മലയാളം
പഠിക്കുകതന്നെ വേണം

മലയാളം എന്ന മാതൃഭാഷയുടെ വർത്തമാനാവസ്ഥയും ഭാഷാസംരക്ഷണത്തിന്റെ രാഷ്ട്രീയവും വിശദമാക്കി ടി. ബി. വേണുഗോപാലപ്പണിക്കർ സംസാരിക്കുന്നു. ഡോ. എ. കെ. അബ്ദുൾ ഹക്കീം 2011-ൽ നടത്തിയ അഭിമുഖം.

നുഷ്യസംസ്ക്കാരത്തിന്റെ ചരിത്രം തന്നെയാണ് ഭാഷയുടേതും. കാല- വർഗ- ദേശ- വൈരുദ്ധ്യങ്ങളിലൂടെ പടർന്നുവളർന്ന മനുഷ്യരോടൊപ്പം ഭാഷയും രൂപപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്തു. ശബ്ദവും എഴുത്തും അച്ചടിയും മുതൽ വിവരസാങ്കേതിക വിദ്യയുടെ അത്യാധുനിക സങ്കേതങ്ങൾവരെ ഭാഷയെ ഉപയോഗിക്കുകയും ഭാഷയ്ക്കു വഴിപ്പെടുകയും ചെയ്യുമ്പോൾ പരിണാമ സിദ്ധാന്തത്തിലെ അതിജീവനതത്ത്വശാസ്ത്രം ഭാഷയ്ക്കും ബാധകമാവുകയാണ്. ഒരു പതിറ്റാണ്ടു മുമ്പു വരെ പ്രയോഗത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് ഭാഷകൾക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റനേകം ഭാഷകൾക്കൊപ്പം മലയാളവും ഭീഷണമായ ഭാവിയെ ഉറ്റുനോക്കുകയാണ്. സംരക്ഷണ മുദ്രാവാക്യവുമായി ഭാഷാസ്നേഹികൾ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. കാലവും ലോകവും മാറുമ്പോൾ ഭാഷ മാത്രം മാറാതിരിക്കുന്നതെങ്ങനെയെന്ന ചിന്തയും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. മാതൃഭാഷയുടെ വർത്തമാനാവസ്ഥയും ഭാഷാസംരക്ഷണത്തിന്റെ രാഷ്ട്രീയവും ഇവിടെ സുപ്രധാനമായിത്തീരുന്നു. കോഴിക്കോട് സർവ്വകലാശാലയിലെ മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാശാസ്ത്രജ്ഞനുമായ ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ സംസാരിക്കുന്നു.

ഡോ. എ. കെ. അബ്ദുൾ ഹക്കിം: ഭാഷാസംരക്ഷണസമിതി, മലയാളം ഐക്യവേദി തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങൾ കേരളത്തിൽ സജീവമാണ്. മാതൃഭാഷ എന്നത് ഇങ്ങനെ ‘സംര’ക്ഷിക്കപ്പെടേണ്ട ഒന്നാണോ? അല്ലെങ്കിൽ മാതൃഭാഷയെപ്പോലും ഇങ്ങനെ സംരക്ഷിക്കാനിറങ്ങേണ്ട ഒരവസ്ഥ എങ്ങനെയാണുണ്ടായത്?

ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ: മലയാളത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് കൊങ്ങിണിഭാഷയെക്കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറയാം. കൊങ്ങിണിക്ക് എഴുത്തില്ല എന്നായിരുന്നു നമ്മുടെയൊക്കെ ഒരു ധാരണ. തെറ്റുധാരണ എന്നും പറയാം. ദേവനാഗരി ലിപി സംസ്കൃതമെഴുതാനല്ല, കൊങ്ങിണി എഴുതാനായിരുന്നു കേരളത്തിൽ ഉപയോഗിച്ചിരുന്നത് എന്ന് പലർക്കുമറിയില്ല. മഹാരാഷ്ട്രയിലും ഗോവയിലുമൊക്കെ ഉപയോഗിച്ചിരുന്ന അതേ ലിപിയായിരുന്നു നമ്മളമുപയോഗിച്ചത്. വീട്ടുഭാഷ എന്നതിനപ്പുറം കൊങ്ങിണി ആർക്കും ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഗോവയിൽപ്പോലും മറ്റെല്ലാ ആവശ്യങ്ങൾക്കും പോർച്ചുഗിസോ അല്ലെങ്കിൽ മറാത്തിയോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ കൊങ്ങിണിഭാഷ മരിച്ചുപോയി എന്നു പറയാനാവില്ല. പക്ഷേ, അതൊരു ജീവിച്ചുപോകൽ മാത്രമാണ്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രയോഗമേഖലകൾ കണ്ടെത്താൻ കഴിയുമ്പോൾ മാത്രമേ ഒരു ഭാഷയ്ക്ക് സചേതനവും സജീവവുമായ അസ്തിത്വം അവകാശപ്പെടാനാവൂ. ഒരർഥത്തിൽ പറഞ്ഞാൽ ലോകത്തിലെ എല്ലാഭാഷകൾക്കും അതതിന്റേതായ കഴിവുകളും സവിശേഷതകളുമുണ്ട്. ഏതെങ്കിലും ഒരു ഭാഷ മറ്റൊരു ഭാഷയേക്കാൾ കേമമാണെന്നോ കഴിവുള്ളതാണെന്നോ വിചാരിക്കുന്നതിൽ അർത്ഥമില്ല. പക്ഷേ, കഴിവുകൾ വികസിക്കാനുള്ള സാഹചര്യമുണ്ടാകണം. കൈകൊണ്ടുള്ള അദ്ധ്വാനം അവസാനിപ്പിച്ചാൽ കൈയിലുള്ള നമ്മുടെ മസിലുകൾ ശക്തി ക്ഷയിച്ച് ദുർബ്ബലമാവും എന്നു പറയുന്നതു പോലെയാണ് ഭാഷയുടെയും സ്ഥിതി. ഉപയോഗിക്കപ്പെടാത്ത ഭാഷ ചൈതന്യമറ്റ് നാമാവശേഷമായിപ്പോവും. ഒരുപാട് ദേശങ്ങളിലും സന്ദർഭങ്ങളിലും ഉപയോഗിക്കാൻ സന്ദർഭം ലഭിച്ചതുകൊണ്ടാണ് ഇംഗ്ലീഷ് സമ്പന്നമായ ഒരു ഭാഷയായിത്തീർന്നത്. പഴയ കാലത്ത് ഇത്തരത്തി ലുള്ള ഒരു സജ്ജീകരണം നടത്തിയതുകൊണ്ടാണ് സംസ്കൃതം അന്ന ത്തെ നിലയ്ക്ക് ഒരു വികസിതഭാഷയായിത്തീർന്നത്.

ദേവനാഗരി ലിപി സംസ്കൃതമെഴുതാനല്ല, കൊങ്ങിണി എഴുതാനായിരുന്നു കേരളത്തിൽ ഉപയോഗിച്ചിരുന്നത് എന്ന് പലർക്കുമറിയില്ല.
ദേവനാഗരി ലിപി സംസ്കൃതമെഴുതാനല്ല, കൊങ്ങിണി എഴുതാനായിരുന്നു കേരളത്തിൽ ഉപയോഗിച്ചിരുന്നത് എന്ന് പലർക്കുമറിയില്ല.

ഇനി ഞാൻ നിങ്ങളുടെ ചോദ്യത്തിലേക്കു വരാം. ഭാഷ ഉപയോഗിക്കാനുള്ള മേഖലകൾ കൂടുതൽ വിപുലപ്പെടുത്തുക എന്ന അർഥത്തിലാണ് നാം മാതൃഭാഷയെ സംരക്ഷിക്കേണ്ടത്. അതേപോലെ മാതൃഭാഷ പഠിക്കാനുള്ള സന്ദർഭം അല്ലെങ്കിൽ സാഹചര്യം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മുതലായ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സാമാന്യ വ്യവഹാരത്തിന് മാത്രം ഉപയോഗിക്കാൻ തുടങ്ങിയാൽ, പിന്നീടത് സാമാന്യവ്യവഹാരത്തിന് മാത്രമുതകുന്ന ഒരു ഭാഷയായി മാറിപ്പോകും. അതിനാൽ സാഹിത്യം, ശാസ്ത്രം, ഭരണം, വിദ്യാഭ്യാസം മുതലായ വിശേഷവ്യവഹാരങ്ങൾക്കും നമ്മുടെ ഭാഷതന്നെ ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണപ്രവർത്തനമാണ് നാം ഏറ്റെടുക്കേണ്ടത്.

മാതൃഭാഷയുടെ വളർച്ചയ്ക്ക് ശ്രമിക്കാതെ അന്യഭാഷയെ അമിതമായി ആശ്രയിക്കുന്ന ഒരവസ്ഥ നമ്മുടെ ഇടയിലുണ്ടോ?

നമ്മുടെ ഭാഷാപദങ്ങൾ ഉപയോഗിച്ചുകൊണ്ട് പുതിയ പ്രയോഗങ്ങളും വാക്യങ്ങളും കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടാണ് അന്യഭാഷാപദങ്ങൾ അമിതമായി കടംകൊള്ളേണ്ട അവസ്ഥ നമുക്കുണ്ടായത്. അന്യഭാഷാപദങ്ങൾ സ്വീകരിക്കുന്നത് തെറ്റാണെന്നോ അങ്ങനെ ചെയ്യാൻ പാടില്ലെന്നോ അല്ല ഞാൻ പറയുന്നത്. തമിഴരൊക്കെ ചെയ്യുന്നതുപോലെ സ്വന്തം ഭാഷാപദങ്ങൾ ഉപയോഗിച്ച് പുതിയ പദസംയു ക്തങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയുന്നില്ല. പ്രൈമറി സ്കൂളിന് 'തുടക്കപ്പള്ളി' എന്നും പൊലീസ് സ്റ്റേഷന് 'കാവൽനിലയം' എന്നും തമിഴ്‌ഭാ ഷാപദങ്ങൾ കണ്ടെത്താൻ അവർക്ക് എളുപ്പത്തിൽ സാധിക്കുന്നു. ഇത്തരത്തിൽ പ്രയോഗങ്ങൾ കണ്ടെത്താൻ ശ്രമിച്ചാലേ ഒരു ഭാഷയ്ക്ക് വളർച്ചയുണ്ടാകൂ. എല്ലാം കടംവാങ്ങുക എന്ന സ്ഥിതിയിലാണ് നമ്മുടെ ഭാഷ ഇപ്പോഴുള്ളത്. പ്രാദേശികമോ സാമൂഹികമോ ആയ വ്യത്യാസങ്ങളുണ്ടാവാമെങ്കിലും പൊതു സമ്പർക്കത്തിനു വേണ്ടി നിലവാരപ്പെട്ട ഒരു ഭാഷ നമുക്കുണ്ടാക്കാൻ സാധിക്കണം. അതിന്റെ സ്വഭാവം വിശദീകരിക്കാൻ കഴിയണം. വൈജ്ഞാനികമേഖലയടക്കമുള്ള വിവിധ മേഖലകളിൽ നമുക്ക് നമ്മുടെ ഭാഷ ഉപയോഗിക്കാൻ സാധിക്കണം.

വൈജ്ഞാനികമേഖലയിലും മറ്റും മാതൃഭാഷ ഉപയോഗിക്കാത്തതാണോ ഉപയോഗിക്കാൻ സാധിക്കാത്തതാണോ ഇത്തരമൊരവസ്ഥയ്ക്ക് കാരണം?

നമ്മുടേതായ ഏതെങ്കിലും ദാർശനിക ചിന്തകൾ മാതൃഭാഷയിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ അത് നോവലുകളിലാണ്. എന്നുവെച്ചാൽ, സാഹിത്യമാണ് പ്രധാനപ്പെട്ട നമ്മുടെ രചനാമാദ്ധ്യമം. തത്ത്വചിന്ത എന്നൊന്ന് നമ്മുടെ ഭാഷയിലില്ല. പിന്നെ സ്വല്പമുള്ളത് ചരിത്രമാണ്. കേരളചരിത്രം കുറച്ചെങ്കിലും നമ്മൾ മലയാളത്തിലെഴുതിയിട്ടുണ്ട്. മറ്റ് വിഷയങ്ങളെക്കുറിച്ചൊന്നും നമ്മൾ മലയാളത്തിൽ എഴുതുന്നേയില്ല. 'സി. വി. രാമനെ നമുക്കെന്നാണ് മലയാളത്തിൽ വായിക്കാനാവുക?' എന്ന് കൊല്ലങ്ങൾക്ക് മുൻപ് ഇ. എം.എസ്. ചോദിച്ചിട്ടുണ്ട്. നമ്മുടെ ചിന്തയ്ക്കും എഴുത്തിനും എവിടെയോ വന്ന ചില തരക്കേടുകൾകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.

'സി. വി. രാമനെ നമുക്കെന്നാണ് മലയാളത്തിൽ വായിക്കാനാവുക?' എന്ന് കൊല്ലങ്ങൾക്ക് മുൻപ് ഇ. എം.എസ്. ചോദിച്ചിട്ടുണ്ട്.
'സി. വി. രാമനെ നമുക്കെന്നാണ് മലയാളത്തിൽ വായിക്കാനാവുക?' എന്ന് കൊല്ലങ്ങൾക്ക് മുൻപ് ഇ. എം.എസ്. ചോദിച്ചിട്ടുണ്ട്.

ഒരു ഭാഷ എന്ന നിലയിൽ മലയാളം അനുഭവിക്കുന്ന ദാരിദ്ര്യം വലിയൊരു പ്രശ്നം തന്നെയല്ലേ? അതിസമ്പന്നമായ വിഷയമേഖലകൾ ദരിദ്രമായ ഒരു ഭാഷയിലൂടെ സംവേദനം ചെയ്യുക അതീവ ദുഷ്കരമല്ലേ?

നിങ്ങൾ പറഞ്ഞത് കുറെയൊക്കെ ശരിതന്നെയാണ്. പക്ഷേ, വെള്ളത്തിലിറങ്ങാതെ നീന്തൽ പഠിക്കാനാവില്ല എന്ന കാര്യം മറക്കരുത്. ആധുനികവിദ്യകൾ മലയാളത്തിലില്ല എന്നു പറയുന്നതുപോലെ, പ്രാചീനവിദ്യകളും അധികമൊന്നും മലയാളത്തിലില്ല. ഇന്ത്യൻ മാത്തമാറ്റിക്സിനെ നമുക്ക് മാറ്റി നിർത്താം. ആര്യഭട്ടനും ബ്രഹ്മഗുപ്തനും ഇന്ത്യയിൽ ജീവിച്ചിരുന്നു എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. ഇരിങ്ങാലക്കുടക്കാരൻ സംഗമഗ്രാമമാധവൻ കേരളത്തിൽ ജീവിച്ചിരുന്ന ആളായിരുന്നല്ലോ. സംഗമഗ്രാമമാധവന്റെ സംഭാവനകൾ എന്തായിരുന്നുവെന്ന് മലയാളത്തിൽ വായിച്ച് മനസ്സിലാക്കാൻ എന്തു വഴിയാണുള്ളത്? ഇ. എം.എസ്. പറഞ്ഞ സി.വി. രാമനെ നമുക്ക് വിടാം. സംഗമഗ്രാമമാധവനെ മനസ്സിലാക്കാൻ ജോർജ് ഗീവർഗീസ് ജോസഫ് എന്ന മലയാളി ഇംഗ്ലീഷിലെഴുതിയ 'ദ ക്രസ്റ്റ് ഓഫ് ദ പീ ക്കോക്ക്' എന്ന പുസ്തകം നോക്കേണ്ട അവസ്ഥയിലല്ലേ? 11530-ൽ എഴുതപ്പെട്ട 'യുക്തിഭാഷ' എന്ന ഗണിതശാസ്ത്രകൃതിയുടെ ഇംഗ്ലീഷ് വിവർത്തനമേ ഇപ്പോൾ കിട്ടാനുഉള്ളൂ എന്നതാണ് നമ്മുടെ അവസ്ഥ. മതതത്ത്വചിന്തയ്ക്കപ്പുറമുള്ള ഒരു ഫിലോസഫിയും മലയാളത്തിൽ നമുക്ക് ലഭ്യമല്ല. മലയാളത്തിന്റേതായ ഒരു ചിന്താപദ്ധതി വളർന്നുവരാത്തതിന്റെ പ്രധാനകാരണം. ഫിലോസഫികളൊന്നും നമ്മൾ മലയാളത്തിൽ ചർച്ചചെയ്തില്ല എന്നതാണ്. സയൻസിൻറെയും മറ്റു വൈജ്ഞാനികവിഷയങ്ങളുടെയുമൊക്കെ സ്ഥിതി ഇതാണ്.

സംഗമഗ്രാമമാധവനെ മനസ്സിലാക്കാൻ ജോർജ് ഗീവർഗീസ് ജോസഫ് എന്ന മലയാളി ഇംഗ്ലീഷിലെഴുതിയ 'ദ ക്രസ്റ്റ് ഓഫ് ദ പീ ക്കോക്ക്' എന്ന പുസ്തകം നോക്കണം.
സംഗമഗ്രാമമാധവനെ മനസ്സിലാക്കാൻ ജോർജ് ഗീവർഗീസ് ജോസഫ് എന്ന മലയാളി ഇംഗ്ലീഷിലെഴുതിയ 'ദ ക്രസ്റ്റ് ഓഫ് ദ പീ ക്കോക്ക്' എന്ന പുസ്തകം നോക്കണം.

ബൗദ്ധ-ജൈന തത്ത്വചിന്തകൾ പോലും മലയാളത്തിൽ ലഭ്യമല്ല. ഇന്ത്യൻ ഭാഷകളിൽ ഹിന്ദിയാണ് ഇക്കാര്യത്തിൽ മുമ്പിലുള്ളത്. ഹിന്ദു കെമിസ്ട്രി എന്ന പുസ്തകം എത്രയോ കൊല്ലങ്ങൾക്കു മുമ്പ് ഇംഗ്ലീഷിൽ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ആയുർവ്വേദത്തിൽ ചരകന്റെ അഷ്ടാംഗഹൃദയം വ്യാഖ്യാനം മാത്രമായിരുന്നു നമുക്കുണ്ടായിരുന്നത്. അതിനാൽ ദരിദ്രഭാഷയാണെന്നും പറഞ്ഞ് വെള്ളത്തിലിറങ്ങാതിരിക്കുകയല്ല. വെള്ളത്തിലിറങ്ങിയശേഷം ഉണ്ടാവുന്ന പരിമിതികളെ പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ആദ്യമൊക്കെ കുറേ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെങ്കിലും വിവർത്തനങ്ങളെയും മറ്റും ആശ്രയിച്ചുകൊണ്ട് അതിനെല്ലാം പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ.

ഒന്നാം ഭാഷയായി എല്ലാവരും മലയാളം പഠിക്കണം എന്ന് നിർബ്ബന്ധിക്കുമ്പോഴും നമ്മൾ പ്രശ്നങ്ങളിൽ ചെന്നു ചാടുന്നുണ്ട്. എത്ര ക്ലാസ് വരെ നമുക്കിങ്ങനെ നിർബന്ധം പിടിക്കാൻ കഴിയും?

ഹിന്ദിയുടെയോ തമിഴിന്റെയോ പോലും പാരമ്പര്യം അവകാശപ്പെ ടാനില്ലാത്ത, ബാല്യദശയിൽ മാത്രം നിൽക്കുന്ന ഒരു ഭാഷയിൽ നിന്ന് ഇതിൽ കൂടുതലായി എന്തെങ്കിലും പ്രതീക്ഷിക്കുന്നത് മൗഢ്യമല്ലേ?

അങ്ങനെ പറയുന്നത് ശരിയല്ല. ഇതിൽനിന്നൊന്നും മാറിനിൽക്കുകയോ മടിച്ചുനിൽക്കുകയോ ചെയ്ത ഭാഷയായിരുന്നില്ല മലയാളം. തിരുക്കുറലിന്റെ ആദ്യത്തെ വ്യാഖ്യാനം വന്നത് മലയാളത്തിലാണ്. ഭാഷാകൗടലീയം പതിമൂന്നാം നൂറ്റാണ്ടിൽത്തന്നെ ഉണ്ടായിട്ടുണ്ട്. ഹൈന്ദവധർമസുധാകരം മലയാളത്തിലുണ്ട്. പുരാണിക് എൻസൈക്ലോപീഡിയ തർജ്ജമ ചെയ്തത് മലയാളത്തിൽ നിന്നാണ്. ഇതൊക്കെ ഒറ്റപ്പെട്ട ശ്രമങ്ങളാണെങ്കിലും ഉപയോഗിക്കാൻ തുടങ്ങിയാൽ കൊള്ളാവുന്ന ഒരു ഭാഷ തന്നെയാണ് നമ്മളുടേത് എന്നതിന് ഇവ തെളിവ് നൽകുന്നുണ്ട്. പാരമ്പര്യം സ്വയംഭൂവായ ഒന്നല്ല.

സംഗമഗ്രാമമാധവനെ മനസ്സിലാക്കാൻ ജോർജ് ഗീവർഗീസ് ജോസഫ് എന്ന മലയാളി ഇംഗ്ലീഷിലെഴുതിയ 'ദ ക്രസ്റ്റ് ഓഫ് ദ പീ ക്കോക്ക്' എന്ന പുസ്തകം നോക്കേണ്ട അവസ്ഥയിലല്ലേ?
സംഗമഗ്രാമമാധവനെ മനസ്സിലാക്കാൻ ജോർജ് ഗീവർഗീസ് ജോസഫ് എന്ന മലയാളി ഇംഗ്ലീഷിലെഴുതിയ 'ദ ക്രസ്റ്റ് ഓഫ് ദ പീ ക്കോക്ക്' എന്ന പുസ്തകം നോക്കേണ്ട അവസ്ഥയിലല്ലേ?

ജൂതമത ചിന്തയ്ക്കപ്പുറം യാതൊരു പ്രസക്തിയുമില്ലാത്ത ഭാഷയായിരു ന്നു ഹീബ്രു. മത തത്ത്വചിന്തകൾ പഠിക്കാൻ വേണ്ടി മാത്രമായിരുന്നു ജൂതന്മാർ ഹീബ്രു പഠിച്ചിരുന്നത്. എന്നാലിപ്പോൾ എല്ലാ ആധുനിക വിദ്യയ്ക്കുമുള്ള വാഹനമായി അവരുപയോഗിക്കുന്നത് ഹീബ്രു ഭാഷതന്നെയാണ്. എവിടെയോവെച്ച് മലയാളത്തെ നമ്മൾ ഉപേക്ഷിക്കാൻ തുടങ്ങി എന്നതാണ് വസ്തുത. സാഹചര്യവും പരിശ്രമവുമാണ് പാരമ്പര്യത്തേക്കാൾ പ്രധാനം എന്നാണ് എന്റെ അഭിപ്രായം.

മാതൃഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ട് ഈ പ്രശ്നത്തെ മറികടക്കാനാവുമോ?

ഒന്നാം ഭാഷയായി എല്ലാവരും മലയാളം പഠിക്കണം എന്ന് നിർബ്ബന്ധിക്കുമ്പോഴും നമ്മൾ പ്രശ്നങ്ങളിൽ ചെന്നു ചാടുന്നുണ്ട്. എത്ര ക്ലാസ് വരെ നമുക്കിങ്ങനെ നിർബന്ധം പിടിക്കാൻ കഴിയും? പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ കഴിയുന്നതോടെ ഈ നിർബന്ധം നമുക്കുപേക്ഷിക്കേണ്ടി വരുന്നു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും ലോകത്തിലെ മറ്റ് ദേശങ്ങളിലും സമ്പർക്കം പുലർത്താൻ നമ്മുടെ ഭാഷകൊണ്ട് മാത്രം സാധിക്കില്ല എന്നത് വസ്തുത തന്നെയാണ്. ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇംഗ്ലീഷും ഹിന്ദിയും പഠിക്കൽ നമ്മെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ്. എങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും മാതൃഭാഷ പഠിച്ചിരിക്കണമെന്ന് ആശിക്കുകയെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിട്ടുണ്ട്. മലയാളഭാഷയുടെ ആവിഷ്കരണശേഷി വർദ്ധിക്കുന്നതോടെ നമ്മുടെ സ്വതന്ത്രചിന്തയും വർദ്ധിക്കും എന്ന കാര്യം ഉറപ്പാണ്. ലോകത്തെല്ലായിടത്തും അങ്ങനെയാണ് കണ്ടിട്ടുള്ളതും.

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും ലോകത്തിലെ മറ്റ് ദേശങ്ങളിലും സമ്പർക്കം പുലർത്താൻ നമ്മുടെ ഭാഷകൊണ്ട് മാത്രം സാധിക്കില്ല എന്നത് വസ്തുത തന്നെയാണ്.

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള എളുപ്പമാർഗം, അവരെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കുകയാണ് എന്ന യുക്തിയിലാണ് വലിയൊരു വിഭാഗം മലയാളികൾ വിശ്വസിക്കുന്നത്?

ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അഹങ്കാരം അവസാനിപ്പിക്കാനുള്ള ഏക പോംവഴി, സാധാരണ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതാണ്. ഇംഗ്ലീഷ് മീഡിയത്തിന്റെ വക്താക്കൾ മുഴുവൻ അവകാശപ്പെടുന്ന ഏക കാര്യം കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നതാണ്. ഇത് ശരിയാണോ അല്ലയോ എന്നത് വേറെ കാര്യമാണെങ്കിലും ഈയിടെയായി നമ്മുടെ പൊതുവിദ്യാലയങ്ങളിലും ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങിയത് കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഗുണകരമായ നടപടിയാണ്. ഇംഗ്ലീഷിനോട് ഭയമില്ലാത്ത ഒരവസ്ഥ ഉണ്ടാകുന്നതിനും മലയാളീകരിക്കപ്പെട്ട ഇംഗ്ലീഷിലെങ്കിലും തെറ്റുകൂടാതെ ആശയവിനിമയം നടത്താനുള്ള കഴിവുണ്ടാകുന്നതിനും ഇത് സഹായിക്കും. 'ഇംഗ്ലീഷാണ് സാഹിത്യം' എന്ന ധാരണയിൽ നിന്നൊക്കെ സാവധാനമെങ്കിലും നമുക്ക് രക്ഷപ്പെടാനും സാധിക്കും.

മാതൃഭാഷയോടുള്ള ഈ വിപ്രതിപത്തി, ഇംഗ്ലീഷിനോടുണ്ടായ അമിതമായ പ്രതിപത്തിയിൽനിന്നുണ്ടായതാണോ? കൊളോണിയൽ രാ ഷ്ട്രീയാവസ്ഥയ്ക്കു ശേഷവും നിലനിൽക്കുന്ന സാംസ്ക്കാരിക കൊളോണിയലിസം എന്ന് അതിനെ വിളിക്കാമോ?

കൊളോണിയൽ അധിനിവേശം എന്ന കുറ്റപ്പെടുത്തലിൽ അധികം കാര്യമൊന്നുമില്ല. കൊളോണിയലിസത്തെ അധികമായി നമ്മൾ സ്വീകരിച്ചുതുടങ്ങിയത് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ ശേഷമാണ്. തിരുവിതാംകൂർ സർവ്വകലാശാല രൂപവത്കരിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത് മലയാളത്തിലാണ് എന്ന് എത്രപേർക്കറിയാം? കേരളാ യൂണിവേഴ്‌സിറ്റി യുടെ മുമ്പിലുള്ള രാജാവിൻറ പ്രതിമയുടെ ചുവട്ടിൽ ആ ഉത്തരവ് മലയാളത്തിൽ ഇന്നും നമുക്ക് കാണാം. ഈ ഉത്തരവിന്റെ രണ്ട് കോപ്പി ഇംഗ്ലീഷിൽ തയ്യാറാക്കി, ഒന്ന് മദ്രാസിലേക്കയയ്ക്കണമെന്നും ഒന്ന് ഫയലിൽ സൂക്ഷിക്കണമെന്നും കൂടി ഉത്തരവിലുണ്ട്. ഇംഗ്ലീഷുകാർ ഭരിക്കുന്ന കാലത്തിറങ്ങിയ ഉത്തരവ് മലയാളത്തിലും ഇന്ന് സെക്രട്ടറിയേറ്റിൽ നിന്നിറങ്ങുന്ന സർക്കാർ ഉത്തരവുകൾ ഇംഗ്ലീഷിലും! മലബാറിലാവട്ടെ, ബ്രിട്ടീഷ് ഭരണകാലത്തെ ജില്ലാതലം വരെയുള്ള ഭരണകാര്യങ്ങളെല്ലാം മലയാളത്തിലായിരുന്നു നടത്തിയിരുന്നത്. മലയാളത്തിലുള്ള ഫയലുകളും ഉത്തരവുകളും വായിച്ചുകേട്ട് ബോദ്ധ്യപ്പെട്ടിട്ടായിരുന്നു സായിപ്പന്മാരായ കളക്ടർ അടക്കമുള്ളവർ അന്ന് ഒപ്പിട്ടിരുന്നത്. മനസ്സു വെച്ചാൽ ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളുവെങ്കിലും നമ്മുടെ ഭരണഭാഷ ഇന്നും ഇംഗ്ലീഷായി തുടരുകയാണ്.

ഇവിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു കുട്ടി, മലയാളം പഠിച്ചിരിക്കണമെന്ന് പറയുന്നത് ന്യായമായ ഒരാവശ്യമാണ്.
ഇവിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു കുട്ടി, മലയാളം പഠിച്ചിരിക്കണമെന്ന് പറയുന്നത് ന്യായമായ ഒരാവശ്യമാണ്.

കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കണമെന്നാണ് ഭാഷാസ്നേഹികളുടെ പ്രധാന ആവശ്യം. എന്നാൽ പഠനം അല്ലെങ്കിൽ ബോധനം നിർബന്ധമായും മാതൃഭാഷയിലായിരിക്കണം എന്നു വാദിക്കുന്നവരും ഇവിടെയുണ്ട്. താങ്കളുടെ അഭിപ്രായമെന്താണ്?

ഇവിടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു കുട്ടി, മലയാളം പഠിച്ചിരിക്കണമെന്ന് പറയുന്നത് ന്യായമായ ഒരാവശ്യമാണ്. മാതൃഭാഷ പഠിക്കാതെ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയുന്ന ലോകത്തെ ഒരേയൊരു സ്ഥലം ഒരുപക്ഷേ, ഇവിടെയാകും. എന്നാൽ ബോധനമാധ്യമം പൂർണ്ണമായി മലയാളമാക്കുക എന്ന കാര്യത്തിൽ നമുക്ക് നിർബന്ധം പിടിക്കാനാവില്ല. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിലൊക്കെ വേറെ ഭാഷക്കാരുണ്ട് എന്നതും കേരളത്തിൽനിന്ന് മറ്റ് ദേശങ്ങളിലേക്ക് തൊഴിൽ തേടിയും ജോലി മാറിയും പോകുന്നവരുണ്ട് എന്നതും ശ്രദ്ധിക്കണം. മലയാളികൾക്ക് അങ്ങനെയൊരു താല്പര്യമില്ല എന്നതും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. മലയാളം എഴുതാനും വായിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നവരാവണം കേരളത്തിൽനിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർ എന്നേ നമുക്ക് നിർബന്ധം പിടിക്കാനാവൂ.

മലയാളം എഴുതാനും വായിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നവരാവണം കേരളത്തിൽനിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർ എന്നേ നമുക്ക് നിർബന്ധം പിടിക്കാനാവൂ.

മാതൃഭാഷയ്ക്കുവേണ്ടി പറയുന്നവർ ഇംഗ്ലീഷ് വിരോധികളാണെന്നും ഇംഗ്ലീഷിനുവേണ്ടി സംസാരിക്കുന്നവർ മാതൃഭാഷാ വിരോധികളുമാണെന്നുമുള്ള ഒരു ധാരണ ഇവിടെ രൂപപ്പെട്ടിട്ടു ണ്ട്. ഇംഗ്ലീഷ് V/s മലയാളം എന്ന മാതിരിയുള്ള ഒരു കാഴ്ചപ്പാട്?

ഇത്തരത്തിലുള്ള ധാരണകൾ തെറ്റാണെന്ന് മാത്രമല്ല അപകടകരം കൂടിയാണ്. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് നമ്മൾ പറയുന്നത് ഇംഗ്ലീഷിനുള്ള അമിത പ്രാധാന്യം കുറയ്ക്കുന്നതിനുള്ള എളുപ്പമാർഗം എന്ന നിലയിലാണ്. ഇംഗ്ലീഷ് നന്നായി പഠിച്ച ഒരാൾക്ക് മലയാളം കൈകാര്യം ചെയ്യാൻ എന്തെങ്കിലും പ്രയാസമുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അതേപോലെ മാതൃഭാഷ നന്നായി സ്വാംശീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ, ഇംഗ്ലീഷെന്നല്ല മറ്റേതൊരു ഭാഷയും നന്നായി ഉൾക്കൊള്ളാനും കൈകാര്യം ചെയ്യാനും കഴിയൂ. മാതൃഭാഷയെ അവഗണിച്ചുകൊണ്ടല്ല മറ്റ് ഭാഷകൾ തേടിപ്പോവേണ്ടത്. അതേപോലെ അന്യഭാഷാപ്രേമംകൊണ്ട് കൈവിട്ടു പോവുന്നതല്ല മാതൃഭാഷയുടെ രുചിയും ചൈതന്യവും.

ഭാഷ ജൈവികമായ ഒരു പ്രക്രിയയാണെന്നിരിക്കെ, അത് ‌പരിണാമങ്ങൾക്ക് വിധേയവുമാണ്. എന്നാൽ ഭാഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ആധിയോടെയാണ് പലരും വീക്ഷിക്കുന്നത്?

മലയാളത്തിന് ഒരു മാറ്റവും സംഭവിക്കാൻ പാടില്ലെന്ന രീതിയിലുള്ള യാഥാസ്ഥിതിക വാദത്തോട് എനിക്ക് യോജിപ്പില്ല. പക്ഷേ, ഇംഗ്ലീഷ്, സംസ്കൃതം മുതലായ ഭാഷകളോടുള്ള അമിതമായ വിധേയത്വം കാരണം മാതൃഭാഷയെ നമ്മൾ വല്ലാതെ വ്യഭിചരിക്കുന്നുണ്ട്. അദ്ദേഹം അവിടെ 'ഉപവിഷ്ടനായി' എന്നു പറയു ന്നതിനേക്കാൾ 'ഇരുന്നു' എന്നു പറയുന്നതല്ലേ കുറച്ചുകൂടി നല്ലത്? ശ്രോതാക്കൾ എന്നതിനേക്കാൾ നല്ല പദമല്ലേ 'കേൾവിക്കാർ' എന്നത്? 96 ശതമാനം ആളുകൾ മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷയാണ് മലയാളം. തമിഴുപോലും, തമിഴ് നാട്ടിലെ 90 ശതമാനം ആളുകൾ മാത്രമേ മാതൃഭാഷയായി ഉപയോഗി ക്കുന്നുള്ളൂ. ജൈവികമായ പരിണാമങ്ങൾ ഭാഷയിലും സംഭവിക്കുക എന്നത് സ്വാഭാവികമാണ്. എന്നാൽ നേരത്തേ പറഞ്ഞതു പോലെയുള്ള കാരണങ്ങൾകൊണ്ട് ഒരു ഭാഷയുടെ സ്വത്വം നഷ്ടപ്പെടുന്നത് ആശാസ്യമല്ല. അത്തരം ഘട്ടങ്ങളിൽ ആസൂത്രിതമായ സംരക്ഷണമാർഗ്ഗങ്ങൾ ചിലപ്പോൾ സ്വീകരിക്കേണ്ടി വരും.

നമുക്കിപ്പോഴുള്ള യൂണിവേഴ്‌സിറ്റികളിലെ മലയാളം വകുപ്പുകളുടെ അതേ പണിയെടുക്കാനാണെങ്കിൽ, മലയാളത്തിന് സ്വന്തമായി ഒരു സർവ്വകലാശാലയുടെ ആവശ്യമില്ല.
നമുക്കിപ്പോഴുള്ള യൂണിവേഴ്‌സിറ്റികളിലെ മലയാളം വകുപ്പുകളുടെ അതേ പണിയെടുക്കാനാണെങ്കിൽ, മലയാളത്തിന് സ്വന്തമായി ഒരു സർവ്വകലാശാലയുടെ ആവശ്യമില്ല.

മൊബൈൽഫോൺ മുതൽ ഇൻറർനെറ്റ് വരെയുള്ള ആവിഷ്കാരസാധ്യതകളിലൂടെ ഭാഷയുടെ ഘടനയിലും സ്വഭാവത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഭാഷ യിലുണ്ടാകുന്ന ഈ മാറ്റങ്ങളെ തടയാൻ നമുക്ക് സാധിക്കുമോ? അല്ലെങ്കിൽ അങ്ങനെ തടയാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ടോ?

മറ്റ് ഭാഷാപദങ്ങളുടെ സഹായമില്ലാതെ നിലനിൽക്കാനാവുന്ന അവ സ്ഥയിലല്ല നമ്മുടെ മാധ്യമങ്ങളും സാങ്കേതികവിദ്യയും. സാങ്കേതികവിദ്യയിൽ ഇംഗ്ലീഷിന്റെയും ശുദ്ധ ശാസ്ത്രത്തിൽ സംസ്കൃതത്തിന്റെയും സഹായമില്ലാതെ നമുക്കിന്ന് നിലനില്പില്ല. ഇഷ്ടമായാലും ഇല്ലെങ്കിലും, ഇത്തരത്തിലുള്ള ചില മാറ്റങ്ങളെ സ്വീ കരിക്കുകയല്ലാതെ മറ്റു മാർഗമൊന്നും നമ്മുടെ മുമ്പിലില്ല. പക്ഷേ, ടെലിവിഷൻ അവതാരകരിൽ ചിലർ കാണിക്കുന്ന തരത്തിലുള്ള ഭാഷാഭാസങ്ങൾ കാണിക്കാതെയും പരിപാടികൾ അവതരിപ്പിക്കാൻ ക ഴിയും എന്ന് ടിവിയിലുള്ളവർതന്നെ തെളിയിക്കുന്നുണ്ട്. മാതൃഭാഷ മലയാളമല്ലാത്തവർ പറയുന്ന തരത്തിൽ മലയാളം പറയുന്നവരുണ്ട്. അതേപോലെ, തെറ്റുകൾ കൊണ്ട് സമ്പന്നമായ ഇംഗ്ലീഷ് പറയുന്നവ രാണ് വേറെ കുറേയാളുകൾ താത്കാലികമായി ആളുകളെ ആകർഷി ക്കുന്ന ഒരു ഫാഷൻ' എന്നേ അതിനെക്കുറിച്ച് പറയേണ്ടതുള്ളൂ. എല്ലാ മാറ്റവും നമുക്ക് തടഞ്ഞു നിർത്താനാവില്ല. പക്ഷേ, അതിൽ പലതും പരിഹാസ്യമാണ് എന്ന് നമുക്കിനിയെങ്കിലും തോന്നിത്തുടങ്ങുന്നത് നല്ലതായിരിക്കും.

ഒരു പഞ്ചവത്സര ആസൂത്രണം മലയാള സർവ്വകലാശാലയ്ക്ക് വേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. വിരമിച്ച വകുപ്പു തലവന്മാർക്കുള്ള ഒരു വിഹാരകേന്ദ്രമായി മാറാതെ ചെറുപ്പക്കാരായ ആളുകളെയും അവരുടെ ആശയങ്ങളെയും സ്വീകരിച്ചുകൊണ്ടായിരിക്കണം അതു പ്രവർത്തിച്ചു തുടങ്ങേണ്ടത്.

ഭാഷാസംരക്ഷണ പ്രവർത്തകർ ദീർഘകാലമായി ഉന്നയിക്കുന്ന ഒരാവശ്യമാണ് കേരളത്തിൽ മലയാളം സർവ്വകലാശാല തുടങ്ങുകയെന്നത്. ഈ തിരഞ്ഞെടുപ്പിലെ യു.ഡി. എഫ്. പ്രകടനപത്രികയിലെ ഒരു വാഗ്ദാനം എഴുത്തച്ഛൻറെ പേരിൽ മലയാള സർവ്വകലാശാല തുടങ്ങുമെന്നാണ്. സ്വന്തമായി ഒരു സർവ്വകലാശാല ഉണ്ടായാൽ മലയാളം രക്ഷപ്പെടുമോ?

മലയാളം സർവകലാശാല എന്നത് തെറ്റായ ആശയമൊന്നുമല്ല. ആന്ധ്രയിലെ തെലുങ്കു സർവ്വകലാശാല, നമ്മുടെ കലാമണ്ഡലത്തിന്റെ ധർമ്മം‌കൂടി നിർവഹിക്കുന്ന ഒന്നാണ്. തെലുങ്കുഭാഷയ്ക്കു വേണ്ടി മാത്രമല്ല, തെലുങ്കു സംസ്കാരവും കലാപ്രവർത്തനങ്ങളുമൊക്കെ ഏ കോപിപ്പിച്ചുകൊണ്ടാണ് അത് പ്രവർത്തിക്കുന്നത്. തമിഴ് സർവ്വകലാശാലയാകട്ടെ, ഒരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളെക്കാൾ അദ്ധ്യാപകരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഗവേഷണപ്രവർത്തനങ്ങളും പരിശീലന പരിപാടികളുമാണ് അവിടെ നടക്കുന്നത്. നമുക്കിപ്പോഴുള്ള യൂണിവേഴ്‌സിറ്റികളിലെ മലയാളം വകുപ്പുകളുടെ അതേ പണിയെടുക്കാനാണെങ്കിൽ, മലയാളത്തിന് സ്വന്തമായി ഒരു സർവ്വകലാശാലയുടെ ആവശ്യമില്ല. മറിച്ച് കൃത്യമായി നിർവ്വചിക്കപ്പെട്ട ലക്ഷ്യങ്ങളും അതിനനുസൃതമായ ആസൂത്രണവുമൊക്കെ ഉണ്ടാകുമെന്നുണ്ടെങ്കിൽ മലയാളം സർവ്വകലാശാല ഉണ്ടാകുന്നത് നല്ലതായിരിക്കും. എൻ. വി. കൃഷ്‌ണവാര്യർ, ഭാഷയ്ക്കൊരു പഞ്ചവത്സരപദ്ധതി എന്ന് പണ്ടു പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കിയതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു പഞ്ചവത്സര ആസൂത്രണം മലയാള സർവ്വകലാശാലയ്ക്ക് വേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. വിരമിച്ച വകുപ്പു തലവന്മാർക്കുള്ള ഒരു വിഹാരകേന്ദ്രമായി മാറാതെ ചെറുപ്പക്കാരായ ആളുകളെയും അവരുടെ ആശയങ്ങളെയും സ്വീകരിച്ചുകൊണ്ടായിരിക്കണം അതു പ്രവർത്തിച്ചു തുടങ്ങേണ്ടത്. ഇത്തരത്തിലുള്ള ലക്ഷ്യങ്ങളുമായി ആരംഭിച്ച ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വെറുമൊരു പുസ്തക പ്രസാധകസംഘമായി മാറിയ അനുഭവവും നമ്മുടെ മുമ്പിലുണ്ട്. നമ്മുടെ സംസ്കൃത സർവ്വകലാശാലയുടെ അ വസ്ഥയും വ്യത്യസ്തമല്ല. മറ്റു സർവ്വകലാശാലകളിലെ സംസ്കൃതം വകുപ്പുകളുടെ ഇരട്ടിപ്പ് എന്നതിനപ്പുറത്തേക്കുള്ള വളർച്ച സംസ്കൃത സർവ്വകലാശാലയ്ക്ക് ഇതുവരെ ഉണ്ടായിട്ടുണ്ടോ? ജ്ഞാനവിതരണത്തേക്കാൾ, ജ്ഞാനസൃഷ്ടിക്കായിരിക്കണം പുതിയ സർവ്വകലാശാല മുൻതൂക്കം കൊടുക്കേണ്ടത്.

എൻ. വി. കൃഷ്‌ണവാര്യർ, ഭാഷയ്ക്കൊരു പഞ്ചവത്സരപദ്ധതി എന്ന് പണ്ടു പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കിയതാണ്.
എൻ. വി. കൃഷ്‌ണവാര്യർ, ഭാഷയ്ക്കൊരു പഞ്ചവത്സരപദ്ധതി എന്ന് പണ്ടു പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കിയതാണ്.

ഭാഷാപഠനവുമായി ബന്ധപ്പെട്ടും ഏറെ വിവാദങ്ങൾ ഇടക്കാലത്തുണ്ടായിട്ടുണ്ട്. ഭാഷാ വ്യവഹാരങ്ങൾക്ക് ഊന്നൽ കൊടുക്കുകയും സാ ഹിത്യത്തിന്റെ സൗന്ദര്യാംശത്തെ അവഗണിക്കുകയും ചെയ്യുന്ന പുതിയ പാഠ്യപദ്ധതി സമീപനം ആശാസ്യമാണോ?

സാഹിത്യത്തെയും സൗന്ദര്യത്തെയും പരിഗണിക്കാത്ത ഭാഷാപഠനം അപ്രസക്തമാണ്. തൊഴിൽ മേഖലയുമായി ബന്ധിപ്പിച്ചുള്ള പ്രയോജനപരതയുടെ വക്താക്കളാണ് പുതിയ പഠനരീതി ആവിഷ്കരിച്ചവർ. സാഹിത്യം പഠിച്ചാൽ കാശുണ്ടാക്കാനാവില്ല എന്നത് മലയാളമോ, ഇന്ത്യൻ ഭാഷകളോ മാത്രം നേരിടുന്ന ഒരു പ്രതിസന്ധിയല്ല. ലോകത്തെല്ലായിടത്തും ഈ പ്രശ്നം ഉണ്ട്. സ്കൂൾ കാലത്തുതന്നെ സാഹിത്യത്തോട് ആഭിമുഖ്യമുണ്ടാവുന്ന രീതിയിലാവണം പഠനം ആസൂത്രണം ചെയ്യേണ്ടത്. സാഹിത്യപഠനം മാത്രം മതി എന്ന് ശഠിക്കേണ്ടതില്ല. എന്നാൽ, സാഹിത്യത്തെ ഒഴിവാക്കിക്കഴിഞ്ഞാൽ പിന്നെ എന്താണ് മലയാളത്തിൽ ബാക്കി ഉണ്ടാവുക? 'പാത്തുമ്മയുടെ ആട്’ പഠിപ്പിച്ച ശേഷം, ഐഡൻറിറ്റി കാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കാൻ പാത്തുമ്മയെ സഹായിക്കുക എന്ന പഠനപ്രവർത്തനം കൊടുക്കുന്ന ഇപ്പോഴത്തെ രീതിയോട് എനിക്ക് യോജിപ്പില്ല. ഭാഷയുടെ പ്രയോഗസാദ്ധ്യതകൾ പഠിപ്പിക്കുന്നതോടൊപ്പം, ആസ്വാദനത്തിന് കൂടി അവസരമുണ്ടാകുന്ന തരത്തിലേക്ക് ഭാഷാപഠനം മാറേണ്ടതുണ്ട്. ഉപകരണയുക്തിക്കപ്പുറം സംസ്കാരപഠനത്തിനും സൗന്ദര്യബോധത്തിനും പരിഗണന ലഭിക്കുമ്പോഴേ ഭാഷാപഠനം പൂർണ്ണമാവൂ.

പാത്തുമ്മയുടെ ആട്’ പഠിപ്പിച്ച ശേഷം, ഐഡൻറിറ്റി കാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കാൻ പാത്തുമ്മയെ സഹായിക്കുക എന്ന പഠനപ്രവർത്തനം കൊടുക്കുന്ന ഇപ്പോഴത്തെ രീതിയോട് എനിക്ക് യോജിപ്പില്ല.

ചോംസ്കിയുടെ ഭാഷാസമാർജ്ജന സിദ്ധാന്തത്തെ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ടാണ് പുതിയ ഭാഷാപാഠ്യപദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത് എന്നാണ് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്?

മാതൃഭാഷാ സമാർജ്ജനത്തെക്കുറിച്ചുള്ള സിദ്ധാന്തമാണ് ചോംസ്കി അവതരിപ്പിച്ചിട്ടുള്ളത്. ഭാഷാദ്ധ്യാപനവ്യമായി ഈ സിദ്ധാന്തത്തിന് യാതൊരു ബന്ധവുമില്ല. ഭാഷാപഠന സിദ്ധാന്തങ്ങളിലേക്ക് ചോംസ്കിയെ വലിച്ചുനീട്ടാനുള്ള ശ്രമം നടത്തുകയാണ് പുതിയ പാഠ്യപദ്ധതിക്കാർ ചെയ്തിട്ടുള്ളത്. ഈയൊരു ശ്രമം നല്ലതാണെന്നോ ശരിയാണെന്നോ ഉള്ള അഭിപ്രായം എനിക്കില്ല.

ഭാഷയുടെ ഉപകരണം മാത്രമായ വ്യാകരണം പരിചയപ്പെടുത്തലാണ് ഭാഷാപഠനം എന്ന പഴയ ധാരണയെ തിരുത്തുകയാണ് പുതിയ പാഠ്യപദ്ധതി ചെയ്തതെന്നും അവകാശവാദമുണ്ട്?

ഭാഷാപ്രയോഗത്തിന്റെ തത്ത്വങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്നത് മോശപ്പെട്ട സംഗതിയൊന്നുമല്ല. മാതൃഭാഷാസമാർജ്ജനത്തിൽ വ്യാകരണം ആന്തരവത്കരിക്കുന്ന ഒരു പ്രക്രിയതന്നെയാണ് ഉള്ളത്. എന്നാൽ, വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭാഷ പഠിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതിന്റെ ഘടനയെക്കുറിച്ച് അയാൾ പഠിക്കുക തന്നെ വേണം. സൈക്കിൾ ചവിട്ടുന്ന ആൾക്ക് അതിന്റെ 'എയ്‌റോ ഡൈനാമിക്സ്’ അറിയേണ്ട കാര്യമില്ലെങ്കിലും സൈക്കിളിനെപ്പറ്റിപ്പറയുന്ന ആളുകൾക്കും സൈക്കിളുണ്ടാക്കുന്ന ആളുകൾക്കും അത് അറിയാതിരിക്കാനാവില്ല.

 ഭാഷാപഠന സിദ്ധാന്തങ്ങളിലേക്ക് ചോംസ്കിയെ വലിച്ചുനീട്ടാനുള്ള ശ്രമം നടത്തുകയാണ് പുതിയ പാഠ്യപദ്ധതിക്കാർ ചെയ്തിട്ടുള്ളത്.
ഭാഷാപഠന സിദ്ധാന്തങ്ങളിലേക്ക് ചോംസ്കിയെ വലിച്ചുനീട്ടാനുള്ള ശ്രമം നടത്തുകയാണ് പുതിയ പാഠ്യപദ്ധതിക്കാർ ചെയ്തിട്ടുള്ളത്.

വ്യാകരണപഠനം എന്നത് ബുദ്ധിവികാസത്തിനുള്ള ഒരു പ്രക്രിയ കൂടിയാണ്. സിനിമയുടെ വ്യാകരണം എന്നാലെന്താണ്? സിനിമ എന്നതിന് ഒരു സ്വരൂപമുണ്ട്. അതിനെ സിനിമയല്ലാത്തതിൽനിന്ന് വ്യാവർത്തിപ്പിക്കാൻ സാധിക്കും. അത് നമുക്ക് അപഗ്രഥിക്കാൻ സാധിക്കും - ഇക്കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന ഏർപ്പാടിനെയാണ് സിനിമയുടെ വ്യാകരണം എന്ന് പറയുന്നത്. കടംകഥയ്ക്കും തെയ്യത്തിനുമൊക്കെ വ്യാകരണമുണ്ട്. വ്യാകരിക്കാവുന്ന, അപഗ്രഥിക്കാവുന്ന എല്ലാത്തിന്റെയും അടിസ്ഥാനം ഭാഷതന്നെയാണ്. പഠനത്തിന്റെ ഓരോ ഘട്ടത്തിലും വ്യാകരണം എത്രമാത്രം പഠിപ്പിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമാകാമെങ്കിലും, വ്യാകരണത്തെ, ഒരശ്ലീലപദമായി കാണുന്ന സമീപനത്തോട് യോജിക്കാനാവില്ല. വ്യാകരണം എന്നത് വിശാലമായ അർഥത്തിൽ ഫിലോസഫിയുടെയും സൈക്കോളജിയുടെയും ഭാഗംതന്നെയാണ്.

ക്ലാസ് മുറിയിൽ ഭാഷ പഠിക്കുകതന്നെ വേണം എന്നാണോ താങ്കൾ അർത്ഥമാക്കുന്നത്?

ഭാഷാ സമാർജനവും ഭാഷാപഠനവും വ്യത്യസ്തമായ ഏർപ്പാടുകളാണ്. എഴുത്തിനെപ്പറ്റിയോ എഴുത്തു ഭാഷയെപ്പറ്റിയോ അതിന്റെ പ്രയോഗമേഖലകളുടെ വികാസത്തെപ്പറ്റിയോ ഒന്നുമല്ല ചോംസ്കി പറഞ്ഞിട്ടുള്ളത്. അടിസ്ഥാനപരമായ ഭാഷാസമാർജ്ജനത്തെക്കുറിച്ചു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. കെമിസ്ട്രിയും ഫിസിക്സും പഠിക്കുന്നതുപോലെ ക്ലാസ് മുറിയിൽ കുട്ടികൾ ഭാഷയും 'പഠിക്കുക'തന്നെ വേണം.

(കടപ്പാട് - മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011 മെയ് 1-7)


Summary: The current state of the mother tongue Malayalam and the politics of language preservation, Malayalam Linguist Dr T B Venugopala Panicker Interview by DR AK Abdul Hakeem.


ടി. ബി. വേണുഗോപാലപ്പണിക്കർ

അധ്യാപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, വൈയാകരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തി. നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സര്‍വകലാശാലകളുടെ പരീക്ഷാബോര്‍ഡുകളില്‍ അംഗമായിരുന്നു. തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റി അംഗമായിരുന്നു. സ്വനമണ്ഡലം, ഭാഷാര്‍ത്ഥം, വാക്കിന്റെ വഴികള്‍, ലീലാതിലകം: സാമൂഹികഭാഷാശാസ്ത്ര ദൃഷ്ടിയില്‍, വ്യാകരണ പാഠം തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍. 2025 ഏപ്രില്‍ രണ്ടിന് അന്തരിച്ചു.

ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കേരളയിൽ (എസ്.എസ്.എ) കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. സാഹിത്യ- വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ ടീച്ചറും പുതിയ കുട്ടിയും, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ, സ്കൂളിലെ ഓൺലൈൻ പഠനം, മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ, അരാജകവാദിയുടെ ആത്മഭാഷണങ്ങൾ,

ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരിക ദൂരങ്ങൾ, എഴുത്ത് അഭിമുഖം നിൽക്കുന്നു തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments