അമൃത് ലാൽ

അടിയന്തരാവസ്ഥയിലെ ആനന്ദ്

ആനന്ദിൻ്റെ സാഹിത്യസംഭാവനകൾ ഇന്ന് അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ചരിത്രമായും ഓർമ്മകളായും അദ്ദേഹത്തിൻ്റെ രചനകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. ആനന്ദിന്റെ അടിയന്തരാവസ്ഥാക്കാലം രേഖപ്പെടുത്തുകയാണ് മാധ്യമപ്രവർത്തകൻ അമൃത് ലാൽ.

1975 ജൂൺ 25-ന് അർദ്ധരാത്രിയോടടുത്ത് പ്രസിഡൻ്റ് ഫക്രുദ്ദീൻ അലി അഹമ്മദ് ഇന്ദിരാഗാന്ധി സർക്കാരിന്റെ അടിയന്തരാവസ്ഥാ വിളംബരത്തിൽ ഒപ്പുവച്ചതോടെ ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം റദ്ദു ചെയ്യപ്പെട്ടു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ദൽഹിയിലെ പത്രമോഫീസുകളിലെ വൈദ്യുതി കണക്ഷൻ സർക്കാർ വിച്ഛേദിച്ചു. പിന്നീട്, അറസ്റ്റുകളാരംഭിച്ചു.

തലേദിവസം രാംലീലാ മൈതാനിയിൽ ഇന്ദിരാഗാന്ധി സർക്കാരിനെതിരേ ഒരു ഭീമൻ റാലിയെ അഭിസംബോധന ചെയ്‌ത സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ ജയപ്രകാശ് നാരായണനുൾപ്പെടെയുള്ള പ്രതിപക്ഷത്തിലെ സുപ്രധാനമുഖങ്ങളെല്ലാം തടവിലായി. അവരിൽ മൊറാർജി ദേശായി, കോൺഗ്രസ് വിമതരായിരുന്ന ചന്ദ്രശേഖർ, മോഹൻ ധാരിയ, സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ്ജ് ഫെർണാണ്ടസ്, നാനാജി ദേശ്‌മുഖ്, അടൽ ബിഹാരി വാജ്പേയ്, എൽ.കെ. അദ്വാനി എന്നീ ജനസംഘ് നേതാക്കൾ, സി പി ഐ-എം എം.പി.മാരായ എ.കെ. ഗോപാലൻ, ജ്യോതിർമോയ് ബസു എന്നിവരുൾപ്പെട്ടു. 21 മാസം നീണ്ട സുദീർഘമായ ആ രാത്രിയുടെ തുടക്കം അങ്ങനെയായിരുന്നു.

1975 ജൂൺ 25-ന് അർദ്ധരാത്രിയോടടുത്ത് പ്രസിഡൻ്റ് ഫക്രുദ്ദീൻ അലി അഹമ്മദ് ഇന്ദിരാഗാന്ധി സർക്കാരിന്റെ അടിയന്തരാവസ്ഥാ വിളംബരത്തിൽ ഒപ്പുവച്ചതോടെ ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം റദ്ദു ചെയ്യപ്പെട്ടു.
1975 ജൂൺ 25-ന് അർദ്ധരാത്രിയോടടുത്ത് പ്രസിഡൻ്റ് ഫക്രുദ്ദീൻ അലി അഹമ്മദ് ഇന്ദിരാഗാന്ധി സർക്കാരിന്റെ അടിയന്തരാവസ്ഥാ വിളംബരത്തിൽ ഒപ്പുവച്ചതോടെ ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം റദ്ദു ചെയ്യപ്പെട്ടു.

ഭരണഘടനയുടെ ആർട്ടിക്കിൾ 19-നു കീഴിൽ പൗരർക്ക് ഉറപ്പാക്കിയിട്ടുള്ള മൗലികാവകാശങ്ങൾ-അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം, ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘം ചേരാനുള്ള സ്വാതന്ത്ര്യം, പൗരാവകാശങ്ങൾക്കുവേണ്ടി കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം- റദ്ദു ചെയ്യപ്പെട്ടു. പത്രങ്ങളും മാസികകളും കഠിനമായ സെൻസറിങ്ങിനു വിധേയമായി. എതിർസ്വരമുയർത്തിയ രാഷ്ട്രീയക്കാരേയും ബുദ്ധിജീവികളേയും ഉദ്യോഗസ്ഥരേയും പത്രപ്രവർത്തകരേയും തുറുങ്കിലടച്ചു. കേന്ദ്രത്തിൽ അധികാരം കുമിഞ്ഞുകൂടി, പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റി ഒരു വൈതാളികവൃന്ദം രൂപപ്പെട്ടു. കൃത്യമായ ഇടവേളകളിൽ സർക്കാർ പദ്ധതികളും മിഷനുകളും പ്രഖ്യാപിച്ചുതുടങ്ങി, രാജ്യത്തിന്റെ സാമ്പത്തികനില എക്കാലത്തേക്കാളും മെച്ചപ്പെട്ടിരിക്കുന്നു എന്ന പ്രചാരണം തുടങ്ങി. നീതിന്യായവ്യവസ്ഥയും ഉദ്യോഗസ്ഥവൃന്ദവും തങ്ങൾക്കു വിനീതവിധേയരാകണമെന്ന് സർക്കാർ ശഠിച്ചു. വിമർശകർ വിദേശ ഏജൻ്റുകളാണെന്ന അധിക്ഷേപം ഉയർന്നു. വിമതസ്വരമുയർത്തിയ എല്ലാവരെയും ദേശവിരുദ്ധരെന്നു മുദ്രകുത്തി ജയിലിലടച്ചു.

പ്രധാനമന്ത്രിക്ക് സ്‌തുതിപാഠകരെയായിരുന്നു ആവശ്യം; ആക്ഷേപഹാസ്യവും ഫലിതവുമെല്ലാം നിരോധിക്കപ്പെട്ടു. ഭരണം കൈയാളുന്ന സർക്കാർ നടത്തിയ ഒരു രക്തരഹിത അട്ടിമറിയായിരുന്നു അടിയന്തിരാവസ്ഥ; പൗരർക്ക് വാഗ്ദാനം ചെയ്യപ്പെട്ട അവകാശങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ഭരണഘടനയേയും മറ്റു സ്ഥാപനങ്ങളെയും അത് നിർവ്വീര്യമാക്കി. 1977 ജനുവരി 18-ന് ഇന്ദിരാഗാന്ധി അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതുവരെ, അറസ്റ്റോ അറസ്റ്റു ചെയ്യപ്പെടുമെന്ന ഭയമോ ആയിരുന്നു അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നത്. മാർച്ച് 20 ആയപ്പോഴേക്ക് പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിരയും അവരുടെ മന്ത്രിസഭാംഗങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെട്ടു. മാർച്ച് 21-ന് ഔപചാരികമായി അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു.

ഇക്കാലമത്രയും ബംഗ്ലാദേശിനു സമീപത്തുള്ള വടക്കൻ ബംഗാൾ പട്ടണമായ ഫറാക്കയിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു ആനന്ദ്. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി അധിക കാലമായിരുന്നില്ല. അടിയന്തരാവസ്ഥാ പ്രഖ്യാപനം റേഡിയോയിലൂടെയാണ് ആനന്ദ് കേട്ടത്. റേഡിയോ അല്ലാതെ വാർത്തകളറിയാനുള്ള ഒരേയൊരു മാർഗ്ഗം കൽക്കട്ടയിൽനിന്ന് ഒരു ദിവസം വൈകിയെത്തിയിരുന്ന ദ സ്റ്റേറ്റ്സ്‌മാൻ പത്രമായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പിറ്റേദിവസമിറങ്ങിയ പത്രത്തിന്റെ മുൻ പേജ് ശൂന്യമായിരുന്നുവെന്നും സെൻസേഡ് എന്ന വാക്ക് വലുതായി അവിടെ അച്ചടിച്ചിരുന്നുവെന്നും ഇന്ന് ആനന്ദ് ഓർത്തെടുക്കുന്നുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പിറ്റേദിവസമിറങ്ങിയ പത്രത്തിന്റെ മുൻ പേജ് ശൂന്യമായിരുന്നുവെന്നും സെൻസേഡ് എന്ന വാക്ക് വലുതായി അവിടെ അച്ചടിച്ചിരുന്നുവെന്നും ഇന്ന് ആനന്ദ് ഓർത്തെടുക്കുന്നുണ്ട്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പിറ്റേദിവസമിറങ്ങിയ പത്രത്തിന്റെ മുൻ പേജ് ശൂന്യമായിരുന്നുവെന്നും സെൻസേഡ് എന്ന വാക്ക് വലുതായി അവിടെ അച്ചടിച്ചിരുന്നുവെന്നും ഇന്ന് ആനന്ദ് ഓർത്തെടുക്കുന്നുണ്ട്.

ഫറാക്കയിലെ ഗേറ്റഡ് കമ്മ്യൂണിറ്റിക്കുള്ളിൽ ജീവിതം സംഭവരഹിതമായിരുന്നു, പതിവുകൾ കൊണ്ട് വിരസവും. ഇന്ത്യയുടെ ദുരിതകാലത്തെക്കുറിച്ചുള്ള വാർത്തകൾ തപാൽവഴി എത്തിക്കൊണ്ടിരുന്നു. സെൻസറിങ്ങിൻ്റെ മഷി മലിനമാക്കിയ മാസികകളുടെയും കത്തുകളുടെയും രൂപത്തിൽ തൻ്റെ രണ്ടാമത്തെ നോവലായ അഭയാർത്ഥികളുടെ പണിപ്പുരയിലായിരുന്നു ആനന്ദ്. ഫറാക്കയിൽ 1971-ലുണ്ടായ യുദ്ധം നേരിൽകണ്ട ദുരന്താനുഭവമായിരുന്നു മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആ ബ്രഹദ് ഗ്രന്ഥമെഴുതാൻ അദ്ദേഹം ഉപയോഗിച്ച ഇന്ധനം. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമെഴുതിയ അഭയാർത്ഥികൾ, കുഴി, കൊടുമുടി, ബാദ്‌ശാ നാമ എന്നീ കഥകളും, ഉത്തരായനം എന്ന നോവെല്ലയും രാഷ്ട്രത്തെയും അതിലെ പൗരരെയും കുറിച്ച് ഉത്കണ്ഠാകുലനായ ഒരു എഴുത്തുകാരനെ കാട്ടിത്തരുന്നു.

ആനന്ദിൻ്റെ സാഹിത്യസംഭാവനകൾ ഇന്ന് ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ചരിത്രമായും ഓർമ്മകളായും അദ്ദേഹത്തിൻ്റെ രചനകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. സ്വേച്ഛാധിപത്യം നുണകളിലൂടെ, വ്യാജപ്രചാരണങ്ങളിലൂടെ, അറസ്റ്റുകളിലൂടെ എപ്രകാരം കടന്നുവരികയും വളർന്നുവലുതാവുകയും ചെയ്യുന്നുവെന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് ഇക്കാലത്ത് വിശേഷിച്ചും പ്രാധാന്യമുണ്ട്.

സൈന്യത്തിലെ ജോലിക്കുശേഷം 1970-ലാണ് ആനന്ദ് ഫറാക്കയിലെത്തുന്നത്. 1984 വരെ അവിടെ താമസിച്ചു. അക്കാലത്ത് സർഗ്ഗാത്മകതയുടെ പല മേഖലകൾ അദ്ദേഹം പരീക്ഷിച്ചു. കഥകളും നോവലുകളും ലേഖനങ്ങളുമെഴുതി, ടെറാകോട്ട ശില്പങ്ങൾ നിർമ്മിച്ചു. ദ ബ്രോക്കൺ ക്രോസ് എന്ന കൊളാഷ് ഇക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. പത്രമാസികകളുടെയും സ്റ്റാമ്പുകളുടെയും കഷണങ്ങൾ കൊണ്ട് 1977-78 കാലത്താണ് ആനന്ദ് ആ കൊളാഷ് തയ്യാറാക്കിയത്. പൊടി മണക്കുന്ന, അരികുകൾ പൊടിഞ്ഞുപോകുന്ന ആ വിളറിയ മഞ്ഞക്കടലാസുകഷണം അടിയന്തരാവസ്ഥയുടെ ഒരു സ്മാരകമാണ്. അഞ്ചടി നീളവും നാലരയടി വീതിയുമുള്ള ആ കൊളാഷിലെ തലക്കെട്ടുകളും പത്രറിപ്പോർട്ടുകളും മുദ്രാവാക്യങ്ങളും പരസ്യങ്ങളും കാർട്ടൂണുകളും ചരിത്രത്തിലേക്ക് ഒരു ജാലകം തുറക്കുന്നു. ‘അടിയന്തരാവസ്ഥ ഒരു മനോനിലയാണ്’ എന്ന കൊളാഷിൽ ചേർത്തിട്ടുള്ള പരസ്യവാചകം നമ്മുടെ മനസ്സിലേക്ക് ദുസ്സൂചനകൾ കൊണ്ടുവരും. മറന്നുകളയേണ്ട സംഗതിയല്ല അടിയന്തരാവസ്ഥയെന്നും, ഏതു കാലത്തും ഏതു രൂപത്തിലും അത് വീണ്ടും രംഗപ്രവേശം ചെയ്യാമെന്നും അതു നമ്മെ ഓർമ്മിപ്പിക്കും. വിവാൻ സുന്ദരത്തിന്റെ അടിയന്തരാവസ്ഥക്കാലചിത്രങ്ങൾ പോലെ, ആനന്ദ് പട് വർദ്ധന്റെ പ്രിസണേഴ്സ് ഓഫ് കൺസെയ്ൻസ് (Prisoners of Conscience) എന്ന ഡോക്യുമെൻ്ററി പോലെ, അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എഴുതപ്പെട്ട കവിതകൾ ഒന്നിച്ചുചേർത്ത് ജോൺ ഒലിവർ പെറി എഡിറ്റു ചെയ്‌ത വോയ്‌സസ് ഓഫ് എമർജൻസി പോലെ, ദ ബ്രോക്കൺ ക്രോസ് ഒരു രാഷ്ട്രീയരേഖയാണ്. ചരിത്രത്തിലെ ഒരു നിമിഷത്തെ അത് ഓർമ്മിപ്പിക്കുന്നു; പുതിയകാലത്ത് നാം ഓർത്തിരിക്കേണ്ട ചില പാഠങ്ങൾ നൽകുകയും ചെയ്യുന്നു.

ഇരുപതിന പരിപാടിയുടെ നേട്ടങ്ങൾ വിളിച്ചോതുന്ന പ്രചാരണസാഹിത്യവും, ഇന്ദിരാഗാന്ധി റേഡിയോ വഴി അവതരിപ്പിച്ച പരിപാടിയുടെ (മൻ കീ ബാത്) ലിഖിതരൂപവും, സ്വേച്ഛാധിപത്യത്തിൻ്റെ ഇന്ത്യൻ പതിപ്പിന് ആധികാരികത നൽകാനായി കെട്ടിച്ചമച്ച സ്ഥിതിവിവരക്കണക്കുകളും ആനന്ദ് തൻ്റെ ആർക്കൈവിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

ദ ബ്രോക്കൺ ക്രോസിൻ്റെ ആമുഖത്തിൽ ആനന്ദ് എഴുതുന്നു: ‘‘ഇവിടെ പ്രവേശിക്കുമ്പോൾ പ്രതീക്ഷകളെല്ലാം ഉപേക്ഷിച്ചേക്കുക എന്ന ദാന്തെയുടെ വരികളിലാണിത് തുടങ്ങുന്നതെങ്കിലും, പക്ഷിച്ചിത്രങ്ങളുള്ള സ്റ്റാമ്പുകൾകൊണ്ടു നിർമ്മിച്ച അവസാനഭാഗത്ത്, നീലാകാശത്തിലേക്ക് പറക്കുന്ന ഒരു പക്ഷിയുടെ ദൃശ്യത്തിൽ, പ്രത്യാശയുടെ ചില അംശങ്ങളുണ്ട്’’.
മറ്റൊന്നുകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്: ‘‘ഈ കൊളാഷ് ഒരു പൊതുപ്രദർശനത്തിനു വച്ചപ്പോൾ ആ പ്രത്യാശയുടെ ഭാഗമായിരുന്നു ഒരു കൂട്ടം ആളുകൾ നശിപ്പിച്ചത്. ദുരന്തസൂചകമായ ഒരു വിരോധാഭാസം’’.
അന്നത്തെ അക്രമത്തിൽ പ്രത്യാശയുടെ ആ സ്റ്റാമ്പ് കാണാതായി. തന്റെ ബ്രോക്കൺ ക്രോസ് എന്ന ശില്പത്തിന്റെ ഒരു പെൻസിൽ വരയും കൊളാഷിന്റെ ആദ്യ രൂപത്തിൽ ആനന്ദ് ഉൾപ്പെടുത്തിയിരുന്നു. സഹനത്തിന്റെ പ്രതീകമായ കുരിശു പോലും അതിതീവ്രമായ സാഹചര്യങ്ങളിൽ തകരുമെന്ന ആശയമായിരുന്നു അതിലൂടെ അദ്ദേഹം മുന്നോട്ടുവച്ചത്.

ദ ബ്രോക്കൺ ക്രോസ് എന്ന കൊളാഷ് ഇക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. പത്രമാസികകളുടെയും സ്റ്റാമ്പുകളുടെയും കഷണങ്ങൾ കൊണ്ട് 1977-78 കാലത്താണ് ആനന്ദ് ആ കൊളാഷ് തയ്യാറാക്കിയത്.
ദ ബ്രോക്കൺ ക്രോസ് എന്ന കൊളാഷ് ഇക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. പത്രമാസികകളുടെയും സ്റ്റാമ്പുകളുടെയും കഷണങ്ങൾ കൊണ്ട് 1977-78 കാലത്താണ് ആനന്ദ് ആ കൊളാഷ് തയ്യാറാക്കിയത്.

ദാന്തെയുടെ വരികൾക്കടുത്ത് ഇന്ദിരയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ഒരു വലിയ ചിത്രമുണ്ട്. ഒരു ടൂ വീലറിന്റെ പരസ്യത്തിൽനിന്ന് വെട്ടിയെടുത്ത വാക്കുകൾ അതിനു സമീപം ഒട്ടിച്ചിരിക്കുന്നു: ‘‘നിങ്ങളുടെ സ്വപ്‌നമിതാ സഫലമായിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ടു- ഇൻ- വൺ’’. മുകളിൽ, വലത്തേയറ്റത്ത് മറ്റൊരു പരസ്യമുണ്ട്. കയ്യില്ലാ ബനിയന്റെ ആ പരസ്യത്തിന്റെ വാചകങ്ങൾ വലിയ പോയിൻ്റിൽ ഇങ്ങനെ: ‘‘സ്വാതന്ത്ര്യം: ഇന്ന് അതൊരു ചിന്തയർഹിക്കുന്നു’’. അതിൻ്റെ താഴെ ചെറിയ അക്ഷരങ്ങളിൽ ഇങ്ങനെയൊരു ടാഗ് ലൈനും കാണാം: ‘‘1976 ഓഗസ്റ്റ് 15. നമുക്കെല്ലാം അഭിമാനത്തോടെ ആഘോഷിക്കാവുന്ന ദിവസം. നമ്മുടെ കരുത്തുറ്റ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അവരുടെ ഇരുപതിന ചാർട്ടറിലൂടെയും, നമ്മുടെ ഊർജ്ജസ്വലനായ യുവനേതാവ് ശ്രീ. സഞ്ജയ് ഗാന്ധി അദ്ദേഹത്തിന്റെ നാലിന പരിപാടിയിലൂടെയും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം പകർന്നിരിക്കുന്നു’’.
അക്കാലത്തെ പ്രധാന നേതാക്കളുടെ ഫോട്ടോകളും ഉദ്ധരണികളും ഒപ്പമുണ്ട്:

“കഠിനാദ്ധ്വാനവും അച്ചടക്കവും രാഷ്ട്രത്തെ മഹത്വത്തിലേക്കെത്തിക്കും’’ - ഇന്ദിരാഗാന്ധി.

“ലോകത്തെ ദുരന്തത്തിൽനിന്നു രക്ഷിക്കാൻ ഇന്ത്യക്കാവും’’ - ജഗ്‌ജീവൻ റാം.

“ഇപ്പോൾപ്പോലും, നമ്മുടെ പത്രസ്വാതന്ത്ര്യമാണ് ലോകത്തിൽവച്ചേറ്റവും മികച്ചത്’’ - വി.സി.

“മിക്ക പത്രങ്ങളും ഇപ്പോൾ നന്നായി സഹകരിക്കുന്നു’’ - പ്രധാനമന്ത്രി.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തലക്കെട്ടുകളും, പ്രസ്‌താവനകളും, നോട്ടീസുകളും കൊളാഷിൽ എടുത്തുചേർത്തിട്ടുണ്ട്.
തലക്കെട്ടുകൾ ഇങ്ങനെ:
‘‘ജനാധിപത്യത്തിൻ്റെ രക്ഷയാണ് അടിയന്തരാവസ്ഥയുടെ ലക്ഷ്യം’’.
‘‘സ്വയം പ്രഖ്യാപിത ബുദ്ധിജീവികളെ പ്രധാനമന്ത്രി വിമർശിച്ചു’’.
‘‘വിഷജന്തുക്കൾക്കൊപ്പം ഒരു മാർച്ച് സംഘടിപ്പിക്കും’’
‘‘മനുഷ്യാവകാശങ്ങൾ ഇന്ത്യയിൽ ചവിട്ടിയരയ്ക്കപ്പെടുന്നില്ല’’
ഈ തലക്കെട്ടുകളോടു ചേർന്ന് ‘വിചാരണ നേരിടുന്ന തടവുകാരുടെ എണ്ണം മറ്റു തടവുകാരേക്കാൾ 16% കൂടുതൽ’ എന്ന വാർത്തയുണ്ട്. ‘രാഷ്ട്രീയത്തിൻ്റെ നിലവാരം ഉയരണം’ എന്ന പ്രധാനമന്ത്രിയുടെ ഉദ്ബോധനവുമുണ്ട്.

വടക്കൻ കൽക്കട്ടയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ പ്രത്യക്ഷപ്പെട്ട നോട്ടീസിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് അടുത്തത്: ‘1976 ജനുവരി 1 മുതൽ പത്രങ്ങൾ ഫിക്ഷൻ വിഭാഗത്തിൽ ലഭ്യമാണ്’ എന്നായിരുന്നു ആ നോട്ടീസ്.

പത്രങ്ങളുടെയും മാസികകളുടെയും വാലറ്റങ്ങളിൽ വിധ്വംസകമായ വിമതസ്വരം ഉയർന്നിരുന്നതായി ആനന്ദ് ഓർക്കുന്നുണ്ട്. ദ സ്റ്റേറ്റ്സ്‌മാൻ, ദി ഇന്ത്യൻ എക്സ്‌പ്രസ് എന്നീ പത്രങ്ങൾക്കൊപ്പം ക്വസ്റ്റ്, ദ റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്നീ ജേണലുകളും അദ്ദേഹം അന്ന് വായിച്ചിരുന്നു.

ദ സ്റ്റേറ്റ്സ്‌മാൻ, ദി ഇന്ത്യൻ എക്സ്‌പ്രസ് എന്നീ പത്രങ്ങൾക്കൊപ്പം ക്വസ്റ്റ്, ദ റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്നീ ജേണലുകളും അദ്ദേഹം അന്ന് വായിച്ചിരുന്നു.
ദ സ്റ്റേറ്റ്സ്‌മാൻ, ദി ഇന്ത്യൻ എക്സ്‌പ്രസ് എന്നീ പത്രങ്ങൾക്കൊപ്പം ക്വസ്റ്റ്, ദ റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്നീ ജേണലുകളും അദ്ദേഹം അന്ന് വായിച്ചിരുന്നു.

ഒരു വൈകുന്നേരം, അട്ടിമറിപ്രവർത്തനങ്ങൾ റിപ്പോർട്ടുചെയ്യാൻ ചുമതലപ്പെട്ട ഒരു പൊലീസ് ഓഫീസർ ആനന്ദിൻ്റെ ക്യാബിനിലെത്തി. ഇത്തിരിനേരം അവിടെ ചുറ്റിപ്പറ്റിനിന്ന്, കൊച്ചുവർത്തമാനമൊക്കെ നടത്തിയശേഷം അദ്ദേഹം ആനന്ദിനോട് ഇങ്ങനെ പറഞ്ഞു: “സാബ്, താങ്കളെപ്പറ്റി കേരളത്തിൽനിന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്’’.
നക്സലൈറ്റ് അനുഭാവികളായ ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികൾ കേരളത്തിൽനിന്ന് പ്രസിദ്ധീകരിച്ച യെനാൻ എന്ന മാസികയുടെ മെയിലിംഗ് ലിസ്റ്റിൽ ആനന്ദ് ഉൾപ്പെട്ടിരുന്നു. നക്സ‌ലൈറ്റ് വേട്ടയുടെ ഭാഗമായി ആ മാസികയുടെ വായനക്കാരെ പൊലീസ് തിരയുന്നുണ്ടായിരുന്നു.

ആനന്ദിന്റെ സുഹൃത്തുകൂടിയായ ഒ.വി. വിജയൻ ഇംഗ്ലീഷിലുള്ള കാർട്ടൂൺ വര നിർത്തിയെങ്കിലും കലാകൗമുദി മാസികയ്ക്ക് ബൗദ്ധികമൂർച്ചയുള്ള വരകൾ നൽകുന്നത് നിർത്തിയിരുന്നില്ല. തൻ്റെ പല സുഹൃത്തുക്കളെയും പോലെ താനും അറസ്റ്റിലാകുമോ എന്ന ഭയം വിജയനുണ്ടായിരുന്നു. ഏകാധിപത്യത്തിൻ്റെ വരവു പ്രവചിച്ച ധർമ്മപുരാണം എന്ന നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത് അദ്ദേഹം നിർത്തിവയ്ക്കുകയും ചെയ്തു.
കൊളാഷിൽ വിജയൻ്റെ രണ്ടു കാർട്ടൂണുകളെങ്കിലുമുണ്ട്. ഒരു കാർട്ടൂണിലെ സംഭാഷണം ഇങ്ങനെ: ‘‘ഭീരുക്കൾ മറ്റുള്ളവരെ ഭീതിയിലാഴ്ത്തുമെന്നത് പ്രകൃതിനിയമമാണ്’’. ആനന്ദ് അന്വേഷിച്ചുകണ്ടെത്തിയ മറ്റെല്ലാ മെറ്റീരിയലുകളെയുംപോലെ, മാറിയോ മിരാൻഡയുടെ കാർട്ടൂൺ ഇന്നും പ്രസക്തമാണ്. നേതാവ് ജനക്കൂട്ടത്തോട് ഇപ്രകാരം പറയുന്നു: ‘‘നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിൻ്റെ ദുർബ്ബലശരീരത്തെ നശിപ്പിക്കുന്ന ഒരു ഭീഷണിയെപ്പറ്റി പറയാനാണ് ഞാൻ വന്നത്... കടലിൽനിന്നാണ് ആ അപകടം വരിക... വിദേശകപ്പലുകളെ കരുതിയിരിക്കുക’’.

‘പൊളിറ്റിക്കൽ യൂസസ് ഓഫ് ഫോട്ടോ മൊണ്ടാഷ്' എന്ന ലേഖനത്തിൽ ജോൺ ഹാർട്ട്ഫീൽഡിന്റെ പ്രചാരണാത്മക മൊണ്ടാഷുകൾ എങ്ങനെ രാഷ്ട്രീയകലയായി മാറുന്നുവെന്ന് ജോൺ ബെർഗർ വിശദമാക്കുന്നുണ്ട്. (1927-നും 1937-നുമിടയിൽ ജർമ്മൻ കമ്മ്യൂണിസ്റ്റ് മാദ്ധ്യമങ്ങളുടെ പ്രചാരണാർത്ഥം പ്രവർത്തിച്ച ഒരു ജർമൻ മൊണ്ടാഷ് ആർട്ടിസ്റ്റായിരുന്നു ഹാർട്ട്ഫീൽഡ്). ‘‘കത്രിക ഉപയോഗിച്ച് അദ്ദേഹം സംഭവങ്ങളെയും വസ്തുക്കളെയും അവയുടെ സന്ദർഭത്തിൽനിന്ന് മുറിച്ചുമാറ്റുന്നു. അവയെ പുതിയ, അപ്രതീക്ഷിതമായ, തുടർച്ചയില്ലാത്ത ഒരു ശൈലിയിൽ വിന്യസിച്ച് ഒരു രാഷ്ട്രീയം പറഞ്ഞുവയ്ക്കുന്നു. മുറിച്ചെടുക്കപ്പെട്ടവയെല്ലാം അതിന്റെ സുപരിചിതമായ ഫോട്ടോഗ്രാഫിക് രൂപം സൂക്ഷിക്കുന്നു എന്നതാണ് ഫോട്ടോ മൊണ്ടാഷിൻ്റെ ഒരു ഗുണം. നാമെല്ലാം ആദ്യം നോക്കുന്നത് സംഗതികളെയാണ്, പിന്നീടു മാത്രമാണ് ചിഹ്നങ്ങളെ കാണുക. പക്ഷേ അവ ഇപ്പോൾ സ്ഥലംമാറ്റപ്പെട്ടിരിക്കുന്നതിനാൽ, അവയുടെ സാധാരണമായ തുടർച്ച പൊട്ടിപ്പോയതിനാൽ, അപ്രതീക്ഷിതമായൊരു സന്ദേശം നൽകുന്ന രീതിയിൽ അവ ഇപ്പോൾ വിന്യസിക്കപ്പെട്ടിരിക്കുന്നതിനാൽ, അവയുടെ തുടർച്ചയായ സാധാരണ സന്ദേശത്തിൻ്റെ സ്വേച്ഛാപരതയെക്കുറിച്ച് നമുക്കു ബോധമുണ്ടാകുന്നു. യഥാസ്ഥാനത്തിരിക്കുമ്പോൾ രൂപത്തിൽ നിന്ന് വേർതിരിച്ചെടുക്കാനാവാത്തവിധം അവയ്ക്കനുയോജ്യമായ അവയുടെ പ്രത്യയശാസ്ത്രപരമായ മുഖംമൂടികൾ, വേഷപ്രച്ഛന്നതകൾ വെളിപ്പെടുന്നു. രൂപങ്ങൾ നമ്മെ വഞ്ചിക്കുന്നതെങ്ങനെയെന്ന് നമുക്കതു കാട്ടിത്തരുന്നു’’.

ഇതേ ലക്ഷ്യമാണ് ദ ബ്രോക്കൺ ക്രോസും നിറവേറ്റുന്നത്. ദുരന്തകാലങ്ങളിലുണ്ടാകുന്ന മറ്റേതൊരു കലാസൃഷ്ടിയെയും പോലെ, ഈ കൊളാഷും നർമ്മത്തെയും ധ്വന്യാത്മകതയെയും പരിഹാസത്തെയും ആക്ഷേപഹാസ്യത്തെയും ആയുധമാക്കുന്നു. അടിയന്തരാവസ്ഥയ്ക്കു മുമ്പായാലും പിൻപായാലും, ആനന്ദിൻ്റെ രചനകളിൽ അപൂർവ്വമായി മാത്രമേ നർമ്മവും ആക്ഷേപഹാസ്യവും സ്ഥാനം പിടിച്ചിട്ടുള്ളൂ.

ആനന്ദിന് അടിയന്തരാവസ്ഥ ചരിത്രത്തിൽ ഉറഞ്ഞുപോയൊരു നിമിഷമല്ല. നാം ജാഗ്രതയോടെയിരിക്കേണ്ട, ഉറക്കെ വിളിച്ചു പറയേണ്ട, ഒരു വികാരമോ പ്രവണതയോ ആണ്. തന്റെ എല്ലാ രചനകളിലും- ഫിക്ഷനിലും, നോൺ-ഫിക്ഷനിലും, ലേഖനങ്ങളിലും, പത്രാധിപർക്കുള്ള കത്തുകളിലുമെല്ലാം- ഏകാധിപത്യത്തിനെതിരേ ശബ്ദ‌മുയർത്താൻ ആനന്ദ് മടിച്ചിട്ടില്ല. 1980 മുതലുള്ള അദ്ദേഹത്തിൻ്റെ രചനകളായ മരുഭൂമികൾ ഉണ്ടാകുന്നത്, വ്യാസനും വിസ്നേശ്വരനും, ഗോവർദ്ധൻ്റെ യാത്രകൾ, അപഹരിക്കപ്പെട്ട ദൈവങ്ങൾ, ജൈവമനുഷ്യൻ, വേട്ടക്കാരനും വിരുന്നുകാരനും എന്നിവയെല്ലാം സ്വേച്ഛാധിപത്യം, അധികാരം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ചിന്തകളാൽ രൂപപ്പെട്ടതാണ്. ഒരു ദേശരാഷ്ട്രത്തിന്റെ സ്ഥാപനങ്ങൾക്കുള്ളിൽ ഏകാധിപത്യം എങ്ങനെ പ്രവർത്തിക്കുന്നു എന്നു സൂചിപ്പിക്കുന്ന കാഫ്‌കയുടെ രചനകളെ ഓർമ്മിപ്പിക്കുന്ന കൃതിയാണ് മരുഭൂമികൾ ഉണ്ടാകുന്നത്.

ഇടുങ്ങിയ മനഃസ്ഥിതിയെക്കുറിച്ചു സംസാരിക്കുമ്പോൾ കമ്മ്യൂണിസം, ഹിന്ദുത്വം, ഇസ്ലാമിസം തുടങ്ങി ഒരു ചിന്താപദ്ധതിയെയും അദ്ദേഹം വെറുതേ വിട്ടിട്ടില്ല. വളരെ അപൂർവ്വമായി മാത്രം കാണുന്ന ഒരു സത്യസന്ധത അതിലൂടെ അദ്ദേഹത്തിൻ്റെ ബൗദ്ധികജീവിതത്തിനു കൈവരുന്നു. കൊടുങ്കാറ്റുകളെ കണ്ടെത്താനും ചരിത്രവല്കരിക്കാനുമുള്ള ഈ കഴിവാണ് ആനന്ദിനെക്കൊണ്ട് ഇങ്ങനെകുടി പറയിക്കുന്നത്: ‘‘അടിയന്തിരാവസ്ഥ മോശമായിരുന്നു. പക്ഷേ, ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ ഉയർന്നുവന്നിട്ടുള്ള ശക്തികൾ അതിലും മോശമാണ്. ഇന്ദിരാഗാന്ധിക്ക് ഒരു പ്രത്യയശാസ്ത്രമുണ്ടായിരുന്നില്ല. പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയുള്ള സ്വേച്ഛാധിപത്യമാണ് ഏറ്റവും അപകടം’’.

ഐവറി ബുക്സിന്റെ ആനന്ദ് - അമൃത് ലാൽ സംഭാഷണങ്ങളുടെ സമാഹാരമായ “ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു” എന്ന പുസ്തകത്തിൽ ഈ ലേഖനം ഉൾപെടുത്തിയിട്ടുണ്ട്.

(വിവർത്തനം: എൻ.ജി. നയനതാര,
കടപ്പാട്: ദ ഇന്ത്യൻ എക്സ്പ്രസ്)

Comments