ആനന്ദ് കവിതകൊണ്ട് കൃപകളുടെ വസ്ത്രങ്ങൾ നെയ്യുന്നില്ല. കാരുണ്യത്തിന്റെ ജപമാലകൾ ഉയർത്തിപ്പിടിച്ച് പ്രാർഥനകൾ ഉരുവിടുന്നില്ല. നിശബ്ദതയുടെ കടലാസിൽ ചിത്രംവരച്ച് രസിക്കുന്നില്ല. ഉറക്കെ വിളിച്ചുപറയുന്നവന്റെ കരുത്തിലാണ് ആനന്ദിന്റെ കവിതകൾ ഉയർന്നുനിൽക്കുന്നത്. ഒന്നിനെയും ഭയപ്പെടാതെ പ്രതിഷേധത്തിന്റെ ഗോപുരങ്ങൾ നിർമിക്കുകയാണ് ആനന്ദ്. നിർമലഹൃദയർക്കുവേണ്ടി രചിക്കുന്ന പാഠപുസ്തകങ്ങളല്ല ആനന്ദിന് കവിതകൾ. നിഷ്‌കളങ്കതയല്ല; നിരന്തരമായ പോരാട്ടമാണ് കവിത ലക്ഷ്യം വെയ്ക്കുന്നത്. കഥയിലും നോവലിലും വിട്ടുകളഞ്ഞ പല ഭാഗങ്ങളും കവിതയിൽ പൂരിപ്പിക്കുന്നുണ്ട്. ആനന്ദിന് കവിത വേറിട്ടവഴിയും വേറിട്ടസ്വരവുമാണ്. ഓരോവരിയിലും അദ്ദേഹം ലക്ഷണംകെട്ട മനുഷ്യാവസ്ഥയുടെ വിചിത്രചിത്രങ്ങൾ വരച്ചുചേർക്കുന്നു. ചരിത്രത്തെ കൊള്ളയടിച്ചവരെയും ചരിത്രത്തിൽനിന്നും ഒന്നുംപഠിക്കാതെ പോയവരെയും തുല്യനിലയിൽ അദ്ദേഹം വിമർശിക്കുന്നു.
ചരിത്രം ആനന്ദിന് പ്രാണവായു പോലെയാണ്. ചരിത്രാന്വേഷണമാണ് അദ്ദേഹത്തിന്റെ രചനകൾ. പ്രാചീനവും പുതുകാലവുമെല്ലാം രചനകളിൽ കേന്ദ്രപ്രമേയമാകുന്നു. രാജാക്കന്മാരെയും പ്രഭുക്കളെയും മാടമ്പികളെയും ജനാധിപത്യവാദികളെയുമെല്ലാം ആനന്ദ് അന്വേഷണവിധേയമാക്കുന്നു. മതവും അധികാരവും പകുത്തെടുക്കുന്ന ജീവിതം അദ്ദേഹം കേന്ദ്രപ്രമേയത്തിലെത്തിച്ചു. അതുകൊണ്ടുതന്നെ ആനന്ദിന്റെ വാക്കുകളെ മതതീവ്രവാദികൾ എന്നും ഭയക്കുന്നു. ഭയമില്ലാതെ എഴുതാനുള്ള കാലമാണ് ആനന്ദ് സ്വപ്നം കാണുന്നത്. ദാബോൽക്കർ, കൽബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരെല്ലാം മതതീവ്രവാദികളുടെ ഭീകരതയ്ക്കു മുൻപിൽ മരിച്ചുവീണവരാണ്. കൊല്ലപ്പെടുന്നതിനുമുൻപ് കൽബുർഗി പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു: ''നിങ്ങൾ വാക്കുകളെ ഭയക്കുന്നു. വാക്കുകളെ ഭയക്കുന്നവർ മനുഷ്യരക്തത്തിൽ അഭിരമിക്കുന്നു. എന്നെ നിശബ്ദനാക്കാൻ നിങ്ങൾക്കായേക്കും. പക്ഷേ സത്യത്തെ നിശബ്ദമാക്കാനാവില്ല. എന്നെന്നേക്കുമായി അണയ്ക്കാനാവാത്തവയാണ് സത്യവും അഗ്നിയും. ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് അവ ജ്വലിച്ചുകൊണ്ടിരിക്കും. ഒരു ചെറിയ സ്ഫുലിംഗം മതി വലിയ അഗ്നികുണ്ഡമാകാൻ'' (എംഎ കൽബുർഗി, ബസവേശ്വരയുടെ വിപ്ലവം). ചുറ്റും വളർന്നുവരുന്ന ഭരണകൂട മതഭീകരതയെ ഭയപ്പെടാതെയാണ് ആനന്ദ് എഴുത്തിലൂടെ സജീവമാകുന്നത്.
ചരിത്രം നിർമിച്ചവരെല്ലാം ചരിത്രത്തിൽനിന്നും പുറത്താകുന്നു; അല്ലെങ്കിൽ പുറത്താക്കപ്പെടുന്നു. അവർ മനുഷ്യരാശിക്കു നൽകിയ ആശയവും സ്വജീവിതവുമെല്ലാം സ്ഫടികപാത്രത്തിലെ മീൻപോലെ സുരക്ഷിതമായി. പക്ഷേ അവയ്ക്ക് യഥാർഥ ജീവിതത്തിലേക്ക് പ്രവേശിക്കാനോ ഇടപെടാനോ കഴിഞ്ഞില്ല. ലഹരിപിടിച്ച അനുയായികൾ അവരുടെ ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും എതിരായി പ്രവർത്തിച്ചു. ചരിത്രപുരുഷൻമാരുടെ ആശയങ്ങൾ അധികാരത്തിലേക്കുള്ള എളുപ്പവഴിക്കായി അവർ ഉപയോഗപ്പെടുത്തി. ക്രിസ്തുവും ബുദ്ധനും നബിയും മാർക്‌സുമെല്ലാം അനുയായികളാൽ വേട്ടയാടപ്പെട്ടു. ക്രിസ്തുവിനെ അവർ വീണ്ടും കുരിശിലേറ്റി. ബുദ്ധന്റെ അഹിംസ ഹിംസയുടെ മുൾമുടിയായി രൂപപ്പെട്ടു. നബിയുടെ പേരിൽ കൊടുംകൊലകൾ എങ്ങും വ്യാപകമായി. മാർക്‌സിന്റെ രാഷ്ട്രീയം ലോകത്തെങ്ങും ഛിന്നഭിന്നമായി. സ്വാർഥതയ്ക്കും അധികാരത്തിനും വേണ്ടി ഇവരെല്ലാം തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്നു. ദൈവത്തിന്റെ ഗുണ്ടകളായി സ്വയം പ്രഖ്യാപിക്കുന്നവർ തെരുവുകളിൽ അഭിപ്രായധ്വംസനങ്ങൾക്കും കൂട്ടകുരുതികൾക്കും നേതൃത്വം നൽകുന്നു. നൈതികമായ ആശയസംവാദങ്ങൾക്കു പകരം ആയുധങ്ങൾ മറുപടി പറയുന്ന വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്. ഹിന്ദുവെന്നോ മുസ്ലീമെന്നോ ബുദ്ധനെന്നോ ഇവിടെ വേർതിരിവില്ല. മതപരമായ ഗുണ്ടാപ്രവർത്തനത്തിൽ ഇവർ ഒന്നാണ്. ദൈവങ്ങൾക്ക് ഹിംസയുടെ മുഖംനൽകുന്ന വിധത്തിലാണ് മതഭ്രാന്തന്മാർ സമൂഹത്തിൽ ഇടപെടുന്നത്. എതിരഭിപ്രായങ്ങളെ പച്ചയ്ക്കു തീകൊളുത്താനും തല്ലിയൊടിക്കാനും ഞാൻ മുൻപെ ഞാൻ മുൻപെ, എന്നിങ്ങനെ മൽസരിക്കുന്നു. അധികാരം, അത് മതപരമായാലും രാഷ്ട്രീയപരമായാലും എതിരാളിയിലേക്കു നീളുന്ന വാൾമുനയാണ്. അതിന്റെ മുന്നിൽ പിടഞ്ഞുവീഴുന്ന നിസഹായരുടെ നിലവിളികൾക്ക് ചരിത്രത്തിൽ ഇടവേളകളില്ല. ചേതന തീർഥഹള്ളിയെ ബലാൽസംഗം ചെയ്യുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രഖ്യാപിച്ചതിനു പിന്നിലും ഹുംഛഗിപ്രസാദ് എന്ന ചെറുപ്പക്കാരനായ എഴുത്തുകാരന്റെ വലതുകൈ അരിഞ്ഞു വീഴ്ത്താൻ ശ്രമിച്ചതിന്റെ പിന്നിലും പെരുമാൾ മുരുകന് വിലക്ക് ഏർപ്പെടുത്തിയതിന്റെ പിന്നിലും മതങ്ങളുടെ പേരിലുള്ള സംഘടനകളാണുള്ളത്. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അധികാരം നിലനിർത്തുകയും ചെയ്യുന്ന ശക്തികൾക്കെതിരെ നിസഹായരായിത്തീരുന്നവരുടെ ചരിത്രഘട്ടത്തിലേക്കാണ് ആനന്ദിന്റെ 'ക്ഷീണിതൻ' എന്ന കവിതയുടെ വാതിൽ തുറക്കുന്നത്.

ബുദ്ധൻ, ക്രിസ്തു, മുഹമ്മദ് നബി, കാറൽ മാർക്‌സ് എന്നിങ്ങനെ നാലുപേരുടെ സാന്നിധ്യവും ചിന്തയുമാണ് ഈ കവിതയുടെ കാതൽ. ഇവർ കവിതയിൽ ദുഃഖിതരും ഒറ്റപ്പെട്ടവരുമാണ്. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ ജീവിച്ചവർ ഇപ്പോൾ ആരോരുമില്ലാത്തവരുടെ അവസ്ഥയിലാണ്. അമേരിക്കൻ ശാസ്ത്രജ്ഞനായ മൈൽ എച്ച്‌വർട്ട് എഴുതിയ 'ദ ഹൻഡ്രഡ്: റാങ്കിങ് ഓഫ് മോസ്റ്റ് ഇൻഫ്‌ളുവൻഷൻ പേർസൻസ് ഇൻ ഹിസ്റ്ററി' എന്ന കൃതിയിൽ ലോകചരിത്രത്തെ സ്വാധീനിച്ച ആദ്യ വ്യക്തിയായി കരുതുന്നത് നബിയെയാണ്. മൂന്നാം സ്ഥാനമാണ് ക്രിസ്തുവിന്. നാലാം സ്ഥാനത്താണ് ബുദ്ധൻ. ഇങ്ങനെ ചരിത്രത്തെ സ്വാധീനിച്ചവർക്ക് പിൽക്കാലത്ത് സംഭവിച്ച അപചയങ്ങളാണ് 'ക്ഷീണിതർ' മുന്നോട്ടു വയ്ക്കുന്നത്.
ആൽമരത്തിലെ ഉണങ്ങിയ ഇലകൾ
''അനേകം വർഷങ്ങളിലെ നീണ്ട യാത്രയ്ക്കുശേഷം ഒരു ദിവസം ഗൗതമബുദ്ധൻ തന്റെ പഴയ ബോധോദയത്തിന്റെ ആൽത്തറയിലെത്തി.''
'ക്ഷീണിതരു'ടെ തുടക്കം ഇങ്ങനെയാണ്. നീണ്ട വർഷങ്ങൾക്കുശേഷം ബുദ്ധൻ തന്റെ പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. പക്ഷേ ഇപ്പോൾ ബോധോദയം നൽകിയ ആൽത്തറ ശൂന്യമായിരിക്കുന്നു. ഉണങ്ങിയ ഇലകൾ പറന്നുനടക്കുന്ന ചെറിയ ശബ്ദങ്ങൾ മാത്രം. ജനശൂന്യമായ തന്റെ ആൽത്തറയെ നോക്കി ബുദ്ധൻ നെടുവീർപ്പിടുകയാണ്. ജ്ഞാനത്തിന്റെ ആകാശങ്ങളെല്ലാം കരിഞ്ഞുവീഴുന്നു. നന്മയുടെ സൂര്യൻ പൊടിക്കാറ്റിൽ കുടുങ്ങിക്കിടക്കുന്നു. ജീവിതത്തിന്റെ അർഥമന്വേഷിച്ച ബുദ്ധൻ പുതിയ കാലത്ത് നിരാശനാണ്. അർഥങ്ങളെ ചൊല്ലി കലഹിക്കുകയോ എരിച്ചുകളയുകയോ ചെയ്യുന്ന അനുയായികൾ ബുദ്ധന് വെല്ലുവിളിയായിത്തീരുന്നു. കലാപങ്ങൾക്കും വിനാശങ്ങൾക്കും ബുദ്ധ ഭിക്ഷുക്കൾ നേതൃത്വം കൊടുക്കുകയാണ്. നന്മയുടെ വൃക്ഷത്തണലിൽ ധ്യാനം കൂടിയവരൊക്കെ ചോരപടർന്ന ആയുധങ്ങളുമായി ശത്രുക്കളെ കാത്തിരിക്കുന്നു. ബുദ്ധസന്യാസിമാരുടെ വസ്ത്രങ്ങളെ പോലും ഭയപ്പെടുന്ന കാലമാണിത്. നിർമലമായ വാക്കുകൾക്കും നിഷ്‌കളങ്കമായ ധ്യാനങ്ങൾക്കും പകരം വെടിയുതിർക്കുന്ന വാക്കുകളും ചോരതെറിപ്പിക്കുന്ന പ്രഭാഷണങ്ങളുമായി അവർ തെരുവീഥികൾ സ്വന്തമാക്കുകയാണ്. ഗൗതമബുദ്ധൻ ഭയന്നുപിന്മാറുന്നു. ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സൂര്യൻ ബുദ്ധനുചുറ്റും ഒരു പൊടിക്കാറ്റിൽ കുടുങ്ങിനിന്നുവെന്നാണ് ആനന്ദ് എഴുതുന്നത്. ആൽമരത്തിലെ പച്ച മാഞ്ഞ് അവയൊക്കെ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു. ബുദ്ധൻ ലോകത്തിനുവേണ്ടി സംവദിച്ചതും നിർമിച്ചതുമൊക്കെ തകിടംമറിഞ്ഞിരിക്കുന്നു. ലോകത്തെ ഭയപ്പെടുത്തുന്ന നാമമായി ബുദ്ധൻ മാറുന്നു. പുതുകാലം നമ്മെ ഓർമപ്പെടുത്തുന്നത് അതാണ്. 2013 ജൂലൈ പുറത്തിറങ്ങിയ 'ടൈം' മാഗസിന്റെ ഹെഡ്‌ലൈൻ, ‘The Face of Budhist Terror’ എന്നായിരുന്നു. മ്യാൻമാറിലെ മുസ്ലീങ്ങളെ ബുദ്ധർ കൊന്നൊടുക്കുന്നതാണ് 'ടൈം' മാഗസിന്റെ വാർത്ത.

2012 ൽ നടന്ന കലാപത്തിൽ 140,000 റോഹിൻക്യാ മുസ്ലീങ്ങൾ അഭയാർഥികളായി. മനുഷ്യാവകാശപ്രവർത്തകർ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്, വംശീയമായ തുടച്ചുനീക്കൽ (ethic cleansing) എന്നാണ്. മ്യാൻമാർ ഒരു ഇസ്ലാമിക് രാജ്യമായി ഉയർന്നുവരാതിരിക്കാനുള്ള Preemptive response തങ്ങൾക്കുണ്ടെന്ന് ബുദ്ധിസ്റ്റുകൾ പ്രഖ്യാപിച്ചു. തങ്ങളുടെ കൈപ്പത്തികളിൽ ചോരപുരണ്ട അക്ഷരങ്ങളിൽ ‘Rohingya no’എന്നെഴുതിക്കൊണ്ട് അവർ തെരുവിൽ പ്രത്യക്ഷപ്പെട്ടു. റോഹിങ്ക്യാക്കാരുടെ എല്ലാ അവകാശങ്ങളും തുടർന്ന് റദ്ദു ചെയ്യപ്പെട്ടു. “When they (Muslims) do business, they do it for their own community. That is why they keep buying land and property everywhere. They use the power of money to get women, to attract women. Our enemy will become more powerful and dangerous,” ഇപ്രകാരമായിരുന്നു മുസ്ലീങ്ങൾക്കെതിരെയുള്ള ബുദ്ധമതക്കാരുടെ പ്രചരണം. ബോട്ട് മാർഗം മ്യാൻമാറിൽനിന്നും ബംഗ്ലാദേശിലെത്തിയവരെ അധികൃതർ തടഞ്ഞപ്പോൾ ജീവിക്കാൻവേണ്ടി നിലവിളിക്കുന്ന അഭയാർഥികളുടെ ചിത്രം ഇന്നും മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. മ്യാൻമാറിലെ കൂട്ടക്കൊലകളും പലായനവും സൃഷ്ടിച്ച കൊടുംവേദന ബുദ്ധനെ നിരാലംബനും നിസംഗനുമാക്കി മാറ്റിയെന്ന് ആനന്ദ് എഴുതുന്നു. ബോധോദയത്തിന്റെ ആൽത്തറ ശൂന്യമായിരിക്കുന്നുവെന്ന കവിവാക്യം നമ്മെ അസ്വസ്ഥപ്പെടുത്തുന്നു. സമാധാനത്തിനായി ജീവിച്ചവരുടെ പേരുകളിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ബുദ്ധൻ ഇന്ന് നേരിടുന്ന അരക്ഷിതാവസ്ഥയാണ് കവിതയുടെ ഒന്നാം ഭാഗത്ത് ആനന്ദ് സൂചിപ്പിക്കുന്നത്.
തുളകളും വിള്ളലുകളും വീണ കുരിശുകൾ
ബുദ്ധനു സമീപം പിന്നീട് കാണുന്നത് ക്രിസ്തുവിനെയാണ്. താഴെ വീണുകിടക്കുന്ന കുരിശിനെ നോക്കിയിരിക്കുകയായിരുന്നു ക്രിസ്തു. ഒരുപാടു പേരെ തറച്ച കുരിശിന്റെ ഇരു ദണ്ഡുകളിൽ തുളകളും വിള്ളലുകളും വീണ് ജീർണിച്ചിരുന്നു. നീതികേടുകൾക്കെതിരെ സ്വജീവിതം കൊണ്ട് പൊരുതുകയായിരുന്നു ക്രിസ്തു. ഭരണകൂടം ക്രിസ്തുവിനെ കുരിശിൽ തറച്ച് കൊലപ്പെടുത്തി. എന്നാൽ ക്രിസ്തുവിന്റെ അനുയായികൾ ക്രിസ്തുവിനെ പിന്തുടരാതെ ഭരണകൂടത്തെ പിന്തുണയ്ക്കുകയായിരുന്നു. നീതിബോധത്തിന്റെ ഉജ്വലപ്രതീകമായിരുന്നു ക്രിസ്തു. പക്ഷേ അനുയായികൾ നീതികേടിന്റെ ചരിത്രമെഴുതുകയായിരുന്നു. ക്രിസ്തുവിന്റെ വഴിത്താരകളിൽ സ്വാർഥതയുടെ ചിത്രങ്ങൾ വരച്ച് അനുയായികൾ ആഘോഷിക്കുന്നു. പുറത്ത് ക്രിസ്തുവും അകത്ത് യൂദാസുമായി അവർ ജീവിക്കുന്നു. നീതിബോധത്തിനെതിരെ അനീതിയുടെ ചെങ്കുത്തായ കുന്നുകളിൽ അവർ വാസമുറപ്പിക്കുന്നു. പുരോഹിതന്മാരുടെ വസ്ത്രങ്ങളിൽ ചോര പുരണ്ടിരിക്കുന്നു. ജപമാല കൾ ചൊല്ലിപ്പഠിച്ച വിരലുകൾ ശാപവാക്കുകൾ ഉരുവിടുന്നു. ആരാധനാലയങ്ങൾ അധികാര തർക്കത്തിന്റെ കോടതിമുറികളായി മാറുന്നു. എല്ലാവിധ തിന്മകൾക്കുമെതിരെയും മാർപാപ്പ നിരന്തരം ക്ഷമ പറയുകയാണ്. ഇസ്രായേൽ ഭീകരത ലോകത്തിലെ കൊടുംക്രൂരതകളിൽ ഒന്നാണ്. വിശ്വാസത്തിന്റെ പേരിൽ വർഷങ്ങളായി ലക്ഷക്കണക്കിനാളുകളാണ് കൊല്ലപ്പെടുന്നത്. 'മതവും രാഷ്ട്രീയവും' എന്ന കൃതി രചിച്ച സ്റ്റൂവ് ബ്രൂസ് നൽകുന്ന കണക്കു പ്രകാരം 1945 മുതൽ 1960 വരെ ലോകത്ത് നടന്ന ആഭ്യന്തരയുദ്ധങ്ങളിൽ പകുതിയിലേറെയും മതത്തെ ചൊല്ലിയായിരുന്നു. അതിനുശേഷമുള്ള കാലം ഇത് നാലിൽ മൂന്ന് ആയി വളർന്നു. ഇന്നും അവസാനിക്കാത്ത പാലസ്തീൻ യുദ്ധം, ഇറാൻ- ഇറാഖ് യുദ്ധം, അൽഖ്വയ്ദയുടെ 2001 സെപ്റ്റംബർ 11 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ഇപ്പോൾ നടക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണപരമ്പര എന്നിവയുടെ ഒക്കെ ഇന്ധനം മതവിശ്വാസം തന്നെ'' (എം.ജി. രാജാകൃഷ്ണൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 15-21, 2016.)

വിഭജനകാലത്തെ ലഹള, സിഖ് വിരുദ്ധ പ്രക്ഷോഭം, ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷമുള്ള കലാപം, ഗുജറാത്ത് വംശഹത്യ എന്നിങ്ങനെ ഇന്ത്യയിൽ നടന്ന കലാപങ്ങൾക്കു പിന്നിലെല്ലാം മതമാണ് ഒന്നാം പ്രതി. കത്തോലിക്കാ രാഷ്ട്രമായ അയർലന്റിൽ ഗർഭഛിദ്രം നിയമവിരുദ്ധമാണ്. മുപ്പത്തിയൊന്നുകാരിയായ ഇന്ത്യക്കാരി സവിത ഹാലാപ്പനവർ ഈ നിയമം മൂലം മരണമടഞ്ഞു. പതിനേഴാഴ്ച ഗർഭിണിയായിരുന്ന സവിതയെ മതനിയമത്തിന്റെ പേരിൽ അധികാരികൾ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. വിവിധ രോഗങ്ങൾമൂലം കഷ്ടതയനുഭവിച്ച സവിത ഗർഭഛിദ്രത്തിനു വിധേയമാകാൻ അപേക്ഷ നൽകിയെങ്കിലും മതനിയമത്തിന്റെ ലംഘനമെന്നപേരിൽ ആശുപത്രി അധികൃതർ സമ്മതം നൽകിയില്ല. ഭൂമിയിലെരിഞ്ഞ സ്നേഹത്തിന്റെ മെഴുകുതിരിവെട്ടമാണ് ക്രിസ്തുവിന്റെ ജീവിതം. എല്ലാ വ്യാകുലതകൾക്കും മീതെ കാരുണ്യത്തിന്റെ ഒരു പെയ്ത്തായിരുന്നു അത്. തിരസ്കരിക്കപ്പെടുന്നവരുടെ അഭയസ്ഥാനമായി ക്രിസ്തുവിന്റെ സാന്നിധ്യം മാറുന്നു. പക്ഷേ ഇന്ന് ക്രിസ്തുവിനെ അധികാരത്തിനും അന്ധവിശ്വാസത്തിനും മറയാക്കുകയാണ്. അവന്റെ വചനങ്ങളൊക്കെ സ്വന്തം താൽപര്യങ്ങൾക്കായി ക്രമപ്പെടുത്തുന്നു. സമ്പത്തും ആഡംബരവും ക്രിസ്തുവിന്റെ പേരിൽ കുന്നുപോലെ വളർന്നുനിൽക്കുന്നു. അലങ്കരിച്ചതും വർണശോഭയിൽ നിറഞ്ഞതുമായ ദേവാലയങ്ങളിലെല്ലാം വെറും പ്രതിഷ്ഠയായി അവൻ മാറുന്നു. ഒന്നും കേൾക്കാനോ ശബ്ദിക്കാനോ കഴിയാത്ത വിധം അവനുചുറ്റും വ്യാജ വിശ്വാസത്തിന്റെ സംരക്ഷണകവചം ഒരുക്കുകയാണ്. വിശ്വാസത്തിന്റെ പേരിൽ അവൻ കൂടുതൽ വഞ്ചിക്കപ്പെടുന്നു. വിശ്വാസികളാൽ വേട്ടയാടപ്പെടുന്ന ക്രിസ്തുവിന്റെ നിസഹായതയാണ് ആനന്ദ് എഴുതി ചേർക്കുന്നത്.
വിഭജനകാലത്തെ ലഹള, സിഖ് വിരുദ്ധ പ്രക്ഷോഭം, ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷമുള്ള കലാപം, ഗുജറാത്ത് വംശഹത്യ എന്നിങ്ങനെ ഇന്ത്യയിൽ നടന്ന കലാപങ്ങൾക്കു പിന്നിലെല്ലാം മതമാണ് ഒന്നാം പ്രതി.
വഴിയറിയാതെ
മുസ്ലീം പേരുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ സമൂഹത്തിലുണ്ട്. മുസ്ലീം മതവിശ്വാസികളല്ലാത്തവർ പോലും തന്റെ പേരിലെ മുസ്‌ലീം സാമ്യംമൂലം കൊടുംകുറ്റവാളികളെ പോലെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനും പാരീസ് ഭീകരാക്രമണത്തിനും ശേഷമാണ് മുസ്ലീം കർതൃത്വം ഏറെ ചോദ്യം ചെയ്യപ്പെട്ടത്. ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരരെയും സാംസ്‌കാരിക പ്രവർത്തകരെയും മുസ്ലീം വേഷത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ മാറ്റി നിർത്തിയിട്ടുണ്ട്. അപ്പോൾ അവർ അനുഭവിച്ച അവജ്ഞയും പുച്ഛവും എത്രയോ ഭീകരമായിരിക്കാം. ലോകത്തെമ്പാടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഒരു മുസ്‌ലീം പേരുണ്ടായാൽ മതി, നിങ്ങൾ സംശയത്തിന്റെ നിഴലിലാകാൻ എന്ന് സച്ചിദാനന്ദൻ എഴുതുന്നുണ്ട്. മതതീവ്രവാദികൾ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിൽനിന്നാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്. ഇവർ ദൈവത്തിന്റെ പേരിൽ നടത്തുന്ന ഗുണ്ടാപ്രവർത്തനങ്ങൾ മൂലം നിരപരാധികളാണ് ശിക്ഷിക്കപ്പെടുന്നത്. ഇവരുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾക്ക് യഥാർഥ മതപണ്ഡിതന്മാർ മറുപടികളില്ലാതെ നിശബ്ദരാകുകയാണ്. പരിസ്ഥിതിക്കും സമാധാനത്തിനുമായി പ്രവർത്തിച്ച നബിയുടെപേരിൽ നടക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. 2015 ജനുവരി ഏഴാം തീയതിയാണ് പാരീസിലെ 'ചാർലി ഹെബ്ദോ ആക്ഷേപഹാസ്യ' മാസിക ആക്രമിക്കപ്പെടുന്നത്. പന്ത്രണ്ടു പേരാണ് ഓഫീസിനുള്ളിൽ വെടിയേറ്റ് മരിച്ചത്. ദൈവത്തിന്റെ പേരിലും മതത്തിന്റെ പേരിലും പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ആക്രമണം നടത്തിയത്.

നബിയെ അപമാനിച്ചുവെന്ന ആരോപണമാണ് ആക്രമണത്തിനു കാരണമായത്. ലോകത്തെ നടുക്കിയ കൊലപാതകത്തിന്റെ ഓർമകൾ ഇന്നും നിലനിൽക്കുന്നു. പ്രതിഷേധിക്കാൻ പാരീസിൽ ഒത്തുകൂടിയവരോട് മാസികയുടെ പ്രവർത്തകർ വിളിച്ചുപറഞ്ഞത്, ''നിങ്ങൾ മതേതരവാദികളാണെന്ന് ഉറക്കെ പ്രഖ്യാപിക്കൂ'' എന്നാണ്. മതപരമായ എല്ലാ സ്നേഹത്തെയും താൽപര്യത്തെയും അവഗണിച്ചുകൊണ്ടാണ് ചാർലി ഹെബ്ദോ ആക്രമണത്തിനുശേഷവും നിലപാട് പ്രഖ്യാപിച്ചത്. 'ഞാൻ ചാർലി' എന്ന പ്ലക്കാർഡുകൾക്കുപകരം 'ഞങ്ങൾ മതേതരവാദികളാ'ണെന്ന പ്രഖ്യാപനമാണ് ഉണ്ടാകേണ്ടതെന്ന് അവർ ഭയമില്ലാതെ വിളിച്ചുപറഞ്ഞു. മതത്തിന്റെ പേരിൽ ലോകം ഛിന്നഭിന്നമാകുമ്പോൾ ഈ നിലപാടല്ലാതെ മറ്റെന്താണ് സ്വീകരിക്കുക. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയാണ് പതിനാലുകാരിയായ മലാല യുസഫ്‌സായി പ്രതികരിച്ചത്. താലിബാൻ പോരാളികൾ സ്‌കൂൾ ബസിൽനിന്നും പിടിച്ചിറക്കി തലയ്ക്കുനേരെ വെടിവയ്ക്കുകയാണ് ചെയ്തത്. മുക്തോ മോന എന്ന ബ്ലോഗിന്റെ സ്ഥാപകനായ അവിജിത് റോയ്, ധാക്കയിലെ പൊതുനിരത്തിൽ, ഭാര്യ റഹീദക്കു മുന്നിൽ അതിദാരുണമാം വിധം കൊല്ലപ്പെട്ടതും മതത്തിന്റെ പേരിലായിരുന്നു. തന്റെ പേരിൽ ലോകത്താകമാനം സ്‌ഫോടനം വിതയ്ക്കുമ്പോൾ വഴിയറിയാതെ നബി പതറിപ്പോവുകയാണെന്ന് ആനന്ദ് എഴുതുന്നു.
''തിരിച്ചുപോക്കിലേക്കോ
പലായനത്തിലേക്കോ
പടക്കളത്തിലേക്കോ
മുമ്പിലെ വഴിയറിയാതെ
തന്റെയും ഒട്ടകത്തിന്റെയും കുതിരയുടെയും
കാലുകളെ നോക്കി മുഹമ്മദും
നിൽക്കുന്നുണ്ടായിരുന്നു അരികെ''-
അനുയായികൾ എന്നുപറയുന്നവർ ചെയ്തുകൂട്ടുന്ന കൂട്ടക്കുരുതികൾക്കു മുന്നിൽ പകച്ചുനിൽക്കുന്ന മുഹമ്മദിന്റെ ചിത്രം ഏറെ വേദനിപ്പിക്കുന്നതാണ്. ലോകം കത്തിയെരിയുമ്പോൾ ചരിത്രപുരുഷർ വിറങ്ങലിച്ചുനിൽക്കുകയാണ്. തങ്ങൾ സ്വപ്നംകണ്ടതും നിർവഹിച്ചതുമായ ലോകസാഹചര്യങ്ങൾ തകിടം മറിയുന്നു. മതത്തിന്റെ പേരിൽ രാജ്യങ്ങൾ വെട്ടിമുറിക്കപ്പെടുകയും നിരാലംബർ അഭയാർഥികളായിത്തീരുകയും ചെയ്യുന്നു. അധികാരത്തിന്റെ ഭ്രമാത്മകമായ ലോകം മനുഷ്യരെ വേട്ടനായ്ക്കളാക്കി മാറ്റുന്നു. മനുഷ്യനു ചുറ്റും കാരുണ്യത്തിന്റെ കടൽ വറ്റുകയാണ്. ജീവിതത്തിന്റെ നാലുപാടും ചോരപടർന്ന പടയോട്ടങ്ങളാണ്. ഇതിനിടയിൽ ചരിത്രവും ദൈവവും സ്തംഭിച്ചുനിൽക്കുന്നു.
വേർപെട്ട അരിവാളും ചുറ്റികയും
കമ്യൂണിസ്റ്റ് ആശയത്തിന്റെ പേരിൽ നടന്ന കൂട്ടക്കൊലകൾ ആർക്കും എളുപ്പത്തിൽ മറക്കാൻ കഴിയില്ല. ചോദ്യം ചെയ്യുന്നവരെയും പ്രതിഷേധിക്കുന്നവരെയും ഒരു ദയവുമില്ലാതെ കൊന്നൊടുക്കുന്ന ഭരണകൂട ഭീകരത റഷ്യൻ ചരിത്രത്തിന്റെ ഭാഗമായിരുന്നു. സ്റ്റാലിൻ റഷ്യയിൽ നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ ഗ്രേറ്റ് പർജ് (Great purge) എന്ന പേരിലാണ് അറിയപ്പെടുന്നത്. തനിക്കെതിരെയുള്ള എല്ലാവിധ വിമർശനങ്ങളെയും സ്റ്റാലിൻ കൊന്നു കുഴിച്ചുമൂടി. സോവിയറ്റ് റഷ്യയിൽ സാധാരണക്കാരായ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും വധിക്കപ്പെട്ടു. ആശയപ്രചരണത്തിനുമപ്പുറം അധികാരം നിലനിർത്താനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായിരുന്നു ഗ്രേറ്റ് പർജ്. പാർട്ടിയുടെ പദ്ധതി എന്നതിലുപരി സ്റ്റാലിന്റെ ഏകാധിപത്യ ചെയ്തികളായിരുന്നു ഇത്. നിരവധി എഴുത്തുകാരെയും കലാകാരരെയും സൈബീരിയയിലേക്ക് നാടുകടത്തി. ചിലരെ നിശബ്ദരാക്കി. മറ്റു ചിലരെ കൊലപ്പെടുത്തി.

അധികാരം എഴുത്തിനു മുകളിൽ ആധിപത്യം പുലർത്തി. കവിയും കവിതയും ഒരുപോലെ നാടുകടത്തപ്പെടുന്ന ദുഷ്‌കരമായ അവസ്ഥ സോവിയറ്റ് റഷ്യയിൽ നിത്യസംഭവമായിരുന്നു. അന്ന അഹ്മത്തോവയെ പോലുള്ള എഴുത്തുകാരികൾ നേരിട്ട കൊടുംപീഡനം ചരിത്രത്തിന്റെ ഭാഗമാണ്. ''ആത്മനിഷ്ഠമായ ബൂർഷ്വാസൗന്ദര്യ ബോധത്തിന്റെ സൃഷ്ടി'' എന്നാണ് അന്ന അഹ്മത്തോവയുടെ രചനകളെ ഭരണകൂടം പരിഹസിച്ചത്. ഭരണകൂടത്തെ നിയന്ത്രിക്കുന്ന പാർട്ടി ഒരു പ്രമേയത്തിലൂടെ അവരുടെ കവിതകളെ നിരോധിച്ചു. സ്റ്റാലിൻ ഭരണകൂടം അവരുടെ മകനെ പ്രതിവിപ്ലവപ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തു. പാർട്ടി പകുതി വേശ്യയായും പകുതി കന്യാസ്ത്രീയായും ചിത്രീകരിച്ചു. അവരുടെ ജീവിതം സോവിയറ്റ് റഷ്യയിലെ അവസ്ഥാ വിശേഷത്തിനെതിരെയുള്ള അന്തമില്ലാത്ത കുറ്റപത്രമായിരുന്നു. എതിരഭിപ്രായങ്ങളെ മാനിക്കാതെ കരിച്ചുകളയുന്ന രീതിയാണ് ഭരണകൂടം പിന്തുടരുന്നത്. സ്റ്റാലിന്റെ റഷ്യ, എഴുത്തുകാരുടെ ജയിലറയും പേടിസ്വപ്നവുമായിരുന്നു. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ ടിയാനെന്മൻ സ്ക്വയറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർഥികളെ ചൈനീസ് ഭരണകൂടം നേരിട്ടരീതി വിവാദമായിരുന്നു. 1989 ജൂൺ 4നാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. ടിയാന്മെൻ സ്‌ക്വയർ ടാങ്കുകൾക്കു മുന്നിൽ നിർഭയനായി നിൽക്കുന്ന വിദ്യാർഥിയുടെ ചിത്രം ഇന്നും ലോകമനസ്സാക്ഷിയെ വേദനിപ്പിക്കുന്നു. ഭരണകൂടം കവികളെയും കലാകാരരെയും നാടുകടത്തുകയോ കൊലപ്പെടുത്തുകയോ ചെയ്തു. എതിർപ്പിന്റെ സ്വരം അവർ മുറിച്ചുകളഞ്ഞു.
''കൈയിൽനിന്നു വീണുപോയ
പേനയെപ്പറ്റി ബോധമില്ലാതെ
വെറുതെ താടി തടവിക്കൊണ്ട്
ആൽത്തറയിന്മേൽ
പുറം ചാരി മണ്ണിലിരുന്നു
ദൂരെയല്ലാതെ മാർക്‌സ്.
ധാന്യക്കതിരുകൾക്കു പകരം
അരിഞ്ഞുകളഞ്ഞ തലകളുടെ
ചോരപുരണ്ട
അരിവാളും, ലോഹത്തിനു പകരം
തല്ലിപ്പൊളിച്ച
തലയോടുകളുടെ കഷണങ്ങൾ
പേറിയ ചുറ്റികയും''
മാനവികതയുടെ വിമോചനചിന്തകൾ പകർന്നുനൽകിയ മാർക്‌സിന്റെ ആശയത്തെ വേട്ടക്കാർ അധികാരക്കൊതികൾക്കായി ഉപയോഗിച്ചു. ദർശനങ്ങളും ആശയങ്ങളും വികലമായ വിധത്തിൽ പ്രയോഗിക്കുന്ന അനുയായികൾ മാർക്‌സിനുചുറ്റും ദുരന്തം വിതയ്ക്കുകയാണ്. ബുദ്ധനും നബിയും ക്രിസ്തുവും ലോകത്തിനു നൽകിയ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രകാശമുദ്രകൾ മനുഷ്യന്റെ അധികാരക്കൊതി മൂലം തുരുമ്പെടുത്തിരിക്കുന്നു. അവർ നൽകിയ ഓരോ വചനവും സ്വകാര്യ ലാഭത്തിനായി തലതിരിച്ചുപയോഗിക്കുകയാണ്. അധികാരവും രാഷ്ട്രീയവും ഇവരുടെ ആശയങ്ങളെ വേർതിരിച്ചു നിർത്തുന്നു. ഒന്നു നിലവിളിക്കാൻ പോലും കരുത്തില്ലാതെ ഇവർ നിസഹായരായി തീരുകയാണ്.
'ക്ഷീണിതർ' ചരിത്രത്തെ വിളിച്ചുണർത്തുന്ന കവിതയാണ്. വികലമായ സമകാലിക ജീവിതത്തിന്റെ അനുഭവങ്ങളിൽ നിന്നാണ് കവിത ചരിത്രത്തിലേക്ക് പിന്തിരിയുന്നത്. നീതിബോധ മില്ലാത്ത ജീവിതത്തിൽ ചരിത്രത്തിന്റെ സംവാദ സ്ഥലങ്ങൾ ഒരുക്കുകയാണ് ആനന്ദ്. ചരിത്രപുരുഷരുടെ പ്രാധാന്യവും പ്രസക്തിയും ചോദ്യം ചെയ്യപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്യുന്ന വേളയിൽ കവിതയ്ക്ക് പ്രാധാന്യം കൂടുന്നു. ബുദ്ധന്റെ ബോധോദയവും ക്രിസ്തുവിന്റെ ത്യാഗസന്നദ്ധതയും നബിയുടെ തെളിച്ചമുള്ള വാക്കുകളും അപരിചിതമായി മാറുന്ന പുതിയ കാലം വരുകയാണ്. അപകടകരമായ അപരിചിത ജീവിതത്തിലേക്കുള്ള കഠിനമായ വിമർശനമാണ് 'ക്ഷീണിതർ'. ഒപ്പം, പ്രവാചകരുടെ ആശയങ്ങളെ മതതീവ്രവാദത്തിനായി ഉപയോഗിക്കുന്നവർക്കെതിരെയുള്ള താക്കീതുമാണ്.