ഉറ പൊഴിക്കുന്ന ഒരിഴജന്തുവാണ് കല,

Ars Longa, Vita brevis

മേതിൽ: വ്യാഴാഴ്​ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- 4

കവികളുടെ മൗനത്തെപ്പറ്റിയും

പിന്നെ പുസ്തകങ്ങളെല്ലാം തന്റെ മുമ്പിൽ നിന്ന്​ മേതിൽ നീക്കിവെച്ചു. ഈശ്വരനെ വേണ്ട എന്നുവെച്ച ഒരാളുടെ അകമഴിഞ്ഞ ശാന്തതയോടെ

പഴയകാല സുഹൃത്തുക്കളോടൊപ്പം മേതിൽ രാധാകൃഷ്ണൻ
പഴയകാല സുഹൃത്തുക്കളോടൊപ്പം മേതിൽ രാധാകൃഷ്ണൻ

ചില വ്യാഴാഴ്ചകളിൽ, വൈകുന്നേരം മേതിൽ ഞാൻ താമസിച്ചിരുന്ന താമസ സ്ഥലത്ത് വരുമായിരുന്നു. പിറകെ വരുന്ന ഒഴിവുദിവസത്തെ കണക്കാക്കിക്കൊണ്ടാണ് ആ സന്ദർശനം.

ഒരു സ്റ്റുഡിയോ ഫ്ലാറ്റിൽ ഞങ്ങൾ നാലുപേരാണ് അന്ന് താമസിച്ചിരുന്നത്; ഉണ്ണി, ഷാർളി ബഞ്ചമിൻ, വിജയൻ, പിന്നെ ഞാൻ.
എല്ലാവരും വായിക്കുന്നവരായിരുന്നു. ഷാർളി ബഞ്ചമിൻ കഥകളെഴുതിയിരുന്നു. കുവൈത്തിൽ ഞങ്ങളെല്ലാവരും പുതിയവരാണ്, ആരും മുമ്പ് പരിചയമുള്ളവരും ആയിരുന്നില്ല. പക്ഷെ എല്ലാവരും, കലയുടെയോ സാഹിത്യത്തിന്റെയൊ ഓർമയിൽ, ആ ചെറിയ ഇടത്ത് ഒരുമിക്കുകയായിരുന്നു. മാതൃഭൂമിയും കലാകൗമുദിയും വായിക്കുന്ന ആളുകൾ; അതായിരുന്നു അക്കാലത്ത് ഞങ്ങൾ ഞങ്ങളെ പരസ്പരം റിക്രൂട്ട് ചെയ്യാൻ കണ്ടുപിടിച്ച വഴി.

വായിക്കുന്നവർ ഒരു പുരാതന ഗോത്രമാണ്.

എങ്കിൽ, ആ നാലംഗ ഗോത്രത്തിലേക്കാണ് മേതിലിന്റെ പ്രവേശം ഉണ്ടായത്. യുവാക്കളായിരിക്കുന്നതിന്റെ അനിശ്ചിതാവസ്ഥയിലേക്ക് കലയും രാഷ്ട്രീയവും പകർന്ന ഞങ്ങളുടെ സ്വന്തം തീർപ്പുകളിലേയ്ക്കായിരുന്നു, അല്ലെങ്കിൽ മേതിലിന്റെ പ്രവേശം. ആ രാത്രി മേതിൽ ഞങ്ങൾക്കൊപ്പം തങ്ങാൻ തീരുമാനിച്ചു.

ഞങ്ങളുടെ വെപ്പും തീനും, തുളുമ്പുന്ന അച്ചടക്കവും, കലയെ കുറിച്ചുള്ള, വിശേഷിച്ചും ചലച്ചിത്രങ്ങളെ കുറിച്ചുള്ള ഒടുങ്ങാത്ത വർത്തമാനങ്ങളും, മേതിലിനെയും സന്തോഷിപ്പിച്ചിരിക്കണം, ഞങ്ങളുടെ രാത്രി നീണ്ടുനീണ്ടുപോയി.

മേതിൽ, നാട്ടിൽ നിന്ന്​ ഞാൻ കൊണ്ടുവന്ന ചെറിയ പുസ്തകകൂട്ടം കാണാൻ എന്റെ കട്ടിലിൽ ഇരുന്നു.

ഞങ്ങൾക്ക് അവിടെ കസേരകളോ മേശയോ ഇല്ലായിരുന്നു. നാല് കട്ടിലുകൾ ചെറിയ മുറിയിൽ തിക്കിത്തിരക്കി കിടക്കുകയാണ്. കട്ടിലിലിരുന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക. അതിലിരുന്നാണ് ഞങ്ങൾ ടെലിവിഷൻ കാണുക. അതിലിരുന്നാണ് ഞങ്ങൾ വായിക്കുക. പിന്നെ അവിടെത്തന്നെ ഞങ്ങൾ കിടന്നുറങ്ങുന്നു.

ഞാൻ കൊണ്ടുവന്ന ഓരോ പുസ്തകവും എടുത്ത് മേതിൽ മറിച്ചുനോക്കി. എന്റെ മാർക്‌സിസ്റ്റ്, മാവോ, സാഹിത്യകൃതികൾ കണ്ടു. ഞാൻ കൂടെ കൊണ്ടുവന്ന കവിതാസമാഹാരങ്ങൾ കണ്ടു. ചില കവിതകൾ നിശ്ശബ്ദമായി വായിച്ചു. എല്ലാം, എഴുത്തിൽനിന്നും സാഹിത്യത്തിൽ നിന്നും വളരെ മുമ്പേ വിട പറഞ്ഞ ഒരാളുടെ നിസ്സംഗതയോടെതന്നെ. പിന്നെ പുസ്തകങ്ങളെല്ലാം തന്റെ മുമ്പിൽ നിന്ന്​ മേതിൽ നീക്കിവെച്ചു. ഈശ്വരനെ വേണ്ട എന്നുവെച്ച ഒരാളുടെ അകമഴിഞ്ഞ ശാന്തതയോടെ - ഞാൻ വിചാരിച്ചു.
​അപ്പോഴും, ഈ മനുഷ്യനോടു മാത്രമേ എനിക്ക് ഇനിയും കലയും സാഹിത്യവും സംസാരിക്കാനാവു എന്നും ഞാൻ വിചാരിച്ചു.

ഒരുപക്ഷെ, തന്റെ നീണ്ട ഇരുപതു വർഷത്തെ ‘സാഹിത്യമൗന'ത്തെ ആദ്യമായി, ഒരു ഭൗതികശക്തിപോലെ, മേതിൽ പിന്നീട് അഭിമുഖീകരിക്കുന്നതും ആ രാത്രിയിലാകണം. എനിക്ക് തീർച്ചയില്ല.

ഓരോ ദശകത്തിന്റെയും രാഷ്ട്രീയ ഉള്ളടക്കം എന്ന നിലക്ക് ‘എഴുത്തി'നെ പൊതുവായി മനസ്സിലാക്കുന്ന ഒരു രീതി, അല്ലെങ്കിൽ അങ്ങനെയൊരു ‘കാവ്യാസ്വാദനരീതി' നമുക്കുണ്ട്. അത് എഴുത്തിൽ എപ്പോഴും ഒരു ഉള്ളടക്കം തിരയുന്നു. എഴുപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ ഇത് പ്രബലവുമായിരുന്നു. ‘ആധുനികത'യെ, അതിന്റെ ഊർജ്ജ്വസ്വലമാവേണ്ടുന്ന സമകാലികതയെ, അതികൃത്യമാക്കുക മാത്രമല്ല ഇത് ചെയ്തത്, സമകാലികത എന്ന സങ്കൽപത്തിൽത്തന്നെയുള്ള എല്ലാ അവസരങ്ങളെയും തടയുകകൂടിയാണുണ്ടായത്.

വായിക്കുന്നവർ ഒരു പുരാതന ഗോത്രമാണ്. എങ്കിൽ, ആ നാലംഗ ഗോത്രത്തിലേക്കാണ് മേതിലിന്റെ പ്രവേശം ഉണ്ടായത്. യുവാക്കളായിരിക്കുന്നതിന്റെ അനിശ്ചിതാവസ്ഥയിലേക്ക് കലയും രാഷ്ട്രീയവും പകർന്ന ഞങ്ങളുടെ സ്വന്തം തീർപ്പുകളിലേയ്ക്കായിരുന്നു, അല്ലെങ്കിൽ മേതിലിന്റെ പ്രവേശം.

‘നവീന ഇടതുപക്ഷം' എന്ന് നാം ഭംഗിയാക്കിയോ, പുരോഗമനാത്മകം എന്ന് പറഞ്ഞോ, വിവരിക്കാറുള്ള രാഷ്ട്രീയത്തിന്റെ ഔദ്യോഗികമായ ഇടപെടലുകൾ ഈ കാലത്ത് എഴുത്തിനെ, വിശേഷിച്ചും കവിതയെ, അതിന്റെ സ്വാച്ഛന്ത്യത്തെ വലിയ പരിധി സ്വാധീനിച്ചു. ഇന്നും നാം ഈ കാലത്തെ വേണ്ടത്ര ആശങ്കയോടെയൊ, സാഹിത്യത്തിന്​ എന്തായാലും വേണ്ടുന്ന കരുതലോടെയൊ, സമീപിച്ചിട്ടില്ല. അതിനെപ്പറ്റി പറയുന്നില്ല. മാത്രമല്ല, ഇത് കലാസ്വാദനത്തിന്റെതന്നെ ഒരു രീതിയും ആവിഷ്‌കാരവുമായി തുടരുകയും ചെയ്യുന്നു. അല്ലെങ്കിൽ, നമ്മളിപ്പോഴും, കലയിലും രാഷ്ട്രീയത്തിലും, ഒരു സോവിയറ്റ് റിപ്പബ്ലിക്കിനെപ്പോലെ പെരുമാറുന്നു.

വീണ്ടുമൊരു വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, ഞാൻ മേതിലിനെ കാണാൻ ഓഫീസിൽ ചെന്നതായിരുന്നു, കമ്പ്യൂട്ടറിലെ മോണിറ്ററിൽ നോക്കി സംസാരിക്കുന്നതിനിടയ്ക്ക് മേശയുടെ വലിപ്പുതുറന്ന് മേതിൽ ഒരു കടലാസ് എനിക്ക് നീട്ടി.

അക്കാലത്ത് പ്രിൻറിനുപയോഗിക്കുന്ന കമ്പ്യൂട്ടർ പേപ്പർ തന്നെയാണ് മേതിൽ എഴുതാനും ഉപയോഗിച്ചിരുന്നത്. നീലയും പച്ചയും ഒരു തരം വെള്ളയും വരകളുള്ള കടലാസ്, അതിൽ, മേതിൽ, മലയാളം ലിപികളുടെ സൂക്ഷ്മഭംഗിയിൽ, എന്തോ എഴുതിയിരിക്കുന്നു.

എനിക്ക് അത്ഭുതം തോന്നി.

ആ ദിവസങ്ങളിൽ എപ്പോഴോ മേതിൽ എഴുതിയ കവിതയാണ് അത്.

ഞാൻ ആ വരികൾ ഒന്നുകൂടി വായിച്ചു.
ഒടുവിലൊടുവിൽ എത്തുമ്പോൾ അതിലെ വരികളിൽ തങ്ങിനിൽക്കാൻ തുടങ്ങി. തന്റെയോ കവിതയുടെയൊ ദൗത്യം ഓർമിപ്പിക്കുന്ന വരികൾ, ഞാൻ വിചാരിച്ചു. എത്രയോ വർഷം എഴുതാതിരുന്ന മേതിൽ വീണ്ടും എഴുതാൻ തുടങ്ങുന്നു.
‘ഉറ പൊഴിക്കുന്ന ഒരിഴജന്തുവാണ് കല' എന്ന വരിക്കുമുകളിലെ വരികളിൽ അതുവരെയുമുള്ള വരികളോട് അത്ര നേരം സംസാരിക്കുകയായിരുന്നു.

വിശപ്പിന്റെയും മരണത്തിന്റെയും കൂർത്ത വാക്കുകൾക്കിടയിലൂടെ ഞെരുങ്ങിക്കടന്ന് ഉറ പൊഴിക്കുന്ന ഒരിഴജന്തുവാണ് കലയെന്ന് തെര്യപ്പടുത്താൻ വേണ്ടി മാത്രം...

മേതിൽ / Photo: Wikimedia Commons
മേതിൽ / Photo: Wikimedia Commons

തന്നോടുതന്നെ സംസാരിച്ചുകൊണ്ടും തന്നെത്തന്നെ തന്റെ വായനക്കാരനായി കണ്ടുകൊണ്ടും എഴുതിക്കൊണ്ടാണ് മേതിൽ, ഒരുപക്ഷെ, തന്റെ എഴുത്തിന്റെ തന്നെ പദവി തേടുന്നത്. സമകാലികമായ എന്തിനോടും അതിനൊരു വിപ്രതിപത്തിയുണ്ട്. സാമൂഹികമായ ഒരകലം കലയ്ക്കുണ്ട് എന്ന് വിശ്വസിപ്പിക്കുന്ന വിധം അത് പലപ്പോഴും പ്രകടവുമാണ്. അതോടൊപ്പം തന്നെ, പ്രസിദ്ധങ്ങളായ, എല്ലാതരത്തിലുമുള്ള, ആത്മാവിഷ്‌ക്കാരവാദങ്ങളിൽ നിന്നും ആ സമീപനം അകലം പാലിക്കുകയും ചെയ്യുന്നു. പകരം ഭാവനയെ മറ്റൊരു ഭൗതിക യാഥാർത്ഥ്യമായി അവതരിപ്പിക്കുന്നു.

‘പക്ഷെ ഇപ്പോഴും ഞാൻ സാഹിത്യത്തിൽ വിശ്വസിക്കുന്നില്ല', മേതിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്റെ കൈയ്യിൽ നിന്ന്​ ആ കടലാസ് വാങ്ങി മേശയുടെ വലിപ്പിലേക്കിട്ടു. ‘സാഹിത്യം മരിച്ചിരിക്കുന്നു', അന്നും ആവർത്തിച്ചു.

കലയുടെ മരണം, അല്ലെങ്കിൽ സാഹിത്യത്തിന്റെ മരണം എന്ന സങ്കൽപ്പം, എന്നെ, കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും വീണ്ടും അടയ്ക്കുകയും ചെയ്യുന്ന ഒരു ദേവതയെ ഓർമിപ്പിക്കുന്നു. ചിലപ്പോൾ അത് പ്രപഞ്ചത്തോളം പോന്ന ഓർമയോ മറവിയോ ആണ്. മറ്റു ചിലപ്പോൾ ഒരു കളിപ്പാവപോലെ അത് നമ്മുടെ കൂടെ കൂടുന്നു. ജീവിതത്തെ പലതായി പകുക്കുന്നു. ചിലപ്പോൾ മറവിയിൽ ഉപേക്ഷിക്കുന്നു. പക്ഷെ ഒരാവശ്യം പോലെ എന്തിനോ പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നു.
മരണത്തെയും കല അതിന്റെ ആവശ്യമാക്കുന്നു.

ഓർമയിൽനിന്ന്​ തെന്നിപ്പോയ എഴുത്തുകാരുടെ ഫോസിലുകൾകൊണ്ടുകൂടിയാണ്, അല്ലെങ്കിൽ, ഓരോ ഭാഷയും അതിന്റെ സാഹിത്യം ഉണ്ടാക്കുന്നത്. നമ്മുടെ ഭാഷയും. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments