'കാസ്പിയൻ!' ആരാണത് പറഞ്ഞത്?

കഥയിൽ പ്രത്യക്ഷപ്പെടുന്നവർ ഒരു കൂട്ടം ഉറ്റ സുഹൃത്തുക്കൾ. മാസത്തിൽ ഒരിക്കൽ സന്ധ്യക്ക് അവരിലൊരാളുടെ പാർപ്പിടത്തിൽ മറ്റെല്ലാവരും എത്തുന്നു. ലഘു പാനീയങ്ങൾ. ബിയർ. വീഞ്ഞ്. കഠിനങ്ങൾ ഇല്ല. പിന്നെ അത്താഴം. എല്ലാവരും ആ പ്രത്യേക സന്ധ്യയെ, അതിലെ ലഹരിയുടെ മിതത്വത്തിന് ഊന്നൽ നൽകാൻ, 'ഗോൾഡിലോക്‌സ് സന്ധ്യ' എന്നാണ് വിളിക്കുന്നത്.

Tobin Keller: Do you think you can identify the voice you heard if you heard it again?
Silvia Broome: Well, I'd say yes, if it were... It was almost a whisper. Whispers disguise the quality of a voice.
- "The Interpreter' (2005)

സിഡ്‌നി പോളക്കിന്റെ "ദ ഇന്റ്റർപ്രറ്റർ' (2005) എന്റെ നിർമിതിയായിരുന്നെങ്കിൽ ആ ചലച്ചിത്രം പുറത്തിറങ്ങുന്നത് "വിസ്പർ' എന്ന പേരിലായിരിക്കണമെന്ന് ഞാൻ ദുർവാശിയോടെ ആവശ്യപ്പെടുമായിരുന്നു. കാരണം അതിന്റെ ഇതിവൃത്തത്തിൽ പടരുന്ന ഭയവലയത്തിന്റെ തുടക്കം മിക്കവാറും വെറുമൊരു മന്ത്രണം, ഒരു വിസ്പർ. അതു കേൾക്കുന്നത് സിൽവിയ ബ്രൂം എന്ന കഥാപാത്രവും.

പ്രേക്ഷകർ പ്രത്യേകിച്ച് ശ്രദ്ധിക്കാൻ ഇടയില്ലാത്ത വിശദാംശങ്ങങ്ങളിലേക്ക് കടന്നു പറഞ്ഞാൽ, സംഗീതവും ഭാഷാശാസ്ത്രവും പഠിച്ച ശേഷം ഐക്യരാഷ്ട്രസഭയിൽ ദ്വിഭാഷിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സിൽവിയ. അവരുടെ അസാധാരണ ഗ്രഹണപ്രജ്ഞയിൽ ഒരു മന്ത്രണം തികച്ചും വ്യത്യസ്തമാകാം. സാധാരണ സ്വരങ്ങളുടെ ചില ശാബ്ദിക അടയാളങ്ങൾ, ഘടകങ്ങൾ പോലും, മന്ത്രണങ്ങളിൽ അശ്രവ്യമാകാം.

തുടക്കത്തിൽ ഞാൻ രേഖപ്പെടുത്തിയത് തിരക്കഥയിലെ ഒരു ഭാഗം, ഐ.എം.ഡി.ബി (IMDb) ഭാഷ്യം. അതിന്റെ തുടർച്ചയിൽ പറഞ്ഞാൽ, അഭാഷണത്തിനും വാചികതക്കും ഇടയിൽ മന്ത്രണം പ്രത്യേക വിനിമയമാണ്.

ഒരു പ്രത്യേക ഭാഷ പോലും. ശബ്ദതയുടേത് എന്നതിലേറെയത് നിശ്ശബ്ദതയുടെ ഛായാഭേദം, പക്ഷേ അതേ നിലയിൽ ശബ്ദത്തേക്കാൾ ശാബ്ദികം, സാർത്ഥകം ശിശുവിന്റെ ചെവികളിൽ, കാമിനിയുടെ ചെവികളിൽ, കുറ്റക്യത്യത്തിലെ കൂട്ടാളിയുടെ ചെവികളിൽ.
യദൃച്ഛയാ, സിൽവിയ കേൾക്കുന്നത് ഒരു വധ ഭീഷണിയാണ്. പക്ഷേ, ഞാൻ എഴുതുന്നത് പോളിക്കിന്റെ ചലച്ചിത്രത്തെക്കുറിച്ചല്ല.

"കാസ്പിയൻ' ചില സ്പർശരേഖകൾ'

എഴുതപ്പെടാത്തൊരു കഥയുടെ തലക്കെട്ടാണ് മുകളിൽ. അതിലെ നിശ്ശബ്ദമായൊരു വാക്കു മാത്രമാണ് ഇപ്പോൾ കാസ്പിയൻ.

കഥയുടെ സ്ഥലീയ പശ്ചാത്തലം കാസ്പിയൻ കടൽ അല്ല, തീരം അല്ല. കാസ്പിയൻ വിദൂരം, അസന്ദർശിതം. പക്ഷേ, ചില അത്താഴങ്ങളിൽ, വൈൻ ഗ്ലാസുകളുടെ വക്കിൽ കാസ്പിയൻ അലയടിക്കുന്നു; ഒപ്പം ഒരു ബാധയിലൂടെ അക്ഷരാർത്ഥത്തിൽത്തന്നെ എന്റെ ചെവികളിലും. എല്ലാറ്റിനും പിന്നിൽ ഒരിക്കലും നിലയ്ക്കാത്തൊരു ഉറവിടമായി ഒരു മന്ത്രണം.

കഥയിൽ പ്രത്യക്ഷപ്പെടുന്നവർ ഒരു കൂട്ടം ഉറ്റ സുഹൃത്തുക്കൾ. മാസത്തിൽ ഒരിക്കൽ സന്ധ്യക്ക് അവരിലൊരാളുടെ പാർപ്പിടത്തിൽ മറ്റെല്ലാവരും എത്തുന്നു. ലഘു പാനീയങ്ങൾ. ബിയർ. വീഞ്ഞ്. കഠിനങ്ങൾ ഇല്ല. പിന്നെ അത്താഴം. എല്ലാവരും ആ പ്രത്യേക സന്ധ്യയെ, അതിലെ ലഹരിയുടെ മിതത്വത്തിന് ഊന്നൽ നൽകാൻ, "ഗോൾഡിലോക്‌സ് സന്ധ്യ' എന്നാണ് വിളിക്കുന്നത്.

കഥാപാത്രങ്ങളിൽ ഒരാൾ ധുരംധർ. ശബ്ദഗ്രഹണശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നു.

കഥാപാത്രങ്ങളിൽ ഒരുവൾ കാതറിൻ പോൾ. നഗരത്തിലെ ഏറ്റവും വലിയ പുസ്തകശേഖരം കാണാവുന്നേടത്തെ ലൈബ്രേറിയൻ.

undefined

ഊഴമനുസരിച്ച് ഗോൾഡിലോക്‌സ് സന്ധ്യ തന്റെ ഫ്‌ളാറ്റിലായ ദിവസം ധുരംധർ പറയുന്നു. "അകൂസ്റ്റിക്‌സിലെ പരീക്ഷണങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ നമ്മുടേതു പോലുള്ളൊരു പാർട്ടിയിലെ ശബ്ദസാധ്യതകൾ ... ചർച്ചകൾ, പൊട്ടിച്ചിരികൾ, ലോഹവും സ്ഫടികവും കൂട്ടി മുട്ടുന്ന ഒച്ചകൾ... ഹാ! പിന്നെ തീർച്ചയായും ചിയേഴ്‌സ്...

ഇവയെല്ലാം മുഴുവനായി രേഖപ്പെടുത്താനോ പഠിക്കാനോ ഇന്നലെ വരെ എനിക്ക് തോന്നിയിട്ടില്ല. ഇന്നു രാവിലെ പെട്ടെന്നൊരു ബോധോദയം. ഇപ്പോൾ എല്ലാ ഉപകരണങ്ങളും തയ്യാർ. നിങ്ങൾ എല്ലാവർക്കും സമ്മതമാണെങ്കിൽ ഇന്നത്തെ പാർട്ടിയുടെ ശബ്ദരേഖ നമുക്ക് കിട്ടും.'

എല്ലാവരും പറഞ്ഞു: "സമ്മതം'.

ആരാണത് മന്ത്രിച്ചത്?

ഊഴമനുസരിച്ച് ഗോൾഡിലോക്‌സ് സന്ധ്യ തന്റെ ഫ്‌ളാറ്റിലായ ദിവസം രാവിലെ കാതറിൻ അഭിജിത്തിനെ വിളിക്കുന്നു.
"അഭി, ഓർമ്മയുണ്ടല്ലോ? ഇന്നത്തെ പാർട്ടി എന്റെ വീട്ടിൽ. കഴിഞ്ഞ പാർട്ടിയുടെ സൗണ്ട് ട്രാക്ക് ഇന്നല്ലേ നാം കേൾക്കുന്നത്?'
"അതെ.'

"അപരിചിതർ കേൾക്കുന്നത് പോലെ നാം നമ്മളെ കേൾക്കും, അല്ലേ? അതത്ര സുഖകരമായിരിക്കുമോ? മടുപ്പനായിരിക്കില്ലേ? എന്തോ, എനിക്കെന്തൊക്കെയോ തോന്നുന്നു.'

സംഭാഷണം ആ സ്ഥായിയിൽ തുടരുന്നു. കാതറിന്റെ വാക്കുകൾ ഇവിടെ ചേർത്തത് വരാനിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ്, ഒരു തരം പ്രമനിഷൻ, അവളെ അലട്ടുന്നുവെന്ന് അഭിജിത്തിന് തോന്നിയതിനാലാണ്.

സന്ധ്യക്ക് കാതറിന്റെ വീട്ടിൽ സുഹൃത്തുക്കൾ വന്നു ചേരുന്നു. അഭാവം ബിലഹരിയുടേത് മാത്രം. ബിലഹരി (ചിലർക്ക് "ബിൽ', ചിലർക്ക് "ഹരി') സിഡ്‌നിയിലാണ്. ഓസ്‌ട്രേലിയയിലെ ഏതോ എയർലൈനിൽ ഐ.ടി പ്രവർത്തകൻ.

അഭിജിത്തിന്റെയും ധുരംധറിന്റെയും ഓൺലൈൻ സ്‌നേഹിതൻ. ഹാങ്ഔട്ട്‌സിലെ കൂട്ടുകാരെ കാണാനാണ് ഇത്രയും ദൂരം പറന്ന് ബിൽ നഗരത്തിൽ എത്തിയത്. ധുരംധറിന്റെ ഫ്‌ളാറ്റിൽ നടന്ന പാർട്ടിയിലെ മുഖ്യ അതിഥിയായാണ് മറ്റുള്ളവർ ആകസ്മികമായി ബില്ലിനെ പരിചയപ്പെടുന്നത്.

എല്ലാവരും തീന്മേശക്ക് ചുറ്റും ഇരുന്നതിനുശേഷം ധുരംധർ തന്റെ പ്രിയപ്പെട്ട ഉപകരണങ്ങളിൽ പെരുമാറാൻ തുടങ്ങുന്നു. ശബ്ദരേഖ തുടങ്ങുന്നു. എല്ലാവരും സൂക്ഷ്മമായി ശ്രദ്ധിക്കുന്നു.

പ്രവചിതമായ പ്രതികരണങ്ങൾ. ഒടുവിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുക്കാൻ ധുരംധർ പെരുവിരൽ ഉയർത്തുന്നു.
"ഒരു പ്രശ്‌നമുണ്ട്.'
"പ്രശ്‌നം? എന്ത് പ്രശ്‌നം?'
"കൃത്യമായി പറഞ്ഞാൽ പ്രശ്‌നമല്ല. ഒരു ദുരൂഹത, ഒരു തരം അസ്വാഭാവികത. നിങ്ങളാരെങ്കിലും ഈ റിക്കോഡിങ്ങിൽ അങ്ങനെയൊന്നു കേട്ടോ, ശ്രദ്ധിച്ചോ?... ഇല്ല. പക്ഷേ, ഞാൻ അങ്ങനെയൊന്നു കേട്ടു.

അലൗകികമെന്ന് തോന്നിക്കും വിധം ഒരു ശബ്ദം. ഉപകരണം ഓൺ ചെയ്താൽ മുപ്പത്തിനാലാം മിനിട്ടിനു ശേഷം. പിറകോട്ടടിച്ച് ആ ഭാഗം നമുക്ക് വീണ്ടും കേൾക്കാം. ഞാൻ എല്ലാമൊന്ന് കൂടുതൽ കൃത്യപ്പെടുത്തട്ടെ.'

വീണ്ടും കേട്ടപ്പോൾ, ശരിയാണ്, എല്ലാവർക്കും കേൾക്കാം. ഒരു മന്ത്രണം, അടക്കംപറച്ചിൽ.
"കാസ്പിയൻ!'
ആരാണത് പറഞ്ഞത്?
ധുരംധർ പറഞ്ഞു,"നിങ്ങളിൽ ആരെങ്കിലും അങ്ങനെ മന്ത്രിച്ചോ? ഇല്ലെന്നാണ് എന്റെ നിഗമനം.

റിക്കോഡിങ് നടക്കുന്ന സമയത്ത് മൂന്നോ നാലോ തവണ എനിക്ക് അടുക്കളയിലേക്ക് പോകേണ്ടി വന്നു. പാർട്ടിയിൽ എല്ലാവരും പറഞ്ഞതു മുഴുവൻ ഞാൻ കേട്ടിട്ടില്ല. എങ്കിലും ഈ അടക്കംപറച്ചിലിൽ നിങ്ങളിൽ ആരുടെയും ഒച്ച ഞാൻ തിരിച്ചറിയുന്നില്ല. അലൗകികങ്ങളിൽ എനിക്കു വിശ്വാസവുമില്ല.

പക്ഷേ, ഇവിടെയൊരു സാഹചര്യമുണ്ട്. അടക്കംപറച്ചിലും സാധാരണ സംഭാഷണങ്ങളിലെ സ്വരവും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഈ ശബ്ദരേഖ എനിക്ക് സൂക്ഷ്മമായി പഠിക്കണം... നമുക്ക് പതിവുകളിലേക്ക് കടക്കാം?'

ശബ്ദരൂപത്തിൽ പടരുന്നൊരു വൈറസ് പോലെയാണ് "കാസ്പിയൻ!' എന്ന മന്ത്രണം എല്ലാവരെയും അലട്ടിയത്. എല്ലാ വിവരങ്ങളും ബിലഹരി അറിഞ്ഞു. ഇപ്പോൾ ഹാങ്ഔട്ട്‌സിൽ എല്ലാവരും ബിലഹരിയുടെ വലയത്തിലാണ്.

ധുരംധർ ഒരിടത്ത് ബില്ലിനോട് പറയുന്നു:"ഒച്ചകളുടെ ലോകത്തിൽ ഇത്രയും അന്ധാളിപ്പ് സാധ്യമാണെന്ന് ഇപ്പോളാണ് എല്ലാവരും അറിയുന്നത്.'

സിൽവിയ കേട്ടത്, ഞാൻ കേട്ടത്

എന്റെ കാസ്പിയൻ ആഖ്യാനം ഒരിക്കലും എഴുതി മുഴുമിക്കാൻ കഴിയില്ലെന്ന് നൂറു ശതമാനവും ബോധ്യപ്പെട്ടതിനുശേഷം ഒന്നിനു പിറകിലൊന്നായി ലാപ്‌റ്റോപ്പിൽ പടംകാണലുമായി കഴിച്ചു കൂട്ടിയ ദിവസങ്ങളിലാണ് ഞാൻ "ദ ഇന്റർപ്രറ്റർ' കാണുന്നത്.

ആകയാൽ അതിലെ മന്ത്രണം ആവർത്തനമെന്നു തോന്നിക്കുന്നൊരു ഇതിവൃത്തത്തിരിവിൽ, പൂർവാനുഭവ പ്രതീതി (Déjà vu) അനുഭവപ്പെടുത്തുന്നൊരു നിമിഷത്തിൽ, എന്നെ എത്രത്തോളം അമ്പരപ്പിച്ചെന്ന് ആർക്കും ഈഹിക്കാം.

മന്ത്രണങ്ങൾ കേൾക്കുന്നവരുടെ സാന്നിധ്യവും പദവിയും സംശയാസ്പദമാകാം. സിൽവിയ കേട്ട മന്ത്രണം വെറും മനോവിഭ്രാന്തിയാണെന്ന് സംശയിക്കപ്പെടുന്നു. മന്ത്രണം സൂചിപ്പിച്ച വധപരിപാടിക്കു പിന്നിലെ ഗൂഢാലോചനയിൽ സിൽവിയ പങ്കാളിയാണെന്നും സംശയിക്കപ്പെടുന്നു.

അങ്ങനെ പല വിധത്തിലും ഈ കഥാപാത്രം സംശയിക്കപ്പെടുന്നു. ചിലപ്പോൾ, ഒരു സംവിധാനവുമായുള്ള വൈചാരികവും പ്രത്യയശാസ്ത്രപരവുമായ ഇടപാടുകളേക്കാൾ ആപൽക്കരമാണ് ഐന്ദ്രിയമായ ഇടപാടുകൾ.

പറച്ചിലും അടക്കംപറച്ചിലും തമ്മിലുള്ള വ്യത്യാസത്തിന്റെ ശാസ്ത്രീയ വിശദീകരണം തിരക്കാൻ എന്നെ പ്രേരിപ്പിച്ചത് സിൽവിയ ബ്രൂം നൽകിയ സൂചനയായിരുന്നു.

സ്വരം ഇല്ലാത്ത ഒരു തരം ശബ്ദീകരണമാണ് അടക്കംപറച്ചിൽ. അതിൽ ശബ്ദോൽത്പാദനം സാധ്യമാക്കുന്ന പേശികൾ ആരോ തട്ടിയെടുത്ത അവസ്ഥയിൽ എത്തുന്നു. പറച്ചിലിൽ ഈ പേശികൾ സ്വരത്തിനും സ്വരമില്ലായ്മക്കും ഇടയിൽ മാറി മാറി പ്രവർത്തിക്കുന്നു.

മേതിൽ രാധാകൃഷ്ണൻ

ഫോട്ടോ: കമൽറാം സജീവ്‌

അടക്കംപറച്ചിലിൽ ഇതേ പേശികൾ മാറി മാറി പ്രവർത്തിക്കുന്നത് മന്ത്രണത്തിനും സ്വരമില്ലായ്മക്കും ഇടയിലാണ്. മാറ്റം ശബ്ദ ഖണ്ഡങ്ങളിൽ മാത്രം. പേശികളുടെ വിറയൽ നിലയ്ക്കുന്നു.

എന്റെ കാസ്പിയൻ ആഖ്യാനമാകട്ടെ മന്ത്രണത്തിൽ നിന്ന് സ്വരമില്ലായ്മയിലേക്ക് പിൻവാങ്ങിയ ഒരൊച്ചയായിരുന്നു. ചില ഇതിവൃത്തങ്ങൾ എഴുത്തുകാരോട് സ്വകാര്യത ആവശ്യപ്പെടുന്നു.

"കാസ്പിയൻ!' എന്നുച്ചരിച്ചത് ഏതു കഥാപാത്രവുമല്ല, ഞാൻ തന്നെയായിരുന്നു.

ഒരു ദിവസം നട്ടുച്ചക്കു ശേഷം വീട്ടിലെ മുറിയിൽ പ്രത്യേകിച്ച് ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ കോണോടു കോണായി നടക്കുമ്പോളാണ് അത് സംഭവിച്ചത്. എന്റെ മനസ്സിൽ എവിടെയോ ലില്ലിപ്പുട്ടുകൾ ഉണ്ടായിരുന്നെന്ന് പറയാം.

ലില്ലിപ്പുട്ടുകൾ എന്തെങ്കിലും എഴുതുക ഇടത്തുനിന്ന് വലത്തോട്ടല്ല, വലത്തുനിന്ന് ഇടത്തോട്ടുമല്ല, അപ്പോഴത്തെ എന്റെ നടത്തം പോലെ കോണോടു കോണായിട്ടാവും. ഇത്രയും നർമത്തിനിടയിലാണ് ആ ഉപജാപകപൂർവ്വമായ "കാസ്പിയൻ!'

വായുവിലൂടെ പുറത്തുനിന്ന് "കാസ്പിയൻ' എന്ന ശബ്ദം എന്റെ ചെവികളിൽ വീണിട്ടില്ല. ശബ്ദനാളം നേരിട്ട് ചെവികളോട് സംസാരിച്ചതാണെന്നും തോന്നിയിട്ടില്ല. ആമാശയത്തോളം ആഴത്തിൽനിന്ന് എന്തോ ഒരു തരം ഉദീരണം, പൊട്ടക്കുളത്തിൽ ഓർക്കാപ്പുറത്തൊരു കുമിള പോലെ, മുകളിലേക്ക് പൊന്തി ചെവിയടഞ്ഞെന്നാണ് കൂടുതലും തോന്നിയത്.

പക്ഷേ, അക്ഷരങ്ങൾക്ക് അനുസൃതമായി എന്റെ ചുണ്ടുകൾ ചലിക്കുന്നുണ്ടായിരുന്നു.

അസാധാരണമായൊരു ശാരീരിക അനുഭവം. കാസ്പിയൻ ഒരു ആത്മകഥ ആകുമായിരുന്നു. ഒരു വ്യതിയാനം മാത്രം. മാമൂൽ ചട്ടക്കൂടാവുന്ന ആഖ്യാന ക്രമങ്ങളിലെ സംഭവങ്ങൾ ഇല്ല, സമയരേഖകൾ ഇല്ല. ശരിക്കും എന്റെ ഇന്ദ്രിയാവബോധത്തിന്റെ ആത്മകഥയായിട്ടാണ് ഞാനത് സങ്കല്പിച്ചത്. കാതറിൻ എന്റെയൊരു ഐന്ദ്രിയ വിസ്തരണമാണ് .

കാതറിൻ ചില നിരകൾക്കിടയിൽ

"കാസ്പിയൻ ' എന്ന വാക്കിന് ഏകദേശമൊരു പ്രാസരൂപം ഒരുക്കാനല്ല ഞാനൊരു കഥാപാത്രത്തിന് "കാതറിൻ' എന്ന പേരിട്ടത്. പേര് ആകസ്മികമായിരുന്നു.

എന്റെ വിഭാവനത്തിൽ കാതറിൻ ഒരു ഇല, ഇലകളോട് സംസാരിക്കുന്നൊരു ചെറുപ്പക്കാരി. ഒരിക്കൽ ധുരംധർ ഹാങ്ഔട്ട്‌സിൽ ബില്ലിനോട് പറയുന്നുണ്ട്,"കൂട്ടത്തിൽ ഏറ്റവും സൂക്ഷ്മമായ ശ്രവണശക്തിയുള്ള വ്യക്തി കാതറിനാണ്.'

കാതറിൻ നേരിടുന്ന ദുരവസ്ഥ ഈ ഐന്ദ്രിയ പാരമ്യത്തിൽ. സിൽവിയ നേരിടുന്ന ആരോപണങ്ങൾക്ക് വിപരീതമായി, കാതറിൻ നേരിടുന്ന ആരോപണങ്ങൾ സ്വയം പഴി ചുമത്തൽ.

ധുരംധർ ബില്ലിനോട്:"എനിക്കൊരു അബദ്ധം പറ്റി, ബിൽ. ശബ്ദരേഖയിൽ കേട്ട വിസ്പർ നീയടക്കം അന്നത്തെ പാർട്ടിയിൽ ഉണ്ടായിരുന്ന ഓരോ ആളുടെ ഒച്ചയുമായും ഞാൻ തട്ടിച്ചു നോക്കി. എവിടെയെങ്കിലും ഒരു മാച്ച്? ഒടുവിൽ എനിക്ക് തോന്നിയതിതാണ്: ആ മന്ത്രണം ഏറ്റവും അധികം അടുക്കുന്നത് കാത്തിയുടെ ഒച്ചയോടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പാർട്ടിയിൽ ഒരാളാണ് ശരിക്കും അത് മന്ത്രിച്ചതെങ്കിൽ, ആ ആൾ കാത്തിയാകാനാണ് ഏറ്റവും കൂടുതൽ സാധ്യത.'

ബിൽ അൽപ്പം കുസൃതിയോടെ ചോദിച്ചു, "നിന്റെ ഫ്‌ളാറ്റിൽ ഉണ്ടായിരുന്ന ആരുമല്ല അതു മന്ത്രിച്ചതെങ്കിലോ?'

"എങ്കിലെനിക്ക് അലൗകികമെന്നു പറയപ്പെടുന്ന പ്രതിഭാസങ്ങളിലേക്ക് തിരിയേണ്ടി വരും. ബിൽ, പ്രപഞ്ചത്തിന്റെ രഹസ്യം താപനിലയിലാണെന്ന് നീ വിശ്വസിക്കുന്നു, ശബ്ദത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിനക്കതറിയാം.

സംഗീത വിദ്വാന്മാരുടെ വ്യാഖ്യാനങ്ങളിലെ ആത്മീയതയും കാല്പനികതയും എല്ലാ മാറ്റിനിർത്തിക്കൊണ്ട്, തികച്ചും ഭൗതികമായിതന്നെ പ്രപഞ്ചം നാദബ്രഹ്മമാണെന്ന് തിരിച്ചറിയാൻ എനിക്ക് പ്രയാസമില്ല.

നമുക്ക് കേൾക്കാനാവാത്ത ശബ്ദങ്ങളുടെ ലോകം വല്ലാത്തൊരു കച്ചേരിയല്ലേ? ദൈവ പ്രജ്ഞയുടെ സാന്നിധ്യം പോലും അവിടെയാണെന്നു തോന്നും.* പക്ഷേ അങ്ങോട്ട് കടക്കാൻ എന്റെ കൈയിലെ ഉപകരണങ്ങൾ മതിയാവില്ല. തത്ക്കാലം എന്റെ ഉത്തരം കാത്തിയിൽ തങ്ങി നിൽക്കുന്നു.'
"കാത്തിയോടിതു പറഞ്ഞോ?'പറഞ്ഞു. അതാണ് എനിക്ക് പറ്റിയ അബദ്ധം. ഗവേഷണം എന്നെയൊരു കണ്ടെത്തലിൽ എത്തിച്ചതിന്റെ ആവേശത്തിൽ, വിവര വിതരണത്തിൽ അൽപം വകതിരിവ് ആവശ്യമാണെന്ന ചിന്ത എനിക്കുണ്ടായില്ല. അല്ലെങ്കിൽത്തന്നെയെന്ത്? കാസ്പിയൻ ഒരു അശ്ലീല പദമാണോ? അസാധാരണമായൊരു ജലാശയത്തിന്റെ പേര് ഉള്ളിൽ പറഞ്ഞാലും പുറത്തു പറഞ്ഞാലും, പറയുന്നത് മനഃപൂർവം ആയാലും അല്ലെങ്കിലും അതിലെന്തു പ്രശ്‌നം? പക്ഷേ, ഏതോ ചില വിഭ്രാന്തികളിൽ കാത്തി തളർന്നു പോയി. എന്തോ പാപം ചെയ്‌തെന്ന തോന്നൽ. ഇതിന്റെ മനഃശാസ്ത്രം എനിക്കു പിടികിട്ടില്ല. ചില പ്രത്യേക മതവിശ്വാസങ്ങളും ചരിത്രത്തിലെ ചില ഇരുണ്ട സംഗതികളും കൂടിക്കലർന്ന് ആകെയൊരു വല്ലാത്ത മിശ്രമാണ് കാത്തിയുടെ മനസ്.'*

"കാത്തി എപ്പോളും ഉള്ളിൽ സംസാരിച്ചു കൊണ്ടിരിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ തോന്നൽ ശരിയെങ്കിൽ, അവൾ എപ്പോളും ഉള്ളിൽ എന്തെക്കൊയോ കേൾക്കുന്നുമുണ്ട്... ധുരം, ഞാനൊരു കാര്യം പറഞ്ഞാൽ നീ വിശ്വസിക്കില്ല.'
"ശ്രമിക്കൂ.'
"നിന്റെ ഫ്‌ളാറ്റിൽ അത്താഴത്തിനു വന്നപ്പോൾ കാത്തിക്ക് ഞാനൊരു പുതുമുഖമായിരുന്നു. പക്ഷെ, അവളുടെ രൂപം എനിക്ക് പരിചിതമായിരുന്നു. പാർട്ടിക്കു മുൻപേ ഞാൻ കാത്തിയെ കണ്ടിരുന്നു. കൃത്യമായും മുഴുവനായും കണ്ടില്ല, പക്ഷെ, വീണ്ടും കണ്ടാൽ തിരിച്ചറിയാൻ ആവശ്യമുള്ളത്രയും കണ്ടിരുന്നു.'
"അതെങ്ങനെ?'

ഓർക്കുന്നോ, ഞാൻ നിങ്ങളുടെ നഗരത്തിലെത്തുന്നത് ഒരു വെള്ളിയാഴ്ച. ശനിയാഴ്ച വൈകിയിട്ട് പാർട്ടി. അന്ന് രാവിലെ ഞാൻ നഗരം കാണാൻ പുറത്തിറങ്ങി. വഴിവക്കിൽ ഒരു കൽക്കെട്ടിടം. ഇരുമ്പുപടിയിൽ "ക്ലോസ്ഡ്' എന്നറിയിക്കുന്ന കാർഡ്‌ബോർഡ് കണ്ടെങ്കിലും ഞാൻ കെട്ടിടത്തിലേക്ക് കയറി.

വലിയൊരു ഹാൾ. വിജനം. അവിടെയൊരു പ്രത്യേക ഇടമുണ്ട്. പ്രത്യേക സജ്ജീകരണം. ഇടതുവശത്ത് കൂറ്റൻ കണ്ണാടി ജനാലകളുടെ ചുവട്ടിൽ പൂച്ചട്ടികളുടെ നിര. വലതുവശത്ത് പുസ്തക ഷെൽഫുകളുടെ നിര. ഈ രണ്ട് നിരകൾക്കിടയിലൂടെ എതിർവശത്തേക്ക് ഒരു ചെറുപ്പക്കാരി നടക്കുന്നു.
"കാതറിൻ?'

"അതെ, പക്ഷേ ആ സമയത്ത് എനിക്കതറിയില്ല, ഉവ്വോ? ഇല്ല. പക്ഷേ ആ നടത്തം! വളരെ പതുക്കെ. ഇടത്തോട്ടും വലത്തോട്ടും മുഖം തിരിച്ചുകൊണ്ട് അവൾ നടക്കുന്നു.

ചെവികൾ ഉള്ളിൽ കൂർപ്പിച്ച് അവൾ കേൾക്കുകയാണ്. ഇലകൾ അവളോട് സംസാരിക്കുന്നു, പുസ്തകങ്ങൾ അവളോട് സംസാരിക്കുന്നു. അഥവാ ഇലകൾ പുസ്തകങ്ങളോടും പുസ്തകങ്ങൾ ഇലകളോടും സംസാരിക്കുന്നു.

ഞാൻ വായിച്ചറിഞ്ഞൊരു പുത്തൻ സാങ്കേതിക വിദ്യയുണ്ട്. അതിൽ ഇലകൾക്കും മനുഷ്യർക്കും ഇടയിൽ വിനിമയം സാധ്യമാണ്. നമ്മുടെ ശ്രവ്യപരിധിക്ക് മുകളിലുള്ള ആവൃത്തികളിലൂടെയാണ് ഇലകൾ സംസാരിക്കുന്നത്. ആരേക്കാളുമധികം നിനക്കത് മനസ്സിലാകും: അൾട്രാസൗണ്ട്.'
"ഓ! മൈ ഗോഡ്!'

"ഇലകളോടും സ്ഫടികത്തോടും താര്യതയോടും വെളിച്ചത്തോടും എനിക്കുള്ള അതേ സ്‌നേഹമാണ് എനിക്കവളോട് തോന്നിയത്. ഏതാനും ചുവടുകൾ മുന്നോട്ടു വെച്ചാൽ അവൾ നടത്തത്തിന്റെ അറ്റം എത്തും. പിന്നെ തിരിയും, അഭിമുഖമാവും.

ഞാൻ സ്ഥലം വിട്ടു. അത്രയും ഒച്ചയില്ലാത്ത കാൽവെയ്പുകളോടെ അത്രയും വേഗം ഞാൻ ഒരിക്കലും നടന്നിട്ടില്ല. അനിമേഷൻ പടങ്ങളിലേ അത് സാധ്യമാകൂ...

പിന്നെ, ശബ്ദരേഖയിലെ "കാസ്പിയൻ' ശബ്ദത്തെക്കുറിച്ച് കേട്ട നിമിഷത്തിൽ ഞാൻ വിചാരിച്ചു, ഒരു കാത്തിയ്ക്കു മാത്രമേ അത് കഴിയൂ. ഇലകൾ സംസാരിക്കുന്ന മാധ്യമത്തിലൂടെ ഒരു കടലിന്റെ പേര് ഉച്ചരിക്കാൻ അവൾക്കേ കഴിയൂ.'
എന്തുകൊണ്ട് "കാസ്പിയൻ'
ഒരു ചോദ്യം കൂടി തുടക്കത്തിൽത്തന്നെ കടന്നു കൂടിയിട്ടുണ്ട്. എന്തുകൊണ്ട് "കാസ്പിയൻ' എന്ന വാക്ക്? എന്തുകൊണ്ടത് മറ്റൊരു വാക്കായില്ല?

ആ വാക്ക് കേൾക്കുമ്പോൾ കാസ്പിയനെക്കുറിച്ച് ഏറെ നേർത്തൊരു ചിന്ത പോലും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. പക്ഷേ, അഞ്ചാറു വർഷങ്ങൾക്കു മുൻപ്, ചില വായനകളിലൂടെ. ലോകത്തിലെ ഏറ്റവും സങ്കീർണമായ തർക്കഭൂമി എന്ന നിലയ്ക്ക് കാസ്പിയൻ എന്നിൽ മുഖരമായിരുന്നു.

രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, വികസനം എന്നീ വിഷയങ്ങൾക്കു മേൽ പടർന്ന് കാസ്പിയന്റെ വ്യാപ്തി ദുർഘടനയായി മാറുന്നു.

അഞ്ചു രാജ്യങ്ങളാണ് കാസ്പിയന് തീരം കൊടുക്കുന്നത്. ഈ രാജ്യങ്ങളുടെ വികസന അഭിലാഷങ്ങൾ അന്യോന്യം ഇടയുന്നു. ഇവയിൽ ചിലതിനോട് അനുകൂലിച്ചും ചിലതിനോട് പ്രതികൂലിച്ചും ഐക്യരാഷ്ട്രസഭയുടെ ലോകാചാരം നിലനിൽക്കുന്നു.

വിശദ വിവരങ്ങൾക്ക് ഇവിടെ പഴുതില്ല. തർക്കത്തിന്റെ കാതലാകട്ടെ കാസ്പിയന്റെ ഭൂമിശാസ്ത്രപരമായ നിർവചനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഈ നിർവചനവും തർക്കവിഷയം!

തുടക്കം തൊട്ടുള്ള പല ചരിത്രരേഖകളിലും കാസ്പിയൻ ഒരു കടലാണ്. പക്ഷേ, മറ്റു ചില രേഖകളിൽ തടാകങ്ങളുടെ പട്ടികയിലാണ് കാസ്പിയൻ. ഭൂമിശാസ്ത്രത്തിന്റെ നിർണയം ഇവിടെയുമല്ല, അവിടെയുമല്ല:

ഒരേ സമയത്ത് കാസ്പിയൻ കടലുമാണ്, തടാകവുമാണ്; അതേ സമയത്ത് കാസ്പിയൻ കടലുമല്ല, തടാകവുമല്ല. "അതോ/ഇതോ' എന്ന അവസ്ഥയുടെയും "അതും/ഇതും' എന്ന അവസ്ഥയുടെയും ഈ സമ്മിളിതത്തത്തേക്കാൾ വലിയൊരു "ബൂളിയൻ' ദുർഘടന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറെന്ന നിലയ്ക്ക് ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല.

ബാഹ്യദൃഷ്ടിയിൽ വളച്ചുകെട്ടലാണെന്ന് തോന്നാമെങ്കിലും എന്റെ മസ്തിഷ്‌കത്തിലെ ആശയബന്ധ വ്യവസ്ഥക്ക് അനായാസമായൊരു സമാന്തരത്തിൽ ഞാൻ എത്തുന്നു.
കടലോ, തടാകമോ?
പറച്ചിലോ, അടക്കംപറച്ചിലോ?
എവിടന്നു തുടങ്ങിയാലും ഒരാൾ എവിടെയെങ്കിലും എത്തും. എഴുത്തിന്റെ സിദ്ധിയും കിടിലവും ലക്ഷ്യതയുടെ ഏകാധിപത്യമല്ല, അലക്ഷ്യതയുടെ അരാജകത്വമാണ്.

Comments