ഡോ. പി. സുജാത

ഇലക്‍ട്രോണിക് പരിസരത്തുനിന്ന്,
ഭാവിയിലെ ഏകീകൃത ലിപി വ്യവസ്ഥയെക്കുറിച്ച്

ലോകത്തിലെ മറ്റൊരു ഭാഷയിലും സംഭവിച്ചിട്ടില്ലാത്തവിധം അവ്യവസ്ഥയുള്ളതും ഇനിയും ഏകീകൃത ലിപി വ്യവസ്ഥയില്ലാത്തതുമായ ഏക ഭാരതീയ ഭാഷയായി മലയാളം നിലനിൽക്കുന്നു. മലയാള ലിപി പരിഷ്‌കരണശ്രമങ്ങളുടെ ചരിത്രം എവിടെയെത്തിനിൽക്കുന്നു എന്ന അന്വേഷണം, ഡോ. പി. സുജാത എഴുതുന്നു.

ഭാഷയുടെ സങ്കീർണ്ണതയിലേക്ക് ആണ്ടിറങ്ങി പദങ്ങളുടെയും ശൈലികളുടെയും പ്രഭവങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തി സ്വനവിജ്ഞാനത്തിന്റെയും രൂപിമ വിജ്ഞാനത്തിന്റെയും വ്യാകരണത്തിന്റെയും ലക്സിക്കോ- സെമാൻറിക്സിന്റെയുമൊക്കെ മേഖലകളിലൂടെ തന്റെ ധിഷണയെ നിരന്തരം വ്യാപരിപ്പിച്ചിരുന്ന ഒരാളായിരുന്നു ഡോ. ടി. ബി വേണുഗോപാലപണിക്കർ. "പണ്ഡിതനായിത്തീരണമെന്നായിരുന്നു ആഗ്രഹം; എന്നാൽ ഒട്ടായതുമില്ല" എന്നു വിനയാന്വിതനാവുകയും ഇനിയുമെത്രയേറെ വായിക്കാനിരിക്കുന്നു എന്ന് ആധി കൊള്ളുകയും ചെയ്യുന്ന, സഹിഷ്ണുതയും നിർമ്മമത്വവുമുള്ള ഈ പണ്ഡിതന്റെ ശിഷ്യരിലൊരാളാവാൻ കഴിഞ്ഞു എന്നത് എന്റെ സ്ഥാനലബ്ധിയും ഭാഗ്യലബ്ധിയുമാണ്.

മലയാള ലിപിയെക്കുറിച്ചുള്ള ഗവേഷണം ആരംഭിച്ചപ്പോൾ, എന്റെ ഗവേഷണ മാർഗ്ഗദർശിയല്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ സമീപിച്ചിരുന്നു. പ്രബന്ധം പൂർത്തിയായപ്പോൾ അദ്ദേഹം ആദ്യാവസാനം വായിച്ച്, വ്യത്യസ്ത സാധ്യതകളെ ചൂണ്ടിക്കാണിച്ച് വെളിച്ചവും തെളിച്ചവും ഉണ്ടാക്കിത്തരുകയും ചെയ്തിരുന്നു. മലയാള ലിപിയെക്കുറിച്ച് അന്നുവരെയുണ്ടായ പഠനങ്ങളിൽ ശ്രദ്ധിക്കാതെ പോയവയെ ചൂണ്ടിക്കാട്ടി അവരുടെ നിരീക്ഷണങ്ങളുടെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ലിപിപരിഷ്കരണ ശ്രമങ്ങളുടെ ആധിക്യം മലയാള ലിപിയിലുണ്ടാക്കിയ അവ്യവസ്ഥകളെയും വൈവിധ്യങ്ങളെയും വിശകലനം ചെയ്യുമ്പോൾ ലിപികളുടെ സ്വീകാര്യത, എണ്ണം, ഉച്ചാരണസാമ്യത, വ്യതിരിക്തത എന്നിവ അടയാളപ്പെടുത്തിയത് വേണുഗോപാലപ്പണിക്കർ നല്കിയ സ്വന-സ്വനിമചിന്തകളുടെ വെളിച്ചത്തിലാണ്. എഴുതിയ കാര്യങ്ങളോടുള്ള വിയോജിപ്പ് പ്രകടമാക്കുന്നതുപോലും ശാഠ്യങ്ങളില്ലാതെ മറുപക്ഷവായനാസാധ്യതയെ അംഗീകരിച്ചു കൊണ്ടാണ്.

‘ആറ് മലയാളിക്ക് നൂറ് മലയാളം’ എന്ന ചൊല്ല് ഭാഷയ്ക്കു മാത്രമല്ല, ലിപികളെ സംബന്ധിച്ചും ശരിയാണ്. മലയാളത്തിൽ നിലവിലിരിക്കുന്ന ലിപികൾ അനവധി പരിണാമങ്ങളുടെ ഫലമായുണ്ടായതാണ്. ഈ മാറ്റങ്ങൾക്ക് കാരണമന്വേഷിക്കുന്നത് ലിപി പഠനത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും വെളിച്ചം വീശും. അത്തരം അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ലിപി സംബന്ധമായ ഭാഷാസൂത്രണ യജ്ഞങ്ങൾ നടത്തേണ്ടത്. വീണ്ടുവിചാരമില്ലാത്ത പരിഷ്കാരങ്ങൾ മലയാളലിപിവ്യവസ്ഥയെ കൂടുതൽ കൂടുതൽ അവ്യവസ്ഥയുള്ളതാക്കിത്തീർക്കുകയാണ് ചെയ്യുന്നത്.

മലയാളത്തിൽ നിലവിലിരിക്കുന്ന ലിപികൾ അനവധി പരിണാമങ്ങളുടെ ഫലമായുണ്ടായതാണ്.
മലയാളത്തിൽ നിലവിലിരിക്കുന്ന ലിപികൾ അനവധി പരിണാമങ്ങളുടെ ഫലമായുണ്ടായതാണ്.

26 വർണ്ണങ്ങൾ, അവയ്ക്ക് 26 ചിഹ്നങ്ങൾ എന്ന വ്യവസ്ഥയുള്ള ഇംഗ്ലീഷ് ലോകത്തെവിടെ അച്ചടിച്ചാലും ഒരേപോലെയാണ്. എന്നാൽ മലയാളത്തിന്റെ സ്ഥിതിയോ? ലോകത്തിലെന്നല്ല, കേരളത്തിലെ ഒരു പ്രദേശത്തുതന്നെ പ്രതിജനഭിന്നമാണ്. മാത്രമല്ല, വിവിധ സ്ഥാപനങ്ങൾക്കും പ്രസ്സുകൾക്കും സ്വീകൃത സോഫ്റ്റുവെയറുകൾക്കുമനുസരിച്ച് വ്യത്യസ്‌തവുമായിരിക്കുന്നു. ജീവിതത്തിന്റെ നിശ്ചിതമേഖലകളിലൊക്കെ മാനകീകരണം (Standardisation) പ്രസക്തമെന്നിരിക്കെ ലിപിയുടെ കാര്യത്തിലും അത് ഒഴിച്ചുകൂടാത്തതാണ്. ലോകത്തെവിടെവെച്ചും മലയാളം അച്ചടിച്ചാൽ ഒരേപോലെയായിരിക്കണമെന്നത് ഒരു സ്വപ്നം മാത്രമായാൽ മതിയോ? ലിപിയുടെ പരിണാമവും വൈവിധ്യവും അത് ജഡാവസ്ഥയിലല്ല, വളർച്ചയുടെ പാതയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതുവഴിയുണ്ടാകുന്ന അവ്യവസ്ഥകളുണ്ട്. എങ്കിലും, അച്ചടി ടൈപ്പിങ്ങ് ഇവയുടെ സൗകര്യത്തിനുവേണ്ടി ലിപിയെ കൂടുതൽ ലളിതവും വ്യവസ്ഥാപൂർണ്ണവുമാക്കാൻ ബോധപൂർവ്വം നടത്തിയിട്ടുള്ള ലിപി പരിഷ്‌കരണശ്രമങ്ങളാണ് ഇന്ന് മലയാളലിപിയെ ഇത്രയധികം അവ്യവസ്ഥയും വൈവിധ്യമുള്ളതാക്കിത്തീർന്നിട്ടുള്ളത് എന്ന് പറയാതെ വയ്യ. ഈ വ്യവസ്ഥയില്ലായ്മ ഇന്ന് കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പടർന്നു കയറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യവും യുക്തിസഹവും ഉപകാരപ്രദവുമായ ഒരു ലിപിവ്യവസ്ഥ രൂപപ്പെടുത്താനുള്ള പരിശ്രമങ്ങൾ സർക്കാരിന്റെ മുൻകൈയിൽ നടക്കുന്നുണ്ട്. എന്നാൽ അതൊന്നും പൂർണ്ണമായി വിജയിച്ചു എന്നു പറഞ്ഞുകൂടാ.

അച്ചടി, ടൈപ്പിങ്ങ് എന്നിവയുടെ സൗകര്യത്തിനുവേണ്ടി ലിപിയെ കൂടുതൽ ലളിതവും വ്യവസ്ഥാപൂർണ്ണവുമാക്കാൻ ബോധപൂർവ്വം നടത്തിയിട്ടുള്ള ലിപി പരിഷ്‌കരണശ്രമങ്ങളാണ് ഇന്ന് മലയാളലിപിയെ ഇത്രയധികം അവ്യവസ്ഥയും വൈവിധ്യമുള്ളതാക്കിത്തീർന്നിട്ടുള്ളത്

സമഗ്രമായ കമ്പ്യൂട്ടർ ക്ഷമതയുൾപ്പെടെയുള്ള സമകാലിക സാങ്കേതികതയുടെ നൂതന മാർഗ്ഗത്തിലേക്ക് വികസിക്കാൻ പാകത്തിൽ മലയാളം മാറേണ്ടതുണ്ട്. ഒപ്പം ഭാഷാഘടനയ്ക്കു കേടുകൂടാതെ മലയാളം കൈയെഴുത്തും അച്ചടിയും ഉച്ചാരണത്തോടും പാരമ്പര്യത്തോടും ഒത്തു നിൽക്കാനുള്ള വഴി തേടേണ്ടതുണ്ട്. എന്നാൽ, യൂനിക്കോഡും അതിനു സജ്ജമാക്കുന്ന സ്വതന്ത്ര മലയാളം സോഫ്റ്റുവെയറുകളും കമ്പ്യൂട്ടിങ്ങിനായി സ്വീകരിച്ചിരിക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്ത‌മായ ലിപികളാണ്. തങ്ങൾ സ്വീകരിച്ച ഫോണ്ടുകളുടെയും സ്റ്റൈലിന്റെയും സൗകര്യത്തെക്കുറിച്ച് അവരോരുത്തരും തൃപ്ത‌രാണ് താനും. മലയാള അക്ഷരമാലയുടെ എണ്ണത്തെക്കുറിച്ച് പറയുമ്പോഴുള്ളതു പോലെത്തന്നെ ഏകാഭിപ്രായം ഇല്ലായ്‌മ ലിപിയുടെ കാര്യത്തിലും മലയാളിക്കുണ്ട്. ഇത് മലയാളം അക്ഷരമാല പഠിച്ചതുടങ്ങുന്ന ഒരാളെ പ്രാഥമികമായി ഏത് പഠിപ്പിക്കണമെന്നുള്ള ആശയക്കുഴപ്പവുമുണ്ടാക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽനിന്ന്, മലയാള ലിപി പരിഷ്‌കരണശ്രമങ്ങളുടെ ചരിത്രം ഇന്ന് എത്തിനിൽക്കുന്നതെവിടെയെന്ന് അന്വേഷിക്കുന്നത് ഒരു വീണ്ടുവിചാരത്തിന്റെ ഭാഗമാണ്.

കമ്പ്യൂട്ടർ ക്ഷമതയുൾപ്പെടെയുള്ള സമകാലിക സാങ്കേതികതയുടെ നൂതന മാർഗ്ഗത്തിലേക്ക് വികസിക്കാൻ പാകത്തിൽ മലയാളം മാറേണ്ടതുണ്ട്.
കമ്പ്യൂട്ടർ ക്ഷമതയുൾപ്പെടെയുള്ള സമകാലിക സാങ്കേതികതയുടെ നൂതന മാർഗ്ഗത്തിലേക്ക് വികസിക്കാൻ പാകത്തിൽ മലയാളം മാറേണ്ടതുണ്ട്.

ഭാഷയുടെ ഔദ്യോഗികവും വൈജ്ഞാനികവും ബോധപൂർവ്വവുമായ പ്രയോഗത്തിലേ മാനകീകരണശ്രമത്തിന് പ്രസക്തിയുള്ളൂ. സാധാരണ ജനങ്ങളുടെ സ്വാഭാവിക ലേഖനരീതിക്ക് ഇത്തരം ഏകീകരണ നിർദ്ദേശങ്ങളുടെ ആവശ്യമോ ഇടപെടലോ വേണ്ടതില്ല. ഭാഷാപരിചയമുള്ളവർക്ക് പഴയതോ പുതിയതോ ആയ ചിഹ്നങ്ങളെ സൗകര്യാനുസരണം കുട്ടിക്കലർത്തി അച്ചടിക്കുന്ന പത്രങ്ങളും മറ്റും വായിക്കാനാവുമല്ലോ. എന്നിരുന്നാലും പഴയ എഴുത്തുരീതികൾ നാം പഠിക്കുന്നില്ലാത്തതുകൊണ്ട് കാലാന്തരത്തിൽ വന്നിട്ടുള്ള പരിണാമങ്ങളെക്കുറിച്ച് പലരും അജ്ഞരാണ്. പഴയ ലിഖിതങ്ങൾ ആധുനിക ലിപിയിൽ ലഭ്യമാകുന്നു എന്നതിനാൽ സാധാരണക്കാരെ സംബന്ധിച്ച് പരിണാമങ്ങളെക്കുറിച്ച് അറിയേണ്ടതിന്റെ ആവശ്യകതയും ഇല്ലാതാകുന്നു, ഠരം (ഈ) എന്നൊരു ലിപി ഇപ്പോൾ പ്രചാരത്തിലില്ലാത്തതുകൊണ്ട് അങ്ങനെയൊരു ലിപി ഉണ്ടായിരുന്നു എന്ന് പലർക്കും അറിയില്ല. 'എ' 'ഏ' എന്നിവയ്ക്ക് ലിപിപരമായ ഭേദം കല്പിച്ചിരുന്നില്ല എന്നതിന് അച്ചടി തുടങ്ങിയ കാലത്തെ ഗ്രന്ഥങ്ങൾ തെളിവ് നൽകുന്നു. (ഇന്നും ദന്ത്യവർത്സ്യ നകാരങ്ങൾക്ക് ലിപിപരമായ ഭേദം നാം കാണിക്കാറില്ല). ഇങ്ങനെ സംഭവിച്ച മാറ്റങ്ങൾ ലിപിവ്യവസ്ഥയുടെ ക്രമം, ശേഷി എന്നിവ വർദ്ധിപ്പിക്കാൻ ആവശ്യാനുസരണം നടത്തിയ പരിഷ്കരണഫലമായുണ്ടായതാണ്.

ഭാഷയുടെ ഔദ്യോഗികവും വൈജ്ഞാനികവും ബോധപൂർവ്വവുമായ പ്രയോഗത്തിലേ മാനകീകരണശ്രമത്തിന് പ്രസക്തിയുള്ളൂ. സാധാരണ ജനങ്ങളുടെ സ്വാഭാവിക ലേഖനരീതിക്ക് ഇത്തരം ഏകീകരണ നിർദ്ദേശങ്ങളുടെ ആവശ്യമോ ഇടപെടലോ വേണ്ടതില്ല.

ലിപികൾക്കു സംഭവിക്കുന്ന പരിണാമം രണ്ടുവിധത്തിലാണ്. ഒന്ന് ഭാഷയിൽ സ്വാഭാവികമായും രണ്ടാമത്തേത് ബോധപൂർവ്വം ആസൂത്രണം ചെയ്യുന്നതിന്റെ ഫലമായും ഉണ്ടാകുന്നതാണ്. സ്വാഭാവികമായുണ്ടാകുന്ന പരിണാമത്തിനുള്ള കാരണങ്ങൾ പലതാണ്. ഒരു ഭാഷയിൽ നിലനിന്നുവരുന്ന വിവിധ ലിപിസമ്പ്രദായങ്ങളുടെ പരസ്പരമുള്ള കലർപ്പും സ്വാധീനവും വഴിയായി പരിണാമങ്ങൾ സംഭവിക്കുന്നത് ഒരു കാരണം. ഉദാഹരണങ്ങൾ വ്യക്തമായി കാണിക്കാൻ ഈ പാഠം രൂപീകരിക്കാനുപയോഗിക്കുന്ന യൂനിക്കോഡ് സംവിധാനം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ കാര്യം മനസ്സിലാക്കാനായി ഗു, മു, രു എന്നിവ നിലനിൽക്കെത്തന്നെ, പുതിയ ലിപി എന്നറിയപ്പെടുന്ന രീതിയിലും അവ കലർത്തിയും കൈയെഴുത്തിൽ വരുത്തുന്ന വൈചിത്ര്യങ്ങൾ ഉദാഹരണമായി ഓർക്കണം എന്ന് അപേക്ഷിക്കാനേ സാധിക്കുന്നുള്ളു.

മറ്റൊരു പരിണാമ കാരണം, അന്യഭാഷാ സ്വാധീനമാണ്. സംസ്‌കൃതത്തിന്റെ പദങ്ങളും രീതികളുമൊക്കെ ധാരാളമായി സ്വീകരിച്ചതിനെത്തുടർന്ന് അതിഖരഘോഷോഷ്‌മാക്കളുള്ള ലേഖനരീതി ഉളവായത് ഉദാഹരണം. കാലാന്തരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ പലതുണ്ട്. എന്നെഴുതിക്കാണിക്കുന്ന ഒരു ഉച്ചാരണവും അതിനു സ്വതന്ത്രമായ ലിപിയും ഉണ്ടായിരുന്നു. അതില്ലാതായി. പകരം ളി എന്ന ഉച്ചാരണം സ്വീകരിച്ച്, ക്ലിപ്‌തം അല്ലെങ്കിൽ ക്ളിപ്തം എന്നിങ്ങനെ എഴുതുന്നത് കാണുക. എഴുത്തിലും അച്ചുനിർമ്മാണത്തിലും അജ്ഞത, തെറ്റിദ്ധാരണ എന്നിവയാലുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ സ്വാഭാവിക പരിണാമങ്ങളിൽപ്പെടുന്നു.

അച്ചടി, ടൈപ്പിങ്ങ്, കമ്പ്യൂട്ടർ പ്രിന്റിങ് എന്നിവയുടെ സൗകര്യങ്ങൾ പരിഗണിച്ച് സമഗ്രമായ കാഴ്ച്ചപ്പാടോടെ ഭാഷയുടെ പാരമ്പര്യത്തിന് നിരക്കും വിധം വരുത്തുന്ന മാറ്റങ്ങളാണ് ബോധപൂർവ്വം വരുത്തുന്ന പരിണാമങ്ങൾ.
അച്ചടി, ടൈപ്പിങ്ങ്, കമ്പ്യൂട്ടർ പ്രിന്റിങ് എന്നിവയുടെ സൗകര്യങ്ങൾ പരിഗണിച്ച് സമഗ്രമായ കാഴ്ച്ചപ്പാടോടെ ഭാഷയുടെ പാരമ്പര്യത്തിന് നിരക്കും വിധം വരുത്തുന്ന മാറ്റങ്ങളാണ് ബോധപൂർവ്വം വരുത്തുന്ന പരിണാമങ്ങൾ.

അച്ചടി, ടൈപ്പിങ്ങ്, കമ്പ്യൂട്ടർ പ്രിന്റിങ് എന്നിവയുടെ സൗകര്യങ്ങൾ പരിഗണിച്ച് സമഗ്രമായ കാഴ്ച്ചപ്പാടോടെ ഭാഷയുടെ പാരമ്പര്യത്തിന് നിരക്കും വിധം നിലവിലുള്ള ലിപികളെ ആകൃതിവ്യത്യാസം വരുത്തിയും എണ്ണത്തിൽ കൂട്ടിയോ കുറച്ചോ ക്രമീകരിച്ചും ഏകീകരിച്ചും വരുത്തുന്ന മാറ്റങ്ങളാണ് ബോധപൂർവ്വം വരുത്തുന്ന പരിണാമങ്ങൾ. ഈ മട്ടിലുള്ള പരിണാമങ്ങളെ ലിപിപരിഷ്‌കരണം എന്ന് പറയുന്നു. മലയാളത്തിൽ ഇത് ഏറെ സംഭവിച്ചിട്ടുണ്ട്. 'അ' എന്ന ലിപി സംക്ഷേപവേദാർത്ഥത്തിലും മറ്റും അച്ചടിച്ചിരുന്നത് ഇന്നത്തെ രീതിയിലേക്ക് മാറിയത് ഉദാഹരണം. വിസർഗ്ഗത്തെകുറിക്കുന്ന ‘ഃ’ എന്ന ലിപിയ്ക്കു പകരം പിന്നാലെയുള്ള വ്യഞ്ജനം ഇരട്ടിപ്പിക്കുന്ന രീതിയും ദേശാഭിമാനി, ചിന്ത തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ 'ർ' ന് ശേഷം ഇരട്ടിപ്പു വേണ്ടിടത്തും ഇരട്ടിപ്പില്ലാതെ വ്യഞ്ജനലിപി ഉപയോഗിക്കുന്ന രീതിയും ആസൂത്രിതമായ പരിണതികൾക്കുള്ള ഉദാഹരണങ്ങളാണ്.

മലയാളത്തിൽ ലിപികളെ ഏകീകരിക്കാനും പരിഷ്കരിക്കാനുമുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ അച്ചടിയുടെ ആരംഭത്തോടെയാണ് തുടങ്ങുന്നത്.

മലയാളത്തിൽ ലിപികളെ ഏകീകരിക്കാനും പരിഷ്കരിക്കാനുമുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ അച്ചടിയുടെ ആരംഭത്തോടെയാണ് തുടങ്ങുന്നത്. ഭാഷയുടെ വിശേഷിച്ച് ലേഖനരീതിയുടെ വികാസത്തിന് ലിപിപരിഷ്കരണശ്രമങ്ങൾ അത്യാവശ്യമായിരുന്നു താനും. അക്ഷരലേഖന വ്യവസ്ഥയുള്ള മലയാളത്തിന് ആകെക്കൂടി വളരെയധികം ലിപികൾ ഉള്ളതുകൊണ്ട് അവയ്ക്കൊക്കെ അച്ചുകളുണ്ടാക്കേണ്ടിയിരുന്നു. ലിപികളുടെ ചതുരവടിവും കൂട്ടക്ഷരങ്ങളും മലയാള അച്ചുകളെ വാർത്തെടുക്കുന്നത് ക്ലേശകരമാക്കിയിരുന്നു. ഇക്കാരണങ്ങൾ കൊണ്ടും ഏകീകൃതമായ എഴുത്ത് നിലനിന്നിരുന്നില്ല എന്നതുകൊണ്ടും ആദ്യ കാല അച്ചടികളിലോരോന്നിന്റെയും ലിപികൾ വ്യത്യസ്‌തമായി. ഇതിപ്പോഴും, കമ്പ്യൂട്ടർ പ്രിന്റിങ്ങിൽവരെ തുടരുന്നു. ലിപികളുടെ വലിപ്പത്തിൽ പൊരുത്തമില്ലാതിരിക്കുക, അനാവശ്യവും അസൗകര്യവുമായ വാലും തുമ്പും ഉണ്ടായിരിക്കുക തുടങ്ങിയവ ആദ്യകാല അച്ചുകളുടെ സ്വഭാവമായിരുന്നു . ഈ അച്ചുകളുപയോഗിച്ച് അച്ചടിക്കുമ്പോഴുള്ള ഭംഗിക്കുറവ് പരിഹരിക്കുവാനും ലിപിമ(grapheme)ങ്ങളുടെ വലിയ സംഖ്യമൂലമുള്ള അസൗകര്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു. അത് നമ്മുടെ ലിപിവ്യവസ്ഥയെ കൂടുതൽ ചിട്ടപ്പെടുത്തുന്നതിനും ഭംഗിയാക്കുന്നതിനും സഹായിച്ചിട്ടുണ്ട്. എങ്കിലും ഫലത്തിൽ ഇത്തരം ശ്രമങ്ങൾ ഏകീകരിക്കുന്നതിലപ്പുറം കൂടുതൽ അവ്യവസ്ഥയും വൈവിധ്യവും ഉളവാക്കാനിടയാക്കി. ഇത് നിലവിലുള്ള വിവിധ രീതികളിൽ ഏതെങ്കിലുമൊന്ന് സൗകര്യം പോലെ സ്വീകരിക്കുന്നതുവഴി സംഭവിച്ചതാണ്. കൈയെഴുത്തിലും അച്ചടിയിലും ടൈപ്പിങ്ങിലും കമ്പ്യൂട്ടർ പ്രിന്റിങ്ങിലുമൊക്കെ ഇത് കാണുന്നുമുണ്ട്.

മലയാളത്തിലെ ആദ്യ കാല അച്ചടികളിലൊന്ന് /Photo: Facebook, Charithraperuma
മലയാളത്തിലെ ആദ്യ കാല അച്ചടികളിലൊന്ന് /Photo: Facebook, Charithraperuma

യൂനിക്കോഡും അതിനു സജ്ജമാക്കുന്ന സ്വതന്ത്ര മലയാളം സോഫ്റ്റ് വെയറുകളും കമ്പ്യൂട്ടിങ്ങിനായി ഒന്നിൽനിന്നു വ്യത്യസ്‌തമായ ലിപികളാണ് സ്വീകരിച്ചിരിക്കുന്നത്. പഴയ ലിപിയും പുതിയ ലിപിയും തമ്മിൽ നാല് ഉപചിഹ്നങ്ങളിലും കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതുന്നതിലുമാണ് വ്യത്യാസം എന്ന് പറയാറുണ്ട്. അപ്പോഴും കൈയെഴുത്തിൽ ഓരോരുത്തരും തങ്ങൾ ശീലിച്ചതുതന്നെ തുടരും. കൈയെഴുത്തുതന്നെ അപ്രസക്തവും അപ്രത്യക്ഷവുമാക്കിക്കൊണ്ട് നേരിട്ട് ഡി.ടി.പി. യിലേക്ക് പോകുന്ന ഒരു പുതിയ കാലഘട്ടമാണിത്. വ്യക്തിത്വത്തിന്റെ പ്രകടനമെന്നു കരുതിപ്പോന്ന കൈപ്പടയെത്തന്നെ സാങ്കേതികത വിഴുങ്ങുന്നതാണിവിടെ നാം കാണുന്നത്. നിലവിലിരിക്കുന്ന ലിപികളെ പരിഷ്‌കരിക്കുകയും അത്യാവശ്യമെങ്കിൽ മാത്രം പുതിയ ചിഹ്നങ്ങൾ സ്വീകരിക്കുകയും ചെയ്‌ത് ക്രമീകരിക്കുകയാണ് ലിപിപരിഷ്‌കരണം കൊണ്ട് വേണ്ടത്. പല ഘട്ടങ്ങളിലായി പലരുടെ നേതൃത്വത്തിൽ ഇത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുണ്ടായ നിർദ്ദേശങ്ങളിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഏറെ കുഴക്കുന്നത് പ്രൈമറി സ്‌കൂളുകളിലെ മലയാളം അധ്യാപകരെയും വിദ്യാർത്ഥികളെയുമാണ്. പഴയതും പുതിയതും രണ്ടും ചേർന്നും സങ്കീർണ്ണമായ ലിപിവ്യവസ്ഥയിൽ ഏത് ശരിയെന്നും ഏത് പഠിപ്പിക്കണമെന്നുമുള്ള ആശയക്കുഴപ്പം അദ്ധ്യാപകർക്കുണ്ടാവുന്നു. ഇതൊക്കെ ഒഴിവാക്കുന്ന തരത്തിൽ ലിപികളുടെ ഏകീകരണം സാധ്യമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമം അച്ചടിയായതിനാൽ (കമ്പ്യൂട്ടർ പ്രിന്റിങ്ങടക്കം) അതിൽ ഏകീകരണം സാധിച്ചാൽ കൈയെഴുത്തിലും കാലക്രത്തിൽ അങ്ങനെ വന്നു ചേർന്നുകൊള്ളും.

ആയിരം വർഷങ്ങളിലൂടെ പരിണമിച്ച ലിപി, ഏതാനും വർഷങ്ങളുടെ പരിഷ്‌കരണത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും തനതിലെത്തിച്ചേരുമെങ്കിൽ മലയാളത്തിലെ ലിപികളുടെ സമകാലിക കാഴ്ച ഇന്ത്യൻ ഭാഷകളിൽ അപൂർവ്വവും അത്ഭുതകരവുമായ ചരിത്രമായി മാറും.

1172- ൽ അച്ചടിച്ച സംക്ഷേപവേദാർത്ഥത്തിനുശേഷമാണ് കേരളത്തിൽത്തന്നെ മലയാളം അച്ചടിച്ചു തുടങ്ങുന്നത്. ഇതോടെ അതുവരെയുണ്ടായിരുന്ന ചതുരവടിവ്, അച്ചുകളുടെ എണ്ണം എന്നിവ കൊണ്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമവും തുടങ്ങി. ബെഞ്ചമിൻ ബെയ്‌ലി (1828), വാരാപ്പുഴ മിഷനറിമാർ (1876), കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള (1093-94) കേരള ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മറ്റി (1868) എന്നിവരുടെ ശ്രമങ്ങൾ ഇവയുടെ ആദ്യഘട്ടങ്ങളാണ്. പിൽക്കാലത്ത് കേരള സാഹിത്യ അക്കാദമി, എൻ.വി.കൃഷ്‌ണവാരിയർ (1987), വിജ്ഞാന കൈരളി, കേരള ഭാഷാ ഇൻസിറ്റിറ്റ്യൂട്ട്, ചിന്ത, ശ്യാമളകുമാരി (SRLC Mysore), പ്രബോധചന്ദ്രൻനായർ എന്നിവരുടെയൊക്കെ പരിഷ്‌കരണശ്രമങ്ങൾ അച്ചടി, ടൈപ്പിങ്ങ് എന്നിവയെ കൂടുതൽ ചിട്ടപ്പെടുത്താൻ ഉദ്ദേശിച്ചുണ്ടായവയാണ്. ദേശീയ- അന്തർദേശീയ തലത്തിൽ മലയാളലിപിയെ ഏകീകരിക്കാൻ ടി. എസ്. ഭട്ടതിരിപ്പാട് (ഭാരതലിപികൾ), സി. കെ. സെബാസ്റ്റ്യൻ (1933) എന്നിവർ ശ്രമം നടത്തിയിട്ടുണ്ട്.

ഭാരതത്തിലെ എല്ലാ ഭാഷകളും ലേഖനം ചെയ്യുകയും അതുവഴി ദേശീയൈക്യവുമാണ് ഭട്ടതിരിപ്പാടിന്റെ ലക്ഷ്യം. ലോകഭാഷകളെ മുഴുവൻ ഉൾക്കൊള്ളുന്ന വിധത്തിൽ പരിഷ്കരിച്ച ലിപിസമ്പ്രദായമാണ് സെബാസ്റ്റ്യന്റേത്. മലയാളലിപിയുടെ എന്നുപറയാൻ പറ്റാത്ത വിധത്തിൽ ലിപികളുടെ എണ്ണം കുറച്ച് അതുവഴി അച്ചുകളുടെ നിർമ്മിതിയും ഉപയോഗവും ലളിതമാക്കുകയാണ് അവിടെ ചെയ്യുന്നത്. മലയാളത്തിന്റെ പരമ്പരാഗതരീതി കൈവിടുന്ന നടപടിയാണ് അങ്ങനെ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. നേരെ വിപരീതമായ ഒരു ദിശയിൽ, മലയാളലിപിയുടെ സ്വത്വത്തെ നിലനിർത്തിക്കൊണ്ടുതന്നെ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനാണ് മറ്റുള്ളവർ ശ്രമിച്ചിരുന്നത്. യൂനിക്കോഡും മലയാള കമ്പ്യൂട്ടിങ്ങുമൊക്കെ സെബാസ്റ്റ്യന്റെയും ഭട്ടതിരിപ്പാടിന്റെയും പരിഷ്കരണത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നുണ്ട്. കമ്പ്യൂട്ടർ ക്ഷമതയ്ക്കുവേണ്ടിയുള്ള വിവിധങ്ങളായ സോഫ്റ്റ് വെയറുകളുടെ കടന്നുവരവ് ഈ രംഗത്ത് പുതിയൊരു യുഗം തുടങ്ങിവെച്ചിരിക്കുകയാണ്.

മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിൻ ബെയ്‌ലിയുടെ ആദ്യകാല അച്ചടി യന്ത്രം
മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിൻ ബെയ്‌ലിയുടെ ആദ്യകാല അച്ചടി യന്ത്രം

ലിപി പരിഷ്‌കരണ നിർദ്ദേശങ്ങൾ പലതും നിലനിൽക്കുകയും പുതിയവ പലതും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതുവഴി ഇന്നത്തെ കൈയെഴുത്ത്, അച്ചടി, ടൈപ്പിങ്ങ്, കമ്പ്യൂട്ടർ പ്രിന്റിങ് എന്നിവയിലൊക്കെ അവ്യവസ്ഥയുണ്ടെന്നു പറഞ്ഞു. ഒരാളുടെ കൈയെഴുത്തുതന്നെ മറ്റൊരാളുടേതിൽനിന്ന് ലിപി സ്വീകരണത്തിൽ വ്യത്യസ്‌തമാണ്. എന്നു മാത്രമല്ല ഒരാൾതന്നെ രീതിയ്ക്കും വടിവിനുമപ്പുറം ലിപിവിന്യസനത്തിൽ വ്യത്യസ്‌ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ഒരേ മട്ടിലല്ലാതെ, തൽക്കാലം തോന്നുന്നതുപോലെ നിലവിലുള്ള വൈവിധ്യങ്ങളിലൊന്നിനെ സ്വീകരിക്കുന്നുമുണ്ട്. ഒരിടത്ത് രണ്ട് റ ചേർത്ത് 'ററ' എന്നെഴുതുമ്പോൾ മറ്റൊരിടത്ത് 'റ'യുടെ ചുവട്ടിൽ 'റ' എന്ന രീതി സ്വീകരിച്ച് റ്റ എന്നെഴുതുന്നു. വർഗ്ഗം എന്നതിലെ 'ർ' ന് പകരം പഴയ രീതിയിൽ മേൽക്കുത്തുചിഹ്നം ചേർത്തും ഉപയോഗിക്കാം. ഇത് തിരിച്ചറിയാതെ പോകുന്നതിനു കാരണം അവ എങ്ങനെയെഴുതിയാലും വായിക്കാനാവും എന്നതുകൊണ്ടാണ്. പുതിയ ലിപിസമ്പ്രദായം പഠിച്ച കുട്ടി കൈത്തഴക്കം വന്നാൽ പഴയ ലിപി സ്വീകരിക്കുന്നതു കാണാം. പഴയ ലിപിയുടെ കൈവഴക്കം, വേഗത കൂടുതൽ, ഉച്ചാരണത്തോടുള്ള ഒത്തിരിപ്പ് എന്നിവയാണ് ഇതിന് കാരണം. ഒരേസമയം പുതിയ ലിപിയുടെ ഉകാരത്തിന്റെ വേറിട്ട ഉപലിപി ചിഹ്നം സ്വീകരിച്ചും പഴയ മട്ടിൽ ഉപലിപി ചേർന്ന രൂപത്തിലും എഴുതാം. ഇങ്ങനെ പഴയതും പുതിയതും രണ്ടും ചേർന്നുള്ളതുമായ ലിപി സ്വീകരണവും നിലനിൽക്കുന്നു. എഴുത്തുപകരണം തുടർച്ചയായി ഒരേ ദിശയിൽ ഇടത്തുനിന്ന് വലത്തോട്ട് ചരിക്കുന്നതിന്റെ സൗകര്യം മിക്കവാറും പഴയ കൈയെഴുത്തിനുണ്ട്. പുതിയ ലിപിചിഹ്നങ്ങളിൽ എഴുത്തുപകരണം എടുത്തെടുത്ത് മുറിച്ചെഴുതി വരുന്നത് കൈയെഴുത്തിന് അസൗകര്യവും വേഗതക്കുറവും ഉണ്ടാക്കുന്നുണ്ട് എന്നത് പഴയ രീതിയെ പിന്തുടരുന്നതിന് കാരണമാകുന്നു.

ഭാഷയെ ലളിതമാക്കുക എന്ന പൊതു ചിന്തകൾക്കിടയ്ക്ക് മലയാളി പുതിയ 90 ഫോണ്ടിൽ നിന്ന് 600 ഫോണ്ടിലേക്ക് തിരിച്ചു പോകണമെന്ന് ഇപ്പോൾ ആലോചിക്കുന്നത് എത്രത്തോളം കരണീയമാണെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

1968-ലെ ലിപി പരിഷ്കരണത്തിനു ശേഷം 1970- ലെ ടൈപ്പ്റൈറ്റിംങ്ങ് കീബോർഡ് പരിഷ്കരണകമ്മറ്റിക്ക് (ഡോ.കെ. ഭാസ്‌കരൻ നായർ അധ്യക്ഷൻ) ടൈപ്പ് റൈറ്ററിന്റെ കീബോർഡിൽ ഒരുക്കുന്നതിനായി 900 മുദ്രകളെ 90 ആക്കി കുറയ്ക്കാൻ സാധിച്ചിരുന്നു. ഇതിന് ആവൃത്തി വിതരണപഠനവും കീബോർഡിൽ ലിപികളുടെ സ്ഥാനം നിർണ്ണയിക്കലും നടത്തിയത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. അച്ചടിയിൽ പല പ്രസ്സുകളും പല രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. പരിഷ്കരണ നിർദ്ദേശങ്ങളിൽ പ്രസ്സുകൾ സ്വീകരിച്ചിട്ടുള്ളതും ഓരോ പ്രസ്സിലുള്ള അച്ചുകളും അച്ചടിയെ വ്യത്യാസപ്പെടുത്തുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി മലയാളത്തിലെ മൂന്നോ നാലോ ദിനപത്രങ്ങൾ എടുത്തു പരിശോധിച്ചാൽ മതി. ഇവയിലെ ലിപിവിന്യസനം വ്യത്യസ്തമാണെന്ന് കാണാം. മാത്രമല്ല ഒരേ പദങ്ങൾ എഴുതിയിരിക്കുന്ന വ്യത്യസ്‌ത രീതിയും പരിശോധിച്ചു നോക്കാവുന്നതാണ്. ധാരാളം വ്യത്യസ്തതകൾ അവിടെയും കാണാം.

ഇൻഫർമേഷൻ ടെക്നോളജിയുടെ കടന്നുകയറ്റം മറ്റു രംഗങ്ങളിലെന്നപോലെ അച്ചടിയിലും ലിപിമാറ്റങ്ങൾ ഉളവാക്കി. യൂനിക്കോഡിന്റെ സംവിധാനത്തിന് ഭാഷയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം വെച്ച് മറ്റു ഭാഷകൾക്കൊപ്പം മലയാളത്തെയും 128 സ്ലാട്ടിൽ ഒതുക്കി കാലത്തിനനുസരിച്ച് മാറ്റിയെടുക്കാനാണ് ഇക്കാലത്ത് ശ്രമിച്ചത്. ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്ക് കമ്പ്യൂട്ടർ സംവിധാനത്തിലൂടെ മൊഴിമാറ്റം നടത്താൻ മലയാളത്തിന് സാധിക്കണമെങ്കിൽ യൂനിക്കോഡ് സംവിധാനത്തിലേക്ക് നമ്മുടെ ഭാഷ മാറേണ്ടതുണ്ട്.

ഓരോ പ്രസ്സിലുള്ള അച്ചുകളും അച്ചടിയെ വ്യത്യാസപ്പെടുത്തുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി മലയാളത്തിലെ മൂന്നോ നാലോ ദിനപത്രങ്ങൾ എടുത്തു പരിശോധിച്ചാൽ മതി.
ഓരോ പ്രസ്സിലുള്ള അച്ചുകളും അച്ചടിയെ വ്യത്യാസപ്പെടുത്തുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി മലയാളത്തിലെ മൂന്നോ നാലോ ദിനപത്രങ്ങൾ എടുത്തു പരിശോധിച്ചാൽ മതി.

1960-നു മുമ്പുള്ള ലിപി വ്യവസ്ഥയിലേക്ക് മടങ്ങിപ്പോകുക എന്ന വാദത്തിലാണ് ഈ മേഖലയിൽ സ്വതന്ത്രമായ പരിശ്രമം തുടരുന്ന രചന അക്ഷരവേദിക്കാരുടെ ചിന്ത ചെന്നെത്തി നിൽക്കുന്നത്. ടൈപ്പിങ്ങിന്റെയും ലെറ്റർ പ്രസ്സുകളുടെ അറകളുടെയും എണ്ണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് അക്ഷരങ്ങളെ പരമാവധി വെട്ടിമുറിക്കുകയാണ് ലിപി പരിഷ്‌കാരകർ ചെയ്‌തത് എന്ന ആക്ഷേപം പരിഹരിക്കുന്നതിനുതകുന്ന ഒരു തിരിച്ചുപോക്കാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷെ 68 ലെ ലിപി പരിഷ്കാരം ടൈപ്പിങ്ങിനും അച്ചടിക്കും മാത്രമാണെന്നും നിലവിൽ പഴയ ലിപി തന്നെ തുടരുകയും ചെയ്യും എന്ന സർക്കാർ ഉത്തരവുണ്ടായിരുന്നിട്ടും പുസ്‌തകങ്ങളിലെ പുതിയ ലിപി കൈയെഴുത്തിലും വിദ്യാർത്ഥികളും അധ്യാപകരും സ്വീകരിക്കുകയും ചെയ്‌തു.

ഭാഷയെ ലളിതമാക്കുക എന്ന പൊതു ചിന്തകൾക്കിടയ്ക്ക് മലയാളി പുതിയ 90 ഫോണ്ടിൽ നിന്ന് 600 ഫോണ്ടിലേക്ക് തിരിച്ചു പോകണമെന്ന് ഇപ്പോൾ ആലോചിക്കുന്നത് എത്രത്തോളം കരണീയമാണെന്നത് പരിശോധിക്കേണ്ടിയാണിരിക്കുന്നത്. കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ അത് പ്രാവർത്തികമാക്കാൻ പ്രയാസമില്ലെന്നതു ശരിതന്നെ. പുതിയ ലിപി പഠിച്ചവർ പഴയ ലിപി പഠിക്കുക എന്നതിലെ അപ്രായോഗികതയും അവിടെയുണ്ട്. എങ്കിലും അച്ചടിയുടെ ഏകീകരണവും കൈയെഴുത്തിലെ പഴയ ലിപി സ്വീകരണവും അതിന് പരിഹാരമാകും എന്ന് വിചാരിക്കുകയുമാകാം.

വ്യവസ്ഥാപിതമായ ഒരു ലിപിസമ്പ്രദായം കമ്പ്യൂട്ടറിലടക്കം സാധിച്ചാലേ അറിവുകളുടെ ലോകത്ത് കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ നമുക്കാവൂ.

യൂനിക്കോഡ് ഫോണ്ട്, അഞ്ജലി ഓൾഡ് ലിപി, രചന, അക്ഷയ, കാർത്തിക. ഗ്നു, എം.എൽ നിള, മീര, സുറുമ, എം.എൽ. പാണിനി, ജമമലയാളം, എം.എൽ. കാർത്തിക, മീര, ചേന എന്നിങ്ങനെ നീളുന്ന ഏറെ സോഫ്റ്റ് വെയറുകൾ ഇന്ന് നിലവിലുണ്ട്. ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള കൺവേർഷൻ അസാധ്യമായതിനാൽ പൊതുവായ ഒരു ഫോണ്ടിന്റെ അനിവാര്യത ഉണ്ടെന്നു പറയാം. (എന്നാൽ ഇവയെയെല്ലാം യൂനിക്കോഡിലേക്കു കൺവെർട്ടു ചെയ്യാനുള്ള സോഫ്റ്റ് വെയറുകൾ ലഭ്യമാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു എന്നും മറുചിന്ത ഉയരാം).

പത്രമുടമകളുടെ സംഘടനയായ റിൻഡിന്റെയും BR &DC യുടെയും സഹകരണത്തോടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക് ടെക്സ്റ്റ് കംപോസിങ്ങിനുവേണ്ടി ഫൊണറ്റിക് സിസ്റ്റം ആവിഷ്‌കരിച്ച് ഡി.ടി.പി സംവിധാനത്തിന് ഭാഷയെ സജ്ജമാക്കി. സ്പെൽ ചെക് സിസ്റ്റം ആവിഷ്‌കരിക്കാനും അവർ തയ്യാറായി. അതിനായി പുതിയ ലിപി തന്നെയാണ് നല്ലതെന്ന ചിന്തയാണവർ സ്വീകരിച്ചത്. 68- ലെ ലിപിപരിഷ്‌കരണ നിർദ്ദേശങ്ങളിലെ 90 ഫോണ്ടിനെ 128 ആക്കിയപ്പോൾ കൂടുതൽ കൂട്ടക്ഷരങ്ങളെ ഉൾക്കൊള്ളിക്കാനായിട്ടുണ്ട് എന്ന് അവകാശ പ്പെടുമ്പോഴും കൂട്ടക്ഷരങ്ങൾ ചിലതിനെ പഴയ പടിയും അപൂർവ്വമായി ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് ചിലതിനെ പിരിച്ചും എഴുതേണ്ടിവരുന്നുണ്ട് (അച്ചടിയും എഴുത്തും ഒരു സ്റ്റൈൽ പുസ്ത‌കം). പഴയ ലിപിയും പുതിയ ലിപിയും തമ്മിൽ നാല് ഉപചിഹ്നങ്ങളിലും ചില കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതുന്നതിലുമാണ് വ്യത്യാസം എന്ന് പറയുമ്പോൾ പഴയ ലിപിയിൽ ശീലിച്ചവർ കൈയെഴുത്തിൽ അതുതന്നെയാവും എഴുതുകയും വായിക്കുകയും ചെയ്യുക എന്നതു യാഥാർത്ഥ്യമാണ്. ഭാഷയുടെ സൗന്ദര്യവും സ്വത്വവും നിലനിർത്തി ലളിതമാക്കുമ്പോൾ ഉച്ചാരണത്തിലെ കൃത്യത, അതിനോടുള്ള വൈകാരികബന്ധം, പാരമ്പര്യം എന്നിവ കൂടി പരിഗണിക്കുകയും, സാങ്കേതികതയും യന്ത്രവൽക്കരണവും മനുഷ്യനുവേണ്ടിയാണെന്നത് ഓർക്കുകയും വേണം.

ചുരുക്കത്തിൽ ലോകത്തിലെ മറ്റൊരു ഭാഷയിലും സംഭവിച്ചിട്ടില്ലാത്തവിധം അവ്യവസ്ഥയുള്ളതും ഇനിയും ഏകീകൃത ലിപി വ്യവസ്ഥയില്ലാത്തതുമായ ഏക ഭാരതീയ ഭാഷയായി മലയാളം നിലനിൽക്കുന്നു. മലയാളം കമ്പ്യൂട്ടറിൽ ഏറെ പ്രചാരമുള്ള രണ്ടു പാക്കേജുകളിൽ ഒരു പാക്കേജിൽ എഴുതപ്പെട്ട അക്ഷരങ്ങൾ മറ്റൊരു പാക്കേജിൽ മറ്റൊരു തരത്തിൽ ആയിരിക്കും വായിക്കേണ്ടിവരിക. മലയാളത്തിലെ ഇരുപതിലേറെ വ്യത്യസ്‌ത ആസ്കി മാപ്പിംഗുകൾ (ASCII Mapping) അക്ഷരങ്ങളെ മനസ്സിലാക്കുന്നതും ആവിഷ്കരിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. ഏകീകൃതവും വ്യവസ്ഥാപിതവുമായ ഒരു ലിപി സമ്പ്രദായം കമ്പ്യൂട്ടറിലും സാധിച്ചാലേ അറിവുകളുടെ ലോകത്ത് സൌകര്യപ്രദമായും കാര്യക്ഷമമായും ഇടപെടാൻ നമുക്കാവൂ. അതിനായി ഇൻഫർമേഷൻ സിസ്റ്റം ഡെവലപ്മെന്റിൽ മലയാളം ഉപയോഗിക്കേണ്ടതുണ്ട്. നമ്മുടെ ലിപി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചേർത്ത് കമ്പ്യൂട്ടറിൽ കൊണ്ടുവരാൻ സാധിക്കണമെങ്കിൽ ഏകീകൃതമായ ഒരു ലിപി അത്യാവശ്യമാണ്. കൂട്ടക്ഷരത്തിനും ചില്ലിനും നിലവിൽ വന്നിട്ടുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കേണ്ടതുണ്ട്.

മലയാളി പുതിയ 90 ഫോണ്ടിൽ നിന്ന് 600 ഫോണ്ടിലേക്ക് തിരിച്ചു പോകണമെന്ന് ഇപ്പോൾ ആലോചിക്കുന്നത് എത്രത്തോളം കരണീയമാണെന്നത് പരിശോധിക്കേണ്ടിയാണിരിക്കുന്നു
മലയാളി പുതിയ 90 ഫോണ്ടിൽ നിന്ന് 600 ഫോണ്ടിലേക്ക് തിരിച്ചു പോകണമെന്ന് ഇപ്പോൾ ആലോചിക്കുന്നത് എത്രത്തോളം കരണീയമാണെന്നത് പരിശോധിക്കേണ്ടിയാണിരിക്കുന്നു

എഴുപതുകളിൽ തുടങ്ങി 1998-ൽ മലയാളത്തനിമ (പ്രബോധചന്ദ്രൻനായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) വരെ 40 വർഷങ്ങളിൽ അനേകം പരിഷ്‌കരണശ്രമങ്ങൾ നടന്നു. എഴുപതുകളിലെ ടൈപ്പ്റൈറ്റർ ലിപി മൂലം ഒന്നിനുപിറകെ ഒന്നായി സംജാതമായ അവ്യവസ്ഥകളെ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌കരണശ്രമങ്ങൾ ഉണ്ടായത്. ആദ്യ പരിഷ്‌കരണത്തിന്റെ ദോഷങ്ങൾ പരിഹരിക്കാൻ അത്തരം ശ്രമങ്ങൾക്കൊന്നും കഴിഞ്ഞില്ലെന്നു മാത്രമല്ല, പുതിയ വൈവിദ്ധ്യങ്ങളെ കൊണ്ടുവരികയും ചെയ്തു.

എഴുപതുകളിൽ നടന്ന പരിഷ്‌കരണത്തിനു ശേഷം മലയാള ലിപിയിൽ അരങ്ങേറിയ പ്രധാനമായ മാറ്റം എൺപതുകളുടെ അവസാനത്തോടെ കമ്പ്യൂട്ടറൈസ്‌ഡ് ടൈപ്പ് സെറ്റിംഗിന്റെ മേഖലയിലാണ്. ഡി. ടി. പി. ലിപിയെന്ന് ഇതിനെ വിളിക്കാം. അച്ചടിയിൽ ഇന്ന് വ്യാപകമായി നിലനിൽക്കുന്ന ലിപിയാണിത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ മറ്റ് സർക്കാർ സമിതികളുടെയും അറിവോ സമ്മതമോ ഇല്ലാതെ നിശ്ശബ്ദമായാണ് ഡി.ടി.പി. ലിപിപരിഷ്‌കരണം നിർവ്വഹിക്കപ്പെട്ടത്. ഡി ടി.പി ലിപിയിൽത്തന്നെ വ്യാപകമായ അവ്യവസ്ഥ നിലനിൽക്കുന്നു. എൺപതുകൾ മുതൽ അനേകം മലയാളം ഡി ടി പി പാക്കേജുകൾ പ്രചരിച്ചു. അബാക്കസ്, വിഷൻ, പ്രകാശക്, ശ്രീലിപി ഒടുവിൽ ഐ.എസ്.എം, ഗിസ്റ്റ് എന്നിവ അവയിൽ ചിലതാണ്. ഒരു ആസ്‌കി ഫോണ്ടിലുള്ള 256 കള്ളികളിൽ 170- ഓളം കള്ളികൾ മലയാള അക്ഷരങ്ങൾക്കായി ഉപയോഗിക്കാം. മലയാളം ഫോണ്ടുകളുണ്ടാക്കി മേല്പ‌റഞ്ഞ കമ്പനിക്കാരൊക്കെ അവരവർക്ക് ഇഷ്‌ടപ്പെട്ട കൂട്ടക്ഷരങ്ങൾ ഇവയിൽ നിറച്ചു. ശ്രീലിപിയിലുള്ള കൂട്ടക്ഷരങ്ങൾ ഗിസ്റ്റിൽ കണ്ടില്ലെന്നു വരാം. മറിച്ചും. വ്യഞ്ജനങ്ങളിൽനിന്ന് മുറിച്ചുമാറ്റപ്പെട്ട സ്വരചിഹ്നങ്ങൾ ടൈപ്പ്റൈറ്റർ ലിപിയിലേതുപോലെ ഡി. ടി. പി. ഫോണ്ടുകളിലും തുടർന്നു. ഏതാനും കൂട്ടക്ഷരങ്ങൾ കേറിവന്നു എന്നതൊഴിച്ചാൽ മറ്റൊരു വ്യത്യാസവും പരിഷ്‌കരിച്ച ലിപിയുമായി ഇല്ല.

ഉ കാര- ഋ കാരങ്ങളുടേതു പോലുള്ള പുതിയ ലിപി വക ഉപലിപികൾ നിലനിർത്തിക്കൊണ്ട് വേണുഗോപാലപ്പണിക്കർ ഉൾപ്പെട്ട ഔദ്യോഗിക ഭാഷാസമിതി ശുപാർശ ചെയ്ത രീതിയോ തനതു ലിപിസഞ്ചയം തന്നെയോ സ്വീകരിക്കേണ്ടത് എന്ന് ആലോചിക്കേണ്ടതുണ്ട്.

പരിഷ്കരണം കൊണ്ട് വലഞ്ഞ ഭാഷയെ രക്ഷിച്ചെടുക്കാൻ വീണ്ടും വീണ്ടുമുള്ള പരിഷ്‌കരണങ്ങൾ അല്ല വേണ്ടത് എന്ന് രചന അക്ഷരവേദിക്കാർ കരുതി. ആയിരക്കണക്കിനു വർഷങ്ങളിലെ പരിണാമത്തിന്റെ രൂപവും താളവും നിലനിർത്തുകയാണ് ഭാഷയുടെ നിലനിൽപ്പിനും മുന്നോട്ടുള്ള പോക്കിനും ആവശ്യം എന്ന് അവർ ഉറപ്പിക്കുന്നു. വളർന്നുവരുന്ന ഭാഷാസാങ്കേതികതയ്ക്ക് ഏറ്റവും അനുഗുണം “തനതു ലിപി”യാണെന്ന അവരുടെ വാദം 15 വർഷങ്ങൾക്കുള്ളിൽ യൂനികോഡ് കൺസോർഷ്യവും ലിനക്‌സ് പ്രവർത്തകരും അംഗീകരിച്ചുകഴിഞ്ഞു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അച്ചടി വ്യാപകമായി ഉപയോഗിക്കുന്ന യൂണികോഡിലുള്ള തനതു ലിപിയിലേക്കു മാറുമെന്നും മലയാളം പാഠപുസ്‌തകങ്ങളും യൂണികോഡ് തനതുലിപിയിൽ അച്ചടിക്കപ്പെടുകയും വിദ്യാർത്ഥികൾ വായിക്കാനും എഴുതാനും ശീലിക്കുകയും ചെയ്യുമെന്നും അവർ കരുതുന്നു. അപ്പോൾ 40 വർഷമായി പ്രചരിച്ച പരിഷ്‌കരിച്ച ലിപി ഏതാനും വർഷങ്ങൾക്കുള്ളിൽ എഴുത്തിൽ നിന്നും അപ്രത്യക്ഷമാകാനാണ് സാധ്യത. ആയിരം വർഷങ്ങളിലൂടെ പരിണമിച്ച ലിപി, ഏതാനും വർഷങ്ങളുടെ പരിഷ്‌കരണത്തിലൂടെ കടന്നുപോയതിനുശേഷം വീണ്ടും തനതിലെത്തിച്ചേരുമെങ്കിൽ മലയാളത്തിലെ ലിപികളുടെ സമകാലിക കാഴ്ച ഇന്ത്യൻ ഭാഷകളിൽ അപൂർവ്വവും അത്ഭുതകരവുമായ ചരിത്രമായി മാറും.

ഐടി@സ്കൂൾ ലിനക്‌സിലൂടെയാണ് പ്രചരിക്കുന്നത് എന്നതിനാൽ കേരളത്തിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രചനയുടെ തനതുലിപിയെ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്‌തു കഴിഞ്ഞിട്ടുണ്ട്.
ഐടി@സ്കൂൾ ലിനക്‌സിലൂടെയാണ് പ്രചരിക്കുന്നത് എന്നതിനാൽ കേരളത്തിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രചനയുടെ തനതുലിപിയെ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്‌തു കഴിഞ്ഞിട്ടുണ്ട്.

വ്യവസ്ഥാപിതമായ ഒരു ലിപിസമ്പ്രദായം കമ്പ്യൂട്ടറിലടക്കം സാധിച്ചാലേ അറിവുകളുടെ ലോകത്ത് കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ നമുക്കാവൂ. ലിപ്യന്തരണം നടത്തുമ്പോൾ ചില്ലിനു വരുന്ന പ്രശ്നങ്ങൾ, പഴയതും പുതിയതും, രണ്ടും കൂടിക്കുഴഞ്ഞുമുള്ള ലിപി സ്വീകരണം, ശബ്ദങ്ങളുടെ ധ്വനിമൂല്യത്തെ മറന്നുകൊണ്ടുള്ള ലിപിവിന്യാസം എന്നിവ ഇപ്പോഴും നിലനിൽക്കുന്ന അവ്യവസ്ഥകളാണ്. ഇതൊടൊപ്പം സ്ഥലനാമങ്ങൾ, വ്യക്തിനാമങ്ങൾ എന്നിവയടക്കം അന്യഭാഷാശബ്ദങ്ങളുടെ ഉച്ചാരണത്തിലും ലിപി സ്വീകരണത്തിലുമുള്ള അവ്യവസ്ഥകൂടി പരിഹരിക്കണം. ഇങ്ങനെ ഒരു വാക്കിന് ഒരു അക്ഷരവിന്യാസം (Spelling) എന്ന നിലയിൽ ഉറപ്പിച്ചു കിട്ടണം. എങ്കിലേ ഒരേ പദത്തിന്റെ പല അക്ഷരവിന്യാസം വഴി കമ്പ്യൂട്ടറിലുണ്ടായ പ്രശ്നങ്ങൾ ഇല്ലാതാവൂ. വെണ്മ- വെൺമ എന്നിവയിൽ ഏതാണ് കമ്പ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ളത് അതുമാത്രമേ ലഭ്യമാകൂ എന്ന അവസ്ഥ മാറണം. ഇതിന് ചില്ലക്ഷരത്തിന്റെ കാര്യത്തിൽ യൂനിക്കോഡിന്റെ 5, 1 എൻകോഡിംഗിൽ വന്ന പ്രശ്നം പരിഹരിക്കണം. ലിപികളുടെ പാരമ്പര്യവും ജൈവബന്ധവും നിലനിർത്തുന്ന രചനയുടെ തനതുലിപി യൂനിക്കോഡിൽ പിൻതുടർന്നാൽ ഇതിനെല്ലാം പരിഹാരമാകും. സർക്കാർ തലത്തിൽ മലയാളത്തിന്റെ തനതുലിപിയെ സ്വീകരിക്കുകയാണ് ഇതിന് പ്രതിവിധി.

സൗകര്യമനുസരിച്ച് ഇതും ശരി, അതും ശരിയെന്ന മട്ടിൽ ഒരേപോലെ അംഗീകരിക്കുന്ന പഴയ സമീപനരീതി മാറേണ്ടതുണ്ട്. തൽക്കാലം കുറച്ചു ബുദ്ധിമുട്ടനുഭവിക്കുമെങ്കിലും കാലക്രമത്തിൽ അതു സ്വീകാര്യവും ഏകീകൃതവും ആയിത്തീരും. സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളൊക്കെ കമ്പ്യൂട്ടർവൽക്കരിച്ചു കഴിഞ്ഞ ഇക്കാലത്ത് ആശയവിനിമയത്തിനായി ഈയൊരു ലിപിമാതൃക പിന്തുടരുന്നത് അതിന്റെ പ്രചാരം ത്വരിതഗതിയിലാക്കും. സ്‌കൂൾ തലത്തിൽ കമ്പ്യൂട്ടർ പാഠ്യവിഷയമാക്കിയതോടെ പ്രൈമറിതലം മുതൽ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയിക്കാനും ബുദ്ധിമുട്ടില്ലാതായി. ഐടി@സ്കൂൾ ലിനക്‌സിലൂടെയാണ് പ്രചരിക്കുന്നത് എന്നതിനാൽ കേരളത്തിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രചനയുടെ തനതുലിപിയെ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്‌തു കഴിഞ്ഞിട്ടുണ്ട്. ഗ്നു ലിനക്സിലൂടെ കമ്പ്യൂട്ടറിന്റെ സർവ്വ മേഖലയിലും ഇതിന്റെ സാധ്യത തെളിഞ്ഞിട്ടുണ്ട്.

ലിപിചരിത്രത്തിലെ ഒരു ദശാസന്ധിയായി ഈ കാലഘട്ടത്തെ അടയാളപ്പെടുത്തിക്കൊണ്ട് അടുത്ത ഭാവിയിൽ ഒരു ഏകീകൃത ലിപി വ്യവസ്ഥ നടപ്പിലാകുക തന്നെ ചെയ്യുമെന്നു കരുതാം. ഉ കാര- ഋ കാരങ്ങളുടേതു പോലുള്ള പുതിയ ലിപി വക ഉപലിപികൾ നിലനിർത്തിക്കൊണ്ട് വേണുഗോപാലപ്പണിക്കർ ഉൾപ്പെട്ട ഔദ്യോഗിക ഭാഷാസമിതി ശുപാർശ ചെയ്ത രീതിയോ തനതു ലിപിസഞ്ചയം തന്നെയോ സ്വീകരിക്കേണ്ടത് എന്ന് ആലോചിക്കേണ്ടതുണ്ട്.

Comments