മിലൻ കുന്ദേര

പ്രോസിക്യൂട്ടര്‍മാരുടെ യുഗത്തില്‍
ജീവിതം എന്നാലെന്ത്?

സോവിയറ്റ് യൂണിയന്‍ നിയന്ത്രിക്കുന്ന ചെക്കോസ്ലോവാക്യയില്‍ നിന്ന് കൈയില്‍ കിട്ടിയത് വാരിയെടുത്ത് ഫ്രാന്‍സിലേയ്ക്ക് പാഞ്ഞ കുന്ദേരയുടെ ചിത്രത്തെയാണ്, അദ്ദേഹത്തിന്റെ വിയോഗവേളയില്‍ ലോകം വീണ്ടും വീണ്ടും സ്മരിക്കുന്നത്. കുന്ദേരയുടെ എഴുത്തുകള്‍ മുന്നില്‍ വെച്ച് ആ സ്മരണയുടെ നടത്തിപ്പ് നിര്‍വ്വഹിക്കുന്നതില്‍ പ്രാധാന്യമുണ്ട്.

വ്യക്തി രാഷ്ടത്തിന്റെ സ്വത്തല്ല എന്ന് കുന്ദേര അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നത്, ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റെ തകര്‍ച്ചക്കുശേഷമാണ്. അത് ശ്രദ്ധേയവുമാണ്. സോവിയറ്റ് യൂണിയന്‍ നിയന്ത്രിക്കുന്ന ചെക്കോസ്ലോവാക്യയില്‍ നിന്ന് കൈയില്‍ കിട്ടിയത് വാരിയെടുത്ത് ഫ്രാന്‍സിലേയ്ക്ക് പാഞ്ഞ കുന്ദേരയുടെ ചിത്രത്തെയാണ്, അദ്ദേഹത്തിന്റെ വിയോഗവേളയില്‍ ലോകം വീണ്ടും വീണ്ടും സ്മരിക്കുന്നത്. കുന്ദേരയുടെ എഴുത്തുകള്‍ മുന്നില്‍വെച്ച് ആ സ്മരണയുടെ നടത്തിപ്പ് നിര്‍വ്വഹിക്കുന്നതില്‍ പ്രാധാന്യമുണ്ട്.

എഴുത്തുകാരെ സംബന്ധിച്ച്​ ഒരു പ്രത്യേക സമയത്തെ ഭരണക്രമത്തില്‍ നിന്നുള്ള രക്ഷപ്പെടലോ, ആ ഭരണക്രമം മാറിയശേഷമുള്ള 'മഹാമടക്ക'മോ അതിരിടുന്ന ഒരു ചരിത്രസാഹചര്യത്തിനുള്ളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല രാഷ്ട്രീയ പ്രവാസം.

എന്നാല്‍, സ്റ്റാലിനുശേഷമുള്ള ലോകത്തില്‍ നമ്മുടെ ആലോചനകള്‍ അവിടെത്തന്നെ ചുറ്റിത്തിരിയേണ്ടതില്ല. പ്രത്യേകിച്ച്​, കുന്ദേരയുടെ ജന്മദേശമായിരുന്ന ചെക്കോസ്ലോവാക്യ ഇന്നില്ല, സോവിയറ്റ് യൂണിയനും. കിഴക്കന്‍ യൂറോപ്പിന്റെ ഭൂപടം തന്നെ മറ്റൊന്നായി. പുതിയ രാജ്യങ്ങളും പുതിയ പ്രശ്‌നങ്ങളുമായി അവിടെ ജീവിതം മറ്റൊരു ദിശയിലാണ് ചലിക്കുന്നത്.

സോവിയറ്റ് അധിനിവേശത്തില്‍ നിന്ന്​ സ്വതന്ത്രമായ ചെക്ക് റിപ്പബ്‌ളിക്കിന്റെ ഭരണാധികാരിയായി വന്നത് എഴുത്തുകാരനായ വക്ലാവ്​ ഹാവേല്‍ ആണ്. അന്നു മുതല്‍ കുന്ദേരയുടെ വായനാലോകം കാത്തിരുന്നത് ചെക്ക് റിപ്പബ്ലിക്കിലേയ്ക്കുള്ള കുന്ദേരയുടെ മടങ്ങിവരവാണ്. ആ 'മഹാമടക്ക’ ത്തെക്കുറിച്ചുള്ള ധാരണകളെല്ലാം തെറ്റിച്ച് കുന്ദേര ഒരിക്കലും മടങ്ങിവന്നില്ല. ചെക്ക് അതിര്‍ത്തിക്കുള്ളില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കുണ്ടായിരുന്ന നിരോധനങ്ങള്‍ മാറി എന്നുമാത്രം. സ്വന്തം ദേശം കാണാനായി പുസ്തകങ്ങള്‍ മടങ്ങിയെത്തി. പുസ്തകാരന്‍ വന്നില്ല.

വക്ലാവ്​ ഹാവേല്‍

കുന്ദേര, ആ പ്രതീക്ഷാനിരാസത്തെക്കുറിച്ച് സംസാരിച്ചത് ചെക്കോസ്ലോവാക്യയില്‍ നിന്ന്, പ്രാഗ് വസന്തത്തിന്റെ തകര്‍ച്ചക്കുശേഷം പാരീസിലേയ്ക്ക് കുടിയേറിയ വേര ലിന്‍ഹര്‍ത്തോവയെ ചൂണ്ടിക്കാട്ടിയാണ്. അവര്‍, ഒരര്‍ത്ഥത്തില്‍ കുന്ദേരയെ മുന്‍കൂട്ടി പ്രവചിച്ച്, ദേശം മാത്രമല്ല ഭാഷയും ഉപേക്ഷിച്ചു. 1969 മുതല്‍ ചെക്ക് ഭാഷയില്‍ ഒരക്ഷരം പോലും എഴുതാന്‍ അവര്‍ മുതിര്‍ന്നില്ല. പകരം ഫ്രഞ്ചു ഭാഷയില്‍ തുടര്‍ച്ചയായി എഴുതി. പ്രവാസത്തെക്കുറിച്ച് താന്‍ കേട്ട ഏറ്റവും ആഴമേറിയ കാര്യം അവര്‍ പറഞ്ഞതാണെന്ന് കുന്ദേര ഓര്‍ക്കുന്നുണ്ട്. എഴുത്തുകാരെ സംബന്ധിച്ച്​ ഒരു പ്രത്യേക സമയത്തെ ഭരണക്രമത്തില്‍ നിന്നുള്ള രക്ഷപ്പെടലോ, ആ ഭരണക്രമം മാറിയശേഷമുള്ള 'മഹാമടക്ക'മോ അതിരിടുന്ന ഒരു ചരിത്രസാഹചര്യത്തിനുള്ളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല രാഷ്ട്രീയ പ്രവാസം. അത് ദേശരാഷ്ട്ര സങ്കല്പങ്ങള്‍ക്കുള്ളില്‍ നിന്നും അതിനാല്‍നിയന്ത്രിതമായ ഭാഷാസങ്കല്പങ്ങളില്‍ നിന്നുകൂടിയുള്ള സ്വാതന്ത്ര്യമാണ്.

സ്വരാഷ്ട്രത്തിന്റേയും സ്വഭാഷയുടേയും രാഷ്ട്രീയത്തിനപ്പുറം കുന്ദേരയും ഒസും പ്രശ്‌നവല്ക്കരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ നാം അവരുടെ ഓര്‍മ്മയില്‍ നിന്നും അഭിമുഖീകരിക്കേണ്ടതുണ്ട്.

എഴുത്തുകാര്‍ ഒരു ഭാഷയുടേയും തടവുകാരല്ല എന്ന വേരയുടെ പ്രഖ്യാപനത്തെ 'നമ്മെ സ്വതന്ത്രമാക്കുന്ന മഹാവാചക' മായാണ് കുന്ദേര എടുത്തുകാണിക്കുന്നത്. ഫ്രഞ്ചില്‍ എഴുതാന്‍ തുടങ്ങിയതോടെ വേര, ചെക്ക് എഴുത്തുകാരിയായി തുടരുമോ? കുന്ദേര ആരായുന്നു.
‘ഇല്ല’, അദ്ദേഹം തന്നെ മറുപടി പറയുന്നു.
എന്നാല്‍ അവര്‍ ഫ്രഞ്ച് എഴുത്തുകാരിയായോ? ‘ഇല്ല', അദ്ദേഹം വീണ്ടും പറയുന്നു.
കാരണം അവര്‍ ദേശരാഷ്ട്രങ്ങളുടെ ഭൂപടത്തില്‍ ഒതുങ്ങാത്ത 'മറ്റൊരിടത്തുകാരി'യാണ്. ചോപ്പിന്‍ തന്റെ കാലത്ത് 'വേറൊരിടത്തുകാര' നായിരുന്നു. ചോപ്പിന്‍, നബാക്കോവ്, ബെക്കറ്റ്, സ്ട്രാവിന്‍സ്‌കി, ഗോംബ്രോവിക്‌സ് തുടങ്ങിയവരെല്ലാം തങ്ങളുടെ നാളുകളില്‍ 'വേറിടത്തുകാരാ'യിരുന്നു.

ആമോസ് ഒസ്

കുന്ദേരക്കുമുമ്പ്, നമ്മെ വിട്ടുപിരിഞ്ഞ മറ്റൊരെഴുത്തുകാരന്‍, ആമോസ് ഒസ്, ഒരു അഭിമുഖത്തില്‍ ഇതേ ആശയത്തിന്റെ മറ്റൊരു നിഴലിനെ വിസ്തരിക്കുന്നത് നാം കേട്ടിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പുപോലെ തന്നെ ചരിത്രത്തിന്റെ മറ്റൊരു ഉണങ്ങാത്ത മുറിവ് പേറുന്ന ഇസ്രയേലി - പലസ്തീന്‍ പ്രവിശ്യകളെ ചുറ്റിപ്പറ്റിയാണ് ഹീബ്രുവിലെഴുതിയിരുന്ന, ഇസ്രയേലിയായിരുന്ന ഒസ് ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായിരുന്ന ദിലീപ് പഡ്ഗാവോങ്കറോട് ഇങ്ങനെ പറയുന്നത്. ദേശരാഷ്ട്രങ്ങള്‍ തകരേണ്ടതുണ്ട്. അത് തകര്‍ന്നുപോവുക തന്നെ ചെയ്യും. നാളത്തെ ജനത, നാം സ്വാഭാവികമെന്ന് കരുതുന്ന ദേശരാഷ്ട്ര വിന്യാസത്തെ മര്‍ദ്ദകസംവിധാനമായി എണ്ണും. എന്നാല്‍ ദേശരാഷ്ട്രം ഒരു പ്രതീതി മാത്രമായ പലസ്തീന്‍കാരെ ഉദ്ദേശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പക്ഷേ, ദേശരാഷ്ട്രചരിത്രത്തിലൂടെ കടന്നുപോകാത്ത ജനതകള്‍ക്ക് ആ ചരിത്രം നിഷേധിക്കപ്പെടാനും പാടില്ല.

സ്വരാഷ്ട്രത്തിന്റേയും സ്വഭാഷയുടേയും രാഷ്ട്രീയത്തിനപ്പുറം കുന്ദേരയും ഒസും പ്രശ്‌നവല്ക്കരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ നാം അവരുടെ ഓര്‍മ്മയില്‍ നിന്നും അഭിമുഖീകരിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എഴുത്തുകാരുടെ 'സ്വതന്ത്രദേശം' ഇല്ലാതായ്‌ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ്. സോവിയറ്റ് അധിനിവേശത്തില്‍ നിന്ന് സ്വതന്ത്രമാകുന്ന ചെക്ക് റിപ്പബ്ലിക്കിനെ പിടികൂടാനിരിക്കുന്ന 'യൂറോപ്യന്‍ സ്വാതന്ത്ര്യ ദര്‍ശന 'ത്തിന്റെ പരിണാമങ്ങളെ കുറിച്ചും അസാമാന്യമാം വിധം തിരിച്ചറിവ് കുന്ദേരക്കുണ്ടായിരുന്നു.

ബെര്‍ടോള്‍ഡ് ബ്രെഹ്റ്റ്

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണെന്ന് തോന്നുന്നു, 'നിങ്ങളില്‍നിന്നെന്ത് ബാക്കിയായി, ബെര്‍ടോള്‍ഡ്' (What will be left of you Brecht) എന്ന ലേഖനം കുന്ദേര എഴുതുന്നത്. ബെര്‍ടോള്‍ഡ് ബ്രെഹ്റ്റിനെക്കുറിച്ചിറങ്ങിയ ഒരു പുസ്തകത്തിനെ നിശിതമായി വിമര്‍ശിച്ചെഴുതിയ ആ ലേഖനത്തിന്റെ മുന്നോടിയായി, 1999- ല്‍ ഒരു ഫ്രഞ്ച് പ്രസിദ്ധീകരണം പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ച് പറയുന്നുണ്ട്. 'ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭകളെ' ക്കുറിച്ചായിരുന്നു ആ പ്രത്യേക ഫീച്ചര്‍. പതിനെട്ടു പേരുകളാണ് അത് മുന്നോട്ടുവെച്ചത്. സിഗ്മണ്ട് ഫ്രോയ്ഡിനും മേരി ക്യൂറിയ്ക്കും റോബര്‍ട്ട് ഓപ്പന്‍ ഹീമറിനും ഐന്‍സ്റ്റീനും എഡിസണും ഒപ്പം ആ പട്ടികയില്‍ ബില്‍ ഗേറ്റ്‌സും ഹെന്റി ഫോര്‍ഡും ജെ.പി. മോര്‍ഗനും ഉണ്ട്. അതില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞ ഒരേയൊരു ചിത്രകാരന്‍ പാബ്ലോ പിക്കാസോ ആണ്. ഒരേയൊരു സിനിമാ സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക് ആണ്. ഒരേയൊരു വാസ്തുശില്പി ലേ കോര്‍ബുസിയറും. നോവലെഴുത്തുകാരില്ല, കവികള്‍ ഇല്ല, ദാര്‍ശനികര്‍ ഇല്ല.

ആവലാതിയുടെ സ്വരത്തിലല്ല, കുന്ദേര ഇത് പറയുന്നത്. മറിച്ച് സാഹിത്യത്തോടും ആശയങ്ങളോടും കലയോടുമുള്ള യൂറോപ്പിന്റെ പുതിയ സമീപനത്തെ ചൂണ്ടിക്കാട്ടാനാണ്. യൂറോപ്പിന് ലോകത്തോടുള്ള സ്‌നേഹബന്ധം നിലച്ചുപോയി എന്നും അത് അതിനെത്തന്നെ സ്‌നേഹിക്കുന്നില്ലെന്നും കുന്ദേര സംഗ്രഹിക്കുന്നു. ബ്രെഹ്തിനെ പറ്റിയുള്ള 800 പേജ് വരുന്ന, താരതമ്യ പഠനത്തില്‍ ഡോക്ടറേറ്റ് എടുത്ത പ്രഫസര്‍ എഴുതിയ പുസ്തകത്തില്‍ ബ്രെഹ്റ്റിന്റെ സ്വവര്‍ഗ്ഗപ്രണയത്തെപ്പറ്റി, കാമാതുരതയെപ്പറ്റി, പെണ്‍സുഹൃത്തുക്കള്‍ക്കുമേല്‍ അദ്ദേഹം നടത്തിയ ചൂഷണങ്ങളെപ്പറ്റി, അദ്ദേഹം പറഞ്ഞ അനവധിയായ നുണകളെപ്പറ്റി, അദ്ദേഹത്തിന്റെ അത്യാഗ്രഹത്തെപ്പറ്റി, കല്ലിച്ച ഹൃദയത്തെപ്പറ്റി, സ്റ്റാലിനോടുള്ള മൃദുസമീപനത്തെപ്പറ്റി നീണ്ടുനീണ്ട വിവരണങ്ങളുണ്ട്. അവസാനം നാം നാല്പത്തഞ്ചാം അദ്ധ്യായത്തില്‍ എത്തിച്ചേരുന്നു, കുന്ദേര ചൂണ്ടിക്കാട്ടുന്നു. അവിടെ നമ്മെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ശരീരമാണ്. ആ ശരീരത്തിന്റെ ദുസ്സഹമായ വിയര്‍പ്പുചൂര്. ബെര്‍ലിനിനര്‍ എന്‍സെംബിളില്‍ ഫോട്ടോ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന സ്ത്രീയാണ് തനിക്ക് ഈ വിലപ്പെട്ട വിവരം തന്നതെന്ന്, അവരുമായി അഭിമുഖ സംഭാഷണം നടത്തിയ തീയ്യതി സഹിതം, ആധികാരികമായി പ്രഫസര്‍ പറയുന്നു. അവിടെ വെച്ചാണ് കുന്ദേര ആ ചോദ്യം ചോദിക്കുന്നത്: ‘നിങ്ങളില്‍നിന്ന് എന്ത് ബാക്കിയായി, ബെര്‍ടോള്‍ഡ്?'
അദ്ദേഹം തന്നെ ഉത്തരം പറയുന്നു; 'വെറും ശരീര ദുര്‍ഗന്ധം.’

ജോസഫ് സ്റ്റാലിന്‍

വലിയ എഴുത്തുകാരെ, ദുര്‍ഗന്ധം പേറുന്ന ശരീരം മാത്രമായി ഭാവിയിലേയ്ക്ക് നീക്കിവെയ്ക്കുന്ന യൂറോപ്യന്‍ പ്രവണതകളെയാണ് കുന്ദേര തനത് എഴുത്തിലൂടെ കീറിമുറിക്കുന്നത്. എഴുത്തുകാരുടെ നാടോടിത്ത രാജ്യത്തെ, വേര ചൂണ്ടിക്കാട്ടിയത്, സംസ്‌കാരത്തില്‍ നൂണുകയറിയ അധികാരം എങ്ങനെ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് കുന്ദേര ശ്രമിക്കുന്നത്.
'പ്രോസിക്യൂട്ടര്‍മാരുടെ യുഗത്തില്‍ ജീവിതം എന്നാല്‍ എന്ത്? ' എന്ന ചോദ്യം ഇട്ടുതന്നാണ് അദ്ദേഹം മറയുന്നത്.

ഫ്രഞ്ച് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ യൂറോപ്യരും അമേരിക്കക്കാരും ഒഴികെ ആരുമില്ല എന്നത് കുന്ദേര ചൂണ്ടിക്കാണിച്ചില്ലല്ലോ എന്ന് നമുക്ക് ആരോപിക്കാം. അദ്ദേഹം മറ്റെല്ലാ യൂറോപ്യന്‍എഴുത്തുകാരേയും പോലെ തന്റെ ചിന്തയുടെ മൗലികതകള്‍ ആര്‍ജ്ജിച്ചത് യൂറോപ്യന്‍ സ്വാതന്ത്ര്യ സങ്കല്പനങ്ങളില്‍ നിന്നുതന്നെയാണ്. സങ്കീര്‍ണ്ണമായ ഒരു സംവേദനത്തിലൂടെയാണ് മലയാളി അദ്ദേഹത്തിന്റെ എഴുത്തുഭൂമികയുമായി ബന്ധപ്പെടുന്നത്. അത് അപഗ്രഥിക്കുക ഈ ലേഖനത്തിന്റെ ലക്ഷ്യമല്ലാത്തതുകൊണ്ടുമാത്രം അത് ഒഴിവാക്കി നിര്‍ത്തുന്നു.

അതേസമയം, സമഗ്രാധിപത്യത്തിന്റെ ഇന്ത്യന്‍ സാഹചര്യത്തില്‍ കുന്ദേര എന്ന എഴുത്തുനക്ഷത്രം നമ്മുടെ സാംസ്‌കാരികാകാശത്തില്‍ എന്ത് ചിഹ്നമാണ് അവശേഷിപ്പിക്കുന്നത് എന്ന അന്വേഷണത്തെ ഒഴിവാക്കാനാകില്ല. ഏകീകൃത സിവില്‍ കോഡുകള്‍ തകര്‍ക്കാന്‍ പോകുന്നത് എഴുത്തുകാരുടെ ‘മറ്റൊരിടത്തെ' അസ്തിത്വത്തെ കൂടിയാണ്, ‘നാടോടിത്ത പൗരത്വ' ത്തേയും.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments