യമ

ആനന്ദ്; ഒരിക്കലും പറയാത്തൊരു പ്രണയം പോലെ,
ഒരുപക്ഷെ അത് പ്രണയം തന്നെയാണ്…

‘‘ആനന്ദ് എന്ന എഴുത്തുകാരനാണ് മലയാളത്തിൽ ഞാൻ ഇന്നും വീണ്ടും വീണ്ടും വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ. എപ്പോൾ വായിച്ചാലും പുതുതായി വായിക്കുന്നു എന്ന തോന്നൽ ആ എഴുത്തുകൾ ഉണ്ടാക്കാറുണ്ട്’’- യമയുടെ ആനന്ദ് അനുഭവം.

യമ

രു എഴുത്തുകാരനോ എഴുത്തുകാരിയോ വായനക്കാർക്ക് അക്ഷരങ്ങളിലൂടെ അപരലോകത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഒരാൾ മാത്രമാണോ? പ്രശസ്തരായ പല എഴുത്തുകാരും പറഞ്ഞിട്ടുള്ളതുപോലെ, സാഹിത്യം ഈ ജീവിതത്തിന്റെ അസഹ്യമായ കത്തിക്കുത്തിൽ നിന്നുള്ള പലായനം തന്നെയായിട്ടാണ് പലപ്പോഴും ഒരു വായനക്കാരി എന്ന നിലയിൽ ഞാൻ അനുഭവിച്ചിട്ടുള്ളത്. അതിനു സഹായിച്ച എഴുത്തുകാരോട് ഇത്രയും കാലമുള്ള എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു.

മലയാളത്തിൽ ആദ്യം വായിച്ചു തുടങ്ങിയവ പലപ്പോഴും പരിഭാഷകളായിരുന്നു. സാഹിത്യത്തെക്കുറിച്ച് അറിവ് പകരാൻ തുടക്കകാലത്ത് ആരും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും ബഷീറാണ് ദൈവത്തെപ്പോലെ തണലുള്ളൊരു കൈ എന്റെ തലയിൽ അമർത്തി സമാധാനിപ്പിച്ചത്. അദ്ദേഹത്തെ നേരിൽ കാണണം എന്നൊരു വലിയ ആഗ്രഹമുണ്ടായിരുന്നു, അക്കാലങ്ങളിൽ. ജീവിതം നരകതുല്യമായിരുന്നു. ദുരിതങ്ങൾ മാത്രം സമ്പാദ്യമായിട്ടുള്ള വായനക്കാർക്കായി അവതരിക്കുന്ന എഴുത്തുകാരുണ്ട്. അവരെ ഏതു പൊടിപിടിച്ച പുസ്തകക്കൂനയിലും ആ വായനക്കാർ തിരിച്ചറിയും. ഒരാളെ പ്രണയിക്കണമെങ്കിൽ അതിനൊരു മനസ് മാത്രം പോരാ, അതിനു തക്ക ബലമുള്ളൊരു ലോകവും കൂടെ വേണമെന്ന് ഞാൻ തിരിച്ചറിയുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇരുപതു വയസ്സുള്ളൊരു ദുഃഖമായി നഗരത്തിലെ ചായക്കടയുടെ കൗണ്ടറിനു പുറത്ത് ചായക്കുള്ള കാശ് കൃത്യമായി ബാഗിൽ നിന്ന് തപ്പിയെടുത്ത്, അത്ര മാത്രമേ ബസ്സ് ടിക്കറ്റിനുള്ള കാശിനു പുറത്തായി എന്റെ പക്കലുണ്ടായിരുന്നുള്ളൂ, ഞാൻ നിന്നു.

എന്നോളം അസ്തിത്വദുഃഖവും ദാരിദ്ര്യവും സഹപാഠികളായ ചില പുരുഷന്മാരിൽ മാത്രമേ അക്കാലത്ത് കണ്ടിട്ടുള്ളൂ. അതൊരു വല്ലാത്ത കോമ്പിനേഷനാണ്. അസ്തിത്വദുഃഖത്തെ മറികടക്കാൻ സ്ത്രീകൾക്ക് സ്വതവേയുള്ള രസികത്വം എനിക്ക് അക്കാലത്ത് അന്യമായിരുന്നു. മറ്റു സ്ത്രീകളോടുള്ള ചങ്ങാത്തം പോലും സാധ്യമല്ലാത്ത വിധം ഞാൻ തടവിലായിരുന്നു. ഉത്തരവാദിത്വങ്ങളുടെ ഒരു കലവറ എന്റെ മേൽ കെട്ടിവയ്ക്കപ്പെടുകയുമുണ്ടായി. അതുകൊണ്ട് പലപ്പോഴും ഒരു സ്ത്രീയാണ് ഞാൻ എന്ന് എനിക്ക് തോന്നലുണ്ടായിരുന്നില്ല.

ബഷീറാണ് ദൈവത്തെപ്പോലെ തണലുള്ളൊരു കൈ എന്റെ തലയിൽ അമർത്തി സമാധാനിപ്പിച്ചത്.
ബഷീറാണ് ദൈവത്തെപ്പോലെ തണലുള്ളൊരു കൈ എന്റെ തലയിൽ അമർത്തി സമാധാനിപ്പിച്ചത്.

പറഞ്ഞുവന്നത്, ഒരു ചായകുടിക്കാൻ ആ ചായക്കടയുടെ കൗണ്ടറിൽ നിന്ന ആ അവസരം എല്ലാ ദുരിതത്തോടും കൂടി ഓർത്തെടുക്കുമ്പോഴും എന്നെ നനച്ച മഴയെക്കുറിച്ചാണ്. അന്നൊക്കെ ഒരു ചായ പറയാൻ പോലും ഒരുപാട് ധൈര്യം സംഭരിക്കണമായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് ചായയ്ക്ക് വില കൂടിപ്പോയിരിക്കുമോ എന്നുപോലും ചായ പറയുന്ന സമയത്ത് പരിഭ്രമിച്ചിട്ടുണ്ട്. കടയിൽ ഇരിക്കാനായി ഇരിപ്പിടങ്ങൾ ഇല്ല. ചായ വാങ്ങിയാൽ പുറത്ത് മരത്തണലിൽ ഇരിക്കാം. സുഹൃത്തുക്കളോടൊപ്പം പലപ്പോഴും അവിടെയിരുന്നിട്ടുണ്ട്. എന്നേക്കാൾ ദരിദ്രർക്ക് ചായ വാങ്ങിക്കൊടുത്തിട്ടുണ്ട്. ചിലർ എന്റെ ദാരിദ്ര്യം അറിയാതെ എന്നെക്കൊണ്ട് ബലമായി ചായ വാങ്ങിക്കുടിച്ചിട്ടുമുണ്ട്.

ചായയും കാത്ത് നിന്ന ആ ദിവസം ആരും അവിടെയുണ്ടായിരുന്നില്ല. ചായയ്ക്കുള്ള സമോവർ ആവി തുപ്പുന്നുണ്ടായിരുന്നെങ്കിലും ചായ തരാൻ സ്ഥിരമായി നിൽക്കാറുള്ള സ്ത്രീയെ കാണാനില്ല. യുവത്വത്തിന് ചേരാത്തൊരു ക്ഷീണം അക്കാലങ്ങളിൽ ആത്മാവിലും ശരീരത്തിലുമുണ്ടായിരുന്നു. പക്ഷെ എനിക്ക് ചായ കുടിക്കണമായിരുന്നു. അതൊരു ചടങ്ങും അതേസമയം എൻ്റെ മനുഷ്യാസ്തിത്വത്തിന്റെ ഓർമ്മപ്പെടുത്തലും ആയി എനിക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. വസ്തു ഇടപാടിന്റെ, ഒരു വിനിമയത്തിന്റെ സുതാര്യതയും സൗന്ദര്യവും ആ ചായവാങ്ങൽ എന്നെ ഓർമ്മപ്പെടുത്തുമായിരുന്നു. അതുകൊണ്ട് സമയം ഒരു ഭാരമായി തോന്നിയില്ല, കാത്തിരിപ്പ്‌ ഒരാഗ്രഹപൂർത്തീകരണത്തിന് സാധ്യതയായി കാണാൻ കഴിഞ്ഞു. ഭക്ഷണം ഉണ്ടായിരുന്നിട്ടും വിശന്നിരിക്കേണ്ട ഗതികേടിലായിരുന്നു അക്കാലത്ത് എന്നതുകൊണ്ട് ക്ഷീണം ഒരു മഹാവ്യാധി തന്നെയായിരുന്നു. ഇടക്കാലം വരെ ചായ എന്നാൽ എനിക്ക് ഭക്ഷണത്തിന്റെ പര്യായമായിരുന്നു. ഒരു കൊളോണിയൽ ഉൽപ്പന്നത്തിന്റെ ചരിത്രവസ്തുതയിലേക്ക് കൂപ്പുകുത്തി ദീർഘനിശ്വാസം വിടാൻ ഞാൻ ഇപ്പോഴും ഒരുക്കമല്ല. ഒന്നുമില്ലാത്തവരോട്, ചരിത്രം പോലും ഇല്ലാത്തവരോട് വിപ്ലവത്തെക്കുറിച്ച് മിണ്ടരുത്. കാരണം ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അവർ മഹാദാശയങ്ങൾക്കായുള്ള പടക്കളത്തിൽ മുന്നിരയിൽത്തന്നെ പട വെട്ടിയേക്കും.

പുസ്തകം തേടി ആരെങ്കിലും വരുമോ എന്ന് നോക്കി കുറെ അവിടെത്തന്നെയിരുന്നു. പിന്നെ ഒറ്റക്കുതിപ്പിന് പുസ്തകവുമെടുത്ത് നടന്നു തുടങ്ങി.

വീണ്ടും പറഞ്ഞുവരുന്നത് ജീവിതത്തിലെ ഏറ്റവും മഹത്വമേറിയ ഒരു കാത്തിരുപ്പിനെക്കുറിച്ചാണ്. ചായ തരാൻ ഏറെനേരമായിട്ടും കടയിൽ ആരും വന്നില്ല. നിന്നിടത്തു നിന്നനങ്ങിയില്ലെനിലും തീരെ അവശമായ എന്റെ കണ്ണുകൾ പഴകിയൊരു പുസ്തകത്തിലേയ്ക്ക് ക്ഷീണിച്ച്‌ വീണു. ഉപേക്ഷിക്കപ്പെട്ടതെന്ന ഭാവം അതിനുണ്ടായിരുന്നില്ല. അതവിടെ വെറുതെ ഒരു ഓരം ചേർന്നിരുന്നു. പുറംചട്ടയില്ല. നിരന്തരമായ ഉപയോഗം കാരണം മഞ്ഞളിച്ചുപോയിരുന്നു അതിന്റെ താളുകൾ. വശങ്ങളിലെ കറുത്ത ചെളിയുടെ നേർത്ത അലുക്കുകകൾ അതിന്റെ നിരന്തര ഉപയോഗം വ്യക്തമാക്കിയിരുന്നു. ഒരുപാടുപയോഗിച്ച് പിഞ്ഞാൻ തുടങ്ങിയ ഒറ്റമുണ്ട് പോലെ. അതൊരു പുസ്തകമാണെന്നു തോന്നിയില്ല. ഒരു നിത്യോപയോഗവസ്തു. എത്ര ഭയപ്പാടിലും ഒരു പുസ്തകത്തിന് നേരെ കൈ നീട്ടാൻ എനിക്ക് എപ്പോഴും ധൈര്യം സംഭരിക്കാൻ കഴിഞ്ഞിരുന്നു. തലക്കെട്ടും എഴുതിയ ആളെയും തിരയാൻ ഒരു ശ്രമം നടത്തി. ആദ്യ താളുകളും അവസാനത്തവയും നഷ്ടപ്പെട്ടിരിക്കുന്നു. എന്നിട്ടും അതിനൊരു കൂസലില്ല. പുസ്തകം തേടി ആരെങ്കിലും വരുമോ എന്ന് നോക്കി കുറെ അവിടെത്തന്നെയിരുന്നു. പിന്നെ ഒറ്റക്കുതിപ്പിന് പുസ്തകവുമെടുത്ത് നടന്നു തുടങ്ങി. ആരും പിന്നാലെ വരില്ല എന്നുറപ്പുണ്ടായിരുന്നിട്ടും വെറുതെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. പക്ഷെ ആ പുസ്തകം ആരുടെയോ പ്രിയപ്പെട്ട ഒന്നായിരുന്നു എന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു.

നട്ടുച്ചകളുടെ തീക്ഷ്ണതയെ ചെറുക്കാനുള്ള ആയുധങ്ങൾ എന്റെ യൗവനത്തിന് അക്കാലത്തുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല, അക്കാലത്ത് സൂര്യനെ ഞാൻ ഒട്ടും വക വച്ചിരുന്നില്ല. ടാർ റോഡിൽ നിന്ന് വമിക്കുന്ന തിളച്ചച്ചൂടിൽ ഒറ്റയ്ക്ക് നടക്കുന്നത് എന്നെ പരിഭ്രാന്തയാക്കിയതുമില്ല. ഉച്ചകളിൽ നഗരത്തിലെ ബസ് സ്റ്റോപ്പുകൾ മിക്കവാറും വിജനമായിരുന്നു. ഞാൻ പഠിച്ചിരുന്ന കോഴ്സ് കഴിഞ്ഞിട്ടും വീട്ടിൽ നിന്ന് രക്ഷപ്പെടാനായി മുടിയുമഴിച്ചിട്ട് നഗരത്തിൽ ഇറങ്ങിയിരുന്നു. തിരികെ വീട്ടിലേക്കുതന്നെ പോകണം എന്ന സത്യത്തിൽ നിന്ന് രക്ഷപ്പെടാനായി നടന്ന ഓരോ കാൽവെയ്പ്പിലും ആവേശത്തോടെ ജീവിതത്തെ ദർശിക്കാൻ ശ്രമിച്ചു. പുസ്തകവും എടുത്തു നടന്നപ്പോൾ സ്വസ്ഥമായി ഇരിക്കാനുള്ള സ്ഥലം ഞാൻ മുന്നിൽക്കണ്ടിരുന്നു.

Photo: Muhammad Hanan
Photo: Muhammad Hanan

ഇന്നാലോചിക്കുമ്പോൾ ചുട്ടുപഴുത്തൊരു ബസ്‌സ്റ്റോപ്പ്. കുറച്ചുനാൾ മുന്നേ എന്റെ കാമുകന്റെ കാമചിന്തകൾ കൊണ്ടുനിറഞ്ഞ പ്രേമലേഖനം വായിച്ച് കുഴഞ്ഞിരുന്ന അതേ ബസ് സ്റ്റോപ്പ്. കയ്യിലുള്ള പുസ്തകം അവിടിരുന്നു വായിക്കാൻ തുടങ്ങി. തുടക്കമില്ലെങ്കിലും പുസ്തകത്തിലെ കഥാപാത്രങ്ങളിലും അവരുടെ ചുറ്റുപാടുകളിലും വളരെ പെട്ടെന്ന് കയറിപ്പറ്റാനായി. എത്രയും ഹതാശമായ ലോകത്ത് വ്യാപരിക്കുന്ന യുവാക്കളായ ആ മനുഷ്യരിൽ ഒരാളായിരുന്നു ഞാനും. ബസ് വരുന്നതുവരെയും ഞാനാ പുസ്തകം വായിച്ചു. എന്തുകൊണ്ടോ അന്ന് വീട്ടിലേക്കുപോകുന്ന വഴി എന്നെ വിഷമിപ്പിച്ചില്ല. എന്തും വിലക്കുന്ന ഗാർഹികാന്തരീക്ഷത്തിലും ആ പുസ്തകം വായിക്കണം എന്ന ഒറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ നഗരസന്ദർശനങ്ങളെ അഴിഞ്ഞാട്ടമായി കണ്ടിരുന്ന അമ്മയുടെ ശകാരത്തിനിടയിലും ഞാൻ ആ പുസ്തകം വായിച്ചു. അതിലെ ആൺ പെൺ കഥാപാത്രങ്ങളെല്ലാം ഞാൻ തന്നെയായിരുന്നു. അവസാന താളുകൾ ഇല്ലാതിരുന്നിട്ടും വായന അപൂർണ്ണമായി എന്ന തോന്നലുണ്ടായില്ല. ആ പുസ്തകം ആരെഴുതി എന്നറിയാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. എനിക്കത് വിചിത്രമായി തോന്നി. ആ പുസ്തകം ഒരു ലൈബ്രറിയുടേതാണെന്ന് മനസിലാക്കാനുള്ള ഒരു ചിഹ്നവും അതിൽ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. അതൊരാളുടേതായിരുന്നെകിൽ അയാളുടെ മേൽവിലാസമോ പേരോ ഒന്നും അതിൽ എഴുതിയിട്ടുമില്ല.

എന്റെ അറിവ് അതിലെ കഥാപാത്രങ്ങളിലും അവരുടെ വ്യാപാരങ്ങളിലേക്കും ചുരുങ്ങിയപ്പോൾ അതിലെ സാഹിത്യം വാതിൽ തുറന്നിട്ടത് രാഷ്ട്രദർശനത്തിലേക്കും സാമൂഹിക- സാംസ്കാരിക പഠനങ്ങളിലേക്കുമാണ്. ഉത്തരവാദിത്വമുള്ള യുവത്വത്തിലേക്ക് കാലെടുത്തുവച്ചിരുന്ന എനിക്ക് ആ പുസ്തകം ഒരു വെളിപാടായിരുന്നു. പൈങ്കിളി പുസ്തകങ്ങളുടെ ചില്ലറ സമാശ്വസിപ്പിക്കലുകളിൽ നിന്ന് ഞാൻ പെട്ടെന്ന് പുറത്തുവന്നു. എന്റെ അവസ്ഥ ഒരു അവസ്ഥ മാത്രമാണെന്നും മനുഷ്യൻ എന്നെ നിലയ്ക്ക് പുറപ്പെടലുകൾ അത്യാവശ്യമാണെന്നും തീരുമാനിക്കാൻ എനിക്ക് കഴിഞ്ഞു. മറ്റൊരാളായി പുറത്തുനിന്ന് എനിക്ക് എന്നെത്തന്നെ കാണാൻ കഴിഞ്ഞു. അന്ന് ആ പുസ്തകം എന്നെ ഒരു റെബെൽ ആക്കിയില്ല. എന്നിലെ റെബെലിനു ദിശാബോധം കൊടുക്കാൻ ഒരുപക്ഷെ ആ പുസ്തകത്തിന് ഒരളവുവരെ കഴിഞ്ഞിരിക്കണം. സിസ്റ്റത്തിന് വേണ്ടി തോൽക്കാൻ അല്ലെങ്കിലും ഞാൻ തയ്യാറായിരുന്നില്ല.

നാലഞ്ചുമാസങ്ങൾക്കു ശേഷം, ഒരു വലിയ ഭൂകമ്പത്തിനുശേഷം, വീടും നാടും വിടുമ്പോൾ ആ പുസ്തകം കൂടെയുണ്ടായിരുന്നു എന്നോർക്കാനാണ് എനിക്കിഷ്ടം. ആ പുസ്തകത്തിനായി വീണ്ടും ബാഗ് തിരയുമ്പോൾ അത് നഷ്ടപ്പെട്ടതായി മനസിലാക്കി. വീട് വിട്ടതിനുശേഷം അഭയസ്ഥാനങ്ങൾ തേടിയുള്ള നിരന്തരമായ തീവണ്ടിയാത്രകൾക്കിടയിൽ അത് നഷ്ടപ്പെട്ടതാവണം. എന്നെപ്പോലെ അതിനെ കാത്തിരുന്ന ഒരാളുടെ കയ്യിൽ അത് എത്തിപ്പെട്ടുകാണും എന്നാണ് വിശ്വാസം. മനുഷ്യരുടെ മഹാപലായനങ്ങൾ പോലെത്തന്നെ ലക്ഷ്യമറ്റതാണ് പുസ്തകങ്ങളുടെയും പലായനം. വാക്കുകളും ആശയങ്ങളും അടർന്നുപോയി ചിലരുടെ ഓർമ്മകളിലും സംഭാഷണങ്ങളിലും അവ തുടർന്ന് ജീവിക്കും. പുസ്തകം ഒരു വസ്തു മാത്രമല്ലാത്തതു കാരണം മനുഷ്യരെക്കാളും അവയുടെ ഓർമ്മകൾ സമൂഹബോധത്തിൽ നില നിന്നുവെന്നുവരാം. ചിലപ്പോൾ മനുഷ്യരുടെ ജീവിത തുടർച്ചകളിലും.

ഗോവർദ്ധന്റെ യാത്രകൾ
ഗോവർദ്ധന്റെ യാത്രകൾ

സാഹിത്യവായന വളരെ ഗൗരവമല്ലാതിരുന്ന സമയത്ത് എന്റെ പക്കൽ വരുകയും എനിക്ക് നഷ്ടമാകുകയും ചെയ്ത ആ പുസ്തകം ഒരു വെളിപാടുപോലെ പിന്നീടൊരിക്കൽ കയ്യിലെത്തി. അത് ജോലിയൊന്നുമില്ലാതെ ഇനിയെന്ത് എന്നാശങ്കപ്പെട്ട് ഒരു ലേഡീസ് ഹോസ്റ്റലിലിൽ രാവും പകലും തള്ളി നീക്കുമ്പോഴായിരുന്നു. മുൻപ് ജോലി ചെയ്ത്, കയ്യിലുണ്ടായിരുന്ന തുച്ഛമായ കാശിൽ നിന്ന് ഒരു പങ്ക് തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ അംഗത്വമെടുക്കാൻ ഉപയോഗിച്ചു. ഹോസ്റ്റലിലെ ഏറ്റവും അരുചിയുള്ള ഭക്ഷണവും കഴിച്ച് ലൈബ്രറി തുറക്കുന്നതു മുതൽ വൈകുവോളം അവിടെ പുസ്തകം വായിച്ചിരുന്നു. പ്രണയം എന്നെ തൊട്ടു തീണ്ടിയിരുന്നില്ല. സയൻസും സാമൂഹിക പഠനങ്ങളുമായിരുന്നു അക്കാലത്ത് കൂടുതലും വായിച്ചത്. കൂടെ ഇടയ്ക്കു വായിച്ച ഫിക്ഷനുകളിൽ ഒരെണ്ണം ഗോവർദ്ധന്റെ യാത്രകൾ ആയിരുന്നു. ആനന്ദ് എന്നൊരു എഴുത്തുകാരനുണ്ടെന്ന് ഞാൻ അന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് എഴുത്തുകാരന്റെ എല്ലാ പുസ്തകങ്ങളും വായിക്കാൻ ശ്രമമാരംഭിച്ചു. അതിലൊരു പുസ്തകം വീണ്ടും വായിക്കുകയാണെന്ന തോന്നലുണ്ടായി. ‘ആൾക്കൂട്ട’മായിരുന്നു അത്. പുറം ചട്ടയില്ലാതെ, അവസാന പേജുകളില്ലാതെ ഒന്നൊന്നര വർഷങ്ങൾക്കുമുൻപ് എന്റെ കയ്യിൽ വന്നു ചേർന്ന പുസ്തകത്തിന്റെ പൂർണരൂപം കയ്യിൽക്കിട്ടി. നോവലിലെ സുനിലിനെപ്പോലെ ആൾക്കൂട്ടത്തിൽ ഇല്ലാതായിപ്പോയ പഴയ പുസ്തകത്തിന്റെ ഓർമ്മയുണർത്തിക്കൊണ്ട് പുതിയ പുസ്തകം എന്റെ മുന്നിലിരുന്നു.

അതിഭാവുകത്വമുള്ള ഫിക്ഷനുകൾ എനിക്കൊരിക്കലും പ്രിയപ്പെട്ടവയായിരുന്നില്ല. ഒരു കഥാപാത്രം ധ്വനിപ്പിക്കുന്ന അപരലോകങ്ങളിൽ എഴുത്തുകാരെ തിരയുന്ന സ്വഭാവം എനിക്കുണ്ട്. ഒരാൾക്ക് എത്രത്തോളം തന്നെ ഛിന്നഭിന്നമാക്കാൻ കഴിയും എന്ന് പരിശോധിച്ച് നോക്കും. ആനന്ദ് എന്ന എഴുത്തുകാരനാണ് മലയാളത്തിൽ ഞാൻ ഇന്നും വീണ്ടും വീണ്ടും വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ. എപ്പോൾ വായിച്ചാലും പുതുതായി വായിക്കുന്നു എന്ന തോന്നൽ ആ എഴുത്തുകൾ ഉണ്ടാക്കാറുണ്ട്. ഫിക്ഷനും നോൺ ഫിക്ഷനും അടക്കം അദ്ദേഹം എഴുതിയതെന്തും ഞാൻ വായിച്ചു. അദ്ദേഹം പ്രഭാഷണം നടത്തുന്നത് എത്താൻ കഴിയുന്നിടത്തൊക്കെ പോയിക്കേട്ടു. അന്ധമായ ആരാധനയെക്കാളും എന്നും എന്റെ കൂടെയുണ്ടാകേണ്ട ഒരാൾ എന്ന നിലയിലാണ് അദ്ദേഹത്തോട് എനിക്ക് സ്നേഹം വളർന്നത്.

പിന്നെയും ഒരുപാടു വർഷങ്ങൾക്കുശേഷം, എഴുതുകയാണെന്ന ബോധ്യത്തോടെ ഞാൻ ആദ്യമായി എന്തെങ്കിലും എഴുതി. ഒരു ഫിലിം സ്ക്രിപ്റ്റ് എഴുതണം എന്നായിരുന്നു മനസ്സിൽ. പക്ഷെ എഴുതുന്നത് ഖണ്ഡികകളായി നീണ്ടു പോയി. എഴുതുന്നതിന് ലക്ഷ്യങ്ങളും അടർന്നുപോയി. എന്റെ മനസ്സിൽ ആകെയുണ്ടായിരുന്നത്‌ പല നിലകളിൽ കെട്ടിപ്പൊക്കിയ പണിതീരാത്ത കൂറ്റൻ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് നോക്കുന്ന ഒരു അതിഥിതൊഴിലാളിയുടെ നോട്ടം മാത്രമായിരുന്നു. എനിക്കെന്റെ ദുഃഖങ്ങളോ അസ്തിത്വപ്രശ്നങ്ങളോ എന്തുകൊണ്ട് എഴുതാൻ തോന്നിയില്ല എന്നത് ഇന്നും അറിയില്ല. മനുഷ്യന്റെ നാഗരികത എന്ന അഭിശപ്ത സൗഭാഗ്യം എനിക്ക് ചെറുതായെങ്കിലും അഭയം തന്നിട്ടുണ്ട് എന്നത് ഒരിക്കലും മറക്കാനാവില്ല. സ്ത്രീയെക്കാളുപരി ഒരു അഗതിയായാണ് പലപ്പോഴും ഞാൻ എന്നെ കണക്കാക്കിയത്. അതുകൊണ്ടുതന്നെയാണ് പാവപ്പെട്ട മനുഷ്യരുടെ ക്രൂരത എനിക്കെപ്പോഴും സഹിക്കാൻ കഴിഞ്ഞത്.

ആനന്ദും പങ്കാളി  രമണിയും Photo/Muhammad Hanan
ആനന്ദും പങ്കാളി രമണിയും Photo/Muhammad Hanan

പിപീലിക എഴുതുന്ന സമയത്ത് റോബർട്ട് ബ്രെസ്സൺ എന്ന സിനിമാക്കാരന്റെ ഭൂതം എന്റെ മേലുണ്ടായിരുന്നു. അതുപോലെ സിനിമയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും എഴുതണം എന്നെങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ റോബർട്ട് ബ്രെസ്സനും ആനന്ദും എന്നെ എന്തുകൊണ്ട് ആകർഷിച്ചു എന്നതിന് ചെറുതായൊരു ഉത്തരം എനിക്കുണ്ട്. പരസ്പരവിരുദ്ധമായ ധ്രുവങ്ങളിൽ നിന്ന് നാഗരികതയെയും മനുഷ്യജീവിതത്തെയും വീക്ഷിച്ചവരാണവർ എന്ന തോന്നൽ. അതിഭാവുകത കലർത്താതെയുള്ള മനുഷ്യാവസ്ഥകളുടെ ഡോക്യു ഫിക്ഷനാണ് രണ്ടുപേരുടെയും അവതരണരീതിയുടെ പ്രത്യേകത. എന്നാൽ എല്ലാ വസ്തുക്കളെയും ചലനങ്ങളെയും മനുഷ്യനാഗരികതയിൽ നിന്ന് വേർപെടുത്തി ആത്മീയത കണ്ടെത്തുന്ന ബ്രെസ്സണിന്റെ മാന്ത്രികതയ്ക്ക് കടകവിരുദ്ധമായി ഓരോ മനുഷ്യാവസ്ഥയും നാഗരികതയുടെയും സമൂഹഘടനയുടെയും രോഗാതുരമായ ചട്ടക്കൂടിലെ ആശയങ്ങളായി ആനന്ദ് അവതരിപ്പിച്ചു.

വികാരങ്ങൾ ജനിപ്പിക്കാത്ത വരണ്ട എഴുത്താണെന്ന് ചിലർ എന്റെ എഴുത്തിനെ വിമർശിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരുപക്ഷെ എന്റെ ഇഷ്ടങ്ങൾ എന്റെ എഴുത്തിനെയും ബാധിച്ചിരിക്കാം. എഴുതുന്നത് ഒരിക്കലും എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നില്ല. എന്നാൽ ആദ്യമായി എഴുതിയ എഴുത്തിനെക്കുറിച്ച് ആനന്ദ് അഭിപ്രായം പ്രകടിപ്പിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ഒരു കരച്ചിൽ തോന്നി. ആരാണ് എന്നോട് അത് പറഞ്ഞത് എന്ന് ഓർക്കുന്നില്ല. നിരൂപകൻ രാഹുൽ രാധാകൃഷ്ണനാണെന്ന് തോന്നുന്നു. ഞാൻ എഴുതിയ ഒരു വരിയെങ്കിലും ആനന്ദ് വായിച്ചിട്ടുണ്ട് എന്ന അറിവുപോലും എനിക്ക് അഭിമാനകരമായ ഒന്നാണ്. ആനന്ദ് പിപീലികയെക്കുറിച്ച് പറഞ്ഞ കാര്യം ഞാൻ കമൽറാം സജീവിനോട് സൂചിപ്പിച്ചിരുന്നു. പിപീലിക പ്രസിദ്ധീകരിക്കാൻ നേരത്ത് ഒരു കുറിപ്പ് ആനന്ദിന്റെതായി വാങ്ങണം എന്ന് കമൽറാം എന്നോട് ആവശ്യപ്പെട്ടെങ്കിലും എനിക്ക് അദ്ദേഹത്തോട് അത് ചോദിയ്ക്കാൻ നല്ല ബുദ്ധിമുട്ടു തോന്നി. മടിച്ചുമടിച്ചാണ് ചോദിച്ചതെങ്കിലും അദ്ദേഹം ഒരു കുറിപ്പ് എനിക്കയച്ചു തന്നു. സത്യം പറഞ്ഞാൽ എനിക്കത് പുസ്തകത്തിൽ ചേർക്കണം എന്നുണ്ടായിരുന്നില്ല. എനിക്കയച്ച ഒരു കത്തായി പരിഗണിച്ച് അത് എന്റെ സ്വകാര്യസ്വത്തായി വയ്ക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അദ്ദേഹം എനിക്കെന്തെങ്കിലും എഴുതിയത് എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് അദ്ദേഹം ഒരിക്കലും അറിഞ്ഞുകാണില്ല. പിന്നീട് പലയിടത്തു വച്ച് കണ്ടപ്പോഴും പുഞ്ചിരിക്കാനും മറ്റെന്തെങ്കിലും സംസാരിക്കാനുമല്ലാതെ അദ്ദേഹം എനിക്ക് എത്ര പ്രിയപ്പെട്ട ഒരാളെണെന്ന് പറയാൻ എനിക്കൊരിക്കലും കഴിഞ്ഞില്ല. മനോഹരമായ അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ ഏതൊരു മനുഷ്യനെയും നിരായുധമാക്കുന്ന ലാളിത്യം നിറഞ്ഞുനിൽക്കുന്നത് എനിക്ക് അതിശയമായിരുന്നു. എഴുത്തിലും ചിന്തയിലും വാർദ്ധക്യം ബാധിക്കത്തൊരാൾ.

ഒരിക്കലും പറയാത്തൊരു പ്രണയം പോലെ വിശുദ്ധമായ എന്തോ ഒന്ന് എനിക്കദ്ദേഹത്തോടുണ്ട്. ഒരുപക്ഷെ അത് പ്രണയം തന്നെയാണ്.


Summary: Reading Anand's books and works. Yama writes about her feelings on Malayalam writer Anand's writings.


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments