​എസ്. സൈനബ

മരണപ്പിറ്റേന്ന്

വത്തെ കണ്ടാൽ സക്കറിയയ്ക്ക് അടിവയറ് കലങ്ങും. ചിലപ്പോൾ ഭയം തികട്ടി വന്ന് ഓക്കാനിക്കും. അല്ലെങ്കിൽ മരണവീട്ടിലെ കക്കൂസ് കുഴിയിൽ മലം വീഴും.

സക്കറിയയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് മലക്കുഴിയിൽ അച്ചാച്ചൻ ചെന്ന് വീഴുന്നത്. മരിച്ച അച്ചാച്ചനെ പടിക്കൽ തറവാട്ടിൻ്റെ മുറ്റത്താണ് പൊതുദർശനത്തിന് വച്ചത്. അന്ന് കൂടിനിന്നവരൊക്കെ റീത്ത് വയ്ക്കുമ്പോൾ വായയും മൂക്കും മൂടിക്കെട്ടി. തൊലിയൊട്ടിനിന്ന തീട്ടത്തിൻ്റെ നാറ്റം ചുണ്ടത്ത് മുട്ടുമെന്ന് അറച്ച് മക്കളും പേരക്കിടാങ്ങളും അന്ത്യ ചുംബനം നൽകാതെയാണ് വറീതച്ചനെ എന്നെന്നേയ്ക്കുമായി ശവപ്പെട്ടിക്കുള്ളിൽ അടച്ചു മൂടിയത്. അന്ന് വീട്ടിലും തൊടിയിലും ശവം നാറി.

മറ്റൊരു ശവത്തിൻ്റെ നാറ്റം സക്കറിയ മണം പിടിച്ച് തുടങ്ങി. അയാൾക്ക് അടിവയറ് കലങ്ങുന്നതായി തോന്നി. ബന്ധുക്കൾ ചുറ്റും കൂടിനിൽക്കെ വെള്ള പുതച്ച് ഐസ് പെട്ടിയിൽ കാമില കണ്ണടച്ച് കിടക്കുകയാണ്. കൈ ശരീരത്തോട് ചേർത്ത് വച്ച്കൊണ്ടാണ് പുതപ്പിച്ച് മൂടിയിരിക്കുന്നത്. തലേന്ന് രാത്രിയും അവളങ്ങനെയാണ് ഉറങ്ങാൻ കിടന്നത്. മരിക്കുന്നതിന് മുൻപുള്ള കാമിലയുടെ തയ്യാറെടുപ്പായിരുന്നു അത്. എത്രയോ രാത്രികളിൽ കൈ ശരീരത്തോട് ചേർത്തുവെച്ച് ശിരസ്സ് മുകളിലേക്ക് ഉയർത്തിപ്പിടിച്ച് കണ്ണുകൾ പതുക്കെ അടച്ച് അവളുറങ്ങാൻ കിടന്നത് സക്കറിയ പലവട്ടം മറക്കാൻ ശ്രമിച്ച് തോറ്റുപോയി. കട്ടിലിൽ കിടന്നുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ ലൈക്കും കമൻ്റും കൊടുത്തുകൊണ്ടിരുന്ന തന്നെത്തന്നെ അയാൾ ഓർത്തു. അതിന് മറുതലയ്ക്കൽ ബോഡി ക്രീമും മോയ്സ്ചറൈസറും തേച്ച് കിടക്കയിലേയ്ക്ക് ചാഞ്ഞ കാമിലയെ ആ ഓർമ്മയിലേക്കയാൾ ഒട്ടിച്ചു ചേർത്തു. പകല് വെളുത്ത് വന്നപ്പോഴാണ് തുറന്ന് നോക്കിയ ബാത്റൂമിനുള്ളിൽ കാമില മരിച്ച് കിടക്കുന്നത് കണ്ടത്. ഉടുതുണിയില്ലാതെ മലർന്നടിച്ച് കിടക്കുന്ന കാമിലയുടെ വലത് കൈ അലസമായി നിലം മുട്ടിക്കിടന്നു. ഞരമ്പ് മുറിഞ്ഞ കയ്യിൽ നിന്നും നീണ്ട ചുവപ്പൻ നാടപോലെ ചോര വഴി പിഴച്ച് ഒഴുകി. ഞരമ്പ് മുറിക്കാനുപയോഗിച്ച ഡബിൾ സൈഡ് റേസർ ബ്ലേഡ് ചോരയിൽ മുങ്ങിക്കിടന്നു. നിലത്തേയ്ക്ക് വലിച്ചൂരിയെറിഞ്ഞ ഉടുവസ്ത്രത്തിൽ ചുവപ്പ് രാശി പടർന്നു. ചിലച്ച് കൊണ്ടിരുന്ന പല്ലികളെ വട്ടം കറക്കിക്കൊണ്ട് പാറ്റകൾ നേരായും വളഞ്ഞും ചുമരിൽ ഓടിക്കളിച്ചു. സക്കറിയയ്ക്ക് അടിവയറ്റിന് താഴെ തുടിച്ചു വന്നു. ഉടുവസ്ത്രമില്ലാത്ത മറ്റൊരു ശവശരീരം അയാളുടെ ഓർമ്മയിൽ വികൃതമായി പാറിക്കിടന്നു. പാൻ്റ്സിൽ ചൂട് നനവ് പടർന്നതറിഞ്ഞാണ് അയാൾ പതറിക്കൊണ്ട് ബാത്റൂം വാതിൽ വലിച്ചടച്ച് തിരിഞ്ഞോടിയത്.

ബാത്റൂമിലേക്ക് കയറിച്ചെന്ന പെണ്ണുങ്ങളൊക്കെ അലറിവിളിച്ച് തിരിഞ്ഞോടിയപ്പോൾ കുറേയാണുങ്ങൾ അകത്തേയ്ക്ക് കയറി കാമിലയെ പുതപ്പിച്ച് പുറത്തേയ്ക്ക് എടുത്തുകൊണ്ട് വന്നു. ഈച്ച പൊതിയും പോലെയാണ് ശവത്തെ ചുറ്റി ആണുങ്ങൾ നിന്നത്. ശവവുമായി പുറത്തേയ്ക്ക് കടന്ന യുവാക്കളിൽ ഒരു കൂട്ടച്ചിരിയുടെ ജനനം പ്രതീക്ഷിച്ച് സക്കറിയ പരുങ്ങി നിന്നു.

"എങ്ങനെയാ ചത്തത്?’’
"ഞരമ്പ് മുറിച്ച് ചത്തെന്നാ കേട്ടത്."

കാമിലയെന്ന് പേരുള്ള, ഇരുപത്തഞ്ച് വയസ്സ് മാത്രം പ്രായമുള്ള യുവതിയുടെ ശവത്തിനരികിൽ നിൽക്കുന്ന അവളുടെ ഭർത്താവിന് തൊട്ടുപിറകെ നിന്നുകൊണ്ടിരുന്ന രണ്ട് ഇളം ആത്മാക്കൾ കാലുകൾ നിലത്തുറപ്പിച്ച്കൊണ്ട് അവർക്കിടയിൽ മാത്രം ഒതുങ്ങി നിന്ന അടക്കിപ്പറച്ചിലുകളെ സക്കറിയയിലേയ്ക്കും വ്യാപിപ്പിച്ചു.

അവളെ അവരൊക്കെ വസ്ത്രമില്ലാതെ കണ്ടു കാണുമെന്ന് അയാൾക്കുറപ്പാണ്. പെറാത്ത വയറും മാറത്ത് പടർന്ന വെള്ളിവരകളും ഒരു മിന്നായം പോലെ അയാളോർത്തെടുത്തു. ഉടുവസ്ത്രം ഉരിഞ്ഞ കാമിലയെ സക്കറിയ അന്നാണ് കണ്ടത്. വെട്ടമില്ലാത്ത നേരം അവളുടെ ദേഹത്ത് ഇരുട്ട് നിഴലിച്ചപ്പോഴൊക്കെ അയാൾ വെറും കുരുടനായി മുരടനക്കി തപ്പിത്തടയും.

ആദ്യ രാത്രിയിൽ കാമില ധരിച്ചിരുന്ന പിങ്ക് കളർ സ്ലീവ്ലെസ് സിൽക്ക് നൈറ്റി വെയർ പുതിയ കണക്കുകൾ എഴുതിപ്പിടിപ്പിക്കുന്നതിനിടെ ശ്രദ്ധിക്കാൻ മറന്നു. കാമില അയാൾ എഴുതിത്തീരുന്നതുവരെ ഉറങ്ങിയതുമില്ല. വോട്കയുടെ രുചി നാവിൽ നിന്ന് ചോർന്ന് തുടങ്ങിയപ്പോഴാണ് സക്കറിയ കസേരയിൽ നിന്ന് എഴുന്നേറ്റത്. ലൈറ്റ് ഓഫാക്കി കാമിലയിലേക്ക് മറിഞ്ഞപ്പോൾ മുന്നും പിന്നും വികൃതമായി അയാൾ ഇഴഞ്ഞു. അരമണിക്കുറോളം നീണ്ട അമറലുകൾക്കിടയിൽ കാമില ചോദിച്ചു.

"സക്കറിയയ്ക്ക് പിങ്ക് നിറം ഇഷ്ടമാണെന്ന് മമ്മ പറഞ്ഞിരുന്നു’’.
"ഇരുട്ടത്ത് ഒന്നും കാണുന്നില്ല."

ഒടുക്കത്തിൽ പുറം തിരിഞ്ഞുകിടന്ന ഭർത്താവിനെ അവൾ തലോടാൻ മറന്ന് ഉറങ്ങി.

അയാൾക്കുമുന്നിൽ അയൽവക്കത്തെ പെമ്പ്രന്നോത്തികൾ ചേരിതിരിഞ്ഞ് നിന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കെട്ടുകഥകൾ മരണവീട്ടിൽ ആളുകൾക്കിടയിൽ പ്രചരിച്ചു. പ്രചാരണം സുഗമമാക്കാൻ യുവാക്കളുടെയും യുവതികളുടെയും ചെറു സംഘങ്ങളും രൂപപ്പെട്ടു. അതിലെ നായകനും പ്രതിനായകനും സക്കറിയ ആയിരുന്നു.

കൂടിനിന്ന പെമ്പ്രന്നോത്തികളുടെ മുറുമുറുപ്പ് സക്കറിയയുടെ ചെവിയിലേക്ക് എത്തിച്ചത് അയാളുടെ വകയിലൊരു എളയച്ചനായ ജോസ് കുരിശിങ്കലാണ്. റോഡരികിൽ മതിലൊട്ടി നിന്ന എല്ലാ സിനിമാ പോസ്റ്ററുകളും അയാളുടെ മൂത്രത്തിൽ നനഞ്ഞ് കുതിരും. സ്കൂളിലേക്ക് പോകുന്ന വഴി സൈക്കിളിന് സ്റ്റാൻ്റിട്ട് മതിലു ചാരി നിന്ന് മൂത്രമൊഴിക്കുന്ന ജോസങ്കിളും വളഞ്ഞൊഴുകിയ മൂത്രവും സക്കറിയയുടെ ഓർമയിൽ നാറി.

‘‘കുഞ്ഞേ.. ഈ പെങ്കൊച്ചിനിതെന്നതാ പറ്റ്യേ..? എൻ്റെ പെമ്പ്ള്ളയടക്കം പലരും പലതാ പറയണത്."

കഷണ്ടിവീണ തലയിൽ ഇരുപക്കത്തിലുമുള്ള വെള്ളിനൂല് മുടിനാരുകളെ അയാൾ കൈ കൊണ്ട് ഒതുക്കി. എല്ലാ പുരുഷൻമാരും തൻ്റെ അരയ്ക്ക് കീഴ്പ്പോട്ട് നോക്കുന്നതറിഞ്ഞ് സക്കറിയ വിളറി. അയാൾ മറ്റുള്ളവർക്ക് മുൻപിൽ ഇരുട്ട് അഭിനയിച്ചു. അതിൽ തപ്പിത്തടഞ്ഞ് വീണ്കൊണ്ടിരുന്നു.

കുട്ടികളുണ്ടാവാൻ ആദ്യം തടസ്സം പറഞ്ഞത് കാമിലയാണ്.

‘‘എനിക്ക് കൊച്ചങ്ങടെ തീട്ടം വാരാൻ വയ്യ’’.

ഇതു കേട്ടപ്പോൾ ആദ്യം ഞെട്ടിയത് വീട്ടിലെ പട്ടി മാർത്തയാണ്. അവള് പെറ്റിട്ട പട്ടിക്കുഞ്ഞുങ്ങളോടൊപ്പം കുരച്ചു. മൊബൈൽ ഫോൺ കൈയ്യിലെടുത്ത് പടികളിറങ്ങിയ കാമില രണ്ടാമത്തെ ഞെട്ടലിനെ കണ്ടില്ല എന്നു വേണം പറയാൻ. സക്കറിയയ്ക്കാണ് അത് സംഭവിച്ചത്. അതിനെ പിന്തുടർന്ന് അയാൾ പട്ടാപ്പകലിലും പതുങ്ങി. കാമിലയുടെ രാത്രികൾക്ക് നിറം വച്ച് തുടങ്ങി. അവൾ നെരൂദയുടെ കവിതകൾ ഉറക്കെ പാടി നടന്നു. ആ കവിതകളിലെ രതിയും പ്രണയവും ഉടലും ഒരു അദൃശ്യജാരനെ അയാൾക്ക് മണപ്പിച്ചു കൊടുത്തു.

മുറിക്കകത്ത് ശബ്ദത്തിന് മാത്രം നിലനിൽപ്പുള്ള സമയത്ത് മാത്രമാണ് സക്കറിയ തൻ്റെ എല്ലാ ഉശിരും വീണ്ടെടുക്കുന്നത്. വീണ്ടുമൊരു പരീക്ഷണത്തിന് അയാൾ മുതിർന്നു. അപ്പോൾ കാമിലയുടെ സ്ത്രൈണത കുറഞ്ഞ ശബ്ദം ഇടിച്ചു കയറി പറഞ്ഞു: ‘‘സക്കറിയ ഈ കാര്യത്തിൽ അത്ര പോരാ."

ഊതിവീർപ്പിച്ച ബലൂൺ കുത്തിപ്പൊട്ടിക്കുന്ന ഒരു കുഞ്ഞിൻ്റെ ആനന്ദത്തിൽ കാമില പൊട്ടിച്ചിരിച്ചു. ഒരു പേപ്പർകഷ്ണം ചുരുട്ടിമടക്കിയെറിയുന്ന വേഗത്തിൽ അയാൾ കിടക്കവിട്ട് എഴുന്നേറ്റു. സിഗരറ്റ് പുകയ്ക്കുമ്പോൾ അവൾ വസ്ത്രങ്ങൾ ധരിച്ച് പടികൾ ഇറങ്ങി. സക്കറിയ അപ്പോഴും ഇരുട്ടത്ത് തന്നെയായിരുന്നു.

കാമില പകൽ വെളിച്ചത്തിലും അയാളെ കണ്ടില്ലെന്ന് നടിച്ചു. പോത്തങ്ങാനാര് തേച്ച് കുളി കഴിഞ്ഞ് വരുന്ന അയാളുമായുള്ള വേഴ്ചകളിലൊക്കെ കാമിലയ്ക്ക് ചവർപ്പും ഛർദ്ദിയും പെരുകിത്തുടങ്ങി. അങ്ങനെയാണ് കാമിലയുടെ കൈപ്പിടിയിലൊതുങ്ങിയ കുഞ്ഞു ശവപ്പെട്ടിക്കുള്ളിൽ അയാളുടെ രാത്രികൾ ചീഞ്ഞു നാറിയത്.

കോളേജ് പഠനകാലത്ത് ഒളിപ്പിച്ചുവച്ച് കണ്ട സി.ഡി. കാസറ്റുകൾ. അമ്പതുകളിലെ സെക്സ് സിമ്പൽ. കറുത്ത മറുക്. കാമില ഉറക്കമായാൽ പിന്നെയുള്ള നേരങ്ങളിൽ ആ അമേരിക്കൻ സുന്ദരി കുഴിമാടം തകർത്ത് അവരുടെ മുറിക്കുള്ളിൽ അലഞ്ഞുതിരിയും. അവളുടെ പ്രേതശബ്ദങ്ങൾ സക്കറിയയുടെ ഫോണിൽ നോട്ടിഫിക്കേഷൻ്റെ മുഴക്കങ്ങൾ വിടുവിച്ചുകൊണ്ട് പാതിയുറക്കത്തിലും അയാളെ ഉണർത്തും. സെർച്ച് എഞ്ചിനുകളിൽ പാതിരാനേരത്ത് തിരഞ്ഞ മർലിൻ മൺറോയുടെ ചിത്രങ്ങളിൽ രസം പിടിച്ചിരുന്ന അയാൾക്ക് സമീപം കിടക്കയിൽ മലർന്നുകിടന്നുകൊണ്ട് കൈ ഞരമ്പുകളെ പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കാമില സക്കറിയയോട് ചോദിച്ചതിനെക്കുറിച്ച് അയാൾ ഓർക്കുന്നതിനിടയിലാണ് ശവത്തിനരികിൽ വീണ്ടും യുവാക്കൾ പൊതിഞ്ഞ് നിന്നത്.

രണ്ട്

റ്റവും പുതിയ അശ്ലീലവാക്കുകൾ വായിക്കാൻ അയാൾക്ക് എന്നും ഉത്സാഹമായിരുന്നു. അതിൻ്റെ ഉറവിടം പതിനേഴിലെ പരവശവും പരീക്ഷണക്കത്തുകളുമാണ്. പണ്ട് ക്ലാസിൽ അശ്ലീലക്കത്തുകൾ പെൺപിള്ളേർക്ക് കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. അത് ആൺപിള്ളേർക്കിടയിലെ വളരെ രസകരമായ ഒരു കളിയാണ്. വരയിടാത്ത നോട്ട് പുസ്തകത്തിൻ്റെ അവസാന പേജ് ചീന്തിയെടുത്ത് നീല മഷി കൊണ്ട് എഴുതാനും വരയ്ക്കാനും പഠിപ്പിച്ച് കൊടുക്കുന്നത് അവസാന ബെഞ്ചിലെ ഒരു കോലൻ ജേക്കബ് ആണ്. കളിക്ക് അഞ്ചു പേരടങ്ങുന്ന ഒരു സംഘമുണ്ടാകും. ഈ അഞ്ചംഗങ്ങൾക്കിടയിൽ ഒരാൾ പത്ത് വരെയെണ്ണും. ആദ്യത്തെ പത്താമനെപ്പിടിച്ച് സംഘത്തിന് തലവനാക്കും. ശൃംഗാരകാവ്യങ്ങളാണ് മിക്കവയും. ശരീരവർണനയാണ് അതിൻ്റെയൊക്കെ ഉള്ളടക്കം. സന്ദേശഹരൻ മാറി മാറി വരുന്ന പത്താമൻമാരായിരിക്കും. സന്ദേശമാർഗം വായുവിലൂടെയുള്ള ഒരേറ്. അത് ചെന്ന് കൊള്ളുന്ന പെൺകുട്ടി തിരിഞ്ഞ് കടലാസ് ചുരുൾ നിവർത്തും. അവളാണ് കളിയിലെ നായിക. ശേഷം ഒരു തേങ്ങൽ. സംഘത്തലവൻ മാത്രം അതിൽ സന്തോഷിച്ചു. എഴുതാനൊരു അവസരം കാത്ത് ബാക്കിയുള്ളവൻമാരൊക്കെ അതിൽ ചിത്രങ്ങൾ വരച്ച് തൃപ്തിപ്പെട്ടു. സ്റ്റെഫിക്ക് കൊടുത്ത കത്തിലെ മുല കാട്ടി നിന്ന പെണ്ണിനെ വരച്ചതിന് ഇംഗ്ലീഷിൽ തെറി പറഞ്ഞിട്ടാണ് അവൾ നടുവിരൽ പൊക്കിയത്. പിറകെ അവളുടെ അപ്പച്ചൻ നല്ല ഒന്നാന്തരം സ്ലിപ്പറ് വച്ച് സക്കറിയയുടെ മുഖത്തേക്ക് ഒരേറും കൊടുത്തു. അതിൻ്റെ വീക്കവും മമ്മയുടെ ചോദ്യവും അവസാനിച്ചത് കെട്ട്യോള് ചത്ത ജെറിച്ചായൻ്റെ തിരോദാനത്തെ തുടർന്നാണ്. ചുരുളഴിയാത്ത രഹസ്യമായി അത് കുടുമ്മത്തിൽ പടർന്നു.

മമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരാങ്ങള. ദേഹം മൊത്തം ചാളയും അയലയും ഉരഞ്ഞുണ്ടാകുന്ന മീൻമണമാണയാൾക്ക്. മീൻതലകളെ അതിൻ്റെ ഉടലിൽ നിന്നും പൊട്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ രസിച്ച് ക്രൂരമായി പൊട്ടിച്ചിരിച്ച് കൊണ്ട് നിൽക്കുന്ന ജെറിച്ചായന് ഒരു പിശാചിൻ്റെ രൂപമാണെന്ന് കൂട്ടുകാരൻ അലൻ പറഞ്ഞിട്ടുള്ളതാണ്. അത് നേരാണെന്ന് തെളിഞ്ഞത് പിടയ്ക്കുന്ന മീനുകളെ പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് കണ്ടപ്പോഴാണ്. ഇത് കണ്ട് നിന്ന സക്കറിയയും സംഘവും അന്ന് ദിക്കറിയാതെയാണ് ചിതറിയോടിയത്.

ജെറിച്ചായൻ്റെ വീട്ടിൽ സക്കറിയ മമ്മയുടെ ഉടലോട് ചേർന്നുനിന്ന് പെണ്ണുങ്ങളുടെ നെഞ്ചത്തടിക്ക് താളം പിടിച്ചുനിന്നു. ഒളിഞ്ഞും പാത്തും നോക്കിനിന്ന മുഖത്തെ അന്ന് വളരെ അടുത്ത് കാണുന്നത് രണ്ടാമത്തെ തവണയായിരുന്നു.

ഭൂതകാലത്തിൽ സംഭവിക്കുന്നത് മറവിയ്ക്കുണ്ടാകുന്ന മരണം മാത്രമല്ലെന്ന് സക്കറിയയ്ക്ക് തോന്നി. അത് ഓർമ്മകളുടെ ചോരച്ചമണമുള്ള പിറപ്പ് കൂടിയാകുന്നിടത്ത് അയാൾ കേവലം ശിശുമാത്രമായി.

സക്കറിയയ്ക്ക് അത് സംഭവിച്ചു.

സക്കറിയ മറക്കാൻ ശ്രമിച്ച ഭൂതകാലം. ആ ഭൂതകാലത്തിൻ്റെ തുടക്കമാണ് ജെറിച്ചായൻ്റെ മരിച്ചുപോയ മണവാട്ടി, മരിയ. തേൻ നിറം, കറുത്ത മുടി. മിന്ന് കെട്ടി കൊണ്ട് വന്ന അന്ന് മമ്മയോടൊപ്പമാണ് സക്കറിയ പുതുപ്പെണ്ണിനെ കാണാൻ പോയത്. അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ നേരം ജെറിച്ചായന് മുന്നേ കെട്ട് പൊട്ടി നിന്ന കൗമാരത്തിൻ്റെ അമരത്ത് സക്കറിയ മണവാട്ടിയെ മണത്തു. പിന്നീട് ആ ദേഹം മൊത്തം മീൻനാറി. മമ്മയോടൊപ്പം ജെറിച്ചായൻ്റെ വീട്ടിലേക്ക് പോയന്നൊക്കെ മുറ്റത്തും തൊടീലും മീൻ വെള്ളം നാറി. മരിയ തെങ്ങിൻചോട്ടിലേക്ക് മത്തി വെള്ളം വീശിയെറിഞ്ഞു. തുണ്ടമായ മീൻതലകൾ വാ പൊളിച്ച് ചിതറി. അതിലേക്ക് കാക്കൾ പറന്നുവന്ന് അലറി.

സക്കറിയ തിരിഞ്ഞുനോക്കുമ്പോൾ നനഞ്ഞൊട്ടിയ നൈറ്റി അരയിലേക്ക് കുത്തി നിൽക്കുന്ന മരിയയെയാണ് കണ്ടത്. അരയ്ക്ക് താഴെ മീൻ ചെള്ക്ക ഒട്ടിനിന്ന രോമക്കാലുകൾക്ക് ചുറ്റും ഈച്ചക്കൂട്ടം മൂക്കുരച്ച് പാറി. അവരുടെ ശവം കരയ്ക്ക് എടുത്തിട്ടപ്പോഴും ഈച്ചക്കൂട്ടങ്ങൾ മരണത്തെ മണം പിടിച്ച് പാറി. ഉടുവസ്ത്രമില്ലാതെയവർ വെള്ളത്തിൽ പാറിക്കിടന്നു. തിളച്ച വെള്ളം തൊലിയുരുക്കിക്കളഞ്ഞ ഭാഗത്ത് പുഴ വെള്ളം തട്ടി നന്നായി ചുളിഞ്ഞിട്ടുണ്ടായിരുന്നു. ആ അടയാളത്തിന് ഒരു നീണ്ട നിലവിളിയുടെ പുളച്ചിലുണ്ടായിരുന്നു. പക്ഷെ, കുഞ്ഞുമീനുകൾ മുലക്കണ്ണുകൾ കൊത്തിവലിച്ചതിൻ്റെ അടയാളമാണ് പിന്നീടെല്ലാം സക്കറിയയുടെ നിനവിൽ തികട്ടിവന്നത്. നാട്ടിലെ അവിവാഹിതരായ യുവാക്കളെല്ലാവരും മരിയയുടെ ശവം കാണാൻ കൂടി നിന്നിരുന്നു.

അതിലൊരു കാമുകൻ്റെ പിടച്ചിലറിഞ്ഞത് മരിയ മരിച്ച എട്ടാം പക്കം അതേ പുഴക്കടവിൽ ഒരു യുവാവിൻ്റെ ശവവും പാറിക്കിടന്നപ്പോഴാണ്.

സ്വയം ഇല്ലാതായിത്തീരുക അല്ലെങ്കിൽ മരിക്കുക എന്നത് മരിയയെ സംബന്ധിച്ചിടത്തോളം ഒരു പ്രതിഷേധമായിരുന്നു. ജെറിച്ചായനോടുള്ള പ്രതിഷേധം. മീശ പൊടിഞ്ഞുതുടങ്ങിയ സക്കറിയയോടുള്ള പ്രതിഷേധം. സകലമാന ആണുങ്ങളോടും അങ്ങനെതന്നെയായിരുന്നു.

കാമില മരിച്ചതിൻ്റെ എട്ടാംപക്കം ഏതെങ്കിലും ഒരു കാമുകൻ കുളിമുറിയിൽ ഞരമ്പുമുറിച്ച് ചത്തിട്ടുണ്ടാവുമെന്ന് ആലോചിക്കുന്നതിനിടയിൽ കല്ലറ പൊളിച്ച് വന്ന അവളുടെ പ്രേതം സക്കറിയയുടെ ചെവിക്കുഴിയിലിറങ്ങി അട്ടഹസിച്ച് ചോദിച്ചു:

‘‘പെട്ടെന്ന് മരണം സംഭവിക്കാൻ ഏത് നിറത്തിലുള്ള ഞരമ്പാണ് ആദ്യം മുറിക്കേണ്ടത്?"

അയാൾ തൻ്റെ കൈകൾ പരിശോധിച്ചു. പച്ചഞരമ്പും വയലറ്റ് ഞരമ്പും അന്നേരം ഒരുപോലെ പിടച്ചുകൊണ്ടിരുന്നു.

Comments