എപ്പിസോഡ് 9
▮
വാസിർഖാന്റെ കൂടെയുള്ള കാലം അതിവേഗം കടന്നുപോയതുപോലെ അലാവുദ്ദീന് തോന്നി. ഇതിനിടയിൽ സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വരികയും പോവുകയും ചെയ്‌തു. മുമ്പത്തെ വരവുകളേക്കാൾ വളരെ ആനന്ദം നിറഞ്ഞതായിരുന്നു അയാളുടെ ഗൃഹസന്ദർശനങ്ങൾ. മദൻ മഞ്ചരിയും ഏറെ ആഹ്ളാദിച്ചു. അവളുടെ അസ്തിത്വത്തെ പോലും ചോദ്യംചെയ്യപ്പെട്ട കാത്തിരിപ്പിന് എന്നെന്നേക്കുമായി വിരാമമായി.
“സേനിയ ഘരാനയിലെ എല്ലാം നിന്നെ പഠിപ്പിച്ചു കഴിഞ്ഞു. ഇനിയൊന്നും ബാക്കിയില്ല. ഗുരു ശിഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നത് പരിപൂർണ്ണമായ സമർപ്പണമാണ്. അതിൽ നീ വിജയിച്ചിരിക്കുന്നു. ഇനി വേദികളിൽ പരിപാടികൾ അവതരിപ്പിയ്ക്കാം”, വാസിർഖാൻ ഇങ്ങനെ പറഞ്ഞപ്പോൾ അലാവുദ്ദീൻ ഗുരുവിനെ വണങ്ങി നിന്നു.
“രാജ്യം മുഴുവൻ യാത്ര ചെയ്‌ത് മറ്റുള്ളവരുടെ സംഗീത പരിപാടികൾ കേൾക്കണം. അവയെ വിലയിരുത്തണം. കൂടാതെ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങണം. എപ്പോഴും നല്ല വിദ്യാർഥി യായിരിക്കുക’’, അലാവുദീൻ ഗുരുവിന്റെ കാലുകൾ തൊട്ടു വന്ദിച്ചു. ഇത്രയധികം കാലം പഠിപ്പിച്ചിട്ടും ചില്ലിക്കാശ് പോലും അദ്ദേഹം വാങ്ങിയിരുന്നില്ല. ഗുരുവിനോട് യാത്രപറയുമ്പോൾ അലാവുദീന്റെ കണ്ണുകൾ നിറഞ്ഞു. ശിഷ്യനെ മാറോട് ചേർത്തു. നെറുകയിൽ ചുംബിച്ചു. അയാൾ മുട്ടുകുത്തി ആകാശത്തേക്ക് കൈകളുയർത്തി പ്രാർത്ഥിച്ചു. മുറ്റത്തെ മണ്ണിൽ ചുംബിച്ചു. തന്റെ തകരപ്പെട്ടിയും തൂക്കി പിടിച്ചു വീട് വിട്ടിറങ്ങി.
പഠനം കഴിഞ്ഞു പുറത്തുവന്നതോടെ അലാവുദ്ദീൻ ഖാന് പരിപാടികളിലേക്ക് ക്ഷണം കിട്ടി. വാസിർഖാന്റെ അടുത്ത് ദീർഘകാലം പഠിച്ച ശിഷ്യൻ എന്ന ഖ്യാതി പുറംനാടുകളിൽ പരന്നിരുന്നു. ആ ബഹുമാനം കൊണ്ട് സംഗീതാസ്വാദകർ അലാവുദ്ദീനെ ബാബ എന്ന് സംബോധന ചെയ്യാൻ തുടങ്ങി. ബംഗാളി ഭാഷയിൽ ബാബ എന്ന് പറഞ്ഞാൽ പിതാവ് എന്നാണർത്ഥം.
പല നാടുകളിൽ ചുറ്റിത്തിരിഞ്ഞു ഒടുവിൽ കൊൽക്കത്തയിൽ എത്തി. താൻ ആദ്യം തുടങ്ങിയ തട്ടകമായതുകൊണ്ട് കൊൽക്കത്തയോട് പ്രത്യേക മമതയുണ്ട്. പക്ഷെ ഇപ്പോൾ അവിടം ഒരുപാട് മാറിയിരിക്കുന്നു. ഭൂമിശാസ്ത്രപരമായ മാറ്റമല്ല; സംഗീതകാരന്മാർക്കിടയിലെ തൻപോരിമയും കിടമത്സരവും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ നടത്തുന്ന ശ്രമങ്ങളും വളർന്നു തുടങ്ങിയിരിക്കുന്നു.
നഗരത്തിൽ വെച്ച് ബാബ തന്നെ മുമ്പ് സഹായിച്ചിരുന്ന ദേബാശിഷ് മുഖർജിയെ കണ്ടുമുട്ടി.
“ആലം, എത്രനാളായി കണ്ടിട്ട്.”
‘ഒരുപാട് നാളായി. നീ ഇപ്പൊ എന്ത് ചെയ്യുന്നു?”
“ഒരു ഗ്രാമഫോൺ കടയിലെ സെയിൽമാനാ.”
“വാസിർഖാന്റെ പക്കൽ കുറച്ച് ഗ്രാമഫോൺ റെക്കോർഡുകൾ കേട്ടിട്ടുണ്ട്’’.
“ഗൗഹർജാൻ എന്നൊരു ഗായികയുണ്ട്. ഇവിടത്തുകാരിയാണ്. പരിചയമുണ്ടോ?’’
“കേട്ടിട്ടുണ്ട്.”
“അവരാണ് ഇപ്പോഴത്തെ സ്റ്റാർ. എത്ര ഡിസ്‌ക്കുകളാണ് അവരുടേതായി വിറ്റുപോകുന്നത്. അതൊക്കെ കാണുമ്പോൾ ഞാൻ നിന്റെ കാര്യം ആലോചിക്കാറുണ്ട്. ഇത്രയും കഴിവുണ്ടായിട്ടും നിന്റെയൊരു ഗ്രാമഫോൺ ഡിസ്‌ക് പുറത്ത് വരുന്നില്ലല്ലോയെന്ന്. നിനക്കൊരു ഗ്രാമഫോൺ റെക്കോർഡ് ചെയ്തുകൂടെ? ഗൈസ് ബെർഗ് സായിപ്പാ അതിന്റെ ആള്. എന്റെ മുതലാളിക്ക് ആളെ പരിചയമുണ്ട്. ഞാൻ ഒരു ശ്രമം നടത്തട്ടെ.”
“വേണ്ട ദേബാശിഷ്… സരോദ് വായനയെ ഗ്രാമഫോൺ ഡിസ്‌സിക്കിലെ അഞ്ചു മിനുട്ടിനുള്ളിലേയ്ക്ക് ഒതുക്കുന്ന മാന്ത്രിക വിദ്യ ഞാൻ പഠിച്ചിട്ടില്ല. പിന്നെ സംഗീതം ഇങ്ങനെ ചൂടപ്പം പോലെ വിൽക്കാനുള്ളതല്ല. അത് ദൈവികമാണ് എന്നാ എന്റെ വിശ്വാസം.”
“ശരിയ്ക്കും പറഞ്ഞാൽ ദരിദ്രരായ നമ്മുടെ പാട്ടുകാർ രക്ഷപ്പെട്ടു പോകുന്നത് സായിപ്പ് കൊണ്ടുവന്ന ഈ വിദ്യ കൊണ്ടാ.”
“അത് പൂർണ്ണമായും ശരിയല്ല. കാശുണ്ടാക്കുന്നതിനെ കുറിച്ച് മാത്രമേ സായിപ്പുമാർക്ക് ആലോചനയുള്ളൂ. നമ്മുടെ സംഗീതത്തെ എങ്ങനെ സംരക്ഷിച്ചു വെയ്ക്കാം എന്നല്ല. എങ്ങനെ വിൽക്കാം എന്നാ അവർ ചിന്തിക്കുന്നത്. അതുകൊണ്ട് നീ പറഞ്ഞ ഗ്രാമഫോൺ ഒന്നും എന്നെ ഒരു തരത്തിലും ആകർഷിച്ചിട്ടില്ല.”
ദേബാശിഷിനോട് യാത്ര പറഞ്ഞ് എത്രയും വേഗം സ്ഥലം വിടാൻ ആലോചിക്കുമ്പോഴാണ് മധ്യപ്രദേശിലെ മൈഹർ രാജാവിന് വേണ്ടി പരിപാടി നടത്താനുള്ള ക്ഷണം കിട്ടുന്നത്. പരിപാടി കഴിഞ്ഞ ഉടനെ രാജാവ് സദസ്സിലേക്ക് കയറി ബാബയുടെ കാൽതൊട്ടു വന്ദിച്ചു. “അങ്ങയെ മൈഹർ രാജ്യത്തിലെ കൊട്ടാരം സംഗീതജ്ഞനാകാൻ ക്ഷണിക്കുകയാണ്. നല്ല ശമ്പളവും താമസവും തരാം. പറ്റില്ലെന്ന് പറയരുത്.” ഒരുപാട് കാലത്തെ അലച്ചലിന് ശേഷം ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാജാവിന്റെ അഭ്യർത്ഥന സ്വീകരിച്ചു.

മൈഹറിലേക്ക് പോകുന്ന വിവരം വീട്ടിൽ അറിയിക്കാൻ ബാബ ശിബ്‌പൂരിലേക്ക് തിരിച്ചു.
“എത്രകാലമായി ഞങ്ങളുടെ കൂടെ താമസിച്ചിട്ട്?”, ഉമ്മ പരിഭവം പറഞ്ഞു.
“എനിക്ക് ഒരു ജോലി ആവശ്യമാണ്. മാത്രമല്ല ഊരുചുറ്റൽ മതിയാക്കി ഒരിടത്ത് ഇരിപ്പുറപ്പിക്കണം.”
മദൻമഞ്ചരിയെയും കൂട്ടി ബാബ മൈഹറിലേക്ക് യാത്ര തിരിച്ചു. അവരെ യാത്ര അയക്കുമ്പോൾ ഇനി എപ്പോഴാണ് മകനെ കാണാൻ കഴിയുക എന്ന ചിന്ത മാതാപിതാക്കളെ അലട്ടിയിരുന്നു.
വെയിൽ ചാഞ്ഞ് ചക്രവാളത്തിൽ ചുകപ്പ് പരക്കുന്ന സമയത്താണ് ബാബയും കുടുംബവും മൈഹറിൽ എത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന ചെറിയൊരു നാട്ടുരാജ്യമാണ് മൈഹർ. കാടുകളും മലകളും കൊണ്ട് ചുറ്റപ്പെട്ട ആ പ്രദേശത്തിന്റെ നിശ്ലബ്ദതയെ ഭേദിക്കുന്നത് സംഗീതം മാത്രമാണ്. കുന്നിന്റെ ഉച്ചയിൽ സ്ഥിതി ചെയ്യുന്ന ശാരദാ മാ ക്ഷേത്രമാണ് പുറം നാട്ടുകാരുടെ പ്രധാന ആകർഷണം. ക്ഷേത്രദർശനം നടത്താൻ ആയിരത്തോളം പടികൾ കയറണം.
ചെറുപട്ടണമായ മൈഹറിൽ പ്രാഥമിക കേന്ദ്രങ്ങളായ പോസ്റ്റോഫീസ്, പ്രൈമറി സ്കൂൾ, ആശുപത്രി എന്നിവ പേരിന് ഒരെണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാടകയ്ക്ക് കൊടുക്കുന്ന രണ്ടു കുതിരവണ്ടികളെ ആശ്രയിച്ചായിരുന്നു അവിടുത്തെ സഞ്ചാര സൗകര്യം. തൊഴിൽ കേന്ദ്രങ്ങൾ എന്ന് പറയാൻ ഒരു കുമ്മായ ഫാക്ടറിയും പുകയിലയുടെയും വെറ്റിലയുടെയും മൊത്ത കച്ചവടവുമായിരുന്നു ഉണ്ടായിരുന്നത്. പലചരക്കുകടകളും പച്ചക്കറിയും, പഴങ്ങളും, ഹലുവയും, ചെരുപ്പുകുത്തികളും മൺപാത്രവില്പനക്കാരും എല്ലാം ചേർന്ന ചന്തയാണ് മൈഹറിൽ ഏറ്റവും തിരക്കേറിയ ഇടം. മൈഹറിന്റെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് ശാരദമാ ക്ഷേത്രത്തിൽ വരുന്ന തീർത്ഥാടകരാണ്.
വേപ്പിന്റെയും മുല്ലപ്പൂവിന്റേയും സുഗന്ധം നിറഞ്ഞ വഴിയിലൂടെ അരമൈൽ നടന്ന് കൊട്ടാരത്തിൽ എത്തി. വലിയ കമാനങ്ങളോ മറ്റോ ഇല്ലാത്തതായിരുന്നു മൈഹർ കൊട്ടാരം. ബാബ മുമ്പ് സന്ദർശിച്ച രാംപൂർ കൊട്ടാരത്തിന്റെ പ്രൗഢിയോ വർണ്ണശബളമായ കൗതുക കാഴ്ചയോ മൈഹറിന് ഉണ്ടായിരുന്നില്ല. ദർബാറിൽ എത്തിയപ്പോൾ രാജാവ് ബാബയെയും കുടുംബത്തെയും സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ് വരവേറ്റു. രാജകീയമായ ബഹുമാനത്തോടെ സ്വീകരിച്ച് ഇരുത്തി. യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഗുരുവിന് താമസിക്കാൻ രാജാവ് താത്കാലികമായി ഒരു വീട് തയ്യാറാക്കിയിരുന്നു.
“അങ്ങേയ്ക്ക് കൊട്ടാരത്തിന്റെ വടക്കുഭാഗത്ത് ഒരു മൈൽ ദൂരത്തിൽ പുതിയ വീടിന് സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ വീട് പണിയാം. എല്ലാ സഹായങ്ങളും ഇവിടെനിന്ന് ചെയ്‌തു തരും.”
ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന വർഷത്തിലാണ് ബാബ മൈഹറിൽ എത്തിയത്. അപ്പോൾ അവിടം സ്പാനിഷ് ഫ്ലുവിന്റെ പിടിയിലായിരുന്നു. ഒരുപാട് ജീവനുകളെ ആ മാരകരോഗം കവർന്നു. മറ്റ് രാജ്യങ്ങളിൽ യുദ്ധം കൊണ്ടായിരുന്നെങ്കിൽ നമ്മുടെ രാജ്യത്ത് ഈ പകർച്ചവ്യാധിയായിരുന്നു ആളുകളെ ജീവിതത്തിൽ നിന്നും പറഞ്ഞയച്ചത്. രോഗത്തിന്റെ ആക്രമണത്തിന് മുമ്പിൽ എല്ലാവരും പകച്ചുനിന്നു.
ഉറ്റവരെ മരണം കൊണ്ടുപോയതുകൊണ്ട് ഒരുപാട് കുട്ടികൾ അനാഥരായി. ഈ കൊടും കെടുതി കാലത്തും ബാബ വെറുതെ ഇരുന്നില്ല. നിരാലംബരായ നാല്പതോളം കുട്ടികളെ വീട്ടിൽ കൊണ്ടുവന്നു. വസ്ത്രങ്ങളും ഭക്ഷണവും തന്റെ വീട്ടിലെ പരിമിതമായ സ്ഥലത്ത് അഭയവും കൊടുത്തു. കുറച്ചു കുട്ടികളെ ബന്ധുക്കൾ വന്ന് കൂട്ടി കൊണ്ടുപോയി. ഒടുവിൽ പതിനേഴ് പേർ മാത്രം അവശേഷിച്ചു. അവരെ കൊണ്ടുപോകാൻ ആരും എത്തിയിരുന്നില്ല.
ബാബ അനാഥരായ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ തീരുമാനിച്ചു. ഈ വിഷയം രാജാവുമായി സംസാരിച്ചപ്പോൾ അവർക്കായി ഒരു കെട്ടിടം അനുവദിച്ചു. അവിടെയായിരുന്നു താമസവും പഠനവും. കൂടാതെ ഓരോ കുട്ടിക്കും മാസം പന്ത്രണ്ടു രൂപയും അനുവദിച്ചു. പന്ത്രണ്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും അടങ്ങിയ ആ സംഘം മൈഹർ ബാൻഡ് എന്ന പേരിൽ അറിയപ്പെട്ടു. ബാബ കുട്ടികൾക്കുവേണ്ട സംഗീതോപകരണങ്ങൾ സംഘടിപ്പിച്ചു. സിതാർ, തബല, സാരംഗി, ജൽതരംഗ് എന്നിവ മാത്രമല്ല ചെല്ലോ, വയലിൻ എന്നിവയും ഉണ്ടായിരുന്നു. സിതാർ ബെൻജോയെ പോലെ ചിലത് പുതുതായി ഉണ്ടാക്കി.
തനി ഗ്രാമീണരായ കുട്ടികളെ പഠിപ്പിക്കുന്നത് ബാബക്ക് വലിയ തലവേദനയുണ്ടാക്കി. മാത്രമല്ല നിരക്ഷരരും. പറഞ്ഞ് കൊടുക്കുന്ന ലളിതമായ പാഠങ്ങൾ പോലും കുട്ടികളിൽ ചിലർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവരെ പഠിപ്പിക്കാൻ നല്ല പോലെ കഷ്ടപ്പെട്ടു. ചില സമയങ്ങളിൽ ക്ഷമകെട്ടു. കഠിനമായ ശിക്ഷാരീതികൾ കൊണ്ട് 12 കുട്ടികൾ ഓടിപ്പോയി. ഒടുവിൽ രാജാവ് ഇടപെട്ട് അവരെ മടക്കി കൊണ്ട് വന്ന് പരിശീലനം തുടർന്നു.
കുട്ടികളുടെ പഠനത്തിന്റെ പുരോഗതി അറിഞ്ഞപ്പോൾ അവരുടെ പരിപാടി കാണാൻ രാജാവ് ആഗ്രഹമറിയിച്ചു. സമയവും നിശ്ചയിച്ചു. രാത്രി ഏഴ് മണിയായിരുന്നു അനുവദിച്ച സമയം. ബാബയ്ക്കും വലിയ ഉത്സാഹമായി. പുത്തൻ ഉടുപ്പുകൾ അണിഞ്ഞ് കുട്ടികൾ കൊട്ടാരത്തിൽ പോകാൻ തയ്യാറായി നിന്നു. അവിടെ പെരുമാറേണ്ട രീതികളെ കുറിച്ച് പറഞ്ഞുകൊടുത്തു. അര മണിക്കൂർ മുമ്പേ തന്നെ കൊട്ടാരത്തിൽ എത്തി. പക്ഷെ അവിടെ അവരെ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂർ കാത്തുനിന്നിട്ടും രാജാവ് വന്നില്ല. കുട്ടികൾ വിശന്നു പൊരിഞ്ഞു. ആരും അവർക്ക് ഭക്ഷണമോ വെള്ളമോ കൊടുത്തില്ല. ഉറക്കം വരാനും തുടങ്ങി. ബാബയ്ക്ക് കഠിനമായ ദേഷ്യം വന്നു. താൻ അപമാനിക്കപ്പെട്ട പോലെ തോന്നി. കുട്ടികളെ തിരികെ വീട്ടിലേക്ക് കൊണ്ട് പോയി. പത്തുമണിയായപ്പോൾ ബാബ തനിച്ചു കൊട്ടാരത്തിലെത്തി.
“കുട്ടികൾ എവിടെ?”, രാജാവ് ചോദിച്ചു.
ബാബ ഒന്നും മിണ്ടിയില്ല.
“ഞാൻ അങ്ങയുടെ കൊട്ടാരം സംഗീതജ്ഞൻ എന്ന പദവിയിൽ നിന്ന് രാജിവെക്കുകയാണ്.”
“എന്തുപറ്റി?”
“പറഞ്ഞപ്രകാരം സമയത്ത് തന്നെ ഞങ്ങൾ എത്തി. മൂന്നു മണിക്കൂറിലധികം കാത്തുനിന്നിട്ടും അങ്ങ് വന്നില്ല. കുട്ടികൾ വിശന്ന് വലഞ്ഞു. ആരും അവരെ തിരിഞ്ഞു നോക്കിയില്ല. അവർ അനാഥരാണെങ്കിലും കൊട്ടാരത്തിൽ വന്നത് കലാകാരന്മാരായിട്ടാണ്. അങ്ങ് അവരെ മാത്രമല്ല സംഗീതത്തെ കൂടിയാണ് അപമാനിച്ചത്. അതുകൊണ്ട് ഇനി ഇവിടെ ഗുരുവായി തുടരുക സാധ്യമല്ല.”
“എനിക്ക് മാപ്പു തരണം. വ്യക്തിപരമായ പ്രശ്‌നത്തിലകപ്പെട്ടു പോയതു കൊണ്ടാ അങ്ങനെ സംഭവിച്ചത്. ബാബ, ദയവായി കുട്ടികളെ വിളിച്ചുകൊണ്ട് വന്ന് പരിപാടി നടത്താമോ.”
ബാബ ഒന്ന് തണുത്തു. വീട്ടിലേക്ക് തിരിച്ചുപോയി. ഉറക്കത്തിലായ കുട്ടികളെ വിളിച്ചുണർത്തി കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. ഉറക്കച്ചടവുണ്ടായിട്ടും അവർ നന്നായി വായിച്ചു.

▮
എപ്പിസോഡ് 10
ബാബയുടെ പുതിയ വീടിന്റെ പണിപൂർത്തിയായി. മനോഹരമായ ഇരുനില കെട്ടിടത്തിന് മദീനഭവൻ എന്ന് പേരിട്ടു. മദീന ബീഗം മദൻമഞ്ജരിയുടെ ഔദോഗിക നാമമായിരുന്നു. വലിയ കമാനമുള്ള വീട് അന്ന് മൈഹറിൽ വേറെ ഉണ്ടായിരുന്നില്ല. നാട്ടുകാർക്ക് മദീനഭവൻ കൗതുകക്കാഴ്ചയായിരുന്നു. ദിവസവും കാഴ്ചക്കാരായി ആളുകൾ എത്തിക്കൊണ്ടിരുന്നു. ബാബ വീട് നന്നായി അലങ്കരിച്ചു. തന്റെ തകരപെട്ടിയിൽ നിധിപോലെ സൂക്ഷിച്ച ഫോട്ടോകൾ ചുമരിൽ പതിച്ചു. സ്വീകരണ മുറിയിൽ അലങ്കരിച്ച ഏറ്റവും വലിയ ഫോട്ടോ ഗുരുവായ വസീർഖാന്റെതായിരുന്നു. മൈഹർ രാജാവിന്റെ കൂടെയുള്ളതും ബാബ സരോദ് വായിക്കുന്ന ചില ഫോട്ടോകളും തൊട്ടടുത്തായി സ്ഥാനം പിടിച്ചു.
മൈഹറിൽ വന്നപ്പോൾ ബാബയുടെയും മദന്റെയും ജീവിതത്തിലുണ്ടായ ഒരു പ്രധാന സംഭവം ജഹനാരയുടെ ജനനമാണ്. കുഞ്ഞിന്റെ ജനനശേഷം ബാബ അധികസമയവും വീട്ടിൽ ചെലവഴിക്കും. കൊട്ടാരത്തിൽ നിന്ന് എത്രയും വേഗം വീട്ടിൽ എത്താൻ തിടുക്കം കൂട്ടും. മകൾക്ക് കളിപ്പാട്ടമായി കൊച്ചു സരോദ് ഉണ്ടാക്കി കൊടുത്തിരുന്നു. സാധകം ചെയ്യുമ്പോൾ അവൾ ബാബയ്ക്ക് ചുറ്റും മുട്ടിൽ ഇഴഞ്ഞു നീങ്ങും. സംഗീതോപകരണങ്ങളിൽ തൊടുമ്പോഴുള്ള ശബ്ദം പലപ്പോഴും ശ്രദ്ധ തെറ്റിക്കും. സരോദിന്റെയും സിതാറിന്റെയും തബലയുടെയും നാദങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ജഹനാര വളർന്നു. ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ അവൾ മെല്ല പിടിച്ചുനിന്നു. അധികം താമസിയാതെ നടക്കാനും ഓടാനും തുടങ്ങി.
ജഹനാരയ്ക്ക് നാല് വയസ്സ് പൂർത്തിയായി ഒരുമാസം പിന്നിട്ടപ്പോൾ ബാബയ്ക്കും മദൻമഞ്ചരിക്കും ഒരാൺകുട്ടി പിറന്നു. അവന് അലി അക്ബർ എന്ന പേര് നൽകി. ആൺകുട്ടികളിലൂടെയായിരുന്നു ഉസ്താദ്‌മാർ തങ്ങളുടെ സംഗീത പാരമ്പര്യം നിലനിൽക്കാൻ ആഗ്രഹിച്ചത്. അതുകൊണ്ട് എല്ലാ ഉസ്താദ് മാരെയും പോലെ ബാബയും ആനന്ദാതിരേകത്തിലായി.
കുറച്ചു വലുതായപ്പോൾ അലിയെ ബാബ സംഗീതം പഠിപ്പിച്ചുതുടങ്ങി. വായ്‌പാട്ടിലായിരുന്നു ആദ്യപരിശീലനം. അലിയ്ക്ക് സംഗീതം വഴങ്ങാൻ കുറച്ചു സമയമെടുത്തു. എന്നാൽ ജഹനാരയാകട്ടെ വളരെ വേഗം പഠിച്ചെടുത്തു. അവൾ തംബുരു മീട്ടി പാടുമ്പോൾ ബാബ അഭിമാനത്തോടെ പുഞ്ചിരിക്കും. മുഖത്ത് സംതൃപ്തി വിടരും.
മൈഹറിൽ താമസമാക്കി ഒൻപത് വർഷം പൂർത്തിയായ ഒരു വേനൽ കാലത്താണ് അന്നപൂർണ ജനിച്ചത്. ബാബ സ്ഥലത്തുണ്ടായിരുന്നില്ല. രാംപൂരിലെ രാജാവിന്റെ മകന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോയതായിരുന്നു. രാംപൂരിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ബാബ നേരെ കൊട്ടാരത്തിലേക്ക് പോയി.
“ഗുരോ, താങ്കൾക്കൊരു പെൺകുട്ടി ജനിച്ചിരിക്കുന്നു’’, രാജാവ് ബ്രിജ്‌നാഥ് സിംഗ് അറിയിച്ചു.
“ദൈവത്തിന് സ്തുതി”, ബാബ കൈകൾ മേല്പോട്ടുയർത്തി പ്രാർത്ഥിച്ചു.
“ഇത് ചൈത്രപൂർണ മാസമാണ്. ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ചൈത്ര മാസത്തിലെ എട്ടാം പൂർണ്ണ ചന്ദ്രദിനം അന്നപൂർണ്ണ ദേവിയെ ആരാധിക്കാനുള്ളതാണ്. അതുകൊണ്ടു ഞാൻ താങ്കളുടെ മകൾക്ക് അന്നപൂർണ്ണ എന്ന് പേരിടുന്നു. നിങ്ങൾക്ക് ഒരു മുസ്ലിം പേരിടാം. എനിക്ക് അവൾ അന്നപൂർണ്ണയായിരിക്കും. അവൾ സമ്പത്തും ഐശ്വര്യവും കൊണ്ടുവരും എന്ന് ഞാൻ കരുതുന്നു.”
“അങ്ങ് നൽകിയ പേര് ഞാൻ സ്വീകരിക്കുന്നു. ഇനി മുതൽ അവൾ അന്നപൂർണ്ണ എന്നറിയപ്പെടും.”
ബാബ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് മദൻ മഞ്ചരിയുടെ സമീപത്ത് ഉറങ്ങികിടക്കുന്നത് കണ്ടു. മകളെ പേര് ചൊല്ലി വിളിച്ചു. വീട്ടിൽ വിളിക്കാൻ റോഷ് നാര എന്ന പേർ നൽകി.
വ്യത്യസ്ത പ്രായത്തിലുള്ള മക്കളുടെ കളിചിരികൾ ആ വീടിനെ മുഖരിതമാക്കി. ജഹനാരയ്ക്ക് പതിനാലു തികഞ്ഞപ്പോൾ ധാക്കയിലെ ഒരു പ്രമാണിയുടെ കുടുംബത്തിലേക്ക് കല്യാണം കഴിച്ചുവിട്ടു. ആർഭാടപൂർവമായിരുന്നു കല്യാണം. മൈഹർ രാജാവ് മുതൽ നാട്ടിലെ സാധാരണക്കാർ വരെ ചടങ്ങിൽ പങ്കെടുത്തു. ധാക്കയിലെ ഭർതൃവീട്ടിലേക്ക് പോകുമ്പോൾ അവൾ തംബുരു എടുക്കാൻ മറന്നിരുന്നില്ല. അതിനെ മാറോട് ചേർത്ത് പിടിച്ചിരുന്നു.
ജഹനാര പോയതോടെ അന്നപൂർണ്ണയും അലിയും മാത്രമായി മദീനഭവനിൽ. ഇരുവരുടെയും കുസൃതികൾ കണ്ട് ജഹനാരയുടെ അസാന്നിധ്യം ബാബയും മദനും മറന്നു. അന്നപൂർണ്ണയും അലിയും കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ തമ്മിൽ തെറ്റുകയും അടി കൂടുകയൂം ചെയ്യും. അലി അവളെ നന്നായി ഉപദ്രവിക്കും. മുടി പിടിച്ചു വലിച്ച് വേദനിപ്പിക്കും. ബാബയുടെ ശ്രദ്ധയിൽപ്പെടുമ്പോൾ അവന് പൊതിരെ തല്ല് കിട്ടും. അപ്പോൾ അവൾ പൊട്ടിച്ചിരിക്കും.
ഒരുദിവസം അന്നപൂർണ്ണ പുതുതായി കിട്ടിയ പാവയുമായി കളിക്കുകയായിരുന്നു. സ്വിച്ച് അമർത്തിയാൽ കണ്ണ് മിഴിക്കുകയും അർത്ഥമില്ലാത്ത ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കുകയും ചെയ്യുന്ന ഒരു തരം പാവ. അലി പാവയെ ചോദിച്ചു. അന്നപൂർണ്ണ കൊടുത്തില്ല. അവൻ ഒരു സൂത്രം പ്രയോഗിച്ചു. “ ഈ പാവ വെറുതെ പുലമ്പി കൊണ്ടിരിക്കുകയേ ഉള്ളൂ. ഞാനിതിനെ സംസാരിപ്പിക്കാം.”
അത് നല്ലതാണെന്ന് അവൾക്ക് തോന്നി. ഉടനെ പാവയെ കൊടുത്തു. അലി പാവയെ അഴിച്ച് പരിശോധിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും ഒന്നും ശരിയായില്ല. അന്നപൂർണ്ണയ്ക്ക് ക്ഷമകെട്ടു.
“എന്റെ പാവയെ താ…” അവൾ നിലവിളിക്കാൻ തുടങ്ങി.
“ഒന്നു ക്ഷമിക്കൂ. കുറച്ച് സമയമെടുക്കും.”
“വേഗം താ ….തന്നില്ലെങ്കി… ഞാൻ ബാബയോട് പറഞ്ഞു കൊടുക്കും”.
ബാബയുടെ പേര് കേട്ടതോടെ അലി പാവയുടെ ചിതറിക്കിടക്കുന്ന ഭാഗങ്ങൾ വാരിയെടുത്ത് അവളുടെ കൈയിൽ വെച്ചുകൊടുത്തു. എന്ത് ചെയ്യണമെന്നറിയാതെ അന്നപൂർണ്ണ കണ്ണീരൊഴുക്കി നിന്നു.
വീടിന്റെ മതിൽ കടന്ന് പുറത്തുപോയി കളിയ്ക്കാൻ ഇരുവർക്കും അനുവാദമുണ്ടായിരുന്നില്ല. അയൽ വീടുകളിലെ കുട്ടികൾ അവരോടൊപ്പം കളിയ്ക്കാൻ വരാറുമില്ല. അന്നപൂർണ്ണയ്ക്ക് ഒരേയൊരു കൂട്ട് രാജാവിന്റെ അനന്തിരവൾ താരയായിരുന്നു. അന്നപൂർണ്ണയെ വിളിക്കാൻ താര കൊട്ടാരത്തിൽ നിന്ന് കുതിരവണ്ടി അയക്കും. ബാബയുടെ മകളായത് കൊണ്ട് കൊട്ടാരത്തിൽ നല്ല പരിഗണനയായിരുന്നു. കളി കഴിഞ്ഞാൽ കുതിരവണ്ടിയിൽ തിരികെ കൊണ്ടുവിടും. മറ്റുസമയങ്ങളിൽ, അലി സാധകം ചെയ്യുമ്പോൾ, അന്നപൂർണ്ണ വീടിനും ചുറ്റും കറങ്ങിനടക്കും. ചാമ്പക്ക പറിച്ചുതിന്നും. പക്ഷികളെ ശ്രദ്ധിച്ച് അവയുടെ ശബ്ദം അനുകരിക്കാൻ ശ്രമിക്കും.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അലിയുടെ പ്രായമുള്ള വേലക്കാരി കുൽസുവും അവരുടെ കൂടെ ചേർന്നു. കുൽസുവിനെ ഇരുവരും തങ്ങളിൽ ഒരാളായി പരിഗണിച്ചു. അവരുടെ കളി ഒരുമിച്ചായി. അന്നപൂർണ്ണയുടെ നിഴലായിരുന്നു കുൽസു എപ്പോഴും. അവർ പറമ്പിലെ പേരക്കമരത്തിലും നെല്ലിമരത്തിലും ഓടി ചാടിക്കളിച്ച് സമയം ചെലവഴിച്ചു.
അലിയെ പഠിപ്പിച്ച് തന്റെ പിൻഗാമിയാക്കണം എന്ന് ബാബ തീവ്രമായി ആഗ്രഹിച്ചെങ്കിലും അവൻ പഠനത്തിൽ കാര്യമായ താൽപ്പര്യം പ്രകടിപ്പിച്ചില്ല. ചിലപ്പോഴൊക്കെ ബാബയുടെ കൈയിൽ നിന്ന് കിട്ടുന്ന അടിയുടെ ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ട് താല്പര്യമില്ലായ്മ മറച്ചുപിടിക്കാൻ ശ്രമിച്ചു. ബാബ അന്നപൂർണ്ണയെ സംഗീതം പഠിപ്പിക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും അലിയെ പഠിപ്പിക്കുന്നതെല്ലാം അവൾ നിശ്ലബ്ദമായി കേട്ടു പഠിച്ചു.
(അടുത്ത പാക്കറ്റിൽ തുടരും).
