നിറഞ്ഞുകവിഞ്ഞിരിക്കുമ്പോഴും മുഴുശൂന്യതയിലായിരിക്കുക. സ്വന്തം ഇൻഷ്യലിൽ ഒളിഞ്ഞിരുന്ന ശൂന്യതയെ (എംപ്റ്റിനസ്) രചനാജീവിതത്തിൻറെ അടിസ്ഥാനമാക്കുകയായിരുന്നുവോ എംടി? എഴുതിയ അക്ഷരങ്ങൾക്കും ഉച്ചരിച്ച വാക്കുകൾക്കും അപ്പുറം ഒരു വരിയോ ഒരു ചിരിയോ അങ്ങോട്ടോ ഇങ്ങോട്ടോ കൂടുതൽ ഇല്ലെന്ന ബാഹ്യഗൗരവ പ്രകൃതിയിൽ എംടി സ്വന്തം അസ്തിത്വത്തെ നിറച്ചു.
ആത്യന്തികമായി ‘ഒന്നുമില്ലൊന്നുമില്ലൊന്നുമില്ല’ എന്ന തിരിച്ചറിവുണ്ടായിട്ടും, അതിൻറെ നെടുനിസ്സംഗത മുഖത്തുണ്ടായിട്ടും വൈകാരികതയുടെ വേലിയേറ്റക്കടലുകളെ ആവിഷ്കരിച്ചുകൊണ്ടേയിരുന്ന വൈരുധ്യത്തിനെ നാം എന്ത് പേരിട്ടുവിളിക്കും?
ചിരി വിടരുന്നൊരു വാസുദേവവദനത്തിനായി കാത്തുകെട്ടിയ ക്യാമറകൾ എന്നും നിരാശയോടെ മടങ്ങിയിട്ടേയുള്ളൂ. ‘ഒന്നു ചിരിക്കൂ സർ’ എന്ന യാചനകളിൽ ബീഡിക്കും ചുണ്ടിൻറെ ഇടത്തേ കോണിനുമിടയിൽ അപൂർവ്വമായി മാത്രം ഒരേങ്കോണിപ്പ് വിടർന്നു. എംടി ചിരിച്ചതായി നമ്മിൽ പലരും തെറ്റിദ്ധരിച്ച നിമിഷങ്ങളായിരുന്നു അത്.

അതിഗൗരവ പ്രകൃതിയായി തോന്നിച്ച ആ മുഖസ്വരൂപത്തെ അന്നുമിന്നും ഞാൻ വ്യാഖ്യാനിക്കുന്നത് അനാവശ്യമായി, അസന്ദർഭത്തിൽ മിണ്ടുന്ന ഏതുവാക്കും എഴുത്തുകാരന്റെ ഉള്ളിലെ ഗഹനതയുടെ ബലൂണിന്റെ കാറ്റഴിച്ചുവിടും എന്ന് എംടി മനസ്സിലാക്കിയതുകൊണ്ടായിരുന്നു എന്നാണ്.
അതുകൊണ്ടുതന്നെ എംടിയുടെ മൗനം കാണെക്കാണെ അദ്ദേഹത്തിന് കൂടുതൽ കൂടുതൽ ഗരിമ കൊടുത്തുകൊണ്ടിരുന്നു. എഴുതാതെയും പ്രസംഗിക്കാതെയും അഭിമുഖസംഭാഷണങ്ങൾ കൊടുക്കാതെയും വാചകമേളകൾക്ക് വേണ്ടി സ്ഖലിക്കാതെയുമിരുന്ന ഉൾക്കാട്ടിലെ ഒറ്റയാൻനാളുകൾ എംടിയുടെ വാഗ്മൂല്യം അസാധാരണമാംവിധം ഉയർത്തി.
അല്ലെങ്കിൽ തന്റേതുമാത്രമായ എഴുത്തിന്റെ അതിസർഗ്ഗകാലം തന്നിൽ അസ്തമിച്ചുവെന്ന് മനസ്സിലാക്കിയ നിമിഷം മുതൽ അതുവരെയുള്ള തന്റെ മഹാനേട്ടങ്ങളുടെ കൊടുമുടികളുടെ ഉയരം അപ്രസക്തവും അനുചിതവുമായ ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ കൊച്ചുവർത്തമാനം കൊണ്ടോ ഇല്ലാതായിപ്പോകരുതെന്ന് അദ്ദേഹം ഉറച്ചു.
എത്ര തീവ്രമാണ് പടുത്തുയർത്തപ്പെട്ട ആ മൗനഘനകാലം എഴുത്തുകാരന് ഉണ്ടാക്കിക്കൊടുത്ത ആഘാതശേഷി എന്ന് നാം മനസ്സിലാക്കിയത്, മുഖ്യമന്ത്രികൂടി സാക്ഷിയായ പൊതുവേദിയിൽ, ‘അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരു അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി’ എന്ന് കർക്കശമായി പറഞ്ഞപ്പോളായിരുന്നു.
നവതിയും കടന്ന സ്വന്തം ചുണ്ടുകളിൽ നിന്ന് സ്വനിയന്ത്രിതമായല്ലാതെ ശരീരവൃദ്ധതയുടെ ഉമിനീരൊഴുകിയത് തുടച്ചുകൊണ്ട് എംടി മുഖ്യമന്ത്രിയെ സാക്ഷിയാക്കി പറഞ്ഞതിന് എന്തെങ്കിലും ഗുണമുണ്ടായോ എന്ന് ചോദിച്ചാൽ, പ്രതികരിക്കേണ്ടിടത്ത് സമർത്ഥമായ മൗനപ്പരിചയണിഞ്ഞ് കുലീനപ്പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്ന കേരളത്തിലെ ‘മാസ്റ്റേഴ്സ് ഓഫ് കൾച്ചറി’നെ (On Whose Side Are You, Masters of Culture?) അത് ഇളിഭ്യരാക്കി എന്നതാണ്. ഇനിയും കണ്ടില്ലെന്ന് നടിച്ചിരുന്നാൽ ‘കുതിരകളായി നടിച്ച കഴുതകൾ’ തന്നെയാണ് തങ്ങളെന്ന പച്ചപ്പരമാർത്ഥപ്പൂച്ച് വെളിപ്പെടുമെന്ന് അവർക്ക് തെളിഞ്ഞുകിട്ടി. എംടിയുടെ അപ്രത്യക്ഷമാവൽ വീണ്ടും അവർക്ക് കുതിരകൾ തന്നെയായി തുടരാൻ അവസരം നല്‍കുമെന്നത് ഇനിയുള്ള കാര്യം.

അതേസമയം ആ പ്രസംഗത്തിലെ കാവ്യക്കണിശത നോക്കൂ. അത് ഇന്ദ്രപ്രസ്ഥപ്രജാപതിയിലേക്ക് കൂടി അതിന്റെ കൊളുത്തിടുന്നു. ഇരുതലമൂർച്ചയുള്ള എല്ലാത്തരം ഒറ്റാധിപത്യങ്ങളിലേക്കും അതിന്റെ മൂർച്ച കൂർപ്പിക്കുന്നു. ഇത് എന്നെത്തന്നെയാണോ ഉദ്ദേശിച്ചതെന്ന് അസ്വസ്ഥരാക്കുന്നു.
എംടി എപ്പോഴും കഴുത്തിലണിഞ്ഞിരുന്നതായി കാണപ്പെട്ടിരുന്ന രുദ്രാക്ഷമാലകളിൽ ചിലരാലെങ്കിലും ആരോപിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്ന പ്രതിലോമപരത, രുദ്രാക്ഷമൊന്നും ധരിച്ചില്ലെങ്കിലും നമ്മുടെ കഴുത്തിൽ തന്നെയല്ലേ ചുറ്റിക്കിടക്കുന്നതെന്ന് വിചാരപ്പെടാൻ പാകത്തിന് നമ്മെ കണ്ണാടി നോക്കിപ്പിക്കുന്നു, തീർച്ചയായും സൗന്ദര്യനോട്ടത്തിനല്ല, മുഖമാണോ മുഖംമൂടിയാണോ യഥാസ്ഥാനത്തുള്ളതെന്ന വർണ്യത്തിലാശങ്കാപരിശോധനയ്ക്ക്.
കണിശവും നിസ്സംഗവും പരുഷവും തെല്ലു പുച്ഛരസപ്രധാനവുമായ ഏങ്കോണിപ്പിന്റെ മുഖഭാവത്തിലേക്ക് എംടി എങ്ങനെ സ്വന്തം പ്രത്യക്ഷഛായയെ സ്ഥിരീകരിച്ചു എന്ന ചോദ്യത്തിന് കൗമാരം മുതലുള്ള അദ്ദേഹത്തിന്റെ കുടുംബവ്യവസ്ഥാ വീക്ഷണവും ഒറ്റപ്പെടലും ഏകാന്തതാഭ്രമവും നാലുകെട്ട് എട്ടുകെട്ട് ഭൂപരിഷ്കരണ രാഷ്ട്രീയകാലങ്ങളും അനീതിയോടുള്ള അടക്കാനാകാത്ത എതിർപ്പും സ്നേഹാർദ്രതകളിലുള്ള വിശ്വാസങ്ങൾക്ക് ഏൽക്കുന്ന ഭംഗങ്ങളും വിശപ്പ്, പ്രണയം, രതി, വൃദ്ധത, സ്ത്രീമനോഘടനകൾ, അവസാനമില്ലാത്ത മനോപര്യവേഷണങ്ങളുമെല്ലാം കാരണമായിട്ടുണ്ടാവാം.
സിനിമ, ആൾക്കൂട്ടം, അതിപ്രശസ്തി എന്നിവയെല്ലാം, തന്നെ സദാ സമൂഹജീവിയാക്കി ഉള്ളമെല്ലാം വെളിക്ക് കാണിച്ച് പൊള്ളയാക്കാൻ പാകത്തിന് നിത്യവികാരവിരേചനം സംഭവിക്കാൻ സാധ്യതയുള്ള ഒരു സമൂഹമാധ്യമസംപ്രേഷകനാക്കി തകർത്തുകളയും എന്ന തിരിച്ചറിവുകൂടി സാമൂഹ്യമാധ്യമങ്ങൾക്കും മുമ്പേ, എംടിയുടെ അന്തർമുഖപരമെന്ന് തോന്നുന്ന ഉൾവാങ്ങലിന് കാരണമായിട്ടുണ്ടാകും.
സൈലൻറ് വാലി പ്രക്ഷോഭകാലത്ത് തെരുവിലൂടെ പ്രകടനം നടത്താൻ പല തവണ നിർബന്ധിച്ചിട്ട് അവസാനം ‘ഈ സുഗതയുടെ ഒരു കാര്യം’ എന്ന തരത്തിലുള്ള വൈമുഖ്യ ആത്മഗതത്തോടെയാണ് എംടി വന്നതെന്ന് സുഗതകുമാരി ഓർക്കുന്നുണ്ട് കവി അനിത തമ്പി സംവിധാനം ചെയ്ത ഡോക്യുമെൻററിയിൽ. ആ വിഷയത്തോടും അതിന്റെ നീതിപരതയോടും താല്പര്യമില്ലാഞ്ഞിട്ടല്ല, മറിച്ച് പേനയിൽ നിന്ന്, എഴുത്തുമുറിയിൽ നിന്നുള്ള ഗഹനചിന്തയിൽ നിന്നല്ലാതെ ഒതു തത്സമയ ആക്ടിവിസ്റ്റ് എന്ന നിലയിൽ തന്നിൽ നിന്ന് അപ്പോൾ പൊഴിയുന്ന വിയർപ്പിനോടും വാക്കിനോടും എംടിക്ക് അസ്വാരസ്യം ഉണ്ടായിരുന്നു എന്നതാവണം അതിനർത്ഥം. കൂടുതൽ സംസാരിക്കുന്ന ഒരു വാക്കും അനാവശ്യമായി പൊഴിക്കുന്ന ഒരു പൊട്ടിച്ചിരി പോലും ഭാവിയിൽ എഴുത്താകേണ്ട ഒരു പിറവിയെ അബോർട് ചെയ്യുമെന്ന് എംടി വിചാരപ്പെട്ടിരുന്നുവോ?

ഈ അതിമൗനം ഒവി വിജയനിലും ആനന്ദിലും സാർവദേശീയ എഴുത്തുകാരുടെ സ്വരഗംഭീരതയോടെ നാം കണ്ടു. എംടിയേക്കാൾ ആഴത്തിൽ. അതിവൈകാരികമായിട്ടല്ലാതെ, വിമതധ്യാനഘടനയിൽ. എംടിയിൽ അത് കേരളീയതയുടെ ഒരു മുണ്ടിൻകോന്തലയുടെ കര പോലെ ഇവിടം വിട്ട് മറ്റെങ്ങുമില്ല എന്ന മട്ടിൽ നിലയുറപ്പിച്ചു. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ, താരതമ്യങ്ങൾക്ക് സാധ്യതയില്ലാത്ത തരം കേവലമർത്ത്യരെയും ബൃഹദ്ഭീമാകൃതിയാണ്ട മനസ്സുകളെയും ജനപ്രിയമായിരിക്കെത്തന്നെ സാഹിത്യമൂല്യം പ്രസരിപ്പിക്കുന്ന സംഭാഷണങ്ങളോടെ പകർന്നു. അപ്പോൾപോലും എംടിയുടെ എത്ര വാചാലമായ കഥാപാത്രവും ഇടയ്ക്കിടെ എഴുത്തുകാരനിൽ തന്നെയുള്ള മൗനത്തിലേക്ക് പിൻവാങ്ങുന്നതും നമുക്ക് കാണാം.
ഒരു പക്ഷേ, സുഗതകുമാരി സാരിത്തലപ്പ് എളിയിൽ കുത്തി തെരുവിൽ നടത്തിയ സാമൂഹ്യഇടപെടലിനോളം തീവ്രമായി എഴുപതുകളിലും എൺപതുകളിലും എംടി എഴുതിയ പാരിസ്ഥിതിക ലേഖനങ്ങളും കാച്ചിക്കുറുക്കി നടത്തിയ പ്രസംഗങ്ങളും നമ്മുടെ മുന്നിലുണ്ട്. എല്ലാ ആൾക്കൂട്ടങ്ങളിൽ നിന്നും അകന്നുമാറിയിരിക്കുമ്പോഴും ഏകാന്തതയേക്കാൾ വലിയ അനേകാന്തതകളിൽ മണ്ണ്, ഭൂമി, ഇടം, ജലം തുടങ്ങിയവയോട് എംടി സംവദിച്ചിട്ടുണ്ടാവണം.
ഓരോ വാക്കിനും വിലമതിക്കുന്ന എഴുത്തുകാർ എങ്ങനെയാണ് ഉണ്ടാകുന്നത്? അവർ രാഷ്ട്രീയ നേതാക്കളെപ്പോലെ നിത്യപ്രാസംഗികർ ആകണമോ? സാംസ്കാരിക നായകരെപ്പോലെ നിത്യാഭിമുഖസംഭാഷകർ ആകേണമോ? സാമൂഹ്യമാധ്യമങ്ങളുടെ അരമതിലിൽ കയറിയിരുന്ന് വഴിയേ പോകുന്ന എല്ലാവരോടും അഭിപ്രായം വിളിച്ചുചൊല്ലിക്കൊണ്ടിരിക്കേണ്ടതുണ്ടോ?
എംടിക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വന്തം മുഖമായിരുന്നു. ഏങ്കോണിപ്പിന്റെ ആ നോട്ടം. അതിലെല്ലാം ഉണ്ട്. പേനയും കടലാസുമായിരുന്നു ഉത്തരത്തിനുള്ള ശ്രമങ്ങൾ. ഒന്നും പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ദശകങ്ങളിലുടനീളം നിത്യവും കൂടല്ലൂരിലെ വീട്ടിൽ അദ്ദേഹം ഒരു ഖണ്ഡികയെങ്കിലും എഴുതാതിരുന്നില്ല. ഓരോന്നും ചുരുട്ടിക്കൂട്ടി കളഞ്ഞുകൊണ്ടേയിരുന്നു. എഴുത്തിനോടുള്ള അഗാധമായ വിശ്വാസത്തിനൊപ്പം അതിന്റെ മാന്ത്രിക വരവിന്റെ അപ്രതീക്ഷിതത്വത്തിലും അദ്ദേഹം ഉന്മാദിയെപ്പോലെ കാത്തിരുന്നു.
എം. മുകുന്ദനും കാക്കനാടനും ആനന്ദും ഒവി വിജയനും ഡൽഹി അടക്കമുള്ള പൊരിമഞ്ഞുവെയിൽക്കാലങ്ങളിൽ ആധുനികതയുടെയും സ്വത്വാസ്തിത്വപ്രശ്നങ്ങളുടെയും ദേശീയവഴികളിൽ മുഴുവിന്ത്യൻ വിമതാക്ഷരപ്പതാകകൾ നാട്ടിക്കൊണ്ടിരുന്നപ്പോഴും എംടി ഒരു ചെറുബീഡിപ്പുകയുടെ ചുരുളുകൾക്കിടയിലൂടെ പാൻ ഇന്ത്യൻ പ്രതീകമല്ലാതിരുന്ന തനിക്കേരളീയതയുടെ പച്ചയും കത്തിയും കരിയും വേഷങ്ങളാടുന്ന മനോഘടനകളിലേക്കാണ് യാത്ര പോകാൻ ശ്രമിച്ചതിനെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചുവല്ലോ.

അപ്പോഴും മേല്പറഞ്ഞ എഴുത്തുകാരെയും തന്റെ ഭാവുകത്വത്തിന്റെ പരിസരങ്ങളിലൊന്നും ഇല്ലാതിരുന്ന വിമതസ്വരഘോഷകരെയും എഡിറ്റർ എന്ന നിലയിൽ താളുകളിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ച എംടി, വ്യക്തി എന്ന നിലയിൽ തന്നെത്തന്നെയും സ്വയം എഡിറ്റ് ചെയ്തിരുന്നുവോ.
നാം പുറമേയ്ക്ക് കണ്ടുകൊണ്ടിരുന്നത് അകത്തുള്ള എംടി എഡിറ്റ് ചെയ്ത് വിട്ട പരുക്കനെന്നും ചിരിപ്പിശുക്കനെന്നും തോന്നിപ്പിച്ച എംടിയെ ആണോ.
ആത്മാനുരാഗിയും സത്യസന്ധനും കാല്പനികനും അലിവുള്ളവനും വൈകാരികനുമായൊരു മലയാളി യുവാവിന്റെ 1960കൾ മുതൽ 2000 വരെയുള്ള കേരളീയ ജീവിതത്തിന്റെ കനപ്പച്ചയുള്ള എഴുത്താണി, ഭാഷയുടെ മുകളിൽ അനുപമമാം വിധം എംടി പ്രതിഷ്ഠിച്ചുവോ? ഉത്തരങ്ങൾ ഇക്കാലവും ഇനിയുള്ള കാലവും തരേണ്ടതുണ്ട്. ചിത കത്തിത്തീരുംമുമ്പേ എഴുതുകയാണോ എന്ന് എംടി പരിഹാസച്ചോദ്യം ചോദിക്കില്ലെന്ന് അറിയാം. ജീവിച്ചിരിക്കെത്തന്നെ തന്റെ മരണാനന്തരജീവചരിത്രം തയ്യാറാക്കപ്പെട്ടത് വായിക്കേണ്ടിവന്ന എഴുത്തുകാരന്റെ സുകൃതത്തെക്കുറിച്ചുകൂടി എഴുതിയിട്ടാണല്ലോ എംടി പിന്നെയും ജീവിച്ചുകൊണ്ടിരുന്നത്, ഇനി ജീവിക്കാൻ പോകുന്നതും.