്ച് നവാബിന്റെ മുമ്പിൽ ഹാജരാക്കി. എവിടുന്നോ എനിക്ക് നല്ല ധൈര്യം കിട്ടി. കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സമയം ഇതാണ്. ഇവിടെ പതറാൻ പാടില്ല. വിറയ്ക്കാതെ കീശയിൽ നിന്ന് കത്തെടുത്ത് നവാബിന് കൊടുത്തു. നവാബിന്റെ നിർദേശപ്രകാരം സെക്രട്ടറി കത്ത് വായിച്ചു തുടങ്ങി.

“ബഹുമാനപ്പെട്ട നവാബിന്,
ഞാൻ അലാവുദീൻ ഖാൻ. ത്രിപുരയിൽ നിന്നാണ് വരുന്നത്. താങ്കളുടെ കൊട്ടാരം സംഗീതജ്ഞൻ ഉസ്താദ് വാസിർഖാനിൽ നിന്ന് സംഗീതം പഠിക്കണമെന്നാഗ്രഹിച്ച് കുറച്ചുകാലമായി അദ്ദേഹത്തിന്റെ ബംഗ്ളാവിന്റെ മുമ്പിൽ കാത്ത് നിൽക്കുന്നു. പക്ഷെ കാവൽക്കാർ എന്നെ അകത്തേക്ക് കയറ്റിവിടുന്നില്ല. കുറെ കാലമായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്. ഞാൻ അതീവ നിരാശനാണ്. ഇനിയും എനിക്കിത് സഹിക്കുക വയ്യ. അദ്ദേഹത്തിൽ നിന്ന് സംഗീതം പഠിക്കാനുള്ള ഏർപ്പാടുകൾ ചെയ്‌തുതരണമെന്ന് അങ്ങയോട് താഴ്മയായി അപേക്ഷിക്കുന്നു. ഈ ആഗ്രഹം സഫലമായല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല. ഇതെന്റെ അവസാനത്തെ ശ്രമമാണ്. അങ്ങ് ഇതിൽ ഇടപെടുന്നില്ലെങ്കിൽ കൈയിൽ കരുതിയ ഓപ്പിയം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നത് കൊടിയ പാപമാണെന്ന് എനിക്കറിയാം. പക്ഷെ എന്റെ മുമ്പിൽ മറ്റു വഴികളില്ല’’.
താഴ്‌മയോടെ,
അങ്ങയുടെ വിനീതൻ,
അലാവുദീൻ ഖാൻ.

കത്തിലെ കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ നവാബ് എന്നെ കരുണയോടെ നോക്കി. അലിവ് തോന്നിയിരിക്കണം. അദ്ദേഹം യാത്ര റദ്ദാക്കി കൊട്ടാരത്തിലേക്ക് തിരിച്ചു. പിന്നാലെ അനുഗമിയ്ക്കാനാവശ്യപ്പെട്ടു. കൊട്ടാരത്തിൽ എത്തിയപ്പോൾ എന്റെ അതുവരെയുള്ള ജീവിതത്തെപ്പറ്റി ആരാഞ്ഞു. വീട്ടിൽ നിന്ന് ഓടിപ്പോന്നതുമുതലുള്ള സംഭവങ്ങൾ പറഞ്ഞു. വാസിർ ഖാനെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കാൻ ആളെ അയച്ചു. ഏതൊക്കെ ഉപകരണങ്ങൾ വായിക്കാനറിയാമെന്ന് ചോദിച്ചു. ഉപകരണങ്ങളുടെ നീണ്ട ലിസ്റ്റ് ഞാൻ നവാബിന് മുമ്പിൽ അവതരിപ്പിച്ചു. അത് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി എന്നു തോന്നി. സരോദ് വായിക്കാനാവശ്യപ്പെട്ടു. അദ്ദേഹം കണ്ണടച്ചിരുന്നു. വാസിർ ഖാന്റെ ശിഷ്യനായത് കൊണ്ട് നവാബിന് സംഗീതത്തെ പറ്റി നല്ല ഗ്രാഹ്യമുണ്ടായിരുന്നു. എന്റെ വായനയെ പ്രശംസിച്ചു. തുടർന്ന് വയലിൻ വായിക്കാൻ പറഞ്ഞു.
“ഇങ്ങനെയൊരാൾ വായിക്കുന്നത് യൂറോപ്പിലാണ് ഞാൻ കേട്ടത്. ഇന്ത്യയിൽ കേട്ടിട്ടില്ല’’, വായന കഴിഞ്ഞപ്പോൾ അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു.

വാസിർഖാൻ വന്നപ്പോൾ നവാബ് ആദരവോടെ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ വായനയെ കുറിച്ചും സംഗീതത്തോടുള്ള അഭിനിവേശത്തെക്കുറിച്ചുമെല്ലാം ഒരു ഏകദേശ വിവരണം നവാബ് വാസിർഖാനെ കേൾപ്പിച്ചു..

‘‘ഞാൻ മനസ്സിലാക്കിയിടത്തോളം ഇവൻ കഴിവുള്ള പയ്യനാണ്. ഇതുവരെയുള്ള സംഗീത പഠനവുമെല്ലാം ശരിയായ ദിശയിലാണ്. അതുകൊണ്ടു ഉസ്താദ് ഇവനെ ശിഷ്യനായി സ്വീകരിക്കണം’’, നവാബിന്റെ വാക്കുകൾക്ക് വാസിർഖാൻ എതിരൊന്നും പറഞ്ഞില്ല. ശിഷ്യനായി സ്വീകരിക്കാനുള്ള ചടങ്ങിന് വേണ്ട ഏർപ്പാടുകൾ ചെയ്യാൻ നവാബ് ഉത്തരവിട്ടു. ചടങ്ങിൽ വാസിർഖാൻ എന്റെ കൈയിൽ പവിത്രച്ചരട് കെട്ടി. അതിന്റെ ഭാഗമായി ശിഷ്യൻ കുറച്ചു സ്വർണ നാണയങ്ങൾ ഗുരുവിന് കൊടുക്കണം. എന്റെ കൈയിലൊന്നും ഇല്ലാത്തതു കൊണ്ട് നവാബ് എനിക്ക് വേണ്ടി ഗുരുവിന് സ്വർണ്ണ നാണയങ്ങൾ കൊടുത്തു.
‘‘എനിക്ക് അങ്ങയുടെ അടുത്ത് നിന്ന് രുദ്രവീണ പഠിക്കണമെന്നാഗ്രഹമുണ്ട്.”
“എന്റെ പിൻഗാമികൾക്കും രക്തബന്ധമുള്ളവർക്കും മാത്രമാണ് അത് പഠിപ്പിക്കുന്നത്. സരോദ്, റബാബ്, സുർശ്രിങ്കാർ എന്നിവ പഠിപ്പിക്കാം’’.
“അങ്ങയുടെ ഇഷ്ടംപോലെ’’, ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
“ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ തവായഫുകളെ പഠിപ്പിക്കില്ലെന്ന് സത്യം ചെയ്യണം’’, ഗുരു പറഞ്ഞത് ഞാൻ അനുസരിച്ചു.

ഉസ്താദിന്റെ വീടിനടുത്താണ് ഞാൻ താമസിച്ചിരുന്നത് . ഭക്ഷണത്തിനും വാടക കൊടുക്കാനും ജോലി വേണമായിരുന്നു. ഭാഗ്യവശാൽ കൊട്ടാരത്തിലെ വാദ്യസംഘത്തിൽ വയലിൻ വായിക്കാനുള്ള അവസരം കിട്ടി. ദിവസവും രാവിലെ രണ്ടുമണിക്കൂറാണ് വായന. മാസത്തിൽ പന്ത്രണ്ട് രൂപ ശമ്പളം.

വാസിർ ഖാൻ എന്നെ ശിഷ്യനായി സ്വീകരിച്ചെങ്കിലും പഠനം തുടങ്ങിയിരുന്നില്ല. എല്ലാ ദിവസവും രാവിലെ ആറുമണി മുതൽ പത്തുവരെ ഗുരുവിന്റെ ബംഗ്ലാവിന്റെ വാതിൽപ്പടിയിൽ പോയി നിൽക്കും. എന്നാൽ അദ്ദേഹം എന്നെ ശ്രദ്ധിച്ചിരുന്നില്ല. ഈ മനുഷ്യൻ എന്തുകൊണ്ടാണ് എന്നെ തിരിച്ചറിയാത്തത്. ഇനി അങ്ങനെ നടിക്കുകയായിരിക്കുമോ? ഞാൻ ആശയക്കുഴപ്പത്തിലായി. നവാബിന്റെ അടുത്ത് പോയി പരാതി പറഞ്ഞാൽ ഗുരുവിന് അതൃപ്‍തി ഉണ്ടാകുമോ എന്ന് സംശയിച്ചു. സ്വയം അംഗീകരിക്കുന്നതുവരെ കാത്തിരിക്കാൻ ഞാൻ നിശ്ചയിച്ചു.

ഈ സമയം വെറുതെയിരുന്നില്ല. വാദ്യസംഘത്തിൽ നിന്ന് കിട്ടിയ പന്ത്രണ്ട് രൂപയിൽ നിന്ന് അഞ്ചുരൂപയെടുത്ത് ദ്രുപദ്, സിതാർ, സരോദ് എന്നിവ പഠിച്ചു. കൊട്ടാരം സന്ദർശിക്കുന്ന ഗായകന്മാരുടെ സംഗീത ചർച്ചകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

ഗുരുവിന്റെ അവഗണയോടെ മൂന്നു വർഷം കടന്നുപോയി. അങ്ങനെയിരിക്കുമ്പോഴാണ് ‘ഉർവ്വശീ ശാപം ഉപകാരം’ എന്ന് പറഞ്ഞതുപോലെ ഒരു ദിവസം നിന്റെ കത്ത് ഗുരുവിനെ തേടിയെത്തിയത്. അദ്ദേഹം എന്നെ വിളിപ്പിച്ചു.
“ക്ഷമിക്കണം. നിന്നെ മറന്നു പോയതുകൊണ്ടാണ്. അല്ലാതെ മനഃപൂർവ്വം പഠിപ്പിക്കാതിരുന്നതല്ല. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു നിനക്കുണ്ടായ നഷ്ടങ്ങൾ ഞാൻ നികത്തും’’.
“അന്നാണ് എനിക്കൊരു പുതുജന്മം കിട്ടിയത്. ഈ പഠനത്തിന് ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു’’, അലാവുദീൻ മദനെ ആശ്ലേഷിച്ചു.

അലാവുദ്ദീൻ കഥ പറഞ്ഞുനിർത്തിയപ്പോൾ മദന് ഭർത്താവിനോട് മുമ്പത്തേക്കാൾ ബഹുമാനം തോന്നി. സംഗീതം പഠിക്കാൻ വേണ്ടി അയാൾ അനുഭവിച്ച ദുരിതങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് മദൻ കേട്ടുനിന്നത്.
“കഴിഞ്ഞ 15 വർഷമായി ഞാനനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങ് ഭീകരമായ യാതനകളിലൂടെയും അലച്ചിലുകളിലൂടെയുമാണല്ലോ ആലം കടന്നു പോയത്’’, അവിശ്വസനീതയോടെ മദൻ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി.

അയാൾ ഇരുകൈകളിലും അവളുടെ മുഖം കോരിയെടുത്തു. കൺപോളകളിൽ ചുംബിച്ചു. തളം കെട്ടി നിന്ന കണ്ണുനീർ ചാലുകീറി പുറത്തേക്ക് ഒഴുകി.

(അടുത്ത പാക്കറ്റിൽ തുടരും).


Summary: Maihar story series on Hindustani Music family written by Nadeem Noushad part 4 published in Truecopy webzine packet 250.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments