മൈഹർ ഭാഗം- 7
എപ്പിസോഡ് 13
ഡിസംബർ. അഖിലേന്ത്യാ ബംഗാളി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ബാബ കൊൽക്കത്തയിലെത്തിയതാണ്. ഹോട്ടൽ മുറിയിലിരുന്നിട്ട് ശ്വാസം മുട്ടുന്നതുപോലെ. തെരുവിലേക്കിറങ്ങി. ഒന്നു പുകവലിക്കണം. മഞ്ഞു മൂടിയ അന്തരീക്ഷം. ഹൗറ പാലത്തിനടുത്തേക്ക് നടന്നു. ചുരുട്ട് കത്തിച്ചു. ഹുഗ്ലി നദിയിലേക്ക് നോക്കിയപ്പോൾ പണ്ട് നദിയിൽ നിന്ന് വെള്ളം കുടിച്ചതും കരയിൽ കിടന്നുറങ്ങിയതുമെല്ലാം ഓർത്തു. വീണ്ടും ചുരുട്ട് കത്തിച്ചു. മക്കളെ സംഗീതം പഠിപ്പിക്കുന്ന കാര്യം ചിന്തിച്ചു തുടങ്ങി.
അന്നപൂർണ്ണയെ പഠിപ്പിക്കാൻ സാധിച്ചത് വലിയൊരു മാനസിക സംതൃപ്തിയുണ്ടാക്കി. അവൾ നന്നായി ഉൾക്കൊള്ളുന്നുണ്ട്. പഠനത്തോട് താല്പര്യവും ആത്മാർത്ഥതയുമുണ്ട്. താൻ പ്രതീക്ഷിച്ചതിലും അപ്പുറം വായിക്കുന്നുണ്ട്. പക്ഷെ അലിയുടെ കാര്യമാണ് കഷ്ടം. അവനെ എന്തു ചെയ്യും? ചളിയിൽ കിടക്കുന്ന എരുമയെപ്പോലെയാണ് അവന്റെ കാര്യം. അവിടെ നിന്ന് എഴുന്നേൽക്കില്ല. അലിയെ അടിച്ച് പഠിപ്പിക്കുകയല്ലാതെ പോംവഴികളില്ല. വർഷങ്ങളായി കഷ്ടപ്പെട്ട് നേടിയ അറിവുകൾ അന്യാധീനപ്പെടരുതല്ലോ.
ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ സംഘാടകർ കാത്തുനിൽക്കുന്നു. അവർ ആനയിച്ചു വേദിയിലേക്ക് കൊണ്ടുപോയി. ആ സമയം ഉസ്താദ് റഹ്മത്ത് ഖാൻ പാടിക്കൊണ്ടിരിക്കുന്നു. ബാബ സദസ്സിലിരുന്ന് ശ്രദ്ധയോടെ കേട്ടു. വെള്ള കുർത്ത അണിഞ്ഞ ഒരു ചെറുപ്പക്കാരൻ അടുത്തുള്ള കസേരയിൽ വന്നിരുന്നു. അയാൾ ബാബയെ നോക്കി കൈകൂപ്പി. ബാബ പുഞ്ചിരിച്ചു. വീണ്ടും ശ്രദ്ധ വേദിയിലേക്കായി.
പരിപാടി കഴിഞ്ഞപ്പോൾ ബാബ എഴുന്നേറ്റ് പുറത്തേക്കുപോയി ജുബ്ബയുടെ കീശയിൽ നിന്ന് ചുരുട്ട് എടുത്തു. നേരത്തെ കണ്ട ചെറുപ്പക്കാരൻ അടുത്തുവന്ന് ഭവ്യതയോടെ നിന്നു. ബാബ അയാളെ നോക്കി മന്ദഹസിച്ചപ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി, “ഞാൻ ഉദയ് ശങ്കർ. നർത്തകനാണ്. യൂറോപ്യൻ പര്യടനം കഴിഞ്ഞ് വന്നതേയുള്ളൂ’’.
“എവിടെയാണ് സ്വദേശം’’.
“അലഹബാദ്”.
“ഞാൻ അവിടെ പല തവണ വന്നിട്ടുണ്ട്. ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിക്കാൻ’’.
“എന്റെ ട്രൂപ്പിൽ വായിച്ചിരുന്നത് അങ്ങയുടെ ശിഷ്യനാണ്’’.
“ആര്’’
“തിമിർ ഭരൻ”
‘ഓ’, ബാബ ചുരുട്ട് കത്തിച്ചു.
“അവൻ അങ്ങയെ കുറിച്ച് എപ്പോഴും പറയും. ബാബയുടെ കീഴിൽ പഠിക്കാൻ പറ്റിയത് വലിയ ഭാഗ്യമാണെന്ന്’’, ഉദയ്ശങ്കറിന്റെ പ്രശംസയിൽ ബാബ താൽപര്യം കാണിച്ചില്ല.
“അവൻ മൈഹറിൽ ഉണ്ടായിരുന്നു. പഠനം പൂർത്തിയാക്കാതെയാണ് പോയത്’’, ബാബ പറഞ്ഞു.
“രണ്ടു മാസം കഴിഞ്ഞാൽ വീണ്ടും യൂറോപ്യൻ പര്യടനമുണ്ട്. ഇത്തവണ ബാബ ഞങ്ങളുടെ കൂടെ വരണം’’.
അതുവരെ മുഖത്തുള്ള പുഞ്ചിരി മാഞ്ഞു. ബാബ ഗൗരവക്കാരനായി, “ക്ഷമിക്കണം. എനിക്ക് വരാൻ കഴിയില്ല’’.
“അങ്ങ് അങ്ങനെ പറയരുത്.”
“കുട്ടീ, സംഗീതപഠനവുമായി ബന്ധപ്പെട്ട് ഞാൻ ദീർഘകാലം പല നാടുകളിൽ അലയുകയായിരുന്നു. കുടുംബത്തിന്റെ കൂടെ താമസിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.”
“അങ്ങ് ഉടനെ മറുപടി തരേണ്ട. ആലോചിച്ച് പറഞ്ഞാൽ മതി. ഞാൻ മൈഹറിലേക്ക് വരാം.”
ബാബ പിന്നെയൊന്നും പറഞ്ഞില്ല.
സംഘാടകരിൽ ഒരാൾ വന്ന് പരിപാടി തുടങ്ങാൻ നേരമായി എന്നറിയിച്ചു. ബാബ അയാളെ അനുഗമിച്ചു.

ബാബ വരില്ല എന്നറിയിച്ചിട്ടും ഉദയശങ്കർ തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറിയില്ല. അയാൾ തിമിർഭരന്റെ ഒപ്പം മൈഹർ കൊട്ടാരത്തിലെത്തി രാജാവിനെ കണ്ട് ബാബയെ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു. രാജാവിന് ഉദയ് ശങ്കറിന്റെ ആവശ്യം ബോധ്യപ്പെട്ടു. കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങി അവർ ബാബയുടെ വീട് ലക്ഷ്യമാക്കി നടന്നു. അന്ന് അന്തരീക്ഷത്തിൽ പതിവിലും കൂടുതൽ ചൂടുണ്ടായിരുന്നു. കത്തുന്ന സൂര്യനിൽ നിന്ന് രക്ഷതേടി അവർ മരത്തിന്റെ തണൽ പറ്റി നടന്നു.
‘‘എങ്ങേനെയാണ് ബാബ മൈഹർ രാജാവിന്റെ ഗുരുവായത്?” ഉദയശങ്കർ ചോദിച്ചു.
‘‘ബാബ ആദ്യമായി കൊട്ടാരത്തിലെത്തിയപ്പോൾ സംഗീതോപകരണങ്ങൾ വെച്ച മുറിയിലേക്ക് ആനയിക്കപ്പെട്ടു. മന്ത്രി അദ്ദേഹത്തോട് ഉപകരണങ്ങൾ വായിക്കാനാവശ്യപ്പെട്ടു. ബാബ ഓരോന്നായി വായിക്കാൻ തുടങ്ങി. അടുത്ത മുറിയിൽ നിന്ന് രാജാവ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബാബയുടെ കഴിവിൽ മതിപ്പുതോന്നിയ രാജാവ് വൈകീട്ട് രാജസദസ്സിൽ അവ വായിക്കാൻ ആവശ്യപ്പെട്ടു.
അന്നത്തെ പരിപാടിക്ക് ദർബാർ ഹാൾ നിറഞ്ഞു കവിഞ്ഞു. ബാബ സരോദ് വായിക്കാൻ തുടങ്ങി. ശ്രീരാഗത്തിൽ ആലാപ് വായിച്ചു തുടങ്ങി. ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞിട്ടേ ഉണ്ടാവൂ. രാജാവ് സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ബാബ ഉൾപ്പടെ എല്ലാവരും അന്തം വിട്ടു. അപമാനമായി തോന്നിയെങ്കിലും അത് സഹിച്ച് വായന തുടർന്നു. വായന പൂർത്തിയായപ്പോൾ രാജാവ് തിരിച്ചുവന്നു.
“എനിക്ക് താങ്കളിൽ നിന്ന് സംഗീതം പഠിക്കണം’’.
“ഞാൻ വായിച്ചു കൊണ്ടിരിക്കെ അങ്ങയുടെ ഇറങ്ങിപ്പോക്ക് എനിക്ക് വലിയ അപമാനമായിട്ടാണ് തോന്നിയത്. അങ്ങനെ ചെയ്ത ആളെ ഞാൻ എങ്ങനെ സംഗീതം പഠിപ്പിക്കും?”
“എന്നോട് ക്ഷമിക്കണം. താങ്കൾ വായിച്ചു തുടങ്ങി ഏതാനും മിനുട്ടുകൾക്കുള്ളിൽ തന്നെ എനിക്ക് കരച്ചിൽ വന്നു. ഒരു രാജാവും തന്റെ പ്രജകൾക്ക് മുമ്പിൽ വെച്ച് കണ്ണീർ പൊഴിക്കാൻ ആഗ്രഹിക്കില്ല. അതുകൊണ്ടാണ് ഇറങ്ങിപ്പോയത്.”
ഇത് കേട്ടപ്പോൾ ഉദയ്ശങ്കറിന് ബാബയോടുള്ള ആദരവ് ഒന്നുകൂടി വർദ്ധിച്ചു.
അവർ മദീന ഭവനിലെത്തിയപ്പോൾ ബാബ തോട്ടത്തിൽ പണിയിലായിരുന്നു. കനത്ത വെയിലിലും പണിയിൽ ഏർപ്പെട്ട ബാബയെ കണ്ട് തോട്ടപ്പണിക്കാരനാണെന്ന് തെറ്റിദ്ധരിച്ചു. ഇരുവരെയും സ്വാഗതം ചെയ്തത് ഇരുത്തി. അവർ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ നിന്നും സുർബഹാർ വായിക്കുന്നത് കേട്ടു.
“നല്ല രസമുള്ള വായന. ആരാണ് വായിക്കുന്നത്?’’
“ബാബയുടെ മകൾ അന്നപൂർണ്ണ.”
ഉദയ് ശങ്കർ വാതിലിന്റെ വിടവിലൂടെ നോക്കി. അന്നപൂർണ്ണയെ കണ്ടു.
“ഒരു പെൺകുട്ടിയാണ് ഇങ്ങനെ വായിക്കുന്നതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല’’.
“അവൾക്ക് ബാബയുടെ കഴിവ് അപ്പാടെ കിട്ടിയിട്ടുണ്ട്’’, തിമിർഭരൻ പറഞ്ഞു.
ബാബ അവരെ സൽക്കരിച്ചു. സ്വന്തം കൈകൊണ്ട് ചായ പകർന്നു കൊടുത്തു. മടങ്ങും മുമ്പ് ബാബയെ ഒന്നുകൂടി യാത്രയെ കുറിച്ച് ഓർമ്മിപ്പിച്ചു.

അവർ പോയ ശേഷം കൊട്ടാരത്തിൽ നിന്ന് വിളിയെത്തി. ഉദയശങ്കർ പറഞ്ഞ കാര്യം രാജാവ് ബാബയോട് അവതരിപ്പിച്ചു.
‘‘മദന് ഇപ്പോഴും ജഹനാരയുടെ വേർപാടിന്റെ ഉൾക്കൊള്ളാൻ പറ്റുന്ന അവസ്ഥയിൽ എത്തിയിട്ടില്ല, മാത്രമല്ല ഞാൻ പോയാൽ എന്റെ കുടുംബത്തെ ആര് നോക്കും?’’
“അതിന് താങ്കൾ വിഷമിക്കേണ്ട. അവിടുത്തെ കാര്യങ്ങൾ നോക്കാൻ ഞാൻ ഒരാളെ ഏർപ്പാട് ചെയ്യാം. അങ്ങയുടെ അമ്പത് വർഷത്തെ സംഗീത സപര്യയ്ക്ക് സാക്ഷാത്കാരം കൂടിയാവട്ടെ ഈ യാത്ര. ഇവിടെ മാത്രം ഒതുങ്ങേണ്ടതല്ലല്ലോ അങ്ങയുടെ സംഗീതം.”
ഉദയ് ശങ്കറിനും സംഘത്തോടുമൊപ്പം ബാബ കടൽ കടക്കാൻ തയാറെടുത്തു.
▮
എപ്പിസോഡ് 14
മുംബൈ തുറമുഖത്തിൽനിന്ന് യാത്ര തിരിക്കുന്ന ഉദയ്ശങ്കറിന്റെ സംഘത്തെ യാത്രയാക്കാൻ അമ്മ ഹേമാംഗിനിദേവി എത്തിയിരുന്നു. അവരുടെ കൂട്ടത്തിൽ നീണ്ടു മെലിഞ്ഞ, മുടി നീട്ടി വളർത്തിയ ഒരു പയ്യനും ഉണ്ടായിരുന്നു. ഏറ്റവും ഇളയ സഹോദരൻ രവിശങ്കർ. അവരുടെ അച്ഛൻ ശ്യാംശങ്കർ ചൗധരി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് മദാമ്മയെ വിവാഹം കഴിച്ച് ലണ്ടനിലേക്ക് കുടിയേറിരുന്നു. ചൗധരിക്ക് അവിടെ സാംസ്കാരിക പരിപാടികൾ നടത്തുന്ന ജോലിയായിരുന്നു. ഉദയ്ശങ്കറിന് അച്ഛന്റെ മേൽവിലാസത്തിൽ കുറച്ചു നൃത്തപരിപാടികൾ കിട്ടി. അവിടെ നിന്നാണ് വിദേശ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഉദയശങ്കറിന്റെ ആദ്യ യാത്രാസംഘത്തിൽ അംഗമായ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഇത്തവണ അവരോടൊപ്പം ചേരാൻ കഴിഞ്ഞില്ല. അതിന്റെ ആധിയോടെയാണ് പതിനാലുകാരനായ ഇളയമകനെ യാത്രയാക്കാൻ എത്തിയത്. ബാബയായിരുന്നു അവരുടെ സംഘത്തിലെ ഏറ്റവും മുതിർന്നയാൾ. എല്ലാവരും അദ്ദേഹത്തെ പിതൃതുല്യനായി കണ്ടു. കപ്പലിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് ഹേമാംഗിനിദേവി രവിശങ്കറിന്റെ കൈ ബാബയുടെ കൈയിൽ വെച്ചു കൊണ്ട് പറഞ്ഞു, ‘‘രവിയെ അങ്ങയെ ഏൽപ്പിക്കുന്നു. ഇനി അങ്ങാണ് ഇവന്റെ അച്ഛനും അമ്മയും’’. അമ്മ കണ്ണുനീർ സാരിത്തലപ്പ് കൊണ്ട് തുടച്ചു. രവിയേയും ഉദയനെയും ആശ്ലേഷിച്ചു.
തെളിഞ്ഞ ആകാശത്തിന്റെ കീഴെ അവർ യാത്ര തുടങ്ങി. ബാബ ആദ്യമായിട്ടാണ് കടൽ കടക്കുന്നത്. ആദ്യം മടിച്ചു നിന്നയാൾ ഇപ്പോൾ ഉത്സാഹവാനാണ്. വൈകുന്നേരങ്ങളിൽ കപ്പലിന്റെ മുകൾത്തട്ടിൽ ഇരുന്ന് സരോദ് വായിക്കും. ബാബയുടെ വായന കൗതുകത്തോടെ വീക്ഷിച്ചിക്കുന്ന രവിശങ്കർ നർത്തകനാണെങ്കിലും സംഗീതത്തോട് നല്ല അഭിനിവേശം കാണിച്ചു. രവി എപ്പോഴും ബാബയുടെ അടുത്ത് വന്നിരുന്ന് സരോദ് വായന കേട്ടിരിക്കും.
ഒരു ദിവസം രവി ബാബയോട് ചോദിച്ചു, “ബാബ, എന്നെ സംഗീതം പഠിപ്പിക്കാമോ?”
“നിനക്ക് അത്രയ്ക്ക് താല്പര്യമാണോ?”
“അതെ. എനിക്ക് സിതാർ പഠിക്കാനാണ് താല്പര്യം.”
“എങ്കിൽ നീ നമ്മുടെ യാത്ര കഴിഞ്ഞ് മൈഹറിലേക്ക് വാ. പക്ഷെ ഒരു പ്രധാന കാര്യമുണ്ട്…. ”, ബാബ തന്റെ കൈയിലുള്ള സരോദ് താഴെ വെച്ചിട്ട് പറഞ്ഞു.
“എന്റെ അടുത്ത് വരുമ്പോൾ മറ്റൊന്നും ശ്രദ്ധിയ്ക്കാൻ പാടില്ല. സംഗീതത്തിൽ മാത്രമായിരിക്കണം ശ്രദ്ധ.”
“തീർച്ചയായും.”
ബാബയുമായി കൂടുതൽ അടുത്തപ്പോൾ രവിശങ്കർ ചോദിച്ചു, “അങ്ങയെ എന്തോ അലട്ടുന്നതായി തോന്നുന്നു. എന്തെങ്കിലും വിഷമമുണ്ടോ? എന്നോട് പറയുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ?”
ബാബ അവനെ നോക്കി മന്ദഹസിച്ചു.
“എനിക്ക് മൂന്നു മക്കളാണ്. ജഹനാര, അലി അക്ബർ, അന്നപൂർണ്ണ. മൂത്ത മകളായ ജഹനാരയെ സംഗീതവുമായി ബന്ധവുമില്ലാത്ത കുടുംബത്തിലേക്കാണ് കല്യാണം കഴിപ്പിച്ചത്. ആ കുടുംബത്തെ പറ്റി ഞാൻ കാര്യമായി അന്വേഷിച്ചില്ല. അതെന്റെ തെറ്റ്. വിവാഹത്തിന് ശേഷം മോളെ കാണാൻ പോയപ്പോൾ അവൾ എന്നോട് പറഞ്ഞതാണ്, അവര് ഉപദ്രവിക്കുന്നുവെന്ന്. ഞാൻ അത് കാര്യമാക്കിയില്ല. ഒടുവിൽ അത് മോളുടെ മരണത്തിൽ കലാശിച്ചു. അതിന് ഞാനും ഒരു കാരണമായില്ലേ എന്നാലോചിക്കുമ്പോൾ… ആ വേദനയിൽ നിന്ന് എനിക്കൊരിക്കലും മോചനമുണ്ടാകില്ല. അതെന്നും എന്നെ വേട്ടയാടിക്കൊണ്ടിരിക്കും’’.
“അവൾക്ക് ദോഷം വരാൻ അറിഞ്ഞുകൊണ്ട് ബാബ ആഗ്രഹിക്കില്ലല്ലോ… അതൊന്നും ഓർത്ത് വിഷമിക്കേണ്ട. ഒന്നും നമ്മുടെ കൈയിലല്ലലോ… ”, രവി ബാബയെ ആശ്വസിപ്പിച്ചു.
“ ഇപ്പൊ, എന്റെ രണ്ടാമത്തെ മകൾ അന്നപൂർണ്ണ നന്നായി സുർബഹാർ വായിക്കുന്നുണ്ട്. ഇനി അവളുടെ ഭാവി എന്താകുമെന്ന് ആർക്കറിയാം?”, തന്റെ കവിളിലേക്ക് ഒലിച്ചിറങ്ങാൻ വെമ്പിനിന്ന കണ്ണുനീർ തുടച്ചുകൊണ്ട് ബാബ പറഞ്ഞു.

ദുഃഖത്തിന്റെ തിരമാലകൾ നിറഞ്ഞ തന്റെ മനസ്സ് ശാന്തമാകാൻ ബാബ കുറച്ചുനേരം കടലിലേക്ക് നോക്കി നിന്നു. പിന്നെ സരോദ് വായിക്കാൻ തുടങ്ങി. ഒരു മണിക്കൂറോളം അങ്ങനെ വായിച്ചിട്ടുണ്ടാവണം. വായന കഴിഞ്ഞപ്പോൾ ബാബയുടെ മുഖം കാർമേഘം നീങ്ങിയ ആകാശം പോലെ പ്രസന്നമായിരുന്നു. ദുഃഖത്തിന്റെ നേരിയ കണികപോലും ഇപ്പോൾ ആ മുഖത്തില്ല.
യൂറോപ്പിലെ കാഴ്ചകൾ ബാബയ്ക്ക് ആനന്ദം പകർന്നു. ആളുകളുടെ പെരുമാറ്റം, അവിടത്തെ ശാസ്ത്രപുരോഗതിയുടെ അടയാളങ്ങൾ, ആതിഥ്യമര്യാദ എന്നിവ സ്വാധീനിച്ചു. അവിടെ കണ്ട കാഴ്ചകൾ സഹോദരൻ അയേത് അലിഖാന് എഴുതി:
“ഞാൻ ഇപ്പോൾ ഇംഗ്ലണ്ടിലാണ്. ഇതോടൊപ്പം ഒരു ഫോട്ടോ അയക്കുന്നുണ്ട്. കോട്ടിലും സൂട്ടിലും നിൽക്കുന്ന ഫോട്ടോ. ഇവിടെ ഇങ്ങനെ വസ്ത്രം ധരിച്ചിട്ടില്ലെങ്കിൽ നമ്മളെ അപരിഷ്‌കൃതരായിട്ടാണ് കരുതുക. പാർട്ടികളിൽ പങ്കെടുക്കണമെങ്കിൽ ഇങ്ങനെ അണിഞ്ഞൊരുങ്ങണം. ഇംഗ്ലീഷ് അറിയാത്തത് വലിയൊരു പ്രശ്‌നമാണ്. അതുകൊണ്ട് ഊമയെ പോലെ നിൽക്കേണ്ടി വരുന്നു. പരിഭാഷകരുടെ സഹായത്തോടെയാണ് ഞാൻ സംസാരിക്കുന്നത്. നീ ഉണ്ടാക്കിയ സരോദിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. കൂടാതെ ചന്ദ്രസാരംഗും. അതിന്റെ നാദം ഇവിടെ എല്ലാവർക്കും ഇഷ്ടമായി. സംഗീത വിദ്യാർത്ഥികളൊക്കെ അത്ഭുതോടെയാണ് ഇതൊക്കെ കാണുന്നത്. അവർ പറയുന്നത് ഇത് സാരംഗിയുടെ മുകളിൽ നിൽക്കുമെന്നാ…”
പാരീസിലെത്തിയപ്പോൾ ബാബ മറ്റൊരു കത്തയച്ചു:
“ഇവിടെ എല്ലാം വിചിത്രമായി തോന്നുന്നു. വീടുകൾ, പട്ടണങ്ങൾ, റോഡുകൾ, പൂന്തോട്ടങ്ങൾ, മ്യൂസിയങ്ങൾ, പാർക്കുകൾ, മൃഗശാലകൾ. എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാൻ പ്രയാസം. തീവണ്ടികൾ ഓടുന്നത് മൂന്നു നിലകളായിട്ടാണ്. മുകളിലും താഴെയും പിന്നെ ഭൂമിയുടെ നിരപ്പിലും. എല്ലാം അവിശ്വസനീയം. ഏതെൻസ്, ബുഡാഫെസ്റ്റ്, വിയന്ന, പാരീസ് എന്നിവിടങ്ങളിലെല്ലാം സന്ദർശിച്ചു. ഇവിടയെല്ലാം ആസ്വാദകർ സരോദ് വായന കേൾക്കാൻ വന്നു. ചിലർ എന്റെ ഫോട്ടോകൾ എടുത്തു. പത്രങ്ങളിൽ വാർത്തയും വന്നു.
ഇവിടുത്തെ ഭക്ഷണം എനിക്ക് പിടിക്കുന്നില്ല. പന്നിയിച്ചിയാണ് മിക്കയാളുകളും കഴിക്കുന്നത്. ഉരുളക്കിഴങ്ങ് പുഴുങ്ങിയതും പഴങ്ങളും റൊട്ടിയുമൊക്കെയാണ് ഞാൻ കഴിക്കുന്നത്. എന്റെ ഭക്ഷണം കണ്ട് ഉദയശങ്കറിന് പ്രയാസം തോന്നി. പല രാജ്യങ്ങൾ ചുറ്റിസഞ്ചരിക്കുമ്പോൾ സ്വയം പാചകം ചെയ്യുക പ്രായോഗികമല്ലല്ലോ. ആളുകൾക്ക് ഇറച്ചിയും മദ്യവുമില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയാണ്. വെള്ളം പോലെയാണ് വീഞ്ഞ് ഒഴുക്കുന്നത്.”
കുറച്ചുദിവസത്തെ അടുത്ത ഇടപെടലിൽ ബാബയും രവിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. ബാബ രവിയ്ക്ക് ചില പാഠങ്ങൾ പറഞ്ഞുകൊടുത്തു.
“ബാബാ, എനിക്ക് കൂടുതൽ പഠിക്കണം.”
“നീ നൃത്തം ഉപേക്ഷിച്ചുവരികയാണെങ്കിൽ നോക്കാം. ഒന്നിൽ മാത്രം ശ്രദ്ധിക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേ. ഗുരുകുലരീതിയാണ് എന്റേത്. മൈഹറിൽ താമസിച്ച് പഠിക്കണം. പൂർണ്ണ സമർപ്പണമുണ്ടാകണം. നന്നായി ആലോചിച്ചിട്ട് പറഞ്ഞാ മതി’’.
ബാബയുടെ മനസ്സ് മൈഹറിൽ തന്നെയായിരുന്നു. അലിയുടെ കാര്യമാണ് പലപ്പോഴും ആലോചിച്ചിരുന്നത്. അവന് പഠിപ്പിച്ചു കൊടുത്തതൊക്കെ പരിശീലനം ചെയ്യുന്നുണ്ടോ എന്ന ആശങ്കയായിരുന്നു. വീട്ടിലെ വിശേഷങ്ങൾ അറിയാൻ മൈഹറിലെ ദിവാന് കത്തെഴുതി. മറുപടിക്കായി കാത്തിരുന്നു. രണ്ടു മാസത്തിനുള്ളിൽ മറുപടി വന്നു.
“അലി കളിച്ചു നടക്കുന്നു. ഗ്രാമഫോൺ റെക്കോർഡുകൾ കേട്ട് സമയം പാഴാക്കുന്നു’’, ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.
അസ്വസ്ഥനായ ബാബ മൂന്നു വർഷത്തോളം ഉണ്ടായിരുന്ന യൂറോപ്യൻ പര്യടനം മതിയാക്കി നാട്ടിലേക്ക് മടങ്ങി.
ഉദയശങ്കറിന്റെ സംഘം പാരീസിൽ എത്തിയപ്പോൾ ഇന്ത്യയിൽ നിന്ന് അമ്മയുടെ മരണവിവരം അറിയിച്ചു കൊണ്ടുള്ള ടെലെഗ്രാം വന്നു. ബാനാറസ്സിനടുത്ത് മുത്തച്ഛന്റെ ഗ്രാമത്തിൽ അമ്മയ്ക്ക് വീട് പണിത് കൊടുത്തിരുന്നു. മൂത്ത രണ്ടു സഹോരന്മാർ അമ്മയുടെ കൂടെയായിരുന്നു. അമ്മയുടെ മരണവിവരം ഉദയ് രവിസഹോദർമാരെ വല്ലാതെ ദുഃഖിപ്പിച്ചു. രവിശങ്കറിനെ പ്രത്യേകിച്ചും. അവർ നല്ല സുഹൃത്തുക്കളായിരുന്നു. കുറച്ചു കാലം മാത്രമേ അമ്മയുടെ കൂടെ ചെലവഴിക്കാൻ പറ്റിയുള്ളൂ.
രണ്ടാം ലോകമഹായുദ്ധം തുടങ്ങി. ഇനി പര്യടനം മുന്നോട്ട് പോകില്ല എന്ന് തിരിച്ചറിഞ്ഞ ഉദയശങ്കറും സംഘവും യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിച്ചു.
(അടുത്ത പാക്കറ്റിൽ തുടരും).
