ഭരണകൂടത്തിന്റെ കരിമ്പട്ടികയിലുള്ള
എഴുത്തുകാരൻ

തന്റെ നോവലുകള്‍ ഒന്നും തന്നെ സമര്‍ത്ഥിക്കുന്നില്ല, പകരം ചോദ്യങ്ങളുന്നയിക്കുകയും അന്വേഷിക്കുകയുമാണ് അവ ചെയ്യുന്നത് എന്നാണ് കുന്ദേര വിശദീകരിച്ചത്. ഉത്തരങ്ങളുടേതായ, ചോദ്യങ്ങള്‍ക്കിടമില്ലാത്ത സര്‍വ്വാധിപത്യ ലോകത്ത് നോവലിന് ഇടമില്ലെന്നും അദ്ദേഹം വിശ്വസിച്ചു.

ചില പുസ്തകങ്ങളും കുറച്ചു വസ്ത്രങ്ങളും മാത്രമെടുത്തുകൊണ്ടാണ് കുന്ദേരയും ഭാര്യയും അന്ന് കാറിലേക്ക് കയറിയത്. അവര്‍ ജന്മനാടിനോട് വിട പറയുകയുകയായിരുന്നു.ചെക്കോസ്ലോവാക്യയിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് രഹസ്യമായി കടന്നുകൂടാനുള്ള യാത്രയായിരുന്നു അത്.

1975- ലെ ആ ദിവസം കുന്ദേരയുടെ ജീവിതത്തെ ശരിക്കും രണ്ടായി പകുക്കുകയായിരുന്നു. സ്വന്തം നാടും സ്വന്തം ഭാഷയും ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമായ ദിവസം കൂടിയാണത്. പിന്നീട് അദ്ദേഹം ചെക്ക് ഭാഷയിലെഴുതിയില്ല; ചെക്കോസ്ലോവാക്യയിയിലേക്ക് മടങ്ങിയതുമില്ല.

1929-ല്‍ ചെക്കോസ്ലാവാക്യയില്‍ ജനിച്ച മിലന്‍ കുന്ദേര 94ാം വയസ്സില്‍ ഫ്രഞ്ചുകാരനായാണ് മരിച്ചത്. 1981 മുതല്‍ അദ്ദേഹം ഫ്രഞ്ച് പൗരനായാണ് ജീവിച്ചത്. അതിനുശേഷം അദ്ദേഹം എഴുതിയതും ഫ്രഞ്ച് ഭാഷയിലായിരുന്നു. സോവിയറ്റ് കമ്യൂണിസത്തിന്റെ ചെക്കോസ്ലോവാക്യയിലേക്കുള്ള അപ്രതീക്ഷിത അധിനിവേശമാണ് കുന്ദേരയെ സ്വന്തം നാട് വിടാൻ നിർബന്ധിതനാക്കിയത്​. അത് കുന്ദേരയെന്ന എഴുത്തുകാരനിലും വലിയ പരിണാമങ്ങള്‍ക്ക് കളമൊരുക്കി. ഈ അനുഭവത്തിന്റെ പ്രതിഫലനങ്ങളാണ് അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ അടിത്തറ.

Photo: Twitter

യുവാവായ കുന്ദേര ചെക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. 1950-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെട്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന്​ കുറച്ചു കാലത്തേക്ക് പുറത്താക്കി. അധികം വൈകാതെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 1968-ല്‍ പ്രാഗ് വസന്തത്തിന്റെ കാലത്ത് വീണ്ടും പുറത്താക്കപ്പെട്ടു.

സമഗ്രാധിപത്യത്തിനെതിരെയുള്ള സര്‍ഗാത്മകപോരാട്ടമായിരുന്നു അദ്ദേഹത്തിന് സാഹിത്യ പ്രവര്‍ത്തനം. ലോകം ആ രീതിയിലാണ് അവ വായിച്ചതും.

സോവിയറ്റ് അധിനിവേശത്തിനെതിരായ ആ ജനകീയ മുന്നേറ്റത്തില്‍ കുന്ദേരയും മുന്നണിപ്പോരാളിയായിരുന്നു. റഷ്യന്‍ അധിനിവേശത്തിനുശേഷം കുന്ദേര ചെക്കോസ്ലോവാക്യയിയില്‍ അനഭിമതനായി മാറി. ചെക്ക് ഫിലിം അക്കാദമിയിലെ അധ്യാപക സ്ഥാനത്തു നിന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കി. അദ്ദേഹമപ്പോള്‍ പ്രാഗിലെ ഫിലിം അക്കാദമിയില്‍ ലോകസാഹിത്യം പറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് രാജ്യത്തെമ്പാടും നിരോധനമേര്‍പ്പെടുത്തി. രാജ്യത്തെ ലൈബ്രറികളില്‍ നിന്ന്​ കുന്ദേരയുടെ പുസ്തകങ്ങളെല്ലാം അവര്‍ നീക്കം ചെയ്തു. കുന്ദേരയെ ഭരണകൂടം കരിമ്പട്ടികയില്‍ ചേര്‍ത്തു. ഇങ്ങനെ സഹികെട്ടാണ് കുന്ദേരയും ഭാര്യയും രാജ്യം വിടാന്‍ തീരുമാനിക്കുന്നത്. 1989-ല്‍ ചെക്കോസ്ലോവാക്യയിയില്‍ നടന്ന വെല്‍വെറ്റ് വിപ്ലവാനന്തരമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നിരോധനം അവിടെ നീക്കം ചെയ്തത്. അതിനുശേഷവും നാട്ടിലേക്ക് മടങ്ങാന്‍ കുന്ദേര തയ്യാറായില്ല.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മൂന്നു നോവലുകള്‍ എഴുതുകയും - The Joke, The Book of Laughter, The Unbearable Lightness of Being- നോവലെഴുത്ത് എന്ന സര്‍ഗാത്മക പ്രവര്‍ത്തനത്തെപ്പറ്റി മികച്ച രണ്ട് പുസ്തകങ്ങള്‍ രചിക്കുകയും- The Art of the Novel, The Curtain- ചെയ്ത മഹാനായ എഴുത്തുകാരനാണ് മിലന്‍ കുന്ദേര.

Photo: Twitter

സമഗ്രാധിപത്യത്തിനെതിരെയുള്ള സര്‍ഗാത്മകപോരാട്ടമായിരുന്നു അദ്ദേഹത്തിന് സാഹിത്യ പ്രവര്‍ത്തനം. ലോകം ആ രീതിയിലാണ് അവ വായിച്ചതും. അദ്ദേഹത്തിന്റെ കൃതികളില്‍ പൊതുവില്‍ രണ്ടു തലങ്ങളുണ്ടായിരുന്നു. ഒന്ന് ഹാസ്യത്തിന്റേത്, മറ്റൊന്ന് ധിഷണയുടേത്​. 'ഫിലോസഫിക്കല്‍ ഫിക്ഷന്‍' എന്ന് അവ പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. അവയിലെ ഹാസ്യത്തിന് വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. ആ ഹാസ്യത്തെപ്പറ്റി അദ്ദേഹം ഫിലിപ്പ് റോത്തിനോട് ഇങ്ങനെ വിശദീകരിച്ചിട്ടുമുണ്ട്: 'സ്റ്റാലിനിസ്റ്റ് ഭീകരതയുടെ കാലത്താണ് സത്യത്തില്‍ ഞാന്‍ ഹാസ്യത്തിന്റെ വില മനസ്സിലാക്കുന്നത്. എനിക്കന്ന് ഇരുപത് വയസ്സ് കാണും. സ്റ്റാലിനിസ്റ്റല്ലാത്ത ഏതൊരാളെയും എനിക്കന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ഒരാളുടെ പുഞ്ചിരി കണ്ടാലറിയാം, അയാളെ ഭയപ്പെടേണ്ടതുണ്ടോ എന്ന്. നര്‍മ്മബോധമെന്നത് തീര്‍ച്ചയായും വിശ്വസ്തതയുടെ അടയാളം തന്നെയാണ്.'

1979-ല്‍ ചെക്ക് ഗവണ്‍മെന്റ് കുന്ദേരയുടെ പൗരത്വം റദ്ദാക്കി. 2019- ലെ സര്‍ക്കാരാണ് പൗരത്വം തിരിച്ചുനല്‍കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

കുന്ദേരയുടെ സാഹിത്യത്തെ നിര്‍മ്മിച്ചത് കമ്യൂണിസമായിരുന്നു. കമ്യൂണിസ്റ്റ് ചെക്കോസ്ലോവാക്യയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഭാവന വികസിച്ചത്.

1967-ല്‍ പുറത്തു വന്ന 'ജോക്ക്' എന്ന ആദ്യ നോവല്‍ തൊട്ട് കുന്ദേര കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കണ്ണിലെ കരടായി. ആ നോവലില്‍ പരാമര്‍ശിക്കുന്ന ട്രോട്‌സ്‌കിയുമായി ബന്ധപ്പെട്ട ഒരു തമാശയാണ്, അത് നിരോധിക്കുന്നതിന് കാരണമായത്. ആദ്യം മുതലേ കമ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് രീതിക്കെതിരെ കുന്ദേര ശബ്ദമുയര്‍ത്തിയിരുന്നു. അങ്ങനെയാണ് അലക്‌സാണ്ടര്‍ ഡ്യുബ്​ചെക്ക് എന്ന പ്രാഗ് വസന്ത നേതാവിന്റെ അനുകൂലിയായത്. ആ ജനകീയ മുന്നേറ്റത്തെയാണ് സോവിയറ്റ് ടാങ്കുകള്‍ തകര്‍ത്തു കളഞ്ഞത്. തുടര്‍ന്നാണ് കുന്ദേരയും മറ്റും കമ്യൂണിസ്റ്റ് വിരുദ്ധരായത്. 1979-ല്‍ ചെക്ക് ഗവണ്‍മെന്റ് കുന്ദേരയുടെ പൗരത്വം റദ്ദാക്കി. 2019- ലെ സര്‍ക്കാരാണ് പൗരത്വം തിരിച്ചുനല്‍കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

A kidnapped West- The Tragedy of Central Europe

എന്തായാലും ഈ അനുഭവങ്ങള്‍ കുന്ദേരയെന്ന പ്രതിഭയെ വലിയ ഉയരങ്ങളിലെത്തിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ സാഹിത്യ ചക്രവാളത്തിലെ അവിസ്മരണീയ സാന്നിധ്യമായി അദ്ദേഹം വിലയിരുത്തപ്പെട്ടു. സമഗ്രാധിപത്യത്തിന്റെ ഭീകരതയെ തുറന്നു കാണിക്കുന്നതില്‍ ആ രചനകള്‍ വലിയ സ്വാധീനമായി. എന്നാല്‍ അത്തരം അവകാശവാദങ്ങളൊന്നും കുന്ദേര ഏറ്റെടുത്തില്ല. പൊതുവില്‍ അഭിമുഖ സംഭാഷണങ്ങള്‍ക്കൊന്നും അദ്ദേഹം നിന്നുകൊടുക്കാറുമില്ല. തനിക്ക് പറയാനുള്ളത് തന്റെ എഴുത്തിലുണ്ട് എന്ന നിലപാടില്‍ ഉറച്ചുനിന്നു. തന്റെ നോവലുകള്‍ ഒന്നും തന്നെ സമര്‍ത്ഥിക്കുന്നില്ല, പകരം ചോദ്യങ്ങളുന്നയിക്കുകയും അന്വേഷിക്കുകയുമാണ് അവ ചെയ്യുന്നത് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഉത്തരങ്ങളുടേതായ, ചോദ്യങ്ങള്‍ക്കിടമില്ലാത്ത സര്‍വ്വാധിപത്യ ലോകത്ത് നോവലിന് ഇടമില്ലെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ആഴത്തില്‍മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ലേഖന / പ്രഭാഷണസമാഹാരം അടുത്ത കാലത്ത് പുറത്തുവന്നിട്ടുണ്ട്. (A kidnapped West- The Tragedy of Central Europe - Milan Kundera- Faber)

മനുഷ്യന്റെ സ്വത്വബോധത്തെപ്പറ്റിയാണ് കുന്ദേരയുടെ നോവലുകള്‍ സംസാരിച്ചത്. സ്വത്വം എന്നാലെന്താണ്? നാം ഓര്‍മ്മിക്കുന്ന എല്ലാത്തിന്റെയും ആകെ തുകയാണത് എന്ന ഉത്തരവും അദ്ദേഹം പറഞ്ഞുവെച്ചു. അധികാരത്തിനെതിരായ കലാപം മറവിക്കെതിരായ കലാപമാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

അസ്തിത്വത്തിന്റെ അസഹനീയമായ ലാഘവത്വം കാണിച്ചുതന്നുകൊണ്ട് അയാള്‍ വിടവാങ്ങിയിരിക്കുന്നു. അധികാരത്തിന്റെ ദുരന്തം പേറാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ അദ്ദേഹത്തെ ഇനിയങ്ങോട്ടും വായിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. ആധുനിക മനുഷ്യന്റെ വിധിയെ മനസ്സിലാക്കുന്നതില്‍ വഴികാട്ടിയായി ആ നോവലുകള്‍ നിലകൊള്ളും.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments