സാറാ ജോസഫും എൻ.ഇ. സുധീറും

സാറാ ജോസഫ്;
മെരുങ്ങാത്ത രാഷ്‌ട്രീയജീവി

സ്ത്രീയുടെ നേരനുഭവത്തെ മലയാളി തിരിച്ചറിയുകയായിരുന്നു. സാഹിത്യത്തിലും സമൂഹത്തിലും വേറിട്ടൊരു ശബ്ദം കേട്ടു തുടങ്ങുകയായിരുന്നു. സാമൂഹിക അസമത്വങ്ങൾക്കെതിരേ ആഞ്ഞടിച്ച ആ ശബ്ദത്തിന്റെ പേരാണ് സാറാ ജോസഫ്.

ഴിഞ്ഞവർഷം കോഴിക്കോട്ടുനടന്ന പൂർണ സാംസ്കാരികോത്സവത്തിൽ സാറാ ജോസഫുമായി ഞാൻ സംസാരിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ജീവിതവും സാഹിത്യവുമൊക്കെ സംസാരിച്ച് സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി ഒരു ചോദ്യം കൂടി ചോദിച്ചു:

“കമ്യൂണിസ്റ്റുകാരന്റെ മകളാണ്, സോവിയറ്റ് പുസ്തകങ്ങൾ വായിച്ചു വളർന്നവളാണ്, ‘ജനയുഗ’ത്തിൽ കഥയെഴുതിക്കൊണ്ടാണ് തുടക്കം കുറിച്ചത്, പലപ്പോഴും ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് ടീച്ചർ പ്രവർത്തിച്ചിട്ടുണ്ട്. എന്തുപറ്റി കേരളത്തിലെ ഇടതുപക്ഷ മനോഭാവത്തിന്? ടീച്ചർ എവിടെ നിൽക്കുന്നു?”

വല്ലാതെ ക്ഷോഭിച്ചുകൊണ്ടാണ് ടീച്ചർ മറുപടി പറഞ്ഞത്:

‘‘നശിച്ചു, നശിച്ചു. ഞാൻ പഠിച്ച കമ്യൂണിസമോ, അല്ലെങ്കിൽ എന്റെ അപ്പനെന്നോട് പറഞ്ഞുതന്നതോ ഞാൻ വായിച്ചതോ, ഞാനനുഭവിച്ചതോ ഒന്നും അല്ല ഇപ്പഴുള്ളത്. അത് നശിച്ചു. ഇന്നിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അനീതിയെ നിശ്ശബ്ദം വിഴുങ്ങാനാവശ്യപ്പെടുന്ന അവസ്ഥയാണ്’’.

ടീച്ചറുടെ ക്ഷോഭമടക്കാനായി എനിക്കു ചെയ്യാവുന്നത് മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അങ്ങനെ സംഭാഷണം ടീച്ചറുടെ തലമുടിയിലേക്ക് തിരിച്ചുവിട്ടു. മണിക്കൂറുകൾ കഴിഞ്ഞ് ഒരുമിച്ച് ചായ കുടിക്കാനിരുന്നപ്പോൾ ടീച്ചർ ഞങ്ങളുടെ സംഭാഷണത്തെപ്പറ്റി പറഞ്ഞു: “സുധീറേ, നശിച്ചു എന്നായിരുന്നില്ല പറയേണ്ടിയിരുന്നത്, നശിപ്പിച്ചു എന്നായിരുന്നു, അല്ലേ? ഒരു സ്വാഭാവിക നാശമല്ലല്ലോ സംഭവിച്ചിരിക്കുന്നത്’’.

ഇടതുപക്ഷവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ടീച്ചർ എന്തുകൊണ്ടാണ് ഇത്രയേറെ ക്ഷോഭിച്ചത്? ഞാനാലോചിക്കുകയായിരുന്നു. കാരണം അവർ കുരിയച്ചിറയിൽ ലൂയിസിന്റെ മകളാണ്. കമ്യൂണിസ്റ്റുകാരനായ ലൂയിസ്, യുക്തിവാദിയായ ലൂയിസ്. അയാൾ എപ്പോഴും നീതിയ്ക്കു വേണ്ടിയാണ് നിലകൊണ്ടത്. കമ്യൂണിസവും നീതിയുടെ കൂടെയാണെന്ന് ആ പാവം കാർ മെക്കാനിക്ക് അടിയുറച്ചു വിശ്വസിച്ചു. ആ അപ്പൻ മകളെ രണ്ടു പാഠങ്ങൾ പഠിപ്പിച്ചിരുന്നു. ഒന്ന്; തെറ്റ് എന്ന് മനഃസാക്ഷിക്കു തോന്നിയാൽ അത് പറയണം. പിന്നെ അതിനോട് ഒത്തുതീർപ്പ് ചെയ്യരുത്. രണ്ട്; ഒരു മനുഷ്യനുമായി സംസാരിക്കുമ്പോൾ നിവർന്നുനിന്ന് കണ്ണുകളിലേക്കു നോക്കി സംസാരിക്കണം.
മകൾ അപ്പൻ പറഞ്ഞതു ശിരസ്സാ വഹിച്ചു. ആരുടെ മുന്നിലും തല കുനിക്കാതെ മുഖത്തുനോക്കി സാറാ ജോസഫ് സംസാരിച്ചു. അത് കേരളത്തിലെ വേറിട്ടൊരു ശബ്ദമായി.

കോഴിക്കോട്ടു നടന്ന പൂർണ സാംസ്കോരികോത്സവത്തിൽ സാറാ ജോസഫുമായി സംസാരിക്കുന്ന എൻ.ഇ സുധീർ
കോഴിക്കോട്ടു നടന്ന പൂർണ സാംസ്കോരികോത്സവത്തിൽ സാറാ ജോസഫുമായി സംസാരിക്കുന്ന എൻ.ഇ സുധീർ

അടിസ്ഥാനപരമായി ഇടതുപക്ഷ മനസ്സുള്ള ഒരു വ്യക്തിയാണ് സാറാ ജോസഫ്. അവരുടെ മതം ഇടതുപക്ഷമാണ്. അതു തുറന്നുപറയാൻ അവർക്കു മടിയുമില്ല. എന്നാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ നീതിയുടെ പക്ഷത്തുനിന്ന് വ്യതിചലിക്കുന്നത് കണ്ടിരിക്കാൻ അവർക്കു കഴിയില്ല. അവർ ക്ഷോഭിക്കും. അത്തരം ക്ഷോഭങ്ങൾ പണ്ടൊക്കെ പാർട്ടി നേതൃത്വം ശ്രദ്ധിക്കാറുണ്ടായിരുന്നു. തിരുത്തലുകൾക്ക് ശ്രമിക്കാറുണ്ടായിരുന്നു. ഇന്ന് അതും അവസാനിച്ചു.

ഇടതുപക്ഷ മനോഭാവത്തിനേറ്റ പോറലുകൾ സമൂഹത്തിൽ ക്ഷോഭവും വേദനയും ഉണ്ടാക്കുന്നു എന്ന് അവസാനം മനസ്സിലാക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വമാണെന്ന അവസ്ഥയാണ്. തിരുത്ത് അസാദ്ധ്യമാകും മുമ്പ് അവരത് തിരിച്ചറിയുമായിരിക്കും എന്നാഗ്രഹിക്കാനേ നമുക്ക് കഴിയൂ. അതുവരെ ഇതൊക്കെ ഓർമ്മിപ്പിക്കുക മാത്രമാണ് ഇടതുപക്ഷ സ്നേഹിതർക്ക് ചെയ്യാനുള്ളത്. സാറാ ജോസഫ് അത് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു.

അടിസ്ഥാനപരമായി ഇടതുപക്ഷ മനസ്സുള്ള ഒരു വ്യക്തിയാണ് സാറാ ജോസഫ്. അവരുടെ മതം ഇടതുപക്ഷമാണ്. അതു തുറന്നുപറയാൻ അവർക്കു മടിയുമില്ല.

ഒരു ജനാധിപത്യ വ്യവസ്ഥയിൽ എഴുത്തുകാരുടെ ഇടം എവിടെയായിരിക്കണം എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ച അപൂർവ്വം എഴുത്തുകാരേ നമുക്കുള്ളൂ. ഒ.വി.വിജയൻ കേരളത്തിലെ രാഷ്ടീയവുമായി നിരന്തരം സംവദിച്ചു. പ്രത്യേകിച്ച് ഇടതുപക്ഷവുമായി. ആനന്ദ് നീതിയുടെ രാഷ്ട്രീയത്തെപ്പറ്റി നിരന്തരം എഴുതി. എം.ടിയും കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയവുമായി സംവദിക്കാൻ സമയം കണ്ടെത്തി. തിരുത്തലുകൾ ആവശ്യപ്പെട്ടു. സാറാ ജോസഫാണ് വളരെ ക്രിയാത്മകമായി നമ്മുടെ രാഷ്ട്രിയത്തിൽ ഇടപ്പെട്ട ഒരെഴുത്തുകാരി. രാഷ്ട്രീയധികാരികളെ ചോദ്യം ചെയ്യാനുള്ള അധികാരം എഴുത്തുകാർക്കുണ്ടെന്നു തെളിയിച്ച ഒരാൾ. സമൂഹത്തിന്റെ പക്ഷത്തു ചേർന്നുനിന്നുകൊണ്ട്, നീതിയുടെ രാഷ്ട്രീയം മുറുകെപ്പിടിച്ച് അവർ നേടിയെടുത്ത അധികാരമാണത്.

ആനന്ദ് നീതിയുടെ രാഷ്ട്രീയത്തെപ്പറ്റി നിരന്തരം എഴുതി. എം.ടിയും കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയവുമായി സംവദിക്കാൻ  സമയം കണ്ടെത്തി. തിരുത്തലുകൾ ആവശ്യപ്പെട്ടു.
ആനന്ദ് നീതിയുടെ രാഷ്ട്രീയത്തെപ്പറ്റി നിരന്തരം എഴുതി. എം.ടിയും കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയവുമായി സംവദിക്കാൻ സമയം കണ്ടെത്തി. തിരുത്തലുകൾ ആവശ്യപ്പെട്ടു.

കേരളത്തിലെ സ്ത്രീകളുടെ രാഷ്ട്രീയവത്ക്കരണത്തിൽ ടീച്ചർ വഹിച്ച പങ്ക് വളരെ വലുതാണ്. മരണത്തേക്കാൾ മോശമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട സ്ത്രീകളെ സംഘടിതരാക്കാൻ മാനുഷി എന്ന സംഘടനയിലൂടെ അവർ ശ്രമിച്ചു. സമൂഹത്തിന്റെ എല്ലാ തട്ടിലും നിലനിന്നിരുന്ന പുരുഷമേധാവിത്വത്തെ അവർ ചോദ്യം ചെയ്തു. അങ്ങനെ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യത തനിക്കു ചുറ്റുമുള്ള സ്ത്രീകളെ ബോധ്യപ്പെടുത്തി. പുരുഷന് തുല്യമായ നിലയിൽ സ്ത്രീയെയും കാണേണ്ടതുണ്ട് എന്നവർ വാശി പിടിച്ചു. ആ ശാഠ്യം കേരളത്തിലെ സ്ത്രീകൾ ഏറ്റെടുത്തു. സ്ത്രീയുടെ അന്തസ്സ് വീണ്ടെടുക്കാനുള്ള വലിയൊരു ശ്രമമാണ് മാനുഷി നടത്തിയത്. അങ്ങനെയാണ് സ്ത്രീയുടെ രാഷ്ട്രീയം ഇവിടെ ചെറിയ തോതിലാണെങ്കിലും ഉരുത്തിരിഞ്ഞുവന്നത്. സ്ത്രീധനത്തിനെതിരെ, കപട ലൈംഗിക സദാചാരത്തിനെതിരെ, ലൈംഗിക അതിക്രമങ്ങൾക്കെതിരെയൊക്കെ മാനുഷി ശബ്ദമുയർത്തി. അതിന്റെ അമരത്ത് സാറാ ജോസഫുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ടും മാനുഷിക്ക് തുടർച്ചയുണ്ടായില്ല. എന്നാൽ ആ പ്രസ്ഥാനവും അതിന്റെ നേതൃത്വവും അവശേഷിപ്പിച്ച ആശയങ്ങൾക്ക് തുടർച്ചയുണ്ടായി. കേരളത്തിലെ സ്ത്രീയിൽ സ്വാതന്ത്ര്യബോധവും സ്വത്വബോധവും ഉടലെടുത്തു. സ്ത്രീവാദത്തിന് നമ്മുടെ പൊതുമണ്ഡലത്തിൽ ഇടം നേടാൻ കഴിഞ്ഞു. അവർ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് മരണമുണ്ടായിരുന്നില്ല.

‘മാനുഷി’യിൽ അംഗങ്ങളായിരുന്നവർ സാറാ ​ജോസഫിനൊപ്പം.
‘മാനുഷി’യിൽ അംഗങ്ങളായിരുന്നവർ സാറാ ​ജോസഫിനൊപ്പം.

സാറാ ജോസഫ് എന്ന എഴുത്തുകാരി മാനുഷി മുന്നോട്ടുവെച്ച പ്രശ്നങ്ങളെയും അതിന്റെ ആശയങ്ങളെയും കൂടുതൽ ശക്തമായി തന്റെ രചനകളിലൂടെ പ്രകാശിപ്പിച്ചു. തിരുത്തൽ ബോധങ്ങൾ കഥകളിലൂടെയും നോവലുകളിലൂടെയും തുടർന്നു. മതങ്ങളുണ്ടാക്കുന്ന വെല്ലുവിളികളെയും ടീച്ചർ ഏറ്റെടുത്തു. മനുഷ്യജീവിതത്തെ പല തലത്തിൽ ചുരുക്കുന്നത് മതങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞു. നമ്മുടെ നൈസർഗ്ഗിക ചോദനകളെ തടയുവാൻ മതങ്ങളെ അനുവദിക്കരുതെന്ന് അവർ വായനക്കാരെ ഓർമ്മിപ്പിച്ചു. പാപത്തറ, വിശുദ്ധ റങ്കൂൺ എന്നീ രചനകളിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. സ്ത്രീയുടെ വേറിട്ടൊരു ശബ്ദം മലയാള സാഹിത്യം കേട്ടു തുടങ്ങുകയായിരുന്നു. സ്വത്വം തേടുന്ന സ്ത്രീ മലയാള ഭാവനയിൽ ഇടം നേടുകയായിരുന്നു. സ്ത്രീയുടെ നേരനുഭവത്തെ മലയാളി തിരിച്ചറിയുകയായിരുന്നു. സാഹിത്യത്തിലും സമൂഹത്തിലും വേറിട്ടൊരു ശബ്ദം കേട്ടു തുടങ്ങുകയായിരുന്നു. സാമൂഹിക അസമത്വങ്ങൾക്കെതിരേ ആഞ്ഞടിച്ച ആ ശബ്ദത്തിന്റെ പേരാണ് സാറാ ജോസഫ്.

പള്ളിയും പൗരോഹിത്യവും ഇല്ലാതെ ക്രിസ്തുവിനെ ചേർത്തുനിർത്താമെന്ന് സാറാ ജോസഫ് തിരിച്ചറിഞ്ഞു. ക്രിസ്തുവിനും ക്രിസ്ത്യാനിറ്റിക്കും തമ്മിലെന്തു ബന്ധം എന്ന ചോദ്യം അവർ മുന്നോട്ടുവെച്ചു.

ലോകം പുരുഷന്മാർക്കുവേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതല്ല എന്ന കാഴ്ചപ്പാട് ഉയർത്തിക്കൊണ്ടാണ് അവർ കേരളീയ സമൂഹത്തോട് സംസാരിച്ചത്. മാർക്സിസം പോലെ തന്നെ ബാല്യകാലം മുതലേ സാറയെ സ്വാധീനിച്ച ഒന്നായിരുന്നു ക്രിസ്തുബോധം. ക്രിസ്തുമതത്തെ ആഴത്തിൽ അറിയുന്നതിനും സാറാ ജോസഫ് സമയം കണ്ടെത്തി. പള്ളിയും പൗരോഹിത്യവും ഇല്ലാതെ ക്രിസ്തുവിനെ ചേർത്തുനിർത്താമെന്ന് അവർ തിരിച്ചറിഞ്ഞു. ക്രിസ്തുവിനും ക്രിസ്ത്യാനിറ്റിക്കും തമ്മിലെന്തു ബന്ധം എന്ന ചോദ്യം അവർ മുന്നോട്ടുവെച്ചു. ആലാഹയുടെ പെൺമക്കൾ, മാറ്റത്തി, ഒതപ്പ്, കറ എന്നീ നോവലുകൾ ഈ വൈരുദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷങ്ങളെ വിപുലമാക്കുന്ന രചനകളാണ്. മുഖ്യധാരാ സാഹിത്യം ഏറ്റെടുക്കാത്ത മറ്റു വിഷയങ്ങളും ടീച്ചർ എഴുത്തിന്റെ ഭാഗമാക്കി. അങ്ങനെയുണ്ടായ നോവലുകളാണ് ഊരുകാവൽ, ആളോഹരി ആനന്ദം എന്നിവ.

ആളോഹരി ആനന്ദം നോവലിന്റെ കവർ
ആളോഹരി ആനന്ദം നോവലിന്റെ കവർ

എഴുത്തുജീവിതത്തോടുള്ള അത്ര തന്നെ പ്രതിബദ്ധത സാമൂഹ്യജീവിതത്തിനും നൽകിയ എഴുത്തുകാരിയാണ് സാറാ ജോസഫ്. അതിനവരെ നിർബന്ധിച്ചത് അവരുടെ നീതിബോധമാണ്. അധികാരത്തോട് കലഹിക്കാൻ അവരെ നിർബന്ധിതയാക്കിയതും നീതിയോടുള്ള ഈ അഭിനിവേശമാണ്. മനുഷ്യനെ അറിയുക, മനുഷ്യനെ നിയന്ത്രിക്കുന്ന സമൂഹത്തെ അറിയുക - അതാണ് ഒരെഴുത്തുകാരി എന്ന നിലയിൽ സാറാ ജോസഫ് ഏറ്റെടുത്ത ദൗത്യം. അതാണ് അവരുടെ രാഷ്ട്രീയത്തെ നിയന്ത്രിച്ചുപോരുന്നത്. അരാജകവാദിയും ജനാധിപത്യവാദിയും തമ്മിലുള്ള സംഘർഷം അവരുടെ രാഷ്ട്രീയത്തിൽ നിഴലിച്ചു കാണാം. ഈ സംഘർഷം നിർമ്മിക്കപ്പെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദൗർബല്യത്തിൽ നിന്നുമാണ്. സജീവമായ സാമൂഹിക ഇടപെടലുകൾ ജനാധിപത്യത്തിൽ മാത്രമേ സാധിക്കൂ എന്ന ബോധ്യം അവർക്കുണ്ട്. എന്നാൽ ജനാധിപത്യത്തിലെ നീതികരിക്കാനാവാത്ത നിലപാടുകളോട് ഏറ്റുമുട്ടി അവർ ക്ഷീണിക്കുന്നുണ്ട്.

അരാജകവാദിയും ജനാധിപത്യവാദിയും തമ്മിലുള്ള സംഘർഷം സാറാ ജോസഫിന്റെ രാഷ്ടീയത്തിൽ നിഴലിച്ചു കാണാം.

തനിക്കു ചുറ്റുമുള്ള മുഷിഞ്ഞ ലോകത്തെ പുതുക്കിപ്പണിയാൻ വെമ്പുന്ന ആ മനസ്സ് ജീവിതാസ്തമയകാലത്ത് മുമ്പെന്നത്തേക്കാളും അസ്വസ്ഥമാണ്. കാരണം ഇന്ത്യയിലെ, കേരളത്തിലെ രാഷ്ട്രീയത്തിൽ അഴുക്കുകൾ അടിഞ്ഞുകൂടിയിരിക്കുന്നു. നീതിയുടെ രാഷ്ട്രീയം ശരശയ്യയിലാണ്. ഇത് മറ്റാരേക്കാളും മനസ്സിലാക്കുന്നതും സാറാ ടീച്ചറാണ്. യാഥാസ്ഥിതികത്വവും പാരമ്പര്യവാദവും തിരിച്ചുവരുന്നു. മാനവികത അവഗണിക്കപ്പെടുന്നു. എഴുത്തുകാർ നിലപാടുകളിൽ നിന്ന് വ്യതിചലിക്കുന്നു - പൊരുത്തപ്പെടലിന്റെ രാഷ്ട്രീയത്തിന് അവർ ഒത്താശ ചെയ്യുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തോടു പോലും ചേർന്നുനിൽക്കാൻ എഴുത്തുകാർ തയ്യാറാവുന്നു. മാനവികമല്ലാത്ത സദാചാരങ്ങൾ അടിച്ചേല്പിക്കപ്പെടുന്നു. സമ്പത്തിന്റെ രാഷ്ട്രീയം അരങ്ങുവാഴുന്നു.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സാറാ ജോസഫ് ഒറ്റപ്പെടുകയാണ്. എന്നാലും മെരുങ്ങാത്ത ആ രാഷ്ട്രീയ ജീവി ഇപ്പോഴും നമ്മുടെ ആശ്രയമാണ്
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സാറാ ജോസഫ് ഒറ്റപ്പെടുകയാണ്. എന്നാലും മെരുങ്ങാത്ത ആ രാഷ്ട്രീയ ജീവി ഇപ്പോഴും നമ്മുടെ ആശ്രയമാണ്

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സാറാ ജോസഫ് ഒറ്റപ്പെടുകയാണ്. എന്നാലും മെരുങ്ങാത്ത ആ രാഷ്ട്രീയ ജീവി ഇപ്പോഴും നമ്മുടെ ആശ്രയമാണ്. അധികാരത്തെ ചോദ്യംചെയ്യാനുള്ള ബുദ്ധിജീവിയുടെ അധികാരത്തെ അവർ ഈ കെട്ടകാലത്തും കൈവിടുന്നില്ല. ഭരണകൂടങ്ങളുടെ ധാർഷ്ട്യത്തിന് അവർ വഴങ്ങന്നുമില്ല. സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്ന ദൗത്യം അവർ എഴുത്തിലൂടെയും തുടരുന്നുണ്ട്. ബുധിനി അത്തരത്തിലുള്ള ഒരു നോവലാണ്. വികസനത്തിന്റെ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ഒന്ന്. സമൂഹത്തിലെ മൂല്യങ്ങൾ ശാശ്വതമല്ല. അവ നിരന്തരം നവീകരിക്കപ്പെടേണ്ടതുണ്ട്. സാഹിത്യത്തിന്റെ ധർമ്മം മൂല്യനവീകരണമാണ്. സാറാ ജോസഫിന്റെ സർഗാത്മകത മൂല്യനവീകരണത്തിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ആ സാഹിത്യത്തിലെ ആത്മരോഷങ്ങളും ആകുലതകളും നവീനമായ വിമോചനചിന്തകളെ നമുക്കിടയിൽ നിർമ്മിച്ചെടുത്തു. ഇടതുപക്ഷ പാർട്ടികൾക്കകത്ത് നിലനിൽക്കുന്ന പുതിയ വൈരുദ്ധ്യങ്ങൾ അവർ ചൂണ്ടിക്കാട്ടി. കേരളം മലയാളികളുടെ നഷപ്പെടുന്ന മാതൃഭൂമിയാണെന്ന് അവർ താക്കീതു നൽകി.

ഭരണകൂടങ്ങളോട് കലഹിക്കാൻ നമുക്കെത്ര എഴുത്തുകാരുണ്ട്? മതമേലാളന്മാരോട് കലഹിക്കാൻ നമുക്കെത്ര സാംസകാരിക പ്രവർത്തകരുണ്ട്?
നമുക്കിവിടെ സാറാ ജോസഫ് ഉണ്ട് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. അവരെ മെരുക്കാൻ മാത്രം, നമ്മുടെ രാഷ്‌ട്രീയ പൗരോഹിത്യവും മതപൗരോഹിത്യവും വളർന്നിട്ടില്ല. അതൊരു വിജയം തന്നെയാണ്.


Summary: N.E. Sudheer writes about Malayalam writer Sarah Joseph's political views.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments