എം.ടി എഴുതി,
കഥകളേക്കാൾ പ്രിയം കഥകളുടെ കഥകൾ

തന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് തന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും എന്നും അത് മറ്റൊരു നിലയ്ക്കു പറഞ്ഞാൽ തന്റെ തന്നെ കഥകളാണ് എന്നും എം.ടി. വാസുദേവൻ നായർ എഴുതിയിട്ടുണ്ട്. തന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുള്ളതിലുമധികം താൻ കട പ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ് എന്നും എം.ടി എഴുതുന്നു. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച എം.ടി. വാസുദേവൻ നായരുടെ കഥാസമാഹാരത്തിന്റെ ആദ്യ പതിപ്പിന് എഴുതിയ ആമുഖക്കുറിപ്പ്.

കുറെ വർഷങ്ങളായി ഞാൻ കഥയെഴുതിവരുന്നു. ഒട്ടാകെ എത്ര കഥ എഴുതിക്കാണുമെന്ന് തിട്ടമായി എനിക്കറിഞ്ഞുകൂടാ കാരണം, പല കാലത്തായി പല കഥകളും നഷ്‌ടപ്പെട്ടിട്ടുണ്ട്. ആദ്യത്തിൽ പതിവുപോലെ പത്രമാസികകളുടെ ചവറുകൊട്ടകളിൽത്തന്നെ അച്ചടിച്ചുവന്നവയിലും പലതും നഷ്‌ടപ്പെട്ടു. പ്രസിദ്ധങ്ങളല്ലാത്ത പല മാസികകളിലുമായിരുന്നതുകൊണ്ട് അവ പിന്നീടു തേടിപ്പിടിക്കാൻ പറ്റിയില്ല. അവശേഷിച്ച കഥകളിൽനിന്നു തെരഞ്ഞെടുത്ത് ഈ സമാഹാരം തയ്യാറാക്കാൻ സഹായിച്ചത് ശ്രീ പി. കെ. ജയപാലനാണ്.

ഈ സമാഹാരത്തിന്നു ഞാനാദ്യം പേർവിളിക്കാൻ ആഗ്രഹിച്ചത് 'അപൂർണ്ണം' എന്നാണ്. കാരണം ഇനിയും എനിക്കു കഥകളെഴുതാനുണ്ട്. ചില വർഷങ്ങൾക്കു ശേഷം ഇനിയും 'തെരഞ്ഞെടുപ്പ് നടത്തേണ്ടതായിവരും. ആ നിലയ്ക്ക് എന്റെ പ്രസാധകനും സുഹൃത്തുമായ തോമസ്സുമായാലോചിച്ചപ്പോൾ അദ്ദേഹം അഭി പ്രായപ്പെട്ടു: തെരഞ്ഞെടുത്ത കഥകളുടെ ഒരു സീരീസിൽ അദ്ദേഹം രണ്ടാമതായി പ്ലാൻ ചെയ്‌തതാണിത്, അതേ പാറോണിൽ വരട്ടെ എന്ന്.

കുറെ വർഷങ്ങളായി ഞാൻ കഥയെഴുതിവരുന്നു. ഒട്ടാകെ എത്ര കഥ എഴുതിക്കാണുമെന്ന് തിട്ടമായി എനിക്കറിഞ്ഞുകൂടാ കാരണം, പല കാലത്തായി പല കഥകളും നഷ്‌ടപ്പെട്ടിട്ടുണ്ട്.
കുറെ വർഷങ്ങളായി ഞാൻ കഥയെഴുതിവരുന്നു. ഒട്ടാകെ എത്ര കഥ എഴുതിക്കാണുമെന്ന് തിട്ടമായി എനിക്കറിഞ്ഞുകൂടാ കാരണം, പല കാലത്തായി പല കഥകളും നഷ്‌ടപ്പെട്ടിട്ടുണ്ട്.

എന്റെ സാഹിത്യജീവിതത്തിന്റെ ചരിത്രം, കഥയെഴുത്തിനെപ്പറ്റി കുറച്ചു താത്വികമായ കാര്യങ്ങൾ- ഇതെല്ലാം ഞാൻ ഈ മുഖവുരയിൽനിന്ന് ഒഴിവാക്കുന്നു. 'കാഥികന്റെ പണിപ്പുര'യിലും പിന്നീടെഴുതിയ ചില ലേഖനങ്ങളിലും ഇതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞതാണ്.

ആദ്യമായി ഞാൻ പ്രസിദ്ധീകരിച്ചത് ഒരു ലേഖനമാണ്. പ്രാചീന ഭാരതത്തിലെ രത്നവ്യവസായത്തെപ്പറ്റി. ഇത് 1947-ലാണ്. ലേഖനങ്ങളെഴുതിനോക്കി, കവിതയെഴുതിനോക്കി, കഥയെഴുതിനോക്കി, അമ്പതുകളുടെ ആരംഭത്തിലാണ് എനിക്കു പ്രിയപ്പെട്ട, അഥവാ പ്രവർത്തിക്കാൻ രസം തോന്നുന്ന, സാഹിത്യരൂപം ചെറുകഥയാണെന്നു തീരുമാനിച്ചത്.

ഉവ്വ്, ചെറുകഥയോട് എനിക്ക് പ്രത്യേകമായ ഒരു പക്ഷപാതമുണ്ട്. കവിത പോലെത്തന്നെ പൂർണ്ണതയിലേക്കെത്തിക്കാവുന്ന, അല്ലെങ്കിൽ പൂർണ്ണത ലക്ഷ്യമാക്കി പ്രവർത്തിക്കാവുന്ന ഒരു സാഹിത്യരൂപമാണിത്. നോവലിൽ പലപ്പോഴും കാവ്യഭംഗിയില്ലാത്ത കുറെ ഭാഗങ്ങൾ ഡോക്യുമെൻറഷനുവേണ്ടി എഴുതേണ്ടിവരും. നോവലിന്റെ വിസ്‌തൃതമായ ക്യാൻവാസിനകത്തു പലതും ഉൾക്കൊള്ളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകഥയ്ക്ക് ഒരു വാസ്‌തുശില്പസൃഷ്ടിപോലെ ത്രിമാനങ്ങളിലുള്ള ഒരു സുന്ദരരൂപം നല്‌കാൻ സാധിക്കുന്നു. ചെറുകഥയിൽ ഒരു വാചകം, ചിലപ്പോൾ ഒരു വാക്കുതന്നെ അധികപ്പറ്റാവുന്നു. നോവലിൽ പേജുകൾ, ചിലപ്പോൾ അദ്ധ്യായങ്ങൾ തന്നെ അധികപ്പറ്റായാലും സമഗ്ര വീക്ഷണത്തിൽ അത് രൂപഭംഗിയെ അത്രയേറെ ബാധിച്ചുവെന്നുവരില്ല.

താളക്കേടുകളുടെ തിരകളും ചൂഴികളും കൊണ്ട് അസ്വസ്‌ഥമാണ് ജീവിതം. താളക്കേടുകളിലൂടെ താളാത്മകതയിലെത്തിച്ചേരാനുള്ള ഒരു സാഹസികയാത്രയാണ് സാഹിത്യകാരൻ നടത്തുന്നത്; പൂർണ്ണതയാണ് ലക്ഷ്യം. പക്ഷേ, ലക്ഷ്യത്തിലെത്തിച്ചേരുക എന്ന ഒരവസ്‌ഥയില്ല. ചക്രവാളമെന്നു കരുതിയ അകലത്തിലെ ത്തുമ്പോൾ അത് പിന്നെയും അകലെയാണ്. പിന്നിടതിലുമധികം ദൂരത്തിൽ അകലെ. പക്ഷേ യാത്ര, അതിലെ എല്ലാ സങ്കീർണ്ണതകളും പ്രശ്‌നങ്ങളും വിജയങ്ങളും പരാജയങ്ങളും വെച്ചുകൊണ്ടുതന്നെ സംതൃപ്‌തി നല്‌കുന്ന ഒരനുഭൂതിയാണ്. അതാണെഴുത്തുകാരനെ തളർത്താതെ നയിക്കുന്ന ശക്തി.

എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുള്ളതിലുമധികം ഞാൻ കട പ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്.
എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുള്ളതിലുമധികം ഞാൻ കട പ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്.

എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുള്ളതിലുമധികം ഞാൻ കട പ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദൻകുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, അമ്മ, ജ്യേഷ്ഠന്മാർ, ബന്ധു ക്കൾ, പരിചയക്കാർ, അയൽക്കാർ- ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ ചെറിയ അനുഭവമണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തിൽ ഭൂരിഭാഗവും. മറ്റൊരു നിലയ്ക്കു പറഞ്ഞാൽ എന്റെ തന്നെ കഥകൾ. ഒരു തമാശയെന്നനിലയ്ക്ക് ഞാനിടയ്ക്ക് ഓർത്തുപോകാറുണ്ട്, അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, അച്‌ഛൻവീട്ടിൽ നിന്നു വന്ന ശങ്കുണ്ണിയേട്ടനെ സല്ക്കരിക്കാൻ എന്നെ പട്ടിണികിടത്തിയ കഥ വായിച്ചാൽ എന്തു തോന്നുമായിരുന്നു?

വർഷങ്ങൾക്കുശേഷം ഒരു കഥാപാത്രം, ഒരു സംഭവം, ഒരന്തരീക്ഷം പൊടുന്നനെ മനസ്സിലേക്കു കയറിവരുമ്പോൾ, മറ്റൊരീറ്റുനോവിന്റെ ആരംഭമാണീ നിമിഷമെന്നു കണ്ടെത്തുമ്പോൾ- ആ വേളയിൽ വിവരിക്കാനാവാത്ത ഒരു നിർവൃതിയുണ്ട്. ആ നിർവൃതിക്കുവേണ്ടി നിതാന്തമായ അസ്വാസ്‌ഥ്യം പേറിനടക്കുമ്പോഴും എഴുത്തുകാരൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

തീവണ്ടിയെഞ്ചിനുകളുടെ കോലാഹലത്തിൽ കിടിലം കൊള്ളുന്ന ഒരു പഴയ മാളികവരാന്തയിൽ ഇരിക്കേ, ഭ്രാന്തൻ വേലായുധേട്ടൻ ചെറുപ്പത്തിൽ വീട്ടിൽ കയറിവന്ന രംഗം പൊടുന്നനെ ഓർമ്മിച്ചപ്പോൾ തോന്നിയ ആഹ്ലാദം ഞാനിപ്പോഴും അയവിറക്കുന്നു. വടക്കെ വീട്ടിൽ നിന്നു രക്ഷപ്പെട്ടുവന്ന് ‘മാളേടത്തീ എനിക്കിത്തിരി ചോറു തരൂ' എന്ന് അമ്മയോടു പറഞ്ഞ് നിലവിളക്കിന്റെ വെളിച്ചത്തിലേയ്ക്കു കോലായിലേക്കു കയറിവന്ന രംഗം.

എന്റെ കഥകളെക്കാൾ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകൾ. അതു മുഴുവൻ എഴുതാൻ തുടങ്ങുന്നില്ല.
എന്റെ കഥകളെക്കാൾ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകൾ. അതു മുഴുവൻ എഴുതാൻ തുടങ്ങുന്നില്ല.

എന്റെ കഥകളെക്കാൾ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകൾ. അതു മുഴുവൻ എഴുതാൻ തുടങ്ങുന്നില്ല.

ഞാൻ പറഞ്ഞുവന്നതിതാണ്: കൂടല്ലൂർ എന്ന എന്റെ ചെറിയ ലോകത്തിനോടു ഞാൻ മാറിനില്ക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകൾക്കപ്പുറത്തു കടക്കില്ലെന്ന നിർബന്ധമുണ്ടോ എന്നു ചോദിക്കാം. ഇല്ല. വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്, പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേയ്ക്കു തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. പക്ഷേ അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം.

നന്ദി. എന്റെ വായനക്കാർക്കും എന്റെ ഗ്രാമത്തിന്നും.

(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച എം.ടി. വാസുദേവൻ നായരുടെ കഥാസമാഹാരത്തിന്റെ ആദ്യ പതിപ്പിന് എഴുതിയ ആമുഖക്കുറിപ്പ്).


Summary: M.T. Vasudevan Nair on writing short stories. He explain why he likes short stories over novel and other formats.


എം.ടി. വാസുദേവൻ നായർ

ഇന്ത്യയിലെ മുതിർന്ന എഴുത്തുകാരിൽ ഒരാൾ. കഥ, നോവൽ, തിരക്കഥ, സിനിമ സംവിധാനം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയൻ. നാലുകെട്ട്​, കാലം, മഞ്ഞ്​, അസുരവിത്ത്​, രണ്ടാമൂഴം എന്നിവ പ്രധാന നോവലുകൾ. ഇരുട്ടിന്റെ ആത്​മാവ്​, ​​​​​​​കുട്ട്യേടത്തി, വാരിക്കുഴി, ബന്ധനം, നിന്റെ ഓർമക്ക്​, വാനപ്രസ്ഥം, ദാർ-എസ്‌-സലാം,ഷെർലക്ക്‌ തുടങ്ങിയവ പ്രധാന കഥാ സമാഹാരങ്ങൾ. നി​ർമാല്യം, കടവ്​, ഒരു ചെറുപുഞ്ചിരി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്​തു. 1995ൽ ജ്ഞാനപീഠ പുരസ്കാരം നേടി. 2024 ഡിസംബർ 25ന് മരിച്ചു.

Comments