‘കുടജാദ്രിയിൽ പോയിട്ടുണ്ടോ?’
‘എത്രയോ വട്ടം’ - അങ്ങനെ മറുപടി എഴുതാനാണ് തോന്നിയത്. നേർത്ത മഞ്ഞിൻപടലങ്ങൾ പരന്ന മറ്റൊരു കുടജാദ്രിയുടെ താഴ്വരയിലാണ് ഞാൻ. ഇവിടെയുമുണ്ട് സർവ്വജ്ഞ പീഠം - ഏത് ശങ്കരന്റെ കാലടികൾ പതിഞ്ഞതാണെന്ന് അറിയിലെങ്കിലും. യുഗങ്ങൾക്ക് മുമ്പ് ഏകാഗ്രമായ ധ്യാനത്തിന് ഇടംതേടി പേരറിയാത്ത എത്ര ആചാര്യന്മാർ ഈ മല കയറി പോയിട്ടുണ്ടാവും... തെളിവുകൾ കുന്നിന്റെ നെറുകയിൽ ചിതറിക്കിടക്കുന്നു. മഞ്ഞിൻ പടലങ്ങൾ വൃക്ഷത്തലപ്പുകളെ മറച്ചുകഴിഞ്ഞ ആ വൈകുന്നേരം കുടജാദ്രിയിലേക്ക് നോക്കി തിരുത്തി. ‘എത്രയോ വട്ടം -എം.ടിയുടെ വാനപ്രസ്ഥത്തിലൂടെ...’

കുന്നിൻ ചെരുവിലെ വീട്ടിലിരുന്ന് വാനപ്രസ്ഥം എത്ര വട്ടമാണ് വായിച്ചതെന്നോർമ്മയില്ല. ഓരോ തവണയും വിനോദിനിയ്ക്കും കരുണാകരൻ മാഷിനുമൊപ്പം ജീപ്പിൽ കുടജാദ്രിയിലേക്ക് പോയിരുന്നു. കുടജാദ്രി നടന്നു കയറിയിട്ടുണ്ട് - തൊട്ടു താഴെ അടുത്തവരി.
‘നമുക്കൊരുമിച്ചു പോകാം - ഒരിക്കൽ...’
എഴുത്ത് വായിച്ച് ഞാൻ ചിരിച്ചു. നടക്കാത്ത കാര്യമെന്ന് മനസിൽ പറയുമ്പോൾ വിഷമമുണ്ടായിരുന്നില്ല. കാല്പനികലോകത്തിരുന്ന് പറഞ്ഞു.
‘നമുക്കൊരുമിച്ചു പോകാം...’
എം.ടിയുടെ ‘ഒരു കഥ ജനിക്കുന്നു’ എന്ന പാഠഭാഗമാണ് ആദ്യം വായിച്ചതെന്നാണോർമ. ‘അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ’, ‘കുട്ട്യേടത്തി’, ‘ഇരുട്ടിന്റെ ആത്മാവ്’, ‘നിന്റെ ഓർമയ്ക്ക്’ തുടങ്ങിയ കഥകളുടെ രചനാ പശ്ചാത്തലം പറയുകയാണ്. സ്വന്തക്കാരെപ്പറ്റി കഥയെഴുതുന്നു എന്നതാണ് ഒരാക്ഷേപമെന്ന് എം.ടി. പിന്നീട് ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന കഥ എഴുതുകയാണ്. “എനിക്ക് സഹോദരിമാരില്ല. കുട്ടിക്കാലത്ത് ആ വിഷാദം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു അനിയത്തിയോ ഏട്ടത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്,” ഈ വരികൾ വായിച്ച് ഒരു ആവശ്യവുമില്ലാതെ ഞാനും വിഷാദിച്ചു. കാരണം എനിക്ക് സഹോദരന്മാരില്ലായിരുന്നു. ഒരു സഹോദരനുണ്ടായിരുന്നു എങ്കിൽ എന്ന് അന്നാദ്യമായി ആഗ്രഹിച്ചു. വാക്കിന്റെ ശക്തി!
വായനശാലയിൽ ആദ്യമായി പോയപ്പോൾ തിരഞ്ഞത് എം.ടിയുടെ പുസ്തകങ്ങളായിരുന്നു. കാഥികന്റെ പണിപ്പുരയിലെ ആ പാഠം എന്നെ അത്രമേൽ ബാധിച്ചിരുന്നു. 'കാല'മാണ് ആദ്യം കിട്ടിയ പുസ്തകം. പിന്നെ നാലുകെട്ട്, രണ്ടാമൂഴം, വാനപ്രസ്ഥം.… സ്വന്തക്കാരെപ്പറ്റി കഥ പറയുന്നു എന്ന വാക്കുകൾ എന്റെ മനസിൽ തട്ടിയിരുന്നു. എം.ടിയുടെ മാസ്മരിക ഭാഷ ഓരോ പുസ്തകത്തിലേക്കും വലിച്ചടുപ്പിച്ചു. എം.ടി എഴുതുന്നത് അദ്ദേഹത്തിന്റെ സ്വന്തക്കാരെപ്പറ്റിയാണെന്നും അത് വായിക്കാൻ എനിക്കിഷ്ടമാണെന്നുമാണ് അന്നത്തെ ഇഷ്ടം.

പിന്നീട് എഴുത്തിലേക്ക് വന്നപ്പോൾ അങ്ങനെയൊരു മാസ്മരിക ഭാഷ എനിക്കുമുണ്ടാവണം എന്ന് കൊതിച്ചിട്ടുണ്ട്. പക്ഷേ അത് എം.ടിയുടെ വള്ളുവനാടൻ ഭാഷ ആവരുതെന്നും നിർബന്ധമുണ്ടായിരുന്നു. എം.ടി എഴുതിയത് അധികവും കൂടല്ലൂരും പരിസരപ്രദേശവും അവിടുത്തെ ഭാഷയുമാണെന്ന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അത് അനുകരിക്കുകുന്നതല്ല വഴിയെന്നും. എഴുത്തിൽ ഞാൻ വളർന്ന പരിസരവും ഭാഷയുമാണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തിയതും എം.ടിയാണ്.
നാലുകെട്ടോ, ഫ്യൂഡൽ വ്യവസ്ഥിതിയോ, സവർണ്ണ ബിംബങ്ങളോ ഒന്നുമില്ലാത്ത ഒരിടമാണ് എന്റെ ജീവിത പരിസരമെങ്കിലും എം.ടിയെ ആ കൗമാരകാലത്ത് ആർത്തിയോടെ വായിച്ചു. കുടിയേറ്റക്കാരുടെ കഷ്ടതയും അദ്ധ്വാനവുമെല്ലാമാണ് ജീവിത പരിസരത്ത് കാണുന്നത്. വായനയിൽ മറ്റൊരു ലോകവും. വായന അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കാം. ഞാൻ ഏകാകിയായ പെൺകുട്ടിയായിരുന്നു. അതുകൊണ്ടാവാം ദംഷ്ട്രകൾ ഒളിപ്പിച്ച് ചിരിക്കുന്ന കുഞ്ഞാത്തോലിനെ സ്വപ്നം കണ്ടു. കാട്ടുപൊന്തകൾക്കിടയിലെ സഞ്ചാരത്തിൽ കുഞ്ഞാത്തോലിനെ പ്രതീക്ഷിച്ചു. ചിലപ്പോഴൊക്കെ മനസിനോട് ചോദിച്ചു.
'കുഞ്ഞാത്തോലിനെ കണ്ടാൽ പേടിക്കുമോ?'

അത്രയ്ക്കും ഏകാകിയായ ഒരുവൾക്ക്, ഉള്ളിൽ എന്തിനോടൊക്കെയോ നിരന്തരം കലഹിക്കുന്ന ഒരുവൾക്ക് എങ്ങനെയാണ് പേടി തോന്നുക എന്ന് മറുപടിയും പറഞ്ഞു. പക്ഷേ, ഒരിക്കലും 'ചെറിയ ചെറിയ ഭൂകമ്പങ്ങ'ളിലെ കുഞ്ഞാത്തോലിനെ കണ്ടെത്തിയില്ല. അപ്പുണ്ണിയും സേതുവുമൊക്കെ നായർ തറവാടുകളിലെ യുവാക്കളായിരുന്നിട്ടും വായനയിൽ അവരായിരുന്നിട്ടുണ്ട് അക്കാലത്ത്. സ്ത്രീയായിരുന്നിട്ട് അങ്ങനെ പറയാമോ എന്നു ചോദിച്ചേക്കാം. പക്ഷേ, അന്നത്തെ പതിനഞ്ചുകാരിക്ക് അങ്ങനെ വിചാരിക്കാനെ കഴിഞ്ഞിരുന്നുള്ളു എന്ന് സത്യമായി പറയുന്നു എന്നു മാത്രം. ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത് പിന്നീടുള്ള വായനയും തുടർപഠനവും സഞ്ചാരവും സൗഹൃദങ്ങളുമൊക്കെയാണ്. അതിനു മുമ്പത്തെ ഞാൻ പാഠപുസ്തകങ്ങൾക്കപ്പുറം, താഴ്വരയ്ക്ക് ചുറ്റുമുണ്ടായിരുന്ന മലകൾക്കപ്പുറം ലോകം കാണാത്ത ഒരാളാണ്. അപ്പോഴാണ് സേതുവും അപ്പുണ്ണിയും വേലായുധനും ലീലയുമൊക്കെ വന്ന് തൊടുന്നത്. ഞാനും 'ആൾക്കൂട്ടത്തിൽ തനിയെ' ആയിരുന്നു. മറ്റൊരിടത്തെ വീട്, പരിസരം... അതെന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. കഷ്ടപ്പെടുത്തി. എങ്ങോട്ടേയ്‌ക്കോ പറന്നു പോകാൻ മോഹിപ്പിച്ചു. എന്തിനെയൊക്കെയോ തല്ലിപ്പൊളിക്കാനുള്ള വീര്യം പകർന്നു.
'സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളു. സേതൂനോട് മാത്രം!' എന്ന് സുമിത്ര പറഞ്ഞത് എത്ര വലിയ തത്വശാസ്ത്രമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും ആത്യന്തികമായി ഇഷ്ടപ്പെടുന്നത് അവരവരെ തന്നെയാണ്. ചുറ്റുമുള്ളവർ വെറും ഉപകരണങ്ങൾ മാത്രം! നൈനി ദേവിയുടെ പേരിലറിയപ്പെട്ട ആ തടാകം വീടിനു മുന്നിലെ ആറാണെന്ന് സങ്കല്പിച്ചു. വൃശ്ചികം ധനുമാസത്തിലെ കുളിരിൽ വിമല എന്ന പോലെ ഞാൻ ആറ്റിലേക്കിറങ്ങി.
'വരും. വരാതിരിക്കില്ല'
പ്രതീക്ഷിച്ചു.
മഞ്ഞിന്റെ, തണുപ്പിന്റെ ആവരണത്തിൽ ഞാനത് ആവർത്തിച്ചു.
'വരും. വരാതിരിക്കില്ല'
കാത്തിരിപ്പ് വെറുതെയാണെന്ന് ചിലപ്പോഴെല്ലാം തിരിച്ചറിഞ്ഞു.
'എനിക്കൊന്നും വേണ്ട. ഒന്നു കണ്ടാൽ മാത്രം മതി'യെന്ന് വിമലയെപ്പോലെ വിങ്ങി.
മനസിന്റെ താഴ്വരയിലെവിടെയോ ഒരു മഞ്ഞുകട്ട ഉരുകുന്നു ...

ലൈബ്രറിയിൽ നിന്നുമെടുത്ത മഞ്ഞിൽ നിറച്ചും കുറിപ്പുകളായിരുന്നു. കവിത തുളുമ്പുന്ന കുറിപ്പുകൾ. വായിച്ച ആണും പെണ്ണുമൊക്കെ വിമലയായിരുന്നു. എഴുതിയ കുറിപ്പുകളുടെ താഴെ ചിലരെങ്കിലും പേരെഴുതി വെച്ചിരുന്നു. കാത്തിരിപ്പിന്റെ വേപഥു അതിൽ കാണാമായിരുന്നു. കോളേജ് ലൈബ്രറിയിൽ നിന്ന് രണ്ട് മാസം മുമ്പ് വീണ്ടുമെടുത്തു 'മഞ്ഞ്'. വായനക്കാരുടെ കാത്തിരിപ്പ് കുറിപ്പുകളില്ലാത്ത ഒറ്റപ്പേജുപോലുമില്ലായിരുന്നു. വെളുത്ത പ്രതലങ്ങളിലും അരികുകളിലും എഴുതി വെച്ചത് കൂടാതെ വരികൾക്കിടയിൽ വരെ ഹൃദയനൊമ്പരങ്ങൾ കുറിച്ചുവെച്ചിരിക്കുന്നു. ഏത് വെയിലിലും 'മഞ്ഞ്' കാണുന്നവർ... ഈ കുറിപ്പെഴുതാനിരിക്കുമ്പോൾ ആ കുറിപ്പുകളെഴുതിയ 'മഞ്ഞ് ' ഒന്നുകൂടി കാണുവാൻ തോന്നി. ലൈബ്രറിയിൽ ചോദിച്ചപ്പോൾ രണ്ട് കോപ്പികളുള്ളതും കുട്ടികളുടെ കൈയിലാണ്. മധുര പ്രണയത്തിന്റെ നഷ്ടസ്വപ്നങ്ങൾ നിറഞ്ഞ കുറിപ്പുകളുമായി അവർ വരും. വരാതിരിക്കില്ല!