എണ്ണമറ്റ ലേഖനങ്ങളും അതിനുമപ്പുറം ചരിത്രം നിർമ്മിച്ച നോവലുകളും കഥകളും എഴുതിയ ഒരാളുടെ കവിതകൾ വായിക്കാൻ എളുപ്പമാണ്. അയാൾ ലേഖനങ്ങളിലും നോവലുകളിലും കഥകളിലും അവതരിപ്പിക്കപ്പെട്ട ആശയങ്ങളെ കവിതയിലും കൂടി കണ്ടെത്തിയാൽ മതിയാകും എന്നാണ് കരുതുക. വ്യവസ്ഥാപിതമായ വായനാരീതി ഈ വഴി സ്വീകരിച്ചെന്നിരിക്കും. എന്നാൽ അത്തരത്തിലൊരു വായന യഥാർത്ഥത്തിൽ അയാളുടെ കവിതയിൽ കവിതയായി നിലനിൽക്കുന്നതിനെയൊക്കെയും സമ്പൂർണ്ണമായും നിഷേധിക്കുന്നതായിത്തീരും.
ലേഖനങ്ങളോ കഥകളോ പോലെയല്ല ഒരാളുടെ കവിതകൾ. അത് അയാൾ തന്നോടുതന്നെ നടത്തുന്ന ആത്മഭാഷണമായിരിക്കുമ്പോൾ തന്നെയും, അന്യരുമായി അയാൾ സംസ്ഥാപിക്കുന്ന ഭാവാത്മകബന്ധത്തിൻ്റെ സ്വരൂപമായിത്തീരുകയും തൻ്റെ കൂടി ആത്മനിഷ്ത വിലയിപ്പിച്ച തനിക്കു പുറത്തുള്ള ഒരു വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ പരോക്ഷ യാഥാർത്ഥ്യമാക്കിത്തീർക്കുന്ന ഒരു ക്രിയാത്മക വൃത്തിയായിത്തീരുകയും ചെയ്യുന്നു. ആ വിധം നിലനിൽക്കുന്ന മൂല്യബോധത്തിനെതിരെ പ്രകടിപ്പിക്കുന്ന ഒരു ഭാവോർജത്തിൻ്റെ പ്രേക്ഷണമായി എപ്പോഴും നല്ല കവിതകൾ പ്രവർത്തിക്കുന്നു.
സമകാലിക കവിതയുടെ എതിർദിശയിലാണ് ആനന്ദിന്റെ കവിതകളുടെ ദൃഢതരമായ നിൽപ്പ്.
ആനന്ദിൻ്റെ കവിതകളെക്കുറിച്ചാണ് പറയാൻ മുതിരുന്നത്. സമകാലീന കവിതയുടെ എതിർദിശയിലാണ് അദ്ദേഹത്തിൻ്റെ കവിതകളുടെ ദൃഢതരമായ നിൽപ്പ്. സമകാലീന കവിത പ്രാദേശീയതയുടെയും വാമൊഴി വഴക്കത്തിൻ്റെയും വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ആനന്ദിൻ്റെ കവിതയിൽ ഒരു ദേശീയഭാവമാണ് സ്പന്ദിക്കുന്നത്. അതൊട്ടും പ്രാദേശീയതയുടേതോ നാട്ടുജീവിതത്തിൻ്റെതോ അല്ല. ഭാഷ വാമൊഴിയുമല്ല. "ഇത്തിരിവട്ടം മാത്രം കാൺമവർ" എന്ന് സമകാലീന കവിതയെ സാമാന്യമായി മുദ്രണം ചെയ്യാൻ കഴിയുമെങ്കിൽ, ആനന്ദിൻ്റെ കാവ്യനിൽപ് അതിൻ്റെ വിപരീത ധ്രുവത്തിലാണ്. അത് പ്രത്യയശാസ്ത്രഭരിതമാണ്, ആഴത്തിലുള്ള മനുഷ്യാനുഭവങ്ങളുടെയും അധികാരോൻമുഖമായി നിൽക്കുന്ന നഗരജീവിതത്തിൽ നിന്ന് നിഷ്കാസിതരായിത്തീരുന്ന മനുഷ്യരുടെയും ഭാവലോകമാണത്. തെളിഞ്ഞതും ധൈഷണികവശ്യതയുമുള്ള ഒരു ദൃഢഭാഷയിലാണ് അത് സംഭവിക്കുന്നത്. പ്രാദേശീയതയുടെ അടരുകളൊന്നുമില്ലാതെ കേവലരായ ഇന്ത്യൻ മനുഷ്യരെ നാം അവിടെ കണ്ടുമുട്ടുന്നു.

ദൃഢവും ഋജുവായ ഭാഷയിലാണ് ആനന്ദിൻ്റെ കവിതകൾ. മലയാളത്തിൽ പുതുകവിതകൾ എന്ന വിധം സ്ഥാപനവൽക്കരിക്കപ്പെട്ട കവിതകളുടെ ഒരടയാളമായി ഭാഷയിലെ ഈ ഋജുത്വം പറയാറുണ്ട്.
"കണ്ണു പോലൊരു കണ്ണ്’’,
‘‘കവിളു പോലൊരു കവിൾ"
(എസ്. ജോസഫ്),
‘‘മഴ മഴയ്ക്കുന്നു
പുഴ പുഴയ്ക്കുന്നു
വെയിൽക്കുന്നു വെയിൽ’’
(സച്ചിദാനന്ദൻ പുഴങ്കര)
എന്നിങ്ങനെയുള്ള നേരായ ഭാഷ പുതുകവികൾ പൊതുവെ ഉപയോഗിച്ചുവരുന്നു.
ഇത് ഭാഷയിലെ ഒരു സാരള്യമാണെങ്കിൽ ആനന്ദിൻ്റെ ഋജുത്വം ഇത്രമേൽ സരളമല്ല. അത് ചിന്തയുടെ ഒരു ഭാഷയാണ് സ്വീകരിച്ചിരിക്കുന്നത്, കല്പനകളുടെ ഭാഷയല്ല. എന്താണോ കവി ഉദ്ദേശിക്കുന്നത് അതിലേയ്ക്കു തന്നെ വായനക്കാരെ എത്തിക്കുന്ന ഭാഷയുടെ അനേകാർത്ഥങ്ങളുടെ അതിപ്പെരുപ്പത്തെ തടയുന്ന ഒരു ഭാഷയിലാണ് ആ കവിതകൾ ഉരുവം കൊള്ളുന്നത്.
‘‘കണ്ണിൽ ചിരിതൂകും കാപട്യം’’ (അഴുക്ക് ) എന്ന വരി "പുഞ്ചിരി ഹാ! കുലീനമാം കള്ളം" എന്ന വൈലോപ്പിള്ളിയുടെ വരികളെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ചിരിയിൽ വൈലോപ്പിള്ളി ചേർത്തുവെച്ച പൂവിനെ ആനന്ദ് ഇറുത്തുകളയുന്നു. എന്നിട്ട് അതിനെ കല്പനകളിൽ നിന്ന് മോചിപ്പിക്കുന്നു. ഭാഷയുടെ ഈ ഋജുത്വം നമുക്ക് ധാരാളം വരികളിൽ കാണാം.
"പൊട്ടാൻ പോകുന്ന കുമിള പോലെ നിറഞ്ഞിരുന്നു പരിചയമില്ലാത്തതെങ്കിലും ആ മുഖം",
"ആരെയാണ് അന്വേഷിപ്പു തീ കാറ്റ്",
‘‘ഒരു നാളീകാറ്റു നിലയ്ക്കും ദിനം",
"എൻ കൈയിലില്ലാ വിരലുകൾ
എൻകൈയിലില്ലേ വിരലുകൾ", "അസ്വസ്ഥമാക്കലാണറിവ്
അസ്വസ്ഥമാകലാണറിവ് ",
"ഇടവേളകൾകൊണ്ട് വേളകളെ…"
ഇങ്ങനെ ഒട്ടും പൊട്ടിപ്പൊലിയാത്ത, അനേകാർത്ഥങ്ങളായി പൊട്ടിച്ചിതറാത്ത ഭാഷയാണ് ആനന്ദിൻ്റേത്. സാധാരണ കാവ്യഭാഷയുടെ സഹജമായ പ്രത്യേകത തന്നെയും അനേകാർത്ഥങ്ങളായി തിരതള്ളലാണ്. വാരിധിതന്നിൽ തിരമാലകളെപ്പോലെയാവും കാവ്യഭാഷയുടെ ജീവിതം. എന്നാൽ അർത്ഥങ്ങളുടെ തിരമാലകളെ അടക്കിയ ഒരു ഭാഷ. പൊരുളുകളുടെ പെരുക്കങ്ങളെ മാറ്റി നിർത്തുന്നൊരു ഭാഷയിലാണ് അത് സംസ്ഥിതമാകുന്നത്.

പൂത്തിരി കത്തുന്നൊരു ഭാഷയിലല്ല ഉരുക്കു കമ്പികളിൽ വാർത്ത മനോഹരശില്പങ്ങൾ പോലെയാണത്. ആ അർത്ഥത്തിൽ സമകാലീന കവിതയുടെ ഭാഷാഋജുത്വമായ സാരള്യമല്ല, ശില്പഭദ്രമായ ഒരു ധൈഷണിക ഋജുത്വമാണ് ആനന്ദിൻ്റെ കവിതകൾക്കുള്ളത്.
ആനന്ദ് കവിതയിലൂടെ എതിരിടാൻ ശ്രമിക്കുന്നത് സമസ്താധികാരത്തിൻ്റെ ഒരു രാഷ്ട്രീയ ജീവിതത്തെയും പുനർനിർമ്മിക്കാൻ ഒരുമ്പെടുന്നത് നീതിപൂർവകമായി പുലരേണ്ട ഒരു മനുഷ്യ ജീവിതത്തെയുമാണ്. അമിതാധികാരത്തിൻ്റെ സമഗ്രവും സംഹാരാത്മകവുമായ നിലനിൽപ്പ് നാഗരികമായ സമൂഹത്തിൽ കാണാം. അധികാരം എന്നത് ആനന്ദിൻ്റെ കവിതകളിൽ ലംബമോ തിരശ്ചീനമോ ആയി നിലനിൽക്കുന്ന ഒന്നല്ല. മനുഷ്യർക്ക് ചുറ്റും ചൂഴ്ന്നുനിൽക്കുന്ന ഒരു വ്യവസ്ഥയാണത്. മനുഷ്യരെ പാടെ അന്യവൽക്കരിച്ചുനിർത്തുന്ന ഒന്ന്. അതിൽ മനുഷ്യരുടെ നിസ്സഹായത, നീതിരാഹിത്യം, നാഗരികത ഉണർത്തുന്ന പ്രശ്നങ്ങൾ, രാഷ്ട്രം എന്ന വിധം മനുഷ്യരെ എതിരിടുന്ന ഭരണകൂട മൂല്യങ്ങൾ, ദേശീയയുടെ കൈയേറ്റങ്ങൾ, മതരാഷ്ട്രീയ സ്ഥാപനങ്ങളുടെ അധാർമ്മികമായ ബലപ്രയോഗങ്ങൾ, വിമോചനാശയങ്ങളുടെ വിപരീതസാന്നിധ്യങ്ങൾ, ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള വ്യവസ്ഥാപിത സങ്കല്പനങ്ങൾക്കെതിരെയുള്ള ഭാഷയുടെ നിർമ്മാണാത്മകമായ ജൈവ സ്ഥിതിയെ വീണ്ടെടുക്കൽ എന്നിവയാണ് ആനന്ദ് കവിത കൊണ്ട് നിർവഹിക്കുന്നത്.
അധികാരം വ്യക്തിയുടെ ഉള്ളിൽ ഉണ്ടാകുന്നതല്ലെന്നും പരസ്പരമുള്ള മനുഷ്യബന്ധങ്ങളിലൂടെ ആവിർഭവിക്കുന്നതും നിത്യമായ ആവർത്തനങ്ങളിലൂടെ ദൃഢീകൃതമാകുന്നതാണെന്നും ആനന്ദ് അനുഭവിക്കുന്നുണ്ട്.
അധികാരം എല്ലായിപ്പോഴും എല്ലായിടത്തുമുണ്ട് എന്ന് ഫുക്കോ പറയുന്നുണ്ട്. മനുഷ്യർ പിറന്നുവീഴുമ്പോൾ ജൈവികമായി ലഭിക്കുന്നതല്ല അധികാരം. സാമൂഹിക ബന്ധത്തിൻ്റെ ആകെത്തുകയാണത്. അധികാരം വ്യക്തിയുടെ ഉള്ളിൽ ഉണ്ടാകുന്നതല്ലെന്നും പരസ്പരമുള്ള മനുഷ്യബന്ധങ്ങളിലൂടെ ആവിർഭവിക്കുന്നതും നിത്യമായ ആവർത്തനങ്ങളിലൂടെ ദൃഢീകൃതമാകുന്നതാണെന്നും ആനന്ദ് അനുഭവിക്കുന്നുണ്ട്. അധികാരം എന്നത് ഭരണകൂട അധികാരം മാത്രമല്ല, പ്രത്യയശാസ്ത്രപരം കൂടിയാണ്. എസ്.എ (state apparatus) ഐ.എസ്. എ (Idiolagical State apparatus) എന്നിങ്ങനെ അൽത്തൂസർ അത് അടയാളപ്പെടുത്തുന്നുണ്ട്. അധികാരത്തിൻ്റെ സർവതലസ്പർശിയായ സാന്നിധ്യത്തോടാണ് സാധാരണ മനുഷ്യർ (comon man) പെരുതിക്കൊണ്ടിരിക്കുന്നത്. അവരുടെ ഏകാന്തത, ഒറ്റപ്പെടൽ, നിസ്സഹായത എല്ലാം അവർ അനുഭവിക്കുന്നതാകട്ടെ അധികാരവ്യൂഹത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യം കൊണ്ടുതന്നെയാണ്. അവിടെ മനുഷ്യർ മറ്റു മനുഷ്യരുടെ സാന്നിധ്യം ആഗ്രഹിക്കുന്നു. ആ പാരസ്പര്യം കൊണ്ട് തങ്ങളുടെ ആത്മസംഘർഷങ്ങളെയും തനിച്ചാകലിനെയും മറികടക്കാൻ കഴിയുമോ എന്നാണ് അവർ നോക്കുന്നത്.

സംവാദം, ആരെങ്കിലും ഒരു പാട്ടുപാടൂ എന്നീ കവിതകളിൽ പ്രത്യക്ഷത്തിൽ തന്നെ ഇത്തരം സന്ദർഭങ്ങൾ കടന്നുവരുന്നുണ്ട്.
എന്റെ മുഖത്തുനിന്ന്
അയാൾ കണ്ണെടുത്തതേയില്ല
ഇടയ്ക്കിടെ വഴിയിൽ
എഴുന്നുനിൽക്കുന്ന പാറകൾ
നോക്കുവാനല്ലാതെ
...................................................
..................…................................
പിന്നെ എന്നെ കടന്നുപോയപ്പോഴും
തിരിഞ്ഞ് എന്നെ തന്നെ നോക്കി
അല്പദൂരം ചെന്നതിനുശേഷം
തിരിഞ്ഞുനിന്ന്
ഒരു കൈ വായുവിലുയർത്തി
എന്നെ വിളിക്കാനെന്നപോലെ
....................................................
ഒന്നും പറയാതെ
തിരിഞ്ഞുനോക്കാതെ
നടന്നുപോയി
അയാളുടെ കാലടികളുടെ ശബ്ദം
വഴിയിൽ ഒന്നൊന്നായി മരിച്ചുവീഴുന്നത്
ഞാൻ കേട്ടു.
(സംവാദം).
"ഇന്ന് ആരെങ്കിലും ഒരു പാട്ടു പാടൂ
എന്റെ മനസ്സ് വരണ്ടിരിക്കുന്നു.
ഏകനാണിന്നു ഞാൻ
എന്റെ ശബ്ദം മാത്രമേ
ഞാനും കേൾക്കുന്നുള്ളൂ
ആരെങ്കിലും എനിക്ക് വേണ്ടി-
യിന്നൊരു പാട്ടു പാടൂ’’
(ആരെങ്കിലും ഇന്നൊരു പാട്ടു പാടൂ)
സമഗ്രാധികാരത്തിൻ്റെ സാന്നിധ്യമാണ് വ്യക്തികളെ ഈവിധം നിസ്സഹായരാക്കുന്നത്. അതുകൊണ്ടുതന്നെ ആനന്ദിൻ്റെ കവിതയിലെ വ്യക്തി ആത്മാനുരാഗിയായി സാമൂഹികമായ കവാടങ്ങൾ കൊട്ടിയടച്ച് ആത്മരതിയിലോ ധ്യാനത്തിലോ ഇരിക്കുന്ന ആളല്ല. അപരരുടെ സാന്നിധ്യം കൊണ്ട് സർഗാത്മകമായ ജീവിതം കൊതിക്കുന്ന മനുഷ്യരാണ്. തനിക്കു പുറത്തു നിൽക്കുന്ന വസ്തുനിഷ്ഠലോകം തൻ്റെ കൂടി ആത്മനിഷ്ഠത ചേർത്ത് പുനർനിർമ്മിക്കുന്ന മനുഷ്യരാണവർ.
ആനന്ദിൻ്റെ ആൾക്കൂട്ടം എന്ന നോവലിൽ ജോസഫ് രാധയെ കാണാൻ വരുന്ന ഒരു രംഗമുണ്ട്:
"ഞാൻ എന്തിനാണ് എപ്പോഴും നിങ്ങളുടെ അരികിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്നത്?", ജോസഫ് പകുതി ആത്മഗതം എന്ന മട്ടിൽ പറഞ്ഞു;
‘‘വ്യസനം തോന്നുമ്പോഴും ഏകാന്തത തോന്നുമ്പോഴും ഞാൻ വേറെ എങ്ങും പോകുന്നില്ല അകന്നിരിക്കുമ്പോഴും ഞാൻ നിങ്ങളെ പറ്റി ആലോചിച്ചു പോകുന്നു ... രാധ എന്നെപ്പറ്റി ചിന്തിക്കാറുണ്ടോ?"
ഈ വിധം മറ്റൊരു മനുഷ്യൻ്റെ സാന്നിധ്യം കൊണ്ട് ഏകാന്തതയെ മറികടക്കുന്ന ആനന്ദിൻ്റെ കഥാപാത്രങ്ങളെ വിഷ്ണു എന്ന ചെറുനോവലിലും കാണാം. അതിൽ പലതരം വിഷ്ണുമാർ ഗ്രന്ഥകാരനെത്തേടി വരുന്നുണ്ട്, ഒട്ടും ക്ഷണിക്കപ്പെടാതെ. അവർ അവരുടെ സങ്കടങ്ങളും ഏകാന്തതകളും ജീവിതവീക്ഷണങ്ങളും ആതിഥേയനുമായി പങ്കിടാൻ ആഗ്രഹിച്ചെത്തുന്നവരാണ്. ഈ വിധം വ്യക്തിയെ ഒരു സാമൂഹിക സത്തയായി മനസ്സിലാക്കുകയാണ് ആനന്ദ്.
നഗരമാണ് ഇന്ത്യ എന്ന് ആനന്ദ് കരുതുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെങ്കിൽ ഇന്ത്യയുടെ പൈശാചികത്വം മുഴുവനും സാന്ദ്രമായിക്കിടക്കുന്നത് നഗരങ്ങളിലാണ്. ഈ നാഗരിക ജീവിതത്തോടുള്ള ഏറ്റുമുട്ടലിൽ നിന്നാണ് ആനന്ദിൻ്റെ കവിതകളുടെ ഭാഷ രൂപപ്പെടുന്നത്. കേരളീയരല്ലാത്ത നാഗരികരുടെ ഭാഷ ഇങ്ങനെ മാത്രമേ ഭവിക്കൂ. "ഞാൻ വസിക്കുന്ന നഗരം എൻ്റെ രാജ്യം" എന്ന വാക്യത്തിലൂടെ ആനന്ദ് അത് സാധ്യമാക്കുന്നു. ഇന്ത്യയെ നാഗരികത കൊണ്ട് മാത്രം അടയാളപ്പെടുത്തുന്നു.

‘‘വിദ്വേഷമടക്കിപ്പിടിപിടിച്ചതോ ശത്രുവെ -
ത്തേടി നടക്കും പ്രതികാരദാഹിയോ,
ഇരകളെ തേടുന്നൊരസുരാധിപൻ
തൻ കിങ്കരനോ’’
(കാറ്റുകൊണ്ട് പണിത നഗരം)
ആരാണ് ഈ നഗരം?
എന്താണ് ഈ ഇന്ത്യ? എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.
നീതിരഹിതമായിത്തീരുന്ന രാഷ്ട്രസങ്കല്പം ആനന്ദിൻ്റെ മിക്ക കവിതകളിലുമുണ്ട്. രാഷ്ട്രം എന്ന സങ്കല്പം തദ്ദേശീയമായി രൂപം കൊള്ളുന്ന നീതിബോധവുമായി ബന്ധപ്പെട്ടാണ് സംസ്ഥാപിക്കപ്പെടുന്നത്. എന്നാൽ രാഷ്ട്രം, ദേശീയത എന്നതൊക്കെയും മാനവികതയ്ക്ക് എതിരെ നിലകൊള്ളുന്ന അധികാരരൂപങ്ങളായാണ് പിന്നീട് പരിണമിക്കുന്നത്. എഡ്വേഡ് സെയ്ദിനെ പോലെ തന്നെ ദേശീയതയെ മാനവികതയ്ക്ക് വിരുദ്ധമായിക്കാണുന്നൊരു നോട്ടം ആനന്ദിൻ്റെ കവിതകളിലുണ്ട്. ദേശീയതയ്ക്കു പകരം മുന്നോട്ടുവയ്ക്കുന്നത് സാർവത്രിക മനുഷ്യവാദമാണ് (Humanism) എന്നു തോന്നും. മനുഷ്യന്റെ വേദനകൾക്ക് അതിർത്തികളില്ലെന്നും അടച്ചുപൂട്ടിയ ദേശീയ സ്വത്വം ഒരു മിഥ്യയാണെന്നും കവിതയുടെ ഭാവമായി പ്രവർത്തിക്കുന്നു.
‘‘ഒരിക്കലും അനങ്ങാത്ത
പാതിരാവിന്റെ ശൂന്യമായ പടക്കളത്തിൽ
എല്ലാറ്റിനോടും എന്നോടും തോറ്റ്
ഞാൻ വീണുകിടക്കുമ്പോൾ’’
(മയിൽ)
എന്ന് രാഷ്ട്രത്തിൻ്റെ നീതിസങ്കല്പങ്ങളിൽ നിസ്സഹായനായി തട്ടിവീഴുന്ന മനുഷ്യരെ നാം കാണുന്നു. ദേശീയതയുടെ നിരർത്ഥകതയാണ് മയിൽ എന്ന കവിത.
"ഈ പീലികളെയൊക്കെയഴിച്ചു കളഞ്ഞ് ഗർവോടുകൂടി ഘോഷിക്കുക
നിനക്കൊരു പീലിയില്ലെന്ന്
നീയൊരു മയിലല്ലെന്ന്
നീയൊരു മയിൽ ആണോ മയിലേ?"
എന്നു ചോദിക്കുന്നു.
"നീയൊരു മയിൽ ആണോ മയിലേ?" എന്ന ചോദ്യത്തിൻ്റെ ആവർത്തനത്തിലൂടെ മറ്റൊരു ഗാഢാർത്ഥത്തിൻ്റെ ധ്വനി കൂടി കവിതയിൽ സൃഷ്ടിക്കാൻ ആനന്ദിനു കഴിയുന്നുണ്ട്.
ഭാവനയെയും യാഥാർഥ്യത്തെയും വിരുദ്ധാംശത്തിൽ നിർത്തുന്ന ആധുനിക നോട്ടത്തിനെതിരെയാണ് ആനന്ദിൻ്റെ കവിതകളുടെ നിൽപ്പ്. ഭാവനയെ ആശയക്കുഴപ്പങ്ങളുടെ പ്രതിനിധാനം എന്നാണ് റെനെ ദെക്കാർത്ത് വിശേഷിപ്പിച്ചത്.
മതവും രാഷ്ട്രീയവും ചരിത്രത്തിൽ മനുഷ്യമോചനത്തിനെന്നോണം അവതരിച്ച സാമൂഹിക പ്രതിഭാസങ്ങളാണ്. എന്നാൽ ചരിത്രത്തിൽ രണ്ടും മനുഷ്യസ്നേഹത്തിൻ്റെ മഹാഗാഥയായാണ് ആരംഭിക്കുന്നതെങ്കിലും പിന്നീട് ഹിംസാത്മകമായ രാഷ്ട്രീയമായും സാമൂഹികവും സ്വകാര്യവുമായ അധികാര സ്വരൂപമായും നൈതിക വിരുദ്ധമായ ഒരു വിപുലശരീരവുമായാണ് പുനർജനിക്കുന്നത്.
‘‘കൊലവില്ലു കുലയ്ക്കുന്ന ദൈവം
വാളൂരിയ പ്രവാചകന്‍
തോക്കുചൂണ്ടുന്ന വിശ്വാസികൾ
അച്ഛന്റെയും അമ്മയുടെയും പേരിൽ
ഭരണാധികാരം അവകാശപ്പെടുന്ന നേതാക്കൾ’’
(മയിൽ)
എന്നിങ്ങനെ മതരാഷ്ട്രീയതയെ കവിത അടയാളപ്പെടുത്തുന്നു.
മനുഷ്യസമുദായത്തെ സമഗ്രമായി പ്രതിനിധീകരിക്കാൻ കഴിയുന്ന ഒരു തത്വദർശനവും ഇന്നേവരെ ആവിർഭവിച്ചിട്ടില്ല എന്ന സത്യത്തെ വിഷ്ണു എന്ന നോവലിൽ ആനന്ദ് ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്:
‘‘എൻലൈറ്റ്മെന്റിൽ, ഹ്യൂമനിസത്തിൽ, വ്യക്തിവാദത്തിൽ, യുക്തിവാദത്തിൽ, ശാസ്ത്രീയതയിൽ, മാക്സിസത്തിൽ, അസ്തിത്വവാദ ദർശനങ്ങളിൽ ഇങ്ങനെ മനുഷ്യധിഷണയെ ആധുനിക കാലത്ത് ആവേശിച്ച എല്ലാ ചിന്താഗതികളിലും അയാൾ അടിസ്ഥാനപരമായി പോരായ്മകൾ കണ്ടുപിടിച്ചു’’.

എല്ലാ വിമോചനാശയങ്ങളും ക്ഷീണിച്ചു പോയതാണ് മാനവരാശിയുടെ ഇന്നേവരെയുള്ള ചരിത്രം.
ക്ഷീണിതർ എന്ന കവിത നോക്കൂ:
‘‘അനേകം വർഷങ്ങളിലെ
നീണ്ട യാത്രയ്ക്കുശേഷം
ഒരു ദിവസം ഗൗതമബുദ്ധൻ
തന്റെ പഴയ ബോധോദയത്തിന്റെ ആൽത്തറയിലെത്തി.
ഉദിക്കുകയും അസ്തമിക്കുകയും
ചെയ്യുന്ന സൂര്യൻ
ഒരു പൊടിക്കാറ്റിൽ കുടുങ്ങിനിന്നു.
ആൽമരത്തിന്റെ ഉണങ്ങിവീണ ഇലകൾ
കാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും പറന്ന്
ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി,
ജനശൂന്യമായിരുന്നു എല്ലായിടവും.
താഴെ വീണു കിടന്നിരുന്ന
കുരിശിനെ നോക്കി
യേശു ഇരിക്കുന്നുണ്ടായിരുന്നു
തനിച്ച്, അരികിൽ
എണ്ണമറ്റപേരെ തറച്ച കുരിശിന്റെ
ദണ്ഡുകളെല്ലാം തുളകളും വിള്ളലുകളും
വീണ് വീണ് ജീർണ്ണിച്ചിരുന്നു.
തിരിച്ചുപോക്കിലേയ്ക്കോ
പാലായനത്തിലേയ്ക്കോ
പടക്കളത്തിലേയ്ക്കോ
മുമ്പിലെവഴി എന്നറിയാതെ
തന്റെയും
ഒട്ടകത്തിൻ്റെയും കുതിരയുടെയും
കാലുകളെ നോക്കി,
മുഹമ്മദും നിൽക്കുന്നുണ്ടായിരുന്നു അരികെ.
ആർക്കോവേണ്ടി ഒരുപാട്
ചോരചിന്തിയ മൃഗങ്ങൾ
മുന്നോട്ടോടുമ്പോഴും
പിൻവാങ്ങുമ്പോഴും
വ്യത്യാസമില്ലാതെ’’.
.....................................
‘‘എപ്പോഴോ വിളക്കിച്ചേർക്കപ്പെട്ട
അരിവാളും ചുറ്റികയും
വീണ്ടും തമ്മിൽ വേർപെട്ട്
താഴേക്കിടക്കുന്നത്
കണ്ടിട്ടും കാണാതെ
കൈയിൽനിന്ന് വീണുപോയ
പേനയെപറ്റി ബോധമില്ലാതെ
വെറുതെ താടി തടവിക്കൊണ്ട്
ആൽത്തറയിൽമേൽ പുറംചാരി
മണ്ണിലിരുന്നു, ദൂരെയല്ലാതെ മാർക്സ്’’
..................................................
‘‘അവർക്കാർക്കും മനസ്താപമില്ലായിരുന്നു.
ദുഃഖമോ വേദനയോ ക്രോധമോ ഏകാന്തതയോ
അവർ ക്ഷീണിച്ചിരുന്നു, അത്രമാത്രം’’.
വിമോചനത്തിനു വേണ്ടിയുള്ള മനുഷ്യരാശിയുടെ ദാഹങ്ങൾ തുടരും. തത്ത്വശാസ്ത്രങ്ങൾക്കു വേണ്ടി മനുഷ്യർ ജീവൻ സമർപ്പിക്കും. എന്നാൽ വീണ്ടും അത് ചരിത്രത്തിലില്ലാത്ത വിധമുള്ള ഹിംസയുടെയും കൊലയുടെയും പ്രയോഗങ്ങളായി മാറും. ഇതൊരു ചാക്രിക അനുസ്യൂതിയാണ്. ഈയൊരു വിഭാവനമാണ് അകത്തുനിന്ന് അകത്തേയ്ക്ക് നൂറ്റാണ്ടിൻ്റെ ഒഡീസി എന്ന കവിത. അസ്വതന്ത്രരാക്കപ്പെട്ട ഓരോ ജനതയും സ്വാതന്ത്രത്തിൻ്റെ ചില ദ്വാരങ്ങൾ സൃഷ്ടിക്കുന്നു. ആ ജാലകപ്പിറവികൾ ഓരോ മനുഷ്യരും ആഘോഷിക്കുന്നു. സംവാദങ്ങളും പൊട്ടിച്ചിരികളും പ്രേമങ്ങളും ആ സ്വാതന്ത്രമോഹത്തെ ഉത്സവമാക്കുന്നു. പിന്നീട് അവർ കൈകോർത്ത് ആ മതിലുകൾ തകർക്കുന്നു. ആളുകൾ ആഹ്ലാദത്തിരകളിലേറുന്നു. ആർത്തിരമ്പി ഇറങ്ങി നടക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമെല്ലായിടത്തേയ്ക്കും സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, ജന്തുജാലങ്ങൾ വരെ ദേശങ്ങളെയും വിശ്വാസങ്ങളെയും എല്ലാ അതിരുകളെയും ലംഘിച്ച് സ്വാതന്ത്ര്യത്തെ ആഘോഷമാക്കുന്നു. പരസ്പരം സ്പർശിക്കുന്നു, അറിവുകളും കഥകളും കൈമാറുന്നു, അങ്ങനെ ലോകം ഒന്നായിത്തീർന്നതായി അവർ കരുതുന്നു.
സാഹിത്യത്തെ പ്രതിഫലനമായും ഭാഷയെ പ്രതിനിധാനമായും കാണുന്നതാണ് പാശ്ചാത്യ സൗന്ദര്യദർശനം. ഈ പ്രഥമ ദ്വിതീയ ദ്വന്ദ്വാത്മകതയെ ആനന്ദിൻ്റെ കവിതകൾ മറികടക്കുന്നു.
എന്നാൽ ക്രമേണ അകത്തുനിന്ന് പുറത്തേയ്ക്കുള്ള യാത്ര ദാരുണമായ ഒരു തിരിവിലെത്തുന്നു. പിന്നീട് സംഭവിക്കുന്നത്, മനുഷ്യർ വീടുകളെ തന്നെ പൊളിക്കുന്നു, ആതുരാലയങ്ങളെ, മേൽക്കൂരകളെ, ബോംബുകളും വിമാനങ്ങളും കൊണ്ട് ഭംഗ്നമാക്കുന്നു. മനുഷ്യർ ഭവനരഹിതരാവുന്നു, കുടുംബരഹിതരാകുന്നു. ബന്ധമറ്റവർ, കാലത്തിൻ്റെ കൈയൊപ്പുകൾ ഒന്നൊന്നായി വീഴുന്നു. ഇരുണ്ട പോർക്കളത്തിലെ അന്ധരായ സൈനികരെപ്പോലെ അവർ പരസ്പരം വെട്ടിവീഴ്ത്തുന്നു. വീണവരെ ചവിട്ടിമെതിച്ച് മറ്റുള്ളവർ കടന്നുപോകുന്നു. ആഹ്ലാദമില്ലാതെ, ആഗ്രഹമില്ലാതെ, സ്നേഹമില്ലാതെ, ആശ്വാസമില്ലാതെ വൃത്തത്തിൽ വൃത്തത്തിൽ മാനവരാശി സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.
ഭാവനയെയും യാഥാർഥ്യത്തെയും വിരുദ്ധാംശത്തിൽ നിർത്തുന്ന ആധുനിക നോട്ടത്തിനെതിരെയാണ് ആനന്ദിൻ്റെ കവിതകളുടെ നിൽപ്പ്. ഭാവനയെ ആശയക്കുഴപ്പങ്ങളുടെ പ്രതിനിധാനം എന്നാണ് റെനെ ദെക്കാർത്ത് വിശേഷിപ്പിച്ചത്. പ്ലാറ്റോ കവികളെ തൻ്റെ റിപ്പബ്ലിക്കുകളിൽ നിന്ന് പുറത്താക്കുന്നതും ഇതേ യുക്തി കൊണ്ടുതന്നെയാണ്.
സാഹിത്യത്തെ പ്രതിഫലനമായും ഭാഷയെ പ്രതിനിധാനമായും കാണുന്നതാണ് പാശ്ചാത്യ സൗന്ദര്യദർശനം. ഈ പ്രഥമ ദ്വിതീയ ദ്വന്ദ്വാത്മകതയെ ആനന്ദിൻ്റെ കവിതകൾ മറികടക്കുന്നു. ഭാവനയെ യാഥാർത്ഥ്യത്തിൻ്റെ പ്രതിഫലനമായല്ല, കേവല ഭാവനയല്ലത് പരോക്ഷ യാഥാർത്ഥ്യമാണ്. ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള പാരസ്പര്യവും വൈരുദ്ധ്യാത്മകമായ അതിൻ്റെ ബന്ധവും ആനന്ദിൻ്റെ കവിതകൾ തിരിച്ചറിയുന്നുണ്ട്.
വൈലോപ്പിള്ളിയുടെ ഊഞ്ഞാലിൽ എന്ന കവിത ഭാവനയെ ദ്വിതീയമാക്കുന്ന ആധുനിക സങ്കല്പത്തെ നിരാകരിക്കുന്നതാണ്. മച്ചാട്ടിളയതിൻ്റെ കല്യാണി കളവാണി എന്ന കൈകൊട്ടിക്കളിപ്പാട്ട് കേൾക്കുമ്പോഴേയ്ക്കും ഒരു ഭൗതിക യാഥാർത്ഥ്യം സംഗതമാകുന്നതാണ് വൈലോപ്പിള്ളി ചിത്രീകരിക്കുന്നത്:
"മെല്ലവേ നീളും പാട്ടി -
ന്നീരടികള്‍തന്നൂഞ്ഞാല്‍ -
വള്ളിയിലങ്ങോട്ടിങ്ങോ -
ട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവ -
ളല്ല നീയെന്‍ കണ്ണിന്നു
'കണ്വമാമുനിയുടെ
കന്യ'യാമാരോമലാള്‍,
പൂനിലാവണിമുറ്റ -
മല്ലിതു, ഹിമാചല -
സാനുവിന്‍ മനോഹര-
മാലിനീനദീതീരം,
വ്യോമമല്ലിതു സോമ -
താരകാകീര്‍ണ്ണം, നിന്റെ -
യോമനവനജ്യോത്സന
പൂത്തുനില്‍ക്കുവതല്ലോ.
നിഴലല്ലിതു നീളെ -
പ്പുള്ളിയായ് മാഞ്ചോട്ടില്‍, നി -
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍
വിശ്രമിക്കുകയത്രേ".
ഇങ്ങനെ പാട്ടിൻ്റെ ഭാവലോകം ഒരു ഭൗതികാസ്പദമാകുമ്പോൾ ഭാവന എന്നത് ആശയക്കുഴപ്പമുള്ള പ്രതിനിധാനം എന്ന ആധുനികതാനോട്ടത്തെ തിരുത്തുകയാണ് വൈലോപ്പിള്ളി. ഈ ഏകീഭാവത്തിൻ്റെ ദർശനത്തെ നമുക്ക് ആനന്ദിൻ്റെ കവിതകളിൽ ഭാവസ്ഫൂർത്തിയോടെ കാണാൻ കഴിയും.

അദ്ദേഹത്തിൻ്റെ ചരമക്കുറിപ്പ് എന്ന കവിത ഇത്തരമൊരു കാഴ്ചപ്പാടുമായാണ് സംവദിക്കുന്നത്.
"ഒരിക്കൽ അയാളുടെ ശിഷ്യൻ വൃദ്ധനോട് ചോദിച്ചു,
ഇല്ലെന്ന് അറിയുന്ന ഒന്ന് ഉണ്ടാകുവാൻ പോകുന്നുവെന്ന് സങ്കൽപ്പിച്ചല്ലേ
നമ്മൾ ഒരു പ്ലാൻ വരയ്ക്കുന്നത്?
പണിയാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത
ഒരു കെട്ടിടത്തിന്റെ
ചിത്രം വരക്കുകയായിരുന്ന വൃദ്ധൻ
കൂർപ്പിച്ച് പെൻസിലിൻ്റെ മുനയെയും
അതിന്മേൽ കൂർപ്പിച്ചിരുന്ന കണ്ണുകളെയും കടലാസിൽ നിന്ന് പിൻവലിച്ചു.
അല്ല, ഞാൻ പറഞ്ഞു
നിർമ്മിക്കണമെന്ന് നാം കരുതുന്നത്
ഇപ്പോഴേ മണ്ണിൽ നിൽക്കുന്നുണ്ടെന്ന് സങ്കൽപ്പിക്കണം.
അല്ലെങ്കിൽ നിനക്ക് വരയ്ക്കുവാൻ കഴിയില്ല. അത്ഭുതത്തോടെ നോക്കിനിന്ന
ശിഷ്യൻ്റെ തോളിൽ കൈവെച്ച്
വൃദ്ധൻ പൂർത്തിയാക്കി
.................................................................
.................................................................
യാഥാർത്ഥ്യത്തിന് വർണ്ണവും
ചിറകുകളുമുണ്ടാവുന്നതിന്
നിസ്സഹായനായിനിന്ന്
അയാൾ സാക്ഷ്യം വഹിച്ചു
കൗതുകമില്ലാത്ത വർണങ്ങളും
വർണ്ണങ്ങളില്ലാത്ത ചിറകുകളും.
ജീവിതത്തിൽ അധികവും
അയാൾ സങ്കല്പത്തിൽ ജീവിച്ചു.
യാഥാർത്ഥ്യത്താൽ തോൽപ്പിക്കപ്പെട്ട് മരിച്ചു’’.
ജീവിതത്തിൽ യാഥാർഥ്യമേത് സങ്കല്പമേത് എന്ന് വേർതിരിക്കാൻ കഴിയാത്തതാകുന്നു. തത്വചിന്താപരമായ ജീവിതാന്വേഷണത്തിനോട് നിരന്തരസമ്പർക്കത്തിലൂടെ കവിത യാഥാർത്ഥ്യത്തെ സംബന്ധിച്ചുള്ള ഏകപക്ഷീയതയെ നിരാകരിക്കുകയാണ്.
ഈ മട്ടിൽ ആനന്ദിൻ്റെ കവിതകൾ ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ നിലയുറപ്പിച്ച് മനുഷ്യാനുഭവങ്ങളെ അതിൻ്റെ യഥാർത്ഥ സ്ഥിതിയിൽ പുനർനിർമ്മിക്കാനായാണ് പ്രയത്നിക്കുന്നത്. പ്രതിനിധാന വീക്ഷണങ്ങളെയും പ്രതിഫലനാത്മക സമീപനങ്ങളെയും അകറ്റി നിർത്തി ജീവിതത്തിൻ്റെയും ചിന്തയുടെയും ഭവലോകമായി കവിത നിലയുറപ്പിക്കുന്നു.
▮
(2026 ജനുവരി 10, 11 തിയ്യതികളിൽ തൃശൂർ ഇരിങ്ങാലക്കുടയിൽ നടന്ന ‘ആനന്ദിൻ്റെ രചനാലോകം’ എന്ന സെമിനാറിൽ ആനന്ദിൻ്റെ കവിതകൾ എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധത്തെ മുൻനിർത്തി തയ്യാറാക്കിയത്).
