മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അംബിക ടീച്ചർ ഗുണനപട്ടിക പഠിപ്പിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ഈയിടെ ഓർത്തു.
ഓർത്തു എന്നുപറഞ്ഞാൽ തെറ്റാവും അത്. നിർബന്ധിതമായി ഓർക്കേണ്ടിവന്നു എന്നതാണ് ശരി.
1×3 =3
2×3 =6
3×3 =9
4×3 =12
5×3 =15
6×3 =18
7×3 =21
8×3 =24
9×3 =27
10×3 =30
… എന്നിങ്ങനെ ഗുണനപട്ടിക പഠിപ്പിക്കുന്ന കാലത്ത് അംബിക ടീച്ചറുടെ ചൂരലിനു പണി കൂടുതലാണ്. ഒരു മൂന്ന് മൂന്നേ… ഇരു മൂന്ന് ആറേ… മുമ്മൂന്ന് ആറേ… എന്നിങ്ങനെ പാട്ടു രൂപത്തിൽ ആലപിച്ച് കഴിവ് തെളിയിക്കുന്നതിനിടെ ഏതെങ്കിലും ഒരു അക്കം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പൊതുവെ സമാധാനകാംക്ഷിയും പാവവുമായ ടീച്ചറുടെ പോലും കൺട്രോൾ തെറ്റും.
കവിത അല്ലെങ്കിൽ സാഹിത്യം എന്നത് പ്രൈമറി ക്ലാസിലെ ഗുണകോഷ്ഠം പോലെ നിയതമായ സമാവാക്യമോ സൂത്രവാക്യമോ ഫോളോ ചെയ്ത് വരുന്നതാണ് എന്നു തെറ്റിദ്ധരിച്ചുവശായ കുറേ പാവങ്ങൾ ഇവിടെയുണ്ട്.
ഗുണനപ്പട്ടിക കണക്കിലെ മാത്രമല്ല, ജീവിതത്തിലെയും ഒരു അടിസ്ഥാന സൂത്രവാക്യമാണ്. അതിൽ വിട്ടുവീഴ്ച പാടില്ല എന്നത് അംബിക ടീച്ചറുടെ എന്നല്ല, അക്കാലത്തെ എല്ലാ അധ്യാപകരുടെയും ഒരു നിർബന്ധ ബുദ്ധിയായിരുന്നു. മൂന്നിന്റെ പട്ടിക കഴിഞ്ഞിട്ട് വേണം നാലിന്റെ പട്ടിക പഠിക്കാൻ. പിന്നെ അഞ്ച് ആറ് ഏഴ് എട്ട് അങ്ങനെ മുന്നോട്ട് പോവാൻ.
കവിത അല്ലെങ്കിൽ സാഹിത്യം എന്നത് പ്രൈമറി ക്ലാസിലെ ഗുണകോഷ്ഠം പോലെ നിയതമായ സമാവാക്യമോ സൂത്രവാക്യമോ ഫോളോ ചെയ്ത് വരുന്നതാണ് എന്നു തെറ്റിദ്ധരിച്ചുവശായ കുറേ പാവങ്ങൾ ഈയിടെ കവിതയെ നേർവഴിക്കു നടത്താൻ ചൂരൽ വടിയുമായി സോഷ്യൽ മീഡിയയിലെമ്പാടും പരവേശം പിടിച്ച് പാഞ്ഞു നടക്കുന്നത് കണ്ടപ്പോഴാണ് ഞാൻ പഴേ ഗുരുനാഥയെ ഓർത്തത്. ടീച്ചറിപ്പോൾ എവിടെയാണോ എന്തോ.
കലയുടെയും സാഹിത്യത്തിന്റെയും പ്രക്ഷേപണത്തിനോ ആസ്വാദനത്തിനോ അങ്ങനെ കൃത്യമായ രൂപരേഖകളോ മാനദണ്ഡങ്ങളോ ഒന്നുമില്ലെന്ന ഏറ്റവും പ്രാഥമികമായ ബോധം പോലുമില്ലാത്ത സാധുക്കൾ ഇപ്പോഴും സമൂഹത്തിലുണ്ട് എന്നത് എന്തായാലും വളരെ കൗതുകമായി തോന്നി. ജീവിതം ആനന്ദപ്രദമാകുന്നത് ഇത്തരം കുഞ്ഞു കുഞ്ഞു ഹാസ്യസന്ദർഭങ്ങൾ കൂടി ചേരുമ്പോഴാണല്ലോ.
ജീവിതത്തിലായാലും കലയിലായാലും തങ്ങളുടെ ‘കപ്പ് ഓഫ് ടീ' തെരഞ്ഞെടുത്ത് ബാക്കിയുള്ളതിനെ അവയുടെ ആസ്വാദകർക്ക് വിട്ടുകൊടുക്കാനുള്ള വിവേകവും സൗമനസ്യവും എന്നായിരിക്കും മനുഷ്യർക്ക് കൈവരിക?
അയ്യപ്പപ്പണിക്കർ സാർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 95 വയസുണ്ടാവുമായിരുന്നു. അതൊരു അസാധ്യമായ പ്രായമൊന്നും അല്ല. പക്ഷേ പണിക്കർ സാർ സോഷ്യൽ മീഡിയയുടെ ഈ വിചാരണക്കാലത്തിന് കാത്തുനിൽക്കാതെ കാലയവനികക്ക് പിറകിലേക്ക് ഒളിച്ചുപോയത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അല്ലെങ്കിൽ ദിവസം ഓരോ കവിത വെച്ച് ട്രോളി പരിപ്പെടുത്ത് എയറിൽ വിടാനുള്ളത്ര സ്റ്റോക്ക് അദ്ദേഹത്തിന്റെ ശേഖരത്തിൽ തന്നെയുണ്ടല്ലോ.
ജീവിതത്തിലായാലും കലയിലായാലും തങ്ങളുടെ ‘കപ്പ് ഓഫ് ടീ' തെരഞ്ഞെടുത്ത് ബാക്കിയുള്ളതിനെ അവയുടെ ആസ്വാദകർക്ക് വിട്ടുകൊടുക്കാനുള്ള വിവേകവും സൗമനസ്യവും എന്നായിരിക്കും മനുഷ്യർക്ക് കൈവരിക?
അതല്ലെങ്കിൽ കവിത ‘ആരുടേയും അമ്മായിന്റെ മോളല്ല’ എന്ന വെള്ളിയാഴ്ച വെളിവെങ്കിലും…