കവിതയെക്കുറിച്ച് കവി വിഷ്ണുപ്രസാദുമായി വി. അബ്ദുല്‍ ലത്തീഫ് ട്രൂകോപ്പി വെബ്സീനുവേണ്ടി നടത്തിയ സംഭാഷണം ഇതിനകം പല വാദപ്രതിവാദങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. അതിനൊരു പ്രധാന കാരണം, ഈ അഭിമുഖ സംഭാഷണത്തിന്റെ തലക്കെട്ടാണ്: ‘മലയാള കവിതയില്‍ കോക്കസുണ്ട്.’
ഒപ്പം, എസ്. ജോസഫ്, പി. രാമന്‍ എന്നിവര്‍ കവിതയില്‍ നടത്തിയ ചില ഇടപെടലുകളെക്കുറിച്ചും വിഷ്ണുപ്രസാദ് സംസാരിക്കുന്നുണ്ട്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രതികരണങ്ങള്‍ പലതും പുറത്തുവന്നുകഴിഞ്ഞതിനാൽ, അധികം സംസാരിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, പ്രതികരിക്കേണ്ട ചില ഘടകങ്ങള്‍ വേറെയും ഈ സംഭാഷണത്തിലുണ്ട് എന്നാണ് എന്റെ ബോധ്യം. അത് വിഷ്ണുപ്രസാദ് കവിതയെക്കുറിച്ച് നടത്തിയ ചില നിരീക്ഷണങ്ങളാണ്. അവയിൽച്ചിലതു സൂചിപ്പിക്കാം.1990- കള്‍ മുതല്‍ സൈബര്‍ സ്‌പെയ്‌സിന്റെ ആവിര്‍ഭാവത്തിന് മുമ്പുവരെയുള്ള ഘട്ടത്തെ പുതുകവിതയുടെ കാലമെന്നും സൈബര്‍ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച്, ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചാരത്തില്‍ വരുന്ന കവിതയെ സമീപകവിത എന്നുമാണ് അദ്ദേഹം വിളിക്കുന്നത്.
സമീപകവിതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും വിഷ്ണുപ്രസാദ് ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഓർമ്മിക്കാവുന്നതാണ്. അദ്ദേഹം ആ നിലയിൽ ശ്രദ്ധിക്കപ്പെട്ട കവിയാണ്. ഒപ്പം, ‘ബൂലോക കവിത’ തുടങ്ങിയ സംരംഭങ്ങളിലൂടെ ആദ്യഘട്ടത്തില്‍ത്തന്നെ സൈബര്‍ സ്‌പെയ്‌സില്‍ എഴുതുന്ന മറ്റു കവികളെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവരുടെ കവിതകള്‍ക്ക് വേണ്ട പ്രധാന്യം നല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പീന്നിടാണെങ്കിലും, തന്റെ സെന്‍സിബിലിറ്റിയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം മികച്ചതെന്നു തോന്നിയ കവിതകളെക്കുറിച്ച് സംസാരിക്കാറുണ്ട്, അത്തരം കവിതകള്‍ മറ്റുള്ളവരുമായി പങ്കിടാറുമുണ്ട്. ഇങ്ങനെ വളരെ സജീവമായി ഇക്കാലത്തെ കവിതയില്‍ നില്‍ക്കുന്നയാളാണ് വിഷ്ണുപ്രസാദ്. എന്നാൽ ഇതേ കാര്യങ്ങൾതന്നെ ജോസഫോ രാമനോ ചെയ്താൽ അതെങ്ങനെ കോക്കസ് ആകും എന്നാണ് എനിക്കു മനസ്സിലാവാത്ത ഒരു കാര്യം. വിഷ്ണുപ്രസാദ് സ്വന്തം അഭിരുചിക്കിണങ്ങിയ മറ്റു കവിതകൾ കണ്ടെത്തുന്നതുപോലെതന്നെയാണ് ജോസഫും രാമനും അവരവർക്കു ബോധിച്ച കവിതകളെക്കുറിച്ചു സംസാരിക്കുന്നത്. അഭിരുചിയുടെ വ്യത്യസ്തതകളെപ്പറ്റി കവിതയിലും കാഴ്ചപ്പാടിലും ഊന്നിയുള്ള ചർച്ചകൾ വരട്ടെ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തിപരമായ ഘടകങ്ങൾ ഒഴിവാക്കി സംവാദം എന്ന രീതിയിൽ വികസിപ്പിച്ചാൽ മാത്രമേ കവിതാചർച്ച എന്ന നിലയിൽ അത് ആരോഗ്യകരമാവുകയുള്ളൂ.
പുതുകവിതയെ വളരെ ഉപരിപ്ലവമായി സാമാന്യവല്‍ക്കരിക്കുകയാണ് വിഷ്ണുപ്രസാദ് ചെയ്യുന്നത്. അതായത്, ആറ്റൂരിന്റെയും കെ.ജി. ശങ്കരപ്പിള്ളയുടെയും പുസ്തകങ്ങളിലും സമാഹാരങ്ങളിലും അല്ലെങ്കില്‍ പില്‍ക്കാല കവികള്‍ക്കുവേണ്ടി അവര്‍ ഇറക്കിയിട്ടുള്ള സമാഹാരങ്ങളിലും പ്രത്യക്ഷപ്പെട്ട കവിത എന്ന സാമാന്യവല്‍ക്കരണം കവിതയിലേക്കല്ല, പകരം ചില മുതിർന്ന കവികളിലേക്കാണു ചൂണ്ടുന്നത്.
വിഷ്ണുപ്രസാദ് സമീപകവിത എന്നു വിളിക്കുന്ന താൻ ഏർപ്പെട്ടിട്ടുള്ള മേഖലയെപ്പോലും അദ്ദേഹം രണ്ടു ധാരകളായി വിഭജിക്കുകയും അവയെ സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നു എന്നൊരു പ്രശ്‌നം എനിക്ക് തോന്നി. കവിത ഓരോ കാലത്തും അതിനു നൽകപ്പെടുന്ന നിർവചനങ്ങളെ ലംഘിച്ചുകൊണ്ടാണു വികസിക്കുന്നത്. ഇക്കാലത്തെ കവിതയെപ്പോലും രണ്ടു ധാരകളാക്കിയാൽ അവയ്ക്കു പുറത്തുനിൽക്കുന്ന മികച്ച കവിതകളെ അവഗണിക്കുകയാവും ഫലം. ഈ സാമാന്യവല്‍ക്കരണത്തിന്റെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നത് 90- കള്‍ മുതല്‍ ആരംഭിച്ചു എന്നു പറയുന്ന പുതുകവിതയെക്കുറിച്ച് സംസാരിക്കുമ്പോഴാണ്. പുതുകവിതയുടെ ഒരു ആരംഭകാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഒരു രാഷ്ട്രീയസാഹചര്യമാണ്. സ്ത്രീകളെയും ദലിതരെയും പോലെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ ഇടം നല്‍കുന്നതിന്, അവരുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് രൂപപ്പെട്ട ഒരു പ്രസ്ഥാനമാണ് പുതുകവിത എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. സാഹചര്യം അതു മാത്രമല്ലെങ്കിലും തീർച്ചയായും അങ്ങനെയൊന്നുണ്ട്. ഒപ്പം, അദ്ദേഹം പുതുകവിതയുടെ മറ്റു ചില സവിശേഷതകളിലും ഊന്നുന്നുണ്ട്.
അതില്‍ ഒന്ന്, ഭാഷ ലളിതമാക്കുന്നു എന്നതാണ്. സംസ്‌കൃതപദങ്ങൾ ഒഴിവാക്കി സാധാരണ ജനങ്ങളോട് അടുക്കാനുള്ള ശ്രമം പുതുകവിത നടത്തുന്നുണ്ട് എന്ന് അദ്ദേഹം അംഗീകരിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പുതുകവിത വേണ്ടത്ര വിജയിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് ഒരു ഉപരിവര്‍ഗത്തിന്റെ ആവിഷ്‌കാര മാധ്യമമായി തുടര്‍ന്നു എന്നാണ് വിഷ്ണുപ്രസാദിന്റെ നിരീക്ഷണം. ഇക്കാര്യത്തിൽ ഉപരിവർഗം എന്നതിനെ ന്യൂനപക്ഷം എന്ന നിലയിൽ കാണാനാണ് എനിക്കിഷ്ടം. ഒന്നു പറയുകയും മറ്റൊന്ന് അർത്ഥമാക്കുകയും ചെയ്യുക, സാധാരണഭാഷയിലുള്ള വാക്കുകൾ പോലും പ്രയോഗിക്കുമ്പോൾ സവിശേഷമായ ഒരു ഊന്നൽ ലഭിക്കുക എന്നിങ്ങനെ കവിതയുടെ സവിശേഷസ്വഭാവങ്ങൾ കവിതാസാക്ഷരതയുള്ള ഒരു വിഭാഗത്തിനേ വഴങ്ങൂ. ആ വിഭാഗമാകട്ടെ ഉയർന്നത്, താഴ്ന്നത് എന്നീ സാമൂഹികനിലകളെ അതിലംഘിക്കുകയും ചെയ്യുന്നു.
വിഷ്ണുപ്രസാദ് പുതുകവിത എന്നു പറയുമ്പോള്‍ മനസ്സില്‍ വയ്ക്കുന്നത് പി.പി. രാമചന്ദ്രന്റേയും പി. രാമന്റേയും മറ്റും കവിതകളാണ്. 'മറ്റും' എന്നു പറയുമ്പോള്‍ പോലും ഈ രണ്ടുപേരുടെ കവിതകളാണ് പ്രധാനമായും വിഷ്ണുപ്രസാദ് മനസ്സില്‍ കാണുന്നത്. അതിന്റെ പ്രധാന പ്രശ്‌നം, അവരുടെ കവിതകളില്‍ തന്നെ കാലികമായ പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ്.
പിന്നെയുള്ളതും ചില വിമര്‍ശനങ്ങളാണ്. സദാചാരവിരുദ്ധമായ ഒരു വാക്കുപോലും പ്രയോഗിക്കാത്ത തരത്തിലുള്ള ആവിഷ്‌കാരരീതിയായിരുന്നു പുതുകവിതയിലുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. മറ്റൊന്ന്, പരീക്ഷണവിമുഖമായിരുന്നു എന്ന അതീവ ഗുരുതരമായ സംഗതിയാണ്. പുതുകവിതയെ വളരെ ഉപരിപ്ലവമായി സാമാന്യവല്‍ക്കരിക്കുകയാണ് വിഷ്ണുപ്രസാദ് ചെയ്യുന്നത്. അതായത്, ആറ്റൂരിന്റെയും കെ.ജി. ശങ്കരപ്പിള്ളയുടെയും പുസ്തകങ്ങളിലും സമാഹാരങ്ങളിലും അല്ലെങ്കില്‍ പില്‍ക്കാല കവികള്‍ക്കുവേണ്ടി അവര്‍ ഇറക്കിയിട്ടുള്ള സമാഹാരങ്ങളിലും പ്രത്യക്ഷപ്പെട്ട കവിത എന്ന സാമാന്യവല്‍ക്കരണം കവിതയിലേക്കല്ല, പകരം ചില മുതിർന്ന കവികളിലേക്കാണു ചൂണ്ടുന്നത്. മറ്റ് സ്ഥലങ്ങളില്‍, ‘പി.പി. രാമചന്ദ്രന്റേതായാലും പി. രാമന്റേതായാലും’ എന്നു പറഞ്ഞിട്ടാണ് അദ്ദേഹം പുതുകവിതയെക്കുറിച്ച് സംസാരിക്കുന്നത്. അതായത്, അദ്ദേഹം പുതുകവിത എന്നു പറയുമ്പോള്‍ മനസ്സില്‍ വയ്ക്കുന്നത് പി.പി. രാമചന്ദ്രന്റേയും പി. രാമന്റേയും മറ്റും കവിതകളാണ്. 'മറ്റും' എന്നു പറയുമ്പോള്‍ പോലും ഈ രണ്ടുപേരുടെ കവിതകളാണ് പ്രധാനമായും വിഷ്ണുപ്രസാദ് മനസ്സില്‍ കാണുന്നത്. അതിന്റെ പ്രധാന പ്രശ്‌നം, അവരുടെ കവിതകളില്‍ തന്നെ കാലികമായ പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ്. പി.പി. രാമചന്ദ്രൻ മാമ്പഴക്കാലം എഴുതിയ രീതിയിലല്ല പിന്നീട് കാണെക്കാണെ എഴുതുന്നത്. അതുപോലത്തെ കവിതയല്ല ഉത്തരകാലം.
'ലോലമാം റബ്ബറുറയിട്ട വാക്കുകള്‍
കാതില്‍ വഴുവഴുക്കുന്നുവെന്നോ സഖീ'
എന്ന് ഭാഷയെക്കുറിച്ചെഴുതുമ്പോള്‍, അതിലുള്ളത് സദാചാരബദ്ധമായ ഇമേജാണോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. പി. രാമന്റെ 'കനം' എന്ന സമാഹാരത്തില്‍നിന്ന് പിന്നീടുള്ള സമാഹാരങ്ങളിലേക്ക് വരുമ്പോള്‍-രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് പോലുള്ള സമാഹാരങ്ങള്‍- എഴുത്തുരീതിയില്‍ വലിയ വ്യത്യാസങ്ങള്‍ വന്നിട്ടുള്ളതായാണ് എന്റെ അനുഭവം.
മാത്രമല്ല, മാധ്യമങ്ങളുടേതായ പങ്കും പ്രാധാന്യവും വിഷ്ണുപ്രസാദ് വേണ്ടത്ര കണക്കിലെടുക്കുന്നില്ല. തൊണ്ണൂറുകളില്‍ ഇത്തരം കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു സാഹചര്യം കൂടി സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കി പറയാം. കാരണം, തൊണ്ണൂറുകളുടെ തുടക്കം മുതല്‍ കവിതകള്‍ പ്രസിദ്ധീകരിച്ചുവരുന്ന ഒരാളാണ് ഞാന്‍. തൊണ്ണൂറുകളില്‍ രൂപപ്പെട്ടത് എന്നു പറയുന്ന കവിതയെക്കുറിച്ചും പിന്നീട് സൈബര്‍ സ്‌പെയ്‌സില്‍ പ്രചാരം നേടിയ കവിതകളെക്കുറിച്ചും പലപ്പോഴും എഴുതിയിട്ടുമുണ്ട്. സൈബര്‍ സ്‌പെയ്‌സിലെ കവിതകളെക്കുറിച്ച് ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. 2012-ല്‍ ഫേസ്ബുക്കില്‍ വളരെ നീണ്ട ഒരു ലേഖനം- ‘കവിതയും നവമാധ്യമങ്ങളും’ എന്ന പേരില്‍ ഞാൻ പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം അത് ഒന്നുകൂടി വിപുലമാക്കി മലയാളം റിസര്‍ച്ച് ജേണല്‍ എന്ന അക്കാദമിക് പ്രസിദ്ധീകരണത്തില്‍ കൊടുക്കുകയും ചെയ്തു. പിന്നീട് ഓരോ കവിയെക്കുറിച്ചും സവിശേഷമായി എഴുതേണ്ടിവന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഡോണ മയൂരയുടെ ആദ്യ കവിതാസമാഹാരത്തിന്റെ അവതാരിക മുതല്‍അടുത്ത കാലത്ത് നിഷാ നാരായണന്റെ കവിതാ സമാഹാരത്തിന്റെ മുഖക്കുറിപ്പ് വരെയുള്ള ഇടപെടലുകള്‍ ഈ മേഖലയില്‍ നടത്തിയിട്ടുണ്ട്. ഈ രീതിയില്‍ സൈബര്‍ സ്‌പെയ്‌സിലുണ്ടാകുന്ന ചലനങ്ങളെയും ശ്രദ്ധിച്ചുപോരുന്ന ഒരാളാണ് ഞാന്‍.
പി.പി. രാമചന്ദ്രന്റെ കവിതാരീതിയല്ല വി.എം. ഗിരിജയ്ക്ക്, ഗിരിജയുടെ കവിതാരീതിയല്ല അന്‍വർ അലിയ്ക്ക്, അന്‍വറിന്റെ രീതിയല്ല അനിത തമ്പിയ്ക്ക്. ഈ രീതിയിലുള്ള വൈവിധ്യങ്ങളും വ്യത്യാസങ്ങളും അന്നുതന്നെ കവിതയിലുണ്ട്. ഇവരെ കൂടാതെ, നിരവധി മറ്റു കവികള്‍ തൊണ്ണൂറുകളില്‍ത്തന്നെ എഴുതുന്നുണ്ട്
വിഷ്ണുപ്രസാദിന് ആ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ട് അധികം വിശദീകരിക്കുന്നില്ല. എന്നാല്‍, തൊണ്ണൂറുകള്‍ മുതലുള്ള കവിതയെക്കുറിച്ച് കുറച്ചുകൂടി വിശദമായി സംസാരിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആ കാലം ഓര്‍ത്തെടുക്കുകയാണെങ്കില്‍, ഒരു കവിയും ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവത്തില്‍ എഴുതാനായിട്ടില്ല തുടക്കം മുതല്‍ ശ്രമിച്ചുപോന്നത് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ ശ്രദ്ധേയമായ ചില കവിതകളുണ്ടാകുന്നുണ്ട്. പി.പി. രാമചന്ദ്രന്റെ മാമ്പഴക്കാലം, അന്‍വര്‍ അലിയുടെ മഴക്കാലം, ടി.പി. രാജീവന്റെ രാഷ്ട്രതന്ത്രം, വി.എം. ഗിരിജയുടെ പ്രണയമൊരാല്‍ബം എന്ന പേരില്‍ പില്‍ക്കാലത്ത് സമാഹരിച്ച പല കവിതകൾ, കെ.ആര്‍. ടോണിയുടെ സമനില എന്ന സമാഹാരത്തില്‍ പിന്നീട് സമാഹരിച്ച പല കവിതകൾ എന്നിവ ഉദാഹരണം. കൂടാതെ, അനിത തമ്പിയുടെ കേകയില്‍ ഒരു തീവണ്ടി പോലുള്ള കവിതകള്‍. 1989- 90 കാലത്തുതന്നെ അനിത സജീവമായി എഴുതുന്നുണ്ട്. റഫീക്ക് അഹമ്മദുണ്ട്, കെ. രാജഗോപാലുണ്ട്, പി.എന്‍. ഗോപീകൃഷ്ണനുണ്ട്... ഇങ്ങനെ ധാരാളം കവികള്‍ ഈ സമയത്ത് ശ്രദ്ധേയരായി വരുന്നുണ്ട്. തൊണ്ണൂറുകളുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഇത്തരം പല കവിതകളും പുറത്തുവന്നുകഴിഞ്ഞിരുന്നു. കെ.ജി. ശങ്കരപ്പിള്ളയുടെ സമകാലീനകവിത, അയ്യപ്പപ്പണിക്കരുടെ കേരളകവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ധാരാളം കവിതകള്‍ വന്നിട്ടുണ്ട്. പക്ഷേ, അവയ്‌ക്കൊന്നും ഒരു പ്രസ്ഥാനസ്വഭാവമില്ലായിരുന്നുവെന്നതാണ് വാസ്തവം. അതായത്, ഒരാൾ ഒരു കവിത എഴുതുന്നു, അത്, മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നില്ലെങ്കിൽ, പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ള, ഒരു സ്ഥലത്തേക്ക് അയച്ചുകൊടുക്കുന്നു, അവിടെ അത് പ്രസിദ്ധീകരിക്കുന്നു എന്നതിപ്പുറം കേരള കവിതയില്‍ വന്നിട്ടുള്ള കവിതകളെല്ലാം അയ്യപ്പപ്പണിക്കരുടെ ധാരയിലോ സമകാലീന കവിതയില്‍ വന്നിട്ടുള്ള കവിതകളെല്ലാം കെ.ജി. ശങ്കരപ്പിള്ളയുടെ ധാരയിലോ പെടുന്നതല്ല. പകരം, കവിതകള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടം എന്ന നിലയിലാണ് അത്തരം പ്രസിദ്ധീകരണങ്ങളെ കവികള്‍ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഓരോ കവിയുടെയും എഴുത്തുരീതി വ്യത്യസ്തമായിരുന്നു. രാമചന്ദ്രന്റെ കവിതാരീതിയല്ല ഗിരിജയ്ക്ക്, ഗിരിജയുടെ കവിതാരീതിയല്ല അന്‍വറിന്, അന്‍വറിന്റെ രീതിയല്ല അനിതയ്ക്ക്. ഈ രീതിയിലുള്ള വൈവിധ്യങ്ങളും വ്യത്യാസങ്ങളും അന്നുതന്നെ കവിതയിലുണ്ട്. ഇവരെ കൂടാതെ, നിരവധി മറ്റു കവികള്‍ തൊണ്ണൂറുകളില്‍ത്തന്നെ എഴുതുന്നുണ്ട്- എസ്. ജോസഫ്, ആശാലത, രജനി മന്നാഡിയാര്‍, വീരാന്‍കുട്ടി, എല്‍. തോമസുകുട്ടി, എ. സി. ശ്രീഹരി... ഓരോരുത്തരുടെയും എഴുത്തുരീതിയില്‍ വ്യത്യാസങ്ങളുമുണ്ട്. ഇവരെയെല്ലാം ചേര്‍ത്ത് പൊതുവായ ഒരു പ്രസ്ഥാനമായി എങ്ങനെ കണക്കാക്കാം എന്നെനിക്കറിയില്ല. തൊണ്ണൂറുകള്‍ മുതലാണ് എഴുതപ്പെട്ടത് എന്നതൊഴിച്ചാല്‍ ഒരു പ്രസ്ഥാനസ്വഭാവം അതിനുണ്ട് എന്നെനിക്ക് തോന്നുന്നില്ല.
പിന്നീട് ഈ കവിതകളെക്കുറിച്ച് വികസിച്ചുവരുന്ന ചർച്ചകളെക്കുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. അക്കാലത്ത്, സി.ആര്‍. നീലകണ്ഠന്റെ പേരിലുള്ള കാർഡ് വന്നിരുന്നത് ഞാനോർക്കുന്നു, പുതിയ കവിതയെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന തരത്തില്‍. (കവി എന്ന നിലയ്ക്കല്ല അദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. എന്നാൽ വി.എം. ഗിരിജയുടെ പങ്കാളിയെന്ന നിലയ്ക്കുള്ള അടുപ്പം അദ്ദേഹത്തിന് കവികളുമായുണ്ട്.) ആ കാലത്ത് ഞാൻ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ല. കാരണം, അത്തരമൊരടുപ്പം ഇവരുമായി അന്ന് എനിക്കുണ്ടായിരുന്നില്ല. എങ്കിലും ആ ചര്‍ച്ചകളെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. അത് ഒരു ഗ്രൂപ്പിന്റെ ആവിര്‍ഭാവവുമായൊന്നുമല്ല വിലയിരുത്തേണ്ടത്; കോക്കസ് ആരോപണം അക്കാലത്തും ഉണ്ടായിരുന്നു എന്നതുകൊണ്ട് പറയുകയാണ്. പല കവികള്‍ക്കും ഇത്തരം കത്തുകള്‍ കിട്ടിയിട്ടുണ്ട്. ശ്രീകുമാര്‍ കരിയാട്, കെ. രാജഗോപാല്‍, റഫീക്ക് അഹമ്മദ് തുടങ്ങിയവര്‍ ഈ ചര്‍ച്ചകള്‍ക്ക് പോയിട്ടുണ്ട്. ഏകദേശം സമാനഹൃദയര്‍ എന്നു പറയാവുന്ന ചിലര്‍ കുറെനേരം കൂടിയിരുന്ന് ഓരോരുത്തരുടെയും കവിതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു അന്നത്തെ രീതി. പിൽക്കാലത്ത് ഈ കവികൾക്കൊപ്പം ധാരാളം ചർച്ചകളിലും വിവർത്തനക്യാമ്പുകളിലും മറ്റും ഞാനും പങ്കെടുത്തിട്ടുള്ളതുകൊണ്ടും എല്ലാവരുമായും അടുത്ത സൗഹൃദം ഉണ്ടായതുകൊണ്ടുമാണ് ഇങ്ങനെ ഉറപ്പിച്ചു പറയുന്നത്.
അക്കാലത്ത് വി.എം. ഗിരിജ ഒരു കവിത ഭാഷാപോഷിണിക്ക് അയച്ചു. കവിത പ്രസിദ്ധീകരിക്കാം, പക്ഷെ, കവിതയിലുണ്ടായിരുന്ന, കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടില്‍നിന്നുള്ള ചില തെറിവാക്കുകള്‍ ഒഴിവാക്കണം എന്നായിരുന്നു ഭാഷാപോഷിണിയുടെ നിലപാട്.
ഈ ചര്‍ച്ചകളിലൂടെ രൂപപ്പെട്ട സംഗതിയെ ഒരു പ്രസ്ഥാനം എന്ന് പറയാനാകില്ല. കാരണം, ആ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന എല്ലാവരും വ്യത്യസ്തമായ തരത്തിലാണ് കവിതകള്‍ എഴുതിയിരുന്നത്. അതാണ് കൗതുകകരമായ കാര്യം. വളരെ വ്യത്യസ്തമായ കാഴ്ചപ്പാടും എഴുത്തുരീതികളും പിന്തുടര്‍ന്നിരുന്ന കുറെയേറെ കവികളുടെ സഹവര്‍ത്തിത്വമാണ് ആ സമയത്തുണ്ടായിരുന്നത്. അല്ലാതെ അതിനൊരു പ്രസ്ഥാനസ്വഭാവം സങ്കല്‍പ്പിക്കാനാകില്ല. പി.പി. രാമചന്ദ്രന്റെയോ പി. രാമന്റെയോ കവിതകളെ അടിസ്ഥാനപ്പെടുത്തി ആ കവിതകളെ സാമാന്യവല്‍ക്കരിക്കാന്‍ പറ്റില്ല. അവ പ്രസിദ്ധീകരിച്ചിരുന്നത് അച്ചടിമാധ്യമങ്ങളിലാണ്. അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഒരു കാര്യം കൂടി പറയാം. സദാചാരവിരുദ്ധമായ വാക്കുകള്‍ ഈ കവിതകളിലുണ്ടായിരുന്നില്ല എന്നൊരു സംഗതി ഈ അഭിമുഖത്തിലുള്ളതുകൊണ്ട് പറയുകയാണ്, അത് മാധ്യമങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്.
അക്കാലത്ത് വി.എം. ഗിരിജ ഒരു കവിത ഭാഷാപോഷിണിക്ക് അയച്ചു. കവിത പ്രസിദ്ധീകരിക്കാം, പക്ഷെ, കവിതയിലുണ്ടായിരുന്ന, കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടില്‍നിന്നുള്ള ചില തെറിവാക്കുകള്‍ ഒഴിവാക്കണം എന്നായിരുന്നു ഭാഷാപോഷിണിയുടെ നിലപാട്. അത് സ്വാഭാവികമാണ് എന്നുതന്നെയാണ് ഞാന്‍ പറയുക. കാരണം, അതുൾക്കൊള്ളാവുന്ന വിധമൊരു ഒരു വളര്‍ച്ച കേരളീയ സമൂഹം അന്നു കൈവരിച്ചിട്ടില്ല. എന്നാല്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അന്‍വറിന്റെ ഒരു വള്ളപ്പാട്ട് എന്ന കവിതയിലെ, 'എനിക്കുള്ള ജന്മം, നിനക്കെന്താടീ, ഞാന്‍ നടുവിരല്‍ കാട്ടി' എന്ന മട്ടിലുള്ള പ്രയോഗങ്ങൾ അന്നത്തെ കവിതയിലുണ്ട്. ഞാന്‍ എഴുതിയ പൂരപ്പാട്ട് എന്ന കവിതയില്‍, തുടക്കം മുതല്‍ അവസാനം വരെ ഒരു സദാചാരവിരുദ്ധന്റെ ജീവിതമാണ്. (എന്റെ കവിതകളില്‍ സദാചാരവിരുദ്ധന്മാരുടെ ജീവിതം ധാരാളം വന്നിട്ടുണ്ട്. ഒരു ക്ഷുദ്രകവിയായിരിക്കും മിക്കവാറും അവയിലെ ആഖ്യാതാവായി വരിക. ഒപ്പം, സദാചാരവിരുദ്ധരായ കഥാപാത്രങ്ങളാണ് മിക്കവാറും എല്ലാ കവിതകളിലും പ്രത്യക്ഷപ്പെടാറുള്ളത്: നിര്‍മലാ ടാക്കീസിനെക്കുറിച്ച് ഒരു ക്ഷുദ്രകവിത, ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, പൂരപ്പാട്ട്, ക്രോസിംഗ്, മത്സ്യം, ലൊക്കേഷന്‍ തുടങ്ങി ധാരാളം കവിതകളുണ്ട്. സദാചാരം എന്ന സംഗതിയെ സാമാന്യവല്‍ക്കരിക്കാന്‍ പറ്റില്ല എന്നു സൂചിപ്പിക്കാന്‍ സ്വന്തം എഴുത്തില്‍നിന്ന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ). ഇത്തരത്തില്‍ പല കവികളും എഴുതുന്നുണ്ട്. അതുകൊണ്ട്, ഇക്കാര്യം, അഭിമുഖത്തില്‍ പറഞ്ഞതുപോലെ, ഒരു പ്രധാന സവിശേഷതയായി തോന്നുന്നില്ല.
പുതുമൊഴിവഴികള്‍ പോലുള്ള സമാഹാരങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി തൊണ്ണൂറുകളിലെ കവിതയെയോ പുതുകവിതയെയോ സാമാന്യവല്‍ക്കരിക്കരുത്. കാരണം, ആ കാലത്ത് വളരെ വ്യത്യസ്തമായ തരത്തിൽ എഴുതിയ കവികളുണ്ട്: എസ് ജോസഫ്, സി.എസ്. ജയചന്ദ്രന്‍, മാങ്ങാട് രത്‌നാകരന്‍, എല്‍. തോമസുകുട്ടി, വീരാന്‍കുട്ടി തുടങ്ങിയവർ.
അതേസമയം, ആധുനികതയുടെ ഒരു എഴുത്തുരീതിയും അതിന്റെ സ്വാധീനവും ആദ്യകാലത്ത് ചില കവികള്‍ക്കുണ്ടായിരുന്നു. ആ കവികള്‍ പില്‍ക്കാലത്ത് അത് പരമാവധി ഒഴിവാക്കുകയും സ്വന്തം ശബ്ദം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ അഭിമുഖത്തില്‍ കൗതുകകരമായി തോന്നിയ ഒരു കാര്യം, വിഷ്ണുപ്രസാദ് സമീപകവിതയുടെ ഉദ്ഘാടകനായി കണക്കാക്കുന്നത് ടി.പി. രാജീവനെയാണ് എന്നതാണ്. 90- കളിലെ കവികളിലും ആദ്യസ്ഥാനത്തുള്ള ഒരാൾ രാജീവനാണ്! അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രം എന്ന കവിത, ‘‘മയക്കുമരുന്ന് ഒളിച്ചുകടത്തിയതിന് മാന്‍ഹട്ടനിലെ കോടതി അയ്യപ്പപ്പണിക്കരെ തൂക്കിക്കൊന്നു’’ എന്നാണ് ആരംഭിക്കുന്നത്. അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, ആറ്റൂര്‍ രവിവര്‍മ, സച്ചിദാനന്ദന്‍, മേതില്‍ രാധാകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്... തുടങ്ങിയ കവികളുടെ സവിശേഷമായ ചില ആവിഷ്‌കാരസങ്കേതങ്ങളെ സൂചിപ്പിച്ചശേഷം, ഭാഷയുടെ അരാജകവും വിജനവുമായ തെരുവിലൂടെ പട്ടാളം ഫ്‌ളാഗ് മാര്‍ച്ച് നടത്തി, നിശാനിയമം നിലവിലുണ്ടായിരുന്നതിനാല്‍ ആരും സ്വപ്നങ്ങള്‍ കണ്ടില്ല എന്ന് അവസാനിപ്പിക്കുകയാണ് ആ കവിത. ഒരുതരത്തില്‍ആ ഒരു സ്‌പെയ്‌സില്‍നിന്നാണ് കവികള്‍ക്ക് എഴുതിത്തുടങ്ങേണ്ടിവന്നത്. ടി.പി. രാജീവനില്‍നിന്ന് തുടങ്ങുന്നു എന്നല്ല പറയുന്നത്, പകരം, ടി.പി. രാജീവന്‍ ആ കവിതയില്‍ആവിഷ്‌കരിക്കാന്‍ ശ്രമിച്ച സ്‌പെയ്‌സുണ്ടല്ലോ, ഒരു പ്രത്യേക സാഹചര്യം, അതായത്, ഭാഷയുടെ അരാജകവും വിജനവുമായ തെരുവിലൂടെ പട്ടാളം ഫ്‌ളാഗ് മാര്‍ച്ച് നടത്തി, നിശാനിയമം നിലവിലുണ്ടായിരുന്നതിനാല്‍ ആരും സ്വപ്നങ്ങള്‍ കണ്ടില്ല- ആ ഒരു സാഹചര്യത്തിലാണ് കവികള്‍ക്ക് എഴുതിത്തുടങ്ങേണ്ടിവന്നത്.
കെ.ആര്‍. ടോണി സമനിലയുടെ ആമുഖത്തില്‍; ‘സ്വാതന്ത്ര്യസമരകാലത്ത് ഞാൻ ജനിച്ചില്ല! ആധുനികതയുടെ ചുവന്ന മുഖമല്ല എന്റേത്..കഷ്ടം! ഞാൻ ജയിലിൽ പോയില്ല, ജനിക്കാന്‍ വൈകിപ്പോയോ ഞാന്‍’ എന്ന് എഴുതുന്നുണ്ട്.
മുൻകാല കവിതകളിൽനിന്നു വ്യത്യസ്തമായി ഇങ്ങനെയൊരനുഭവപരിസരം ആവിഷ്‌കരിക്കാനാണ് ഈ കവികള്‍ ശ്രമിച്ചത്. ആധുനിക കവിതയിലുണ്ടായിരുന്ന വളരെ ഉച്ചസ്വരത്തിലുള്ള ആവിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാണ് അവർ മനസ്സിരുത്തിയത്. കാരണം, പ്രകടമായ പരീക്ഷണപരതയായിരുന്നു ആധുനികകവിതയുടെ സ്വഭാവം. നിലവില്‍ ഏതൊക്കെ തരത്തില്‍ എഴുതാന്‍ പറ്റുമോ, അത്തരം സാധ്യതകളൊക്കെ ഉപയോഗിക്കുകയായിരുന്നു ആധുനികതയുടെ എഴുത്തുരീതി. അതിനപ്പുറമുള്ള പ്രസ്ഥാനസ്വഭാവം അതിനുമുണ്ടായിരുന്നില്ല. രൂപപരമായ വൈവിധ്യം കൊണ്ടുവരാനാണ് ആധുനിക കവിത ശ്രമിച്ചത്. അത്തരത്തിലുള്ള രൂപങ്ങൾ സ്വീകരിക്കുക എന്നത് പുതുകവിതയില്‍ അസാധ്യമായിത്തീരുന്നു. കാരണം, അത് നേരത്തെ വന്നുകഴിഞ്ഞതാണ്. അത്തരം പ്രകടമായ പരീക്ഷണങ്ങള്‍ക്കുപകരം സൂക്ഷ്മമായ ചില ആവിഷ്‌കാരങ്ങള്‍ നടത്തുക എന്ന രീതിയിലാണ് ചില കവികള്‍ അതിനെ സമീപിച്ചത്. ഇതൊക്കെ, ആ ചര്‍ച്ചകളില്‍ വന്ന ചില സംഗതികളാണ്. ഞാനും അത്തരം ചില ചര്‍ച്ചകളില്‍പിന്നീട് പങ്കെടുത്തിരുന്നതുകൊണ്ടാണ് ഇത് പറയുന്നത്.
ഇതിനുശേഷം കെ.സി. നാരായണന്‍ ഭാഷാപോഷിണി പത്രാധിപരായി വരുന്നതോടെയാണ് പുതുകവിതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. അദ്ദേഹം ആ സമയത്ത്, ഇന്ന് പുതുകവികള്‍ എന്നറിയപ്പെടുന്നവര്‍ക്ക് കൂടുതല്‍ ഇടം കൊടുത്തു, കവിതകളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ അക്കാലത്ത് ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു, സി.ആര്‍. പരമേശ്വരന്റെയും കെ.കെ. ഹിരണ്യന്റെയും ജയമോഹന്റെയും ലേഖനങ്ങള്‍ വന്നു. കെ.സി. നാരായണന്‍ എന്ന പത്രാധിപരുടെ ഭാവുകത്വം ഇതിലൊരു പങ്കു വഹിച്ചിട്ടുണ്ട് എന്ന് തീര്‍ച്ചയായും പറയാം. കാരണം, അദ്ദേഹം ആറ്റൂരിന്റെ ശിഷ്യനാണ്. ആ നിലയ്ക്ക് അദ്ദേഹത്തിന് തന്റേതായ സെന്‍സിബിലിറ്റിയുണ്ട്. അദ്ദേഹം ഒരു നിരൂപകന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ അദ്ദേഹത്തിന്റേതായ ഭാവുകത്വം പ്രതിഫലിച്ചിട്ടുണ്ടാകാം.
ആ കാലത്താണ് ആറ്റൂര്‍ പുതുമൊഴിവഴികള്‍ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. അതിലെ കവികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചു. പക്ഷെ, അവരെ പ്രസ്ഥാനവല്‍ക്കരിച്ച്, അതാണ് പുതുകവിത എന്നു പറയുമ്പോള്‍, അതിലുൾപ്പെടാതെ പോയ മികച്ച കവിതകളുമുണ്ടായിരുന്നു എന്നും ഓര്‍ക്കണം. എന്നുതന്നെയല്ല, വാസ്തവത്തില്‍ ഒരു പ്രസ്ഥാനസ്വഭാവം അതിനില്ല. ആ സമാഹാരത്തിലുള്ള അന്‍വറിന്റെ ഏകാന്തതയുടെ അമ്പതുവര്‍ഷങ്ങള്‍ ആറ്റൂര്‍ സ്‌കൂളില്‍പെട്ട കവിതയാണ് എന്ന് പറയാന്‍ പറ്റില്ല. പി.പി. രാമചന്ദ്രന്റെയോ പി. രാമന്റെയോ കവിതകളില്‍ പോലും ആറ്റൂര്‍ സ്വാധീനമുണ്ട് എന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം, അവര്‍ അവരുടേതായ രീതിയിലെഴുതുന്ന കവികളാണ്. മുതിര്‍ന്ന കവികള്‍ക്കും കൂടി സ്വീകാര്യമായ ചില ഘടകങ്ങള്‍ അവയിലുണ്ടാകാം എന്നുമാത്രം.
ഈ രീതിയിലൊരു വൈവിധ്യം അന്നത്തെ കാലത്ത് കവിതയിലുണ്ട്. അതുകൊണ്ട്, പുതുമൊഴിവഴികള്‍ പോലുള്ള സമാഹാരങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി തൊണ്ണൂറുകളിലെ കവിതയെയോ പുതുകവിതയെയോ സാമാന്യവല്‍ക്കരിക്കരുത്. കാരണം, ആ കാലത്ത് വളരെ വ്യത്യസ്തമായ തരത്തിൽ എഴുതിയ കവികളുണ്ട്: എസ് ജോസഫ്, സി.എസ്. ജയചന്ദ്രന്‍, മാങ്ങാട് രത്‌നാകരന്‍, എല്‍. തോമസുകുട്ടി, വീരാന്‍കുട്ടി തുടങ്ങിയവർ.
ഈ സമയത്താണ് മലയാളം- തമിഴ് എഴുത്തുകാരനായ ജയമോഹന്‍; മലയാളം, തമിഴ് എഴുത്തുകാരുടെ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. അത്തരം ക്യാമ്പുകളിലൂടെയും തന്റെ ലേഖനങ്ങളിലൂടെയും പുതിയ സെന്‍സിബിലിറ്റി കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഏകദേശം ഇമേജിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വഭാവസവിശേഷതകളാണ് അദ്ദേഹം മുന്നോട്ടുവച്ചത് എന്ന് ഇന്ന് നമുക്കറിയാം. അക്കാലത്തുതന്നെ കെ.ആര്‍. ടോണി ഇക്കാര്യം എഴുതിയിട്ടുണ്ട്. തമിഴ് പുതുകവിതയെ മാനദണ്ഡമാക്കി മലയാളകവിതയെ അളക്കുന്നതിലും പന്തികേടു തോന്നിയിരുന്നു.
വാസ്തവത്തില്‍ മലയാളത്തില്‍ അത്തരത്തിലൊരു പ്രസ്ഥാനസ്വഭാവമില്ല. അതിന്റെ കാരണം കൂടി പറയേണ്ടതുണ്ട്. യൂറോപ്പിലുണ്ടായ കാവ്യപ്രസ്ഥാനങ്ങളനുസരിച്ചാണ് മലയാളത്തില്‍ പ്രസ്ഥാനസ്വഭാവം ആരോപിച്ചുപോരുന്നത്. യൂറോപ്പിലെ കാവ്യപ്രസ്ഥാനങ്ങളുടെ സവിശേഷതകള്‍ എന്തായിരുന്നു? ഉദാഹരണത്തിന് ഫ്രഞ്ച് കവിതയില്‍ 19ാം നൂറ്റാണ്ടിന്റെ പകുതിയില്‍, റൊമന്റിസിസത്തിനുശേഷം, പര്‍ണാസിയനിസം (Parnassianism) എന്ന പ്രസ്ഥാനമുണ്ടാകുന്നു. അത് പ്രാചീനമായ സംസ്‌കാരത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒന്നായിരുന്നു. രൂപപരമായ സൗഷ്ഠവം കവിതക്കു വേണമെന്ന് അത് നിഷ്‌കര്‍ഷിക്കുന്നു. ഒരു കവിതാസമഹാരത്തിന്റെ പേരില്‍നിന്നാണ് ഈ ഇസം ആരംഭിക്കുന്നത്. അതിൽ ഉണ്ടായിരുന്നത് ബോദ്‌ലെയറുടെയും ഗോത്തിയയുടെയും മല്ലാര്‍മയുടെയും പോൾ വെർലയിന്റെയും മറ്റും കവിതകളാണ്. എന്നാൽ അവരാരുമല്ല പര്‍ണാസിയൻ കവികള്‍ എന്ന പേരില്‍ പ്രസ്ഥാനമുണ്ടാക്കിയത് എന്നത് രസകരമായ കാര്യം. തൊട്ടുപിന്നാല സിംബലിസം വരുന്നു, അവര്‍ സിംബലുകള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടത് എന്നു വാദിക്കുന്നു. ഈ ലോകവും മറ്റൊരു അതീതലോകവും തമ്മിലുള്ള വിനിമയങ്ങള്‍ക്ക്, ബോദ്ലെയറുടെ കവിതയെ അനുസരിച്ചു correspondencesന് പ്രാധാന്യം നല്‍കുന്നു. സിനസ്‌തേഷ്യ എന്ന സംഗതിയിലൂടെ ഇന്ദ്രിയാനുഭവങ്ങള്‍ തമ്മിൽത്തിരിച്ചിട്ട് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു. അതായത് കാഴ്ചയുടെ ഇന്ദ്രിയാനുഭവത്തെ കേള്‍വിയുടെ ഭാഷയിലും കേള്‍വിയുടെ ഇന്ദ്രിയാനുഭവത്തെ മറ്റൊരു ഇന്ദ്രിയത്തിന്റെ ഭാഷയിലും എഴുതുന്നു. ചങ്ങമ്പുഴയുടെ കവിതയിൽ,
‘നിന്നെ ഞാന്‍ കാണ്‍മൂ, വിഗഹസ്വരങ്ങളില്‍, നിന്നെ ഞാന്‍ കേള്‍ക്കുന്നു നക്ഷത്രരാശിയില്‍’ എന്നു കാണുന്നതുപോലെ. അതുപോലെ ഫ്രീ വേഴ്‌സില്‍ വേണം എഴുതാന്‍ എന്നു തീരുമാനിക്കുന്നു. അതിൽത്തന്നെ ശബ്ദത്തിന്റെ ടോണൽ വ്യതിയാനങ്ങളെ കുറിക്കുന്ന കാഡൻസിനും ലയാത്മക ഏകകങ്ങളായ സ്ട്രോഫിക്കും ഊന്നൽ നൽകുന്നു. ഇങ്ങനെ, എഴുത്തുരീതികളിലുള്‍പ്പെടെ ചില സവിശേഷതകൾ നേരത്തെ നിര്‍ണയിച്ചിട്ട്, ഒരു പ്രസ്ഥാനസ്വഭാവം നല്‍കിയാണ് എഴുതുന്നത്. ഇതുതന്നെ പീന്നിട് സര്‍റിയലിസത്തില്‍ കാണാം. മനസ്സിന്റെ റിയാലിറ്റിയെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണവിടെ. മനസ്സിന്റെ അബോധത്തിന് പ്രാധാന്യം നല്‍കുന്നു. ഓട്ടോമാറ്റിക് റൈറ്റിങ്ങിന് പ്രാധാന്യം നല്‍കുന്നു.
ജയമോഹന്‍, ഇമേജിസ്റ്റ് പ്രസ്ഥാനത്തിന്റെ രീതിയില്‍ സമകാലികകവിതയെ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ കലഹിച്ച ഒരാള്‍ ഞാനാണ്. ജയമോഹന്റെ നേതൃത്വത്തില്‍ ഹൊഗേനക്കല്ലില്‍ നടന്ന കവിതാചര്‍ച്ചയിലും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
തുടർന്നുള്ള ചില ഇംഗ്ലീഷ് കവികൾ ആദ്യം ഫ്രഞ്ച് സിംബലിസത്തിന്റെയും സര്‍റിയലിസത്തിന്റെയുമൊക്കെ സ്വാധീനത്തിൽ എഴുതുന്നുണ്ട്. പിന്നെ എസ്രാ പൗണ്ടിനെപ്പോലുള്ളവര്‍ ഇമേജിസം എന്ന പ്രസ്ഥാനം കൊണ്ടുവരുന്നു. വസ്തുക്കളുടെ, വിഷയങ്ങളുടെ നേരിട്ടുള്ള പരിചരണം, വാക്കുകളുടെ മിതവ്യയം, താളത്തിന്റെ വ്യക്തിവല്‍ക്കണം തുടങ്ങിയ ഘടകങ്ങളില്‍ ഇമേജിസ്റ്റുകള്‍ ഊന്നല്‍ നല്‍കുന്നു. ഇമേജിസം ശക്തമായിത്തുടങ്ങുന്ന കാലത്തുതന്നെ എസ്രാ പൗണ്ട് ആ പ്രസ്ഥാനത്തില്‍നിന്ന് മാറി ഫ്യൂച്ചറിസത്തിലേക്കു പോകുന്നു. ഇറ്റാലിയൻ കവിയായ മാരിനെറ്റി നേതൃത്വം നൽകിയ ഈ പ്രസ്ഥാനം സാങ്കേതികശാസ്ത്രം, യുദ്ധം, യന്ത്രങ്ങൾ, ചലനം, വേഗത എന്നിവയിൽ ആവേശം കൊള്ളുകയും ഇറ്റാലിയൻ ഭൂതകാലത്തിന്റെ സമ്പന്നമായ ഭൂതകാലത്തെ തിരസ്കരിക്കുകയും ചെയ്തിട്ട് ഫാസിസ്റ്റ് സ്വപ്നങ്ങളിലാണ് അഭയം പ്രാപിച്ചത് എന്നുകൂടി ഓർക്കാവുന്നതാണ്. ദാദായിസ്റ്റുകളാകട്ടെ, അതുവരെ കല എന്നു കണക്കാക്കിയിരുന്ന സകല ഘടകങ്ങളെയും തകര്‍ത്തും തിരസ്‌കരിച്ചും ഒരുതരം രൂപരാഹിത്യത്തിലേക്കും ചിതറലിലേക്കുമൊക്കെ കവിതയെ എത്തിക്കുന്നു. ഇങ്ങനെ സവിശേഷമായ ഓരോ പ്രസ്ഥാനവും അവരവരുടേതായ ആവിഷ്‌കാരപദ്ധതി രൂപപ്പെടുത്തുന്നുണ്ട്. ഇവയൊന്നും അക്കാദമിക്കുകൾ പഠനസൗകര്യത്തിനുണ്ടാക്കിയതല്ല; കവികൾതന്നെ സവിശേഷതകൾ എടുത്തുപറഞ്ഞുണ്ടാക്കിയ പ്രസ്ഥാനങ്ങളാണ്.
എന്നാൽ, ആധുനികതയുടെ കാലത്തുപോലും മലയാളത്തില്‍ ഇത്തരമൊരു സംഗതിയുണ്ടായിട്ടില്ല. നമ്മള്‍ പ്രധാനമായും കാലത്തെ അടിസ്ഥാനമാക്കിയാണ് ആധുനികത, ആധുനികാനന്തരത എന്നൊക്കെ പറയാറ്. കാലത്തിന്റേതും കവികളുടേതുമായ ചില വ്യത്യാസങ്ങള്‍ സംഭവിക്കുന്നതല്ലാതെ ഒരു പ്രസ്ഥാനസ്വഭാവം അവയ്ക്കുണ്ടായിട്ടില്ല. ആധുനിക കവിതയുടെ ഒരു പ്രധാന സ്വഭാവം, അത് രൂപപരമായ ഏത് സവിശേഷതയെയും സ്വീകരിക്കുന്നു എന്നതാണ്. സിംബലിസം, ഇമേജിസം തുടങ്ങി ഈ പറഞ്ഞ ഏതു പ്രസ്ഥാനവുമായും അതിനെ കണക്റ്റു ചെയ്യാം. ഒരേ കവിക്കു തന്നെ പലതരം പ്രസ്ഥാനങ്ങളുടെ ഭാഗമായി കവിത എഴുതാം. അതുകൊണ്ടാണ് കേസരി ബാലകൃഷ്ണപിള്ള, ചങ്ങമ്പുഴയുടെ ഒരു കവിതാസമാഹരമെടുത്ത്, ഇതില്‍ ഇത്ര ശതമാനം കവിതകള്‍ സിംബലിസ്റ്റാണ്, ഇത്ര ശതമാനം ഫ്യൂച്ചറിസ്റ്റാണ്, അല്ലെങ്കിൽ റൊമാന്റിസിസ്റ്റാണ് എന്നൊക്കെ വിഭജിച്ചു പറഞ്ഞത്.
പിന്നീടുള്ള കവിതയും ഈ രീതിയിലാണ് തുടരുന്നത്. ഓരോരുത്തരും ആവിഷ്‌കരിക്കുന്നത് ഓരോ രീതിയിലാണ്. ജയമോഹന്‍, ഇമേജിസ്റ്റ് പ്രസ്ഥാനത്തിന്റെ രീതിയില്‍ സമകാലികകവിതയെ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ കലഹിച്ച ഒരാള്‍ ഞാനാണ്. കെ.ആര്‍. ടോണിയും പി.എന്‍. ഗോപീകൃഷ്ണനും ഇതേക്കുറിച്ച് എഴുതുന്നുണ്ട്. ഭാഷാപോഷിണിയില്‍ ഞാനും എഴുതിയിട്ടുണ്ട്. ജയമോഹന്റെ നേതൃത്വത്തില്‍ ഹൊഗേനക്കല്ലില്‍ നടന്ന കവിതാചര്‍ച്ചയിലും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, ഇത്തരം രീതിയില്‍നിന്നു മാറി എഴുതാനാണ് ഞാൻ അന്നു ശ്രമിച്ചത്.
ഒരു കാലത്ത്, കവിത ചെറുതായിരിക്കണം, ഇമേജുകള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്, അതാണ് ഇന്നത്തെ കാലത്തെ കവിതയുടെ സവിശേഷത എന്ന് കവികള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് കോമ, സുഡോക്കു എന്നീ പേരുകളിൽ രണ്ട് കഥാകാവ്യങ്ങള്‍ ഞാനെഴുതിയത്. കഥാകാവ്യം എന്നു കേൾക്കുമ്പോൾ പരമ്പരാഗതരീതിയിലുള്ള ഒന്നാണ് എന്ന് തോന്നിയേക്കാം. എന്നാല്‍ ആ രീതിയിലല്ല അത് ചെയ്തത്, 21 അധ്യായങ്ങളുള്ള രണ്ട് കവിതകളാണിവ. 2004- ൽ എഴുതി 2005- ലാണ് കോമാ ഭാഷാപോഷിണി പ്രസിദ്ധീകരിച്ചത്.
ഭാഷാപോഷിണി ആവശ്യപ്പെട്ടതനുസരിച്ച് എന്നെ എസ്.എസ്. ശ്രീകുമാറാണ് ഇൻറർവ്യൂ ചെയ്തത്. അദ്ദേഹം അത് തയ്യാറാക്കിക്കൊടുത്തെങ്കിലും അവരതു പ്രസിദ്ധീകരിച്ചില്ല. അതിനുകാരണം സെന്‍സിബിലിറ്റിയിലുള്ള വ്യത്യാസം തന്നെയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
കോമയിൽ, ലാസര്‍ എന്നൊരാളുടെ ജീവിതത്തിലേക്ക് ഒരു സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചുകയറ്റുകയാണ്. അതോടെ അയാളുടെ ജീവിതം തകര്‍ന്നുപോകുന്നു. തകര്‍ന്ന ജീവീതത്തിന്റെ ഓരോ കഷണമാണ് ഓരോ അധ്യായം. വേഗത, ചലനം തുടങ്ങിയ സംഗതികളാണ് അതില്‍ പ്രധാനമായും വരുന്നത്. അതായത്, വെര്‍ച്വല്‍ സ്‌പെയ്‌സിനും റിയല്‍ സ്‌പെയ്‌സിനും ഇടയ്ക്ക് കുടുങ്ങിപ്പോയ ഒരാള്‍. അതാണ് ‘കോമ’ എന്ന അവസ്ഥ. ജീവിതത്തിനും മരണത്തിനുമിടയിലും പ്രണയത്തിനും ദാമ്പത്യത്തിനുമിടയിലും പെട്ടുപോയ ഒരാള്‍. പല സംഗതികളുടെ ഇടയില്‍ പെട്ടുപോയ ഒരാള്‍. ജീവിച്ചുവെന്നും മരിച്ചുവെന്നും പറയാന്‍ പറ്റാത്ത ഒരാളായിട്ടാണ് ലാസറെ സങ്കല്‍പ്പിക്കുന്നത്. വേഗതകളെ ആവിഷ്‌കരിക്കാന്‍ ‘ആര്‍ക്കിടെക്ചര്‍ ഓഫ് തോട്ട്’ എന്നുപറയാവുന്ന തരത്തില്‍ ചിന്തക്കുവേണ്ടിയുള്ള വാസ്തുശില്‍പ മാതൃകകള്‍- കളരിപ്പയറ്റിന്റെ ഭാഷ, റോഡ്റാഷ് എന്ന ഗെയിമിന്റെ സ്വഭാവം പോലുള്ളവ- ഉപയോഗിച്ചിട്ടുണ്ട്. വേഗത ഒരു പ്രത്യേക വിഷയമായി എടുത്ത് ആദ്യമായി കവിതയിൽ എഴുതിയത് താനാണ് എന്ന വിഷ്ണുപ്രസാദിന്റെ അവകാശവാദം കണ്ടപ്പോള്‍ കോമയെക്കുറിച്ച് ഓര്‍ത്തുപോയി. ആ കാലത്ത് പ്രചാരം നേടിയിരുന്ന കാവ്യസങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതായിരുന്നില്ല ഈ കവിത. മാത്രമല്ല, അന്ന് ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരം നേടിയിട്ടില്ല. അക്കാലത്താണ് വെര്‍ച്വല്‍ സ്‌പെയ്‌സിന്റെയും റിയല്‍ സ്‌പെയ്‌സിന്റെയും ഇടയ്ക്ക് പെട്ടുപോകുന്ന ഒരാളുടെ ജീവിതം ഈ രീതിയിലുള്ള ഇമേജുകളിലുടെും ഭാഷയിലുടെയും സിംബലുകളിലൂടെയൂം ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ആയിടയ്ക്ക് എസ്.എസ്. ശ്രീകുമാര്‍ ആവേശഭരിതനായി ഈ കവിതയെക്കുറിച്ച് ലേഖനമെഴുതി ഭാഷാപോഷിണിക്ക് അയച്ചുകൊടുത്തെങ്കിലും അവരത് പ്രസിദ്ധീകരിച്ചില്ല. പിന്നീട് കോമ ഡി.സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ അത് അവതാരികയായി ചേര്‍ക്കുകയാണ് ചെയ്തത്; ‘അടിപൊളിയുടെ അപനിര്‍മാണം’ എന്ന പേരില്‍.
അന്ന് ഭാഷാപോഷിണിയിൽ പുതുകവികളുമായി ഇന്റര്‍വ്യൂ നടന്നുകൊണ്ടിരിക്കുന്ന കാലമാണ്. പി. പി. രാമചന്ദ്രൻ, അൻവർ അലി, പി. രാമന്‍, എസ്. ജോസഫ് തുടങ്ങിയവരുടെയൊക്കെ ഇന്റര്‍വ്യൂ വന്നിട്ടുണ്ട്. ഭാഷാപോഷിണി ആവശ്യപ്പെട്ടതനുസരിച്ച് എന്നെ എസ്.എസ്. ശ്രീകുമാറാണ് ഇൻറർവ്യൂ ചെയ്തത്. അദ്ദേഹം അത് തയ്യാറാക്കിക്കൊടുത്തെങ്കിലും അവരതു പ്രസിദ്ധീകരിച്ചില്ല. അതിനുകാരണം സെന്‍സിബിലിറ്റിയിലുള്ള വ്യത്യാസം തന്നെയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഈ പറയുന്ന പ്രത്യേക സെന്‍സിബിലിറ്റിയില്‍നിന്ന് മാറിനിന്നുകൊണ്ടാണ് ഓരോ കാലത്തും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുള്ളത്. അക്കാലത്തുതന്നെ ഞാന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്, പ്രതികരിക്കുന്ന ഏതു കവിയാണെങ്കിലും ഇതുതന്നെ പറയാനാണ് സാധ്യത. അതുകൊണ്ട്, ഒന്നോ രണ്ടോ കവികളുടെ കവിതകളെ അടിസ്ഥാനപ്പെടുത്തി ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ ദമനം ചെയ്തുകളയുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് ഒരപേക്ഷയുണ്ട്. കാരണം; എട്ടും പത്തും മാസമെടുത്താണ് കോമ, സുഡോകു പോലുള്ള കവിതകള്‍ എഴുതുന്നത്. പില്‍ക്കാലത്ത് ഞാന്‍ നോവലും എഴുതുന്നുണ്ട്, അതിന് ഇതിലും കൂടുതല്‍ സമയമെടുത്തിട്ടില്ല. അതായത്, നോവല്‍ എഴുതാനുള്ള സമയമെടുത്താണ് ദീര്‍ഘകവിതകള്‍ എഴുതിയത് എന്നര്‍ഥം. രണ്ടാമത്തെ ദീര്‍ഘകവിത പ്രസിദ്ധീകരിക്കാന്‍ തന്നെ രണ്ടര വര്‍ഷം കാത്തിരിക്കേണ്ടിവന്നു. അത്തരം അനുഭവങ്ങളാണ്, പരീക്ഷണങ്ങളില്‍നിന്ന് നമ്മളെ പിന്തിരിപ്പിക്കുന്ന സംഗതി. ഒരു കവിതയുടെ എഴുത്തും അതിന്റെ പ്രസിദ്ധീകരണവുമായി ഇത്രയും കാലം നഷ്ടപ്പെടുത്താന്‍ ഈ ചെറിയ ആയുസ്സില്‍ നമുക്ക് പറ്റില്ലല്ലോ. അത്തരം അനുഭവങ്ങളുള്ളപ്പോഴും കോമയെക്കുറിച്ച് കുഴൂർ വിത്സണെപ്പോലുള്ള പുതുകവികൾ ആവേശത്തോടെ സംസാരിക്കുന്നതുകേട്ടിട്ടുണ്ട്. ‘ഞാന്‍ ലാസറാകുന്നു’ എന്ന മട്ടില്‍ കരീം മലാപ്പട്ടം ആ കഥാപാത്രവുമായിത്തന്നെ ഐഡന്റിഫൈ ചെയ്ത് എഴുതിയിട്ടുണ്ട്. അതായത് ഇത്തരം പരീക്ഷണങ്ങള്‍ കൂടി ആ കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. അപ്പോൾ, ഇത്തരം സാമാന്യവല്‍ക്കരണത്തിന് എന്താണ് പ്രസക്തി?
പലതരത്തിൽ എഴുതുന്നവരുടെ സഹവര്‍ത്തിത്വമാണ് അന്ന് സംഭവിച്ചത്. 2012-ല്‍ എഴുതിയ ലേഖനത്തില്‍, മാധ്യമങ്ങളുടെ പ്രാധാന്യം ഞാൻ സൂചിപ്പിച്ചിരുന്നു. വി. അബ്ദുല്‍ ലത്തീഫ് അഭിമുഖത്തിൽ ഈയൊരു ഘടകത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് സന്തോഷകരമായി തോന്നി. ഈ തരത്തിലുള്ള കൂസലില്ലാത്ത ആവിഷ്‌കാരത്തിന് പ്രധാന കാരണമായത് മാധ്യമത്തില്‍ വന്ന വ്യത്യാസം തന്നെയാണ്. അച്ചടി മാധ്യമങ്ങള്‍ മാത്രമുള്ള ഒരു കാലമായിരുന്നുവെങ്കില്‍ കവിത ഈ രീതിയിലാകില്ല. ആ വ്യത്യാസം തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്. വെര്‍ച്വല്‍ സ്‌പെയ്‌സ് എന്നൊരു സംഗതി വരുന്നു. അതുപോലെ ലോകവും അധോലോകവും തമ്മിലുള്ള ബന്ധം നേര്‍ത്തതായി തീരുന്നു, തമ്മില്‍ കലരുന്നു. ഇത് മാധ്യമത്തിൽ സംഭവിച്ച മാറ്റം കൊണ്ടുണ്ടായതാണ്.
കാഴ്ചപ്പാടിന്റെ ഒരു പ്രശ്‌നം കൂടി പറയാം. ആധുനിക കവികളെ മുഴുവന്‍ തമസ്‌കരിച്ചും പിന്തള്ളിക്കൊണ്ടുമല്ല തൊണ്ണൂറുകളിലെ പുതുകവിത ഉണ്ടാകുന്നത്, അവരെ തിരസ്‌കരിച്ചുകൊണ്ടല്ല പിന്നീടുള്ള കവിതയുണ്ടാകുന്നത്. എല്ലാ കവിതകളിലും ഒരു തുടര്‍ച്ചയുണ്ട്, അതുപോലെ ഇടര്‍ച്ചയുമുണ്ട്. പ്രശസ്ത നിരൂപകന്‍ ഹാരോള്‍ഡ് ബ്ലൂം പറയുന്ന പ്രധാനപ്പെട്ട കാര്യമുണ്ട്; ഒരാള്‍ ഒരു കവിത എഴുതു്‌മ്പോള്‍ ഒന്നുകില്‍ അയാളുടെ അല്ലെങ്കില്‍ മറ്റൊരാളുടെ കവിതകള്‍ അയാള്‍ മനസ്സില്‍ കാണുന്നുണ്ട്. ആ കവിതകളോടുള്ള അബോധപരം കൂടിയായ പ്രതികരണം കൂടിയാകുന്നുണ്ട് ഓരോ കവിതയും. ഇങ്ങനെയാണ് കവിതയുണ്ടാകുന്നത്. അതുകൊണ്ട്, മുമ്പ് എഴുതിയതു റദ്ദു ചെയ്താണ് ഒരു മൂവ്‌മെൻറ് പിന്നീട് വരുന്നത് എന്നു വിചാരിക്കുന്നതില്‍ അര്‍ഥമില്ല. തൊണ്ണൂറുകളിലെ കവിതക്ക് സ്‌പെയ്‌സ് വേണമെങ്കില്‍ അതിനുമുമ്പുള്ള കവികളെ റിജക്റ്റ് ചെയ്യണം എന്ന് ഞാന്‍ വിചാരിക്കുന്നില്ല. അതായത്, സച്ചിദാനന്ദനെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും കെ.ജി.എസിനെയും റിജക്റ്റ് ചെയ്താലേ പുതുകവിതക്ക് നിലനില്‍പ്പുള്ളൂ എന്നില്ല. പുതുകവിതയെ തിരസ്കരിച്ചുകൊണ്ടേ സമീപകവിതയ്ക്കു നിലനില്പുള്ളൂ എന്നുമില്ല. അത്തരത്തിലൊരു ടോണ്‍ അഭിമുഖത്തില്‍ തോന്നിയതുകൊണ്ട് പറയുകയാണ്. കവിത എപ്പോഴും തുടര്‍ച്ചകളിലാണ്, ഒപ്പം ഇടര്‍ച്ചകളുമുണ്ടാകും.
കവിതയില്‍ എന്തൊക്കെയുണ്ടായിട്ടുണ്ട് എന്നതിനെക്കുറിച്ച് ധാരണ ഏതു കാലത്തും എഴുതുന്ന കവികള്‍ക്കിടിയില്‍ വളര്‍ന്നുവരേണ്ടതുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ശൂന്യതയില്‍നിന്ന് ഒരിക്കലും കവിതയുണ്ടാകില്ല.
പ്രസ്ഥാനങ്ങളുടെ ഒരു പ്രശ്‌നം, അത് ചിലരെ പീഠങ്ങളില്‍ അവരോധിക്കുകയും മറ്റു ചിലരെ അദൃശ്യരാക്കുകയും ചെയ്യും എന്നതാണ്. സാമാന്യവത്കരണത്തിനും ഇതേ കുഴപ്പമുണ്ട്. ഉദാഹരണത്തിന്, ‘കവിത്രയം’ എന്നു പറയുമ്പോള്‍ ആ കാലത്ത് എഴുതിയിരുന്ന മറ്റു കവികളെല്ലാം അദൃശ്യരായിപ്പോകുകയാണ്. കവികള്‍ ചേര്‍ന്നിരുന്ന് കൃത്യമായ മാനിഫെസ്‌റ്റോ തയാറാക്കി, ആ രീതിയില്‍ അവര്‍ തന്നെ എഴുതിയുണ്ടാക്കിയതാണ് മേൽപ്പറഞ്ഞ പ്രസ്ഥാനങ്ങൾ. അങ്ങനെയുള്ള പ്രസ്ഥാനങ്ങളൊന്നും മലയാളകവിതയിൽ മേൽക്കൈ നേടിയിട്ടില്ല.
മലയാള കവിതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ എഴുത്തുരീതിയുടെ വൈവിധ്യത്തെ ആവുന്നത്ര സംബോധന ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് കാലികവും സ്ഥലപരവുമായ വ്യത്യാസമുണ്ടാകും. അതിനെ നമുക്ക് ചര്‍ച്ചകളിലൂടെ അടയാളപ്പെടുത്താന്‍ കഴിയണം. ഓരോ കവിത എഴുതുമ്പോഴും അതിനു മുമ്പ് എഴുതപ്പെട്ട കവിതകളുടെ സവിശേഷബോധം ഉണ്ടാകേണ്ടതുണ്ട്. കവിതയില്‍ എന്തൊക്കെയുണ്ടായിട്ടുണ്ട് എന്നതിനെക്കുറിച്ച് ധാരണ ഏതു കാലത്തും എഴുതുന്ന കവികള്‍ക്കിടിയില്‍ വളര്‍ന്നുവരേണ്ടതുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ശൂന്യതയില്‍നിന്ന് ഒരിക്കലും കവിതയുണ്ടാകില്ല.