മൈഹർ ഭാഗം- 6
എപ്പിസോഡ് 11
“ജഹനാരയുടെ വിവാഹം കഴിഞ്ഞ് രണ്ടു മാസമായല്ലോ, അവൾ ഇതുവരെ ഇവിടെ വന്നിട്ടില്ല, നിങ്ങള് പോയി കുറച്ചുദിവസം അവരെ ഇവിടെ നിൽക്കാൻ ക്ഷണിച്ചിട്ട് വരൂ’’.
ബാബ പഴങ്ങളും പലഹാരങ്ങളുമായി ഒരു സഹായിയെയും കൂട്ടി ധാക്കയിലേക്ക് തിരിച്ചു. പക്ഷെ ബാബയ്ക്ക് അവിടെ തണുപ്പൻ സ്വീകരണമാണ് കിട്ടിയത്. മകളുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. സന്തോഷവതിയായിരിക്കുമെന്ന് കരുതിയ മകളെ ദുഃഖിതയായി കണ്ടു.
“എന്തുപറ്റി? നിന്നെ ഇങ്ങനെ കണ്ടിട്ടേയില്ലല്ലോ, എന്താ സുഖമില്ലേ?
“ശരീരത്തിനല്ല, മനസ്സിന്’’.
“എന്തേ…?”
“എന്നെ അനാവശ്യമായി വഴക്ക് പറയുന്നു. ഞാൻ എന്ത് ചെയ്താലും കുറ്റം കണ്ടെത്തും.”
“അതൊക്കെ ഏതു വീട്ടിലും ഉണ്ടാവും. മോള് അതിന് ചെവി കൊടുക്കേണ്ട.”
പിന്നെ ജഹനാര കൂടുതലായൊന്നും പറഞ്ഞില്ല.
“നീ അവനെയും കൂട്ടി കുറച്ചുദിവസം വീട്ടിൽ വന്ന് നിൽക്ക്”, ഇറങ്ങുന്നതിന് മുമ്പ് ബാബ പറഞ്ഞു.
ബാബ പോയി രണ്ടാഴ്ച തികഞ്ഞില്ല. ജഹനാര വീട്ടിൽ തിരിച്ചെത്തി. ഭർത്താവിന്റെ കൂടെയല്ല. അകന്ന ഒരു ബന്ധുവിനെയാണ് ഭർത്തൃവീട്ടുകാർ കൂടെ അയച്ചത്. മകളെ ഒറ്റക്ക് കണ്ടപ്പോൾ തന്നെ മദൻമഞ്ജരിക്ക് അപകടം മണത്തു. അവൾ വല്ലാതെ ക്ഷീണിതയായിരുന്നു. കൂടെ വന്ന ബന്ധു യാത്ര പറയാതെ വേഗം സ്ഥലംവിട്ടു.
“അവൻ എവിടെ? എന്താ നിന്നെ ഒറ്റയ്ക്ക് വിട്ടത്’’.
മദന്റെ ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി പറഞ്ഞില്ല. വിവാഹം കഴിഞ്ഞ് ആദ്യമായിട്ടാണ് ജഹനാര തന്റെ വീട്ടിലേക്ക് വരുന്നത്.
“മുഖമൊക്കെ കരുവാളിച്ചിട്ടുണ്ടല്ലോ? എന്താ പറ്റിയത്?”
കരയുകയല്ലാതെ അവളൊന്നും പറയാൻ കൂട്ടാക്കിയില്ല.
പുറത്തുപോയ ബാബ തിരിച്ചെത്തിയപ്പോൾ മകൾ വന്നതറിഞ്ഞ് കാണാൻ തിരക്കിട്ടു മുറിയിലേക്ക് വന്നു. അവൾ കിടക്കുകയായിരുന്നു. ബാബയെ കണ്ടതും എഴുന്നേറ്റു. കരയാൻ തുടങ്ങിയ മകളെ ബാബ ആശ്വസിപ്പിക്കാൻ പ്രയാസപ്പെട്ടു.
“എന്തുപറ്റി മോളെ?.”
“ബാബാ…അവര് എനിക്ക് ഭക്ഷണം തന്നില്ല. രണ്ട് ദിവസായി ഞാൻ എന്തെങ്കിലും കഴിച്ചിട്ട് ….”
“അയ്യോ, രണ്ടു ദിവസമോ, നിനയ്ക്ക് ഒന്നും തന്നില്ലേ… എന്തേ അവര് അങ്ങനെ പെരുമാറാൻ?’’
‘‘ഞാൻ പാടിയതിന്.”
“പാടിയതിനോ?” ബാബ ആശ്ചര്യപ്പെട്ടു.
“അവർക്ക് അതിഷ്ടമല്ല, അവര് പാടരുതെന്ന് പറഞ്ഞിട്ടും ഞാൻ പാടിപ്പോയി, ബാബാ, എനിക്ക് പാടാണ്ടിരിക്കാൻ ആവില്ലല്ലോ. ബാബാ തന്നെ പറ, അതിന് എന്നെ തല്ലി. ഒരു ദിവസം മുഴുവൻ മുറിയിൽ പൂട്ടിയിട്ടു, പച്ചവെള്ളം തന്നില്ല. പിറ്റേ ദിവസം അവർ ഭക്ഷണം തന്നു. ഞാൻ കഴിച്ചില്ല. ഇങ്ങോട്ട് വരുന്ന ദിവസം നിർബന്ധിപ്പിച്ച് കഴിപ്പിച്ചു. ഇപ്പൊ വയറ്റിൽ നിന്ന് ഒരു പുകച്ചിൽ…”, അവൾ ഏങ്ങലടിച്ചു പറഞ്ഞൊപ്പിച്ചു.
“അത് രണ്ടു ദിവസം ഒന്നും കഴിക്കാതെ നിന്നത് കൊണ്ടാവും…”
“മോള് വിഷമിക്കേണ്ട, നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം”.
മകളെ മുറിക്കുള്ളിൽ വിട്ട് ബാബയും മദൻ മഞ്ജരിയും പുറത്തേക്കുവന്നു.
“കഴിഞ്ഞ തവണ ഞാൻ പോയപ്പോ അവർ ഉപദ്രവിക്കുന്നു എന്ന് മോള് പറഞ്ഞിരുന്നു. നിന്നെ വിഷമിപ്പിക്കേണ്ട എന്നുകരുതി പറയാതിരുന്നതാ. ഏതു വീട്ടിലും കാണുമല്ലോ ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ എന്നുകരുതി ഗൗരവത്തിലെടുത്തില്ല. ഇത്രയും പ്രശ്‌നമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. അന്ന് അത് ചോദിക്കണമായിരുന്നു. നാളെ അവിടെ നേരിട്ട് പോയി കാര്യങ്ങൾ അന്വേഷിക്കണം’’. മദൻമഞ്ജരി ഒന്നും പറഞ്ഞില്ല. അവർ എന്തോ ചിന്തയിലാണ് എന്ന് ബാബക്ക് തോന്നി.
ജഹനാര വല്ലാത്ത വയറുവേദന അനുഭവിച്ചു. മദൻ മഞ്ചരി ഒരു നാടൻ മരുന്ന് കൊടുത്തു. അൽപം ആശ്വാസം തോന്നിയപ്പോൾ വൈകീട്ട് അവൾ മുറിയുടെ പുറത്തേക്ക് വന്നു. മദൻ മഞ്ചരിയും ബാബയും അലിയും അന്നപൂർണ്ണയുമെല്ലാം ഒന്നിച്ചു ചായ കുടിച്ചു.
‘‘ഇവിടെ നിന്ന് പോയതിൽ പിന്നെ ഇങ്ങനെ ഒന്നിച്ചൊരു ചായകുടി ഉണ്ടായിട്ടില്ല. അവിടെ ഈ പതിവില്ല. പകൽ മുഴുവൻ പണിയാ... ചില ദിവസങ്ങളിൽ നേരത്തെ തുടങ്ങും. അങ്ങനെയാകുമ്പോ സാധകം ചെയ്യാൻ സമയം കിട്ടുമല്ലോ. തംബുരുവിന്റെ ശബ്ദം കേൾക്കുന്നത് തന്നെ അവർക്ക് അരോചകമാ. അപ്പൊ പിറുപിറുക്കാൻ തൊടങ്ങും. പക്ഷെ ഞാൻ അത് കാര്യമാക്കാറില്ല. ഒരു ദിവസം തംബുരു വായിച്ചു പാടി കൊണ്ടിരിക്കുമ്പോൾ അയാൾ എന്നെ നോക്കി അലറി, ‘നിർത്തോ പിശാചിന്റെ പാട്ട്.’ ഞാനത് കേട്ട് വിറച്ചു. പിന്നെ അയാൾ വീട്ടിലുള്ളപ്പോള് പാടാതിരിക്കാൻ ശ്രദ്ധിച്ചു.”

‘‘മറ്റൊരിക്കൽ പാടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അയാൾ തിരിച്ചുവന്നപ്പോൾ എനിക്ക് നിറുത്താൻ കഴിഞ്ഞില്ല. ‘പാടരുതെന്ന് നിനയ്ക്ക് അന്ത്യശാസനം തന്നിട്ടും നീ ഇപ്പോഴും അത് തന്നെ ചെയ്യുന്നു. ഇനിയും പാടിയാ തംബുരു എടുത്ത് തീയിലിടും’. ഞാൻ പേടിയോടെ പാട്ടുനിർത്തി. തംബുരു അയാളുടെ ദൃഷ്ടിയിൽ പെടാതെ മാറ്റിവെച്ചു. എന്നിട്ടും ദേഷ്യം സഹിക്കാതെ അയാൾ എന്നെ തല്ലുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു’’, മകൾ പറഞ്ഞത് കേട്ട് ബാബ വേദനിച്ചു.
“അന്ന് പ്രശ്നമുണ്ടെന്ന് പറഞ്ഞിട്ടും മോളെ ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നില്ല. മോള് എന്നോട് ക്ഷമിക്കുമല്ലോ’’, അസ്വസ്ഥനായ ബാബ എഴുന്നേറ്റ് പോയി പുകവലിക്കാൻ തുടങ്ങി.
പിറ്റേദിവസം മുതൽ ജഹനാരയ്ക്ക് പനിയുടെ തുടക്കമായി. ഒപ്പം വയറിളക്കവും. കിടക്കയിൽ നിന്ന് തല പൊക്കാൻ പറ്റാത്ത അത്ര ക്ഷീണം. മദൻ മകൾക്ക് ഒറ്റമൂലി കൊടുത്തു.
“നിങ്ങൾ വേഗം പോയി ഡോക്റ്ററെ കണ്ട് വിവരം പറഞ്ഞ് മരുന്ന് വാങ്ങൂ’’, മദൻ ബാബയോട് പറഞ്ഞു.
മദൻ കൂടുതൽ സമയവും മകൾക്കൊപ്പം ഇരുന്നു. വീട്ടുജോലികൾ തീർക്കാൻ എഴുന്നേറ്റ് പോകുന്ന സമയം കുൽസുവിനെയും അന്നപൂർണ്ണയെയും ജഹനാരയുടെ സമീപമിരുത്തി. അഞ്ചു വയസ്സുകാരിയായ അന്നപൂർണ കളിപ്പാട്ടങ്ങളുമായി അവിടെയിരുന്ന് കളിച്ചു. ജഹനാര പനിക്കിടക്കയിൽ നിന്ന് അവളെ നോക്കി ദുർബലമായി മന്ദഹസിച്ചു.
ബാബ ഡോക്ടറെ കണ്ട് മരുന്നുമായി തിരിച്ചെത്തി.
“ മോള് വിഷമിക്കേണ്ട, പനി കുറയും’’, മരുന്ന് കൊടുക്കുമ്പോൾ മദൻ പറഞ്ഞു.
വൈകീട്ട് ബാബ സരോദിൽ ആഹിർ ഭൈരവ് വായിച്ചു. അതിൽ ദുഃഖത്തിന്റെ അലയൊലികൾ ഉണ്ടായിരുന്നു. അത് ആ വീടിനെ മുഴുവൻ പൊതിഞ്ഞു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മകൾ അന്നപൂർണ്ണ വരെ അകാരണമായി കരയാൻ തുടങ്ങി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന അലി ഭക്ഷണം പൂർത്തിയാക്കാതെ എഴുന്നേറ്റു.
അന്നുരാത്രി ജഹനാരയ്ക്ക് വീണ്ടും പനി കൂടി. പരിഭ്രാന്തനായ ബാബ ഒരു സൈക്കിൾ റിക്ഷക്കാരനെയും കൂട്ടി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു. ഡോക്ടർ മരുന്നുകൾ നൽകി. “ഭയപ്പെടേണ്ട. രാവിലെയാകുമ്പോ പനി കുറയും’’, അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒട്ടും ശുഭപ്രതീക്ഷ ഇല്ലാത്തത് ബാബ ശ്രദ്ധിച്ചു. ഓരോ മണിക്കൂറും പനി ക്രമാതീതമായി ഉയരാൻ തുടങ്ങി. ബാബയും മദൻ മഞ്ജരിക്കും അത് കണ്ടു നിൽക്കാൻ ആവുന്നുണ്ടായിരുന്നില്ല. ഡോക്ടറും വന്നുപോയി. ഇനി എന്തുചെയ്യണമെന്ന് ഒരു പിടിയും ഇല്ല. മദൻ മഞ്ജരി തുണി നനച്ച് അവളെ തുടച്ചുകൊണ്ടിരുന്നു. ഉറങ്ങാതെ നേരം പുലരാൻ കാത്തിരുന്നു. ബാബയും മദനും പ്രാത്ഥനയിൽ മുഴുകി, ഇരുവരുടെയും നിസ്കാരപ്പായ കണ്ണുനീരിൽ കുതിർന്നു. പനി മൂർച്ഛിച്ച് ജഹനാര പിച്ചുംപേയും പറയാൻ തുടങ്ങി.
‘“എന്നെ കൊല്ലരുതേ’’, ജഹനാര നിലവിളിച്ചു.
“അവർ എന്നെ കൊല്ലും ഉമ്മാ’’, മകളുടെ കണ്ണിൽ ഭയത്തിന്റെ കടൽ കണ്ടു. മദന് കരച്ചിൽ അടക്കാനായില്ല.
ബാബയുടെ പുകവലികളുടെ എണ്ണം കൂടി. പുകച്ചുരുകൾ അവിടെയാകെ മൂടിനിന്നു. ബാബ വീണ്ടും പുറത്തുപോയി ഒരു നാട്ടുവൈദ്യനെ കൊണ്ടുവന്നു.
“കുട്ടിയുടെ വയറ്റിൽ കാര്യമായ എന്തോ ഒരു വിഷവസ്തു കടന്നു കൂടിയിട്ടുണ്ടെന്ന് സംശയമുണ്ട്.” ജഹനാരയെ നന്നായി പരിശോധിച്ചതിനുശേഷം അയാൾ ബാബയെ ഒരു ഭാഗത്തേക്ക് മാറ്റിനിർത്തിക്കൊണ്ട് പറഞ്ഞു.
“ഉമ്മാ”, അബോധത്തിൽ ജഹനാര വിളിച്ചു.
“ഉമ്മാ എനിക്ക് ഇവിടം വിട്ട് പോകാൻ സമയമായി…മാലാഖ എന്നെ കൊണ്ടുപാകാൻ കാത്ത് നിൽക്കുന്നു. എന്നെ കൊണ്ടുപോകേണ്ട, ഞാൻ വരുന്നില്ല”.
മദൻ അലറിക്കരഞ്ഞു. ബാബ മുറിയിലേക്ക് വീണ്ടും പ്രവേശിച്ചു. മഞ്ചരിയുടെ മുഖത്ത് കണ്ണുനീർ ചാലുകളായി. അത് ബാബയിലേക്ക് സംക്രമിച്ചു. ജഹനാരയുടെ നാഡിമിടിപ്പുകൾ നിലച്ചു. അപ്പോൾ ഇതൊന്നുമറിയാതെ ആ മുറിയുടെ വെറുംനിലത്ത്, ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിൽ, അന്നപൂർണ്ണ ഉറങ്ങിക്കിടക്കുകയായിരുന്നു.

▮
എപ്പിസോഡ് 12
സങ്കടം വരുമ്പോഴൊക്കെ ബാബ മൈഹർ നദിക്കരയിൽ പോയി ഇരിക്കാറുണ്ട്. കടവിൽ യാത്രക്കാർ തോണിയിൽ കയറി പോകുന്നതും ഇറങ്ങിവരുന്നതും നോക്കി അങ്ങനെയിരിക്കും. തോണി കാത്തുനിൽക്കുന്ന ചില യാത്രക്കാർ വന്ന് കുശലാന്വേഷണം നടത്തും. കാറ്റ് നദിയിൽ ഓളങ്ങൾ സൃഷ്ടിക്കുമ്പോൾ ഒരു ഖയാൽ മൂളും. അപ്പോൾ തൻ്റെ സങ്കടത്തിന് ഒരയവ് വരും. മകൾ അന്ത്യനിമിഷത്തിൽ പറഞ്ഞ വാക്കുകൾ കുറച്ചു ദിവസങ്ങളായി മനസ്സിൽ പ്രതിധ്വനിച്ച് കൊണ്ടിരിക്കുന്നു. ഈ വേദനയെ തെല്ലൊന്ന് ശമിപ്പിക്കാനായിരുന്നു ബാബ നദിക്കരയിൽ ഇരുന്നത്. ഏറെ നേരവും ചിന്തയിലായിരുന്നു. യാത്രക്കാരോ നദിയുടെ ഓളങ്ങളോ ഒന്നും തന്നെ ബാബയുടെ മനസ്സിൽ പതിഞ്ഞില്ല.
മകൾ നഷ്ടപ്പെട്ടതിനുശേഷം ബാബ തന്റെ സംഗീതം മുഴുവൻ മകന് പകർന്നുകൊടുക്കാൻ തീരുമാനിച്ചെങ്കിലും അതിനുള്ള ഏക തടസ്സം അവൻ്റെ അലസതയായിരുന്നു. അത് ബാബയെ വല്ലാതെ ദുഃഖിപ്പിച്ചു. അലിക്ക് സംഗീതം പഠിക്കുന്നതിനേക്കാൾ താല്പര്യം കളിച്ചു നടക്കാനായിരുന്നു. ബാബയുടെ ഉച്ചമയക്കത്തിന്റെ തക്കം നോക്കി അന്നപൂർണ്ണയെയും കുൽസുവിനെയും കൂട്ടി കളിക്കാൻ പോകും. പരിശീലനം നടത്തേണ്ട സമയം കളിച്ചുനടന്നാൽ ബാബയോട് അടി കിട്ടുമെന്ന് അന്നപൂർണ്ണ മുന്നറിയിപ്പ് നൽകുമെങ്കിലും അലി അതെല്ലാം അവഗണിക്കാറാണ് പതിവ്. കണ്ടു പിടിക്കുമ്പോഴൊക്കെ അടിയുടെ പൂരമായിരിക്കും. താൻ 50 വർഷം കൊണ്ട് നേടിയെടുത്ത അറിവുകൾ വ്യഥാവിലാകുമല്ലോ എന്നോർത്ത് ബാബയുടെ നെഞ്ചുനീറുന്നത് അവന് കാണാൻ പറ്റിയില്ല.
ഇടക്കിടെയുള്ള ബാബയുടെ യാത്രകളെല്ലാം അലിക്ക് ഉത്സവങ്ങളായിരുന്നു. എല്ലാ വൈകുന്നേരങ്ങളും ആരുമറിയാതെ വീട്ടിൽ നിന്ന് പുറത്തുകടന്ന് ചങ്ങാതിമാരുടെ കൂടെ കറങ്ങി നടക്കും. ഒരിക്കൽ അലിയും കൂട്ടുകാരും മൈഹർ ചന്തയിലൂടെ ചുറ്റിത്തിരിയുമ്പോൾ ഹലുവക്കട കണ്ടു. ചുകപ്പും പച്ചയും മഞ്ഞയും നിറത്തിൽ കണ്ണാടിക്കൂട്ടിൽ കണ്ട പലഹാരങ്ങൾ കുട്ടികളെ മോഹിപ്പിച്ചു. ദരിദ്രമായ ചുറ്റുപാടിൽ നിന്ന് വരുന്നവരായതുകൊണ്ട് അവരുടെ കൈയിൽ പണമില്ലായിരുന്നു.
“അലീ, എനിക്ക് ജാംഗിരി വാങ്ങി താ”, കൂട്ടത്തിൽ ഒരുവൻ പറഞ്ഞു.
“വാങ്ങിത്തരണമെന്നുണ്ട്. പക്ഷെ കൈയ്യിൽ കാശില്ല.”
അവൻ അലിയുടെ അടുത്തേക്ക് നീങ്ങിനിന്ന് ചെവിയിൽ പറഞ്ഞു, “നീ ബാബയുടെ മകനാ. നിനക്ക് കാശ് കൊടുക്കേണ്ട ആവശ്യമില്ല. വേണ്ടത് എന്താന്ന് പറഞ്ഞാ മതി. കടക്കാരൻ തരും.”
കൂട്ടുകാരൻ പറയുന്നത് ശരിയാണോ എന്നറിയാൻ തീരുമാനിച്ചു. അലി ചോദിച്ച അത്രയും പലഹാരങ്ങൾ കടക്കാരൻ കൊടുത്തു. കാശ് ചോദിച്ചതേയില്ല. ഈ സംഭവത്തോടെ അലി കുട്ടികളുടെ ഇടയിൽ ഹീറോയായി. വിവരം അറിഞ്ഞ് കൂടുതൽ കുട്ടികൾ അവരുടെ സംഘത്തിൽ ചേർന്നു. വൈകുന്നേരങ്ങളിൽ അവർ പലഹാരത്തീറ്റ പതിവാക്കി.
ബാബ യാത്ര കഴിഞ്ഞ് തിരിച്ചെത്തി. വൈകുന്നേരം ചന്തയിലൂടെ നടക്കുമ്പോൾ പലഹാരക്കടക്കാരൻ ബാബയെ സമീപിച്ച് ഒരു നീണ്ട ലിസ്റ്റ് കൊടുത്തു. ഒന്നും മനസ്സിലായില്ല. തൻ്റെ ഓർമ്മയിൽ ആർക്കും പണം കൊടുക്കാനില്ല. മകനും കൂട്ടുകാരും വാങ്ങിയ പലഹാരത്തിന്റെ ലിസ്റ്റാണെന്നറിഞ്ഞപ്പോൾ ബാബയ്ക്ക് കടുത്ത ദേഷ്യമുണ്ടായി. കടക്കാരനെയും കൂട്ടി വീട്ടിലെത്തി. അലിയെ ലിസ്റ്റ് കാണിച്ചു. അവൻ പേടിച്ചു വിറച്ചു. കടക്കാരനെ പണം കൊടുത്ത് പറഞ്ഞയച്ച ശേഷം ബാബ അലിയുടെ നേർക്ക് തിരിഞ്ഞു.
“ഞാൻ പോയാൽ കുട്ടികളുടെ കൂടെ കറങ്ങി നടക്കുകയാണ് പണി അല്ലെ? ഒഴിവുസമയത്ത് സാധകം ചെയ്യണമെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്?”
അവൻ തലതാഴ്ത്തി നിന്നു. ബാബ അവനെ പിടിച്ച് മരത്തിൽ കെട്ടിയിട്ട് അടിക്കാൻ തുടങ്ങി. അയൽപക്കക്കാർ ആ കാഴ്ച കണ്ടു നിന്നു. ആർക്കും ഇടപെടാൻ ധൈര്യം വന്നില്ല. ഒടുവിൽ മദൻ ഇടപെട്ട് മകനെ അഴിച്ചുവിട്ടു.
ഒരു ദിവസം ബാബ അലിയെ ഭൈരവ് രാഗം പഠിപ്പിക്കുകയായിരുന്നു. എത്ര പഠിപ്പിച്ചിട്ടും ശരിയാകുന്നില്ല. ചെറിയ തെറ്റ് വരുത്തുന്നതുപോലും ബാബയ്ക്ക് സഹിക്കാൻ പറ്റുന്നില്ല.
“നിനയ്ക്ക് 14 വയസ്സായി. എന്നിട്ടും ചെറിയ കുട്ടികളെ പോലെ കളിക്കാനാ താൽപര്യം’’, അവന്റെ ശ്രദ്ധയില്ലായ്‌മ കണ്ട് കൂടുതൽ ദേഷ്യം വന്നു.
“നാണമില്ലെടാ എത്ര നേരമായി തൊടങ്ങീട്ട്. പാടി കൊണ്ട് വായിക്കൂ”.
അലി വീണ്ടും ശ്രമിച്ചു. ബാബ പഠിപ്പിച്ച് കൊടുത്തതിന്റെ അടുത്തൊന്നും എത്തുന്നില്ല. “നിനക്ക് സംഗീതബോധമില്ല. നിന്നെ പഠിപ്പിക്കുന്ന നേരം കൊണ്ട് വല്ല കഴുതയെയും പഠിപ്പിക്കുന്നതാ നല്ലത്’’, ബാബ കോപം കൊണ്ട് ജ്വലിച്ചു. ശരിയാക്കുമെന്ന പ്രതീക്ഷയിൽ ഒരു നിമിഷം കൂടി കാത്തിരുന്നു. ക്ഷമകെട്ടു.
“നീ എന്തെങ്കിലും ചെയ്യ്.”
സഞ്ചിയുമെടുത്ത് ചന്തയിലേക്ക് പോകാനിറങ്ങി. പകുതി ദൂരം പിന്നിട്ടപ്പോൾ പേഴ്‌സ് എടുക്കാൻ മറന്നു എന്നു മനസ്സിലാക്കി വീട്ടിലേക്ക് തിരിച്ചു നടന്നു.
“എല്ലാം ആ കുരുത്തം കെട്ടവൻ കാരണമാ...”, ബാബ പിറുപിറുത്തു.

ആരോ പാടുന്നത് കേട്ടു. താൻ അലിക്ക് പഠിപ്പിച്ചു കൊടുത്തതാണ് പാടുന്നത്. അടുത്ത് എത്തിയപ്പോഴാണ് ആ കാഴ്ച വ്യക്തമായത്. അന്നപൂർണ്ണ അലിക്ക് പാടിക്കൊടുക്കുകയും തെറ്റ് തിരുത്തി കൊടുക്കുകയും ചെയ്യുന്നു. അവൾ പുറം തിരിഞ്ഞിരിക്കുന്നതുകൊണ്ട് ബാബ പിന്നിൽ വന്നു നിൽക്കുന്നതറിഞ്ഞില്ല.
“ഒന്നുകൂടി ശ്രമിക്കൂ”, അവൾ അവന് ആത്മവിശ്വാസം പകരാൻ ശ്രമിച്ചു.
പിന്നിൽ വന്നുനിൽക്കുന്ന ബാബയെ കണ്ട് അലി പേടിച്ചു വിറച്ചു. വിരലുകൾ ചലിക്കുന്നില്ല. അവന്റെ മുഖഭാവം കണ്ട് എന്തോ പന്തികേടുണ്ടെന്ന് തോന്നി. തിരിഞ്ഞുനോക്കി. ബാബയെ കണ്ട് അവൾ ഭയന്നുവിറച്ചു. ബാബ ഒന്നും മിണ്ടാതെ അവളുടെ മുടിയിൽ പിടിച്ചുവലിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. തനിക്ക് വലിയ ശിക്ഷയാണ് കിട്ടാൻ പോകുന്നതെന്ന് പേടിച്ച് അവൾ കണ്ണുകൾ മുറുക്കെ അടച്ചുപിടിച്ചു. ശിക്ഷ പ്രതീക്ഷിച്ചിരുന്ന അവൾക്ക് കിട്ടിയത് മറ്റൊന്നായിരുന്നു. തംബുരു എടുത്ത് ബാബ കൈയിൽ വെച്ചുകൊടുത്തു.
‘‘നന്നായി പ്രാർത്ഥിച്ചോളൂ’’, തന്റെ ഗുരു ഉസ്താദ് വാസിർഖാനെ മനസ്സിൽ സ്‌മരിച്ച് ബാബ പറഞ്ഞു.
“എനിക്കറിയാമായിരുന്നു നിനക്ക് സംഗീതത്തോട് അതിയായ മോഹമുണ്ടെന്ന്. ഇത്രയും നാളും നിന്നെ പഠിപ്പിക്കാതിരുന്നത് ജഹനാരയുടെ ഗതി വരുമെന്ന് പേടിച്ചിട്ടാ. ഇനിയൊന്നും നോക്കാനില്ല. ഇന്നുമുതൽ നീ സംഗീതത്തെ മാത്രം ഉപാസിച്ചാ മതി. സംഗീതമാണ് ഇനി നിന്റെ ജീവിതപങ്കാളി.”
അന്നപൂർണ്ണയുടെ വലിയ ആഗ്രഹം സഫലമായി. പഠിക്കാനുള്ള തീവ്രമായ താല്പര്യം അവൾ ഒരിക്കലും തുറന്നുപറഞ്ഞിരുന്നില്ല. തന്നെ പഠിപ്പിക്കാത്തത്തിൽ പരാതിയും പറഞ്ഞില്ല. സാധാരണയായി ഉസ്താദുമാർ തങ്ങളുടെ പെൺകുട്ടികളെ സംഗീതം പഠിപ്പിക്കാറില്ല. പ്രത്യേകിച്ചും ഉപകരണ സംഗീതം. ഉസ്താദ് അബ്ദുൽ കരീംഖാനും ഹിരാഭായി ബരോദേക്കറും സരസ്വതി റാണെയും വായ്‌പാട്ട് പഠിച്ചതാണ് ഇതിന് ഏകഅപവാദം.
പൊടുന്നനെ മദൻ മുറിയിലേക്ക് കയറിവന്നു, “മതിയായില്ലേ നിങ്ങൾക്ക്. ജഹനാരയെ പോലെ ഇവളെയും കൊലക്ക് കൊടുക്കാൻ പോവാണോ?’’
മദൻ പൊട്ടിത്തെറിച്ചപ്പോൾ ബാബ മൗനം പാലിച്ചു. വായിൽ വന്നതെല്ലാം മദൻ വിളിച്ചു പറഞ്ഞു. ഒടുവിൽ അതൊരു കരച്ചിലിൽ അവസാനിച്ചു.

അന്നപൂർണ്ണ ബാബയുടെ ശിഷ്യയായി പഠനാരംഭം കുറിച്ചു.
“എന്റെ ഗുരുവിൽ നിന്ന് കിട്ടിയത് പഠിപ്പിച്ചു തരാനാണ് ഉദ്ദേശിക്കുന്നത്. അത് പഠിക്കാൻ നല്ല ക്ഷമയും താല്പര്യവും അർപ്പണബോധവും ആവശ്യമാ. നിനക്ക് അതെല്ലാമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.”
“ഏത് ഉപകരണം പഠിക്കാനാ താല്പര്യം?”
“സിതാർ”
“സിതാർ ഒരു സാധാരണ ഉപകരണമാ. അത് എല്ലാവർക്കും ആസ്വദിക്കാൻ പറ്റും. എന്റെ അഭിപ്രായത്തിൽ സുർബഹാർ പഠിക്കുന്നതാ നല്ലത്. അതിനു നല്ല ആഴമുള്ള സംഗീതം പുറപ്പെടുവിപ്പിക്കാൻ കഴിയും. മാത്രമല്ല സംഗീതത്തെ ഗൗരവമായി എടുത്തവർക്ക് മാത്രമേ അത് ആസ്വദിക്കാൻ പറ്റൂ. സാധാരണക്കാരന് ആസ്വദിക്കാൻ കഴിയണമെന്നില്ല.”
“അപ്പോ നീ എന്ത് തീരുമാനിച്ചു?”
“എല്ലാം ബാബയുടെ ഇഷ്ടം’’.
(അടുത്ത പാക്കറ്റിൽ തുടരും)
