ഗുൽസാർ എന്നാൽ മലർവാടി. ഈ വാക്ക് ആദ്യം കേൾക്കുന്നത് മലപ്പുറത്ത് ജീവിച്ചിരുന്ന ഉർദു കവി എസ്.എം. സർവർ സാഹിബിൽ നിന്നാണ്. അദ്ദേഹത്തിന്റെ മുണ്ടുപറമ്പ് ഗ്രാമത്തിലെ വീട്ടുമുറ്റത്തെ മനോഹരമായ പൂന്തോപ്പിനിട്ട പേരായിരുന്നു ഗുൽസാർ. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കവിയും ഗാനരചയിതാവും സിനിമാസംവിധായകനുമായ ഗുൽസാർ, സർവർ സാഹിബിന്റെ സുഹൃത്തുമായിരുന്നു. കഴിഞ്ഞ ദിവസം ജ്ഞാനപീഠജേതാവായ ഗുൽസാർ അവിഭക്ത ഇന്ത്യയിലെ ഝലം ജില്ലയിലെ ദീനാ ഗ്രാമത്തിലെ സിഖ് കുടുംബത്തിലാണ് ജനിച്ചത്. സംപൂരാൻ സിംഗ് കർല എന്ന പേര് മാറ്റി പൂന്തോട്ടം എന്ന് ഉർദുഭാഷയിൽ അർഥം വരുന്ന ഗുൽസാർ എന്ന തൂലികാനാമത്തിലാണ് ചെറുപ്പം തൊട്ടേ എഴുതിത്തുടങ്ങിയത്.
ജ്ഞാനപീഠജേതാവായിരുന്ന മറ്റൊരു പ്രസിദ്ധ ഉർദുകവിയും ഗാനരചയിതാവുമായ ഷെഹ്‌രിയാറുമായി (മുഹമ്മദ് അഖ്‌ലാഖ് ഖാൻ) 2008 ലെ ഒരു ഹജ്ജ് തീർഥാടനകാലത്ത് മക്കയിലെ ഇന്ത്യൻ ഹജ് മിഷൻ കേന്ദ്രത്തിൽ വെച്ച് പരിചയപ്പെട്ട് ഏറെ നേരം സംസാരിക്കുന്നതിനിടെ താങ്കൾ കേരളത്തിലെവിടെയെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മലപ്പുറം എന്ന മറുപടി കേട്ടപ്പോൾ ആ കണ്ണുകൾ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. മലപ്പുറത്തുകാരനായ സർവർ സാഹിബിനെ അറിയുമോ എന്നായിരുന്നു അടുത്ത ചോദ്യം. ഗുൽസാറിന്റെ മുംബൈയിലെ വീട്ടിൽ നിന്ന് സർവറുടെ ഉർദുവിലുള്ള കവിതാസമാഹാരം കണ്ടെത്തിയ കാര്യം അന്ന് ഷെഹ്‌രിയാർ പറഞ്ഞതോർക്കുന്നു.
അമീർ ഖുസ്രോ, മിർസാ ഗാലിബ്, പ്രേംചന്ദ്, ഇസ്മത്ത് ചുഗ്ത്തായി, ഖുർറത്തുലൈൻ ഹൈദർ, ഫിറാഖ് ഗോരഖ്പുരി, സാഹിർ ലുധിയാൻവി, കൈഫി ആസ്മി, അലി സർദാർ ജാഫ്രി, ഗുൽസാർ.. ഉർദുകവിതയുടെ ആകാശത്ത് നക്ഷത്രങ്ങളായി തിളങ്ങി നിന്ന മഹാപ്രതിഭകൾ. അധികപേരും കടന്നുപോയി. എഴുത്തും വായനയും തുടരുന്ന ഗുൽസാർ അടുത്ത ഓഗസ്റ്റ് 18 ന് നവതിയുടെ പടവ് കയറും.
ഗുൽസാർ എന്ന് തന്റെ മലപ്പുറത്തെ വീട്ടുമുറ്റത്തെ പൂന്തോപ്പിനു പേരിടുകയും തോട്ടത്തിന്റെ അതിരിൽ വളർത്തിയ മാതളമരത്തിൽ ഉർദുവിൽ 'അനാർ' എന്നെഴുതി വയ്ക്കുകയും ചെയ്ത മലയാളത്തിന്റെ ഉർദുകവിയിൽ നിന്ന് കേട്ട ഗുൽസാർ പിന്നീട് തിയേറ്ററുകളിലെ ഹിന്ദിസിനിമ ടൈറ്റിലുകളിൽ മിന്നിപ്പൊലിഞ്ഞതും നിറമുള്ള ഓർമ.
പ്രമുഖ നടി രാഖിയുമായുള്ള ഗുൽസാറിന്റെ പ്രണയവിവാഹത്തെക്കുറിച്ച് അക്കാലത്ത് ഇല്ലസ്‌ട്രേറ്റഡ് വീക്‌ലി ഓഫ് ഇന്ത്യയിൽ അച്ചടിച്ച സ്റ്റോറിയും പിൽക്കാലത്ത് വീക്‌ലിയുടെ പത്രാധിപരും പ്രമുഖ കവിയുമായ പ്രിതീഷ് നന്ദിയുമായി ബന്ധപ്പെട്ട് വന്ന ചില വിവാദങ്ങളുമൊക്കെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. രാഖിയുടെ രണ്ടാം വിവാഹമായിരുന്നു അത്. ഗുൽസാർ- രാഖി ദമ്പതികളുടെ മകൾ മേഘ്‌നാ ഗുൽസാർ അറിയപ്പെടുന്ന എഴുത്തുകാരിയും സിനിമാ നിർമാതാവും സംവിധായികയുമാണ്. അച്ഛനോടൊപ്പം സിനിമാലോകത്തെത്തിയ പ്രതിഭാശാലിയായ മേഘ്‌നയാണ് തൽവാർ, റാസി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത്. ഹുതു, ഫിൽഹായ് എന്നീ ചിത്രങ്ങളിൽ പിതാവിന്റെ സഹായിയായി തുടങ്ങിയ മേഘ്‌ന, ബോസ്‌കി എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്.
ഇന്ത്യാ വിഭജനശേഷം അന്നത്തെ ബോംബെയിൽ ജീവിതം തേടിയെത്തിയ തന്റെ കുടുംബത്തിൽ ഏറ്റവും വലിയ പ്രചോദനം അച്ഛൻ തന്നെയായിരുന്നുവെന്ന് ഗുൽസാർ എഴുതിയിട്ടുണ്ട്. ഉർദുവിലെഴുതിത്തുടങ്ങിയ ഗുൽസാർ, അന്ന് വരെ ഹിന്ദി സിനിമാലോകം പിന്തുടർന്നിരുന്ന തട്ടുപൊളിപ്പൻ വഴിയിൽ നിന്ന്
മാറി സഞ്ചരിക്കുകയായിരുന്നു. കാൽപനികതയുടെ പൂമ്പൊടി വിതറിയായിരുന്നു അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും പുറത്ത് വന്നത്. 1963ൽ ബന്ദിനി എന്ന ചിത്രത്തിലായിരുന്നു പാട്ടെഴുത്തിന്റെ തുടക്കം. നിശ്ശബ്ദത ഒരു സംഗീതമാണെന്ന് പറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗുൽസാറിന്റെ രചനകളിലെ മൗനം പുരണ്ട പല രാഗങ്ങളും. ദിവ്യമായ ശബ്ദം അദ്ദേഹത്തിന്റെ പല കവിതകളിലും ഒളിഞ്ഞിരുന്നു. പക്കമേളം നൽകുന്നവർക്ക് ഈ പദസഞ്ചലനം, പരിമൃദുപവനന്റെ തലോടൽ പോലെയുമായി. കേൾവിക്കാർക്കാകട്ടെ, കാലത്തെ അതിജീവിക്കുന്ന ഗാനതല്ലജങ്ങളുമായി അവ. അതാണ് ഹിന്ദിസിനിമയിലെ ഗുൽസാർഗാനങ്ങൾക്കിപ്പോഴും പ്രസക്തി നഷ്ടപ്പെടാത്തത്.
തലമുറഭേദമില്ലാതെ, സഹൃദയമാനസങ്ങളിൽ നിന്ന് മായാത്ത നിരവധി പാട്ടുകളെഴുതിയ ഗുൽസാറിനെ, ഈണങ്ങളുടെ സുൽത്താൻ എസ്.ഡി ബർമൻ എല്ലാ അർഥത്തിലും സഹായിച്ചു. അന്ന് ഹിന്ദിസിനിമയുടെ തിരക്കഥകളും ഗാനങ്ങളുമെല്ലാം ഉർദുവിലാണെഴുതിയിരുന്നത്. പാട്ടെഴുത്തിൽ തുടങ്ങി തിരക്കഥയെഴുത്തിലേക്കും സംവിധാനത്തിലേക്കും ഗുൽസാർ വളരുകയായിരുന്നു. സാമ്പ്രദായികമായ ബോളിവുഡ് കഥകളുടെ അലകും പിടിയും കാലോചിതമായി അദ്ദേഹം പുതുക്കിപ്പണിതു. ഉർദുവും പഞ്ചാബിയും നന്നായി കൈകാര്യം ചെയ്തിരുന്ന ഗുൽസാറിന്റെ കഥകളിലത്രയും, കതിരിട്ട ഗോതമ്പ്പാടങ്ങളുടെ തുറസ്സിലേയ്ക്ക് കാറ്റും വെളിച്ചവും വീശി. തിയേറ്ററുകളിൽ നിറയുന്ന പെൺകൊടിമാരുടെ കാജൽമിഴികളിൽ കാതരസ്വപ്‌നങ്ങൾ നിറഞ്ഞു. ഫ്‌ളാഷ് ബാക്കുകളിലൂടെ പ്രശസ്തമായ പ്രേമകഥകൾ ചുരുൾ നിവർന്നു. ആന്ധി, മൗസം, ഇജാസാത്ത്, ഗുരു തുടങ്ങിയ ഹിറ്റ് സിനിമകൾ കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ജനങ്ങൾ തിയേറ്ററുകളിലേക്കോടിയെത്തി. സംഘട്ടനങ്ങൾക്ക് പകരം സ്‌നേഹവും പ്രണയവും മൗനഗീതങ്ങളും ഗുൽസാർസിനിമകളെ വിഭിന്നമാക്കി.
എ.ആർ. റഹ്മാനോടൊപ്പം 'ദിൽസേ'യിൽ ചെയ്ത ഛയ്യ ഛയ്യ... ഗുൽസാറിന്റെ യശസ്സ് വീണ്ടുമുയർത്തി. ലോകവേദികൾ കൈയടക്കിയ സ്ലംഡോഗ് മില്യണറിൽ ഗുൽസാറിന്റെ സംഭാവനയും പ്രസിദ്ധമാണ്. നിരവധി ദൂരദർശൻ പരമ്പരകളിൽ കഥകളെഴുതിയ, പരമ്പരകൾ സംവിധാനം ചെയ്ത ഗുൽസാറിന്റെ ഗാനങ്ങളും സംഭാഷണവും ലോകമെങ്ങുമുള്ള ഇന്ത്യക്കാർ ശ്രദ്ധിച്ചു. ആശീർവാദ് എന്ന സിനിമയുടെ പോപ്പുലർ സ്വഭാവം ഇന്നും സംവാദസാധ്യതകൾ തുറന്നിടുന്നു.
മികച്ച ഗാനരചയിതാവിനുള്ള രണ്ടു ദേശീയ പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും ഒരു മികച്ച സിനിമാസംവിധാനത്തിനുമുൾപ്പെടെ അഞ്ചു ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗുൽസാറിന് കേന്ദ്ര സാഹിത്യ അക്കാദമി, ഗ്രാമി, പദ്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ആസാം സർവകലാശാലാ ചാൻസലർ പദവി അലങ്കരിച്ചിട്ടുള്ള ഗുൽസാറിനെത്തേടി ഇപ്പോൾ ജ്ഞാനപീഠവും.