ആർഷ കബനി

മാത്യൂസ്
എന്റെ കാമുകിയാണ്

നെല്‍കൃഷിയുള്ളപ്പോള്‍
ഞാറ് നടാനും,
കളപറിക്കാനും,
നെല്ല് കൊയ്യാനും,
കറ്റ മെതിക്കാനും പോവും.
ഇപ്പോള്‍ കറ്റമെതിയില്ല.
അല്ലാത്തപ്പോഴൊക്കെ തൊഴിലുറപ്പിന് പോവും.
തിണ്ട് ചെത്തിക്കോരാനും, മഴക്കുഴി കുഴിക്കാനും, കുളം കുഴിക്കാനുമൊക്കെ കൂടും.

ഒരിക്കല്‍ വിളയില്‍ ഔസേപ്പേട്ടന്റെ -
റബര്‍ തോട്ടത്തില്‍ മഴക്കുഴിക്കുത്തിക്കൊണ്ടിരുന്ന പൊടിമഴയുള്ളൊരു വൈകുന്നേരം,
കെട്ട്യോനുള്ള എന്നോട്
തോപ്പില്‍ മാത്യൂസ് മിണ്ടാന്‍ വന്നു.

പെണ്ണുങ്ങളെ ചുറ്റിത്തിരിഞ്ഞാലും,
അവനങ്ങനെ മിണ്ടുന്ന കൂട്ടത്തിലല്ല.
എടീ , കുഞ്ഞിപ്പെണ്ണേ മക്കളൊക്കെ
എന്നാ പറയുന്നേടീയെന്ന് -
അവന്‍ ചോദിച്ചു.

എന്റെ പേര് അങ്ങനല്ലാന്ന് പറയാന്‍ വരുവായിരുന്നു ഞാന്‍.
എന്നാല്‍ മേത്ത്ന്നൊരു പൊടിക്കാറ്റ്-
റബറിലകളേയും, ഉണക്കപ്പുല്ലുകളേയും, കാട്ടുപൂക്കളേയും കൊത്തിപ്പറിച്ച് -
ആകാശം തൊട്ടു.

എന്റുള്ളിലിതെന്തൊലക്കയാ ഇത്,
നെല്ല് കുത്തുമ്പോള്‍ പറക്കണ
പൊട്ടും പൊടീം പോലെ.

അവന്റെ മേത്ത്ന്ന് ഒരു പെണ്‍മണം -
എനിക്ക് മുന്നേ കിട്ടീതാ...
പെണ്ണുങ്ങളോടുള്ള എന്റെ പ്രേമത്തെ -
ഇവന്‍വന്ന് കുത്തിതുറക്കാണോന്നോര്‍ത്ത് -
കുരിശുവരച്ചോണ്ട് ഞാന്‍ മണ്ണുകൊത്തി.

കുരിശുവരച്ചിട്ടൊന്നും ഒരു കാര്യോമില്ല,
അതീപ്പിന്നെ, കണ്ണ് മുഴുക്കെ മഷിയെഴുതി-
അവനെന്റെ സ്വപ്നത്തില്‍ വരുന്നു.
കൈയ്യില്‍ നിറയെ വളയിട്ടുവന്ന്
ഉറക്കത്തെ മുറിക്കുന്നു.
കൊലുസണിഞ്ഞെത്തി കുലുക്കി വിളിക്കുന്നു.
കെട്ട്യോനും മക്കളുമുള്ള പെണ്ണാണെ ഞാന്‍ -
ഉറക്കം ഞെട്ടി നല്ലോണം കുരിശ്ശുവരച്ച് കിടക്കും.

പതുക്കെ, പതുക്കെ ഉച്ചനേരങ്ങളില്‍ ഞങ്ങള്‍ -
കറികള്‍ കൈമാറി,
പൂക്കള്‍ കൈമാറി,
കുപ്പിവളകള്‍ കൈമാറി.
ആരും കേള്‍ക്കാതെ ഞാനവനെ
എന്റെ പെണ്ണേ എന്ന് വിളിച്ചു.
എന്റെ കറിമസാലകള്‍ക്ക് രുചികൂടി,
പുതു സാരികള്‍ക്ക് ആനന്ദംകൂടി,
ഞാന്‍ പാട്ടുകള്‍ മൂളി...കിളികളെ നോക്കി നിന്നു.
മഴക്കുഴികളില്‍നിന്നും പ്രേമത്തിന്റെ ഉറവ വന്ന് -
എന്റെ കാല്‍പ്പാദങ്ങളില്‍ തൊട്ടു.
പ്രേമം ഉത്സവമേളങ്ങളുമായി എത്തി.

ആരുമില്ലാത്ത പനിയൊഴുവുകളില്‍,
സാരിയും , ചാന്തും, കുപ്പിവളകളും
വെപ്പുമുടിയും അണിഞ്ഞ് -
മാത്യൂസ് വന്നു.
ഇരുകൈയ്യും നീട്ടി അവനിലെ പെണ്ണിനെ -
ഞാനെന്റെ പ്രേമത്തിലേക്ക് സ്വീകരിച്ചു.

Comments