മൈ ഹെവൻലി ഫേവറിറ്റ്; മനുഷ്യനും നരനും തമ്മിൽ
ചില അസ്വാരസ്യങ്ങൾ

വിഷയ സ്വീകരണത്തിൽ ലോകത്തെമ്പാടും സാഹിത്യം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയെന്ന് പറയേണ്ടിവരുമോ? രാഷ്ട്രീയ ശരികളുടെ പക്ഷം മാത്രം പിടിച്ചുകൊണ്ട് ഊർന്നുവീഴുന്ന പേനത്തുമ്പിലെ മഷിക്കുപകരം മനുഷ്യവികാരങ്ങളെ പ്രതിഫലിപ്പിക്കുന്നവ കൂടിയായി സാഹിത്യം വീണ്ടും മാറുന്നണ്ടെന്ന സൂചന ഈ നോവൽ തരുന്നുണ്ടോ?- നാലു വർഷം മുമ്പ് ബുക്കർ സമ്മാനം നേടിയ ലുക്കാ റിൻവെൽഡ് എഴുതിയ മൈ ഹെവൻലി ഫേവറിറ്റ് എന്ന പുതിയ നോവലിന്റെ വായന.

നാലു വർഷം മുൻപാണ് ലുക്കാ റിൻവെൽഡ് എഴുതിയ ദി ഡിസ്‌കംഫർട്ട് ഓഫ് ഇവെനിംഗ് എന്ന നോവൽ ബുക്കർ സമ്മാനത്തിന് അർഹമാകുന്നത്. മുപ്പതു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരാൾക്ക് ഈ പുരസ്‌കാരം ലഭിച്ചത് അന്ന് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോൾ നാലുവർഷത്തിനുശേഷം അവരുടെ മറ്റൊരു നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം പുറത്തു വന്നിരിക്കുകയാണ്, മൈ ഹെവൻലി ഫേവറിറ്റ്.

14 വയസ്സുള്ള പെൺകുട്ടിക്ക് 49 കാരനായ മൃഗഡോക്ടറോടുണ്ടാകുന്ന ബന്ധമാണ് നോവലിന്റെ ഇതിവൃത്തം. ആ ബന്ധം കേവല പ്രണയമോ വ്യക്തിപരമായ ആകർഷണീയതയോ കൊണ്ടുണ്ടാകുന്നതല്ല. ഇരു ഭാഗത്തും അതിന്റെതായ കാരണങ്ങളുണ്ട്. സൂക്ഷ്മമായി അത് വായനക്കാരിലേക്ക് എത്തിക്കുക വഴി താൻ പറയാൻ പോകുന്ന കഥക്ക് ദൃഢമായ ഒരടിത്തറ കെട്ടി നൽകുന്നുണ്ട് നോവലിസ്റ്റ്.

49 കാരനായ ഈ മൃഗഡോക്ടർ കുർട്ട് എന്നാണ് പെൺകുട്ടിയാൽ വിശേഷിപ്പിക്കപ്പെടുന്നത്. അവൾക്ക് സംഗീതജ്ഞനായ കുർട്ട് കോബൈനോടുള്ള ആരാധന കാരണമാകാമിത്. പെൺകുട്ടിയെ അയാൾ ലിറ്റിൽ ബേഡ് എന്നും വിളിക്കുന്നു. നോവലിലെമ്പാടും ഇത്തരം വിശേഷണങ്ങളാനുള്ളത്. കുർട്ടിന്റെ കഥ പറച്ചിൽ ശൈലിയിലാണ് നോവൽ വികസിക്കുന്നത്.

നോവൽ വായിച്ചു തീരുമ്പോൾ അസ്വസ്ഥതകളാണ് നമ്മളെ ചൂഴ്ന്നുനിൽക്കുന്നത് എന്ന് പറയേണ്ടി വരും. ശരിക്കും അവരുടെ ബുക്കർ സമ്മാനിതമായ കൃതിയുടെ പേര് ഇതിനാവും ഏറെ ചേരുകയെന്നുപോലും തോന്നാം. അത്രയേറെ ഡിസ്‌കംഫർട്ട് പ്രധാനം ചെയ്യുന്നുണ്ട് ഈ പുസ്തകം. ഈ അസ്വസ്ഥത രണ്ടു തരത്തിലുള്ള ചിന്തകൾക്ക് വഴിമരുന്നിട്ടു. ഒന്ന്, ഈ അസ്വസ്ഥത ജനിപ്പിക്കുകയായിരുന്നുവോ നോവലിസ്റ്റിന്റെ ലക്ഷ്യം.
രണ്ട്, എന്താണ് ഇത്രയേറെ ആസ്വസ്ഥതക്ക് കാരണം.
ആദ്യത്തേത് നമുക്ക് രചയിതാവിന് തന്നെ വിടാം. രണ്ടാമത്തേത്തിലേക്ക് നമുക്ക് ശ്രദ്ധ ചെലുത്താം.

റിൻവെൽഡിന്റെ ഈ രണ്ടു പുസ്തകങ്ങളുടെയും പൊതുസവിശേഷത എന്ത് എന്ന ചോദ്യം ഉയർന്നാൽ എന്താകും മറുപടി പറയാനാവുക. പാപവും പുണ്യവും അതിന്റെ ആപേക്ഷികതയും തമ്മിലെ സംഘർഷം എന്നു പറയാമോ? അതോ നരനും മനുഷ്യനും തമ്മിലുള്ള സംഘർഷമെന്നോ. ഇവിടെ നരനെന്നു പറയുമ്പോൾ വാനരന്റെ അടുത്ത് നിൽക്കുന്ന പ്രാകൃത മനുഷ്യനെന്നു വക്കാം. മനുഷ്യൻ എന്നാൽ സംസ്കരിക്കപ്പെട്ടു മനുഷ്യത്വത്തിലേക്ക് എത്തിച്ചേർന്നതെന്നും.

പ്രാകൃത മനുഷ്യനിൽ നിന്ന് ആധുനിക മനുഷ്യനിലേക്ക് നാം സഞ്ചരിച്ചെത്തിയ ദൂരം, ആ മാറ്റങ്ങൾക്കിടയിലെ ശരിതെറ്റുകളുടെ സംഘർഷങ്ങൾ, ആധുനികതക്ക് വേണ്ടി നാം വലിച്ചെറിഞ്ഞ വികാരത്തള്ളിച്ചകൾ, സദാചാരപരത കൊണ്ട് മുറിവേറ്റ വികാരങ്ങൾ എല്ലാം ഈ സമൂഹത്തിലുണ്ട്. പ്രകടമായല്ലെങ്കിലും ഗോപ്യമായി.

നരനോ മനുഷ്യനോ എന്ന ചോദ്യമുയർന്നാൽ ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തേക്ക് നീങ്ങാതെ അവയെ വായനക്കാർക്ക് വിടുകയാണ് റിൻവെൽഡ് ചെയ്യുന്നത്. എഴുതിയ ആൾ പക്ഷം പിടിക്കുന്നില്ല എന്നത് ശരി പക്ഷെ കഥാപാത്രങ്ങളുടെ സൃഷ്ടി അങ്ങനെയായിരിക്കാനാവില്ല. അവരെ ഏതെങ്കിലും ഒരു പക്ഷത്ത് പ്രതിഷ്ഠിക്കുകയെ വഴിയുള്ളു. നരന്റെ പക്ഷത്തേക്കാണ് നിങ്ങൾ അവരെ നീക്കിനിർത്തുന്നതെങ്കിൽ നിലവിലിരിക്കുന്ന വ്യവസ്ഥകളുടെയും മനുഷ്യന്റെ പക്ഷത്തേക്കാണ് ചേർത്ത് നിൽക്കുന്നത് എങ്കിൽ നിങ്ങൾ പ്രകൃതിയുടെയും തിരിച്ചടികൾ നേരിടേണ്ടി വരും എന്നൊരു ധാരണ റിൻവെൽഡിന്റെ ഈ രണ്ടു നോവലുകളിലും കാണാം. ഡിസ്കംഫർട്ട് ഓഫ് ഈവനിംഗ് തന്നെ എടുക്കാം.

ഒരു മൃഗപരിപാലന കേന്ദ്രത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. അതിന്റെ ഉടമസ്ഥരായ കുടുംബത്തിലെ ഒരു കുട്ടി മഞ്ഞിൽ തെന്നിവീണ് മരിക്കുന്നത് അതുണ്ടാക്കുന്ന സംഘർഷങ്ങൾ എല്ലാം ഒരു വശത്ത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കൊപ്പം മൃഗശീലങ്ങൾ ഒരു കുടുംബത്തിന്റെ തന്നെ ശീലങ്ങൾ ആകുന്നത് മറ്റൊരു വശത്ത്. ഒടുവിൽ ആ കേന്ദ്രത്തിൽ മൃഗങ്ങൾക്കിടയിൽ പടർന്നുപിടിക്കുന്ന രോഗം മൃഗങ്ങളെ ക്രൂരമായി കൊന്നുതള്ളാൻ അവരെ പ്രേരിപ്പിക്കുകയാണ്.

തന്റെ ഓമനമൃഗങ്ങൾ ഭക്ഷണമായി തീന്മേശയിലെത്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്നുണ്ട് ഒരു പത്തുവയസുകാരി ആ നോവലിൽ. ബാലമരണത്തിന്റെ ദുഃഖത്തിൽ പോലും മൃഗസമാനമായ നിസ്സംഗതയാണ് കുടുംബം പുലർത്തിപ്പോരുന്നത്. ബൈബിൾ മുന്നോട്ടു വയ്ക്കുന്ന പാപവിരുദ്ധതയും അവ ബാധകമല്ലാത്ത ലോകവും തമ്മിലുള്ള ആന്തരിക സംഘർഷങ്ങൾ കൂടി നോവൽ കാട്ടിത്തരുന്നു. ഇതുപക്ഷെ റിൻവെൽഡിന്റെ മാത്രം കാഴ്ചപ്പാടായി കാണാനും വയ്യ. അക്കാലത്ത് യൂറോപ്പ് ഏറെ വായിച്ചതും, പ്രകൃതിയോട് ചെയ്യുന്നതിന് പ്രകൃതിയും പ്രതികരിക്കും എന്ന ആശയം ഉൾകൊള്ളുന്ന പുസ്തകങ്ങൾ തന്നെ. അനിമേലിയ, ഡ്രൈവ് യുവർ പ്ലോ ഓവർ ദി ബോൻസ് ഓഫ് ദി ഡെഡ് എന്നിവ തന്നെ ഉദാഹരണം.

ആദ്യ നോവലിന്റെ തുടർച്ചയായുള്ള സംഘർഷങ്ങൾ തന്നെയാണ് റിൻവെൽഡിന്റെ പുതിയ നോവലിന്റെയും അടിസ്ഥാനം. ആദ്യത്തേതിൽ പ്രകൃതിയുടെ പ്രതികാരമെങ്കിൽ ഇവിടെ വ്യവസ്ഥകളുടെ തിരിച്ചടി വിഷയമാകുന്നു എന്നു മാത്രം. കഴിഞ്ഞ നോവലിന്റെ തുടർച്ചയെന്നു തന്നെ ഈ നോവലിനെ വിശേഷിപ്പിച്ചത് വെറുതെയല്ല. അതിലേക്ക് നീണ്ടുകിടക്കുന്ന നിരവധി റഫറൻസുകളാൽ സമ്പന്നമാണ് പുതിയ നോവൽ. സഹോദരൻ നഷ്ടപ്പെട്ട ഒരു കൗമാരക്കാരി, അവളിൽ കാണാം കഴിഞ്ഞ നോവലിന്റെ ഛായ.

ഹെവൻലി ഫേവ്റിറ്റിലെ കുർട് ഒരു പീഡോഫൈൽ കൂടിയാണ്. ലിറ്റിൽ ബേഡിനോട് അയാൾക്കുണ്ടാകുന്ന അടുപ്പത്തിന്റെ അടിസ്ഥാനം തന്നെ ഈ വികാരമാണെന്ന് പറയാം. അത് നോവലിന്റെ അന്തിമഘട്ടത്തിൽ വെളിവാകുന്നുമുണ്ട്. അവൾ എന്റെ ഇര കൂടിയായിരുന്നു എന്നു പറയുന്നതിലൂടെ. ലിറ്റിൽ ബേഡ് എന്ന ആ പെൺകുട്ടിക്കാകട്ടെ അനേകം മാനസികാഘാതങ്ങളുടെ കൂമ്പാരത്തിൽ നിന്നുള്ള രക്ഷ, അതുമല്ലെങ്കിൽ തന്റെ കൗതുകങ്ങളിലേക്ക് വഴിതുറക്കാനുള്ള മാന്ത്രികനൊക്കെയാണ് കുർട്ട്. മാനസികാഘാതങ്ങളുടെ പട്ടികയിൽ സഹോദരന്റെ മരണം മുതൽ ഭീകരാക്രമണങ്ങൾ വരെയുണ്ട്. കൗതുകങ്ങളുടെ പട്ടികയിൽ ഹിറ്റ്ലറും ഫ്രോയ്ഡുമുണ്ട്. എന്നാൽ അതിലെല്ലാം വലിയ കൗതുകം അവൾക്കുണ്ടാകുന്നത് ആൺ ശരീരങ്ങളോടാണ്. ആണായി പരിണമിക്കാൻ കൊതിക്കുന്ന കുട്ടി. ആ കൗതുകത്തെ ഉപയോഗപ്പെടുത്തുകയാണ് കുർട്ട് പ്രധാനമായും ചെയ്യുന്നത്. ലിറ്റിൽ ബേർഡിന്റെ ഈ കഥാപാത്രനിർമ്മിതിയിൽ റിൻവെൽഡിന്റെ ആത്മാംശവും കലർന്നിട്ടുണ്ടാകും എന്നു കരുതേണ്ടി വരും, ആ ജീവിചരിത്രത്തിലൂടെ കണ്ണോടിച്ചിട്ടുള്ളവർക്ക്. നോവലിലേക്ക് തന്നെ മടങ്ങിവരാം.

കുട്ടിയുടെ ആൺശരീരത്തോടുള്ള കൗതുകത്തെ തന്റെ ഡിസക്ഷൻ ടേബിളിനു മുന്നിൽ വച്ച് അയാൾ പിടിച്ചെടുക്കുന്നുണ്ട്. ഒരു നീർനായയുടെ ശരീരം കീറി മുറിച്ച് അതിന്റെ ലിംഗം അവൾക്ക് സംഭാവനയായി നൽകിക്കൊണ്ട്. മയിൽപ്പീലിത്തുണ്ടിനെ സൂക്ഷിച്ചു വയ്ക്കുന്ന ബാലികയുടെ ആവേശത്തോടെ അവളതിനെ സൂക്ഷിച്ചു വക്കുന്നു. പിടിക്കപ്പെടും വരെ. ആ നീർനായയെപ്പോലെ തന്നെയും കീറിമുറിക്കാൻ അയാളോട് ആ പെൺകുട്ടി ആവശ്യപ്പെടുകയാണ്. അവൾക്ക് താല്പര്യമുള്ള മറ്റു കാര്യങ്ങളിലും അതുപോലെ അയാൾ അവളിലേക്കുള്ള വഴികൾ കാണുന്നു. ചിലപ്പോൾ വന്യമായി ചിലപ്പോൾ പതിഞ്ഞ താളത്തിൽ. അതെല്ലാം അവൾ ഇഷ്ടപ്പെടുന്നുമുണ്ട്. ഒരു ജലാശയത്തിൽ തന്നെ ശ്വാസം മുട്ടിക്കും വരെ താഴ്ത്തി പിടിക്കാൻ അവൾ ആവശ്യപ്പെടുന്ന രംഗം തന്നെ ഉദാഹരണം.

അമേരിക്കന്‍ സംഗീതജ്ഞനായ കുർട്ട് കോബൈൻ. നോവലില്‍ 49 കാരനായ മൃഗഡോക്ടർ കുർട്ട് എന്നാണ് പെൺകുട്ടിയാൽ വിശേഷിപ്പിക്കപ്പെടുന്നത്. അവൾക്ക് സംഗീതജ്ഞനായ കുർട്ട് കോബൈനോടുള്ള ആരാധന കാരണമാകാമിത്.
അമേരിക്കന്‍ സംഗീതജ്ഞനായ കുർട്ട് കോബൈൻ. നോവലില്‍ 49 കാരനായ മൃഗഡോക്ടർ കുർട്ട് എന്നാണ് പെൺകുട്ടിയാൽ വിശേഷിപ്പിക്കപ്പെടുന്നത്. അവൾക്ക് സംഗീതജ്ഞനായ കുർട്ട് കോബൈനോടുള്ള ആരാധന കാരണമാകാമിത്.

വന്യതയുടെയും ആക്രമണോത്സുകതയുടെയും മനുഷ്യവികാരങ്ങളെ ഊതിക്കത്തിച്ച എത്രയോ സാഹിത്യ സൃഷ്ടികളും സിനിമകളുമുണ്ട്. അവയിൽ ചിലത് നോവലിൽ പരാമർശിക്കപ്പെടുന്നു. എന്നാൽ അവർക്കൊന്നും അധികം കാണാത്ത സവിശേഷത ഈ നോവലിനുണ്ട്. മനോഹരമായ പ്രണയത്തിന്റെ മൂടിയിട്ടാണ് പൊതുസമൂഹം ഭയത്തോടെ നോക്കിക്കാണുന്ന വികാരങ്ങളെ ഇതിൽ ചേർത്തിരിക്കുന്നത്. ആക്രമാണോതസുകതയോ അതോ അഗാധമായ പ്രണയമോ എന്ന് വായനക്കാരെ സംശയിപ്പിക്കും വിധം.

സുന്ദരമായ പ്രണയവാക്യങ്ങളാൽ സമ്പന്നമാണ് ഈ പുസ്തകം. വന്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് ക്രൂരതയുടെ കരയിലേക്ക് നോവൽ പോകുമ്പോഴും നമ്മെ ഉലയ്ക്കാതെ നിർത്തുന്നത് ഈ പ്രണയവാക്യങ്ങളാകാം.

ഞാൻ എഴുതുന്നത് ആധുനിക സമൂഹത്തിന്റെ ചട്ടക്കൂടുകളിൽ നിന്നും ഈ നോവൽ വായിക്കപ്പെടുന്നതിനെക്കുറിച്ചു കൂടിയാണ്. എന്നാൽ അവിടെ നിന്നു മാറി വൈയക്തിക വൈകാരികതയുടെ തലത്തിൽ നിന്ന് നോക്കിയാലോ. കൗമാരം എന്നത് വളരെയേറെ കൗതുകങ്ങളുടെ ചാപല്യങ്ങളുടെ കാലമാണല്ലോ. എന്നാൽ ഉള്ളിലുള്ള പേടികൊണ്ടോ സമൂഹത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ കൊണ്ടോ അവയിൽ പലതിനെയും നിയന്ത്രിച്ചു നിർത്തുകയാണ് പല കൗമാരക്കാരും ചെയ്യുന്നത് . നിയന്ത്രിക്കുക മാത്രമല്ല പുറത്തു പറയാൻ പോലും ഭയപ്പെടുന്ന രീതിയിലാണ് പലരും വളരുന്നത്. ഈ കാഴ്ച നമുക്ക് ലിറ്റിൽ ബേർഡിലും കാണാം. വീട്ടിൽ ഒരാൾ കേൾക്കാൻ തയ്യാറെങ്കിൽ അവളിൽ നിന്നും ഇല്ലാതായിപ്പോകുമായിരിന്ന പല ആഘാതങ്ങളും അവളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് കുർട്ടിന്റെ വരവ്.

ഇതെഴുതുമ്പോൾ നോവലിന്റെ ഇതിവൃത്തത്തോട് മാത്രം തട്ടിച്ചു നോക്കണമെന്നില്ല. രതി ലിംഗവ്യത്യാസം തുടങ്ങിയ കാര്യങ്ങളിൽ കൗതുകം ഉണർന്നുവരുന്ന കാലമാണല്ലോ കൗമാരവും യൗവ്വനവും. ആ നിലക്ക് കൂടി റിൻവെൽഡിന്റെ ഈ നോവൽ വായന അർഹിക്കുന്നുണ്ട്. എന്നാൽ ആ വായന കുട്ടികളോടുള്ള ക്രൂരതക്ക് ന്യായീകരണമാകണമെന്ന് റിൻവേൽഡിന് ഇല്ല താനും. ഈ നിലയ്ക്കുള്ള ഒരു സ്വയം രക്ഷാകൃത്യം നോവലിസ്റ്റ് തന്നെ നിർവഹിക്കുന്നുണ്ട് പ്രത്യേകിച്ചും നായകനെ നിയമത്തിന്റെ കണ്ണിലൂടെയുള്ള വിചാരണക്ക് വിട്ടുകൊടുക്കുകയും അയാളുടെ അത്ര സുന്ദരമല്ലാത്ത ബാല്യത്തെയും കൗമാരത്തെയും വരച്ചുകാട്ടുകയും ചെയ്തുകൊണ്ട്.

വിഷയ സ്വീകരണത്തിൽ ലോകത്തെമ്പാടും സാഹിത്യം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയെന്ന് പറയേണ്ടിവരുമോ? രാഷ്ട്രീയ ശരികളുടെ പക്ഷം മാത്രം പിടിച്ചുകൊണ്ട് ഊർന്നുവീഴുന്ന പേനത്തുമ്പിലെ മഷിക്കുപകരം മനുഷ്യവികാരങ്ങളെ പ്രതിഫലിപ്പിക്കുന്നവ കൂടിയായി സാഹിത്യം വീണ്ടും മാറുന്നണ്ടെന്ന സൂചന ഈ നോവൽ തരുന്നുണ്ടോ? ഒരു നൂറ്റാണ്ടോളം മുൻപ് വൈലോപ്പിള്ളി എഴുതിയതുപോലെ ‘ജീവിതത്തിന്റെ കടൽ കൂടി സാഹിത്യത്തിന് മഷിപ്പാത്രം’ ആയാലേ ശ്രദ്ധേയമായ കൃതികൾ ഉണ്ടാവുകയുള്ളൂ.

Comments