എ.കെ അബ്ദുൽ ഹക്കീം: തൊണ്ണൂറ് കൊല്ലം ജീവിച്ചു എന്നേ ഞങ്ങൾക്കൊക്കെ അറിയൂ. എങ്ങനെയാണ് ഒമ്പത്പതിറ്റാണ്ട് കഴിഞ്ഞു പോയത് എന്നു പറയേണ്ടത് മാഷ് തന്നെയാണ്.
എം.കെ. സാനു: പ്രവർത്തന നിരതമായിരുന്നു എന്നും എന്റെ ജീവിതം വിശ്രമം എന്നത് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല! അങ്ങനെയൊന്ന് ജീവിതത്തിൽ ഉണ്ടായിട്ടുമില്ല. ജീവിതം അർത്ഥശൂന്യമാണ് എന്ന ആന്തരികബോധത്തെ അതിലംഘിക്കാൻ വേണ്ടിയാവണം ഞാനിങ്ങനെ കർമ നിരതനായത്. കർമങ്ങൾ കൊണ്ട് ജീവിതത്തിന് അർത്ഥം കൊടുക്കാനുള്ള ശ്രമമാണ് നടത്തിയത് എന്ന് സാരം.
ജീവിതത്തിന്റെ അർത്ഥ ശൂന്യതയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്, അല്ലെങ്കിൽ അങ്ങനെയൊരു തോന്നലുണ്ടായത് ഏത് പ്രായത്തിലാണ്?
കുട്ടിക്കാലം മുതൽ അങ്ങനെ തോന്നിയിരുന്നു. ജനിക്കുന്നു, ജീവിക്കുന്നു, ചത്തൊടുങ്ങുന്നു എന്നതിനപ്പുറമെന്ത് എന്ന തരത്തിലുള്ള ചിന്ത എന്നുമുണ്ടായിരുന്നു. ആത്മീയത, ദൈവവിശ്വാസം ഒന്നും ഇല്ലാത്തവർക്ക് ഇങ്ങനെയല്ലേ ജീവിതത്തെക്കുറിച്ച് തോന്നാറുള്ളൂ. എന്റെതായ ഒരു ജീവിത തത്ത്വശാസ്ത്രം ഞാൻ തന്നെ രൂപപ്പെടുത്തിയതാണ്. മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരമുണ്ടായാലേ നമ്മുടെ ജീവിതത്തിന് അർത്ഥമുള്ളൂ എന്ന തീർപ്പിലാണ് ഞാനെത്തിയത്.
ജീവിതം കീഴ്മേൽ മറിക്കപ്പെട്ട പതിറ്റാണ്ടുകളാണ് കഴിഞ്ഞുപോയത്. ചരിത്രത്തിന്റെ ഗതി മുന്നോട്ട് തന്നെയായിരുന്നു എന്ന അഭിപ്രായമാണോ താങ്കൾക്കുള്ളത്? കേരളത്തിന്റെ അവസ്ഥയിൽ വിശേഷിപ്പിച്ചു?
പ്രായമായ ഏതൊരാളിനും വർത്തമാനകാലത്തെപ്പറ്റി അസംതൃപ്തി തോന്നുക സ്വാഭാവികമാണ്. അത്രത്തോളം തോന്നുന്ന ഒരാളല്ല ഞാൻ. എന്നാലും വലിയ നിരാശ ഇക്കാര്യത്തിൽ എനിക്കുണ്ട്. അനാചാരം, അന്ധവിശ്വാസം എന്നൊക്കെ മനസിലാക്കി എന്റെ സമകാലീനരായവർ കഷ്ടപ്പെട്ട് മാറ്റി നിർത്തിയിരുന്ന പലതും പണ്ടത്തേതിലും ശക്തമായിതിരിച്ചു വന്നതിൽ സങ്കടമുണ്ട്. മനുഷ്യർക്ക് പൊതു ജീവിതത്തിലുള്ള പ്രതിജ്ഞാബദ്ധത വല്ലാതെ കുറഞ്ഞു പോയിരിക്കുന്നു. ആദ്യം സ്വാതന്ത്ര്യം കിട്ടും, പിന്നെ സോഷ്യലിസം വരും എന്നൊക്കെയായിരുന്നു ഞങ്ങൾ വിചാരിച്ചത്. ബി.എ പഠനം കഴിഞ്ഞ് നിൽക്കുമ്പോൾ ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങൾ കുറച്ച് പേർക്ക് എത്യോപ്യയിൽ ജോലിക്ക് പോകാനുള്ള ഒരു ചാൻസ് കിട്ടിയിരുന്നു അന്ന്. ഒന്ന് രണ്ട് പേർ തയ്യാറായെങ്കിലും പലരും ആ ഓഫർ നിരസിക്കുകയാണ് ചെയ്തത്. നമുക്കൊക്കെ നന്നായി ജീവിക്കാൻ കഴിയുന്ന ഒരു സോഷ്യലിസ്റ്റ് പാറ്റേൺ ഇന്ത്യയിൽ ഉണ്ടായിവരും എന്നാണ് ഞങ്ങളന്ന് സത്യസന്ധമായും വിചാരിച്ചത്. ഇന്ത്യൻ ജനത സ്വപ്നം കണ്ട അത്തരമൊരു ജനാധിപത്യ ക്രമത്തിലേക്ക് രാജ്യം വളർന്നില്ല എന്നതിൽ എനിക്ക് നിരാശയുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർ തന്നെ അഴിമതിക്കാരാവുന്നതും കാര്യലാഭത്തിന് വേണ്ടി ആദർശങ്ങളിൽ നിന്ന് വ്യതി ചലിക്കുന്നതും ഞങ്ങൾക്ക് കാണേണ്ടിവന്നു. പിന്നീട് വന്ന തലമുറയാവട്ടെ, രാഷ്ട്രീയത്തെ തന്നെ സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്.
ത്യാഗികളെയാണ് ഞങ്ങൾ ആദരിച്ചുവന്നത്. സ്വകാര്യ ജീവിതം ഉപേക്ഷിച്ച്, ആർക്കും നോക്കിക്കാണാവുന്ന പൊതുജീവിതം നയിച്ച ശ്രീനാരായണഗുരുവിനെ പോലുള്ളവരായിരുന്നു ഞങ്ങളുടെ മാതൃകാ ജീവിതങ്ങൾ. അഖിലേന്ത്യാ തലത്തിൽ മഹാത്മാഗാന്ധിയായിരുന്നു മാതൃക. ലോകം കീഴടക്കിയ അലക്സാണ്ടറല്ല, രാജ്യം ഉപേക്ഷിച്ച ബുദ്ധനാണ് എന്റെ ആരാധ്യപുരുഷൻ. അവരെയൊക്കെ ആദരിച്ചു വളർന്ന ഞങ്ങൾക്ക് ഇപ്പോഴത്തെ നേതാക്കളോട് ബഹുമാനം പോലും തോന്നുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
നന്മകൾ കാണാതെ പോവുകയാണോ?
കാണാതിരിക്കുന്നില്ല. പഴയപോലെ പട്ടിണിയും ദാരിദ്ര്യവുമില്ല എന്നത് വലിയ നേട്ടമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങളും പഴയപോലെ ഇപ്പോഴില്ല. താഴ്ന്ന ജാതിക്കാരെ കെട്ടിയിട്ട് തല്ലുന്നതുപോലും കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. പ്രായേണ സാക്ഷരത വർധിച്ചിട്ടുണ്ട്. പട്ടാളത്തിൽ പോയവർ വീട്ടിലേക്കയക്കുന്ന കത്തുകൾ ഞാൻ വായിച്ചുകൊടുത്തിട്ടുണ്ട്. മറുപടിയും എഴുതി കൊടുത്തിട്ടുണ്ട്. കുറെക്കൂടി വലിയ ആദർശം സ്വപ്നം കണ്ടിരുന്നു എന്നതുകൊണ്ട് നിരാശ മുന്നിട്ടു നിൽക്കുന്നതാകാം.

ആ സ്വപ്നത്തെ പൊളിച്ചു കളഞ്ഞത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണോ?
വലിയ അളവോളം. അന്ന് കോൺഗ്രസല്ലേ ഉള്ളൂ.
നാരായണീയ പ്രസ്ഥാനമോ ? വലിയ അടുപ്പമായിരുന്നല്ലോ ആ സംഘടനയോട്?
അത് പറയാതിരിക്കുന്നതാണ് നല്ലത്. ജാതിയില്ലാ വിളംബരം വീണ്ടും നടത്തേണ്ടിവരുന്ന സാഹചര്യത്തിലല്ലേ നമ്മളിപ്പോഴുള്ളത്. ഗുരുവിന്റെ കാലത്തും ജാത്യാഭിമാനികൾ കൂട്ടത്തിലുണ്ടായിരുന്നു. സന്യാസിമാരായി ചേർന്നവർപോലും ജാതി സ്പർധ കാണിച്ചിട്ടുണ്ട്. ആനന്ദ തീർത്ഥൻ ബ്രാഹ്മണനായിരുന്നു. ഗുരുവിനോടൊപ്പം ചേർന്ന്, സന്യാസിയായതോടെ അദ്ദേഹം പുലയക്കുട്ടികളെ മഠത്തിൽ കൊണ്ടുവരാൻ തുടങ്ങി, അക്ഷരം പഠിപ്പിച്ചു. ഇതിന്റെ പേരിൽ കൊടിയ മർദ്ദനമാണ് അദ്ദേഹത്തിനേൽക്കേണ്ടിവന്നത്. ഒരാളും അദ്ദേഹത്തോടൊപ്പം നിന്നില്ല. ഒടുവിൽ അദ്ദേഹത്തെ സാഹായിക്കാനുണ്ടായത് എ.കെ.ജിയായിരുന്നു!
മഹത്തായ ലക്ഷ്യങ്ങളോടെ പിറന്ന, നാരായണഗുരു നേതൃത്വം നൽകിയ പ്രസ്ഥാനം പോലും ഇങ്ങനെയായിപ്പോയത് എന്തുകൊണ്ടാണ്?
മനുഷ്യരിലെല്ലാം സ്വാർത്ഥ-സങ്കുചിത താൽപര്യങ്ങളുണ്ടല്ലോ. ഗുരുവിന്റെ കാലത്ത് തന്നെ അത്തരം ആൾക്കാർ യോഗത്തിലുണ്ടായിരുന്നു. പിന്നീട് അത്തരക്കാർക്കായി മേൽക്കൈ. ഇപ്പോഴതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. സമുദായോദ്ധാരണം എന്ന ലക്ഷ്യമെങ്കിലു മുള്ളവരായിരുന്നു ആദ്യകാല നേതാക്കൾ. ഗുരുവിനെപ്പോലെ വലിയ വിഷനൊന്നും ഇല്ലായിരുന്നെങ്കിലും മോശക്കാരായിരുന്നില്ല പലരും. രൂക്ഷമായ ജാതീയതയുടെ, പ്രാകൃതമായ ശത്രുതാവാസനങ്ങളുടെ കൂടാരമായി മാറിയത് ഇപ്പോഴാണ്. നേതൃസ്ഥാനത്തിരിക്കുന്നവർ തന്ത്രപൂർവം ഉണ്ടാക്കിയെടുക്കുന്നതാണ് അന്യജാതിസ്പർധ എന്നത്. അപ്പുറത്തിരിക്കുന്നവർ ശത്രുക്കളാണ് എന്ന് വരുത്തിത്തീർത്താലല്ലേ സമുദായത്തെ കൂടെ നിർത്താനും അധികാരം തുറപ്പിച്ചു നിർത്താനും സാധിക്കൂ. വലിയ ധനാഗമന മാർഗമാണ് യോഗത്തിന്റെ നേതൃസ്ഥാനം എന്നതും ആളുകളെ ദുഷിപ്പിക്കുന്നുണ്ടാവാം.
ബി.ജെ.പി യുമായി രാഷ്ട്രീയ ബന്ധം ഉണ്ടാക്കിയിരിക്കുകയാണല്ലോ എസ്.എൻ.ഡി.പി?
എന്നെപോലുള്ളവർക്ക് സഹിക്കാൻപോലും സാധിക്കാത്ത അവസ്ഥയിലാണ് എസ്.എൻ. ഡി.പി എത്തിപ്പെട്ടിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ തീരുമാനത്തിൽ കടുത്ത അമർഷമുള്ള ആളാണ് ഞാൻ. ഈഴവരിൽ ഭൂരിപക്ഷവും ഈ തീരുമാനത്തോടൊപ്പം നിൽക്കാത്തവരാണ്. നേതൃത്വത്തിലുള്ളവർക്ക് എന്തെങ്കിലും കാര്യലാഭം ഉണ്ടാവുമെന്നല്ലാതെ, സമുദായ താൽപര്യം മുന്നിൽ കണ്ടുകൊണ്ടെടുത്ത തീരുമാനല്ല അത് എന്നെനിക്കുറപ്പുണ്ട്.

സാമുദായിക ഉച്ചനീചത്വം അവസാനിപ്പിക്കാനല്ല, ഈഴവനെകൂടി നമ്പൂതിരിയാക്കാനാണ് ശ്രീനാരായണഗുരു ശ്രമിച്ചത് എന്ന രീതിയിൽ ഉയർന്നു വരുന്ന വിമർശനത്തിനുള്ള മറു പടി എന്താണ്?
മനുഷ്യരാശിയെ ഒന്നായി കാണുക എന്നതായിരുന്നു ഗുരുവിന്റെ ഫിലോസഫി. ഈഴവരെ ആത്മാഭിമാനമുള്ളവരാക്കാൻ വേണ്ടിയാണ് അദ്ദേഹം ക്ഷേത്രങ്ങളുണ്ടാക്കിയത്. ആശ്രമത്തിൽ അദ്ദേഹത്തോടൊപ്പം പുലയ ബാലൻമാരുമുണ്ടായിരുന്നു. വിളമ്പാനും ഒന്നിച്ചിരുന്ന് കഴിക്കാനുമൊക്കെ പുലയക്കുട്ടികൾക്കും സാധിച്ചിരുന്നു. അതൊന്നും ആരും ചോദ്യം ചെയ്തിരുന്നില്ല. ഒറ്റദിവസം കൊണ്ട് ജാതിയെ ഇല്ലാതാക്കാം എന്നദ്ദേഹം കരുതിയിരുമില്ല. സാവധാനത്തിലുള്ള ഒരു മാറ്റത്തിനായിരുന്നു ഗുരു ശ്രമിച്ചിരുന്നത്. മക്കത്തായവും മരുമക്കത്തായവും ഉണ്ടായിരുന്ന ഈഴവർ ഇതിലേതാണ് പിന്തുടരേണ്ടത് എന്ന സംശയവുമായി ഗുരുവിനെ സമീപിച്ചപ്പോൾ 'അയൽപക്കത്തായ' മാണ് ഉചിതമായ ദായക്രമം എന്നാണദ്ദേഹം മറുപടി പറഞ്ഞത്. ഞാൻ ചത്തുകഴിഞ്ഞാൽ എന്റെ സ്വത്തിന് അയൽപക്കത്തുള്ളവർ അവകാശികളായിത്തീരുക എന്ന, സ്വകാര്യസ്വത്തിന് പകരം പൊതുസ്വത്ത് എന്ന മാർക്‌സിയൻ കാഴ്‌ചപ്പാട് തന്നെയാണ് ഗുരു മുന്നോട്ട് വെച്ചത്. പറയരും പുലയരും ക്ഷേത്രത്തിൽ കയറുന്നതിനെതിരെ ഈഴവർ നിലപാടെടുത്തപ്പോൾ, ആഴ്‌ചയിൽ ഒരു ദിവസം അവർകയറട്ടെ, അതുകൊണ്ടെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നമുക്ക് നോക്കാം എന്നാണദ്ദേഹം പറഞ്ഞത്. സാമൂഹ്യമാറ്റം എന്നത് പതുക്കെ സാധിച്ചെടുക്കേണ്ട ഒന്നാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
പൂണൂലിട്ട ബ്രാഹ്മണരാണ് ഇപ്പോൾ കർമികൾ. ചോറിന് മീൻകറി കൂടി ഒഴിച്ചുതന്നിരുന്ന പഴയ ഈഴവ കല്യാണങ്ങൾ ഇന്ന് എവിടെയുമില്ല. ഈഴവൻ ബ്രാഹ്മണരായി മാറാൻ കൊതിക്കുന്നതിന്റെ ലക്ഷണങ്ങളാണോ ഇതൊക്കെ?
അയിത്തവും തീണ്ടലും അനുഭവിച്ചിരുന്ന, അക്ഷരാഭ്യാസമില്ലാതിരുന്ന ഈഴവർക്ക് അക്ഷരം പഠിക്കാൻ പള്ളിക്കൂടങ്ങളും ആത്മാഭിമാനമുണ്ടാക്കാൻ ക്ഷേത്രങ്ങളും നിർമിച്ചു നൽകുകയാണ് നാരായണ ഗുരു ചെയ്‌തത്. ഇതൊക്കെ ആയിക്കഴിഞ്ഞതോടെ, ഈഴവരിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഉയർന്ന ജാതിക്കാരാനായി മാറണം എന്ന ഒരു സൈക്കോളജിക്കൽ ആഗ്രഹം ഗുരുവിന്റെ കാലത്ത് തന്നെ പലർക്കും ഉണ്ടായിരുന്നു. അദ്വൈതിയും വേദാന്തിയുമായി ഗുരുവല്ല അതിനുത്തരവാദി. ജാതി ഏതാണെന്ന് ചോദിച്ചയാളോട് കണ്ടിട്ട് മനസിലായില്ലേ എന്നായിരുന്നു ഗുരുവിന്റെ മറുചോദ്യം. 'ഇല്ല' എന്നു മറുപടി കിട്ടിയപ്പോൾ ഗുരു പറഞ്ഞത് "കണ്ടിട്ട് മനസിലാവാത്ത കാര്യം പറഞ്ഞാലെങ്ങനാ മനസിലാവുക" എന്താണ്

ഈഴവനാണ് എന്നതുകൊണ്ട് എം.കെ സാനു എന്ന എഴുത്തുകാരന് എന്തെങ്കിലും അവഗണന നേരിടേണ്ടി വന്നിട്ടുണ്ടോ?
എന്നും ഒതുങ്ങിക്കഴിയുന്ന ഒരു സ്വഭാവക്കാരനാണ് ഞാൻ. എന്തെങ്കിലും കാര്യത്തിനു വേണ്ടി ആരെയെങ്കിലും സമീപിക്കുന്ന സ്വഭാവം എനിക്കില്ല. ഈഴവനാണ് എന്നത് കോണ്ട് എന്നെയാരും അപമാനിക്കുകയോ മോശക്കാരനാക്കുകയോ ചെയ്തിട്ടുമില്ല.
അധിക്ഷേപത്തെക്കുറിച്ചല്ല ഞാൻ ചോദിച്ചത്; എഴുത്തുകാരൻ, അല്ലെങ്കിൽ ഒരു സാഹിത്യ വിമർശകൻ എന്ന നിലയിൽ എങ്ങനെയായിരുന്നു എന്നാണ്. സവർണരാൽ നിയന്ത്രിക്കപ്പെട്ട ഒരു ലോകമായിരുന്നു മലയാള സാഹിത്യത്തിന്റേത് എന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ മനസിൽ വെച്ചുകൊണ്ടാണ് എന്റെ ചോദ്യം.
മലയാള സാഹിത്യ ലോകത്ത് സവർണാധിപത്യമുണ്ടായിരുന്നു എന്നത് നേര് തന്നെയാണ്. ഇദ്ദേഹം ഈ രംഗത്ത് വരേണ്ട ആളല്ല എന്നൊക്കെ എന്റെ കാര്യത്തിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും ഒഴിഞ്ഞുമാറൽ എന്റെ ജന്മാവസാനയാണ്. എന്നിരുന്നാലും, എവിടെയെങ്കിലുമൊക്കെ ഞാനും ഒഴിച്ചു മാറ്റപ്പെട്ടിട്ടുണ്ടാവാം..
അടുത്ത സുഹൃത്തായിരുന്നല്ലോ ഡോക്ടർ സുകുമാർ അഴീക്കോട്. എല്ലായിടത്തും മുൻപന്തിയിൽ തന്നെയായിരുന്നല്ലോ അഴീക്കോട് മാഷിന്റെ സ്ഥാനം? സ്വതസിദ്ധമായ 'ബഹിർമുഖത്വം' കൊണ്ട് ഈഴവത്വത്തെ മറികടക്കുകയായിരുന്നോ അദ്ദേഹം?
അഴീക്കോടും ഇടയ്ക്കൊക്കെ ഈ പ്രശ്നം പറയുമായിരുന്നു. എല്ലാ സർക്കിളിലും ബന്ധമുള്ള ആളായിരുന്നു അദ്ദേഹം. എന്നിട്ടും അത്തരം ഫീലിങ്ങുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട് എന്നു പറയുമ്പോൾ അതിന്റെയൊരു ശക്തി നമുക്കൂഹിക്കാമല്ലോ. എനിക്കങ്ങനെ അധികം തോന്നാതിരുന്നത് ഞാനത് ശ്രദ്ധിക്കാതിരുന്നത് കൊണ്ടുമാവാം. ഒരാൾ എന്നെപ്പറ്റി എന്ത് വിചാരിക്കുന്നു, പറയുന്നു എന്നൊന്നും ഞാൻ ഗൗനിക്കാറില്ല. എന്നെ ബാധിക്കുന്ന പ്രശ്നമായി എനിക്ക് തോന്നാറുമില്ല.

അഴീക്കോടുമായുള്ള സൗഹ്യദം തുടങ്ങുന്നത് എപ്പോഴാണ്? പിന്നീട് ശത്രുക്കളെപ്പോലെ അകലുകയും ചെയ്തല്ലോ?
1950 ൽ ആവണം. തൃശ്ശൂരിലെ ഒരു മീറ്റിംഗിൽ വെച്ചാണ് ആദ്യം കാണുന്നത്. വിദ്യാഭ്യാസമായിരുന്നു വിഷയം. തായാട്ട് ശങ്കരനും ഉണ്ടായിരുന്നു. അവർ രണ്ട് പേരും ഒരേപക്ഷക്കാരായിരുന്നു. ഗാന്ധിയൻ വിദ്യാഭ്യാസമാണ് നടപ്പിലാക്കേണ്ടത് എന്നായിരുന്നു രണ്ടാളുടേയും വാദം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വീകാര്യമായ ഒന്നല്ല ഗാന്ധിയൻ വിദ്യാഭ്യാസ ദർശനം എന്ന വാദമാണ് ഞാൻ മുന്നോട്ട് വെച്ചത്. പ്രായോഗിക ജീവിതത്തിന് ഉപകരിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം. അബ്സ്ട്രാക്ട് തിങ്കിംഗ് വികസിപ്പിക്കേണ്ടതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണല്ലോ. ഹ്യൂമനൈസേഷനും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ. സാമൂഹ്യപ്രതിബദ്ധത, സൗന്ദര്യസ്വാദനം എന്നിവയില്ലെങ്കിൽ പിന്നെന്ത് വിദ്യാഭ്യാസം എന്നാണ് ഞാനന്ന് തർക്കിച്ചത്. മീറ്റിംഗിൽ എതിർത്തുകൊണ്ട് തുടങ്ങിയ ഞങ്ങൾ പിന്നീട് വലിയ മിത്രങ്ങളായി. ദീർഘകാലം അങ്ങനെ തുടരുകയും ചെയ്‌തു. സെൻ്റ് ജോസഫ്സ് കോളേജിൽ പഠിപ്പിച്ചിരുന്ന, പ്രശസ്തിയിലേക്കെത്തിയിട്ടില്ലായിരുന്ന സുകുമാരനെ മൂത്തകുന്നം കോളേജിന്റെ പ്രിൻസിപ്പലായികൊണ്ടുവരുന്നത് എന്റെ ശുപാർശയിലാണ്. ചാർജെടുത്ത് ആറു മാസത്തിനകം മാനേജ്‌മെൻ്റുമായി അദ്ദേഹം വഴക്കായി. അവരദ്ദേഹത്തെ പിരിച്ചുവിടാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഉടനെ, സഹോദരൻ അയ്യപ്പനെ ചെന്നുകണ്ട് വിവരം ധരിപ്പിച്ചത് ഞാനാണ്. അദ്ദേഹത്തെ ഒരു ടാക്‌സിയെടുത്ത് ഞാൻ കോളേജിൽ കൊണ്ടുവന്നു. നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം എടുപ്പിച്ചിട്ടാണ് അദ്ദേഹം തിരിച്ചു പോയത്.

അഴിക്കോട് മാഷിന്റെ അവസാനകാലത്ത് അദ്ദേഹത്തിന്റെ പ്രണയം വലിയ വാർത്തയായിരുന്നു. പ്രണയത്തിലും പെണ്ണുകാണലിലും താങ്കൾ കൂടെയുണ്ടായിരുന്നല്ലോ. വിവാഹം നടക്കാതെ പോയത് താങ്കൾ കാരണമാണെന്ന ആരോപണവും കേട്ടിരുന്നു?
തിരിഞ്ഞ് നിന്നാലോചിക്കുമ്പോൾ, ഇഷ്ടമില്ലാഞ്ഞിട്ട് തന്നെയാവും സുകുമാരൻ കല്യാണംകഴിക്കാതിരുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. അദ്ദേഹം പ്രേമലേഖനങ്ങൾ എഴുതിയിരുന്നു എന്നതും പെണ്ണുകാണാൻ പോയി എന്നതും നേരാണ്. ഞാനന്ന് കൂടെ പോയിട്ടുമുണ്ട്. ഇതൊക്കെ സംഭവിക്കുന്നതിന് മുമ്പെ തന്നെ വിവാഹം കഴിക്കുന്ന കാര്യം പല തവണ ഞാൻ പറഞ്ഞിരുന്നു. സഹോദരൻ അയ്യപ്പനെകൊണ്ടും പറയിപ്പിച്ചിരുന്നു. ഞാനിക്കാര്യം പറയുമ്പോളൊന്നും പ്രേമത്തിന്റെ കാര്യം എന്നോട് പറഞ്ഞിരുന്നില്ല. വേറെ ഒന്ന് രണ്ടിടത്തും ഞങ്ങൾ പെണ്ണുകാണലിന് പോയിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് എന്നോട് പ്രേമത്തിന്റെ കാര്യം പറയുന്നത്. വളരെ നല്ലകാര്യം എന്നാണ് ഞാൻ വിചാരിച്ചത്. അവരുടെ വീട്ടിൽ പോകാനായി വരുന്നുണ്ട് എന്നും ഞാൻ കൂടെ പോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലഗ്രാമാണ് പിന്നൊരു ദിവസം കിട്ടിയത്. ഞാനും ആർ. പ്രസന്നനുമാണ് സുകുമാരന്റെ കൂടെ വിലാസിനിയുടെ വീട്ടിൽ പോയത്. അവിടെ അവരുടെ ബന്ധുക്കളെല്ലാമായി അമ്പത് പേരോളമുണ്ടായിരുന്നു. അടുത്ത മെയ് മാസത്തിലേക്ക് കല്യാണം നിശ്ചയിച്ചാണ് ഞങ്ങൾ പോന്നത്. പിന്നീടെന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. വിവാഹത്തിൽ നിന്ന് പിന്മാറിയതെന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചിട്ടില്ല. എന്റെ ഡിപ്പാർട്ട്മെന്റിലുമുണ്ടായിരുന്ന ഒരു ശാരദടീച്ചർ പറഞ്ഞിട്ടാണ് പിന്നീട് ഞാനറിയുന്നത്, സുകുമാരൻ പിന്മാറിയത് കാരണം ആ കുട്ടി തകർന്നുപോയതും ജ്വരം പിടിച്ച് കിടക്കുന്നതുമൊക്കെ. കേട്ടപ്പോൾ എനിക്ക് വലിയ സങ്കടമാവുകയും ചെയ്തു.
താങ്കളാണ് അഴീക്കോട് മാഷെ പിന്തിരിപ്പിച്ചത് എന്ന് വിലാസിനി ടീച്ചർ പറഞ്ഞിരുന്നു?
മുമ്പോ പിന്നീടോ ഞാനവരെ കണ്ടിട്ടില്ല. എനിക്കവരോട് സൗഹൃദമോ ശത്രുതയോ ഉണ്ടായിട്ടുമില്ല. ഇതൊക്കെ അറിയാവുന്നവർ തന്നെയാണ് അത്തരമൊരു അപവാദപ്രചരണം നടത്തിയത്. ഒരു പക്ഷെ അവരത് വിശ്വസിച്ചു പോയിട്ടുണ്ടാവാം.
നിങ്ങൾ തമ്മിലുള്ള അകൽച്ചക്ക് ഈ അപവാദം കാരണമായിട്ടുണ്ടോ? അതോ മറ്റെതെങ്കിലും കാരണമാണോ അതിന്റെ പിന്നിലുള്ളത്?
“സാഹിത്യപരിഷത്തിന്റെ പ്രസിഡന്റാവാൻ ആഗ്രഹമുണ്ട്' എന്നെഴുതിയ ഒരു കത്ത് സുകുമാരൻ എനിക്കയക്കുകയാണ്. അയാൾക്ക് അങ്ങനെയൊരു താൽപര്യമുണ്ടെന്ന് വേറെ ചില ആളുകൾ എന്നോട് പറയുകയും ചെയ്തു. എനിക്കതിനോട് യോജിപ്പുണ്ടായിരുന്നില്ല. ഞാൻ അക്കാര്യം സുകുമാരനെഴുതി അറിയിക്കുകയും ചെയ്തു. ഒരു സംഘടനയുടെ പ്രസിഡൻ്റ് ആയി ചെറുതാവേണ്ട ആളല്ല സുകുമാരൻ എന്നും ഞാൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അങ്ങനെയല്ല അതിനെ കാണേണ്ടതെന്നും ഉള്ളൂർ പ്രസിഡൻ്റായിരുന്ന സംഘടനയാണ് സാഹിത്യപരിഷത്തെന്നുമായിരുന്നു സുകുമാരന്റെ വാദം ‘ആശയത്തോട് യോജിപ്പില്ലെങ്കിലും സുഹ്യത്തിന്റെ ആഗ്രഹത്തോടൊപ്പം നിൽക്കാമെന്ന്' ഞാനദ്ദേഹത്തിന് വാക്കു കൊടുത്തു. സ്വകാര്യമായി ഞാൻ കുറെ ആളുകളെ മെമ്പർമാരായി ചേർത്തു. അങ്ങനെയാണ് അഴീക്കോടിനെ പരിഷത്തിന്റെ പ്രസിഡൻ്റാക്കിയത്. സെയ്‌തുമുഹമ്മദ്, ടാറ്റാപുരം സുകുമാരൻ, ആർ. പ്രസന്നൻ, എ.ടി മാർക്കോസ്, ടി.ആർ. എന്ന് വിളിക്കുന്ന രാമചന്ദ്രൻ ഇവരൊക്കെയാണ് അംഗങ്ങളായിട്ടുള്ളവർ. ഞാനുമുണ്ടായിരുന്നു കമ്മറ്റിയിൽ. സുകുമാരൻ പൊറ്റക്കാടായിരുന്നു പരിഷത്തിന്റെ പ്രതിനിധിയായി സാഹിത്യ അക്കാദമിയിൽ ഉണ്ടായിരുന്നത്. രണ്ട് വർഷം കഴിഞ്ഞതോടെ സുകുമാരൻ പൊറ്റക്കാടിനെ പിൻവലിക്കണമെന്ന് കമ്മറ്റിയിൽ ചിലർ ആവശ്യപ്പെട്ടു. അയാൾ കൂടെ നിൽക്കുന്നില്ല എന്നായിരുന്നു പരാതി. കാലാവധി തീരും വരെ അയാൾ തുടരട്ടെ എന്നായിരുന്നു എന്റെ നിലപാട്. യോഗസ്ഥലത്തിന് പുറത്ത് വെച്ച് അഴിക്കോടിനോട് ഞാൻ ചോദിച്ചിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്താണെന്ന്. 'ഏയ്, മര്യാദകേടല്ലേ അവൻമാർ കാണിക്കുന്നത്, കാലാവധിതീരും മുമ്പ് ഒരാളെ തിരിച്ചു വിളിക്കുന്നത് ശരിയാണോ' എന്നാണ് എന്നോടദ്ദേഹം മറുപടി പറഞ്ഞത്. എന്റെ അതേ നിലപാട് തന്നെയാണല്ലോ സുകുമാരനും എന്ന് ഞാൻ സന്തോഷിക്കുകയും ചെയ്തു. ആയിടെ സി.പി. ശ്രീധരൻ, സെയ്ത് മുഹമ്മദ്, വെട്ടൂർ രാമൻ നായർ എന്നിവർ ഒരു ദിവസം വീട്ടിൽ വന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങാൻ പോകുന്നു, മലയാളം ഡിപ്പാർട്ട്മെന്റുണ്ട്. എനിക്ക് താൽപര്യമുണ്ടെങ്കിൽ മാറാനുള്ള ഏർപ്പാടുണ്ടാക്കാം എന്ന് പറയാനാണ് അവർ വന്നത്. മഹാരാജാസിൽ പഠിപ്പിക്കുന്ന എനിക്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് മാറിയാൽ കുറെ മെച്ചമുണ്ട്. ശമ്പളം കൂടുമെന്നതിനാൽ അഞ്ച് മക്കളുമായി കഷ്ടപ്പെടുന്ന എനിക്ക് ആശ്വാസമാവും. മാത്രവുമല്ല, കോഴിക്കോട്ടാവുമ്പോൾ പരിചയക്കാരധികമില്ലാത്തതുകൊണ്ട് എഴുത്തിനും വായനക്കും സമയം കിട്ടുകയും ചെയ്യും. പക്ഷെ ഒരു കണ്ടീഷൻ അവർ മുന്നോട്ടുവെച്ചു. പൊറ്റക്കാട് വിഷയത്തിൽ അവരോടൊപ്പം നിൽക്കണം. എനിക്കത് പറ്റുമായിരുന്നില്ല. അഴീക്കോടിനും ഇതേ അഭിപ്രായമാണെന്ന് അവർ പറഞ്ഞതോടെ ഞാൻ കൺഫ്യൂഷനായി. അഴീക്കോട് എന്നോട് പറഞ്ഞിരിക്കുന്നത് അങ്ങനെയല്ലല്ലോ എന്ന് ഞാനവരോട് തർക്കിച്ചു. അവർ പറഞ്ഞത് ഞാൻ വിശ്വസിച്ചതുമില്ല. എന്നാൽ അടുത്ത പരിഷത്ത് മീറ്റിങ്ങിന്റെ തലേദിവസം സാധാരണപോലെ അഴീക്കോട് വീട്ടിലേക്ക് വന്നില്ല. കാസിനോ ഹോട്ടലിൽ താമസിച്ച് അവർ കാര്യങ്ങളൊക്കെ തീരുമാനിച്ചു. എന്നെ അങ്ങോട്ട് വിളിച്ചിരുന്നെങ്കിലും ഞാൻ പോയില്ല. പിറ്റേന്ന് മീറ്റിംഗിൽ അവരുടെ വക്താവായി സംസാരിച്ചത് അഴിക്കോടാണ്. നാണവും മാനവും ഉണ്ടെങ്കിൽ പൊറ്റക്കാട് രാജിവെച്ച് പോകണമെന്നായിരുന്നു അഴീക്കോടിന്റെ പ്രസംഗത്തിന്റെ കാതൽ. മീറ്റിംഗിന് ശേഷം ഞങ്ങൾ തമ്മിൽ വാക് തർക്കം നടന്നത് അദ്ദേഹത്തിന്റെ മലക്കം മറിച്ചിലിനെകുറിച്ച് ഞാൻ ചോദിച്ചപ്പോഴാണ്. പിന്നീടങ്ങോട്ട് എഴുത്തിലും പ്രസംഗത്തിലും ഞാനദ്ദേഹത്തിന്റെ ശത്രുക്കളിൽ പ്രധാനിയായി മാറി. യോനിയിൽ കുഷ്‌ഠം ബാധിച്ച വേശ്യയാണ് ഞാനെന്ന് വരെ അഴിക്കോട് പ്രസംഗിക്കുകയുണ്ടായി.

പ്രത്യാക്രമണം താങ്കളും നടത്തിയിട്ടുണ്ടല്ലോ?
ഒരിക്കൽ മാത്രം ഞാനൊരു ലേഖനമെഴുതിയിരുന്നു. എക്‌സറേ വിദഗ്‌ധന്റെ രോഗ നിർണയം എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്, അഴീക്കോടിന്റെ നിലപാടിലെ വൈരു ധ്യങ്ങൾ ചൂണ്ടിക്കാണിച്ചു എന്നല്ലാതെ ഇപ്പോൾ പറഞ്ഞവിശദാംശങ്ങളൊന്നും തന്നെ ഈ ഞാനെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പക്ഷെ പിന്നീടും കടുത്ത ശത്രുത എന്നോടദ്ദേഹം കാണിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരനാണല്ലോ താങ്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസും എസ്. എൻ. ഡിപിയും പോലെ കമ്യൂണിസ്റ്റുപാർട്ടിയും താങ്കളെ നിരാശപ്പെടുത്തിയിട്ടില്ലേ ?
കൂട്ടുകാരൊക്കെ പാർട്ടി അംഗങ്ങളായിരുന്നെങ്കിലും ഞാനൊരിക്കലും അങ്ങനെ ആയിരുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയൊക്കെയാണ് എനിക്ക് പ്രധാനപ്പെട്ടത് എന്നതാവാം ഞാൻ പാർട്ടി മെമ്പറാവാതിരിക്കാൻ കാരണം.
തെരഞ്ഞെടുപ്പിൽ മത്സരിച്ചതും എം.എൽ.എ ആയതും പാർട്ടിയോട് ചേർന്ന് നിന്നു കൊണ്ടല്ലേ?
സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ഞാൻ മത്സരിച്ചത്. പാർട്ടി സപ്പോർട്ട് ചെയ്‌തതാണ്. ജയിച്ചിട്ടും പിന്നീട് ഞാൻ മത്സരിച്ചിട്ടുമില്ല. പാർട്ടിയുടെ എന്തെങ്കിലും നിയന്ത്രണങ്ങൾ എന്റെ മേൽ ഉണ്ടായിട്ടില്ല.
പുരോഗമന കല, സാഹിത്യ സംഘത്തിന്റെ പ്രസിഡൻ്റായിരുന്നപ്പോഴും പാർട്ടി നിയന്ത്രണങ്ങൾ ഉണ്ടായിട്ടില്ലെന്നാണോ ?
എന്റെ അഭിപ്രായങ്ങളോ നിലപാടുകളോ പാർട്ടി നിർദ്ദേശാനുസരണം മാറ്റേണ്ട ഒരവസരവും എനിക്കുണ്ടായിട്ടില്ല. പാർട്ടിവിരുദ്ധനായ എം. ഗോവിന്ദനുമായി എനിക്ക് നല്ല അടുപ്പമായിരുന്നു. സർഗാത്മകത കത്തിനിൽക്കുന്ന എഴുത്തുകാർ പുകസയിൽ എത്തിപ്പെട്ടിരുന്നില്ല എന്നതിന് പാർട്ടിയുടെ നിയന്ത്രണങ്ങൾ കാരണമായിട്ടുണ്ടാവാം.
വിമർശന സാഹിത്യമാണ് താങ്കളുടെ കർമമേഖല. എന്നാൽ മറ്റ് സാഹിത്യ വിമർശകരിൽ നിന്ന് വ്യത്യസ്തമായി ജീവചരിത്ര നിരൂപണത്തിലാണ് താങ്കൾ എത്തിപ്പെട്ടത് ?
ബയോഗ്രാഫിക്കൽ ക്രിട്ടിസിസമാണ് എന്റേത് എന്ന് സമ്മതിച്ച് തരാൻ ഞാനുദ്ദേശിക്കുന്നില്ല. ബയോഗ്രഫി ഞാനെഴുതിയിട്ടുണ്ട്. പക്ഷെ ആ ബയോഗ്രഫിയെ ആശ്രയിച്ചല്ല ഞാൻ വിമർശനങ്ങൾ എഴുതിയിട്ടുള്ളത്. ഉദാഹരണത്തിന് വാൾട്ട് വിറ്റ്മാൻ എന്ന അമേരിക്കൻ കവിയെക്കുറിച്ചുള്ള എന്റെ ലേഖനം നോക്കുക. രൂപപരമായ പരീക്ഷണങ്ങളെ എതിർത്തിരുന്ന ഭൂരിപക്ഷം നിരൂപകരെയും വെല്ലുവിളിച്ചുകൊണ്ടാണ് ഞാൻ പുതിയ പരീക്ഷണങ്ങൾക്കൊപ്പം നിന്നത് വിറ്റ്‌മാൻറെ എഴുത്തുരീതിയെ പ്രകീർത്തിച്ച് നടത്തിയ ഒരു പ്രസംഗം കൗമുദി ബാലകൃഷ്ണണൻ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിക്കൊടുത്ത ലേഖനമാണത്. ആ ലേഖനത്തിന്റെ തുടക്കത്തിൽ വിറ്റ്‌മാന്റെ ജീവിതചരിത്രം സൂചിപ്പിച്ചിട്ടുണ്ട്. കവിയോടുള്ള ഇഷ്ടമോ, കവിയെ പരിചയപ്പെടുത്താനുള്ള മാർഗമോ ആണത്. കവിതാ നിരൂപണം അതിനുശേഷമാണുള്ളത്. പിന്നെങ്ങിനെയാണ് അത് ജീവചരിത്ര നിരൂപണമാവുക ?

'ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭോജന'വും, 'ബഷീർ ഏകാന്ത വീഥിയിലെ അവധൂതനു'മൊക്കെ ഇങ്ങനെ തന്നെയാണോ ?
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചങ്ങമ്പുഴയുടെ കവിത വായിക്കുന്നത്. അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. കവിതയിലൂടെയാണ് കവിയെയും ഇഷ്‌ടപ്പെടുന്നത്. കവിതയുടെ ഗുണങ്ങൾ എടുത്തുകാണിച്ച് ഞാനദ്ദേഹത്തിനൊരു കത്തെഴുതി. ഉടനെ എനിക്ക് മറുപടിയും കിട്ടി. പ്രൗഢരായ വിമർശകരുടെ പരാമർശങ്ങളെക്കാൾ എന്റെ കത്ത് അദ്ദേഹത്തെ സന്തോഷിപ്പിച്ചതായി അദ്ദേഹം എഴുതി. നിഷ്കളങ്കനായ ഒരാസ്വാദകന്റെ മനസ് എനിക്കുണ്ടെന്ന് അദ്ദേഹം എഴുതിയിരുന്നു. ആ ഇഷ്‌ടം വളർന്ന് വളർന്നാണ് നക്ഷത്രങ്ങളുടെ സ്നേഹഭാജനമായി മാറുന്നത്.
ബഷീറിനെക്കുറിച്ചും ആശാനെക്കുറിച്ചുമൊക്കെ എഴുതിയത് ഇത്തരം ഇഷ്‌ടങ്ങളുടെ പുറത്താണോ ?
ആശാന്റെ ജീവചരിത്രവും ആശാൻ കവിതകളെകുറിച്ചുള്ള പഠനവും വ്യത്യസ്‌ത പുസ്‌തകങ്ങളായാണ് ഞാനെഴുതിയിട്ടുള്ളത്, 'അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്' എന്ന പഠന ഗ്രന്ഥത്തിന് അദ്ദേഹത്തിന്റെ ജീവി ചരിത്രവുമായി യാതൊരുബന്ധവുമില്ല. കവിതകളുടെ പരിചയം, കവിതാ സ്വരൂപം, കവിതകളുടെ സ്വഭാവം എന്നിങ്ങനെ മൂന്നടരുകളായിട്ടാണ് കാവ്യപഠനങ്ങൾ എഴുതുക പതിവ്.

ബഷീറിനെക്കുറിച്ചെഴുതാൻ കാരണം?
എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളായിരുന്നു ബഷീർ. ബഷീറിനെ സ്നേഹിക്കാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ കഥകളെ സ്നേഹിച്ചുകൊണ്ടാണ്. ശൈലികൊണ്ടും വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത ഭാവ മേഖലകൾ സൃഷ്ടിച്ചുകൊണ്ടും ബഷീർ നടത്തിയ സാഹിത്യ രചന അതുല്യമാണ്. കഥയിൽ നിന്ന് കഥാകാരനിലെത്തിയതോടെ ഇഷ്ടം കൂടുതലായി. സ്നേഹവും തമാശയുമായി ആരെയും സ്വന്തമാക്കിക്കളയുന്ന ആളായിരുന്നല്ലോ ബഷീർ.

ഇത്തരം വ്യക്തിബന്ധങ്ങളൊന്നുമില്ലാതിരുന്നിട്ടും ആൽബർട്ട് ഷെറ്റ്സറിനെകുറിച്ചെഴുതിയതോ ? അവിടെയുണ്ടല്ലോ സാഹിത്യവിമർശനത്തിനുമുമ്പുള്ള ജീവചരിത്രമെഴുത്ത്?
പത്രത്തിൽ വായിച്ചറിഞ്ഞാണ് ഷെറ്റ്സറിനെകുറിച്ചെഴുതിയത്. ജർമനിയിൽ നിന്ന് എല്ലാമുപേക്ഷിച്ച് ആഫ്രിക്കയിൽ പോയി അവിടത്തെ ജനതയോടൊപ്പം അവർക്കുവേണ്ടി ജീവിക്കുന്ന ഷെറ്റ് സറിന്റെ ജീവചരിത്രമാണ് ആദ്യമെന്നെ ആകർഷിച്ചത്. ത്യാഗത്തോടും ത്യാഗികളോടുമുള്ള ആരാധനകൊണ്ടാവും അദ്ദേഹത്തെപറ്റി കൂടുതൽ പഠിക്കാൻ തീരുമാനിച്ചതും എഴുതിയതും.
വ്യക്ത്യാരാധന, എഴുത്തിലെ മൃദുത്വം എന്നിവ താങ്കളുടെ പോരായ്‌മയായി പലതും ചൂണ്ടി ക്കാണിച്ചിട്ടുണ്ട്.
മുണ്ടശ്ശേരിയുടെ രൂപഭദ്രതാവാദത്തിനെതിരെ പോലും എഴുതിയിട്ടുള്ള ആളാണ് ഞാൻ. എഴുത്തുകാരന് അനുഭവങ്ങളുണ്ടായാലേ കൃതികൾ മഹത്തരമാവൂ എന്ന് മുണ്ടശ്ശേരി മാഷ് വാദിച്ചപ്പോൾ, മലയാളത്തിൽ ഏറ്റവും നല്ല യുദ്ധവർണന നടത്തിയിട്ടുള്ള എഴുത്തച്ഛൻ പട്ടാളക്കാരനായിരുന്നോ എന്നാണ് ഞാൻ തിരിച്ചുചോദിച്ചത്. എന്റെ എഴുത്ത് അത്ര മൃദു വാണെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ മറ്റുള്ളവർക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ എനിക്കതിൽ പരാതിയുമില്ല.
കൃത്യമായ ഒരു നിലപാടില്ലാതെ എഴുത്തുകാരൻ എന്ന രീതിയിൽ സക്കറിയ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാരങ്ങൾക്ക് വളമിട്ടുകൊടുക്കുന്ന ആളാണ് താങ്കൾ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നോട് നല്ല അടുപ്പമുള്ള ആളായിരുന്നു സക്കറിയ. 'ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം' എന്ന അദ്ദേഹത്തിന്റെ പ്രസംഗം വലിയ ചർച്ചയായിരുന്നു. ആരാണ് ബുദ്ധിജീവി എന്ന കാര്യം കൃത്യമായി വിശദീകരിക്കപ്പെടണമെന്ന് സക്കറിയയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് ഞാനെഴുതിയിരുന്നു. ബുദ്ധിജീവി, ഒരസംബന്ധ നാടകം എന്നോ മറ്റോ ആയിരുന്നു ഞാനെഴുതിയ ലേഖനത്തിന്റെ ടൈറ്റിൽ. ബുദ്ധികൊണ്ട് മാത്രം കാര്യമില്ലെന്നും ഒരു നാടിനുപകരിക്കാത്ത ബുദ്ധികൊണ്ട് പ്രയോജനമില്ലെന്നും ഞാനതിലെഴുതിയിരുന്നു. അതു മുതലാണ് സക്കറിയ എനിക്കെതിരെ പടയിളക്കാൻ തുടങ്ങിയത്. ആർ.എസ്.എസു കാരുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്നു എന്നതിലാണ് സക്കറിയക്ക് എതിർപ്പ്. അവിടെ ചെന്നാലും എന്റെ നിലപാടുകൾ മാത്രമേ ഞാൻ പറയാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം. അത് മനസ്സിലാക്കാത്തവരാണ് ഞാൻ ഹിന്ദുത്വ വാദികൾക്ക് വളമിട്ടുകൊടുക്കുന്നു എന്നാരോപിക്കുന്നത്.

സാന്നിധ്യം കൊണ്ട് താങ്കളുണ്ടാക്കികൊടുക്കുന്ന ഒരു മഹത്വം, സ്വീകാര്യത എന്നിവയെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നാണോ ?
അങ്ങനെ ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പ്രസംഗം കേട്ട ഒരാൾപോലും പറയില്ല ഞാനവരുടെ ആളാണെന്ന്. പി. വത്സലയോ, സി.രാധാകൃഷ്ണനോ ചെയ്തതുപോലെ അവരിൽ നിന്ന് അവാർഡ് സ്വീകരിക്കുകയോ മറ്റെന്തെങ്കിലും സമ്മാനങ്ങൾ കൈപ്പറ്റുകയോ ഞാൻ ചെയ്തിട്ടില്ല.
തരാത്തതാണോ തന്നിട്ട് വാങ്ങാത്തതാണോ?
രണ്ടും ഉണ്ടായിട്ടില്ല എന്ന് വെച്ചോളൂ
തനിക്ക് പറയാനുള്ളത് അവരോട് നേരിട്ട് പറയാൻ കിട്ടുന്ന അവസരം കളയേണ്ടെന്ന് കരുതിയാണോ അത്തരം മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് ?
അതു കൊണ്ട് മാത്രമാണെന്ന് ഞാൻ പറയുന്നില്ല. ഗുരു പറഞ്ഞതുപോലെ, ആരോടും അയിത്തം കൽപിക്കണമെന്ന് ഞാൻ വിചാരിക്കുന്നില്ല. നിലപാടിൽ മാറ്റം വരുത്തരുതെന്നല്ലാതെ, അവരെയെല്ലാം ബഹിഷ്കരിക്കലാണ് ശരി എന്ന പക്ഷം എനിക്കില്ല. നക്സലൈറ്റുകളുടെ മീറ്റിംഗിന് പോകുന്നത് അവരോട് യോജിപ്പുള്ളത് കൊണ്ടല്ല എന്നാർക്കാണ് അറിഞ്ഞുകൂടാത്തത്. ജമാഅത്തെ ഇസ്ലാമിക്കാരുടെ മീറ്റിംഗിലും ഞാൻ പങ്കെടുക്കാറുണ്ട്. എൻ.എസ്.എസിന്റെയും കത്തോലിക്കാ കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും മീറ്റിംഗുകൾക്കില്ലാത്ത അയിത്തം ആർ.എസ്.എസിനുമാത്രം കൽപിക്കണം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും പരസ്പര സംവാദത്തിന് അവസരമുണ്ടാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.
വർഗീയതയുടെയും ഫാസിസത്തിന്റെയും കക്ഷികൾക്ക് താങ്കളെപ്പോലെ സാമൂഹ്യസ്വീകാര്യതയുള്ള ആളുകൾ നൽകുന്ന പരിഗണന ജനങ്ങളെ തെറ്റിധരിപ്പിക്കില്ലേ?
ഞാൻ പോയി പ്രസംഗിച്ചതുകൊണ്ട് ആരെങ്കിലും ആർ.എസ്.എസുകാരായിത്തീരും എന്ന് ഞാൻ കരുതുന്നില്ല.
ഐ എസ്സിനെ പോലെയുള്ള ഒരു തീവ്രവാദ സംഘടന കേരളത്തിൽ ഒരു മീറ്റിംഗ് നടത്തുകയും താങ്കളെ വിളിക്കുകയും ചെയ്താൽ അതിലും താങ്കൾ പങ്കെടുക്കുമോ?
അവരങ്ങനെ ഒരു മീറ്റിംഗ് നടത്തുകയും എന്നെ വിളിക്കുകയും ചെയ്താൽ ഞാനതിൽ പങ്കെടുക്കാനും പ്രസംഗിക്കാനുമാണ് സാധ്യത. ഒരാളോടും നോ പറയുന്ന സ്വഭാവക്കാരനല്ല ഞാൻ എന്നതാണ് അതിന്റെ കാരണം. സക്കറിയയുടെ എഴുത്തിനോടും യുക്തിപരമായ സമീപനങ്ങളോടും എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ ബുദ്ധിജീവി എഴുത്തിനോട് പ്രതികരിച്ചു കൊണ്ടെഴുതിയതും വാത്സല്യത്തോടെയായിരുന്നു. പക്ഷെ അതിനുശേഷമാണ് അദ്ദേഹമെനിക്കെതിരെ ആരോപണമുന്നയിച്ചത് എന്നതാണ് യാഥാർത്ഥ്യം.

രാജ്യം വലിയൊരു ഫാസിസ്റ്റ് ഭീഷണിയിലാണ് എന്ന് താങ്കൾ കരുതുന്നുണ്ടോ ?
സുശക്തമായ ഒരു ഭരണ ഘടനയാണ് ഇന്ത്യയുടേത്. അതുള്ളിടത്തോളംകാലം അങ്ങനെയൊരു ഭയപ്പാടിന്റെ് കാര്യമില്ല. ഭരണഘടന നിലനിൽക്കുന്നകാലം വരെ ജനാധിപത്യവും നിലനിൽക്കും.
നാലിൽ മൂന്ന് ഭൂരിപക്ഷമായാൽ ഭരണഘടനയിലും തിരുത്തുകൾ ആവാമല്ലോ ?
സംഭവിക്കുന്ന കാര്യമല്ല അത്. ഹിന്ദുത്വത്തിന് അങ്ങനെ വലിയൊരു ശക്തിയാവാൻ കഴിയില്ല. ജാതിവ്യവസ്ഥയും മറ്റ് ആഭ്യന്തര വൈരുധ്യങ്ങളും കാരണം ഹിന്ദുത്വത്തിന് വിഘടിച്ച് നിൽക്കാനേ സാധിക്കൂ. ഇന്ത്യയിൽ ഫാസിസം നടപ്പിലാവും എന്ന ഒരാശങ്കയും എനിക്കില്ല.
എഴുത്തുകാർ കൊല്ലപ്പെടുന്നു. എതിർക്കുന്നവരെ കാണാതാവുന്നു. ദലിതരും ന്യൂനപക്ഷങ്ങളും താരക്ഷിതരാവുന്നു. ഇതൊക്കെയും ഫാസിസത്തിന്റെ ലക്ഷണങ്ങളല്ലേ ?
ഇന്ത്യയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ കൊണ്ട് നമുക്ക് തടയാവുന്നവയാണ് ഇതൊക്കെ. സംഘപരിവാർ ഇപ്പോൾ നടത്തുന്നത് സ്വന്തം നാശത്തിന് കാരണമായിത്തീരുന്ന കാര്യങ്ങളാണ്. എഴുത്തുകാരെ കൊല്ലുക എന്നത് തന്നെ എടുത്തു നോക്കുക. എന്നെ അവർ കൊന്നാൽ ആർക്കാണ് നഷ്‌ടം? അവർക്ക്‌തന്നെ. ചത്തുകഴിഞ്ഞിട്ട് എനിക്കെന്ത് നഷ്ടപ്പെടാനാണ്. പക്ഷെ കൊന്നവർക്കുള്ള നഷ്‌ടം വലുതായിരിക്കും. അനഭിമതരായ എഴുത്തുകാരെ തടയുക, കൊല്ലുക എന്നൊക്കെ പറയുന്നത് സാംസ്‌കാരികമായ ഫാസിസം തന്നെയാണ്.
പുതിയ കാലത്തെ എഴുത്തുകൾ ശ്രദ്ധിക്കാറുണ്ടോ ? ഈയിടെ വലിയ ചർച്ചയായിത്തീർന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെയും എസ്. ഹരീഷിന്റെയും കഥകൾ വായിച്ചിരുന്നോ ?
രണ്ടു കഥയും ഞാൻ വായിച്ചിട്ടില്ല. സുഭാഷ് ചന്ദ്രൻ, കെ.ആർ.മീര എന്നിവരുടെ നോവലുകൾ ശ്രദ്ധിച്ചിട്ടുണ്ട്. സനാതനമായ സത്യങ്ങൾ, കാലിക പ്രസക്തി എന്നീ രണ്ട് ഗുണങ്ങളും സാഹിത്യത്തിന്റെ ആണിക്കല്ലുകളാണ്. സ്നേഹം, മരണം, പാപബോധം എന്നിവയൊക്കെ എന്നും പ്രസക്തമായ വിഷയങ്ങളാണ്. വലിയ എഴുത്തുകാരൊക്കെ എന്നും കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളാണിത് പുതിയ എഴുത്തുകാരുടെ കൃതികളിലും ഇത്തരം വിഷയങ്ങൾ കടന്നു വരാറുണ്ട്. സമൂഹത്തിന്റെ പ്രതിഛായ എന്ന് വിളിക്കുന്ന എഴുത്തിൽ വലിയ കാര്യമൊന്നുമില്ല. ഒരു ഫോട്ടോഗ്രാഫർക്ക് ചെയ്യാവുന്ന പണി മാത്രമാണത്. ഒരു ചിത്രകാരൻ പക്ഷെ അങ്ങനെയല്ല. അയാൾ ഒരു രൂപം വെറുതെ പകർത്തുന്നവനല്ല. ആന്തരിക ജീവിതത്തെ പ്രതിധ്വനിപ്പിക്കുന്നു എന്നതുകൊണ്ടാണ് ചിത്രകല മഹത്തായ കലയായിത്തീരുന്നത്.ആന്തരിക ജീവിതത്തിലെ സങ്കീർണമായ ഭാവവിശേഷങ്ങൾ ആവിഷ്‌കരിക്കുന്നവനാണ് ചിത്രകാരൻ. ഫോട്ടോഗ്രാഫർക്ക് സാധിക്കാത്ത സംഗതിയാണത്. അടിത്തട്ടിലെ അസ്വസ്ഥതകൾ, സങ്കീർണതകൾ, വൈവിധ്യങ്ങൾ എന്നിവ ആവിഷ്കരിക്കുമ്പോഴാണ് അത് മഹത്തായ സാഹിത്യമായിത്തീരുക.
മഹാരാജാസിലെ അധ്യാപകവേഷത്തെകുറിച്ചു പറയാതെ പോയാൽ നമ്മുടെ സംഭാഷണം അപൂർണമായിപ്പോകുമെന്ന് ഞാൻ കരുതുന്നു. പ്രഗത്ഭരായ ഒട്ടനവധി വിദ്യാർത്ഥികൾ,സഹപ്രവർത്തകർ എന്നിങ്ങനെ പ്രൗഢഗംഭീരമായിരുന്നല്ലോ താങ്കളുടെ ഔദ്യോഗിക ജീവിതം?
എ.കെ.ആന്റണിയോ, വയലാർ രവിയേയോ മമ്മൂട്ടിയെയോ പഠിപ്പിച്ചു എന്നത് വലിയ കാര്യമായി ഞാൻ കാണുന്നില്ല. പ്രഗത്ഭരും പ്രശസ്തരുമായ ഒരുപാട്പേർ ഇതേ പോലെ വേറെയുമുണ്ട്. അവരോടൊക്കെ എനിക്കിപ്പോഴും നല്ല അടുപ്പവുമുണ്ട്. പക്ഷെ ഞാൻ ആദരിക്കുന്ന മറ്റു ചിലരുണ്ട്. ഒരുദാഹരണം പറയാം. തിരുവനന്തപുരത്ത് വെച്ച് ഒരിക്കൽ ഒരാൾഎന്നെ കാണാൻ വന്നു. അയാളുടെ ആവശ്യം ഞാനയാളുടെ കല്യാണത്തിൽ പങ്കെടുക്കണമെന്നായിരുന്നു. പിറ്റെദിവസമായിരുന്നു കല്യാണം. അനാഥമന്ദിരത്തിലെ ഒരു കുട്ടിയെയാണ് അയാൾ വിവാഹം ചെയ്യുന്നത്. തിരിച്ചുപോരേണ്ട അത്യാവശ്യമുണ്ടായിട്ടും അന്നവിടെ തങ്ങി, ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തു. മഹാരാജാസിൽ പഠിപ്പിച്ച കുട്ടികളിലൊരാളായിരുന്നു അദ്ദേഹം. തൊടുപുഴയിലെ ഭ്രാന്താശുപത്രിയിൽ അഗതികൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്ന ഒരു ശിഷ്യനെ ഒരിക്കൽ കാണാനിടയായി. അത്തരം ആളുകളാണ് മഹാൻമാരായ ശിഷ്യന്മാർ എന്ന് ഞാൻ വിചാരിക്കുന്നു.
കാഴ്ചക്കോ, കേൾവിക്കോ, സംസാരത്തിനോ കുഴപ്പമില്ല. നടക്കാനും പ്രസംഗിക്കാനുമൊക്കെ ഇപ്പോഴും സാധിക്കുന്നു. ഞങ്ങൾക്ക് പറഞ്ഞുതരാമോ ഈ ആരോഗ്യരഹസ്യം ?
ഇതിലൊന്നും ഒരു രഹസ്യവുമില്ല. ഞാൻ വളരെക്കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ എന്നത് പരസ്യമായ കാര്യമാണ്. ധാരാളം വെള്ളം കുടിക്കും. നന്നായി നടക്കും. മദ്യപാനവും പുക വലിയും ഉണ്ടായിരുന്നില്ല. ഒരിക്കലും അലസനായിരുന്നിട്ടില്ല, ആര് വിളിച്ചാലും എന്ത് കാര്യ ത്തിനായാലും കൂടെ പോവും. കൊലപാതകം നടത്തിവന്ന ആളോടൊപ്പം ഞാൻ സഹായ ത്തിന് പോയിട്ടുണ്ട്. സ്‌കൂളിൽ എന്റെ സീനിയറായി പഠിച്ച ഒരാളായിരുന്നു അയാൾ. തൽക്കാലം തല്ലുകൊള്ളാതെ രക്ഷിക്കണമെന്ന് പറഞ്ഞാണ് അയാളെന്റെടുത്ത് വന്നത്. ഞാനയാളോടൊപ്പം പോകുകയും ചെയ്‌തു.
കാലഹരണപ്പെട്ട സൗന്ദര്യബോധമാണോ താങ്കളുടേത്?
ക്ലാസിക്കൽ ആസ്വാദനരീതി പരിചയിച്ചുവന്ന ഒരാളാണ് ഞാൻ. എഴുത്തച്ഛൻ, ഉണ്ണായി വാര്യർ എന്നിങ്ങനെയാണ് ഞാൻ വായിച്ച് വളർന്നത്. പിന്നീടങ്ങോട്ട് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിങ്ങനെ. സി.വി.രാമൻപിള്ള, ചന്തുമേനോൻ എന്നിവരുടെ നോവലുകൾ. പിന്നീട് ബഷീർ, തകഴി, ദേവ്, എസ്.കെ.പൊറ്റക്കാട് എന്നിങ്ങനെ. എന്നിട്ടും ആധുനികത യുമായി മുകുന്ദനും, വിജയനും പുനത്തിലുമൊക്കെ വന്നപ്പോൾ അവരെ ആദ്യമായി സ്വാഗതം ചെയ്‌തത് ഞാനാണ്.

പുതിയ തലമുറയെ സ്വീകരിക്കാൻ ഇത്തിരി വിഷമമുണ്ടെന്ന് തോന്നുന്നു? ഇത്തിരി വിഷമമുണ്ടെന്ന് തോന്നുന്നു?
എഴുതുന്നതു മാത്രമല്ല സാഹിത്യം. നല്ല സാഹിത്യകൃതികളിൽ എഴുതാതെവിടുന്ന പല തുമുണ്ടാവും. സംസ്കൃതകാരന്മാർ ധ്വനി എന്ന് വിളിക്കുന്നതിനെയാണ്. ആധുനികതയ്ക്ക ശേഷം വന്നു കൊണ്ടിരിക്കുന്ന എഴുത്തുകളിൽ ഈ ധ്വനിതലം അനുഭവപ്പെടുന്നില്ല എന്ന താണ് സത്യം. സാമൂഹ്യ പ്രശ്നങ്ങൾ ഈ കൃതികളിൽ കൈകാര്യം ചെയ്യുന്നുണ്ടാവാം. അതെല്ലാം ബാഹ്യമായിപ്പോകുന്നു എന്നാണ് തോന്നുന്നത്. നല്ലൊരു പാട്ട് കേട്ടാൽ, അതിന്റെ ഈണവും താളവും നമ്മുടെ മനസ്സിൽ അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. നല്ല സാഹിത്യത്തിനും ഈ ഗുണവുണ്ടാവണം. വായിച്ചതല്ല, വായിച്ചതിനുശേഷം ചിന്തയിലി ങ്ങനെ നീറിപ്പിടിച്ചു നിൽക്കുന്നതിനെയാണ് ഉത്തമകൃതി എന്ന് വിളിക്കാനാവുക.
പുതിയ കാലത്തിന്റെ സെൻസിബിലിറ്റിയോട് പൊരുത്തപ്പെടാനുള്ള പ്രയാസം കൊണ്ടാവും ഇങ്ങനെ തോന്നുന്നത്?
പഴയ അഭിരുചികളിൽ മനസുറപ്പുപോയതിന്റെ പ്രശ്നങ്ങളുണ്ടാവാം. സൗന്ദര്യസ്വാനത്ത് ആർക്കും ചില പരിധിയുണ്ട്. അതിനപ്പുറത്തേയ്ക്ക് പോവുക സാധ്യമല്ല. ആശാനെ ഇഷ്ടപ്പെടുന്ന അതേ അളവിൽ ഉള്ളൂരിനെ ഇഷ്ടപ്പെടാത്തതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഞാനെന്താണുത്തരം പറയുക. എന്റെ അഭിരുചിയാണ് അതിന്റെ ഹേതു. അധികമാരും ഇഷ്ടപ്പെടാത്ത നാലപ്പാട്ട് നാരായണമേനോന്റെ കണ്ണുനീർത്തുള്ളി ഇപ്പോഴും ഞാൻ വായിക്കാറുണ്ട്. ഒരു കൃതി ഞാനനുഭവിക്കുമ്പോലെ മറ്റൊരാൾക്കനുഭവിക്കാൻ കഴിയണമെന്നി ല്ല. അതിനപ്പുറമായി അതിനെക്കുറിച്ചൊന്നും പറയാനുമില്ല.

ഒരാൾക്കിഷ്ടപ്പെട്ടു എന്നത് കൃതിയുടെ ഗുണമാവുന്നതെങ്ങനെയാണ് ?ഇംപ്രഷനിസം എന്ന് കാലം തള്ളിയ ആശയമല്ലേ !
ഇവിടെയാണ് വിമർശനത്തിന്റെ പ്രസക്തി. സുശിക്ഷിതമായ കാവ്യസിദ്ധാന്തങ്ങളുടെ പിൻബലത്തിൽ നമുക്ക് പറയാൻ സാധിക്കണം എന്തു കൊണ്ടാണ് ഒരു കൃതി ഇഷ്ടമായതെന്ന്അല്ലെങ്കിൽ ഇഷ്ടപ്പെടാത്തതെന്ന്. ഒരു കൃതി ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് വിമർശനമല്ല. എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാലത് വിമർശനമായി. സാഹിത്യാസ്വാദനം താരതമ്യേന പ്രയാസമുള്ള സംഗതിയല്ല. പക്ഷെ ഞാനാസ്വദിച്ച ഒരു കൃതി മറ്റുള്ളവർക്കുകൂടി ആസ്വദിക്കാൻ കഴിയുംവിധം യുക്തിഭദ്രമായി വിശദീകരിച്ചുകൊടുക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. മഹാഭാരതം വായിച്ചാസ്വദിക്കുന്ന എളുപ്പത്തിൽ ഭാരത പര്യടനം പോലെയൊരു കൃതി രചിക്കാനാവില്ല. ആഴത്തിലുള്ള കാവ്യാസ്വാദനശേഷി, അപാരമായ ബുദ്ധി വൈഭവം, ആകർഷകമായ രചനാ ശൈലി എന്നിവയെല്ലാം ഒത്തുചേർന്നതുകൊണ്ടാണ് മാരാർക്ക് ഭാരതപര്യടനം എഴുതാൻ സാധിച്ചത്.
മറ്റൊരാളുടെ സഹായത്തോടെ ആസ്വദിക്കേണ്ട ഒന്നാണോ സാഹിത്യം?
നിങ്ങൾ മേഘസന്ദേശം വായിക്കുന്നു. ആസ്വദിക്കുന്നു. അതിനുശേഷം സന്ദേശം അതൊന്നേയുള്ളൂ എന്ന മുണ്ടശ്ശേരിയുടെ വിമർശലേഖനം വായിക്കുന്നു എന്നു കരുതുക. ആദ്യവായനയിൽ നിങ്ങൾ കാണാതെപോയ ചില സൗന്ദര്യാംശങ്ങൾ നിങ്ങളപ്പോൾ കാണുകയാണ്. സൂക്ഷ്മഭാവങ്ങളും മറ്റ് വിശദാംശങ്ങളുമൊക്കെ സാധാരണ വായനക്കാർക്കുകൂടി മനസിലാവും വിധം പറഞ്ഞുകൊടുക്കുകയാണ് സാഹിത്യ വിമർശനം ചെയ്യുന്നത്. അരി സ്റ്റോട്ടിലിനെ വായിക്കാതെ തന്നെ നമുക്ക് സോഫോക്ലീസിന്റെ നാടകം വായിക്കാം. എന്നാൽ അരിസ്റ്റോട്ടിലിനെ കൂടി വായിക്കുന്നതോടെ ട്രാജഡിയുടെ ആഴമേറിയ അനുഭവ ലോകത്തേക്കാണ് നമ്മളേത്തിപ്പെടുക.

അങ്ങനെയെങ്കിൽ വിമർശകരുടെ വംശം കുറ്റിയറ്റുപോയതെന്തുകൊണ്ടാണ്?
നല്ല വിമർശകരില്ലാത്തതുകൊണ്ടാണ് മലയാളത്തിൽ നല്ല വിമർശനങ്ങളുണ്ടാവാത്തത്.എന്നു കരുതി തീരെ ഉണ്ടാവുന്നില്ല എന്നും പറയാനാവില്ല. വി. രാജകൃഷ്‌ണനും വി.സി ശ്രീജനും തോമസ്മാത്യുമൊക്കെ നല്ല സാഹിത്യ വിമർശകരാണ്. മറ്റ് ചിലർക്ക് കിട്ടിയതുപോലുള്ള പബ്ലിസിറ്റി കിട്ടുന്നില്ല എന്നതുകൊണ്ട് അവർ മോശക്കാരാവുന്നില്ല. ഇപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കൃതികൾ പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടേക്കാം. തിരിച്ചും സംഭവിക്കാം. എഴുതിക്കൊണ്ടിരുന്ന കാലത്ത് മഹാകവിയായി വാഴ്ത്തപ്പെട്ടയാളാണ് കേരളവർമ വലിയകോയിത്തമ്പുരാൻ. ഇന്നാരെങ്കിലും അദ്ദേഹത്തെ വായിക്കുന്നുണ്ടോ? ജെറാൾഡ് മാൻലി ഹോപ്‌കിൻസ് എന്ന കവിയുടെ ഒരു കവിതപോലും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആരും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നിട്ടെന്തായി? ലോകത്തേറ്റവുമധികം വായി ക്കപ്പെട്ട കവിതകളാണദ്ദേഹത്തിന്റേത്.
'എം. കെ സാനു എന്ന വിമർശകനെ കാലത്തിനപ്പുറത്തേക്കും നിലനിർത്തും എന്ന് വിചാരിക്കുന്ന ഏതെങ്കിലും കൃതി താങ്കൾ എഴുതിയിട്ടുണ്ടോ?
മാരാരുടെ സാഹിത്യവിദ്യപോലെ, 'കാവ്യതത്വപ്രവേശിക' എന്ന എന്റെ കൃതിയും നിലനിൽക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. സാഹിത്യ വിദ്യാർത്ഥികളെ കാവ്യാസ്ഥാദനത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന രചനയാണത്. മറ്റ് വിമർശന കൃതികളും എളുപ്പത്തിൽ മാഞ്ഞുപോകുന്നവയാണെന്ന് ഞാൻ വിചാരിക്കുന്നില്ല.
കടപ്പാട്: മാതൃഭൂമി
