“ചോദിക്കാനും പറയാനും ഇല്ലാത്ത മനുഷ്യരുടെ കുനിഞ്ഞ തലകൾ കണ്ട് നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നു ....”
‘ഓരി’ എന്ന കവിതയിൽ വിഷ്ണുപ്രസാദ് എഴുതിയതാണീ വരികൾ. സ്വയം പ്രഖ്യാപനശേഷിയുള്ള കവിതകളാണ് ഈ സമാഹാരത്തിലാകെ. ഇതിലെ കവിതകൾക്ക് ഒരു അവതാരികയോ മുഖവുരയോ ആവശ്യമില്ല. ഏതൊക്കെയോ രൂപത്തിൽ ചുറ്റും നിന്നലറുന്ന ജീവിതത്തെ ഒരു കവി അടയാത്ത കണ്ണുകളോടെ വലിയ ഭാരത്തോടെ പകർത്തുകയാണ്. ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ, ഒന്നുമില്ലാതെ, ഒന്നുമല്ലാതെ, ഇച്ഛാഭംഗങ്ങളുടെ ജീവിതത്തെ പ്രതിനിധാനം ചെയ്തുകൊണ്ട്, ഒരു പതിനാറാം നമ്പർ സീറ്റ് ഒറ്റക്ക് സഞ്ചരിക്കുന്നു. ഉള്ളവയേക്കാൾ ഇല്ലാത്തവയുടെ ശക്തി വിളിച്ചോതുന്ന കവിതകൾ. ഇല്ലാത്ത സ്വപ്നങ്ങൾ, ഇല്ലാത്ത വലിപ്പങ്ങൾ. ഇല്ലായ്മ എന്നു മാത്രം വിലാസമുള്ളവരുടെ ജീവിതത്തേക്കാൾ ജീവനുണ്ടാവില്ലൊന്നിനും എന്നു സംഗ്രഹിക്കുന്ന കവിതകൾ.
കേരളത്തിലെ അതിഗംഭീരരും അല്ലാത്തവരുമായ കവികൾക്കിടയിൽ ഒരു പരൽമീനിന്റെ ജലവഴിയെങ്കിലും തനിക്കും ഉണ്ടെന്നു വിശ്വസിക്കുന്ന കവിയാണ് വിഷ്ണുപ്രസാദ്. ഒരു റബ്ബർമരത്തിന്റെ തടിയിൽ ദിവസവും കത്തികൊണ്ട് പാലു വരച്ചെടുക്കുന്നതു പോലെ കവിതയിൽ ഒരു ടാപ്പിങ് തൊഴിലാളിയായി പ്രവർത്തിക്കുന്നു എന്ന് സ്വയം വിശേഷിപ്പിക്കുന്ന കവി.
കവിതയെ ജനകീയമാക്കാനോ ബോധനനിലവാരമുള്ളതാക്കാനോ ഉള്ള ശ്രമങ്ങളൊന്നും വിഷ്ണുപ്രസാദിന്റെ കവിതകളിൽ കാണാനാവില്ല.
പല രൂപങ്ങളിലും പല മുഖങ്ങളിലും പല ശബ്ദങ്ങളിലും സംവദിക്കാൻ ശേഷിയുള്ള കവിതകളാണ് വിഷ്ണുപ്രസാദിൻ്റേത്. കവിതയുടെ ബാഹ്യനിയമങ്ങളൊന്നും വിഷ്ണുപ്രസാദിന്റെ കാവ്യലോകനിയമങ്ങളെ ബാധിക്കുന്നില്ല. തുളുമ്പി നിൽക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ കവിതയിലുണ്ടായിരിക്കണമെന്ന ഗതകാലശാസനകളെ അത് ഗൗനിക്കുന്നില്ല. മുൻകാല കവിതകൾ സഞ്ചരിച്ച വഴിയുടെ ഉന്നങ്ങളെ തെറ്റിക്കുന്ന ഈ കവിതകൾ, അവയുടെ ഉന്നമെന്തെന്ന് ഉന്നയിക്കുന്നതു പോലുമില്ല.
“ എല്ലാ ഉന്നങ്ങളും ശരിയാണെങ്കിൽ
ഏറുകൾക്കെന്തു ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്കു സ്വന്തം”
എന്നും ഉന്നം തെറ്റിക്കുന്ന ഒരുവൻ ഉള്ളിലൊളിച്ചിരിപ്പുള്ളതിനാൽ അവൻ കവിതയുടെ ഉന്നങ്ങളെ കൃത്യമായി തെറ്റിക്കുന്നുണ്ട്. കവിതയെ ജനകീയമാക്കാനോ ബോധനനിലവാരമുള്ളതാക്കാനോ ഉള്ള ശ്രമങ്ങളൊന്നും വിഷ്ണുപ്രസാദിന്റെ കവിതകളിൽ കാണാനാവില്ല. എല്ലാ നിയമങ്ങളെയും എല്ലാ വിലക്കുകളെയും മറികടന്ന് പ്രവചനാതീതമായ വിസ്മയങ്ങളിലേക്ക്, ക്ലൈമാക്സിലേക്ക് കവിത പിടഞ്ഞു പിടഞ്ഞുപോവുകയാണ്.
കുളം + പ്രാന്തത്തി എന്ന കവിത നോക്കൂ. നമ്മൾ പ്രതീക്ഷിക്കുന്നതിനു വിരുദ്ധമായാണ് കവിത പ്രവർത്തിക്കുന്നത്. പതിവായി പെണ്ണുങ്ങളുടെ നഗ്നത കുടിച്ച് മതിവരാത്ത കാമുകനായ കുളത്തിനെ നമ്മുടെ പ്രാന്തത്തി തിരിച്ചും മറിച്ചുമിട്ട് ചുംബിച്ചും മുക്കിയും ശ്വാസംമുട്ടിച്ചും അക്രമാഭ്യാസങ്ങൾ കാണിച്ചും ഒടുവിൽ ആ കുളം പ്രാന്തത്തിയിൽ ചത്തുപൊങ്ങുകയാണ്. ചത്തകുളം പ്രാന്തത്തിയിൽ പൊങ്ങി എന്നിടത്താണ് കവിത. 20 വർഷം മുൻപെങ്കിലും എഴുതിയ ഈ കവിത നടപ്പു പ്രണയങ്ങളെ കുറിച്ചാണല്ലോ സംസാരിക്കുന്നത്. കുളത്തിന്റെ ശവവും ചുമന്നാണ് പ്രാന്തത്തിയുടെ പിന്നീടുള്ള നടപ്പ് എന്നിടത്ത് ആ വായന പൂർണ്ണമാകുന്നു.

‘എല്ലാ കുളങ്ങൾക്കും
ഇപ്പോൾ
പ്രാന്തത്തിയെ
പേടിയാണ്’
അനുഭവങ്ങളെ ധീരമായി നേരിടുന്ന ഈ പ്രാന്തത്തിയെ പോലെയാണ് പലപ്പോഴും വിഷ്ണുപ്രസാദിന്റെ കവിതയും. അത് സ്ഥിരം കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. ഭാഷയെയും ഭാവുകത്വത്തെയും പുതുക്കിപ്പണിയുകയാണ് കവി. ദയാരഹിതമായ ഭാവനകളുടെ തിരക്കഥകൾ. പരിചിതമായ വഴികളോ ഏകാഗ്രതയുള്ള സമീപനമോ വേണമെന്ന് ഈ കവിയുടെ കവിതയിലൊരു നിർബ്ബന്ധവുമില്ല. എല്ലാ ദിശകളിലേക്കുമുള്ള ഭാഷയുടെ ത്രിമാന സഞ്ചാരമാണ് വിഷ്ണുവിന്റെ കവിതകൾ. ചിതറുന്നു എന്ന കവിത നോക്കുക.
“ആകാശത്തിന്റെ നീലജലത്തിലേക്ക്
മുടിയഴിച്ചിട്ട് ഭൂമിയിൽ തൂങ്ങിനിൽക്കുന്നു മരക്കൂട്ടങ്ങൾ
ഭൂമിയെ ഇറുക്കിപ്പിടിച്ച്
തൂങ്ങിനിൽക്കുന്നു വീടുകൾ
ആകാശത്തിന്റെ ആകാശമായി ഭൂമി
അതിൽ തൂങ്ങിനിന്നുകൊണ്ട്
നടന്നുപോകുന്നു മനുഷ്യർ”.
നമ്മൾ കാണുന്ന കാഴ്ചകളൊന്നുമല്ല വിഷ്ണു ചുറ്റും കാണുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ശീലിച്ച പഴയകാല ഉപമകളോ രൂപകങ്ങളോ വിഷ്ണുവിനാവശ്യവുമില്ല. അതിസ്ഥൂലത ചില കവിതകളുടെ വായന ചിലപ്പോഴൊക്കെ പ്രശ്നത്തിൽ ആക്കുന്നുമുണ്ട് എന്നു പറയാതെ വയ്യ. സൂക്ഷ്മായി പറയാനറിയുന്ന ഒരു കവി ഇത്രയധികം പരത്തിപ്പറയേണ്ടതുണ്ടോ എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നി.
ഇങ്ങനെ നിലവിളിച്ചതു കൊണ്ട്, നിലവിളി ഒരാഹ്വാനമാകുമെന്നോ ഭരണഘടന തിരുത്തപ്പെടുമെന്നോ അസംഘടിതരെല്ലാം സംഘടിക്കുമെന്നോ ലോകം മാറി മറിയുമെന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല കവി.
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള കവിതയിൽ പറിച്ചെറിഞ്ഞ മുല പോലൊരു കുന്ന് കാണാം. അതിന്റെ വർത്തുളതയെ നൂറ്റാണ്ടുകളായി തഴുകിക്കൊണ്ടിരിക്കുന്ന തോട്ടുവെളളത്തിന്റെ വിരലുകൾ കാണാം. അതിന്റെ മുലഞെട്ടിൽ കുട്ടേട്ടന്റെ വീട്. കുന്നഴിച്ചിട്ട വള്ളിക്കുപ്പായമാണ് വയലുകൾ. കവിത അതിസൂക്ഷ്മമായി ചരിത്രത്തിലേക്കും ഭൂമിശാസ്ത്രത്തിലേക്കും പരിസ്ഥിതിയുടെ രാഷ്ട്രീയത്തിലേക്കും സ്ത്രീരാഷ്ട്രീയത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. അങ്ങനെ അനേകം ശവങ്ങളോടെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഈ കവിത നമ്മുടെ അടുത്തേക്ക് ഒഴുകിപ്പാഞ്ഞെത്തുകയാണ്. അക്ഷരങ്ങൾ വലിയ കല്ലുകളായി തലയിലേക്ക് ഇടിഞ്ഞു വീഴുന്നു. അക്ഷരങ്ങൾക്കിടയിലെ മണ്ണ് കലങ്ങിച്ചേർന്ന വെള്ളം നമ്മളെ കടപുഴക്കി എടുത്തെറിയുന്നു.
നിരന്തരം നിലവിളിക്കുന്ന ചോദ്യങ്ങളുന്നയിക്കുന്നുണ്ട് ഈ കവിതകൾ. ഇങ്ങനെ നിലവിളിച്ചതു കൊണ്ട്, നിലവിളി ഒരാഹ്വാനമാകുമെന്നോ ഭരണഘടന തിരുത്തപ്പെടുമെന്നോ അസംഘടിതരെല്ലാം സംഘടിക്കുമെന്നോ ലോകം മാറി മറിയുമെന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല കവി. ഒരു മുട്ടയിട്ടതിന് നിലവിളിച്ചു ലോകമിളക്കുന്ന കോഴി എന്നൊരു പ്രതീകമാണ് കോഴിയമ്മ എന്ന കവിതയിൽ കവി ഉപയോഗിക്കുന്നത്.
“ ഞാനിട്ട മുട്ട
ഞാനിട്ട കരച്ചിൽ എന്ന്
പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു”
പലപ്പോഴും ഒരു കലാസൃഷ്ടിയെ സ്തുതിക്കാൻ നാമുപയോഗിക്കുന്ന ഒരു രീതി അതിന് ഒരു ''ദർശനം'' അല്ലെങ്കിൽ ''വീക്ഷണം'' ഉണ്ട് എന്നു പറഞ്ഞാണ്. നല്ല കവിത എന്നാൽ നല്ല കാഴ്ച എന്ന് തന്നെയാണ് അർഥം. വിഷ്ണുവിന്റെ കവിതകൾ മികച്ച കാഴ്ചകളാണ് ഉത്പാദിപ്പിക്കുന്നത്. മത്സ്യത്തിന്റെ മുന്നോട്ടുള്ള പോക്കിൽ ജലശരീരം രഹസ്യമായി തുറക്കുകയും അടയുകയും ചെയ്യുന്നതുപോലെ ജൈവികമായ ഒരു സൂക്ഷ്മതയിലേക്ക് കവിത ഊളിയിടുകയാണ്. വാക്കുകളുടെ ആലങ്കാരികതയിലല്ല, നോട്ടത്തിന്റെയും കാഴ്ചകളുടെയും പുതുതായ തൻ്റേടത്തിലാണ് കവിതയുടെ സഞ്ചാരം. ചാതുര്യം എന്ന കവിത തീരെ കുറഞ്ഞ വരികളിൽ പറയുന്നതെന്താണ്? സൂര്യവെളിച്ചത്തെ,ജനാല ചതുരങ്ങളായി മുറിച്ചിട്ടിട്ട് ആ ചോരക്കറയിൽ നോക്കി പറയുന്നു സൂര്യൻ ചതുരാകൃതിയിലാണെന്ന്. അതുപോലെ,
‘എന്റെ ജനാലേ
നീ എന്നെയും മുറിച്ച്
ചതുരങ്ങളാക്കി
മറ്റുള്ളവരോട് പറയും
വിഷ്ണുപ്രസാദ് ചതുരാകൃതിയിലാണ് എന്ന്
കാറ്റും വെളിച്ചവും കടക്കാൻ
സ്ഥാപിച്ച നീ
ഈ പണി ചെയ്തത്
ശരിയായോ…?
ഈ കവിതകളുടെ പുനരുൽപാദനശക്തി അതിന്റെ സന്ദേശത്തിലോ അർത്ഥത്തിലോ അല്ല വർത്തിക്കുന്നത്; അതിന്റെ പുറമേയുള്ള പ്രതലത്തിലുമല്ല. ലോകത്തിന്റെ നിഗൂഢതകളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അതിന്റെതായ സ്വന്തം അരമനയിലാണ് അത് കുടികൊള്ളുന്നത്. അതിസാധാരണമായ പ്രമേയങ്ങൾ പോലും അസാധാരണ മാനങ്ങൾ സ്വീകരിക്കുന്നു. ചുറ്റുപാടും നടക്കുന്ന എല്ലാറ്റിനേയും ഒരു മൂന്നാം കണ്ണുകൊണ്ട് കാണുന്ന കവിയാണ് വിഷ്ണുപ്രസാദ്.

ദേശവും കാലവും പ്രകൃതിയും ഒപ്പം ലിംഗശരീരവും രാഷ്ട്രീയവത്കരിക്കപ്പെടുന്നുണ്ട് വിഷ്ണുപ്രസാദിന്റെ കവിതകളിൽ. ആണുടൽ വിഷയമായി കടന്നുവരുന്ന വിഷ്ണുപ്രസാദിന്റെ കവിതകളാണ് ലിംഗരാജ്, ലിംഗവിശപ്പ് തുടങ്ങിയവ. ആൺലൈംഗികതയുടെ ആവിഷ്കാരങ്ങൾ ഇത്രക്ക് പച്ചയായും വിമർശനാത്മകമായും മലയാള കവികളാരെങ്കിലും മുൻപ് വിശകലനം ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. നിലവിലുള്ള ശരീരാഖ്യാനങ്ങളെ വെല്ലുവിളിക്കാനും വാർപ്പു മാതൃകകളെ ഉടച്ചുകളയാനും ശേഷിയുള്ള കവിതകളാണവ. ലിംഗരാജ് എന്ന കവിതയിലെ ഇന്ദീവരാക്ഷി, കവിയുടെ തന്നെ സ്ത്രൈണചേതനയാണ്. ഒരു പെണ്ണായി നിന്നുകൊണ്ടല്ലാതെ ഇത്ര കൃത്യമായ നോട്ടം സാധ്യമാവില്ല.
“ഈ കവല എന്താണെന്ന് നിനക്കറിയാമോ?തൊണ്ണൂറു ഡിഗ്രിയിൽ നിൽക്കുകയോ നടക്കുകയോ ചെയ്യുന്ന ആൺലിംഗങ്ങളുടെ സമുച്ചയമാണിത്”.
ഭീതിപ്പെടുത്തുന്ന ഈ കവലയിലൂടെ കടന്നുപോയിട്ടുള്ളവളാണ് ഞാനും. അതുകൊണ്ടെനിക്കിത് കൃത്യമായി മനസ്സിലാകും. പത്തുമണിക്ക് പടിഞ്ഞാട്ടും നാലു മണിക്കു കിഴക്കോട്ടും നടക്കുമ്പോൾ ഈ ലിംഗങ്ങൾ എന്നെയും തുറിച്ചു നോക്കിയിട്ടുണ്ടല്ലോ. പഞ്ചാര പൊതിയുന്ന ലിംഗങ്ങൾ, നോട്ടെണ്ണുന്ന ലിംഗങ്ങൾ, കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങൾ, ബസ്സ് കാക്കുന്ന ലിംഗങ്ങൾ. ഇതിനിടയിലൂടെ ആത്മപു ച്ഛത്തോടെ, ശരീരത്തെ കുറിച്ച് വേവലാതിപ്പെട്ട്, തല കുനിച്ച്, മുന്നോട്ടു നടന്നിട്ടുള്ളവളാണല്ലോ ഓരോ പെണ്ണും. കവി തന്റെ പുരുഷഗർവ്വിനെ വലിച്ചെറിഞ്ഞ് ഒരു നിമിഷം പെണ്ണായി നോക്കുകയാണ് ഈ ലോകത്തെ. വഴികളായ വഴികളിലെല്ലാം പെണ്ണായൊന്നു നടന്നുനോക്കൂ, വീടുകളിൽ പെണ്ണായൊന്നു വാണു നോക്കൂ, ആ അപരിചിതഭയങ്ങളിലേക്ക് പെണ്ണായൊന്നു കടന്നു ചെല്ലൂ. ഇന്ദീവരാക്ഷിയുടെ കിതപ്പ് അപ്പോഴെങ്കിലും ലിംഗരാജന്മാർക്ക് മനസ്സിലാക്കാനായെങ്കിൽ! അങ്ങനെ ചങ്ങലയുടെ മുറുക്കത്തിൽ നിശ്ചലരായിപ്പോയ എത്രയെത്ര സ്ത്രീകളുടെ മുഖങ്ങൾ ചേർത്തു ചേർത്ത് വൻകരകൾ നിർമ്മിക്കുന്നു കവി. മുംബൈയിലെ അരുണാ ഷെൻ ബാഗും വടക്കൻ കേപ്പിലെ കിംബർലിയും ഷെപാങും ജപ്പാനിലെ മിസാറ്റോയും കുവൈത്തിലെ, റുവാണ്ടയിലെ, ബോസ്നിയയിലെ, ഇറാക്കിലെ… ഭൂമിയിലെ ഓരോ കോണിലെയും പീഡിതകളായ, നിലവിളിക്കുന്ന സ്ത്രീകളുടെ മുഖങ്ങൾ ചേർത്തുവെച്ചാണ് ഏഴു വൻകരകളും നിർമ്മിച്ചിരിക്കുന്നത്. അവരുടെ കണ്ണുനീരാണ് കടലുകളായി നീലിച്ചു കിടക്കുന്നത്.
ആത്മനിഷ്ഠമെന്നോ വസ്തുനിഷ്ഠമെന്നോ കൃത്യമായി വ്യവഛേദിക്കാനാവാത്ത ഒരു തലത്തിലാണ് വിഷ്ണുപ്രസാദിന്റെ കവിതകൾ നിലയുറപ്പിക്കുന്നത്. മുൻപേ സഞ്ചരിച്ച ഒരു കവിയേയും അത് പിൻപറ്റുന്നില്ല.
അവബോധത്തിന്റെ പരിധികളില്ലാത്ത രീതികൾ കൽപിക്കുന്ന ഒരു ഭാഷയാണ് ഈ കവിതകൾ സംസാരിക്കുന്നത്. അതിന്റെ വ്യാകരണങ്ങളും ഇഴയടുപ്പവും ആദ്യം അതെഴുതുന്ന ആളെ പഠിപ്പിക്കും, പിന്നീട് വായനക്കാരെ പഠിപ്പിക്കും, അതിന്റെ സ്വന്തം വ്യവസ്ഥകളിലൂടെയും നിബന്ധനകളിലൂടെയും നാമെങ്ങനെ കാണണം, കേൾക്കണം, അനുഭവിക്കണം എന്നൊക്കെ കവിത നമുക്ക് ചില നിർദേശങ്ങൾ തരുന്നുമുണ്ട്. ഉള്ളടക്കം, ക്രാഫ്റ്റ്, രൂപം എന്നീ ഘടകങ്ങളെല്ലാം ഈ വ്യവസ്ഥകളിലും നിബന്ധനകളിലും അടങ്ങിയിരിക്കുന്നു. ഓരോ വായനയിലും അത് കൂടുതൽ പ്രേരണകൾ സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ. ചുരുക്കത്തിൽ വിഷ്ണുപ്രസാദിന്റെ കവിതകൾ വായിക്കുക എന്നാൽ പൊരുളിന്റെയും വികാരത്തിന്റെയും ഉണ്മയുടെയും ഒരു പെരുക്കലാണ്, വളർച്ചയാണ്. ആത്മനിഷ്ഠമെന്നോ വസ്തുനിഷ്ഠമെന്നോ കൃത്യമായി വ്യവഛേദിക്കാനാവാത്ത ഒരു തലത്തിലാണ് വിഷ്ണുപ്രസാദിന്റെ കവിതകൾ നിലയുറപ്പിക്കുന്നത്. മുൻപേ സഞ്ചരിച്ച ഒരു കവിയേയും അത് പിൻപറ്റുന്നില്ല. മുൻമാതൃകകളിൽ നിന്ന് കയറു പൊട്ടിച്ചോടുന്ന ഒരു പശുവിനെ പോലെ ആ കവിതകൾ സ്വന്തം പുൽമേടുകൾ തേടുന്നു. കെട്ടു പൊട്ടിച്ചോടിയില്ലെങ്കിൽ സ്വാതന്ത്ര്യത്തെ കുറിച്ച് തനിക്കൊരു സ്വപ്നവുമില്ലെന്ന് കരുതിയാകണം ഇടക്കിടെ ഈ പയ്യ് കയറു പൊട്ടിച്ചോടുന്നത്.
പശു എന്ന കവിത സൗമ്യരായ രണ്ടു ജീവികളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കൽപങ്ങളെ എത്ര ശക്തമായിട്ടാണാവിഷ്കരിക്കുന്നത്. ഗ്രാമങ്ങളിലെ നിത്യക്കാഴ്ചയിലൂടെ ഒരു പ്രാപഞ്ചിക സത്യത്തെ വെളിപ്പെടുത്തുന്നു. ഗഹനമായ ആശയങ്ങളെ ലളിതമായി പറയുവാൻ കവിത എന്ന മാധ്യമത്തിനുള്ള ശക്തിയെ കവി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. പയ്യ് മുൻപേയും അമ്മായി പിൻപേയും ഓടുന്നു. മുന്നിലുള്ളതിനെ മുഴുവൻ കോർത്തുകളയും എന്ന മട്ടുകണ്ടാൽ ആരും മാറി നിൽക്കും. പിടിക്കണേ തടുക്കണേ എന്നൊക്കെ അമ്മായി വിളിച്ചു കൂവും. രണ്ടു കിലോമീറ്റർ ഓടിയാൽ പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി. അണച്ചണച്ച് അതൊരിടത്ത് നിൽക്കും. പണ്ടാരപ്പയ്യിന്റെ പുറത്ത് അമ്മായി ഒരടി കൊടുക്കും. രണ്ടാളും വീട്ടിലേക്ക് മടങ്ങും.
‘കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്’.
വിഷ്ണുപ്രസാദിന്റെ പല കവിതകളും പോലെ ഇതുമൊരു ശക്തമായ പെൺകവിതയാണ്. ഇല്ലായ്മ എന്നു മാത്രം വിലാസമുള്ളവരുടെ ജീവിതത്തെ എത്ര സഹഭാവത്തോടെയാണ് ഈ കവി സമീപിക്കുന്നത്. പെണ്ണനുഭവങ്ങളെഴുതാൻ പെണ്ണാകണമെന്നൊന്നുമില്ല. പക്ഷേ, ഇവിടെ കവിക്ക് പരകായപ്രവേശത്തിനുള്ള ഒരത്ഭുതസിദ്ധി കിട്ടുന്നുണ്ട്.

“ഇല്ലാത്തവയ്ക്കു നേരെ
നിവർന്നുനിൽക്കില്ല
ഉണ്മകൾ.
ഇല്ലാത്തവയെ ഉള്ളവയ്ക്ക്
ഭയമാണ്”
എന്ന തീർപ്പിനെ കവി ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നിസ്സഹായനായ ഒരാണിന്റെ പെൺപക്ഷത്തു നിന്നുള്ള കാഴ്ചയായിത്തന്നെ കാണാനാണ് ഞാനാഗ്രഹിക്കുന്നത്.
ആസ്ത്മാലത തികച്ചും സ്ത്രീപക്ഷത്തു നിലകൊള്ളുന്ന കവിതയാണ്. ശ്വാസംമുട്ടലിന്റെ ആ വള്ളിച്ചെടിയായി മാറി ഞാൻ ഒരിറ്റ് ഓക്സിജനു വേണ്ടി പരവേശപ്പെട്ടു ആ കവിത വായിച്ചപ്പോൾ.
“അവളോടല്ല, അവൾ വളർത്തിക്കൊണ്ടിരിക്കുന്ന
ഈ തീവള്ളിയോടാണ്
എനിക്കിപ്പോഴും ഭയവും ആദരവും
അതിന്റെ തീയിലകൾ തട്ടിയാണ്
ഈ വീടും ഞാനും പൊള്ളിക്കറുത്തത്”.
അവൾ തളർന്നുവീഴുംവരെ അവളുടെ ശ്വാസോച്ഛാസത്തിനനുസരിച്ച് ആ കാഴ്ചവട്ടത്തിലുള്ളവ അവളോടു കേഴുന്നു. അവളുണരുമ്പോഴോ അവളുണ്ടാക്കിയ കാറ്റിൽ ചിതറിപ്പോയ ചുമരും മോന്തായവും ഒന്നിച്ചു കൂടി അത് വീണ്ടും ഒരു വീടാകുന്നു. ഒന്നും സംഭവിച്ചില്ലല്ലോ എന്ന മട്ടിലവൾ ചിരിക്കും. ഒരൊറ്റയാളുടെ ശ്വാസഗതിയിൽ നിർണ്ണയിക്കപ്പെടുന്ന കേരളത്തിലെ ഗൃഹാന്തരീക്ഷത്തെ ഇതിലുമെങ്ങനെ ശക്തമായവതരിപ്പിക്കും? ഈ തീച്ചെടിയെ എന്തിനാണ് അവളിങ്ങനെ ഉള്ളിലിങ്ങനെ നട്ടു വളർത്തുന്നത് എന്നത് ചോദിക്കാൻ അയാൾ മറന്നു പോകുന്നു. ഇന്ദീവരാക്ഷിയും ആസ്ത്മാ ലതയും മെലിൻഡാ കുര്യനും ഒക്കെ കവിയുടെ ഉള്ളിലെ സ്ത്രീചേതന തന്നെയാണ്. അവരുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ സത്യമാണെന്ന് മാത്രമേ എഴുത്തുകാരന് പറയാനാകുന്നുള്ളൂ.
നമ്മുടെ ജീവിതങ്ങളിലേക്കുള്ള കവിതയുടെ സംയോജനം നടക്കുന്നത് ആന്തരികവും ബാഹ്യവുമായ ലോകങ്ങൾക്കിടയിലുള്ള ഒരു മണ്ഡലത്തിലാണ്. അവിടെ സംഭവ്യവും അസംഭവ്യവുമായതും ഇടകലരുന്നു. സാധ്യതകളും അസാധ്യതകളും കൂടിച്ചേരുന്നു. അനുഭവിച്ചു കഴിഞ്ഞതും സങ്കൽപ്പിക്കാവുന്നതും, കേട്ടതും മൂകമായതും ആ ഭൂമികയിൽ ഒന്നാകുന്നു. കവിതയുടെ കാഴ്ച നമ്മുടെ സാധാരണ കാഴ്ചയല്ല, അതിന്റെ കേൾവി നമ്മുടെ നിത്യജീവിതത്തിലെ കേൾവിയല്ല. അതിനെ അറിയുന്നത് നാം ജീവിതത്തിൽ നേടുന്ന മറ്റു അറിവുകളെ പോലല്ല. അതിന്റെ സങ്കല്പനങ്ങളും വ്യത്യസ്തമാണ്. കവിതയിൽ, എല്ലാം അകത്തേക്കും പുറത്തേക്കും ഒരേസമയം സഞ്ചരിക്കുന്നു.

നമുക്കിനിയും അറിയാത്ത അവിദിതമായ ഒരു തീർപ്പിനോ നിശ്ചയത്തിനോ വേണ്ടിയുള്ള ഭാഷാപരമായ അന്വേഷണമാണ് കവിത എന്നത് ക്യൂബൻ കവി ലേസാമാ ലീമയുടെ നിർവ്വചനമാണ്. അജ്ഞാതമായതിലൂടെ മാത്രമേ ഒന്നിനെ നമുക്കറിയാൻ കഴിയൂ എന്ന് അദ്ദേഹം എഴുതുന്നു. കവിതയോളം മഹത്തരമല്ല സാഹിത്യത്തിലെ മറ്റേതൊരു രൂപവും എന്ന് ഞാൻ വിശ്വസിക്കുന്നു. കവിതയുടെ ഭാഷയും അതിന്റെ സംവിധാനരീതികളും സംവേദനശേഷിയും എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. ഭാഷാപരമായ ചൈതന്യത്തിന്റെ, പ്രസരിപ്പിന്റെ കോൺഫിഗറേഷൻ ആണ് കവിത എന്ന് പറയാം. ആ കോൺഫിഗറേഷൻ ആണ് കവിതയുടെ അടിസ്ഥാനം. കവിത പോലെ എളുപ്പം പിടിതരാത്ത ഒരു സാഹിത്യരൂപത്തിന് അതുകൊണ്ട് തന്നെ നൂറായിരം നിർവ്വചനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം ഒരുമിച്ചു വായിച്ചാലും കൃത്യമായ ഒരുത്തരം ഉണ്ടാവില്ല. നിർവ്വചനങ്ങൾ എത്ര വ്യത്യസ്തമായാലും അടിസ്ഥാനപരമായി അവ ഒന്നുതന്നെ. നിർവ്വചനങ്ങൾ എത്രത്തോളം സാർവ്വജനീനമാകുന്നുവോ അത്രയും സൂക്ഷ്മമാകുന്നു അത്, വിശിഷ്ടമാകുന്നു അത്. അതാണ് കവിതയുടെ ഏറ്റവും വലിയ സൌന്ദര്യവും. കവി മൺമറഞ്ഞാലും കവിയുടെ തലച്ചോറു തേടി ചേക്കേറാനായി കവിതകൾ എത്തുക തന്നെ ചെയ്യും. കവി മറഞ്ഞാലും കവിതകൾക്ക് പിന്തിരിഞ്ഞു പോകാനാവില്ല.
