മിലന് കുന്ദേരയുടെ 'സത്തയുടെ ദുര്‍വ്വഹമായ ലാഘവം' (Unbearable Lightness of Being) എന്ന നോവല്‍, ആ പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ രണ്ടു ദ്വന്ദ്വങ്ങളില്‍ നിന്ന് ആരംഭിക്കുന്നു: ഭാരവും ഭാരരാഹിത്യവും. നീത്ഷേയുടെ ഒരു ഭ്രാന്തന് ആശയമെന്ന് കുന്ദേര തന്നെ വിളിക്കുന്ന നിതാന്തമായ ആവര്‍ത്തനങ്ങളാണ് (eternal returns) ആദ്യത്തേത്. അനുഭവങ്ങള്‍ അതേപോലെത്തന്നെ അനന്തമായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്ന സങ്കല്പമാണത്. അത് ജീവിതത്തെ വളരെ ഭാരമുള്ളതാക്കി തീര്‍ക്കുന്നു. നിതാന്തമായി ആവര്‍ത്തിക്കുന്ന ജീവിതാനുഭവങ്ങള്‍ മനുഷ്യരെ ക്രിസ്തുവിനെയെന്ന പോലെ അനന്തതയിലേക്കു ക്രൂശിക്കുന്നു. അങ്ങനെയാണെന്നുണ്ടെങ്കില്‍ ജീവിതം ദുഷ്ക്കരമാണ്. അതേസമയം തിരിച്ചുവരാത്ത അനുഭവങ്ങള്‍ ഭാരമില്ലായ്മയെ സൂചിപ്പിക്കുന്നു. അവയെ പേടിക്കാനില്ല, അല്ലെങ്കില്‍ അത്തരം കാര്യങ്ങളെപ്പറ്റി ഗൃഹാതുരരാകാന് എളുപ്പമാണ്. ഫ്രഞ്ചു വിപ്ലവം ആവര്‍ത്തിക്കുകയില്ലെന്ന് അറിയാവുന്ന ചരിത്രകാരര്‍ക്ക് റോബോസ്പിയറെപ്പറ്റി അഭിമാനം കൊള്ളാം. അയാള്‍ അരിഞ്ഞുകളഞ്ഞ തലകള്‍ ഈ ചരിത്രകാരരുടെ വേവലാതിയേ ആവുന്നില്ല. അവസാനിച്ചു എന്ന ഉറപ്പിന്റെ സാന്ധ്യശോഭയില്‍ ഗില്ലറ്റിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കുപോലും ഒരു തിളക്കം കൈവന്നേക്കും.
കുന്ദേര ഒരു കമ്യൂണിസ്റ്റു വിരുദ്ധ നോവല്‍ എഴുതുകയായിരുന്നില്ല. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അല്ലെങ്കില്‍ ആത്മാവിന്റെ തടങ്കലില്പ്പെട്ടു ഞെരിയുന്ന ശരീരത്തെക്കുറിച്ച് പഠിക്കുകയായിരുന്നു.
പരസ്പരവിരുദ്ധമായ ഈ രണ്ട് ആശയങ്ങളെ എങ്ങനെയാണ് കുന്ദേര നോവലിന്റെ കേന്ദ്ര പ്രമേയമാക്കി മാറ്റുന്നത്? കുന്ദേര മറ്റൊരു തത്ത്വചിന്തകനെ ഉദ്ധരിച്ചുകൊണ്ട് തുടങ്ങുന്നു. സോക്രട്ടീസിനും മുമ്പു ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകന്‍ പാര്മനഡീസ്.
അദ്ദേഹം എല്ലാ ആശയങ്ങളെയും രണ്ടായി വേര്‍തിരിച്ചു കണ്ടു. ഒന്നു പോസിറ്റീവാണെങ്കില്‍ മറ്റേത് നെഗറ്റീവ്. പകല്‍- രാത്രി എന്നിവ പോലെ, അല്ലെങ്കില്‍ ഇരുട്ട്- വെളിച്ചം പോലെ. പാര്മനഡീസ്, ഭാരരഹിതമായ അവസ്ഥയെ പോസിറ്റീവായും ഗുരുത്വത്തെ നെഗറ്റീവുമായാണ് കാണുന്നത്. അങ്ങനെ കുന്ദേര തന്റെ കഥാപാത്രങ്ങളെ ഈ ദ്വന്ദ്വങ്ങളെ ചിത്രീകരിക്കാന്‍ പോന്ന മനോനിലകളുള്ള മനുഷ്യരായി സൃഷ്ടിക്കുന്നു. അവര്‍ തമ്മിലുള്ള ഇണക്കവും സംഘര്ഷങ്ങളുമാവാം, അല്ലെങ്കില്‍ അവരുടേതായ മനോനിലകള്‍ ലോകത്തോടു പെരുമാറുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളാവാം. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളായ തോമസ്, തെരേസ, സെബീന, ഫ്രന്‍സ് എന്നിവരുടെ പാത്രചിത്രീകരണത്തിലൂടെ കുന്ദേര ഈ ദ്വന്ദ്വത്തെ കലാത്മകമായി ആവിഷ്ക്കരിക്കുന്നു. കുന്ദേര, രതിയെയും അധികാരത്തെയും പറ്റി നിരന്തരമായി എഴുതിയിട്ടുള്ള നോവലിസ്റ്റാണെന്ന് നമുക്കറിയാം. 1984- ല്‍ പുറത്തുവന്ന, ഒരു പക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമെന്നു പറയാവുന്ന ഈ നോവലിന്റെയും പ്രമേയപരിസരം മറ്റൊന്നല്ല.
വേറൊരു നിലയ്ക്ക് ശരീരവും ആത്മാവും തമ്മിലുള്ള സംഘര്ഷമായിട്ടും ഈ നോവലിനെ കാണാനാവും. ശരീരത്തെ, അതിന്റെ കാമനകളെ വളരെ ലളിതമായി കാണുകയും അതിനനുസരിച്ച് അക്കാര്യങ്ങളിലെല്ലാം ഏറെക്കുറെ ഉദാസീനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് തോമസും സെബീനയും. ലളിതവും ഭാരരഹിതവുമാണ് അവര്‍ക്ക് രതി. അവര്‍ ആ നിലയ്ക്കു വിമോചിതരും സത്തയുടെ ലാഘവത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നവരാണ്. തെരേസയും ഫ്രന്സുമാവട്ടെ, ശരീരത്തിന്റെ കാമനകള്‍ക്കു മുകളിലായി ആത്മാവിനെ പ്രതിഷ്ഠിക്കുന്നു. അവരെ സംബന്ധിച്ച് ശരീരം വിമോചിതമല്ല. ദുര്‍വ്വഹമായൊരു ഉത്തരവാദിത്വവും ബാദ്ധ്യതയുമായി അവര്‍ തങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നു.
ഇരുനൂറിലധികം സ്ത്രീകളുമായി അയാള്‍ വേഴ്ച നടത്തിയിട്ടുണ്ട്. ആരുമായും മാനസികമായ ഒരടുപ്പം സൂക്ഷിക്കാന്‍ അയാള്‍ ശ്രമിക്കുന്നതേയില്ല. തന്റെ രോഗികളെ എങ്ങനെ കാണുന്നുവോ, അത്രയും ബഹുമാനവും സ്നേഹവും മാത്രമേ അയാള്‍ ഈ സ്ത്രീകള്‍ക്കും കൊടുക്കുന്നുള്ളൂ.
1960-കളിലെ ചെക്കാസ്ലാവാക്യയില് നിന്നാണ് നോവല്‍ തുടങ്ങുന്നത്. തലസ്ഥാനമായ പ്രാഗില്‍ ഒരു സര്‍ജനായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് തോമസ്. അയാള്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ട് പത്തുവര്ഷമായിട്ടുണ്ട്. ആദ്യമൊക്കെ അയാള്‍ ആ വിവാഹത്തിലുണ്ടായ മകനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. പിന്നെപ്പിന്നെ അത്തരം ബാദ്ധ്യതകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി തന്റെ തൊഴിലും പെണ്‍സുഹൃത്തുക്കളുമായുള്ള ലൈംഗികജീവിതവുമായി അയാള്‍ കഴിയുന്നു. ഇരുനൂറിലധികം സ്ത്രീകളുമായി അയാള്‍ വേഴ്ച നടത്തിയിട്ടുണ്ട്. ആരുമായും മാനസികമായ ഒരടുപ്പം സൂക്ഷിക്കാന്‍ അയാള്‍ ശ്രമിക്കുന്നതേയില്ല. തന്റെ രോഗികളെ എങ്ങനെ കാണുന്നുവോ, അത്രയും ബഹുമാനവും സ്നേഹവും മാത്രമേ അയാള്‍ ഈ സ്ത്രീകള്‍ക്കും കൊടുക്കുന്നുള്ളൂ. സംഭോഗത്തിനുശേഷം ഇണയെ ഒഴിവാക്കി ഒറ്റയ്ക്കു കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്നതാണ് തോമസിന്റെ രീതി. അയാളുടെ കൂട്ടുകാരികള്‍ക്കും ഇതിലൊന്നും പരാതിയില്ല. അങ്ങനെ ജീവിതത്തിന്റെ ലാഘവം എന്ന അവസ്ഥയെ ആഘോഷിക്കുന്ന ഒരാളാണ് തോമസ്. സ്ത്രീകളുമായുള്ള തന്റെ ബന്ധത്തെ ലൈംഗിക സൗഹൃദം (erotic friendship) എന്നു വിളിക്കാനാണ് അയാള്‍ക്കു കൗതുകം.
തെരേസയെ തോമസ് ആകസ്മികമായി കണ്ടുമുട്ടുന്നതാണ്. അയാളുടെ അഭിപ്രായത്തില്‍, മോശയെയെന്ന പോലെ ഒരു കുട്ടയിലാക്കി ഒഴുക്കിവിട്ടതാണവളെ. അവള് തന്റെ ജീവിതത്തിന്റെ കരയ്ക്കാണ് അടിഞ്ഞത്. മുതിര്‍ന്ന സര്ജന് അസുഖമായപ്പോള്‍ ഒരു ശസ്ത്രക്രിയക്കായി പകരക്കാരനായി അയാള്‍ക്കു പോകേണ്ടിവന്നു. ആ ആശുപത്രിക്കടുത്തുള്ള ഒരു ബാറിലെ പരിചാരികയായിരുന്നു തെരേസ. കഷ്ടി ഒരു മണിക്കൂറേ അവര്‍ ഇടപെട്ടുള്ളൂ. പക്ഷേ, ആ ബന്ധത്തിന്റെ സ്വഭാവം മാറി. തന്റെ ജീവിതം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്യൂട്ട് കേസുമായി അവള് അയാളെ പ്രേഗില്‍ അന്വേഷിച്ചുവന്നു. അന്നു രാത്രിയിലെ സംഭോഗത്തിനുശേഷം അവള്‍ക്കു പനി പിടിച്ചു. ഒരാഴ്ച അവള് അയാള്‍ക്കൊപ്പം കൂടി. പിന്നീട് തെരേസ അയാളുടെ ജീവിതത്തില്‍ തുടരുകയാണ്. ചെറുപ്പത്തിലെ തിക്താനുഭവങ്ങള്‍ തെരേസയെ 'ഭാരമുള്ള' ഒരു ജീവിതം നയിക്കാനാണ്പ്രേരിപ്പിക്കുന്നത്. അവള്, തോമസിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ കടുത്ത അസൂയയോടെ കാണുന്നു. അരാജകമായൊരു ജീവിതം നയിച്ചിരുന്ന അമ്മയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം നഗ്നതയെ ഭയക്കുന്ന സ്വഭാവമാണ് അവള്‍ക്കുള്ളത്. അവളെ സംരക്ഷിക്കുക എന്ന കര്‍ത്തവ്യത്തിലേക്ക് തോമസിനും നീങ്ങേണ്ടിവന്നു. ഒരു നൃത്തത്തില്‍ മറ്റൊരു പുരുഷനോടൊപ്പം അവള് ചേരുമ്പോള്‍, സ്വതന്ത്രനായിരുന്ന അയാളിലും അസൂയയുടെ അനുരണനങ്ങള്‍ ഉണ്ടാവുന്നതായി നോവലിസ്റ്റ് കാണിച്ചുതരുന്നുണ്ട്. ഒടുവില്‍ അയാള്‍ തെരേസയെ വിവാഹം കഴിക്കുന്നു.
അതിനുശേഷവും തോമസ് തന്റെ സ്ത്രീസൗഹൃദങ്ങള്‍ തുടര്‍ന്നുപോവുകയാണ്. സെബീന എന്ന പെയിന്റര്‍ ആണ് അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത്. അവള് ഇത്തരം കാര്യങ്ങളില്‍ അയാളെപ്പോലെയാണ്, വിമോചിതയാണ്. രതി അവള്‍ക്ക് ശാരീരികമായ കേളി മാത്രമാണ്. അതിന്റെ ലാഘവം അവള് അനുഭവിക്കുന്നുണ്ടെന്നു കാണാം. തോമസ് തെരേസയ്ക്ക് സെബീനയുടെ സഹായത്തോടെ ഒരു പത്രത്തില്‍ ജോലി ശരിയാക്കിക്കൊടുക്കുന്നു.
1968 - ചെക്കോസ്ലാവാക്യയുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു വര്‍ഷമാണ്. സോവിയറ്റ് ടാങ്കുകള്‍ പ്രേഗിലേക്ക് ഉരുണ്ടുവന്നത് അക്കാലത്താണ്. പ്രേഗ് വസന്തം എന്ന പേരില്‍ കുറേക്കൂടി സ്വതന്ത്രമായൊരു രാഷ്ട്രീയപരീക്ഷണം അരങ്ങേറാനുള്ള ശ്രമം ബ്രഷ്നേവിന്റെ ഭരണകൂടം തകര്‍ത്തു. വിമോചകവസന്തത്തിന്റെ നായകനായ ദ്യൂബ്ചെക്കിനെ സോവിയറ്റ്സൈന്യം ഒളിവില്‍ കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവന്ന് അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ റേഡിയോവിലൂടെ പറയിക്കുകയും ചെയ്തു. സോവിയറ്റു ഭരണകൂടത്തിന്റെ വാക്കുകള്‍ ആവര്ത്തിക്കുമ്പോള്ആ മനുഷ്യന് വിക്കുകയും വാക്കുകള്‍ക്കിടയ്ക്ക് അതിദീര്‍ഘമായ നിശ്ശബ്ദതകൾ സൂക്ഷിക്കുകയും ചെയ്തു.
ഒ.വി. വിജയന് ഈ ചരിത്രസംഭവത്തെ പലപ്പോഴും ലേഖനങ്ങളില്‍ എഴുതുകയും ഗുരുസാഗരം എന്ന നോവലില്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഓര്‍ക്കുന്നു.
തെരേസയെപ്പോലുള്ള ഒരു കഥാപാത്രം സോവിയറ്റ് അധിനിവേശക്കാലത്ത് വളരെ ഉല്ലാസഭരിതയായി പ്രാഗ് തെരുവുകളിലൂടെ നടക്കുന്നത് നാം വായിക്കുന്നു. അല്ലെങ്കില്‍ തോമസ്, ഭരണകൂടത്തിന് അനുകൂലമോ പ്രതികൂലമോ ആയി പ്രവര്‍ത്തിക്കുന്നില്ല. ഇങ്ങനെയുള്ള നിരവധി സൂചനകള്‍ നമുക്കു നോവലില്‍ത്തന്നെ കാണാവുന്നതേയുള്ളൂ.
തോമസും തെരേസയും പ്രാഗ് വിട്ട് സ്വിസ് നഗരമായ സൂറിക്കിലേക്ക് (Zurich) പോകുന്നു. സെബീന ജനീവയിലേക്കും. തോമസ് അവിടെ തന്റെ പ്രാക്ടീസ് ആരംഭിക്കുകയും ജീവിതവുമായി പൊരുത്തപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്ന സമയത്ത് തെരേസ തിരിച്ച്, ജന്മദേശത്തേക്കു പോകുന്നു. സോവിയറ്റ് അധിനിവേശത്തിന്റെ നാളുകളില്‍ പട്ടാളക്കാരുടെയും ടാങ്കുകളുടെയും ഫോട്ടോയെടുത്തു നടക്കുകയായിരുന്നു തെരേസ. തങ്ങള്‍ക്കെതിരെ വെടിവയ്ക്കുകയോ കല്ലെറിയുകയോ ചെയ്താല്‍ എന്തു തിരിച്ചുചെയ്യണം എന്ന് പട്ടാളക്കാര്‍ക്കറിയാം. പക്ഷേ, ഒരാള്‍ തങ്ങളുടെ ചിത്രമെടുക്കുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ പഠിച്ചിരുന്നില്ല. ഈ ചിത്രങ്ങള്‍ തെരേസ സൂറിക്കില്‍ കൊണ്ടുപോയി ഒരു മാസികയില്‍ കാണിക്കുന്നുണ്ടെങ്കിലും അവിടെയുള്ളവര്‍ അവ സ്വീകരിക്കുന്നില്ല. അന്യദേശത്ത് തനിക്കൊന്നും ചെയ്യാനില്ലെന്നു തോന്നിയതുകൊണ്ടാണ് അവള് മടങ്ങിപ്പോകുന്നത്. അങ്ങനെ തൽക്കാലത്തേക്കെങ്കിലും തോമസും സ്വതന്ത്രനാവുകയാണ്.
പക്ഷേ, തോമസ് അവളെക്കുറിച്ച് ആശങ്കപ്പെടുന്നു. തിരിച്ച് അയാള്‍ നാട്ടിലേക്കു പോകുന്നു. അവള്‍ക്കൊപ്പം ചേരുന്നു. ഈയൊരു മടങ്ങിവരവ് അയാളുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറുകയാണ്. കമ്യൂണിസ്റ്റു ഭരണകാലത്ത് എഴുതിയ ഒരു ലേഖനത്തെപ്രതി അയാളെ ഭരണകൂടം നിരീക്ഷിക്കുന്നു, ആ ലേഖനത്തെ തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുന്നു. യൂറോപ്പിലെ കമ്യൂണിസത്തെ ഈഡിപ്പസിന്റെ കഥയുമായി ബന്ധപ്പെടുത്തി എഴുതിയതായിരുന്നു തോമസിന്റെ ലേഖനം.
ഈഡിപ്പസ് അയാളറിയാതെ സ്വന്തം അച്ഛനെ കൊല്ലുകയും അമ്മയെ വേള്‍ക്കുകയും ചെയ്യുകയാണല്ലോ. അതു തിരിച്ചറിയുമ്പോള്‍, താന്‍ അറിയാതെ ചെയ്തതാണെങ്കില്‍ക്കൂടി, ഈഡിപ്പസ് ആ കുറ്റത്തിന്റെ വേദനയില്‍ ഉരുകുകയും സ്വയം അന്ധത വരിക്കുകയും ചെയ്തു. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ തെറ്റുചെയ്തിട്ടും അത് തങ്ങളുടെ അറിവോടെയല്ല എന്ന ഒഴിവുകഴിവില്‍ അധികാരത്തില്‍ തുടരുന്നു എന്ന ആശയമാണ് തോമസ് എഴുതിയത്. ഇതില്‍ നിന്ന് തിരിച്ചുപോകാന്‍ അയാള്‍ തയ്യാറായില്ല. അയാള്‍ സമൂഹത്തിലെ നിലതാഴ്ത്തലിന് (declassing) വിധേയനാകുന്നു. ആദ്യം ജനല്‍ കഴുകുന്ന ഒരാളായും പിന്നീട് ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ കൃഷിപ്പണിക്കാരനായും അയാള്‍ മാറുകയാണ്.
പില്ക്കാലത്ത് തോമസ്, ഭരണകൂടത്തിന്റെ വിമതരോടും ഐക്യപ്പെടാന്‍ തയ്യാറാവുന്നില്ല. അയാള്‍ സ്വന്തം ജീവതത്തെ ലഘുവായി, സ്വതന്ത്രമായി മുന്നോട്ടുകൊണ്ടുപോകാന്‍ താല്പര്യപ്പെടുന്നത് തുടരുന്നു. ആദ്യ വിവാഹത്തില്‍ അയാള്‍ക്കുണ്ടായ മകന് -സിമോണ്‍ എന്നാണ് അവന്റെ പേര്- ഒരു വിമതനായി അയാളെ തേടിവരുമ്പോഴും അയാള്‍ മാറുന്നില്ല. ഗ്രാമപ്രദേശത്തു താമസിക്കുമ്പോള്‍, ഒരു കാറപകടത്തില്‍പ്പെട്ട് തോമസും തെരേസയും മരിക്കുന്നു.
ജനീവയില്‍ വച്ച് ഫ്രന്‍സുമായി ബന്ധം സ്ഥാപിക്കുന്ന സെബീന, പക്ഷേ അയാളുടെ ആത്മാര്‍ത്ഥമായ സ്നേഹത്തില്‍ ആകൃഷ്ടയാവുന്നില്ല. ഒരു രീതിയില്‍ തെരേസയുടെ രീതികളാണ് ഫ്രന്സിന്റേത്. സെബീന പാരീസിലേക്കും പിന്നെ അമേരിക്കയിലേക്കും പോകുന്നു. തന്റെ സ്വതന്ത്രവും ലാഘവമുള്ളതുമായ അസ്തിത്വം തുടരുന്നത് സെബീന മാത്രമാണ്.
കുന്ദേര ഒരു കമ്യൂണിസ്റ്റു വിരുദ്ധ നോവല്‍ എഴുതുകയായിരുന്നില്ല. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അല്ലെങ്കില്‍ ആത്മാവിന്റെ തടങ്കലില്പ്പെട്ടു ഞെരിയുന്ന ശരീരത്തെക്കുറിച്ച് പഠിക്കുകയായിരുന്നു. ആ അന്വേഷണത്തില്‍ കമ്യൂണിസം ഒരു ഉപാധി മാത്രമായിരുന്നുവെന്നു വിവക്ഷിക്കാം. തെരേസയെപ്പോലുള്ള ഒരു കഥാപാത്രം സോവിയറ്റ് അധിനിവേശക്കാലത്ത് വളരെ ഉല്ലാസഭരിതയായി പ്രാഗ് തെരുവുകളിലൂടെ നടക്കുന്നത് നാം വായിക്കുന്നു. അവള് തന്റെ ജീവിതത്തിന്റെ അര്‍ത്ഥം തേടി സൂറിക്കില്‍ നിന്ന് തിരിച്ചുവരുന്നു. അല്ലെങ്കില്‍ തോമസ്, ഭരണകൂടത്തിന് അനുകൂലമോ പ്രതികൂലമോ ആയി പ്രവര്‍ത്തിക്കുന്നില്ല. ഇങ്ങനെയുള്ള നിരവധി സൂചനകള്‍ നമുക്കു നോവലില്‍ത്തന്നെ കാണാവുന്നതേയുള്ളൂ.
നീത്ഷേയുടെ ‘നിതാന്തമായ ആവര്‍ത്തനം’ എന്ന ആശയത്തെ കുന്ദേര വിശദീകരിക്കുന്നത് ഒരു ജര്‍മ്മന്‍ പഴമൊഴിയെ അവലംബിച്ചുകൊണ്ടാണ്. Einmal ist keinmal എന്നതാണ് 'ഒരിക്കല്‍ എന്നാല്‍ ഒരിക്കലുമല്ല' എന്ന അര്‍ത്ഥമുള്ള ആ വാചകം.
ചില വാക്കുകളുടെ വേരുകള്‍ അന്വേഷിക്കുകയും അവയുടെ അര്‍ത്ഥങ്ങളെ നോവലിന്റെ ശില്പത്തിലേക്കു വിളക്കിച്ചേര്‍ക്കുകയും ചെയ്യുന്ന ഒരു രീതിയും ഈ നോവലില്‍ കുന്ദേര പരീക്ഷിക്കുന്നുണ്ട്. തെറ്റായി വ്യാഖ്യാനിക്കപ്പെട്ട വാക്കുകളുടെ ഒരു നിഘണ്ടു തന്നെ അദ്ദേഹം ഒരു ഖണ്ഡത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.
സ്ത്രീ, വിശ്വസ്തതയും വഞ്ചനയും, സംഗീതം, ഇരുളും വെളിച്ചവും, ജാഥകള്‍... അങ്ങനെ. അതു കൂടാതെ, 19-ാം നൂറ്റാണ്ടില്‍ ജന്മം കൊണ്ട ഒരു ജര്‍മ്മന്‍ പദത്തെയും മറ്റൊരു വാചകത്തെയും കുന്ദേര പരിശോധിക്കുന്നു. പദം ‘കിച്ച്’ (Kitsch) എന്നതാണ്. അതിന് തത്തുല്യമായ മലയാളപദം കണ്ടെത്തുക എളുപ്പമല്ല. ഉപയോഗിച്ചു തേഞ്ഞ, അതിസാധാരണമായ ആസ്വാദനരുചികളെ സൂചിപ്പിക്കാനാണ് ‘കിച്ച്’ ഉപയോഗിക്കുന്നത്. വഷളന്അഭിരുചി എന്നു വേണമെങ്കില്‍ പറയാമെന്നു തോന്നുന്നു. മെയ്ദിന പരേഡ് അത്തരത്തിലൊന്നാണെന്നാണ് കുന്ദേരയുടെ പക്ഷം.
അമേരിക്കയില്‍ വച്ച് സെബീന ഒരു സെനറ്ററുടെ കൂടെ അയാളുടെ നാലു മക്കളുമൊത്ത് ഒരു സ്റ്റേഡിയത്തിലേക്കു പോകുന്നുണ്ട്. അവര്‍ കളിക്കാന്‍ പോകുമ്പോള്‍ അയാള്‍ ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള കുടിയേറ്റക്കാരിയായ സെബീനയോട് കുഞ്ഞുങ്ങളുടെ ആഹ്ലാദത്തെക്കുറിച്ചു സൂചിപ്പിക്കുന്നു. സെനറ്റര്‍ പൊഴിക്കുന്ന ആദ്യത്തെ കണ്ണുനീര്‍ത്തുള്ളി മാനവികതയ്ക്കുവേണ്ടിയുള്ളതായി കാണാം. അയാളുടെ രണ്ടാമത്തെ കണ്ണീര്‍ക്കണം ആ മാനവികതയില്‍ വിശ്വസിക്കാന്‍ സാധിക്കുന്ന, ഉത്ക്കണ്ഠ കൊള്ളാനാവുന്ന സ്വന്തം ശേഷിയെക്കുറിച്ചുള്ള അഭിമാനമാവാം. ഇതൊക്കെയാണ് പ്രകടനപരതയുടെ അടയാളങ്ങള്‍. ഈ മോശം രുചികളെ ഒരു സ്വതന്ത്രവ്യക്തി ഏത് ആശയത്തിന്റെ പേരിലായാലും പിന്‍പറ്റുകയില്ല. ‘എന്റെ ശത്രു കമ്മ്യൂണിസമല്ല, കിച്ച് ആണ്' എന്ന് സെബീനയിലൂടെ കുന്ദേര പറയുന്നു.
നീത്ഷേയുടെ ‘നിതാന്തമായ ആവര്‍ത്തനം’ എന്ന ആശയത്തെ കുന്ദേര വിശദീകരിക്കുന്നത് ഒരു ജര്‍മ്മന്‍ പഴമൊഴിയെ അവലംബിച്ചുകൊണ്ടാണ്. Einmal ist keinmal എന്നതാണ് 'ഒരിക്കല്‍ എന്നാല്‍ ഒരിക്കലുമല്ല' എന്ന അര്‍ത്ഥമുള്ള ആ വാചകം. അതായത്, ഒരിക്കല്‍ മാത്രം ചെയ്യുന്ന ഒരു സംഗതി അത്ര പ്രാധാന്യമുള്ളതല്ല. അത് ആവര്‍ത്തിച്ചു ചെയ്യാന്‍ കഴിഞ്ഞാലേ കാര്യമുള്ളൂ. ജീവിതത്തിന്റെ കാര്യത്തില്‍ പക്ഷേ, എന്തു ചെയ്യും? എന്താണ് വേണ്ടതെന്നു നമുക്കറിഞ്ഞുകൂടാ, എന്തെന്നാല്‍ ഒരേയൊരു ജീവിതം മാത്രം ജീവിക്കുന്നതുകൊണ്ട്, നമുക്ക് അതിനെ പൂര്വ്വജന്മങ്ങളുമായി താരതമ്യം ചെയ്യാനോ, വരാനിരിക്കുന്ന ജന്മങ്ങളില് ഭേദഗതി വരുത്താനോ സാധിക്കുകയില്ലല്ലോ. (കുന്ദേരയുടെ ഈയൊരു വാക്യം പ്രശസ്ത അമേരിക്കന്‍ കഥാകൃത്ത് റെയ്മണ്ട് കാര്‍വര്‍ തന്റെ കഥാസമാഹാരത്തിന്റെ മുഖവാക്യമായി എടുത്തെഴുതുന്നത് ഓര്‍ക്കുന്നു.)
പിതാവ് പിയാനിസ്റ്റായിരുന്നതുകൊണ്ട് കുന്ദേര തന്റെ കൃതികളില്‍ പലപ്പോഴും സംഗീതത്തെക്കുറിച്ചെഴുതുന്നതു കാണാം. ഈ നോവലില്‍ ഏറ്റവും സന്ദിഗ്ദ്ധമായൊരു ഘട്ടത്തില്‍ ബീഥോവന്റെ സിംഫണിയില്‍ നിന്ന് ഒരു നോട്ട് എഴുതിച്ചേര്‍ക്കുന്നു. സൂറിക്കില്‍ നിന്നും തിരിച്ചുപോരണോ എന്ന സംശയം തോന്നുന്ന സന്ദര്‍ഭത്തില്‍ ‘Muss es sein?’ (Must it be? വേണോ?) എന്ന് സംഗീതത്തിന്റെ നോട്ടിലൂടെത്തന്നെ സ്വയം ചോദിക്കുന്നു.
‘Es muss sein’ ( It must be! വേണം) എന്നാണുത്തരം.
അതാണ് തോമസിന്റെ ജീവിതത്തിലെ, ഈ നോവലിന്റെയും വഴിത്തിരിവ് എന്നു പറയാം.
20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ് Unbearable Lightness of being. രാഷ്ട്രീയം കൊണ്ട്, തത്വചിന്ത കൊണ്ട്, മനുഷ്യജീവിതത്തിന്റെ ആന്തരികമായ വേദനകള്‍ കൊണ്ടെല്ലാം ഈ നോവല്‍ തിളക്കമുള്ളതായിത്തീരുന്നു.
നോവലില്‍ പറയുന്ന തെറ്റിദ്ധരിക്കപ്പെട്ട വാക്കുകളുടെ നിഘണ്ടുവില്‍ നിന്ന് ഒരു ഭാഗം സ്വതന്ത്രമായി വിവര്‍ത്തനം ചെയ്തുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു.
വാക്ക്: Cemetery
സെമിത്തേരി: ബൊഹീമിയയിലെ* സെമിത്തേരികള്‍ ഉദ്യാനങ്ങളെപ്പോലെയാണ്. ശവക്കല്ലറകളെ പുല്ലും നിറമുള്ള പൂക്കളും വന്നു മൂടിയിരിക്കുന്നു. സാധാരണമായ സ്മാരകശിലകൾ ഈ പച്ചപ്പില്‍ മുങ്ങി കാണാതായിരിക്കുന്നു. അസ്തമയത്തിനുശേഷം സെമിത്തേരി കുഞ്ഞുകുഞ്ഞു മെഴുകുതിരികളുടെ വെളിച്ചത്തില്‍ തിളങ്ങുന്നു. അപ്പോള്‍ കുട്ടികളുടെ നൃത്തശാലയില്‍ മരിച്ചവര്‍ നൃത്തം ചെയ്യുന്നതുപോലെ തോന്നും. അതുതന്നെ, എന്തെന്നാല്‍ മരിച്ചവര്‍ കുഞ്ഞുങ്ങളെപ്പോലെ നിഷ്ക്കളങ്കരാണല്ലോ. ജീവിതം എത്ര നൃശംസമാണെന്നുണ്ടെങ്കിലും സെമിത്തേരിയില്‍ എപ്പോഴും ശാന്തി വിളങ്ങുന്നു. യുദ്ധകാലത്താവട്ടെ, ഹിറ്റ്ലറുടെ കാലത്താവട്ടെ, സ്റ്റാലിന്റെ കാലത്താവട്ടെ, എല്ലാ അധിനിവേശങ്ങളുടെ കാലത്തും അതങ്ങനെത്തന്നെയാണ്. സങ്കടം തോന്നുന്ന വേളകളില്‍ അവള് കാറില്‍ കയറി പ്രാഗില്‍ നിന്നും ദൂരെ തനിക്കിഷ്ടമുള്ള ഏതെങ്കിലും ഒരു സെമിത്തേരിയില്‍ പോകും. നീലമലകളുടെ പശ്ചാത്തലത്തില്‍ അവ ഒരു താരാട്ടുപോലെ ചന്തമുള്ളതായിരുന്നു.
▮
* ബൊഹീമിയ: ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു ഭാഗം.
Unbearable Lightness of Being /
Milan Kundera, written in 1984.
(translated from Czech to English by Michael Henry Heim).