ഗുന്തർ ഗ്രാസ്​, ഓസ്‌കാർ:
​വിശ്വസിക്കാനാകാത്ത ആത്യന്തിക ആഖ്യാതാക്കളെപ്പറ്റി

Ars Longa, Vita brevis

മേതിൽ: വ്യാഴാഴ്​ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- 7

മേതിലിന് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിലൊരാളാണ് ഗുന്തർ ഗ്രാസ്. ‘‘ഗുന്തർ ഗ്രാസിന്റെ കലയിലനുഭവിച്ചത്ര ‘മാജിക്കൽ റിയലിസം' മറ്റൊരു എഴുത്തുകാരിലും ഞാൻ കണ്ടിട്ടില്ല'', മേതിൽ വിശ്വസിക്കുന്നു.

ഗുന്തർ ഗ്രാസ്​. / Photo : Dominik Butzmann—laif/Redux
ഗുന്തർ ഗ്രാസ്​. / Photo : Dominik Butzmann—laif/Redux

ഴിഞ്ഞ ദിവസവും ഞങ്ങൾ; മേതിലും ഞാനും, വിഖ്യാതനായ ജർമൻ എഴുത്തുകാരൻ ഗുന്തർ ഗ്രാസിനെക്കുറിച്ചു സംസാരിച്ചു, സാഹിത്യത്തെയും രാഷ്ട്രീയത്തെയും എഴുത്തുകാർ എങ്ങനെ ‘സ്വാംശീകരിക്കുന്നു' എന്ന് പറയുമ്പോൾ. മലയാളത്തിലെ പല തലമുറകളിലുംപെട്ട എഴുത്തുകാരെയും അവരുടെ കലയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഓർത്തു.

മേതിലിന് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിലൊരാളാണ് ഗുന്തർ ഗ്രാസ്. ‘‘ഗുന്തർ ഗ്രാസിന്റെ കലയിലനുഭവിച്ചത്ര ‘മാജിക്കൽ റിയലിസം' മറ്റൊരു എഴുത്തുകാരിലും ഞാൻ കണ്ടിട്ടില്ല'', മേതിൽ വിശ്വസിക്കുന്നു.

വിശ്വപ്രസിദ്ധമായ നോവൽ, ടിൻ ഡ്രം, അതിന്റെ കഥ, അതിലെ നായകൻ, ആ കാലത്തെ യൂറോപ്​, യുദ്ധം, രാഷ്ട്രീയം ഇതെല്ലാം മേതിൽ, ഞങ്ങളുടെ പല സംഭാഷണങ്ങളിലും ഓർത്തിരുന്നു. ഒരൊറ്റ കഥ കൊണ്ടോ ഒരു കഥാപാത്രമായോ ഒരെഴുത്തുകാരൻ ഒരാളുടെ ഓർമയിൽ നീണാൾവാഴുന്ന കലയുടെ ജീവനകലയായിരുന്നു അത്. ഞാനും ഗുന്തർ ഗ്രാസിനെ ഇഷ്ടപ്പെട്ടു. ഞാനും ടിൻ ഡ്രം ഇഷ്ടപ്പെട്ടു.

ജനനത്തോടെ തന്നെ മാനസിക പ്രാപ്തി നേടിയ ഒരാളാണ്, തന്റെ മൂന്നാം വയസ്സിൽ പിന്നീടുള്ള തന്റെ വളർച്ച അവസാനിപ്പിച്ച, ഓസ്‌കാർ - ഗുന്തർ ഗ്രാസിന്റെ നോവലിലെ നായകൻ. അല്ലെങ്കിൽ, തന്റെ അമ്മയുടെ ഗർഭപാത്രത്തിലേയ്ക്കുതന്നെ മടങ്ങാൻ കഴിയാത്തതുകൊണ്ടുമാത്രമാണ് ഓസ്‌കാർ മൂന്നാം വയസ്സിൽ താൻ വളരുന്നത് അവസാനിപ്പിക്കുന്നത് - അതുമാത്രമായിരുന്നു ആ ‘ബാലന്റെ' മുമ്പിലുള്ള തിരഞ്ഞെടുപ്പ്. ലോകത്തിന്റെ നിഷ്ടൂരത, മുതിർന്നവരുടെ യുദ്ധവും ആധിപത്യവും, പിന്നെ എഴുത്തിന്റെ സംസ്‌കാരവും, എല്ലാം ആ കൃതി ആദ്യം യൂറോപ്പിനും പിന്നെ ലോകത്തിനും വേണ്ടി പറഞ്ഞു.

ടിൻ ​ഡ്രം ഇഷ്ടപ്പെടാതിരിയ്ക്കുക എങ്ങനെ?

ഗബ്രിയേൽ ഗർസിയ മാർക്വേസ്. / Photo : Wikimedia commons
ഗബ്രിയേൽ ഗർസിയ മാർക്വേസ്. / Photo : Wikimedia commons

എനിക്കറിയാം, ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ആരാധകനല്ല' മേതിൽ. ഞാൻ പക്ഷെ മാർകേസിനെയും അതിയായി ഇഷ്ടപ്പെട്ടു. മാത്രമല്ല, എൺപതുകളിലും തൊണ്ണൂറുകളിലും വായനയും എഴുത്തും തുടങ്ങുന്ന ഒരാൾ എന്ന നിലയ്ക്ക് മാർകേസും അയാളുടെ മാത്രമായ മാന്ത്രിക എഴുത്തും, അക്കാലത്തെ പലരെയും എന്നപോലെ, എന്നെയും മോഹിപ്പിച്ചുകൊണ്ടിരുന്നു. അയാളുടെ കപ്പലുകൾ എന്നെയും വട്ടമിട്ടു. അയാളുടെ പക്ഷി എന്റെയും ഭാവി പ്രവചിച്ചു. എന്നാൽ, ലാറ്റിനമേരിക്കൻ സാഹിത്യം എൺപതുകളിൽ നമ്മുടെ ഭാഷയെയും ആവേശംകൊള്ളിക്കുമ്പോൾ മേതിൽ എഴുതുന്നില്ല. ഒരുപക്ഷെ ഇവരെയൊന്നും വായിക്കുന്നുപോലുമില്ല. അല്ലെങ്കിൽ, യൂറോപ്യൻ ആധുനികതയാകും, ഇതിനേക്കാൾ, മേതിലിനെ കൂടുതൽ ആകർഷിച്ചിരിക്കുക. അറിയില്ല.

ഗുന്തർ ഗ്രാസിനെ ഇഷ്ടപ്പെടാൻ പക്ഷെ ഒരാൾക്ക് വേറെയും കാരണങ്ങളുണ്ട്. അതിലൊന്ന്, മേതിൽ ഓർമിക്കുന്ന പോലെ, ‘പ്രത്യക്ഷരാഷ്ട്രീയ'ത്തിൽ നിന്ന് ഗ്രാസ് തന്റെ കലയെ എപ്പോഴും മാറ്റിനിർത്തുന്നു എന്നതാവാം; ആ കല, സൂക്ഷ്മാർഥത്തിൽ, ‘രാഷ്ട്രീയം പറയുമ്പോഴും'. ‘If Jesus had been a hunchback, they could hardly have nailed him to the cross.' എന്ന ടിൻ ഡ്രമ്മിലെ വരിയിലെ ചിരി നോക്കൂ, നമുക്ക് ഇഷ്ടപ്പെടാനുള്ള കലയും രാഷ്ട്രീയവും അതിലുണ്ട്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഗ്രാസിന്റെ ഈ നോവലിലെ ‘ബാലനായ' നായകനെ, the ultimate unreliable narrator എന്നാണ് വിശേഷിപ്പിച്ചുകണ്ടിട്ടുള്ളത്.

ഞാനും ഓസ്‌കാറിനെ ഇഷ്ടപ്പെട്ടു.

അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഗ്രാസിൻറെ 'ടിൻ ഡ്രം' നോവലിലെ ‘ബാലനായ' നായകനെ, 'the ultimate unreliable narrator' എന്നാണ് വിശേഷിപ്പിച്ചുകണ്ടിട്ടുള്ളത്. 'ടിൻ ഡ്രം നോവലിൻറെ അഡാപ്റ്റേഷനായ 'ടിൻ ഡ്രം' സിനിമയിൽ നിന്ന്
അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഗ്രാസിൻറെ 'ടിൻ ഡ്രം' നോവലിലെ ‘ബാലനായ' നായകനെ, 'the ultimate unreliable narrator' എന്നാണ് വിശേഷിപ്പിച്ചുകണ്ടിട്ടുള്ളത്. 'ടിൻ ഡ്രം നോവലിൻറെ അഡാപ്റ്റേഷനായ 'ടിൻ ഡ്രം' സിനിമയിൽ നിന്ന്

മനുഷ്യരുടെ ജീവത്തായ ആവശ്യം അസംബന്ധമായ ഒരു ജീവിതത്തെ നിറവോടെ കൊണ്ടുനടക്കുക എന്നാണ്. ജീവിതത്തെ കഥയാക്കുക എന്നാണ്. അങ്ങനെകൂടിയാണ് ഒരു തുറമുഖ നഗരം (Danzig) പിന്നീട് ഒരു രാജ്യവും ഒരു ലോകവുമായി ഗ്രാസിന്റെ നോവലിൽ മാറുന്നത്. തന്റെ ചെറിയ ഒരു മുരളലിലൂടെ അധ്യാപികയുടെ കണ്ണടച്ചില്ലിൽ പൊട്ടൽ വീഴ്ത്തുന്ന ബാലൻ, ഓസ്‌കാർ, അതിനുശേഷം തിരിഞ്ഞുനോക്കുന്നത് എന്നെത്തന്നെയാണ് - ഞാൻ വിചാരിച്ചു. തന്റെ മടിയിൽ, ഒരാൾക്കും വിട്ടുകൊടുക്കില്ല എന്ന നിശ്ചയത്തിൽ, മുറുക്കിപ്പിടിച്ച ഡ്രമ്മുമായി ഇരിക്കുന്ന ഓസ്‌കാർ, വളരുന്നത് ഉപേക്ഷിച്ച ബാലൻ, സാഹിത്യത്തിന്റെ ലോകത്തെ എക്കാലത്തേയ്ക്കുമുള്ള വിമതനായിരുന്നു. അവൻ ഒന്ന് കരഞ്ഞാൽ ജനലുകളുടെ ചില്ലുകൾ പൊട്ടുന്നു. നാം സൂക്ഷിച്ച നിശ്ശബ്ദതയുടെ സ്വത്തുക്കൾ തകരുന്നു.

എനിക്ക് ആ വിമതത്വവും ഇഷ്ടപ്പെട്ടു.

ഒരിക്കൽ ബെൽഗ്രേഡിൽ നടന്ന എഴുത്തുകാരുടെ യോഗത്തെ അഭിസംബോധന ചെയ്​ത്​ ഗുന്തർ ഗ്രാസ് പറഞ്ഞതിങ്ങനെയാണ്:

ഞാൻ നേരെ ചൊവ്വേ പറയാം: ഞാൻ വിപ്ലവത്തിനെതിരാണ്. എല്ലായ്‌പ്പോഴും അതിന്റെ പേരിൽ ചെയ്യേണ്ട ത്യാഗം ഞാൻ വെറുക്കുന്നു. അതിന്റെ അതിമാനുഷിക ലക്ഷ്യങ്ങളെ ഞാൻ വെറുക്കുന്നു, അതിന്റെ കേവല ആവശ്യങ്ങൾ, അതിന്റെ മനുഷ്യത്വരഹിതമായ അസഹിഷ്ണുത, അതിന്റെ യാന്ത്രികത എന്നെ ഭയപ്പെടുത്തുന്നു, അതിനു മറുമരുന്നായി ഒരു പ്രതിവിപ്ലവം സ്ഥിരമായി കണ്ടുപിടിക്കേണ്ടിവരുന്നു.

​​​​​​​നാസികൾക്ക് എതിരായിരുന്നു ഓസ്‌കാർ, പക്ഷെ തന്റെ ‘മാനസികപ്രാപ്തികൾ' ഒന്നുംതന്നെ അങ്ങനെയൊരു പ്രതിപക്ഷത്തിനായി ഓസ്‌കാർ ഉപയോഗിക്കുന്നില്ല.

സാഹിത്യവും വിപ്ലവവും; അതായിരുന്നു അന്ന് ഗുന്തർ ഗ്രാസിന്റെ പ്രഭാഷണ വിഷയം. ‘‘ഒരു അതിഭാഷകന്റെ കളിക്കുതിരയുടെ അമറൽ'' എന്നും തന്റെ പ്രഭാഷണത്തിന് അദ്ദേഹം തലക്കെട്ട് നൽകിയിരുന്നു. റഷ്യൻ വിപ്ലവത്തിനും ചൈനീസ് വിപ്ലവത്തിനും മാതൃകകളായി ഭരണകൂടങ്ങൾ കിഴക്കും പടിഞ്ഞാറും രാജ്യങ്ങളിൽ സ്ഥാപിക്കപ്പെടുന്നതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഈ പ്രഭാഷണം. അതുകൊണ്ടുതന്നെ വിപ്ലവത്തെ തിരസ്‌കരിക്കുന്ന ഗ്രാസിന്റെ നിലപാട്, തീർച്ചയായും, അക്കാലത്ത്, ഒരു പിന്തിരിപ്പന്റേതായിട്ടായിരിക്കും വിപ്ലവവൃത്തങ്ങളിലും അതിന്റെ ചങ്ങാത്തപരിസരങ്ങളിലും സ്വീകരിക്കപ്പെട്ടിരിക്കുക.

വിപ്ലവത്തെയും വിപ്ലവത്തിന്റെ കാരണങ്ങളെയും വെറുക്കുന്നു എന്ന് പറയുക മാത്രമല്ല ഗ്രാസ്​ പറഞ്ഞത്, താനാരാണെന്നുകൂടി അദ്ദേഹം ഈ പ്രഭാഷണത്തിൽ പ്രഖ്യാപിക്കുന്നുമുണ്ട്: വിപ്ലവത്തിന്റെ വക്താക്കൾക്കിടയ്ക്ക് ആവോളം സഹിഷ്ണുത പുലർത്തുന്ന അതിഥിയാണ് ഞാൻ. ഞാനൊരു റിവിഷനിസ്റ്റും കൂടുതലുമാണ്. ഞാൻ ഒരു സോഷ്യൽ ഡെമോക്രാറ്റ് ആണ്.

നാസികൾക്ക് എതിരായിരുന്നു ഓസ്‌കാർ, പക്ഷെ തന്റെ ‘മാനസികപ്രാപ്തികൾ' ഒന്നുംതന്നെ അങ്ങനെയൊരു പ്രതിപക്ഷത്തിനായി ഓസ്‌കാർ ഉപയോഗിക്കുന്നില്ല. പകരം, തന്റെ തകരച്ചെണ്ടയിൽ കൊട്ടിക്കൊണ്ട് എന്തിനെയും, അതുവരെയും ഉരുക്കുപോലെ നിന്ന വായുവിനെപ്പോലും, ഓസ്‌കാർ ചിതറിയ്ക്കുമായിരുന്നു. തന്റെ വിമതത്വത്തെ ആഘോഷിയ്ക്കുമായിരുന്നു.

തൻറെ തകരച്ചെണ്ടയിൽ കൊട്ടിക്കൊണ്ട് എന്തിനെയും,  അതുവരെയും ഉരുക്കുപോലെ നിന്ന വായുവിനെപ്പോലും, ഓസ്‌കാർ ചിതറിയ്ക്കുമായിരുന്നു. 'ടിൻ ഡ്രം' സിനിമയിൽ നിന്ന്
തൻറെ തകരച്ചെണ്ടയിൽ കൊട്ടിക്കൊണ്ട് എന്തിനെയും, അതുവരെയും ഉരുക്കുപോലെ നിന്ന വായുവിനെപ്പോലും, ഓസ്‌കാർ ചിതറിയ്ക്കുമായിരുന്നു. 'ടിൻ ഡ്രം' സിനിമയിൽ നിന്ന്

വിമതനാവാനാണ് മേതിലും എഴുതിയത് - വിമതനായൊരു കഥാപാത്രത്തെ തന്റെ സാഹിത്യത്തിൽ പ്രത്യക്ഷമായി അവതരിപ്പിച്ചിട്ടില്ലെങ്കിലും. പക്ഷെ, തന്റെ കലയിൽ, തന്റെ രാഷ്ട്രീയത്തിൽ, തന്റെ ലാവണ്യവിചാരങ്ങളിൽ അങ്ങനെയൊരു വിമതനായ എഴുത്തുകാരനെ അവതരിപ്പിക്കാൻ മേതിൽ ശ്രദ്ധിയ്ക്കുന്നു. ജനാധിപത്യത്തെ ആൾക്കൂട്ടത്തിന്റെ ഹിംസാത്മകമായ അഹന്ത എന്ന് കണ്ടെത്തുന്ന ഒരാൾ മേതിലിന്റെ ഈ വിമതത്വത്തിൽ ചിലപ്പോഴെങ്കിലും ഉണ്ട് എന്ന് എനിക്കുതോന്നുന്നു. ഒരുപക്ഷെ, കല, ഒരു വ്യതിരിക്തമായ ഉദ്യമമാകുന്നു (individual attempt) എന്നുവിശ്വസിക്കുന്ന ആരും അങ്ങനെയൊരു നിഗമനത്തിലോ തീർപ്പിലോ എത്തുന്നപോലെ. അത്തരമൊരു വിമതത്വത്തിലൂടെ പ്രഖ്യാപിതമായ ഒരു സാമൂഹ്യഅകലം മേതിൽ പാലിക്കുന്നു. ഗുന്തർ ഗ്രാസിന്റെ രണ്ടോ മൂന്നോ പുസ്​തകങ്ങൾ മേതിൽ അക്കാലത്ത് എനിക്ക് സമ്മാനിച്ചു. മറ്റൊരിക്കൽ, ഒരു ജർമൻ സുഹൃത്ത്, ഗുന്തർ ഗ്രാസിന്റെ എല്ലാ പുസ്തകങ്ങളും എനിക്ക് സമ്മാനിച്ചു. ‘ഇയാൾക്ക് ഇന്ത്യയെ ഇഷ്ടമാണ്. എനിക്ക് ഇന്ത്യക്കാരനായ നിന്നെയും’, ജർമൻ സുഹൃത്ത് പുസ്തകങ്ങൾക്കൊപ്പം വെച്ച കാർഡിൽ എഴുതി.

യൂറോപ്പിലും ഏഷ്യയിലും മാറിമാറി താമസിച്ചിരുന്ന ഗുന്തർ ഗ്രാസിന്റെ എഴുത്തിന്റെ പൊതുപ്രകൃതത്തെപ്പറ്റി സൽമാൻ റുഷ്ദി ഒരിക്കൽ എഴുതിയതാണ് ഗ്രാസിനെപ്പറ്റി എനിക്ക് ഇഷ്ടപ്പെട്ട ഒരു പ്രസ്താവം: ഒരു emigrant നെ പോലെയാണ് ഗുന്തർ ഗ്രാസ്​എഴുതുന്നത്.

Emigrant, അന്യദേശവാസി - മേതിലിനും ആ വിശേഷണം ചേരുമെന്നു ഞാൻ കരുതുന്നു. സാഹിത്യത്തിലെയും ജീവിതത്തിലെയും വിമതശീലങ്ങളുടെ പേരിൽ. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments