എന്റെ വീട്ടിലെ പുസ്തകമുറി മുമ്പെന്നത്തേക്കാളും ഇപ്പോൾ എന്നെ അസ്വസ്ഥമാക്കാറുണ്ട്. അതിലേക്ക് കടന്നുചെന്ന് ആ പുസ്തക അലമാരകളിലേക്ക് നോക്കുമ്പോൾ പലപ്പോഴും എന്നിൽ കുറ്റബോധം നിറയുന്നു.
പറഞ്ഞറിയിക്കാനാവാത്ത ആഗ്രഹത്തോടെയും ആഹ്ലാദത്തോടെയും കരസ്ഥമാക്കിയ എത്രയെത്ര പുസ്തകങ്ങളാണതിൽ എന്റെ ശ്രദ്ധയും സമയവും കാത്തുകിടക്കുന്നത്! അവയിൽ ചിലതൊക്കെ ഇങ്ങനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ തന്നെ പലതുകഴിഞ്ഞു കാണും. ഒരുവേള ആ പുസ്തകങ്ങൾ ഇപ്പോൾ ഭയപ്പെടുന്നുണ്ടാവാം. അവയ്ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണോ? അവയെ വായിച്ചാസ്വദിച്ചറിയുവാനുള്ള സമയം ഉടമസ്ഥനായ എന്റെ ജീവിതത്തിൽ ഇല്ലാതെ വന്നാലോ? വൃദ്ധനായിക്കൊണ്ടിരിക്കുന്ന എനിക്കും അത്തരം ഭയം ഇല്ലാതില്ല. എന്റെ ഗുരുഭൂതരായ പലരുടെയും ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുള്ളതും എനിക്കറിയാം. അത് ഒട്ടുമിക്കവാറും വായനക്കാരുടെയും വിധിയാണ്. അലമാരകളിലെ പുസ്തകങ്ങളെപ്പറ്റി സാമുവൽ ബട്ലർ പറഞ്ഞ വാചകം എന്റെ മനസ്സിലുണ്ട്: ‘പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നത്.'
ചിലരോട് എനിക്ക് പ്രത്യേക ഇഷ്ടമാണ്. ഞാനവയെ പലതവണ വായിക്കാനെടുക്കുന്നു. അവയിൽ പലതിലും എന്റെ മേൽവിലാസം പതിഞ്ഞു കിടപ്പുണ്ടാവും. വായനക്കാരനെന്ന മേൽവിലാസം. അതെന്റെ ജീവിതത്തിന്റെ മേൽവിലാസം കൂടിയാണ്.
ഞാൻ നിർമ്മിച്ച ഈ ചെറിയ തടവറയിൽ നിന്ന് ആരൊക്കെ മോചനം നേടും? എല്ലാവരേയും മോചിപ്പിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അതിനായി ഞാൻ സമയം കണ്ടെത്തുന്നുമുണ്ട്. പക്ഷേ, അപ്പോഴും ഞാൻ ആ തടവറയിലേക്ക് പുതിയ ഇരകളെ കയറ്റി വിടുന്നു. എല്ലാ വായനകൾക്കു ശേഷവും എന്റെ സമയം എത്രയെന്ന ബോധം എന്നിലുണ്ടാവുന്നില്ലല്ലോ!
ഈ അനീതിക്ക് കൂട്ടുനിൽക്കുമ്പോൾ ഞാൻ സ്വയം കണ്ടെത്തുന്ന ആശ്വാസം ഇങ്ങനെയാണ്; എന്റെ കാലത്തിനു ശേഷവും എത്രയോ നല്ല പുസ്തകങ്ങൾ എഴുതപ്പെടും. അവയെപ്പറ്റി ആലോചിച്ച് ഞാൻ അസ്വസ്ഥമാവാറില്ലല്ലോ. അപ്പോൾ പിന്നെ ഞാൻ കരുതലോടെ സൂക്ഷിച്ചുവെച്ച ചിലതിനെയൊക്കെ അവഗണിക്കേണ്ടി വന്നാലും ദുഃഖിക്കേണ്ടതുണ്ടോ? ആശ്വസിക്കാനായി സ്വയം കണ്ടെത്തുന്ന ഓരോരോ സമാധാനങ്ങൾ! ഏതായാലും ഇവയിൽ പലതിനേയും വേദനിപ്പിച്ചു കൊണ്ടു തന്നെ യാത്ര പറയേണ്ടി വരും എന്നെനിക്കറിയാം.
ഞാനിപ്പോൾ അവയ്ക്കിടയിൽ കണ്ണോടിച്ച് എനിക്ക് പ്രിയപ്പെട്ടവ തേടി കണ്ടെത്തുന്നു. ഇതിനിടയിൽ നേരത്തെ എന്നോടൊപ്പമെത്തിയവർ, കൂടുതൽ ഇഷ്ടത്തോടെ ചേർത്തു നിർത്തിയർ ഒക്കെ ഇപ്പോൾ അവഗണിക്കപ്പെടുന്നുണ്ടാവാം. നീതിബോധമില്ലാത്ത എന്നിലെ വായനക്കാരൻ അക്ഷോഭ്യനായി അലമാരകളിൽ നിന്ന് അലമാരകളിലേക്ക് കണ്ണോടിച്ച് എവിടെയോ ചെന്നു നിൽക്കുന്നു. ആരുടെയോ ഭാഗ്യം അവിടെ നിശ്ചയിക്കപ്പെടുകയാണ്. ഞാൻ വായനയിലേക്ക് കടക്കുന്നു. ചിലരോട് എനിക്ക് പ്രത്യേക ഇഷ്ടമാണ്. ഞാനവയെ പലതവണ വായിക്കാനെടുക്കുന്നു. അവയിൽ പലതിലും എന്റെ മേൽവിലാസം പതിഞ്ഞു കിടപ്പുണ്ടാവും. വായനക്കാരനെന്ന മേൽവിലാസം. അതെന്റെ ജീവിതത്തിന്റെ മേൽവിലാസം കൂടിയാണ്. എന്നെ അറിയാൻ സഹായിച്ച വായനകൾ അവയിലുണ്ടായിരിക്കും. എന്നെ അറിയുക എന്നതിൽ കൂടുതലൊന്നും ഞാനിവയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. എന്നെ അറിയുക എന്നാൽ എന്റെ കാലത്തെ അറിയുക എന്നതുകൂടിയാണ്. എന്റെ ലോകത്തെ അറിയുക എന്നതുകൂടിയാണ്. അങ്ങനെ വരുമ്പോൾ അത് സങ്കീർണമായ ഒരന്വേഷണമായി മാറുന്നു.
വർഷങ്ങൾക്കുമുമ്പ് വീടിന്റെ മുകളിലെ ഒരൊഴിഞ്ഞ മുറിയിൽ ചുവരിനോട് ചേർന്നുള്ള ഒരലമാരയ്ക്ക് മുമ്പിൽ ഞാൻ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. അതിനകത്ത് കുറച്ചു പുസ്തകങ്ങളുണ്ടായിരുന്നു. ഞാൻ കണ്ണെടുക്കാതെ അവയെ തന്നെ നോക്കി നിൽക്കും.
എന്തിനാണ് ഇങ്ങനെ വായിച്ചു കൊണ്ടിരിക്കുന്നത്? ആരെല്ലാമോ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ആ ചോദ്യം എന്നിലെ വായനക്കാരൻ ഒരിക്കലും സ്വയം ചോദിച്ചിട്ടില്ല. അങ്ങനെയൊരു ചോദ്യം അവനെ അലട്ടാനായി അവനിൽ ഉത്ഭവിച്ചിട്ടില്ല എന്നതാണ് സത്യം. ഇല്ലാത്ത ചോദ്യത്തിന് ഞാനെന്തിന് ഉത്തരം തേടണം? പുസ്തകങ്ങളെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന വായനക്കാരിലൊന്നും തന്നെ ഈ ചോദ്യം ഉയർന്നുവന്നില്ല. അവരൊന്നും ആ ചോദ്യം കേട്ടതായും നടിച്ചില്ല. അതിനാൽ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതില്ല. വായന എന്റെ സ്വഭാവമാണ്. കാരണങ്ങളുടെ പിൻബലമാവശ്യമില്ലാത്തവയാണ് സ്വഭാവം. എന്റെ ജീവിതത്തെ തീവ്രമായി ഇഷ്ടപ്പെടാൻ എനിക്കു വയിച്ചു കൊണ്ടേയിരിക്കണം. എന്റെ ആന്തരിക ജീവിതത്തിന്റെ വഴി തെറ്റാതെ നിയന്ത്രിക്കുന്നത് ഈ സ്വഭാവമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കു തന്നെ നിശ്ചയമില്ലാത്ത ഒരു ദിശാബോധം അതിനുണ്ട്. അതാണ് എന്നിലെ വായനക്കാരന്റെ സ്വത്വം നിർണ്ണയിച്ചത്. അപരിചിതമായ എത്രയോ ജീവിതങ്ങളുമായാണ് ഞാനിങ്ങനെ സമ്പർക്കത്തിലായത്. വ്യക്തി എന്ന നിലയിലെ പരിമിതികളെ അതിജീവിക്കുവാൻ ആ സമ്പർക്കങ്ങളാണ് വഴിയൊരുക്കിയത്.
വർഷങ്ങൾക്കുമുമ്പ് വീടിന്റെ മുകളിലെ ഒരൊഴിഞ്ഞ മുറിയിൽ ചുവരിനോട് ചേർന്നുള്ള ഒരലമാരയ്ക്ക് മുമ്പിൽ ഞാൻ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. അതിനകത്ത് കുറച്ചു പുസ്തകങ്ങളുണ്ടായിരുന്നു. ഞാൻ കണ്ണെടുക്കാതെ അവയെ തന്നെ നോക്കി നിൽക്കും. ഞാനാദ്യമായി പുസ്തകങ്ങൾ കാണുകയാണ്. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചിരുന്നു. കഥകൾ കൊതിപ്പിച്ചു തുടങ്ങിയിരുന്നു. പ്രായം ഓർമയില്ല. വള്ളിനിക്കറിട്ട ഏതോ ഒരു കാലത്ത്. പിന്നീട് ഇടയ്‌ക്കൊക്കെ ഞാനവിടെ പോയി നിൽക്കും. ആ അലമാരയിൽ അങ്ങനെ നോക്കി നിൽക്കുന്നതിൽ എന്തോ ഒരു സുഖം ഞാൻ കണ്ടെത്തിത്തുടങ്ങി. ഒരു ദിവസം ഒച്ചയനക്കമുണ്ടാക്കാതെ ഞാനത് തുറന്നു. എന്റെ കണ്ണുകൾ ചെന്ന് പെട്ടത് വെളുത്ത് തടിച്ച ഒരു പുസ്തകത്തിലായിരുന്നു. പേരോർമ്മയുണ്ട്. ‘ഒരു സന്തുഷ്ട കുടുംബം.' ഞാനത് പുറത്തെടുത്ത് മുറിയുടെ മറ്റേ മൂലയിലെ പത്തായത്തിന്റെ മുകളിലേക്ക് ചാടിക്കേറി. അതിന്റെ പേജുകളിലൂടെ തപ്പിയും തടഞ്ഞും അക്ഷരങ്ങൾ കൂട്ടി വായിച്ചു. അങ്ങനെ ആ പത്തായത്തിന്റെ മുകളിൽ നിന്ന് മറ്റേതെല്ലാമോ ലോകത്തിലേക്ക് മെല്ലെ മെല്ലെ സഞ്ചരിച്ചു തുടങ്ങി. അതൊരു അവസാനിക്കാത്ത യാത്രയാണെന്ന് അന്ന് കരുതിയില്ല.
ഇന്നും ഞാൻ അലമാരകൾക്കു മുമ്പിൽ അതേ കൗതുകത്തോടെ നിൽക്കാറുണ്ട്. അപരിചിതമായ യാത്രകൾക്ക് തുടക്കം കുറിക്കാനായി. ഒറ്റയ്ക്കുള്ള ആ യാത്രകൾ എത്ര സുഖകരമാണെന്ന് പറഞ്ഞറിയിക്കുവാൻ എനിക്കാവില്ല. ഏതെല്ലാമോ എഴുത്തുകാർ ഏതെല്ലാമോ ലോകത്തേക്ക് എന്നെ എത്തിച്ചുകൊണ്ടിരുന്നു. അതു തരുന്ന സന്തോഷം വൈകാരികമായ എന്റെ ഊർജ്ജമാണ്. ആ യാത്രയിലാണ് ഞാനെന്റെ ബന്ധുക്കളെ കണ്ടെത്തുന്നത്. വായന തരുന്ന ആനന്ദത്തിൽ പലപ്പോഴും ഞാനെന്നെതന്നെ മറന്നു തുടങ്ങി. എന്റെ ജീവിതം എത്ര ചെറുതാണെന്നും ഞാൻ മനസ്സിലാക്കിത്തുടങ്ങി. വായനയിലൂടെ കണ്ടെത്താൻ കഴിഞ്ഞ മാസ്മരിക ലോകങ്ങളിൽ ഞാനെന്റെ ജീവിതത്തെ തളച്ചിടാൻ തുടങ്ങി. ആ ലോകമാകട്ടെ നിരന്തരം വികാസം കൊണ്ടു. പുസ്തകങ്ങൾക്കകത്തെ ഉള്ളടക്കം സൃഷ്ടിക്കുന്ന ആന്തരിക ജീവിതം എന്റെ ജീവിതവുമായി സമരസപ്പെട്ടു. അവ എന്റെ വ്യക്തി ജീവിതത്തിന്റെ തുടർച്ചയായി ഒഴുകിത്തുടങ്ങി. കേവലം ‘ഞാനി'ൽ നിന്ന് പല 'ഞാൻ' എന്നതും നിരന്തരം ഞാനനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഇഷ്ടപ്പെട്ട പുസ്തകങ്ങളെ ഞാൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനെന്നെക്കൂടി വായിക്കുകയാണ്. സ്വപ്നങ്ങളെപ്പറ്റി എനിക്കൊന്നും അറിയില്ല. കാരണം ആ ഒരനുഭവം നാളിതുവരെ എനിക്കുണ്ടായിട്ടില്ല. സ്വപ്നങ്ങളെ എന്നിൽ നിന്നകറ്റിയതും എന്റെ വായനയാണ് എന്നാണ് ഞാൻ കരുതുന്നത്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു സമ്മാനം കിട്ടിയിരുന്നു. സ്‌കൂൾഅധ്യയന വർഷത്തിന്റെ അവസാന ദിവസം ഞങ്ങൾ വാർഷിക ദിനാഘോഷം കൊണ്ടാടുകയായിരുന്നു. അന്ന് ഞാൻ ഒരു നാടകത്തിനുവേണ്ടി വേഷമിട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മൈക്കിൽ വിളിച്ചു പറയുന്നത് ശ്രദ്ധയിൽ പെട്ടത്. ക്ലാസിലെ മിടുക്കർക്കുള്ള സമ്മാനവിതരണം തുടങ്ങുന്നു. ആദ്യം ഒമ്പതാം ക്ലാസ് (ഞങ്ങളുടെ സ്‌കൂളിൽ ഒമ്പതുവരെയെ അന്ന് ക്ലാസുണ്ടായിരുന്നുള്ളൂ. ഞങ്ങളാണ് ആദ്യ ഹൈസ്‌കൂൾ ബാച്ച്) ‘ഒന്നാം സ്ഥാനം എൻ.ഇ. സുധീർ'. ഞാൻ അഭിമാനത്തോടെ സ്റ്റേജിലേക്ക് കയറിച്ചെന്നു. ജില്ലാ കലക്ടറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. ആരും എന്നെ തിരിച്ചറിയുമായിരുന്നില്ല. കാരണം നാടകത്തിനായി കെട്ടിയ വൃദ്ധന്റെ മേയ്ക്കപ്പിട്ടാണ് ഞാൻ ചെന്നത്. സമ്മാനമായി കിട്ടിയത് ഒരു ചെറിയ പൊതിയായിരുന്നു. ഉടൻ തന്നെ രണ്ടാം സമ്മാനത്തിനായി എന്റെ സഹപാഠിയെ വിളിച്ചു. അവൾക്കു കിട്ടിയ സമ്മാനപ്പൊതി എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അത് എനിക്ക് കിട്ടിയതിനേക്കാൾ വലിയൊരു പൊതിയായിരുന്നു. അതോടെ ഉറങ്ങിക്കിടന്ന നീതിബോധം എന്നിൽ പ്രവർത്തിച്ചു തുടങ്ങി. ഒന്നാം സമ്മാനമല്ലേ രണ്ടാം സമ്മാനത്തേക്കാൾ വലുതാവേണ്ടിയിരുന്നത് എന്ന ചിന്ത എന്നെ ബാധിച്ചു. എടുത്തു കൊടുത്തയാൾക്ക് തമ്മിൽ മാറിപ്പോയോ എന്തോ?
രാത്രി നാടകമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാണ് സമ്മാനപ്പൊതി തുറന്നു നോക്കിയത്. അത് ഒരു പുസ്തകമായിരുന്നു. പാശ്ചാത്യ തത്വചിന്തകരെപ്പറ്റിയുള്ള ഒരു പുസ്തകം. പി.കെ. ശ്രീധരൻ എഴുതിയ ‘ജീവിതങ്ങൾ ദർശനങ്ങൾ' എന്ന പുസ്തകം. സ്‌കൂളിലെ എനിക്കേറെ പ്രിയപ്പെട്ട പ്രധാന അധ്യാപകൻ കൂടിയായിരുന്നു പി.കെ. ശ്രീധരൻ. അദ്ദേഹം എഴുത്തുകാരൻ കൂടിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. അതു കണ്ടപ്പോൾ എന്റെ മനസ്സിലെ വിഷമം ഇല്ലാതായി. നീതിയുടെ മറ്റൊരു തലം എനിക്ക് പിടികിട്ടി. മനസ്സിൽ സന്തോഷം നിറഞ്ഞു. ‘നീ വായനക്കാരനാവണം' എന്ന് എന്റെ പ്രിയപ്പെട്ട അധ്യാപകൻ എന്നോടു പറയുന്നതുപോലെ തോന്നി. ഞാൻ രാത്രി തന്നെ അത് വായിക്കാൻ തുടങ്ങി. ഇപ്പോഴും എന്റെ മേശപ്പുറത്ത് ആ പുസ്തകത്തിന് ഒരിടമുണ്ട്. തത്ത്വചിന്തയെ ഞാനറിഞ്ഞു തുടങ്ങിയത് ആ പുസ്തകത്തിലൂടെയായിരുന്നു. ഇപ്പോഴും എന്റെ ബൗദ്ധിക സഞ്ചാരത്തിലെ പ്രധാന ഇടമാണ് തത്വചിന്ത. എത്രയെത്ര ചിന്തകർ, എത്രയെത്ര പുസ്തകങ്ങൾ! എന്റെ പുസ്തകഅലമാരയിലെ പ്രധാനികൾ അവരാണെന്നു തോന്നുന്നു. ജീവിതമെന്ന പിടി തരാത്ത പ്രഹേളികയെപ്പറ്റി ചിന്തിച്ചവർ പങ്കുവെച്ച അറിവുകൾ. എന്റെയുള്ളിലെ ഞാൻ അവയിലൂടെ പുതിയൊരു മേൽവിലാസം കണ്ടെത്തിത്തുടങ്ങി. ദു:ഖങ്ങളെ നേരിടാൻ അതെന്നെ പ്രാപ്തനാക്കി.
ഈ ജീവിതയാത്രയിൽ നഷ്ടങ്ങൾ പലതുണ്ടായിട്ടും നഷ്ടബോധമില്ലാതെ സഞ്ചരിക്കുവാൻ എനിക്കിന്നു സാധിക്കുന്നു. പരിഹരിക്കാനാവാത്ത അർത്ഥശൂന്യതകളെ ഞാൻ തിരിച്ചറിയുന്നു. പ്രപഞ്ചത്തിലെ ഏന്റെ അവസ്ഥയെപ്പറ്റി ഞാൻ ബോധവാനാണ്. യാദൃച്ഛികമായി ലഭിച്ച ഈ ജീവിതത്തിലൂടെ കടന്നുപോവാൻ ഒരു ദൈവത്തിന്റെ ആവശ്യമില്ലെന്ന കാര്യത്തിൽ എനിക്ക് സംശയങ്ങളില്ല. ഞാനും എന്റെ വഴികളും എന്റെ ജീവിതയാത്രയെ സുഗമമാക്കുന്നു. മനുഷ്യഭാവനയുടെ വിസ്താരം കണ്ട് അമ്പരക്കുമ്പോഴും ഞാൻ തളരുന്നില്ല. അവ എന്റെ മനസ്സിൽ സൗന്ദര്യം നിറയ്ക്കുന്നു. എന്നിൽ ഞാൻ തൃപ്തനാണ്. എന്നിലെ ഞാൻ സ്വതന്ത്രനുമാണ്. ഇതൊക്കെ സാധ്യമാക്കിയത് വായനയാണ്. എന്റെ ജീവിതവും നിലപാടുകളും കടപ്പെട്ടിരിക്കുന്നത് പ്രധാനമായും വായനയോടാണ്.
ഞാനാരാണ് എന്ന ചോദ്യത്തിനുപോലും എന്നെ അലട്ടുവാൻ കഴിയുന്നില്ല. എന്നിലെ ‘ഞാൻ' സ്വയം ഇഷ്ടപ്പെടുന്നു എന്നതാണ് എന്റെ ഭാഗ്യം. അതാണ് വായനയിലൂടെ ഞാൻ നേടിയ വലിയ കാര്യം. ഇഷ്ടപ്പെട്ട പുസ്തകങ്ങളെ ഞാൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനെന്നെക്കൂടി വായിക്കുകയാണ്. സ്വപ്നങ്ങളെപ്പറ്റി എനിക്കൊന്നും അറിയില്ല. കാരണം ആ ഒരനുഭവം നാളിതുവരെ എനിക്കുണ്ടായിട്ടില്ല. സ്വപ്നങ്ങളെ എന്നിൽ നിന്നകറ്റിയതും എന്റെ വായനയാണ് എന്നാണ് ഞാൻ കരുതുന്നത്. ജീവിതം മുന്നോട്ടു വെക്കുന്ന ബഹുവിധ പ്രശ്‌നങ്ങൾ എനിക്ക് കരുത്തു പകരുകയാണ് ചെയ്യുന്നത്. വൈകാരികതയുടെ തടവറയിലകപ്പെടാതെ ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ സന്തോഷിക്കാറുണ്ട്. ദുഃഖങ്ങളും എന്നെത്തേടി വരാറുണ്ട്. എന്നാൽ ഇവയുടെയൊന്നും നിയന്ത്രണത്തിലാവാൻ ഞാൻ തയ്യാറല്ല. ജീവിതത്തിലനുഭവപ്പെട്ടതിനെക്കാൾ സന്തോഷങ്ങളും ദു:ഖങ്ങളും ഞാൻ വായനയിലൂടെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഞാൻ മരണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ പലതും വാങ്ങി വായിക്കാറുണ്ട്. എന്റെ അലമാരകളിൽ അവ ധാരാളമുണ്ട്. മരണമെന്ന പ്രഹേളികയെ ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കാനൊക്കുമോ? അറിയില്ല. അതിനു ശ്രമിച്ചവർ പലരും ഈ അലമാരകളിലെ എന്റെ പരിചയക്കാരിലുണ്ട്.
നോവലുകളും കഥകളും ജീവിതത്തിന്റെ സാധ്യതകളെപ്പറ്റിയും പരിമിതികളെപ്പറ്റിയും എന്നെ നിരന്തരം ഓർമ്മിപ്പിക്കുന്നു. വൈജ്ഞാനിക ഗ്രന്ഥങ്ങൾ എന്നെ എന്റെ കാലത്തോട് ചേർത്തുനിർത്തുന്നു. വായനയോട് ഞാൻ പുലർത്തുന്ന ആത്മാർത്ഥത എന്നിൽ ആത്മവിശ്വാസം നിറയ്ക്കുന്നു. വായനയിലൂടെ ഞാൻ ആർജ്ജിച്ചെടുത്ത സുഖാനുഭൂതി എന്നെ ജീവിതത്തോട് ചേർത്തു നിർത്തുന്നു. അങ്ങനെ ഞാൻ പറഞ്ഞറിയിക്കാനാവാത്ത ഒരു ശാന്തത കൈവരിക്കുന്നു. എന്റെ ജീവിതസൗഖ്യത്തിനായി പ്രവർത്തിച്ചവർ ആരൊക്കെയാണ്? കാലത്തിന്റെ ഏതെല്ലാമോ കോണിൽ നിന്നും പലരും അവരുടെ പങ്കാളിത്തം അവകാശപ്പെട്ടേക്കാം.
എന്റെ വിധിയിൽ പങ്കാളിയായവർ അവകാശങ്ങളുമായി അലമാരകളിൽ ഞെളിഞ്ഞിരിപ്പുണ്ട്. നൂറ്റാണ്ടുകൾക്കപ്പുറമിരുന്ന്, അങ്ങ് ബി.സി നാലാം നൂറ്റാണ്ടിൽ നിന്ന് കൺഫ്യൂഷ്യസ് ഇടയ്‌ക്കൊക്കെ ഓർമ്മിപ്പിക്കും. ഞാനാണ് നിന്നോട് പറഞ്ഞത്: ‘അവനവന്റെ നേരെ ചെയ്യപ്പെടരുത് എന്ന് വിചാരിക്കുന്നതൊന്നും അന്യരുടെ നേരെ ചെയ്യരുത് ' എന്ന്. അതൊരു വെളിപാടായിരുന്നു. എന്നിലെ മനുഷ്യത്വത്തെ നിർമ്മിച്ചെടുത്ത വെളിപാട്.
വായനയിലൂടെ എന്നിലേക്കെത്തുന്ന അറിവിനെ എന്തു ചെയ്യണം എന്ന് ഞാൻ ചികഞ്ഞാലോചിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പഴയ ഗീതാകാരൻ എന്നോട് പതിനെട്ടാമധ്യായത്തിലെ ശ്ലോകം പറഞ്ഞു തരും.
‘ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യതരം മയാ വിമൃശൈ്യ തദശേഷേണ യഥേച്ഛസി തഥാ കുരു.'
അതീവ രഹസ്യമായ ജ്ഞാനം ഞാൻ നിനക്കായ് പറഞ്ഞുതന്നു. ഇനിയത് നീ മുഴുവനായും വിമർശനബുദ്ധിയോടെ ആലോചിച്ചിട്ട് നിനക്ക് ഏതൊന്നാണോ ബോധ്യമാവുന്നത് അത് മാത്രം സ്വീകരിക്കുക. അങ്ങനെ അറിവിനെ സ്വാംശീകരിക്കാൻ ഭഗവദ്ഗീത വഴിയൊരുക്കി. എന്റെ വായനകൾ എന്റേതുമാത്രമായി.
ഞാൻ മരണത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ പലതും വാങ്ങി വായിക്കാറുണ്ട്. എന്റെ അലമാരകളിൽ അവ ധാരാളമുണ്ട്. മരണമെന്ന പ്രഹേളികയെ ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കാനൊക്കുമോ? അറിയില്ല. അതിനു ശ്രമിച്ചവർ പലരും ഈ അലമാരകളിലെ എന്റെ പരിചയക്കാരിലുണ്ട്. ചിന്തകനായ വില്യം ജെയിംസ്, മരണാസന്നനായി കടക്കുന്ന തന്റെ സുഹൃത്തിന്റെ അരികിലിരിക്കുകയായിരുന്നു. അവർ തമ്മിലൊരു കരാറുണ്ട്. ആദ്യം ആര് മരണത്തിലേക്കു പുറപ്പെട്ടാലും മറ്റേ ആളിനോട് ആ അനുഭവം കഴിയുന്നത്ര പങ്കു വെക്കണം. അതാണ് കരാർ. മരണത്തെയറിയാനുള്ള ഒരു സാധ്യതയായി അവർ കണ്ടെത്തിയ വഴിയാണത്. എന്നിട്ടത് ലോകത്തോട് പറയണം. മടിയിൽ നോട്ടുപുസ്തകവും കയ്യിൽ പേനയുമായി ആ വൃദ്ധൻ ആശുപത്രിയിലെ മുറിയിൽ കാവലിരുന്നു. ഒന്നും പറയാതെ ചങ്ങാതി ഏതോ സമയത്ത് മരണത്തിലേക്കും പോയി. ഇതു കാണാനിടയായ ഡോക്ടർ ആക്‌സൽ മുൻതേ തന്റെ ഓർമക്കുറിപ്പിൽ ഇതെഴുതി വെച്ചു. വില്യം ജെയിംസിനെപ്പോലെ ഞാനും നിരാശനായി. എന്നാലും ശ്രമം തുടരേണ്ടതുണ്ട്. മരണത്തെ അറിയണം. അതിനായി എന്നിലെ വായനക്കാരൻ ജാഗ്രതയോടെ കാത്തിരിക്കുന്നുണ്ട്.
ഏതായാലും പറഞ്ഞുപറഞ്ഞ് ഞാൻ മരണത്തിലേക്കെത്തി. ഇനിയും നീട്ടുന്നില്ല. സംഭവിക്കാനിരിക്കുന്ന, ഞാനെന്ന വായനക്കാരന്റെ മരണത്തെയോർത്ത് ഈ അലമാരകളിലെ പുസ്തകങ്ങൾ അസ്വസ്ഥരാവുന്നത് ഞാനറിയുന്നുണ്ട്. എന്റെ മേൽവിലാസങ്ങൾ അനാഥമാവാൻ അവരാഗ്രഹിക്കുന്നില്ല.
(ഭാവിയിൽ എഴുതിയേക്കാവുന്ന വായനയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന് ആമുഖമെന്ന നിലയിൽ എഴുതിയത്.) ▮