അജിത എം.കെ.

കവിതയുടെ
വജ്രവഴി

‘‘യഥാബോധത്തിനപ്പുറത്തുനിന്നു കൊണ്ടുള്ള ഒരെഴുത്ത്. അത് ഒരു പുതിയ വ്യാഖ്യാനമായോ നവീന ആലോചനയായോ കാണുനാകുമോ എന്ന ചോദ്യത്തെ മുന്നിൽ നിറുത്തിക്കൊണ്ടുതന്നെയാണ് അജിത എം.കെ.യുടെ കവിതകളെ നോക്കിക്കാണുവാൻ ശ്രമിക്കുന്നത്’’- അജിത എം.കെയുടെ കവിതകൾ എം.ബി. മനോജ് വായിക്കുന്നു.

“പച്ചിലക്കമ്പുകൾ മുറിച്ചിട്ട അടയാളം:
മുറിച്ചെടുത്ത പതിമരവേരിൻ്റെ
കടപൊടിച്ച കിളിർപ്പായ്
അപ്പനപ്പൂപ്പന്മാരുടെ
തായ് വഴി വേരിൻ തണുപ്പറിഞ്ഞും
ചാറ്റും തോറ്റവും ചൊല്ലിയും തോറ്റിയും
വറപൊടിയുമവലും വിളമ്പി
വെള്ളംകുടി വച്ച്
ശംഖ് തിരിച്ച് ചൊല്ലി തന്ന്
കണക്കും രാശിയും വരച്ചുതന്ന വഴികൾ.
(പച്ചിലകൊണ്ട് അടയാളമിട്ട വഴികൾ )

എന്തുകൊണ്ടാണ് ഈ ഉത്തരാധുനികാനന്തരകാല കവിതയുടെ കാലത്ത് ചാറ്റിനെയും തോറ്റത്തെയും കുറിച്ച്, വറപൊടി, ശംഖ്, കണക്ക്, രാശി തുടങ്ങിയവയെക്കുറിച്ചും ഒക്കെ, ഒരാൾ കവിതയെഴുതുന്നത്. ഒന്നുകിൽ അവർ ഒരു അന്ധവിശ്വാസിയാവണം, അതല്ലെങ്കിൽ അവർ തൻ്റെ കാവ്യലോകത്തെ കേവല ബോധത്തിനുമപ്പുറത്തു നിന്നുകാണുന്നു. ഇത് ഒരർത്ഥത്തിൽ മെറ്റാ നറേഷൻ്റെ ഒരു അവതരണ യുക്തിയാണ്. ഒരു പക്ഷെ ഇവിടെ രൂപപ്പെടുന്നത് അതീതസങ്കല്പങ്ങളുടെ ലോകങ്ങളാണ്. യുക്തിയിൽ മാത്രം ഒരുങ്ങുന്നതല്ല അതിൻ്റെ അവതരണരീതി. യഥാബോധത്തിനപ്പുറത്തുനിന്നു കൊണ്ടുള്ള ഒരെഴുത്ത്. അത് ഒരു പുതിയ വ്യാഖ്യാനമായോ നവീന ആലോചനയായോ കാണുനാകുമോ എന്ന ചോദ്യത്തെ മുന്നിൽ നിറുത്തിക്കൊണ്ടുതന്നെയാണ് അജിത എം.കെ.യുടെ കവിതകളെ നോക്കിക്കാണുവാൻ ശ്രമിക്കുന്നത്.

ഒരു പക്ഷെ കെ.കെ. കൊച്ച് ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇങ്ങനെയൊരു ഭാവുകത്വത്തോട് വിയോജിപ്പു പുലർത്തുമായിരുന്നു എന്നാണ് തോന്നുന്നത്. എന്തെന്നാൽ ആത്മ- ആത്മീയവാദപരമായ രചനകളോട് അദ്ദേഹം വിയോജിച്ചിരുന്നു. ഈയർത്ഥത്തിൽ ചില നോവലുകളോടുള്ള വിയോജിപ്പുകൾ അദ്ദേഹം പറഞ്ഞിട്ടുളളതോർക്കുന്നു. അതേസമയം കാവ്യരചനയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായിട്ട് ഒരെഴുത്താളർക്ക് തൻ്റെ അതിഭൗതിക വാദലോകത്തെ തുറന്നിടുവാനുണ്ടെങ്കിൽ അതിനെ പരിശോധിക്കുക എന്നതാണ് അഭികാമ്യമായ മറ്റൊരുകാര്യം. യാഥാതഥവാദവും മാന്ത്രികമായ യാഥാർത്ഥ്യങ്ങളും നമ്മുടെ സാഹിത്യചർച്ചകളുടെ ഭാഗമാണല്ലോ.

“കാപ്പികമ്പിന് അടിതട
കോൽക്കളിയും പഠിപ്പിച്ച്
അരിവാളെടുത്തതും
അരിയ വാളെടുത്ത ചങ്കൂറ്റ കഥകൾ ചൊല്ലി
പതിനെട്ടാതിയുടെ അടിതടവിൻ്റെ
ചുവട് അറിയും വഴി.”
(പച്ചിലകൊണ്ട് അടയാളമിട്ട വഴികൾ)

ഫ്യൂഡൽ അധികാരഘടനയെ നേർക്കുനേർ കടന്നുപോയ ഒരു പ്രതിരോധകാലത്തെ ഓർക്കാത്ത ഒരാളും നമ്മുടെ ബഹുജന - നവോത്ഥാന ആധുനികതയിൽ ഉണ്ടായിരുന്നില്ല. എഴുപതുകൾക്കു മുകളിൽ പ്രായമുള്ളവർ ഈ ഫൂഡൽ അധികാരത്തെ നേരിടാത്തവർ കേരളത്തിലുണ്ടാവില്ല. ഫൂഡൽ അധികാരരൂപങ്ങൾ അവർക്ക് നേർബോധ്യങ്ങളാണ് . അത് കേട്ടുകേൾവിയോ, ഗ്രന്ഥവ്യാഖ്യാനമോ അല്ല. ഒരുപക്ഷെ ഇത്തരം ഫ്യൂഡൽ കടന്നുകയറ്റത്തെ പ്രതിരോധിക്കുവാൻ മരുന്നും മന്ത്രവും മാത്രമല്ല കായികക്ഷമതയും ആവശ്യമായിരുന്നു. ദേശത്തിൻ്റെ പുറം ഇടങ്ങളിൽ കർഷകരായ മണ്ണിൻ്റെ മക്കളും, കടലിൻ്റെ മക്കളും പലരൂപത്തിൽ ആയോധന പ്രതിരോധങ്ങൾ വികസിപ്പിച്ചിരുന്നു. തെക്കൻ ആയോധനകല അഥവ നാടാർ ആയോധനകല ഇതിൽ പ്രധാനപ്പെട്ടതായി കണക്കാക്കാം . വടക്കൻ ആയോധനകല ഒരു ജനതയുടെ പ്രതിരോധത്തിന് സഹായകമായോ, ഫ്യൂഡലിസത്തിൻ്റെ അനുവർത്തികളായിരുന്നുവോ എന്നത് ഗവേഷണപരമായതാണ്. അതേ സമയം തെക്കൻ, വടക്കൻ ആയോധന കലകൾക്കൊപ്പം പ്രധാനപ്പെട്ടതാണ് ഇടനാടൻ ആയോധനകലയും. ഇവയെക്കുറിച്ചുള്ള ഒരു ചിത്രം ലഭിക്കുന്നത് ഇടനാടൻ പാട്ടുകളിലാണ് . ചെങ്ങന്നൂരാതി ഉൾപ്പെടെ ഇരുപത്തിരണ്ടോളം ആദി / ആതിമാരെക്കുറിച്ച് ഇടനാടൻ പാട്ടുകൾ വിവരിക്കുന്നുണ്ട്. മറ്റൊന്ന് ദ്രാവിഡദേശത്ത് വികസിച്ച ആയോധനകലയുടെ ഐക്കണായ ബോധിധർമ്മനാണ്. ശരീരനിഷ്ഠയുടെയും മെയ് വഴക്കത്തിൻ്റെയും ഒരു തദ്ദേശവേര് ഇവിടെയുണ്ട്. ചരിത്രത്തിൻ്റെ യാത്രയിൽ ഒരു ഘട്ടത്തിൽ ഇത് പ്രതിരോധമായും സാമൂഹിക പ്രതിരോധമായും വികാസം നേടുകയായിരുന്നു എന്നും ഈ സന്ദർഭത്തിൽ പാരായണം ചെയ്യപ്പെടുന്നു.

അജിത എം.കെ.യുടെ ദ്വന്ദ്വവ്യക്തിത്വം എന്ന കവിത, തികച്ചും വൈകാരികവും അതുപോലെ രാഷ്ട്രീയബോധ്യത്താൽ സമർപ്പിതവുമാണ്. അജിത എം.കെയുടെ കവിതകൾക്ക് പലപ്പോഴും ആത്മരചനയുടെ പീഡബോധമുണ്ട്. അഥവാ കവിതയും കവിതയിലേക്കുള്ള സഞ്ചാരാനുഭവവും അജിതയ്ക്ക് രണ്ടല്ല.

ഇവിടെ കവിതയിൽ മറവിയുടെയും ഓർമ്മയുടെയും ഇടവിട്ട ലോകം ഒരു പിതാവിനെ വേട്ടയാടുന്നു. അയാൾക്കുമുന്നിൽ ഇനിയും നടന്നു തീർക്കുവാൻ വഴികൾ ഏറെയുണ്ട്. ജന്മിത്തം തകർന്നിട്ടും കമ്മ്യൂണിസ്റ്റുകൾ ഭരിച്ചിട്ടും സോഷ്യലിസ്റ്റുകൾ അധികാരത്തിലേറിയിട്ടും അയാളും കൂട്ടരും ആഗ്രഹിച്ച സ്വാതന്ത്യം, സാമ്പത്തിക ഉന്നതി, ആത്മാഭിമാനം, ജാതിരഹിതസമൂഹം ഇവയൊന്നും സാധ്യമാവാതെപോയ ദേശത്തിൻ്റെ ഊടുബോധങ്ങളിലേയ്ക്ക് അയാൾ സഞ്ചരിക്കുന്നു.

തടിയിൽ ഉളി പിടിച്ച്
ശില്പം കൊത്തിയൊരുക്കും
മിടുക്കിൻ്റെയൊരു വഴി
കൂടയും കൊട്ടയും മെടയും
തിടുക്കം പോലൊരു വഴി
വിതയ്ക്കാൻ മണ്ണിലാത്തവൻ്റെ
പാട്ടക്കരാറിൽ നോവ് വിളയും വഴി.
(പച്ചിലകൊണ്ട് അടയാളമിട്ട വഴികൾ)

അയാളുടെ യാത്ര ഒരർത്ഥത്തിൽ ഒരു ദേശത്തിൻ്റെ ചരിത്രമാണ്. അതിൽ വിമോചനസമരത്തിൻ്റെ എതിർധ്വനിയുണ്ട്. ഭൂസമരങ്ങളുടെ അവകാശബോധ്യങ്ങളുണ്ട്. തൊഴിലിൻ്റെയും തൊഴിലാളിയുടെയും മഹത്വമുണ്ട്. നവസങ്കല്പങ്ങളുടെ ഉഴുതുമറിച്ച മണ്ണുണ്ട്. അത് അദ്ദേഹത്തെ നയിക്കുന്നു.

‘‘ഒടിച്ച പെരിങ്ങലപച്ചയുടെ
തലയ്ക്കം വഴിയിൽ
മുന്നോട്ട് പോകുന്തോറും
പാണൽ പച്ചക്കമ്പ്
കമ്മ്യൂണിസ്റ്റ് പച്ച ചില്ല.
കുറച്ചപ്പുറം
ഓർമ്മയുടെ വെളിച്ചത്തിലാവാം
നടക്കുന്നു ഇരുട്ടിലൂടെ’’.
(പച്ചിലകൊണ്ട് അടയാളമിട്ട വഴികൾ)

കഴിഞ്ഞ കാലത്തെ ഓർത്തെടുക്കുന്ന ഈ യാത്ര, അധ്വാനസമൂഹത്തിൻ്റെ ഉയർത്തെഴുന്നേല്പിൻ്റെയും സമര ചരിത്രങ്ങളുടെ ദൃശ്യതയുടേതുമാണ്. കുടുംബനിർമ്മിതിയുടെയും ബന്ധുബലത്തിൻ്റെയും ആലോചനകളാണ്. കലയുടെയും നിർമ്മിതിയുടെയും എടുപ്പുകളാണ്. ബഹിഷ്കൃതത്തിൽ നിന്നും വ്യക്തിത്വത്തിലേക്കുള്ള, സ്വതന്ത്രബോധത്തിലേക്കുള്ള പരിവർത്തനത്തിൻ്റേതാണ്. ആയതിനാൽ അദ്ദേഹം ഒടിച്ചിടുന്ന പച്ചിലയും കമ്പും ഓരോന്നും മനുഷ്യനിലേക്കുള്ള നിരന്തരശ്രമത്തിൻ്റെ അടയാളങ്ങളാണ്. അധ്വാനത്തിൻ്റെ മഹത്വവും മാതൃകാജീവിതത്തിൻ്റെ പ്രതീകവുമാണ്.

യഥാബോധത്തിനപ്പുറത്തുനിന്നു കൊണ്ടുള്ള ഒരെഴുത്ത്. അത് ഒരു പുതിയ വ്യാഖ്യാനമായോ നവീന ആലോചനയായോ കാണുനാകുമോ എന്ന ചോദ്യത്തെ മുന്നിൽ നിറുത്തിക്കൊണ്ടുതന്നെയാണ് അജിത എം.കെ.യുടെ കവിതകളെ നോക്കിക്കാണുവാൻ ശ്രമിക്കുന്നത്.
യഥാബോധത്തിനപ്പുറത്തുനിന്നു കൊണ്ടുള്ള ഒരെഴുത്ത്. അത് ഒരു പുതിയ വ്യാഖ്യാനമായോ നവീന ആലോചനയായോ കാണുനാകുമോ എന്ന ചോദ്യത്തെ മുന്നിൽ നിറുത്തിക്കൊണ്ടുതന്നെയാണ് അജിത എം.കെ.യുടെ കവിതകളെ നോക്കിക്കാണുവാൻ ശ്രമിക്കുന്നത്.

കൃഷിപ്പണിയായുധം സമരായുധമാക്കുന്ന കവിത

കൃഷിപ്പണിയായുധം സമരായുധമാക്കുന്ന കവിതകളാണ് അജിത എം.കെയുടേത് എന്ന് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. ദ്വന്ദ്വവ്യക്തിത്വം എന്ന കവിതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്.

അജിത എം.കെ.യുടെ ദ്വന്ദ്വവ്യക്തിത്വം എന്ന കവിത, തികച്ചും വൈകാരികവും അതുപോലെ രാഷ്ട്രീയബോധ്യത്താൽ സമർപ്പിതവുമാണ്. അജിത എം.കെയുടെ കവിതകൾക്ക് പലപ്പോഴും ആത്മരചനയുടെ പീഡബോധമുണ്ട്. അഥവാ കവിതയും കവിതയിലേക്കുള്ള സഞ്ചാരാനുഭവവും അജിതയ്ക്ക് രണ്ടല്ല. സ്വയം സമർപ്പിതമായ ഒരവസ്ഥയായി മാറിത്തീരുകയാണ് പലപ്പോഴും ഈ കവിതകൾ. താൻ പുലർത്തുന്ന രാഷ്ട്രീയബോധ്യങ്ങളെയും താൻ അടയാളപ്പെടുത്തുവാൻ ശ്രമിക്കുന്ന കാവ്യാവിഷ്കാരങ്ങളെയും പലവട്ടം സംഘർഷഭൂമികയാക്കുന്ന ഒരുഘടകം അവരുടെ എഴുത്തിനു പിന്നിലുണ്ടെന്നു വ്യക്തമാണ്. ഈ വഴിയെ സഞ്ചരിച്ച മറ്റൊരുകവി അരുന്ധതി മധുമേഘയാണ് എന്നുപറയാം.

മുത്തങ്ങ സംഭവത്തെയും പ്രസ്തുത സമരത്തിന് നേതൃത്വം നല്കിയ സി.കെ. ജാനു എന്ന നേതാവിനെയും ഈ കവിത ഓർമ്മിപ്പിക്കുന്നു. ഇവിടെ സമരത്തിനു നേതൃത്വം നൽകിയ വനിതാനേതാവ് മർദനങ്ങൾക്കു വിധേയമായതിന്റെ കാഴ്ചകൾ വേദനിപ്പിക്കുന്ന ഓർമ്മകളും ചരിത്രവുമായി മുന്നിൽ നിൽക്കുന്നു. ആ വനിതയുടെ ധീരമായ നിലപാട്, അവരുടെ പക്ഷത്തുനിൽക്കുവാൻ എഴുത്തുകാരിയെ പ്രേരിപ്പിക്കുന്നു. അവർ നേരിട്ട മർദ്ദനം സ്വയം ഏറ്റെടുക്കുവാൻ സന്നദ്ധയാകുന്ന ഒരു പരകായപ്രവേശം കവിത പങ്കുവയ്ക്കുന്നു. മാനവികതയുടെയും സമതയുടെയും തിരിച്ചറിവിൽ നിന്നുകൊണ്ടാണ് കവി സംസാരിക്കുന്നത്. അതാകട്ടെ സ്വയം മാറിനിന്നുകൊണ്ടല്ല. പകരം പീഡിതരിൽ ഒരാളായിക്കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. ആധുനികമായ ഈ അവബോധം ജനാധിപത്യത്തിനായുള്ള രാഷ്ട്രീയബോധ്യമായി കവിതയിൽ ശബ്ദിക്കുന്നു.

‘‘ഞാനുമവളെപ്പോൽ
ജനതയ്ക്കുവേണ്ടി
ചീഞ്ഞുനാറിയ ഈ
ആൾക്കൂട്ടത്തിലേയ്ക്ക്
ഇറങ്ങും’’.
(ദ്വന്ദ്വവ്യക്തിത്വം)

സമരനായിക നേരിടുന്ന കഷ്ടവഴികളെ സ്വയം ഏറ്റെടുക്കുന്ന ഒരു വനിതയെ ഇവിടെ കാണാം. ചതഞ്ഞുകലങ്ങിയ കണ്ണുകൊണ്ട് അവൾ ലോകത്തെ നോക്കുന്നു. മർദ്ദിതയുടെ ഈ നോട്ടം, കനിവിനുവേണ്ടിയുള്ളതല്ല. പകരം കരുത്തിന്റെയും ബോധ്യങ്ങളുടേതുമാണ്. അത് മനുഷ്യർക്കും പ്രകൃതിക്കും വേണ്ടിയാണ്. അവളുടെ നോട്ടത്തിൽ തുമ്പിക്കൈ മുറിഞ്ഞ കാട്ടാനകളെ കാണുന്നു. അധികാരത്തിന്റെ ഒത്താശകൾ മുറിച്ചു കടത്തുന്ന ചന്ദനമരങ്ങളെക്കാണുന്നു. ഭരണാധികാരികളാൽ അടി കൊണ്ടു നീരുവന്ന കരിമ്പടംപുതച്ച വനിതയുടെ രൂപം കാണുന്നു. കവി ആ വനിതയുടെ പക്ഷത്തുനില്ക്കുന്നു. ആ നേതാവ് ഒറ്റയ്ക്കല്ല എന്നു വ്യക്തമാക്കുന്നു. ആദിവാസികളും തദ്ദേശീയരും ജനാധിപത്യവാദികളും ഐക്യപ്പെടുന്ന ഒരു അംബേദ്കേറിയൻ രാഷ്ട്രീയം ഈ കവിത പങ്കുവയ്ക്കുന്നു.

ദ്രാവിഡദേശത്തിന് ഒരു വിമോചന പ്രതിരോധമുദ്രയാണ് യക്ഷി എന്നത്. ഇത് തദ്ദേശമായതിനാൽ ആര്യാവബോധം ഇന്നും യക്ഷി സങ്കല്പത്തെ ഇകഴ്ത്തുന്നതുകാണാം. ആയതിനാൽ വരേണ്യതയ്ക്ക് എതിരേയുള്ള സ്ത്രീപ്രതിരോധത്തിൻ്റെ ഒരു ശക്തമായ സാംസ്കാരിക ചിഹ്നമായി യക്ഷി എന്ന ചരിത്രഘടകം നിലനില്ക്കുന്നു.

കവിതയുടെ വജ്രവഴി

സംഘകാലകൃതികളിൽ യക്ഷിസങ്കല്പത്തെ വിളിക്കുന്നപേരാണ് ഇയക്കി എന്നത്, മാതപ്പാട്ട്, ബാധപ്പാട്ട് വില്ലടിച്ചാൻ പാട്ട് ഇവ യക്ഷിസങ്കൽപത്തെ വിശദീകരിക്കുന്ന നാടൻ പാട്ടുകളാണ്. ഫൂട്ട്നോട്ടുകളോടു കൂടിയാണ് ഇയക്കിഗീതം എന്ന കവിത എഴുതിയിട്ടുള്ളത്. സംഘകാലത്തെയും അതിൻ്റെ സംസ്ക്കാരങ്ങളിൽ ഒന്നിനെയും അടിസ്ഥാനമാക്കി കവിതയാവിഷ്കരിക്കുന്നു. ഇത് ഒരു ദീർഘസംസ്ക്കാരത്തിൻ്റെ തുടർച്ചയുടെ ഭാഗമായി വിലയിരുത്താം. അതേസമയം യക്ഷി എന്നതിന് ബ്രാഹ്മണ പൗരോഹിത്യവിരുദ്ധമായ സ്ത്രീപ്രതിരോധത്തിൻ്റെ തദ്ദേശമുഖമുണ്ടെന്ന്, ഇന്ന് ഏറെക്കുറെ സമ്മതിനേടിയ യാഥാർത്ഥ്യവുമാണ്. അതാകട്ടെ ജൈന - ബൗദ്ധ പുരോഹിതകളായ പത്മകളെയും പത്തിനികളെയും ഡാകിനികളെയും അടിസ്ഥാനപ്പെടുത്തി പഠിക്കപ്പെട്ടിട്ടുണ്ട്. ‘കവിതയുടെ വജ്രവഴി’ എന്നാണ് ഈ കവിതയെഴുത്തിനെ പറയേണ്ടത്. ഇയക്കി എന്ന കഥാപാത്രം ഇവിടെ പ്രധാനപ്പെട്ടതാണ്. യെഷെ, താര, ഡാകിനി എന്നിവരുടെ വജ്രയാനവഴികൾ ഇവിടെ ഓർക്കേണ്ടതുണ്ട്. ദ്രാവിഡദേശത്തിന് ഒരു വിമോചന പ്രതിരോധമുദ്രയാണ് യക്ഷി എന്നത്. ഇത് തദ്ദേശമായതിനാൽ ആര്യാവബോധം ഇന്നും യക്ഷി സങ്കല്പത്തെ ഇകഴ്ത്തുന്നതുകാണാം. ആയതിനാൽ വരേണ്യതയ്ക്ക് എതിരേയുള്ള സ്ത്രീപ്രതിരോധത്തിൻ്റെ ഒരു ശക്തമായ സാംസ്കാരിക ചിഹ്നമായി യക്ഷി എന്ന ചരിത്രഘടകം നിലനില്ക്കുന്നു.

ഇവിടെ കവിതയിൽ യക്ഷിയുടെ സാമീപ്യം വിമർശനാത്മകമായി വിലയിരുത്തേണ്ടതായി വരുന്നു. ഒന്നാമത് കവിത സ്വയം ഒരു യക്ഷിയായി നിലകൊള്ളുമ്പോൾത്തന്നെ അതിൻ്റെ ഉപധ്വനിയായി മറ്റൊരു പ്രവേശകമായി യക്ഷിയെന്ന വ്യവസ്ഥാപിത കഥാപാത്രവും പ്രത്യക്ഷപ്പെടുന്നു. പുഴയൊഴുകുന്നപോലെ ഒഴുകുന്ന ഒരു യക്ഷിപാത ഇവിടെയുണ്ട്. അവളുടെ ഉത്തരവാദിത്വം കാടും നാടും കാക്കുക എന്നതാകുന്നു. അവളെ നമുക്ക് ഐന്തിണകളിൽ കാണാം. ദ്രവീഡിയമായ ഈയൊരു ചരിത്രസവിശേഷതയിൽ നിന്നുകൊണ്ടാണ് കവി ഈയക്കിയെക്കുറിച്ചുള്ള സ്മാരകരൂപം രചിക്കുന്നത്.

ഹൈടെക് കാലത്ത് അടുക്കളത്തടവിലിൽ കഴിയുന്ന ഒരു പെണ്ണിനടുത്തേയ്ക്കാണ് ഈയക്കി എത്തുന്നത്. ഇവിടെ ആ അടുക്കളക്കാരി കാണുന്ന രൂപത്തിൽ ഒരു സംസ്കൃതിയുടെ ഛായയുണ്ട്. അവളുടെ വല്യമ്മ പറഞ്ഞുകൊടുത്ത കഥകളിലെ ഈയക്കിയുടെ ഛായ. അവളുടെ വല്യമ്മയുടെ നാട്ടുപാട്ടിൽ വിരിഞ്ഞ രൂപം . ബാധപ്പാട്ടിൻ്റെയും വില്ലടിച്ചാൽ പാട്ടിൻ്റെയും വരികളിലും താളങ്ങളിലും ഈണത്തിലും അവളുടെ രൂപം നിറഞ്ഞുനിൽക്കുന്നു.

കൊടുമുടിയോളം ഉയരമുള്ളവൾ, ഉറച്ച കാൽവയ്പ്പുള്ളവൾ, ചോലക്കാടിൻ്റെ തണുപ്പ്, തെക്കൻ പാട്ടിൻ്റെ താളം, പേരറിയാത്ത പല ഗന്ധം, മാതപ്പാട്ടിൻ്റെ കിതപ്പുപോൽ അവളിലെ ശബ്ദം. ദ്രാവിഡ കാവ്യലോകത്തിൻ്റെ വർണനകൾ ഇവിടെ യക്ഷിയ്ക്ക് അമാനുഷമായ ഇടം നൽകുന്നു. അവരിൽ പ്രതിരോധമായ രതി പതിയിരിക്കുന്നു. ഇവിടെ രതി പ്രതിരോധത്തിൻ്റെ ആവരണമാകുന്നു.

എന്നാൽ കവി മറ്റൊരു അനുഭവത്തിലേക്കു തൻ്റെ വിവരണം കൊണ്ടുപോകുന്നു. അതാവട്ടെ രതിയുടെ മറ്റൊരു ഉല്ലേഖനത്തെക്കുറിച്ചാണ്. ബ്ലാക് കവിതകളുടെ പരേതസ്മരണകൾക്കും സോംബികൾക്കും സമമാകും വിധം അതു പ്രതിഫലിക്കുന്നു. ഈയക്കി സ്വയം പരാചയം അഭിനയിക്കുകയും അതിലൂടെ തനിക്കുമുന്നിലുള്ള ജീവിയെ വശംവദമാക്കി മറ്റൊരു ഇയക്കിയാക്കി കൊണ്ടുപോവുകയും ചെയ്യുന്നു. അതാകട്ടെ അടുക്കളച്ചുവരിൽ നിന്നുള്ള വിമോചനമായി സ്വയം തിരിച്ചറിയുന്നു. ഇവിടെ മൂന്നുനിരീക്ഷണങ്ങൾ രൂപപ്പെടുന്നു. ഒന്ന് അടുക്കളച്ചുമരിൽ നിന്നുള്ള വിമോചനം, രണ്ട് രതിക്രിയയിലെ വിജയം. മൂന്ന് ഉടലും ഉന്മാദവും. ഇയക്കിഗീതം പല കാവ്യാവലോകനങ്ങൾക്കും വഴിതുറക്കുന്നു.

തള്ളയും മാതാവും

രണ്ടു വനിതകളുടെ കൂടിക്കാഴ്ചയാണ് ഗ്രോട്ടോ എന്ന കവിതയ്ക്ക് ആധാരം. ഒന്ന് ഏലിയെന്ന ഒരു വൃദ്ധ. മറ്റൊന്ന് ഒരു ഗ്രോട്ടോയിലെ മാതാവ്. അഥവാ വിശുദ്ധ മാതാവ്. ഏലിയുടെ വീട്ടിലേക്ക് പോകാമായിരുന്ന നടവഴിയടച്ചാണ് ഗ്രോട്ടോ പണിതത്. പിന്നീട് അവർക്ക് ഒരു തിട്ടില് കയറിവേണം അവരുടെ കുടിലിലേക്കു പോകുവാൻ. എന്തായാലും ഏലിയും മറിയവും തമ്മിൽ ഒരു സൗഹൃദം രൂപപ്പെടുത്തുന്നു. അവർ മിണ്ടിയും പറഞ്ഞും ഒരു പുതുസൗഹൃദമുണ്ടാക്കുന്നു.

ചില ദിവസങ്ങളിൽ മറിയം ഏലിയുടെ വീട്ടിലേക്ക് കയറിച്ചെല്ലും. ചെങ്കല്ലാൽ പണിത, പച്ചപ്പുവളർന്ന, കമ്മൽപ്പൂക്കൾ ചിരിക്കുന്ന, വാടാമലരികളുള്ള ചാണകം കുടഞ്ഞ മുറ്റമുള്ള ഒരു വീടാണ്. അവിടെ ഏലി തനിച്ചാണ്. ഇവിടെ ഏലിക്കും ഏലിയുടെ വീടിനും നൂറ്റാണ്ടിൻ്റെ ചരിത്രമുണ്ട്. ഫുൽമേനി എന്നും കോരുണയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന മലയാളത്തിലെ ആദ്യനോവലിലെ ഫുൽമോനിയെയും കോരുണയെയും ഇവിടെ ഓർമ്മിപ്പിക്കുന്നു. അവിടെ നിന്നും ചരിത്രം പല രൂപത്തിൽ മാറിയിരിക്കുന്നു. എന്നിട്ടും ഏലിക്ക് ഇപ്പോഴും ഫുൽമോനിയുടെയൊ , അതുമല്ലെങ്കിൽ കോരുണയുടെയൊ രൂപമാകുന്നു. അവളുടെ വീടിനും വീട്ടുപരിസരത്തിനും അതേകാലമാകുന്നു.

വിശ്വാസത്താൽ അന്തരംഗം ശുദ്ധീകരിച്ച് ഏകയായി, ദരിദ്രയായി ശോഷിച്ച ശരീരത്തോടെ ഏലി വാടിവീഴുന്നു. അവരെ താങ്ങിയെടുക്കുന്നു മറിയം. അവർ രണ്ടുപേരും തുല്യ ദുഃഖിതരാണ് അവർക്ക് രണ്ടുപേർക്കും അവരുടെ ആൺമക്കൾ നഷ്ടപ്പെട്ടുപോയി. ഏലിയുടെ മകൻ രക്തസാക്ഷിയായവനാണ്. അവനെ ആരൊ ജീവഹാനിക്കിടവരുത്തി. മറിയത്തിനാകട്ടെ തൻ്റെ പുത്രൻ നഷ്ടപ്പെട്ടു. ലോകത്തിൻ്റെ നന്മക്കുവേണ്ടി ആ ദിവ്യപുത്രൻ ക്രൂശിലേറി. രണ്ടമ്മമാരും പുത്രദുഃഖത്താൽ വേദനിക്കുന്നവരും ഏകാകികളുമാണെന്ന് കവി പറയുന്നു. മാതൃദുഃഖത്തിൻ്റെ മറ്റൊരു അദ്ധ്യായം ഇവിടെ തുറന്നിടുന്നു.

ഈ സമാഹാരത്തിലെ വളരെ ശ്രദ്ധേയമായ മൂന്നു കവിതകളെക്കൂടി പരാമർശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
ഊത്ത, വിശപ്പ്, ഭാഗ്യം എന്നിവയാണ് പ്രസ്തുത കവിതകൾ.

മുട്ടയൊഴിഞ്ഞുപോകുന്ന വയറ്

"ഊത്തക്കാലത്ത്
പാടവും തോടും ഒരുപോലായി.
എനിക്ക് വാക്കൂൺ തോന്നി’’.
(ഊത്ത)

ഗർഭിണികളുടെ രുചിബോധവും മനോനിലയും ബന്ധിപ്പിക്കുന്ന ഒരു പ്രയോഗമാണ് വാക്കൂൺ എന്നത്. ഗർഭകാലത്ത് സ്ത്രീകൾക്ക് ചില ഭക്ഷണവസ്തുക്കളോട് പ്രിയമേറും എന്നാണല്ലൊ . കുറേക്കാലം മുമ്പ് ഒരു മൂത്തമ്മ അവരുടെ ഗർഭകാല വാക്കൂണിനെ ഓർത്തെടുത്ത് കേൾക്കുകയുണ്ടായി. ബീഡിവലിക്കുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ കൊതി. ബീഡി വലിച്ചുകഴിയുമ്പോൾ ചക്കരയും തേനും പഞ്ചാരയും തേങ്ങചേർത്തു കഴിച്ചതിൻ്റെ ഒരു രുചി അവർക്കനുഭവപ്പെട്ടിരുന്നു എന്നാണ് പറഞ്ഞിരുന്നത്.

ഇവിടെ മീനും മീൻ വിഭവങ്ങളും ആർത്തിയോടെ കഴിക്കുന്ന ഒരു ഗർഭിണിയെ കവി കൊണ്ടുവരുന്നു. തേങ്ങായിട്ട മീൻകറി, പൊതികെട്ടിയ മീനട, വറുത്ത വരാൽതുണ്ടം, മീൻപീര എന്നിങ്ങനെ മീൻവിഭവങ്ങൾ അവൾക്കിഷ്ടമായി. ഈ മീനുകളൊക്കെ ആഹരിച്ചതിനാലാവാം. മുഷിമീനിൻ്റെ മിനുക്കമുള്ള ത്വക്കും പരലിൻ്റെ തിളങ്ങുന്ന അടിവയർ പോലുള്ള വയറിൻ്റെ തിളക്കവും അവൾക്കുകിട്ടി. കാരിമീനിൻ്റെ വാലിൻ്റെ ചലനം പോലെ അവളുടെ വയറ്റിൽ കുഞ്ഞിൻ്റെ അനക്കം അവളറിഞ്ഞു.

തോട്ടുമീനുകളുടെ ജീവിതത്തിലേക്ക് അവളുടെ മാതൃസങ്കല്പം പടിപടിയായി പരിവർത്തനപ്പെട്ടു. നെറ്റിത്തിളക്കമുള്ള മീനിൻ്റെ തുഴയൽ, കല്ലേൽമുട്ടിയുടെ സ്പർശഘർഷം, പുതുവെള്ളത്തിൻ്റെ തെളിമ, ഊത്തമീനുകളുടെ ധ്രുതചലനം. ഇതിനിടയിൽ തൻ്റെ അടിവയറിനു ഭവിക്കുന്ന വല വലിഞ്ഞുപൊട്ടും വിധമുള്ള വേദന. ഒറ്റാലിന് എയ്തുകിട്ടുന്ന മീനുകൾപോലെ, അമ്മ മീനിൻ്റെ ചോരവാർന്ന ഉടലുപോലെ, അതിൻ്റെ വയറ്റിലെ മുട്ടകൾപോലെ , അവയെല്ലാം അനാഥമായിത്തീരുന്ന പോലെ, ആ മുട്ടകൾ ആ അമ്മയ്ക്ക് നഷ്ടപ്പെടും പോലെ , ആ നഷ്ടലോകത്തെ വീണ്ടെടുക്കുവാൻ മീനുകളുടെ ലോകചക്രത്തെ കണ്ടെടുക്കുംപോലെ സ്വജീവിതത്തിൻ്റെ , ശരീരത്തിൻ്റെ ഭാഗമായി മാറും പോലെ ഇവിടെ ഊത്തകളും ഗർഭം അലസിപ്പോയ സ്ത്രീയും ശരീരങ്ങളെ പരസ്പരം വച്ചുമാറുന്നു. സ്വന്തം മുട്ടകൾ നഷ്ടമായ മീനുകൾക്കു സമമാകുന്നു ഗർഭം നഷ്ടമായ പെണ്ണുടലും.

അട്ടപ്പാടിയിലെ ശിശുക്കളുടെ വിശപ്പും പാലസ്തീനിലെ ശിശുക്കളുടെ വിശപ്പും റോഹിങ്ക്യൻ അഭയാർത്ഥികൾക്കിടയിലെ ശിശുക്കളുടെ വിശപ്പും തുല്യമാകുന്നു. അതിന് വംശ, ദേശ, ഭാഷാഭേദമില്ല.

വിശപ്പ് എന്ന തെറ്റ്

ദീർഘമായ ഒരു പഠനത്തിലൂടെ മാത്രമേ ഒരു അനുവാചകന് വിശപ്പ് എന്ന കവിതയെ മുഴുമിപ്പിക്കുവാൻ കഴിയൂ. കാരണം അത് കേരളത്തിൻ്റെ സാമൂഹ്യബോധത്തെ ആകമാനവും ചോദ്യം ചെയ്ത മധു എന്ന ആദിവാസി യുവാവിൻ്റെ അതിദാരുണമായ ശരീരമാറ്റത്തിൻ്റെ അവസ്ഥയെ ഓർമ്മിപ്പിക്കുന്നു. വിശപ്പ് എന്നത് ഒരു വെറുക്കപ്പെട്ട വിഷയമായി ഇന്ന് ലോകം നിരീക്ഷിക്കുന്നു. അട്ടപ്പാടിയിലെ ശിശുക്കളുടെ വിശപ്പും പാലസ്തീനിലെ ശിശുക്കളുടെ വിശപ്പും റോഹിങ്ക്യൻ അഭയാർത്ഥികൾക്കിടയിലെ ശിശുക്കളുടെ വിശപ്പും തുല്യമാകുന്നു. അതിന് വംശ, ദേശ, ഭാഷാഭേദമില്ല. ഭൂപടാതിർത്തികളില്ല. പീഡിതർ ലോകത്തെവിടെയായാലും അവർക്കുവേണ്ടി നാം ശബ്ദമുയർത്തുകതന്നെ വേണം. അതാകുന്നു മാനുഷികത.

വിശപ്പിനെക്കുറിച്ച് സച്ചിദാനന്ദൻ എഴുപതുകളിൽ എഴുതിയ വിപ്ലവകരമായ ഒരു കവിത കേരളത്തെ ചുവപ്പിക്കുകയും ചിന്തിപ്പിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തൊണ്ണൂറിൽ അതേ കവിത ആലപിച്ചുകൊണ്ട് നവീനമായ ഒരു ജനമുന്നേറ്റത്തിനായി ഒരു പറ്റം ചെറുപ്പക്കാർ നടത്തിയ ശ്രമം ഇവിടെയോർക്കുന്നു.

‘‘വിശപ്പ്
സൂചിമുനപോലെ പെയ്യുന്ന മഴയാണ്
കരിച്ചുകളയുന്ന
വെയിലും വേദനയുമാണ്’’.
(വിശപ്പ്)

വിശന്നവർക്ക് ഇന്ന് ഭൂമിയിൽ ഇടമില്ല. വൻകിട മാളുകൾ പണിതുകൂട്ടുന്നത് ആരുടെയൊക്കെയോ ആർത്തി ശമിപ്പിക്കുവാനാണ്. ഇങ്ങനെ ആർത്തി കൊണ്ട് മേദസ്സായവർക്കായി വിഭവങ്ങൾ ചുരുങ്ങിപ്പോവുന്നു. വിഭവദാരിദ്ര്യമല്ല, മറിച്ച്, അതിൻ്റെ കമ്പോളയുക്തിയാണ് അധികാരത്തിൻ്റെ കേന്ദ്രം. വിതരണത്തിൻ്റെ ശൃംഖലകളിൽ നിന്നും ജനാധിപത്യവും സോഷ്യലിസവും പടിയിറക്കപ്പെട്ടിരിക്കുന്നു. അവിടേക്ക് വംശീയതയും ജാതീയതയും മതാന്ധതയും പ്രസ്ഥാനപക്ഷപാതിത്വവും മുമ്പെങ്ങുമില്ലാത്തവിധം സ്ഥാനം പിടിച്ചിരിക്കുന്നു.

വിശപ്പിനെക്കുറിച്ച് സച്ചിദാനന്ദൻ എഴുപതുകളിൽ എഴുതിയ വിപ്ലവകരമായ ഒരു കവിത കേരളത്തെ ചുവപ്പിക്കുകയും ചിന്തിപ്പിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിശപ്പിനെക്കുറിച്ച് സച്ചിദാനന്ദൻ എഴുപതുകളിൽ എഴുതിയ വിപ്ലവകരമായ ഒരു കവിത കേരളത്തെ ചുവപ്പിക്കുകയും ചിന്തിപ്പിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആയതിനാൽ വിശക്കുന്ന ഒരാൾ ഭ്രാന്തനായി മാറ്റപ്പെടുന്നു. വസ്ത്രമില്ലാത്ത ഒരാൾ വംശീയമായി ഒറ്റപ്പെടുന്നു. അറിവിടങ്ങൾ പിടിച്ചടക്കപ്പെടുന്നു. വിജ്ഞാന കേന്ദ്രങ്ങളെ മതങ്ങൾ സ്വകാര്യമാക്കുന്നു. ദരിദ്രർ എന്നത് പുറന്തള്ളപ്പെട്ട ഒരു വെറുപ്പായി ചിത്രീകരിക്കപ്പെടുന്നു. ആയതിനാൽ ദരിദ്രനായ ഒരാളെ നിങ്ങൾക്ക് ആക്രമിക്കാം, കുറ്റവാളിയാക്കാം, വേദനിപ്പിക്കാം, കാരണം മൂലധന നിക്ഷേപമാകുന്നു ഇന്ന് സ്ഥാനമാനങ്ങളുടെയും പരിഗണനയുടെയും മാപിനി .

‘‘വിശപ്പ് ശത്രുവാണ്
ഒറ്റയായവനെ തേടിയെത്തും
കാടിനുള്ളിൽ ചെന്നും വേട്ടയാടും’’
(വിശപ്പ്)

മൂലധനമില്ലാത്തവർ മൂല്യമില്ലാത്തവരാകുന്നു. ചരിത്രമില്ലാത്തവരും പുറത്തുനിൽക്കേണ്ടവരുമാകുന്നു. ക്ഷേമരാഷ്ട്രസങ്കല്പങ്ങൾക്കു പകരം മതരാഷ്ട്രസങ്കല്പങ്ങൾ സ്ഥാപിച്ചുകൊണ്ട് ധ്വംസനങ്ങൾക്ക് മറവുകണ്ടെത്തുവാൻ ശ്രമിക്കുന്നു. അതിനായി പൗരാണികതയുടെ അന്ധതകൾ വാസ്തവമെന്ന് സ്ഥാപിക്കുന്നു. സത്യം നഷ്ടമായിരിക്കുന്നു . അസത്യങ്ങൾ സത്യത്തിൻ്റെ സ്ഥാനം കയ്യാളുന്ന സത്യാനന്തര അവസ്ഥയിൽ വിശപ്പ് അധികാരികളെയും അവരുടെ മതബോധ്യങ്ങളെയും മാനുഷികതയിലേക്ക് നയിക്കുന്നില്ല. അതിസങ്കീർണമായ ഒരു ദുരന്തകാലത്തിൻ്റെ നേരിയ ഒരു പുറംരൂപം മാത്രമാകുന്നു അട്ടപ്പാടിയിലെ മധു എന്ന ചെറുപ്പക്കാരൻ്റെ ശരീരമാറ്റം.

ഭാഗ്യംകെട്ടവർ

അജിത എം.കെയുടെ കവിതകൾ സാധാരണ മനുഷ്യരുടെ ജീവിതത്തോട് എത്രമാത്രം ചേർന്നിരിക്കുന്നു എന്നറിയുവാൻ ഭാഗ്യം എന്ന കവിത വായിച്ചാൽ മതിയാകും. ഇത് ഒരു ഭിന്നശേഷിക്കാരൻ്റെ ജീവിതവുമായി അടുത്തുനിൽക്കുന്നു. ഭാഗ്യക്കുറി വിൽക്കുന്ന അയാൾ സ്വജീവിതത്തിൽ ഭാഗ്യമില്ലാത്ത ഒരാളായി ജീവിക്കുന്നു. അയാളുടെ ജീവിതത്തിൽ ഒരു കൂടപ്പിറപ്പ് കടന്നുവരുന്നുണ്ട്. ശരീരം തളർന്ന് ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്ന ഒരാൾ. ഭിന്ന ശേഷിക്കാരനാകട്ടെ, അയാളോടുള്ള സ്നേഹം പങ്കിടുന്നത് അയാൾക്ക് മദ്യം കൊടുത്തുകൊണ്ടാണ്. സ്നേഹത്തിൻ്റെ ആഴം ഇവിടെ മദ്യം കൊടുക്കുന്നതിലുണ്ടാവാം. അതേസമയം മദ്യംകഴിച്ച് ആ കിടപ്പുരോഗിയുടെ ശരീരം ഒന്നുകൂടി തളർന്നു പോകുന്നു. അതുകണ്ട് ഭിന്നശേഷിക്കാരനായ സഹോദരനെ പ്രാകുന്ന കിടപ്പുരോഗിയുടെ ഭാര്യയും ആ സ്ത്രീയുടെ ദുഃഖകരമായ ജീവിതവും ഒക്കെ ചേർത്തുവയ്ക്കുന്ന ഒരു ലോകം ഈ കവിതയിലുണ്ട്. അതാകട്ടെ സമൂഹത്തിലെ പരിഷ്കൃതർക്കും അക്കാദമിക് മധ്യവർഗത്തിനും കൃത്രിമ ഉപരിവർഗത്തിനും ബോധ്യമാവുന്നതിനും അപ്പുറത്താണ്. പ്രതിപക്ഷഛായ തീർത്ത് ഭരണത്തെ നിരന്തരം ആസ്വദിക്കുന്നവരുടെയും അധികാരരാഹിത്യത്തിൻ്റെ കൃത്രിമപ്രപഞ്ചം നിർമ്മിച്ച് അധികാരത്തിൻ്റെ തുടർരൂപങ്ങൾക്കു പണിപ്പെടുന്നവരുടെയും ബോധ്യങ്ങൾക്ക് അപ്പുറത്താണ് ഇത്തരം മനുഷ്യരുടെ ജീവിതം.

അജിത എം.കെ യുടെ കവിതകളിൽ ദ്രാവിഡഭൂമികയുടെ ചരിത്രസ്വഭാവമുണ്ട്. പെൺജീവിതങ്ങളുടെ നിലപാടുകൾ ഇവയിൽ കാണാം. ഉടലിൻ്റെ ഉന്മാദവും വിടുതലിൻ്റെ പ്രഖ്യാപനങ്ങളും ദർശിക്കുവാനാവും. ആത്മവും അതിഭൗതികവുമായ ഒരു ലോകം വരയുന്നുണ്ട് ഈ കവിതകൾ. ഗ്രാമീണവും ഒപ്പം ചുറ്റുപാടുകളും സമകാലവും ഒപ്പം തദ്ദേശസാംസ്കാരികതയും രാഷ്ട്രീയ നിലപാടുകളും അതോടൊപ്പം വിമുക്തിയും പ്രത്യക്ഷമാക്കുന്നു ഈ കവിതകൾ.


Summary: M.B. Manoj reads Ajitha M.K.’s poems as writings that come from beyond normal awareness, asking whether they bring a new meaning or a fresh idea.


എം.ബി. മനോജ്

കവി, നോവലിസ്റ്റ്, കഥാകൃത്ത്. കാലിക്കറ്റ്  സർവ​കലാ​ശാല  മലയാള–കേരള പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ,  കാണുന്നീലോരക്ഷരവും, മുൻകാലുകൾ കൂട്ടിക്കെട്ടിയ നടത്തക്കാർ, പാവേ പാവേ പോക വേണ്ട (കവിതാ സമാഹാരം), ദേശം ദേശി മാർഗ, കവിത ഉടലും ഭാഷയും, അംബേദ്‌കർ പഠനങ്ങൾ, വ്യവസ്ഥയും അടരുകളും (പഠനങ്ങൾ), ജാഗ (നോവൽ), മരിയ  ഇറുദയ (കഥ) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments