മൈഹർ

ഉസ്താദ് അലാവുദ്ദീൻ ഖാൻ, ജീവിതപങ്കാളി മദൻമഞ്ജരി, മക്കളായ ജഹനാര, അന്നപൂർണ്ണ, അലി അക്ബർ ഖാൻ എന്നിവരെ കഥാപാത്രങ്ങളാക്കി നദീം നൗഷാദ് എഴുതിയ Story Series തുടരുന്നു.

മൈഹർ ഭാഗം- 8
എപ്പിസോഡ് 15

നാട്ടിലെത്തിയ ഉദയശങ്കർ തന്റെ ട്രൂപ്പ് പിരിച്ചുവിട്ട് ഉത്തരാഖണ്ഡിലെ അൽമോറയിൽ രംഗകലകൾക്കായി ഒരു സാംസ്കാരിക കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചു. രവിക്ക് ഉദയ്ശങ്കറിന്റെ ട്രൂപ്പിൽ നർത്തകനായി തുടരാൻ താല്പര്യമില്ലായിരുന്നു. ബാബയുമായുള്ള അടുപ്പം മൂലം അയാൾ സംഗീതത്തിലേക്ക് തിരിയാൻ നിശ്ചയിച്ചു. ആ വിവരം ഉദയ് ശങ്കറിനോട് പറഞ്ഞു. ബാബയുടെ കൂടെ കുറച്ചു ദിവസം കഴിഞ്ഞത് കൊണ്ട് അവന്റെ താല്പര്യത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ഉദയശങ്കറിന് തോന്നിയിരുന്നു.

അലഹബാദിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രവിശങ്കറിന് ഉടനെ ചെയ്‌തുതീർക്കേണ്ട പദ്ധതികൾ ഒന്നുമില്ലായിരുന്നു. സമയവും അവസരവും ഇല്ലാത്തതുകൊണ്ട് കുറെ കാലമായി മാറ്റിവെച്ച ഉപനയനം നടത്താൻ തീരുമാനിച്ചു. ബ്രാഹ്മണകുട്ടികൾ മതത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങാണ്. സാധാരണയായി ഏഴിനും പന്ത്രണ്ടിനും ഇടക്കുള്ള പ്രായത്തിലാണ് നടത്തുക. രവിക്ക് പ്രായം കൂടിയതുകൊണ്ട് അത് ഇപ്പോൾ തന്നെ നടക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി കുറച്ച് ആഴ്ചകൾ ഭൗതികസുഖങ്ങളിൽ നിന്ന് വിട്ടുനിന്ന്, ഒരു യോഗിയെ പോലെ ജീവിക്കണം. ഉപനയനം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുശേഷം രവി മൈഹറിലേക്ക് യാത്ര തിരിച്ചു.

കരിവണ്ടിയിൽ ഇരുനൂറ് കിലോമീറ്ററോളം യാത്രചെയ്‌ത്‌ മൈഹറിലെത്തുമ്പോൾ ഉച്ചയായിരുന്നു. സ്റ്റേഷനിലിറങ്ങി രവി ബാബയുടെ വീട്ടിലേക്ക് നടന്നു. ആകാശത്ത് മേഘങ്ങൾ ഇരുണ്ടു കൂടിയിരുന്നെങ്കിലും താഴോട്ട് പതിച്ചില്ല. ഉഷ്‌ണം സഹിക്കാനാകാതെ ബാബ വീട്ടുമുറ്റത്തെ ചാർപൊയിലിരുന്ന് ഹുക്ക വലിക്കുകയായിരുന്നു.

അകലെനിന്ന് തകരപെട്ടി പിടിച്ചുവരുന്ന ആളെ ബാബയ്ക്ക് മനസ്സിലായില്ല. മുന്നിൽ വന്നു നിന്നപ്പോഴും ആളെ പിടികിട്ടിയില്ല. ഒരു വാക്കും മിണ്ടാതെ ഇരുവരും കുറച്ചുനേരം മുഖാമുഖം നിന്നു. ഈയൊരു കുഗ്രാമത്തിലെത്തിയ ആൾ പരിചയക്കാരനാകും. ബാബ ഊഹിച്ചു.
“ബാബാ, ഞാൻ രവിശങ്കറാണ്”.
ആളെ തിരിച്ചറിഞ്ഞപ്പോൾ ബാബ ആശ്ലേഷിച്ചു. രവി ബാബയുടെ കാൽ തൊട്ടു വന്ദിച്ചു. യൂറോപ്പിൽ വെച്ച് കണ്ട ആളായിരുന്നില്ല ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. തലമുണ്ഡനം ചെയ്‌ത്, പരുക്കൻ പരുത്തിവസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന രവിയെ തിരിച്ചറിയാൻ കഴിയാതെ പോയത് അതുകൊണ്ടാണ്.

“എന്താ ഇങ്ങനെയൊരു വേഷം?”,
“പുതിയ മേഖലയിലേക്ക് തിരിയുമ്പോ ഇതാണ് നല്ലതെന്ന് തോന്നി.”
“അത് നന്നായി.”

രവിയെ വീട്ടിനുള്ളിലേക്ക് സ്വാഗതം ചെയ്തു. അടുത്ത മുറിയിൽ നിന്ന് സുർബഹാർ വായിക്കുന്നത് കേട്ടു.
“എന്റെ മകൾ അന്നപൂർണ്ണയാണ്’’, ബാബ അഭിമാനപൂർവ്വം പറഞ്ഞു.


പച്ചനിറത്തിലുള്ള തകരപെട്ടിയായിരുന്നു രവി കൊണ്ടുവന്നത്. പെട്ടിക്കു മുകളിൽ പൂവിന്റെ ചിത്രമുണ്ടായിരുന്നു. അതിൽ രണ്ടു ജോഡി വസ്ത്രങ്ങളും കമ്പിളിപ്പുതപ്പും തലയണയും മാത്രം. രവിയ്ക്ക് താമസിക്കാൻ ബാബ ചായ്പ്പിൽ ചെറിയ ജനലുകളുള്ള കൊച്ചു വീട് തയ്യാറാക്കി. പൊടിയിൽ കുളിച്ചു കിടക്കുന്ന വീട് വേലക്കാരിയെ കൊണ്ട് വൃത്തിയാക്കിപ്പിച്ചു. മുളകൊണ്ട് നിർമ്മിച്ച കട്ടിലും, ഒരു മേശയും കുറച്ച് പാത്രങ്ങളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

രാത്രി കുറുനരികളുടെയും ചെന്നായ്ക്കളുടെയും ഓരിയിടൽ കേട്ട് രവി പേടിച്ചു. കൂടാതെ തവളകളുടെയും ചീവിട്കളുടെയും ശബ്ദങ്ങളും. തേളുകളും പാറ്റകളും തറയിലൂടെ ഇഴഞ്ഞുനടന്നു. പാതിരാക്കാറ്റിൽ ഇളകിയാടുന്ന തകരവാതിൽ പലപ്പോഴും ഭയപ്പെടുത്തി. യൂറോപ്പിലെ ആഡംബര ജീവിതത്തിനുശേഷം മുളയും കയറും കൊണ്ടുണ്ടാക്കിയ കട്ടിൽ കിടന്ന് ശരീരം വേദനിച്ചു. എല്ലാ ദിവസവും വേലക്കാരി വീട് വൃത്തിയാക്കാനും പ്രഭാത ഭക്ഷണം ഉണ്ടാക്കാനും വരും. കുറച്ചു നാളുകൾക്കുശേഷം ബാബയുടെ അടുത്ത് പഠിക്കാൻ വന്ന മറ്റൊരു വിദ്യാർഥി രവിയുടെ കൂടെ താമസിക്കാനെത്തി. മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ബാബ ദേഷ്യം പിടിച്ചു തല്ലിയപ്പോൾ അവൻ ഓടിപ്പോയി.

“മനസ്സും ശരീരവും ശുദ്ധമായി വെക്കണം”, അന്നപൂർണ്ണയുടെയും അലിയുടെയും ഒപ്പമിരുത്തി പഠിപ്പിക്കാൻ പോകുന്നതിന്റെ തൊട്ടു മുമ്പ് ബാബ രവിയോട് പറഞ്ഞു.

“സമർപ്പണം വളരെ പ്രധാനമാണ്. രാംപൂരിൽ ഞാൻ ഉസ്താദ് വസീർഖാന്റെ അടുത്തുനിന്ന് പഠിക്കുമ്പോൾ രാത്രി മുഴുവൻ സാധകം ചെയ്തിരുന്നു. ഉണർന്നിരിക്കാൻ ഒരു കയർ കൊണ്ട് എന്റെ ഷർട്ടിന്റെ കോളർ ഒരുഭാഗം കെട്ടും. മറുഭാഗം വീടിന്റെ ഉത്തരത്തിൽ കൊളുത്തിയിടും. ഉറക്കം വന്നാൽ കയർ എന്നെ പിറകോട്ടു വലിക്കും. അങ്ങനെ ഉറക്കത്തെ ഇല്ലാതാക്കി. മണ്ണെണ്ണ കത്തിക്കാനുള്ള പണമില്ലായിരുന്നിട്ടും രാത്രി മുഴുവൻ ഇരുട്ടിൽ സാധകം ചെയ്തിട്ടുണ്ട്.”

അന്നപൂർണ്ണയ്ക്ക് പതിനൊന്നും രവിശങ്കറിന് പതിനേഴും അലിയ്ക്ക് പതിനാലും വയസ്സായിരുന്നു പ്രായം. രവിയും അലിയും വളരെ വേഗം സുഹൃത്തുക്കളായി. രാത്രി ഭക്ഷണം കഴിഞ്ഞാൽ ബാബയുടെ കണ്ണ് വെട്ടിച്ച് അലി രവിയുടെ താമസസ്ഥലത്ത് എത്തും. വിദേശത്ത് ധാരാളം യാത്ര ചെയ്ത രവിയോട് മൈഹർ വിട്ട് പുറത്തു പോകാത്ത അലിക്ക് വലിയ ആദരവായിരുന്നു. യൂറോപ്പിൽ തനിക്കുണ്ടായ പ്രണയ കഥകളെ കുറിച്ച് രവി പൊടിപ്പും തൊങ്ങലും വെച്ച് അലിയോട് പറയും. കൂടാതെ അവിടെ നിന്ന് കൊണ്ടുവന്ന സെക്സ് മാഗസിനുകൾ കാണിച്ചു കൊടുക്കുകയും ചെയ്‌തു. അലി ആദ്യമായിട്ടായിരുന്നു അത്തരം മാഗസിനുകൾ കാണുന്നത്.

ബാബയിൽ നിന്ന് പഠിക്കുക എളുപ്പമായിരുന്നില്ല. നോട്ടേഷൻ പറഞ്ഞു കൊടുക്കാറുമില്ല. ക്ലാസ് കഴിഞ്ഞാൽ ബാബ പഠിപ്പിച്ച ദ്രുപദ് ബന്ദിഷുകൾ എഴുതിവെക്കാൻ അന്നപൂർണ്ണയും രവിയും അവരുടെ മുറികളിലേക്ക് ഓടും. എന്നാൽ അലി ഇതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. ക്ലാസ്സ് കഴിഞ്ഞ് ബാബ പുറത്തേക്ക് പോയാലുടൻ അലി തന്റെ സരോദ് താഴെവെയ്ക്കും വാതിൽപ്പടിയിൽ പോയിരിക്കും.

“ ബാബ കാണേണ്ട…..നിനക്ക് നല്ല അടി കിട്ടും” അന്നപൂർണ്ണ പറഞ്ഞു.
“ഏതുനേരവും ഇത് തന്ന വായിച്ചിരിക്കാൻ പറ്റോ? മനുഷ്യർക്ക് ഇതുതന്നെയാണോ പണി?”
“ഈ കാര്യം ബാബയോട് പറയാൻ ധൈര്യമുണ്ടോ?’’
“ഇല്ല.”
“എന്നാൽ വേഗം പോയി സാധകം ചെയ്തോ.”

ഒരുദിവസം ബാബ രവിയെ പഠിപ്പിക്കുകയായിരുന്നു. പറഞ്ഞു കൊടുക്കുന്നത് ശരിയായി വായിക്കാൻ കഴിഞ്ഞില്ല.
“നിന്റെ കൈയ്ക്ക് ബലം പോര”, രവി പരമാവധി ശ്രമിച്ചു. ബാബ ദേഷ്യപ്പെട്ടപ്പോൾ രവി വല്ലാതെയായി. കുട്ടിക്കാലം മുതൽ ഇതുവരെ ആരും രവിയോട് ദേഷ്യപെട്ടിട്ടില്ല.
“പോ”, ബാബ ആക്രോശിച്ചു.
“പോയി കുറച്ചു വള വാങ്ങി കൈയിലിട്ടോ, നിന്റെ കൈ പെൺകുട്ടിയുടേത് പോലെ ദുർബലമാണ്. ഇത്പോലും നിനക്ക് ശരിയായി വായിക്കാനാവുന്നില്ല’’, രവിക്ക് അത് തന്നെ ധാരാളമായിരുന്നു. അവൻ എഴുന്നേറ്റു താമസസ്ഥലത്തേക്ക് പോയി. സാധനങ്ങൾ പെട്ടിയിലാക്കി. അതിനിടെ അലി അവിടെയെത്തി.
“എന്തു പറ്റി?”
“ഞാൻ ഇനി ഇവിടെ നിൽക്കുന്നില്ല. ബാബ എന്നെ വഴക്ക് പറഞ്ഞു”, അലി രവിയെ അവിശ്വസനീയതോടെ നോക്കി.
“നിനക്ക് ഭ്രാന്താണോ? നീ മാത്രമായിരുന്നു ബാബയുടെ തല്ല് മേടിക്കാത്ത ഒരേയൊരു ശിഷ്യൻ. ഞങ്ങളെല്ലാവരും അതിൽ അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു. ബാബ എന്നോട് ചെയ്തത് എന്താണെന്ന് അറിയോ? മരത്തിൽ കെട്ടിയിട്ട് പല തവണ അടിച്ചിട്ടുണ്ട്. ചിലപ്പോൾ ഭക്ഷണം പോലും തരില്ല. എന്നിട്ട് ഇപ്പോ ബാബ ചെറുതായൊന്ന് വഴക്ക് പറഞ്ഞതിന് നീ ഓടിപ്പോകുന്നു’’.
“ഞാൻ വൈകുന്നേരത്തെ വണ്ടിക്ക് പോവാണ്.” രവി ഉറപ്പിച്ചുപറഞ്ഞു.
“നീ നിന്റെ സ്വപ്‍നം പൂർത്തിയാക്കാതെ മടങ്ങുകയാണോ? ബാബ ദേഷ്യത്തിൽ പറഞ്ഞു പോയതാ. അത് ക്ഷമിച്ചേക്ക്. ഇങ്ങനെയുള്ള പ്രശ്‍നങ്ങൾ ജീവിതത്തിൽ പലപ്പോഴും നേരിടേണ്ടി വരും. അതൊക്കെ കാര്യമാക്കിയാൽ നമ്മള് എവിടെയും എത്തില്ല.”
അലിയുടെ വാക്കുകൾ കേട്ടപ്പോൾ രവി അയഞ്ഞു.

ബാബയോടും മദൻ മഞ്ചരിയോടും അലി സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. മദൻ മഞ്ചരി രവിയെ വിളിപ്പിച്ചു. വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ അവർ പറഞ്ഞു, “കുറച്ചുനേരം ബാബയുടെ അടുത്ത് പോയിരിക്കൂ”.

ബാബ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നു. രവി അടുത്ത് പോയി വണങ്ങി. കുറച്ചുനേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല. രവിയുടെ തീരുമാനം ബാബയുടെ ഉള്ളിൽ തട്ടി എന്ന് ബോധ്യപ്പെട്ടു. അൽപസമയത്തെ മൗനത്തിനുശേഷം രവി പറഞ്ഞു, “ഞാൻ പോവുകയാണ്”.
“അത്രെയുളളൂ. ഇതാണ് അന്ന് യൂറോപ്പിൽ വെച്ച് നിന്നോട് പറഞ്ഞത് പൂർണ്ണ അർപ്പണബോധം ഉണ്ടെങ്കിൽ മാത്രം സംഗീതത്തിലേക്ക് വന്നാൽ മതിയെന്ന്. ഞാൻ പറഞ്ഞത് നീ പോയി വളയിട് എന്ന് മാത്രമാ... അത് നിന്നെ വേദനിപ്പിക്കുകയും നീ പോവുകയും ചെയ്യുന്നു.”

രവിയുടെ കണ്ണുകൾ നിറഞ്ഞു. ബാബ എഴുന്നേറ്റ് രവിയുടെ അടുത്തേക്ക് വന്ന് തോളിൽ കൈവെച്ചു, “നിനയ്ക്ക് ഓർമ്മയുണ്ടോ മുംബൈയിലെ കടൽപാലത്തിനടുത്ത് വെച്ച് നിന്റെ അമ്മ എന്റെ കൈ നിന്റെ കൈയിൽ ചേർത്ത് വെച്ച് പറഞ്ഞത്. ഇവനെ സ്വന്തം മകനായി കരുതി നോക്കണം. അതിനു ശേഷം നിന്നെ ഞാൻ എന്റെ മകനായിട്ടാ കണ്ടത്. അതാണോ നീ ഇപ്പോ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്?”

എപ്പിസോഡ് 16

അലഹബാദിലെ പരിപാടി കഴിഞ്ഞു പുലർച്ചെയായിരുന്നു ബാബ വീട്ടിലെത്തിയത്. കുറച്ചു ദിവസങ്ങളായി എഴുതാതെ വെച്ച ഡയറിയിൽ ഇങ്ങനെ എഴുതി:

“ഇന്നത്തെ യാത്രയിലുണ്ടായ ഏറ്റവും പ്രധാന കാര്യം റസൂലൻബായിയെ കണ്ടുമുട്ടി എന്നതാണ്. ഈ തുമ്രിഗായികയെ പറ്റി മുമ്പ് ധാരാളം കേട്ടിട്ടുണ്ട്. അവരുടെ ബനാറസി തുമ്രി കേൾക്കുന്നത് തന്നെ വലിയ അനുഭൂതിയാണ്. ഞാൻ അഹമ്മദ് അലിഖാന്റെ കീഴിൽ പഠിക്കുന്ന കാലത്ത് ബനാറസ്സിൽ പരിപാടി അവതരിപ്പിക്കാൻ പോയിട്ടുണ്ട്. അന്ന് അവരെ കണ്ടിട്ടില്ല. തുമ്രികൾ ഗ്രാമഫോണിൽ കേട്ടിട്ടുണ്ട്. വളരെ ഭവ്യതയോടെ പെരുമാറുന്ന അവരെ കണ്ടാൽ ഗായികയാണെന്ന് തോന്നുകയേ ഇല്ല. ദൈവം അവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊടുക്കുമാറാകട്ടെ.”

പുലർച്ചക്ക് വന്നാൽ പിന്നെ കിടക്കുന്നത് പതിവില്ല. അലിയെയും രവിയേയും അന്നപൂർണ്ണയെയും വിളിച്ചുണർത്തി ക്ലാസ് തുടങ്ങും.

“അഹമ്മദ് അലിഖാന്റെ കീഴിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തെ പലപ്പോഴായി തവായഫുകളുടെ വീടുകളിൽനിന്ന് വിളിച്ചുകൊണ്ടുവന്നിട്ടുണ്ട്. അക്കാലത്ത് പല ഉസ്താദുമാരും അവിടെ നിത്യസന്ദർശകരായിരുന്നു. ഈ സ്ത്രീകളുമായുള്ള സംസർഗ്ഗം മൂലം ഉസ്താദുമാരിൽ പലർക്കും ധാരാളം പണം നഷ്ട്ടപ്പെട്ടിരുന്നു. പലരും ലഹരിക്ക് അടിമകളായിരുന്നു. എന്റെ ഉസ്താദും അത്തരത്തിൽപെട്ട ഒരാളായിരുന്നു. അദ്ദേഹത്തെ വിളിക്കാൻ ചെല്ലുമ്പോൾ തവയാഫ് സ്ത്രീകൾ എന്നോട് അടുക്കാൻ ശ്രമിച്ചിരുന്നു. അവരിൽ നിന്നെല്ലാം അകലം പാലിക്കാൻ ശ്രദ്ധിച്ചു. ഞാൻ ഉദേശിച്ചത് നിങ്ങളുടെ ശ്രദ്ധ മുഴുവൻ സംഗീതത്തിലായിരിക്കണമെന്നാണ്. പണം, പ്രശസ്തി, പെണ്ണ് ഇതിൽ നിന്നൊക്കെ അകലം പാലിച്ചാൽ മാത്രമേ സംഗീതത്തിൽ പൂർണ്ണമായി അർപ്പിക്കാൻ പറ്റൂ. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?”
“ഉണ്ട്’’.
അലിയും രവിയും തലകുലുക്കി. അവർക്ക് പാഠങ്ങൾ പറഞ്ഞു കൊടുത്ത് ബാബ തന്റെ പതിവ് ജോലികളിലേക്ക് കടന്നു. പൂന്തോട്ടം വൃത്തിയാക്കുക, പശുക്കൾക്ക് ഭക്ഷണം കൊടുക്കുക എന്നിവയാണ് ദിനചര്യകൾ. കുറച്ചു നാളായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു നായ അവിടെ താമസിക്കുന്നുണ്ട്. അലി അതിനെ കല്ലെടുത്ത് ഓടിക്കാൻ ശ്രമിച്ചപ്പോൾ ബാബ വിലക്കി, “ഒരാൾക്കും കൂടിയുള്ള ഭക്ഷണം ഇവിടെയുണ്ട്.”

കുൽസുവിന്റെ കൂടെ അന്നപൂർണ്ണ കളിക്കുന്നത് കാണുമ്പോൾ അലിയും രവിയും കളിയാക്കും. “നീ ഇപ്പോൾ മുതിർന്ന പെണ്ണായി.”
അവരുടെ കളിയാക്കലുകളെ അന്നപൂർണ്ണ ചിരിച്ചു തള്ളും.

ഒരു ദിവസം കുൽസു വെറ്റില ചവയ്ക്കുന്നത് അന്നപൂർണ്ണയുടെ ശ്രദ്ധയിൽപെട്ടു.
“ഇത് ദുഃശ്ശീലമാണെന്ന് അറിഞ്ഞുകൂടേ…”
കുൽസു തമാശയായി കൊഞ്ഞനം കുത്തി. പ്രകോപിതയായ അന്നപൂർണ്ണ കുൽസുവിന്റെ കരണത്തടിച്ചു. അപ്രതീക്ഷിതമായ അടിയിൽ ഞെട്ടിയ കുൽസു കരഞ്ഞുകൊണ്ട് ഓടി. അന്നപൂർണ്ണ മുറിയിൽ കയറി വാതിലടച്ചു. കുറ്റബോധം തോന്നിയിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഭക്ഷണം കഴിക്കാനും വന്നില്ല. ഒടുവിൽ കുൽസു അന്നപൂർണ്ണയുടെ വാതിൽ തട്ടിക്കൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു, “അന്നപൂർണ്ണ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ ഞാൻ വീട് വിട്ടു പോകും.”
ഉടനെ വാതിൽ തുറന്നു.
“സാരമില്ല പോട്ടെ… ഞാൻ ക്ഷമിച്ചിരിക്കുന്നു. നീയതിന് ഭക്ഷണം കഴിക്കാതെ ഇരിക്കരുത്’’, അന്നപൂർണ്ണ കുൽസുവിനെ കെട്ടിപ്പിടിച്ചു.

മിക്കരാത്രിയും ഭക്ഷണം കഴിഞ്ഞാൽ മദൻ ഹാർമോണിയം വായിച്ചു പാടും. ബാബ ഭാര്യയെ കളിയാക്കും, “കുറുക്കൻ ഓരിയിടുന്നത് പോലെയുണ്ട്.”
“അതിലും സംഗീതമുണ്ടല്ലോ’’, മദന്റെ മറുപടി ബാബയ്ക്ക് നന്നേ രസിച്ചു.
ബാബയുടെ അഭിപ്രായത്തിന് ചെവികൊടുക്കാതെ മദൻ വായന തുടരും. എന്നെങ്കിലും എന്നെ അംഗീകരിക്കും. “ബാബ അറിയാതെ എനിക്ക് സിതാർ പഠിപ്പിച്ചു തരണം’’, മദൻ മകളോട് പറഞ്ഞു. ബാബ അലഹബാദിലും കൊൽക്കത്തയിലുമൊക്കെ പോയാൽ കുറച്ചുദിവസം കഴിഞ്ഞാണ് വരാറ്. ഈ ദിവസങ്ങളിൽ അന്നപൂർണ്ണയിൽ നിന്ന് മദൻ സിതാർ പഠിക്കും. “ബാബയെ എനിക്ക് അത്ഭുതപ്പെടുത്തണം’’, മദൻ ആവേശത്തോടെ പറയും.

“ഉമ്മ ചില രാത്രികളിൽ എന്തോ കുത്തിക്കുറിക്കുന്നത് കാണാമല്ലോ. എന്താണത്?”
“കവിതയാണ്.”
“കവിതയോ? അതിന് ഉമ്മ കവിത എഴുതുമോ?”
“ങാ… അത് ആരെയും കാണിക്കാൻ ഇഷ്ടമല്ല, പ്രത്യേകിച്ച് ബാബയെ. ബാബ കണ്ടാൽ കളിയാക്കും.”
“ഞാൻ പറയില്ല’’.
“കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ബാബ നാടുവിട്ടത് എന്നെ വല്ലാത്ത മാനസിക പ്രയാസത്തിലാക്കി. ബാബയെ കാത്തിരുന്ന് കാത്തിരുന്ന് അതൊരു വേദനയായി മാറിയപ്പോഴാണ് എഴുതാൻ തുടങ്ങിയത്. ബാബ തിരിച്ചുവന്ന് മൈഹറിൽ താമസമാക്കിയതിനു ശേഷം പിന്നീട് അപൂർവമായിട്ടേ എഴുതിയിട്ടുള്ളൂ. എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ടാണല്ലോ എഴുതുന്നത്. പിന്നെ നീയെങ്ങനെ അത് കണ്ടു?
“നോട്ടേഷൻ ബുക്ക് തിരഞ്ഞപ്പോൾ.”

ആഴ്ചയിൽ ഒരിക്കൽ മൈഹർ ബാൻഡ്‌ ബാബയുടെ വീട്ടിൽ ഒരുമിച്ചുകൂടി പരിശീലനം ചെയ്യും. ഇത്തവണ കുട്ടികൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ തൊടിയിലെ മൂർഖൻ ബാബയുടെ കാലിനരികിൽ പത്തിവിടർത്തി നിന്നു. കുട്ടികൾ വായന നിർത്തി. എന്തുകൊണ്ടാണ് നിർത്തിയതെന്ന് ചോദിച്ചപ്പോൾ അവർ പേടിയോടെ ബാബയുടെ കാലിനടുത്തേക്ക് കൈചൂണ്ടി. പാമ്പിനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ബാബ ചോദിച്ചു, “നീ സംഗീതം കേൾക്കാൻ വന്നതാ അല്ലേ. കുട്ടികൾ വായിക്കുന്നത് കണ്ടില്ലേ. അവരെ പേടിപ്പെടുത്താതെ പോ”.

വയലിന്റെ ബോ കൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് മതിൽ കടത്തിവിട്ടു.

(അടുത്ത പാക്കറ്റിൽ തുടരും).


Summary: Maihar story series on Hindustani Music family written by Nadeem Noushad part 8 published in Truecopy webzine packet 255.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments