മൈഹർ ഭാഗം- 9
എപ്പിസോഡ് 17
▮
മൂന്നു വർഷങ്ങൾ കടന്നുപോയി. അലിയുടെ കല്യാണം നടന്നു. പോലീസ് കോൺസ്റ്റബിളിന്റെ മകൾ സുബൈദാ ബീഗമായിരുന്നു വധു. ഓടിച്ചാടി നടക്കുന്ന പ്രകൃതക്കാരിയായിരുന്ന സുബൈദക്ക് മൈഹറിലെ വീട്ടിൽ അപരിചിതത്വമൊന്നും തോന്നിയില്ല. അന്നപൂർണ്ണയുമായി വേഗം അടുത്തു. അന്നപൂർണ്ണ കുറച്ചുമാത്രം സംസാരിക്കുന്നതിന്റെ കുറവ് അമിതമായി സംസാരിക്കുന്ന സുബൈദ നികത്തി.
ഉദയശങ്കർ ബാബയെ കാണാനെത്തി. പ്രധാന ദൗത്യവുമായിട്ടാണ് വരവ്. അതെങ്ങനെ പറയും എന്ന ആശയക്കുഴപ്പത്തിലായിരുന്നു. വന്നയുടനെ ബാബയെ അഭിവാദ്യം ചെയ്തു. ബാബ വീട്ടിലെ വിശേഷങ്ങൾ തിരക്കി.
“നമുക്കൊന്ന് ശാരദാമാ ക്ഷേത്രത്തിലേക്ക് പോകാം’’, ഉദയശങ്കർ പറഞ്ഞു.
ബാബ സമ്മതിച്ചു. ബാബ വളരെ ഉത്സാഹത്തോടെയാണ് ക്ഷേത്രപ്പടികൾ കയറുന്നത്. രണ്ടു പേരും മൗനികളായിരുന്നു. പടികൾ കയറിക്കൊണ്ടിരിക്കുമ്പോൾ ബാബ പറഞ്ഞു; “ആദ്യമായി ഇവിടെ വന്ന ദിവസം ശ്രീകോവിലിനകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തടഞ്ഞു. കുറെ വഴക്ക് പറഞ്ഞു. അന്ന് രാത്രി ഒരത്ഭുത സംഭവം നടന്നു. പൂജാരിക്ക് സ്വപ്‌ന ദർശനം ഉണ്ടായി. ശാരദമാ സ്വപ്‍നത്തിൽ പ്രത്യക്ഷപ്പെട്ട് അയാളോട് പറഞ്ഞു, ‘എന്നെ കാണാൻവന്ന ആ മനുഷ്യൻ പരമഭക്തനാണ്. അയാളെ തടയരുത്’’.
പിറ്റേദിവസം പൂജാരി രാജാവിനെ കണ്ട് തന്റെ സ്വപ്‌നദർശനത്തെ വെളിവാക്കി.
“അന്നു മുതൽ രാജാവിന്റെ അനുമതിയോടെ ക്ഷേത്രത്തിൽ പ്രവേശിക്കാനും പൂജ ചെയ്യാനുമുള്ള അനുവാദം കിട്ടി.”
അവർ കയറിക്കയറി ഉച്ചിയിലെത്തി.
“രവിശങ്കർ എങ്ങനെയുണ്ട്. ഗൗരവമായിട്ടാണോ പഠിക്കുന്നത്?” ഉദയശങ്കർ ചോദിച്ചു.
“ഉണ്ട്. സത്യത്തിൽ അവൻ സംഗീതം പഠിക്കാൻ മൈഹറിലേക്ക് വരുന്നു എന്നുപറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു, തമാശ പറയുകയാണെന്ന്. തല മുണ്ഡനം ചെയ്ത് വന്നപ്പോഴും വിശ്വസിച്ചിരുന്നില്ല. പഠിച്ചുതുടങ്ങിയപ്പോഴാണ് മനസ്സിലായത് ഗൗരവത്തിലാണെന്ന്.”
“ഞാനും വിചാരിച്ചത് രവി വേഗം പഠനം മതിയാക്കി തിരിച്ചെത്തും എന്നായിരുന്നു. അതിനായി കാത്തിരിക്കുകയും ചെയ്‌തു.” ഉദയശങ്കർ നിരാശ മറച്ചുവെച്ചില്ല.
‘‘സംഗീതം പഠിക്കാൻ വേണ്ട അർപ്പണ ബോധം രവിക്കുണ്ടെന്ന് തോന്നിയപ്പോഴാ ഗൗരവമായി പഠിപ്പിക്കാൻ തുടങ്ങിയത്.”
“ബാബയുടെ കൂടെ നിന്നിട്ട് അവൻ കുറേ മാറിയിട്ടുണ്ട്. ഒന്നിനോടും ഗൗരവം കാണിക്കാതെ കളിച്ചു നടന്ന പയ്യനാ’’, ബാബയും അത് ശരിവെച്ചു.
“എനിക്ക് നല്ല പ്രതീക്ഷയുണ്ട് രവിയിൽ. സാധാരണയായി ഉസ്താദ്മാർ രക്തബന്ധത്തിലുള്ളവർക്കേ താലിം കൊടുക്കൂ. ഞാൻ അവനെ മകനായിട്ടാണ് സ്വീകരിച്ചത്.”
“ബാബ അവനെക്കുറിച്ചു പറയുന്നത് കേൾക്കുമ്പോ അഭിമാനം തോന്നുന്നു’’.
“അവനൊരാഗ്രഹമുണ്ട്. അതു പറയാൻ എന്നെയാ ഏൽപ്പിച്ചിരിക്കുന്നത്. അതിനും കൂടി വേണ്ടിയാ ഞാൻ വന്നത്’’, മടിച്ചുമടിച്ച് ഉദയശങ്കർ പറഞ്ഞു.
“എനിക്ക് തോന്നിയിരുന്നു, നിന്റെ വരവ് വെറുതെയല്ലെന്ന്. അവന് എന്ത് ആഗ്രഹമുണ്ടെങ്കിലും എന്നോട് പറയാമല്ലോ. അലിയെ പോലെയാണ് എനിക്ക് അവനും.”
“ഞാൻ പറയുന്ന കാര്യം അങ്ങ് ഗൗരവത്തിലെടുക്കണം.”
ബാബ ഉദയ്ശങ്കറിനെ സൂക്ഷിച്ചുനോക്കി.
“അന്നപൂർണ്ണയെ അവന് വലിയ ഇഷ്ടമാ…കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്. ബാബ അതിന് അനുവാദം തരണം.”
ബാബ സ്തബ്ധനായി. ഒരു നിമിഷം ജഹാനരയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു. ജഹനാര തംബുരുവായി ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയായതുമുതൽ അവശയായി വീട്ടിൽ തിരിച്ചെത്തി മരണവുമായി മല്ലിടുന്നത് വരെയുള്ള രംഗങ്ങൾ മനസ്സിൽ മിന്നിമാഞ്ഞു.

എങ്ങനെയാണ് താൻ ഇതിനെ സ്വീകരിക്കുക? അല്ലെങ്കിൽ എങ്ങനെ നിരസിക്കാൻ പറ്റും? ഇനി അഥവാ സ്വീകരിച്ചാൽ തന്നെ യാഥാസ്ഥിതികരായ കുടുംബക്കാരോട് എന്ത് മറുപടി പറയും? രവിയെ എനിക്കറിയാം. ജഹനാരക്ക് സംഭവിച്ചത് അന്നപൂർണ്ണയ്ക്ക് സംഭവിക്കില്ല എന്നുറപ്പുണ്ട്. ബാബ ധർമ്മ സങ്കടത്തിലായി. ഉദയശങ്കറോടുള്ള അടുപ്പവും രവിയോടുള്ള സ്നേഹവും കൊണ്ട് പറ്റില്ല എന്ന് പറയാൻ വയ്യാത്ത സ്ഥിതിയായി. ബാബയുടെ മൗനം കണ്ടപ്പോൾ ഉദയശങ്കർ പറഞ്ഞു, “മദൻ മായുമായി ആലോചിച്ചിട്ട് വിവരം പറഞ്ഞാ മതി.”
ബാബ ഭാര്യയുമായി സംസാരിച്ചു.
“രവി നല്ല പയ്യനാണ്. ആ കാര്യത്തിൽ എനിക്ക് എതിരഭിപ്രായമില്ല. എന്നാൽ കല്യാണം എന്ന് പറയുമ്പോൾ ഒരു തീരുമാനം പറയാൻ പറ്റുന്നില്ല.”
മദൻ തീരുമാനം ബാബയ്ക്ക് വിട്ടു.
ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാൻ പറ്റാതെ വന്നപ്പോൾ കൊട്ടാരത്തിൽ പോയി രാജാവിനോട് അഭിപ്രായം ചോദിച്ചു.
“ജഹനാരയുടെ കാര്യം രവിയോട് പറഞ്ഞിരുന്നോ?”
“അതെ.”
“ബാബയ്ക്ക് എന്ത് തോന്നുന്നു?
“എനിക്ക് എതിർപ്പില്ല.”
“ആദ്യത്തെ മകളുടെ കാര്യം ദുരന്തത്തിൽ അവസാനിച്ചതുകൊണ്ട് ഇത്തവണ വളരെ ആലോചിച്ചുവേണം തീരുമാനമെടുക്കാൻ. എനിക്ക് എന്തോ ഈ ബന്ധത്തിൽ ഒരു ഭാവി കാണാൻ പറ്റുന്നില്ല. മനസ്സ് അങ്ങനെയാ പറയുന്നത്’’, രാജാവ് തന്റെ അതൃപ്‍തി തുറന്നുപറഞ്ഞു.
“രവിയും ഉദയനുമായി എനിക്ക് കുറച്ചു നാളുകളായി ബന്ധമുണ്ട്. ജഹനാരയുടെ കാര്യത്തിൽ ആ കുടുംബത്തെ അടുത്തറിയാൻ പറ്റാത്തതാണ് വിനയായത്.”
“ എന്നാൽ ബാബക്ക് തന്നെ തീരുമാനം എടുക്കാം.”
▮
എപ്പിസോഡ് 18
അൽമോറയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. 14 വയസ്സ് മാത്രം പ്രായമുള്ള അന്നപൂർണ്ണ കല്യാണത്തിന് മാനസികമായി തയ്യാറെടുത്തിരുന്നില്ല. അതിന്റെയൊരു പിരിമുറക്കം ഉണ്ടായിരുന്നു. ബംഗാളി രീതിയിലായിരുന്നു കല്യാണം. ഉദയശങ്കറിന്റെ ഭാര്യ വധുവിനെ അണിയിച്ചൊരുക്കാൻ മുമ്പിൽ നിന്നു. ബനാറസ് സാരി അണിഞ്ഞാണ് അവൾ കതിർമണ്ഡപത്തിൽ കയറിയത്. വിവാഹചടങ്ങുൾക്കിടയിൽ ബാബ വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു. ഹാളിന് പുറത്ത് പോയി ഇടയ്ക്കിടെ പുകവലിച്ചു കൊണ്ടിരുന്നു.
കുന്നിന്റെ താഴ് വരയിലുള്ള അൽമോറയെ കൗതുകത്തോടെയാണ് അന്നപൂർണ്ണ വീക്ഷിച്ചത്. ഏഴുമണിക്ക് സൂര്യൻ അസ്തമിക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്നു. മൈഹറിന്റെ പുറത്ത് ലോകം കണ്ടിട്ടില്ലാത്ത അവൾക്ക് കുന്നിന്റെ സൗന്ദര്യം നവ്യാനുഭവമായി.

അൽമോറയിൽനിന്ന് മൈഹറിൽ വിരുന്നെത്തിയ ശേഷം ഒരു ദിവസം മൈഹർ രാജാവ് അന്നപൂർണ്ണയുടെ പരിപാടി കേൾക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു, “അവൾ ചെറുതായിരിക്കുമ്പോഴാണ് ഞാൻ കേട്ടത്. ഇപ്പോൾ അവൾക്ക് നല്ല പുരോഗതി ഉണ്ടായിരിക്കുമല്ലോ’’.
ബാബയും അന്നപൂർണ്ണയും കൊട്ടാരത്തിലേക്ക് പോകാൻ തയ്യാറെടുപ്പ് നടത്തുമ്പോൾ രവിശങ്കറും അവരുടെ കൂടെ പോകാൻ താൽപര്യം പ്രകടിപ്പിച്ചു. ബാബയ്ക്ക് അത് ഇഷ്ടമായില്ലെങ്കിലും മരുമകനെ പിണക്കേണ്ടെന്ന് കരുതി എതിർപ്പൊന്നും പറഞ്ഞില്ല. അവർക്ക് രാജകീയ സ്വീകരണമാണ് കൊട്ടാരത്തിൽ കിട്ടിയത്. രാജാവ് അന്നപൂർണ്ണയോട് മാൽകോൺസ് രാഗം വായിക്കാനാവശ്യപ്പെട്ടു. അവൾ സൂർബഹാറിൽ അലാപും ജോഡും ജ്വാലയും ക്രമത്തിൽ വായിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കൊട്ടാരത്തിലെ പരിചാരകരിൽ ഒരാൾ ബാബയുടെ അടുത്തുവന്ന് ക്ലോക്കിന് നേരെ വിരൽ ചൂണ്ടി. എട്ടു മണിയായിരിക്കുന്നു. രാജാവിന് രാത്രി ഭക്ഷണത്തിന്റെ സമയമായെന്ന് മനസ്സിലായി. അന്നപൂർണ്ണയോട് വായന പൂർത്തിയാക്കാൻ ആംഗ്യം കാണിച്ചു. രാജാവ് സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു. അന്നപൂർണ്ണ ജനിച്ചതും രാജാവ് പേരിട്ടത് മുതലുള്ള കാര്യങ്ങളെ കുറിച്ചെല്ലാം വാചാലനായി. അന്നപൂർണ്ണയ്ക്ക് സ്വർണ്ണനാണയങ്ങളും ഭൂമിയും പാരിതോഷികമായി കൊടുത്തു.

ഭക്ഷണം കഴിക്കാൻ പോകാനൊരുങ്ങി നിൽക്കുമ്പോൾ രവി രാജാവിനെ സമീപിച്ച് പറഞ്ഞു, “അങ്ങ് എന്റെ വായന കൂടി കേൾക്കാമോ.” വേണ്ട എന്നുപറഞ്ഞാൽ അത് തന്റെ ഗുരുവിന്റെ മരുമകനെ അപമാനിക്കലാവും. രാജാവ് തന്റെ സിംഹാസനത്തിൽ തിരികെ ഇരുന്നു. രവി സൂർബഹാർ വായിച്ചു തുടങ്ങി. രാജാവിന് വായന കേൾക്കാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. മാത്രമല്ല സംഗീതം രാജാവിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതുമായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ രാജാവ് എഴുന്നേറ്റ് പോയി. രവിക്ക് അതൊരു അപമാനമായി തോന്നി. ആ സംഭവത്തിന് ശേഷം കുറച്ചുനാൾ രവി മൗനത്തിലായിരുന്നു.
തന്റെ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ അന്നപൂർണ്ണ തിരിച്ചറിഞ്ഞുതുടങ്ങി. ഒരു മാസമായി ആർത്തവം വന്നിട്ടില്ല. ക്ഷീണവും ഛർദിയും കൂടി വന്നു. ഗർഭപാത്രത്തിൽ ചലനങ്ങൾ കണ്ടു തുടങ്ങിയതായി തോന്നി. അത് രവിശങ്കറിനെ അറിയിക്കാൻ ആദ്യമൊന്ന് മടിച്ചു. ഉറങ്ങുകയായിരുന്ന രവിശങ്കറിനെ വിളിച്ചുണർത്തി.
“എന്ത് പറ്റി?”, പാതിമയക്കത്തിൽ അയാൾ ചോദിച്ചു.
“നമുക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു.”
“നേരാണോ?”
“ഉം”
“ഓ ഗുഡ് ന്യൂസ്. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.”
രവിശങ്കർ അന്നപൂർണ്ണയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
ഉദരത്തിൽ കുഞ്ഞുവളരുന്നതിന്റെ വിവിധ ഘട്ടങ്ങൾ അവൾ സൂക്ഷ്മമായി അനുഭവിച്ചു. ഈ ദിവസങ്ങളിൽ ബാബ പഠിപ്പിച്ച പാട്ടുകൾ പാടി. സൂർബഹാർ കയ്യിലെടുത്തില്ല. അലിയോട് വായിച്ചു കൊടുക്കാൻ പറഞ്ഞു. ചില ദിവസങ്ങളിൽ ബാബ തന്നെ വായിച്ചു കൊടുത്തു. പത്തുമാസം വളരെ വേഗം കടന്നുപോയി. മാർച്ച് 30-ന് അവൾക്കൊരു ആൺകുഞ്ഞു പിറന്നു.
“ഇവൻ ഒരു ശുഭവാർത്തയാണ്. അതുകൊണ്ട് ശുഭോശങ്കർ എന്ന് വിളിക്കാം’’, കുഞ്ഞിനെ കൈയിലെടുത്ത് രവിശങ്കർ പറഞ്ഞു.
അവൾ സുർബഹാറിന്റെ ലോകത്തേയ്ക്ക് തിരിച്ചു പോയി. കുഞ്ഞ് നിരങ്ങിവന്ന് സുർബഹാർ പിടിച്ചു നോക്കും. ചിലപ്പോൾ 'അമ്മ വായിക്കുന്നത് നോക്കിനിൽക്കും. അന്നപൂർണ്ണയുടെ സാധകത്തിനൊപ്പം അവനും വളർന്നു.
രവിയ്ക്ക് വൈറൽ പനി വന്നു. ഓരോ ദിവസവും താപനില ഉയർന്നു കൊണ്ടിരുന്നു. ഭേദമാകുന്ന ലക്ഷണമൊന്നും കാണുന്നില്ല. ശരീരോഷ്മാവ് വർദ്ധിച്ച് 107F ഡിഗ്രിയിൽ എത്തി. ബാബ അസ്വസ്ഥനായി. ജീവൻ അപകടത്തിലാക്കുന്ന സ്ഥിതിയാണ്. ജഹനാരയുടെ കാര്യം ഓർമ്മ വന്നു. രവിയുടെ മൂത്തസഹോദരൻ രാജേന്ദ്രശങ്കറിനെ വിവരമറിയിച്ചു. അധികം വൈകാതെ സ്ഥലത്ത് എത്തിയ രാജേന്ദ്രശങ്കർ വളരെ പ്രയാസപ്പെട്ടാണ് രവിയെ കാറിൽ കയറ്റിയത്. രവി നടക്കുമ്പോൾ നിരവധി തവണ ബാലൻസ് തെറ്റി വീഴാൻ പോയി. മുംബൈയിലേക്ക് കൊണ്ടുപോയി. അവിടെ രാജേന്ദ്രശങ്കറിന്റെ ഭാര്യ ലക്ഷ്മിയും സഹോദരി കമലയും ഉണ്ടായിരുന്നു.
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്നപൂർണ്ണയും മകനും മുംബൈയിലെത്തി. രാജേന്ദ്രശങ്കർ അവർക്ക് തൊട്ടടുത്ത് വാടകവീട് എടുത്ത് നൽകി. കുഞ്ഞിനേയും രോഗിയായ ഭർത്താവിനെയും നോക്കുക എന്ന ഉത്തരവാദിത്വം അവൾ ഏറ്റെടുത്തു. ഈ തിരക്കിനിടയിലും സാധകം മുടക്കിയില്ല.
ദിവസങ്ങൾ കഴിഞ്ഞിട്ടും രവിയ്ക്ക് നേരിയ പുരോഗതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൂർണ്ണമായും സാധാരണ നിലയിലേക്ക് വന്നില്ല. അന്നപൂർണ്ണ പരിഭ്രാന്തിയിലായി. ഡോക്ടർ സമാധാനിപ്പിച്ചു, “ഭയപ്പെടേണ്ട, സമയമെടുക്കും.”
അത്യന്തം ക്ഷീണിതനായ രവിക്ക് സിതാർ വായിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അത് തൊടുമ്പോൾ കൈ വിറച്ചു. പനി നാഡീവ്യൂഹത്തെ ബാധിച്ചതുകാരണം ഭാഗികമായി മറവിരോഗങ്ങളും പിടിപെട്ടിരുന്നു. അന്നപൂർണ്ണയുടെ പേരുപോലും മറന്നു. പാതിമയക്കത്തിൽ അയാൾ മറ്റൊരു പേര് വിളിച്ചുകേട്ടപ്പോൾ അവൾ ഞെട്ടി.
തല മൊട്ടയടിച്ചു. ഊഷ്മാവ് കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ കുളിച്ചു. പനി കുറഞ്ഞപ്പോൾ അന്നപൂർണ്ണ രവിയെ കൂടെയിരുത്തി മറന്ന പാഠങ്ങൾ ഓർമ്മിപ്പിച്ചു. അയാളോടൊപ്പം സിതാർ വായിച്ച് എല്ലാവിധ ആത്മവിശ്വാസവും കൊടുത്തു. രാവും പകലും പരിചരിച്ചു. ഓർമ്മകൾ തിരിച്ചെടുക്കാനും സിതാറിൽ മറന്നുപോയ പാഠങ്ങൾ വീണ്ടെടുക്കാനും സഹായിച്ചു.

(അടുത്ത പാക്കറ്റിൽ തുടരും).
