മൃദുൽ വി.എം.

എഴുത്തിന്റെ ​
പ്രേതജീവിതം

എഴുത്തിന്റെ പലതരം സാധ്യതകളെക്കുറിച്ചാണ് മൃദുൽ വി.എം, നിവേദ്യ കെ.സി.യുമായുള്ള ഈ അഭിമുഖത്തിൽ ആലോചിക്കുന്നത്. ഒരു രചനയുടെ പേരിൽ തുടങ്ങുന്ന, പ്രേതഭാഷണം പോലെ ദുരൂഹമായ രചനാരഹസ്യങ്ങൾ, ‘കുളെ’യുടെ എഴുത്തുകാരൻ തുറന്നുപറയുന്നു.

നിവേദ്യ കെ.സി: മൃദുലിന്റെ എഴുത്തുജീവിതത്തിൽ മാത്രമല്ല, ഒരുപക്ഷേ ജീവിതത്തിൽ തന്നെയും വഴിത്തിരിവായ പുസ്തകമാണല്ലോ ‘കുളെ’. എങ്ങനെയാണ് ‘കുളെ’യിലേക്ക് എത്തുന്നത്? കഥയുടെ പ്രമേയത്തിനൊപ്പം കൗതുകമുണർത്തുന്നതാണ് പേരും. ‘കുളെ’ എന്ന പേരിലേക്ക് എത്തിയത് എങ്ങനെയാണ്? ആ പേരിനു പിന്നിലെ കഥയെന്താണ്?”

മൃദുൽ വി.എം.: മനുഷ്യജീവിതത്തിൽ ആത്മാക്കൾക്ക് വലിയ സ്ഥാനമുള്ളവരാണ് ഞങ്ങൾ, വടക്കൻ ജില്ലക്കാർ. പ്രത്യേകിച്ച് കണ്ണൂർ- കാസർഗോഡ്, അതിനോട് ചേർന്ന തുളുനാടൻ പ്രദേശങ്ങൾ. കർക്കടകവാവ് ഉൾപ്പെടെ രണ്ട് വാവുകളും, ‘ചാത്തോർക്ക് കൊടുക്കലും’ തുടങ്ങി കുടുംബത്തോട് ഒട്ടിനിൽക്കുന്ന ആത്മാക്കളെ സന്തോഷിപ്പിക്കുന്ന പലതരം ചടങ്ങുകൾ നാട്ടിലുണ്ട്.

പക്ഷെ പ്രേതങ്ങളുടെ കല്യാണങ്ങളെപ്പറ്റി വളരെ വൈകിയാണ് അറിയുന്നത്, കഥ എഴുതുന്നതിന് ഒന്നോ രണ്ടോ വർഷം മുൻപ്. “കല്യാണം പോലെ തന്നെ, അദൃശ്യരായ രണ്ടുപേരുടെ കല്യാണം…’’ എന്നുകേട്ടപ്പോൾ അത് കാണണമെന്ന് തോന്നി. സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച്, കാസർഗോഡ് ചട്ടഞ്ചാൽ ഭാഗത്ത് ഒരു വീട്ടിൽ പ്രേതക്കല്യാണം കാണാൻ പോയി. പക്ഷേ അന്ന് കല്യാണമുണ്ടായിരുന്നില്ല.

ആത്മാക്കളുടെ വിവാഹനിശ്ചയം. പക്ഷേ ആ യാത്ര മനസ്സിൽ കിടന്നു. പിന്നീട് ഒരു കഥ എഴുതി തുടങ്ങിയപ്പോൾ പശ്ചാത്തലമായി പ്രേതക്കല്യാണം കടന്നുവന്നു. ആ വിഷയം എഴുതാനുണ്ടാക്കിയ കഥയായിരുന്നില്ല ‘കുളെ’. ആഴത്തിൽ വേരുറപ്പിച്ച ജാതി, മരണശേഷവും വിട്ടുപോകാത്ത യാഥാർത്ഥ്യമായി ചുറ്റുമുണ്ട് എന്നുപറയണമെന്ന് തോന്നി. പലതരം പേരുകൾ ആലോചിച്ചില്ലെങ്കിലും, കഥയിലെ ബീനയുടെ മുറ്റത്ത് നിൽക്കുന്നതായിരിക്കണം ടൈറ്റിൽ എന്ന തീരുമാനത്തിന്റെ പുറത്താണ് ‘കുളെ’ ഉണ്ടാകുന്നത്. പ്രേതം എന്നുതന്നെയാണ് അതിനർത്ഥം.

‘കുളെ’യുടെ ആമുഖത്തിൽ നീണ്ട അഞ്ച് വർഷത്തെ ഇടവേളയെക്കുറിച്ച് പറയുന്നുണ്ടല്ലോ. തിരിഞ്ഞുനോക്കുമ്പോൾ ആ ഇടവേള അനിവാര്യമായിരുന്നെന്ന് തോന്നുന്നുണ്ടോ? ആ കാലം ‘കുളെ’യെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ഇപ്പോഴും ‘കുളെ’കളെ പോലെ സ്ഥിരതയില്ലാതെ അലയുന്ന, ഞങ്ങൾ, 90- കൾക്കുശേഷം ജനിച്ചവർക്ക് അതൊരു ചെറിയ ഇടവേളയായാണ് തോന്നുന്നത്. പി. ജി കഴിഞ്ഞ് പി.എസ്.സി കോച്ചിങിനു പോയി. അത് ഒരു വർഷത്തോളം നീണ്ടു. പിന്നെ നിന്നു. സാമ്പത്തികമായി ഒരു നീക്കിയിരിപ്പുമില്ലാത്ത വീടായതുകൊണ്ട് എന്തെങ്കിലും ജോലി ചെയ്തേ പറ്റുമായിരുന്നുള്ളൂ. പല സ്കൂളുകളിൽ താൽക്കാലിക ബോട്ടണി അധ്യാപകനായി കുറച്ചുകാലം. പിന്നെ വന്നത് കോവിഡ് കാലമായിരുന്നല്ലോ. അപ്പോൾ ആ ജോലിയും നിന്നു.

അതിനിടയിൽ വായിക്കുമായിരുന്നു എന്നു തോന്നുന്നു. ഒന്നും എഴുതിയില്ല. വലിയ തയ്യാറെടുപ്പുകളോടെയല്ല അന്നും ഇന്നും കഥകൾ എഴുതുന്നത്. അതുകൊണ്ട് ഇടവേളകൾ ‘കുളെ’യെ വലിയ രീതിയിൽ സ്വാധീനിച്ചു എന്ന് പറയാൻ പറ്റില്ല. മനസ്സിൽ കഥ വന്നു നിറയാനുള്ള ദൈർഘ്യമായിരിക്കാം നീണ്ട ഇടവേളകളിൽ എന്നു തോന്നുന്നു. ഇന്നും ജീവിതത്തിന് വലിയ മാറ്റമില്ല. കഥയെഴുത്തിൽ നീണ്ട ഇടവേളകളും ഉണ്ടാകാറുണ്ട്. ഇടവേളകളുണ്ടാകുമ്പോൾ, ‘അയാൾ എന്തോ കാര്യമായിട്ട് തയ്യാറെടുക്കുന്നുണ്ട് കേട്ടോ…’ എന്ന് പലരും പറയും. സത്യത്തിൽ മറ്റെന്തൊക്കെയോ കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരിക്കും.

മൃദുൽ വി. എം. ‘‘എഴുത്തിൽ ഇടവേളകളുണ്ടാകുമ്പോൾ, ‘അയാൾ എന്തോ കാര്യമായിട്ട് തയ്യാറെടുക്കുന്നുണ്ട് കേട്ടോ…’ എന്ന് പലരും പറയും. സത്യത്തിൽ മറ്റെന്തൊക്കെയോ കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരിക്കും’’.
മൃദുൽ വി. എം. ‘‘എഴുത്തിൽ ഇടവേളകളുണ്ടാകുമ്പോൾ, ‘അയാൾ എന്തോ കാര്യമായിട്ട് തയ്യാറെടുക്കുന്നുണ്ട് കേട്ടോ…’ എന്ന് പലരും പറയും. സത്യത്തിൽ മറ്റെന്തൊക്കെയോ കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരിക്കും’’.

മൃദുലിന്റെ എഴുത്തിൽ ‘മരണം’ ആവർത്തിച്ച് വരുന്നൊരു വിഷയമാണല്ലോ. ‘മരിച്ച വീട്ടിലെ മൂന്നുപേർ’ മുതൽ ‘കുളെ’ വരെ അത് കാണാം. എന്തുകൊണ്ടാണ് മരണത്തെ വീണ്ടും വീണ്ടും എഴുതുന്നത്?

അറിയില്ല, മറ്റുള്ളവർ പറഞ്ഞുതരുമ്പോഴാണ് എനിക്കത് മനസ്സിലായത്. അബോധത്തിൽ അങ്ങനെ സംഭവിക്കുന്നതായിരിക്കാം. ‘മരിച്ച വീട്ടിലെ മൂന്നുപേർ’ എന്ന കഥ മാത്രമാണ്, മരണത്തിന്റെ പശ്ചാത്തലമാണ് എന്ന് മനസ്സിരുത്തി എഴുതുന്നത്. ‘കുളെ’യിൽ പോലും മരണമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. എ.ഡി യിൽ അയാൾ മരിച്ചില്ലല്ലോ… അല്ലേ? എന്ന് പലരും അസ്വസ്ഥതയോടെ വിളിച്ചുചോദിച്ചിട്ടുണ്ട്. ചോദിച്ചാൽ ഞാൻ ഇല്ല എന്നുപറയും.

മൃദുലിന്റെ എഴുത്തിൽ പ്രാദേശികത വലിയൊരു ഘടകമാണല്ലോ. എന്തുകൊണ്ടാണ് പ്രദേശം കഥയെ ഇത്രയധികം സ്വാധീനിക്കുന്നത്?

ഞാൻ ദീർഘകാലം മറ്റു പ്രദേശങ്ങളിൽ താമസിച്ചിട്ടില്ല. നഗരങ്ങളും അങ്ങനെ തന്നെ. തിരക്കുള്ള നഗരങ്ങൾ എനിക്കിഷ്ടമാണെങ്കിലും, താമസിക്കാൻ ബുദ്ധിമുട്ടാണ്. വീട് വിളിക്കും, അതിൽ അല്പം തമാശയുണ്ടെങ്കിലും നാട് വലിയ ഇഷ്ടമാണ്. അമ്മവീട് മടിക്കൈയിലാണ്. വളരെ മനോഹരമായ ദേശം. ചാലും, കിലോമീറ്ററുകൾ നീണ്ട വയലുകളും, തോട്ടങ്ങളും ഒക്കെയായി നല്ല രസമാണ്. മടിക്കൈ കഥയിൽ വരണം എന്നുകരുതി മാത്രം ഒരു കഥ ആലോചിച്ചിരുന്നു. അതാണ്‌ ‘നീലനഖം’. എഴുതിയാലും എഴുതിയാലും തീരാത്ത വൈവിധ്യങ്ങൾ കാസർഗോഡിനുണ്ട്. കുറച്ചൊക്കെ കഥകളിൽ / എഴുത്തിൽ കാസർഗോഡുണ്ട്.

30 സെക്കന്റ്‌ റീലുകൾക്കനുസരിച്ച് ബ്രെയിൻ മാറിയിട്ടുണ്ട്. എന്റെ തലമുറയിലും, ഏറ്റവും പുതിയ തലമുറയിലുമൊക്കെ ഈ പ്രശ്നങ്ങളുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്.

ഒന്നിലും 30 സെക്കൻഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത തരത്തിൽ, ഡിജിറ്റൽ കാലത്ത് പുതിയ എഴുത്തിലും വായനാശീലങ്ങളിലും എന്തൊക്കെ മാറ്റങ്ങളാണുണ്ടാകുന്നത്?

ശരിയാണ്, 30 സെക്കന്റ്‌ റീലുകൾക്കനുസരിച്ച് ബ്രെയിൻ മാറിയിട്ടുണ്ട്. എന്റെ തലമുറയിലും, ഏറ്റവും പുതിയ തലമുറയിലുമൊക്കെ ഈ പ്രശ്നങ്ങളുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. ‘അറ്റെൻഷൻ സ്പാൻ’ വളരെ കുറഞ്ഞിട്ടുണ്ട്. സ്ക്രോൾ ചെയ്യാൻ ഒരുപാട് ഓപ്ഷനുകളുള്ളതിനാൽ പെട്ടെന്ന് മറ്റൊന്നിലേക്ക് ചാടാനുള്ള വ്യഗ്രത കൂടുതലാണ്. വായനയിലും ഇതുണ്ട്. ആഴമുള്ള വായനകൾ കുറച്ച്, കൂടുതൽ എളുപ്പത്തിൽ വായിച്ചുപോകാവുന്ന പോപ്പുലർ ഫിക്ഷനുകളുടെ തെരഞ്ഞെടുപ്പിലേക്ക് മാറുന്നത് നമ്മൾ കാണുന്നുണ്ട്. വിഷ്വലുകളാണ് ആളുകളെ കൂടുതൽ സ്വാധീനിക്കുന്നത്. അതിനനുസരിച്ചുള്ള, എഴുത്തുകളും കൂടുതലായി വരുന്നുണ്ട്. എങ്ങനെ ആളുകളെ വായിപ്പിക്കും എന്ന പേടിയുള്ള എഴുത്തുകാരുമുണ്ടെന്ന് തോന്നുന്നു.

ആഴത്തിൽ വേരുറപ്പിച്ച ജാതി, മരണശേഷവും വിട്ടുപോകാത്ത യാഥാർത്ഥ്യമായി ചുറ്റുമുണ്ട് എന്നുപറയണമെന്ന് തോന്നി. അതാണ് ‘കുളെ’യിലെത്തിയത്.
ആഴത്തിൽ വേരുറപ്പിച്ച ജാതി, മരണശേഷവും വിട്ടുപോകാത്ത യാഥാർത്ഥ്യമായി ചുറ്റുമുണ്ട് എന്നുപറയണമെന്ന് തോന്നി. അതാണ് ‘കുളെ’യിലെത്തിയത്.

ഇന്ന് സോഷ്യൽ മീഡിയ ട്രെൻഡുകളും റിവ്യൂകളുമൊക്കെയാണ് പലരെയും പുസ്തകങ്ങളിലേക്ക് എത്തിക്കുന്നത്. സ്വന്തം വായനയിലൂടെ അഭിപ്രായം രൂപപ്പെടുത്തുന്നതിനേക്കാൾ, സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കൂടുതലെന്ന് തോന്നുന്നുണ്ടോ? ഈ പ്രവണതയെക്കുറിച്ച് മൃദുലിന്റെ അഭിപ്രായം എന്താണ്?

സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നവർ കൂടുതലാണ്. പുസ്തകങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന കാലമാണ്. അത് നല്ലതായും തോന്നാറുണ്ട്. ബുക്ക് കച്ചവടത്തിലൂടെ രക്ഷപ്പെടുന്നവരുണ്ടെങ്കിൽ സന്തോഷിക്കയാണ് വേണ്ടതെന്നു തോന്നുന്നു. വിഷം വിളമ്പാത്ത എല്ലാം വായിക്കട്ടെ. നല്ലത് തെളിഞ്ഞുവരും.

എന്റെ ജെൻസി മരുമകളോട് വായനയെപ്പറ്റി വെറുതെ ചോദിച്ചു.

“മൂന്ന് പുസ്തകങ്ങൾ എനിക്കറിയാം മാമാ…
ഒന്ന് അത്, രണ്ട് ഇത് (അവൾ രണ്ട് പുസ്തകങ്ങളുടെ പേര് പറഞ്ഞു). പിന്നെ മാമന്റെ പുസ്തകം”.

ഞാൻ ചിരിച്ചു. ആദ്യത്തെ രണ്ടെണ്ണം Insta റീലുകളിൽ ട്രെൻഡ് ആയ പുസ്തകങ്ങളാണ്. അവൾ കാണുന്നത് അതാണ്‌. എല്ലാ പുസ്തകങ്ങളും അത് അർഹിക്കുന്നുണ്ടോ എന്നത് പിന്നത്തെ കാര്യം. ട്രെൻഡുകൾ മാറുമ്പോൾ പുസ്തകങ്ങളും മാറും. നല്ലത് നിലനിൽക്കും. നന്നായി വായിക്കുന്ന പുതുതലമുറയും ഒപ്പം പോകുന്നുണ്ട്.

മാർക്കറ്റിനെ ഇളക്കിമറിച്ചിരുന്ന പഴയ ബെസ്റ്റ് സെല്ലറുകൾ ഇപ്പോഴുമുണ്ടോ?പുസ്തകം / വർക്ക് നല്ലതാണെങ്കിൽ എല്ലാക്കാലത്തും നിലനിൽക്കും. അത്രേയുള്ളൂ.

പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടംപിടിക്കുന്നതുപോലെ തന്നെ എം.ടി., മാധവിക്കുട്ടി, തകഴി തുടങ്ങിയവരുടെ പുസ്തകങ്ങളും ഇന്നത്തെ പുതുതലമുറവായനയിൽ സജീവമാണ്. ഈ വായനയെ എങ്ങനെയാണ് മൃദുൽ നോക്കിക്കാണുന്നത്?

മുമ്പ് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ഈ ചോദ്യം. ഒരു എം. ടി., മാധവിക്കുട്ടി, ബഷീർ- ഒക്കെയല്ലേ ഉള്ളൂ. മാർക്കറ്റിനെ ഇളക്കിമറിച്ചിരുന്ന പഴയ ബെസ്റ്റ് സെല്ലറുകൾ ഇപ്പോഴുമുണ്ടോ?പുസ്തകം / വർക്ക് നല്ലതാണെങ്കിൽ എല്ലാക്കാലത്തും നിലനിൽക്കും. അത്രേയുള്ളൂ.

മൃദുലിന്റെ പുതിയ പുസ്തകമാണല്ലോ ‘ഒരു കാട്, ഒരു മല, രഹസ്യമായ ഒരു വഴി’. കഥ എഴുതുന്നതിൽനിന്ന് വ്യത്യസ്തമാണല്ലോ ബാലസാഹിത്യം. അതുകൊണ്ടുതന്നെ ഇത് കുറച്ചുകൂടി ബുദ്ധിമുട്ടേറിയതുമാണ്. ഈ പുസ്തകം എഴുതുമ്പോൾ നേരിടേണ്ടിവന്ന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു? ആ എഴുത്തനുഭവം പറയാമോ?

കോവിഡ് കാലത്താണ് ഈ നോവൽ എഴുതുന്നത്. നോവലെറ്റിന്റെ വലിപ്പമേ ഉള്ളൂ എന്നു തോന്നുന്നു. കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകുന്നു എന്നത് ഒരു വെല്ലുവിളിയായി തോന്നിയില്ല. ഭാഷ ശ്രദ്ധിക്കണമായിരുന്നു. ഒരോളത്തിൽ വളരെ പെട്ടെന്ന് എഴുതിത്തീർന്നു. ഈയടുത്തകാലത്ത് നമ്മൾ മനസ്സിലാക്കിയ ഒരുപാട് കാര്യങ്ങൾ ചെറുപ്പത്തിലേ മനസ്സിലാക്കേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ജാതി, മതം, ശരീരം, ജൻഡർ തുടങ്ങി എല്ലാ കാര്യങ്ങളുടെയും അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ ചെറിയ ക്ലാസുകളിൽ നിന്ന് തന്നെ മനസ്സിലാക്കിത്തുടങ്ങണം എന്നു തോന്നിയിരുന്നു. അത്തരത്തിൽ ചെറിയ കാര്യങ്ങൾ ഫോഴ്സ്ഡ് ആകാതെ നോവലിൽ ഉൾപ്പെടുത്താൻ പറ്റിയിട്ടുണ്ട് എന്നുതോന്നുന്നു. പുതിയ കാലത്തെ കുട്ടികളുടെ വേഗത്തിനൊപ്പം പോകുന്ന ചെറിയ നോവലാണിത്. 2023-ൽ, ‘മൂല്യശ്രുതി’ എന്ന മാസികയിൽ അത് അഞ്ച് അധ്യായങ്ങളിലായി അച്ചടിച്ചുവന്നു. അതുകഴിഞ്ഞ് കയ്യിൽത്തന്നെ വച്ചു. പിന്നീട് ഈ വർഷമാണ് പുസ്തകമായി വരുന്നത്. കുട്ടികളും മുതിർന്നവരും വായിക്കുന്നുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. അത് സന്തോഷമാണ്.

ജാതി, മതം, ശരീരം, ജൻഡർ തുടങ്ങി എല്ലാ കാര്യങ്ങളുടെയും അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ ചെറിയ ക്ലാസുകളിൽ നിന്ന് തന്നെ മനസ്സിലാക്കി തുടങ്ങണം എന്ന് തോന്നിയിരുന്നു.
ജാതി, മതം, ശരീരം, ജൻഡർ തുടങ്ങി എല്ലാ കാര്യങ്ങളുടെയും അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ ചെറിയ ക്ലാസുകളിൽ നിന്ന് തന്നെ മനസ്സിലാക്കി തുടങ്ങണം എന്ന് തോന്നിയിരുന്നു.

മൃദുലിന് കൃത്യമായ പൊളിറ്റിക്കൽ ഐഡിയോളജിയുണ്ടെന്ന് സോഷ്യൽ മീഡിയ പേജുകളിൽനിന്ന് മനസിലാക്കാം. ജന്തർ മന്തർ പോലുള്ള പ്രതിഷേധങ്ങളിലുൾപ്പെടെ മൃദുൽ ഇടപെട്ടിരുന്നല്ലോ. പുതുതലമുറയിൽ, പ്രത്യേകിച്ച് എഴുത്തുകാരിൽ, ഇത്തരം രാഷ്ട്രീയ ഇടപെടലുകളും രാഷ്ട്രീയബോധവും എത്രത്തോളം പ്രധാനമാണ്? എഴുത്തുകാരുടെ രാഷ്ട്രീയബോധം അയാളുടെ എഴുത്തിനെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?

എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പമാണ് മുന്നോട്ട് പോയിട്ടുള്ളത്. രാഷ്‌ട്രീയ പ്രബുദ്ധമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന ആൾ എന്ന നിലയിൽ സ്വഭാവികമായും എഴുത്തിലും അത് പ്രകടമാകും. അത് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നുണ്ട്. രാഷ്ട്രീയം പറയാൻ വേണ്ടി മാത്രം ഇതുവരെ ഒരു കഥയും എഴുതിയിട്ടില്ല. പക്ഷേ ഉള്ളിലെ രാഷ്ട്രീയം കഥയിൽ സ്വാഭാവികമായി വന്നുകൂടാറുണ്ട്. കുളെ പോലെ. ജലശയ്യയിൽ കുളിരമ്പിളി എന്ന കഥ, തീർത്തും വൈകാരികമായ / വൈയക്തികമായ ഒരു പശ്ചാത്തലത്തിൽ ആരംഭിച്ചതാണ്. അത് കൃത്യമായ രാഷ്ട്രീയകഥയായാണ് അവസാനിച്ചത്.

“ഇപ്പോൾ എഴുത്തുമേഖലയിൽ സിനിമ സ്വപ്നം കാണുന്നവർ ഒരുപാടാണല്ലോ. മൃദുലിനും അത്തരമൊരു സിനിമാസ്വപ്നമുണ്ടോ? പ്രത്യേകിച്ച് ‘കുളെ’ പോലൊരു കഥ സിനിമയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ എത്രത്തോളമാണ്?

സിനിമയും എഴുത്തും വളരെ ചെറുപ്പത്തിലെ ഇഷ്ടമുള്ള കാര്യങ്ങൾ ആണ്. ചെറു സിനിമകൾക്കുവേണ്ടി എഴുതുകയും, സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കുളെ ഉൾപ്പെടെ കുറച്ച് അധികം സിനിമകൾക്കുവേണ്ടി എഴുതിയിട്ടുണ്ട്. എന്നുണ്ടാകും എന്ന് ചോദിച്ചാൽ, ഇപ്പോൾ ഉത്തരമില്ല. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു മേഖലയായതുകൊണ്ട്, സിനിമ സംഭവിച്ചാൽ സംഭവിച്ചു എന്നുമാത്രമേ പറയാൻ പറ്റൂ. പ്രതീക്ഷയോടെ, സിനിമയിലുണ്ട്…


Summary: This interview with Malayalam short-story writer Mridul V.M. explores the various possibilities of writing.


മൃദുൽ വി. എം.

കഥാകൃത്ത്, ബാലസാഹിത്യകാരൻ. കുളെ (കഥാസമാഹാരം), ഒരു കാട്, ഒരു മല, രഹസ്യമായ ഒരു വഴി (ബാലസാഹിത്യ നോവൽ) എന്നിവ പ്രസിദ്ധീകരിച്ച കൃതികൾ. ഹ്രസ്വചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

നിവേദ്യ കെ.സി.

സബ് എഡിറ്റര്‍ ഡിജിറ്റൽ അഫയേഴ്സ് , ട്രൂകോപ്പി തിങ്ക്

Comments