മണ്ണോടുമണ്ണായ നിരവധി മനുഷ്യരുടെ തോളിൽ ചവിട്ടിയാണ് ഞാൻ ഈ അവാർഡിലേക്ക് എത്തിച്ചേരുന്നത്

എന്റെ കവിതകൾ ഇക്കാലത്താവാതെ മറ്റൊരു കാലത്തായിരുന്നെങ്കിൽ ഇപ്പോഴവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത/വായന ലഭിക്കുമോന്ന് സംശയമാണ്. പുതിയ കാലത്തെ/ഭാവുകത്വത്തെ/വായനയെ സൃഷ്ടിച്ചതിൽ കവിതാബാഹ്യമായ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളുടെ പ്രസക്തി നിർണായകമാണ്.

തിവ് ഓഫീസ് ജോലിയിൽ മുഴുകിയിരിക്കെയാണ് ഹരീഷിന്റെ ഫോൺ വന്നത്; ‘നിങ്ങളുവല്ലതും അറിഞ്ഞോ മനുഷ്യാ, നിങ്ങക്കാണ് ഇത്തവണ കവിതയ്ക്കുള്ള അക്കാദമി അവാർഡ്'. ഹരീഷ് പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും എനിക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ കുറേനേരം വേണ്ടിവന്നു. ഇതിനിടെ ഹരീഷ് മറ്റവാർഡുകളെ കുറിച്ചും മറ്റും പറയുന്നുണ്ടായിരുന്നു. ഞാൻ മൂളിക്കേട്ടുകൊണ്ടേയിരുന്നു.

പലതും ആഗ്രഹിക്കുക ഒന്നും പ്രതീക്ഷിക്കാതിരിക്കുക എന്നത് പണ്ടുമുതൽക്കെയുള്ള ശീലമാണ്. കവിത, അവാർഡ്, അക്കാദമി, സാഹിത്യം തുടങ്ങിയവയൊന്നും എന്റെ മനസ്സിൽ സാധാരണയായി അങ്ങനെ കടന്നുവരാത്ത വിഷയങ്ങളാണ്.

എഴുതുമ്പോഴല്ലാതെ ഞാൻ കവിതയിൽ ജീവിക്കാറില്ല എന്നാണെനിക്ക് തോന്നുന്നത്. കവിയാണെന്നൊന്നും ഞാൻ സ്വയം ആരെയും പരിചയപ്പെടുത്താറുമില്ല. ആരെങ്കിലും ആ വിധത്തിൽ തിരിച്ചറിഞ്ഞാൽ സന്തോഷം തോന്നുമെങ്കിലും ആത്മവിശ്വാസക്കുറവുകൊണ്ട് ആ സീനിൽ രക്ഷപ്പെടാനാവും ഞാൻ അകമേ ആഗ്രഹിക്കുക. കോളജിൽ പഠിക്കുമ്പോൾ ഇരുവശവും നിരന്നിരിക്കുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ നടന്ന് സ്റ്റേജിൽ കയറി സർട്ടിഫിക്കറ്റ് വാങ്ങാനുള്ള ‘ചങ്കൂറ്റം' ഇല്ലാതിരുന്നതുകൊണ്ട് എന്റെ പേര് പലതവണ വിളിച്ചിട്ടും കേൾക്കാത്ത മട്ടിൽ ഞാൻ മറഞ്ഞുനിന്നിട്ടുകൂടിയുണ്ട്. കുട്ടികളൊക്കെ പിരിയുമ്പോൾ കോളജിലെ വാകമരങ്ങളുടെ മറവിൽനിന്ന് നടന്ന് ടീച്ചേഴ്സ് റൂമിൽ പോയി എന്തോ തെറ്റുചെയ്ത മട്ടിൽ സർഫിക്കറ്റുകൾ വാങ്ങിപ്പോരുന്ന എന്നെ എനിക്കോർമയുണ്ട്. പക്ഷേ അതെന്തിനായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമാകുന്നില്ല.

എം.ആർ രേണുകുമാർ, എസ്. ഹരീഷ്

ഒരുകാലത്ത് അങ്ങനെയായിരുന്ന ഞാൻ എക്കാലത്തും അങ്ങനെയായിരുന്നില്ല. മത്സരങ്ങളിൽ പങ്കെടുത്ത് പിന്നീട്​ ഞാൻ യൂണിവേഴ്സിറ്റി കലാപ്രതിഭ വരെ ആയിട്ടുണ്ട്, നാഷണൽ യൂത്ത്ഫെസ്റ്റിവലിൽ വിജയിച്ചിട്ടുണ്ട്. എങ്കിലും പഴയ ആ ‘എന്റെ' ഒരിത്തിരി അറ്റുപോയ ചങ്ങലയുടെ മുറി പോലെ എന്റെ കാലിലുണ്ടായിരുന്നു എന്നുവേണം കരുതാൻ. അങ്ങനെ കലാജീവിതം ‘വരച്ചു'തുടങ്ങിയ എനിക്കാണ് 2019 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് എന്നറിഞ്ഞാൽ തെല്ല് ‘സ്ലിപ്പാ'കാതിരിക്കുന്നതെങ്ങിനെ.

പഴയ ഞാൻ പഴയമട്ടിൽ നിലവിലില്ലെങ്കിലും ഒന്നുമങ്ങോട്ട് പൂർണമായും ഒഴിഞ്ഞുപോയിട്ടില്ലെന്ന് ചുരുക്കം. അതുകൊണ്ടാണല്ലോ കേട്ടവാർത്ത അകത്തേക്കെടുത്ത് ദഹിപ്പിച്ചെടുക്കാൻ എനിക്ക് കുറച്ചധികംനേരം വേണ്ടിവന്നത്. ഇത്തവണ കവിതയ്ക്ക് രണ്ടുപേർക്ക് അവാർഡ് നൽകിയതിൽ വ്യക്തിപരമായി സന്തോഷമേയുള്ളൂ. പി. രാമൻ എനിക്ക് പലരീതിയിൽ പ്രിയപ്പെട്ട കവിയാണ്. പിന്നെ അവാർഡല്ലല്ലോ അവാർഡുതുകയല്ലോ രണ്ടായി വീതിക്കപ്പെടുന്നത്. ഒരേ കാരണത്താൽ ഒന്നിലധികം പേർ അടയാളപ്പെടുന്നതിൽ എന്താണ് പ്രശ്നം?.

ഇന്ന് പലരീതിയിലും നിലയിലും ആളുകൾ വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കവിതകളാണ് എന്റേതെങ്കിലും ഞാനൊരു ‘മൈനർ കവി'യാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കവിത മാത്രമല്ല ജീവിതവും. എം. കൃഷ്ണൻനായരുടെ ഭാഷയിൽ പറഞ്ഞാൽ മൈനർ സാഹിത്യകാരൻ. സ്വയം ഒരൽപ്പം മാർക്ക് കുറച്ചിടുന്നതാണ് മനസ്സമാധാനത്തിന് നല്ലതെന്ന് എനിക്കെപ്പോഴും തോന്നാറുള്ളതാണ്.

എം.ആർ രേണുകുമാർ

എന്റെ ഇരുപതുകളുടെ അവസാനത്തോടെയാണ് ഞാൻ കവിതകളെഴുതി തുടങ്ങിയത്. രണ്ട് പതിറ്റാണ്ടായി ഏറിയും കുറഞ്ഞും അത് തുടരുന്നു. എന്റെ കവിത ‘വ്യവസ്ഥാപിത/പരമ്പാഗത' മലയാള കവിതയുടെ/ഭാവുകത്വത്തിന്റെ നേർതുടർച്ചയായി എനിക്ക് തോന്നിയിട്ടില്ല. പൊയ്കയിൽ അപ്പച്ചന്റെ വചന കവിതകളുമായാണ് അതിന് പൊക്കിൾക്കൊടി ബന്ധമുള്ളതെന്ന് തോന്നുന്നു. ഒട്ടുംതന്നെ അനുകൂലമല്ലാത്ത സാമൂഹ്യ സാഹചര്യങ്ങളിൽ കവികളോ കലാകാരരോ ആകാൻ കഴിയാതെ ഇടറിവീണ മനുഷ്യരുടെ ചരിത്രത്തിലേക്കാണ് അതിന്റെ വേരുകൾ നീളുന്നത്. എവിടെങ്കിലും ഒരു കവിത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെങ്കിൽ നിരാശയിലേക്ക് കൂപ്പുകുത്തി ആത്മഹത്യ തെരഞ്ഞെടുക്കാതെ, ഒരു ‘ചെറുകിടജീവിത'മെങ്കിലും തരപ്പെടുമായിരുന്ന ഹതഭാഗ്യരായ കവികളുടെ തുടർച്ചയാണ് ഞാൻ.

എന്റെ കവിതകൾ ഇക്കാലത്താവാതെ മറ്റൊരു കാലത്തായിരുന്നെങ്കിൽ ഇപ്പോഴവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത/വായന ലഭിക്കുമോന്ന് സംശയമാണ്. പുതിയ കാലത്തെ/ഭാവുകത്വത്തെ/വായനയെ സൃഷ്ടിച്ചതിൽ കവിതാബാഹ്യമായ സാമൂഹ്യ- രാഷ്ട്രീയ ഇടപെടലുകളുടെ പ്രസക്തി നിർണായകമാണ്. നിരവധി അടരുകളുള്ള അത്തരം ഇടപെടലുകളുടെ തുടർച്ചകളോട് പരിമിതമായ അർത്ഥത്തിലെങ്കിലും കണ്ണിചേരാൻ കഴിയുമ്പോഴാണ് എന്റെ കവിതയുടെ മേൽവിലാസം പൂർണമാവുക എന്നുഞാൻ കരുതുന്നു. അത് വൈയക്തികമായ ഒരു നിർമിതിയല്ല, മറിച്ച് സാമൂഹ്യമായൊരു നിർമിതിയാണ്.

അവാർഡ് നേടിയ കവിതാ സമാഹാരം

എഴുത്തുകാലത്തെ പരിഗണിച്ചാൽ എന്റെ കവിതകൾക്ക് ലഭിച്ച അവാർഡുകളുടെ എണ്ണം (ആപേക്ഷികമായി) പരിമിതമാണ്. ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരമാണ് ആദ്യത്തേത്. മറ്റൊന്ന് എസ്.ബി.ടി കവിതാപുരസ്കാരമാണ്. ബാലസാഹിത്യത്തിന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡും ‘ഫൊക്കാന'യുടെ അവാർഡും ലഭിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള സംഭാവനകളെ പരിഗണിച്ച് ‘കിർത്താഡ്സി'ന്റെ ആദരവും ലഭിച്ചിട്ടുണ്ട്. പൊതുവെ അവാർഡുകൾക്ക് പുസ്തകങ്ങൾ അയക്കാൻ വിമുഖതയുള്ള ഒരാളാണ് ഞാൻ. അയച്ചിട്ടില്ല എന്നല്ല പറയുന്നത്; മറിച്ച് അത് താരതമ്യേന വളരെക്കുറവാണെന്നാണ്. ഇത് അവാർഡുകളോട് ഇഷ്ടമില്ലാത്തുകൊണ്ടല്ല, പ്രതീക്ഷയോടെ അയച്ച് തിരസ്കരിക്കപ്പെടുന്നതിലും ഭേദമല്ലേ അയച്ചിരുന്നേൽ കിട്ടിയേനെ എന്നു വിചാരിച്ചിരിക്കുന്നത്. ആഗ്രഹിക്കുക, പ്രതീക്ഷിക്കാതിരിക്കുക എന്നത് ജീവിതം പഠിപ്പിച്ച പാഠമാണ്. കവിതയിലും മറ്റൊന്ന് തുടരാനാവില്ലല്ലോ.

ഈ അക്കാദമി അവാർഡ് എനിക്കും എന്റെ കവിതകൾക്കും കൂടുതൽ സ്വീകാര്യത സമ്മാനിക്കുമെന്നറിയാം. ഇത് വലിയ സന്തോഷം തരുന്നു. വാർത്തയറിഞ്ഞ് പരിചയക്കാരും അല്ലാത്തവരുമായ നിരവധിപ്പേർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും സ്നേഹവും അഭിമാനവും പങ്കുവെച്ചുകൊണ്ടും വിളിച്ചു. എഫ്.ബി യിൽ പോസ്റ്റുകളിട്ടും, വാട്സ്​ആപ്പിൽ മെസേജയച്ചും കൂടെക്കൂടി. എവിടൊരു കവിത കണ്ടാലും എല്ലാക്കാലത്തും അതിനെ നെഞ്ചിലേറ്റിയിരുന്ന ഉറ്റവർ അതിയായ ആഹ്ലാദത്തോടെ വിളിച്ചു.

ഉറ്റവരുടെ വിളികൾ അവാർഡ് വാർത്തപ്പോലെ അതിരറ്റ ആനന്ദവും ആർദ്രതയുമുണ്ടാക്കി. കൊതിയൻ എന്റെ നാലാമത്തെ കവിതാസമാഹാരമാണ്. ചേട്ടന്മാരുടെ തോളിൽ കയറിനിൽക്കുന്ന കുഞ്ഞനിയനാണ് കൊതിയൻ. ‘കെണിനിലങ്ങളിലും', ‘വെഷക്കായ'യും, ‘പച്ചക്കുപ്പി'യും ഇല്ലെങ്കിൽ കൊതിയനുമില്ല.

ഇന്നത്തേതുപോലെ ഒരു കാലമുണ്ടായിരുന്നില്ലെങ്കിൽ ഞാനുമില്ല. മണ്ണോടുമണ്ണായ നിരവധി മനുഷ്യരുടെ തോളിൽ ചവിട്ടിയാണ് ഞാൻ ഈ അവാർഡിലേക്ക് എത്തിച്ചേരുന്നത്.


Comments