എം. ടി. വാസുദേവൻ നായർ. / Photo: Wikimedia Commons

അരനൂറ്റാണ്ട്​ പിന്നിട്ട ഭൂപരിഷ്​കരണത്തോട്​
‘നാലുകെട്ട്​’ പറയുന്നത്​...

നാണ്യവിളകളുടെ കാർഷിക- വ്യവസായ മാതൃക വികസന രക്ഷാമാർഗമായി കേരളസമൂഹത്തിൽ ഇടംപിടിക്കുകയും നമ്മളെല്ലാം ഇതിന്റെ ആരാധകരായിത്തീരുകയും ചെയ്തിരിക്കുന്നു. അതിനു നേർവിപരീതമായി കൂലിയില്ലാ വേലയുടെ നാലുകെട്ടുകളെ കൈയൊഴിയുകയും ചെയ്തു. എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്​’ എന്ന നോവലിനെ പുതിയ കാലത്ത്​ വായിക്കുന്നു

സാഹിത്യമെന്നത് സമൂഹത്തിലെ ജനായത്ത പ്രവർത്തനത്തിൽ നടക്കുന്ന ഭാഷയിലൂടെയുള്ള കലാത്മകമായ സംവാദമത്രേ. ഭാഷയുടെ വൈകാരികവും വിചാരപരവും ഭാവനാത്മകവുമായ സാധ്യതകളെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്നതിനാൽ ഇതര കലകളേക്കാൾ സാഹിത്യം ജനായത്ത സമൂഹത്തിൽ നിർണായകമായിത്തീരുന്നു. ജനായത്തത്തിന്റെ ആയുധം ഭാഷയും അതിന്റെ സവിശേഷതകളും ആയതിനാലും, സാഹിത്യം മറ്റെന്തിനെക്കാളും ഭാഷാസവിശേഷതകളിലൂടെയുള്ള യാത്രയായതിനാലും ജനായത്തത്തിൽ സാഹിത്യം അതുല്യമായ സ്ഥാനം നേടിയിരിക്കുന്നു. ഭാഷയുടെ ആവിർഭാവവും ജനായത്തവും (സംവാദത്തിലൂടെയുള്ള ജനസമ്മതി) ഒരുമിച്ചാണ് സംഭവിക്കുന്നത്. ഭാഷ, ജനായത്തം, മാനവചരിത്രം ഇവ മൂന്നും ഒന്നിച്ചാണ്​ പിറക്കുന്നത്. അതായത്, ഭാഷയ്ക്കു മുമ്പ് ജനായത്തവുമില്ല, മനുഷ്യവർഗ ചരിത്രവുമില്ല. അതുകൊണ്ട് ഭാഷയുടെ കലാരൂപമായ സാഹിത്യത്തിനു മാനവചരിത്രത്തോളം പഴക്കമുണ്ട്.

ജീർണ്ണിച്ച ഒരു സാമൂഹ്യഘടനയുടെ ബിംബങ്ങളായ നാലുകെട്ട്​ പൊളിച്ചുകളയുക എന്നാൽ പുതിയൊരു നിർമ്മാണ ഘടനയെ സ്വീകരിക്കൽ കൂടിയാണ്. എന്നാൽ നടുമുറ്റവും മറ്റും ആധുനികോത്തരമായ ആർക്കിടെക്ചറിൽ പുതിയ രൂപത്തിൽ ആവിഷ്‌ക്കാരം കണ്ടെത്തുന്നുണ്ട്.

യുദ്ധത്തിൽ ആയുധങ്ങൾക്കു സമാനമായ പങ്കാണ് സാഹിത്യത്തിന്റെയും പ്രസംഗത്തിന്റെയും ഭാഷാതന്ത്രങ്ങൾക്ക്​ (യുക്തിപൂർവ്വം വിശകലനം ചെയത് വിഷയാവതരണം, ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടൽ, ഉപമിക്കലും രൂപകപ്രയോഗങ്ങളും, ഭാവനാശേഷി, അതിശയോക്തിയും ന്യൂനോക്തിയും, സന്ദർഭത്തിനൊത്ത് വൈകാരികത സൃഷ്ടിക്കുന്ന പദപ്രയോഗശേഷി, സംസാരത്തിലെ ഉയർച്ചതാഴ്ചകളുടെ ശബ്ദനിയന്ത്രണം മുതലായവ) ജനായത്തത്തിൽ നിർവ്വഹിക്കാനുള്ളത്. ഭാഷകൊണ്ട് ജനമനസ്സുകളെ കീഴടക്കുന്ന കലയാണ് സാഹിത്യം. ഭാവനയും അലങ്കാരങ്ങളും നിറഞ്ഞ ഭാഷാപ്രയോഗം വഴി കഥാകഥനം ജനഹൃദയങ്ങളിലെ നിത്യജീവിതമുഷിപ്പുകളെ അലക്കി വെളുപ്പിച്ചു ഉന്മേഷം നൽകുക മാത്രമല്ല ചെയ്യുന്നത്. അതോടൊപ്പം, ജനായത്ത സംവാദത്തിലേക്കുവേണ്ട ആശയരൂരപീകരണത്തിനായി സാഹിത്യം ജനതയെ സ്വാധീനിക്കുകയും ചെയ്യുന്നു. അതിനാലാണ് ഭാഷാസമർത്ഥരും കാഥികരും ജനായത്ത സമൂഹത്തിൽ ഇതരകലാകാരന്മാരേക്കാൾ കൂടുതൽ സ്വീകാര്യരാകുന്നത്. മറ്റുള്ളവരേക്കാൾ സ്ഥാനം അക്കാദമികളും അവാർഡുകളും കൊണ്ട്​ കാഥികർക്കു കിട്ടുന്നു അവിടെ.

ജനസമ്മതിയുടെ ജനായത്ത മാധ്യമം കൂടിയാണ് സാഹിത്യം. / Photo : Lady In Red, pinterest.com

ജനായത്തവിരുദ്ധമായ ഭരണക്രമമായാലും അതിനെ ആയുധംകൊണ്ടു മാത്രം നിലനിർത്തുക സാധ്യമല്ലാത്തതിനാൽ ആയുധപ്രയോഗത്തെ നീതീകരിച്ച്​ജനസമ്മതി സൃഷ്ടിക്കുന്നതിന്​ ഭാഷാസാധ്യതയുടെ കലാരൂപമായ സാഹിത്യത്തെ ആശ്രയിക്കേണ്ടതുണ്ട്. അതായത്​, ജനസമ്മതിയുടെ ജനായത്ത മാധ്യമം കൂടിയാണ് സാഹിത്യം. അത് മനുഷ്യസമൂഹം നാഗരികതയായി സംഘടിപ്പിക്കപ്പെട്ടപ്പോൾ വാമൊഴിയിൽ നിന്ന്​ വരമൊഴിയിലേക്കു പ്രവേശിക്കുകയും, കുറേക്കൂടി ഗൗരവമായി ഭാഷയുടെ സാധ്യതകളെ തിരഞ്ഞുകൊണ്ട് കൂടുതൽ പരോക്ഷമായി ജനസമ്മതിക്കുവേണ്ടി സമൂഹത്തിൽ ഇടപെടുകയും ചെയ്തു.

അക്കാലമത്രയും പദ്യരൂപത്തിൽ സമാന്യജനതയിൽ സ്ഥാനമുറപ്പിച്ചിരുന്ന സാഹിത്യം അച്ചടിയുടെയും ആധുനിക ജനായത്തത്തിന്റെയും വരവോടെ ഗദ്യത്തിലേക്കു പ്രവേശിച്ച്​ ബ്രഹത് ആഖ്യാനങ്ങളായി, ജനകീയമായി മാറി. അച്ചടി, ഗദ്യകഥനം പ്രത്യേകിച്ച്​ നോവൽ, സാർവ്വത്രിക വിദ്യാഭ്യാസം, ആധുനിക ജനായത്തം ഇവ നാലും വളരുന്നതു പരസ്പരം പരിപോഷിപ്പിച്ചുകൊണ്ടാണ്.

അപ്പുണ്ണി ഉപേക്ഷിച്ചു പോയ വയലുകൾ അന്നത്തെ ഒമ്പതു ലക്ഷം ഹെക്ടറിൽ നിന്ന്​ രണ്ടു ലക്ഷം ഹെക്ടറായി ഇല്ലാതാക്കപ്പെട്ടു. കോളനി ഭരണം കാർഷിക വികസനമെന്ന പേരിൽ കേരളത്തിനു സംഭാവന ചെയ്ത പരിഷ്‌ക്കരണത്തിന്റെ പരിണതിയാണിത്.

ജീവിതാവസ്ഥകളെ യാഥാർത്ഥ്യങ്ങളിൽ നിന്ന്​ ഭാവനാപരമായി പുനഃസൃഷ്ടിച്ചുകൊണ്ട് തങ്ങൾ അവതരിപ്പിക്കുന്ന ലോകത്തിന്റെ ജനസമ്മതിക്കുവേണ്ടി എഴുത്തുകാർ ആധുനിക ജനായത്തത്തിൽ പ്രവർത്തിക്കുന്നു. ജീവിതചിത്രീകരണത്തിലൂടെ കൃതികൾ അവ പിന്തുണയ്ക്കുന്ന സാമൂഹികാവസ്ഥക്കുവേണ്ടിയുള്ള വാദഗതികൾ മുന്നോട്ടുവെയ്ക്കുകയും അതുവഴി ജനസമ്മതി വർദ്ധിപ്പിക്കുയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ കൃതികൾ ജനായത്ത പ്രക്രിയയിൽ ഇടപെടുന്നില്ല എന്നു തോന്നിയാലും രാഷ്ട്രീയത്തിൽ ഇടപെടുന്നതിന്റെ ചില സൂചനകൾ അവയിൽ കാണാനാവും. അതായത് സമൂഹം എന്താണോ ആഗ്രഹിക്കേണ്ടത്, അതിലേക്കുള്ള ജനസമ്മതി ഉണ്ടാക്കിയെടുക്കുന്നതിനു സാഹിത്യം പ്രവർത്തിക്കുന്നു. വരാനിരിക്കുന്ന ഒരു കാലത്തിലേക്കു സമൂഹത്തിന്റെ സമ്മതി സമൂഹം അറിയാതെതന്നെ രൂപപ്പെടുത്തുന്നതിന്​ സാഹിത്യം പ്രയോജനപ്പെടുന്നു. സമൂഹത്തിന്റെ സ്വപ്നങ്ങളുടെ നിർമാണത്തിൽ സാഹിത്യം ഇടപെടുന്നു. ജനായത്ത സാമൂഹ്യക്രമത്തിൽ മറ്റേതൊരു ഭരണക്രമത്തെക്കാളും ജനസമ്മതി ഏറ്റവും പ്രധാനമാകയാൽ ഇതിൽ സാഹിത്യത്തിന് കാര്യമായ സംഭാവന ചെയ്യേണ്ടതുണ്ട്. പക്ഷേ ഈ ജനസമ്മതത്തെ നിർമ്മിക്കുന്നതിലുള്ള സാഹിത്യസംഭാവന ഏറ്റവും കലാത്മകമായിട്ടുള്ള കൃതികൾക്കേ ഭംഗിയായി നിർവ്വഹിക്കാൻ കഴിയൂ. പ്രത്യക്ഷത്തിൽ ജനസമ്മതിക്കുവേണ്ടി പ്രയത്‌നിക്കുന്നതായി തോന്നിപ്പിക്കാത്തവിധം അവ ലക്ഷ്യങ്ങളെ നിർവ്വഹിക്കുന്നു.

Photo : Fb Page, Rafeekpattery

ഒരു രചന സ്വീകാര്യമാകണമെങ്കിൽ അതു മുന്നോട്ടുവെയ്ക്കുന്ന ആശയപരിസരത്തെ ഉൾക്കൊള്ളാൻ പ്രാപ്തമായ ഒരുവിഭാഗം അതോടൊപ്പം തന്നെ ഉരുത്തിരിയുന്നുണ്ടാകും. നിലവിലുള്ള സാമൂഹ്യാവസ്ഥയിൽ മേൽക്കൈ നേടുന്ന ആശയങ്ങളെ കലാപരമായി പുനഃസൃഷ്ടിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ആകുന്ന വിധത്തിൽ സാഹിത്യം/കല സംവാദമണ്ഡലത്തിൽ ഇടപെടുകയും ജനസമ്മതിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഉദാഹരണമായി 1980 കളുടെ അവസാനം മുതൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്​ ചർച്ചയാകുകയും ഹിന്ദുത്വ ആശയങ്ങൾ പ്രബലമാകുകയും, തുടർന്ന്​ സംവരണവിരുദ്ധത ആഞ്ഞടിക്കുകയും ചെയ്ത കാലത്താണ് മലയാളത്തിൽ ‘ആര്യൻ' മുതലായ സിനിമകളിൽ, ദാരിദ്ര്യം കൊണ്ട്​ പൊറുതിമുട്ടിയ സവർണ യുവാക്കൾ തൊഴിൽ തേടി മറുനാട്ടിലെത്തി, അനധികൃതമായി പണം സംമ്പാദിച്ച്​, നാട്ടിൽ തിരികെയെത്തുന്ന സിനിമകൾ വരുന്നത്. ഇത്തരം കഥകൾ ജനായത്ത പ്രക്രിയയിൽ ഇടപെടുന്നത്, സാമ്പത്തിക സംവരണം എന്ന ആവശ്യത്തിലേക്ക്​ സമൂഹസമ്മതിയെ എത്തിക്കുന്നതിനാണ്. സംവരണവിരുദ്ധമായ ആശയമണ്ഡലത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരു സമൂഹം ശക്തിപ്പെട്ടു വരുന്നതുകൊണ്ടാണ് ഇത്തരം കഥകളും ഉണ്ടാകുന്നത്. ഇപ്പോൾ കേരളത്തിൽ കെ റെയിൽ ചർച്ച വന്നപ്പോൾ അതിനെതിരെ കെ.ജി.ശങ്കരപ്പിള്ളയും മറ്റും കവിതയെഴുതുകയുണ്ടായി. ഇതും ഈവിധം ആ പദ്ധതിയെ ചെറുക്കുന്ന സാമൂഹത്തിന്റെ പക്ഷത്തുനിന്ന്​ ജനസമ്മതിക്കുള്ള ജനായത്തസംവാദത്തിന്റെ മാർഗമായി കാണാം.

കേരളസമൂഹം ശിഥിലമാക്കാൻ വെമ്പുന്ന സാമൂഹ്യഘടനെയപ്പറ്റിയാണ് നാലുകെട്ട്​ പറയുന്നത്. രണ്ടാമതായി, ശൈഥില്യത്തിന്റെ ഈ ആഖ്യാനം നിർവ്വഹിക്കുന്നതാകട്ടെ അതുവരെ മലയാള സാഹിത്യം നോക്കിയിട്ടില്ലാത്ത ഒരു വശത്തുനിന്നുമാണ്.

ഇതേപോലെ, എം.ടി. വാസുദേവൻ നായരുടെ നാലുകെട്ട് എന്ന നോവൽ നമ്മുടെ രാഷ്ട്രീയ നിശ്ചയങ്ങളുടെ ജനസമ്മതിയിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്. കേരള സമൂഹത്തിന്റെ ഭാവി സ്വപ്നങ്ങളുടെ നിർമാണത്തിൽ സാഹിത്യം എങ്ങനെ ഇടപെടുന്നു എന്നതിനുദാഹരണമായി നാലുകെട്ടിലെ ചില സൂചനകളെ നമുക്കു വായിക്കാനാവും. ഇത്തരം ഒരു വായന കൊണ്ട്​ ലക്ഷ്യമാക്കുന്നത്​, നാലുകെട്ടിന്റെ കലാപരമായ ഉയർന്ന മൂല്യത്തെയും അതിനു കിട്ടിയ ആദരവിനെയും നിഷേധിക്കലല്ല. കേരളത്തിന്റെ ജനായത്ത പ്രക്രിയയിൽ നാലുകെട്ട് എന്ന നോവൽ വഴിയുണ്ടാകുന്ന ജനസമ്മതിയുടെ ഒരുവശത്തെ അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നത്. എഴുത്തുകാരന്റെ ലക്ഷ്യം അത്തരം ഒരു ജനസമ്മതി നേടിയെടുക്കുക എന്നതുമല്ല. എന്നാൽ, ഒരു വായനക്കാരിൽ നോവൽ സൃഷ്ടിക്കുന്ന ആശയസമ്മർദ്ദത്തെ തിരയുന്നതിന്​ എഴുത്തുകാരൻ തടസ്സവുമല്ല. ഒരുപക്ഷേ കൃതിയും വായനക്കാരുടെ അബോധ ലോകവും തമ്മിലുള്ള സവിശേഷമായ സംവാദവുമാകാം ഇത്. ​

ആര്യൻ സിനിമയിൽ നിന്നുള്ള രംഗം ​

നാലുകെട്ട് എന്ന പേരു തന്നെ ഒരു ആവാസരൂപത്തെയും അതു പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യക്രമത്തെയും കാണിക്കുന്നു. ഒരു സാമൂഹ്യഘടനയുടെ ആഖ്യാനമായതുകൊണ്ടാണ് ഈ പേരുതന്നെ നോവലിനു വന്നുചേർന്നത്. കേരളസമൂഹം ശിഥിലമാക്കാൻ വെമ്പുന്ന സാമൂഹ്യഘടനെയപ്പറ്റിയാണ് നാലുകെട്ട്​ പറയുന്നത്. രണ്ടാമതായി, ശൈഥില്യത്തിന്റെ ഈ ആഖ്യാനം നിർവ്വഹിക്കുന്നതാകട്ടെ അതുവരെ മലയാള സാഹിത്യം നോക്കിയിട്ടില്ലാത്ത ഒരു വശത്തുനിന്നുമാണ്. തകഴി തുടങ്ങിയ നവോത്ഥാന കാഥികന്മാരിൽ നിന്ന്​വ്യത്യസ്തമായി സാമൂഹികപക്ഷ ശൈലി ഉപേക്ഷിച്ച്​ പകരം, തികച്ചും ആത്മകഥാപരവും മാനസിക സംഘർഷങ്ങൾക്കു മുൻതൂക്കം നൽകുന്നതുമായ ശൈലിയിലാണ് കഥ പറയുന്നത്. അതായത്​, ആഖ്യാനത്തിലും ഉള്ളടക്കത്തിലും സാമൂഹികാനുഭവത്തെ പാടെ തള്ളിക്കളഞ്ഞ്​, അതുവഴി രാഷ്ട്രീയഘടനയെ നിരാകരിക്കുന്നതാണ് നാലുകെട്ടിന്റെ രൂപവും ഭാവവും. അതിനു പകരം വ്യക്തിയും അയാളെ പൊതിയുന്ന കുടുംബഘടനയും തമ്മിലുള്ള സംഘട്ടനമാണ് നോവൽ. നാലുകെട്ട്​ എന്ന ഗാർഹികബന്ധ ജീർണതയോട്​ വ്യക്തി നടത്തുന്ന ഏറ്റുമുട്ടലാണത്. ഇത്തരം അവതരണരീതി സ്വീകരിച്ച്​, വ്യക്തിക്കു പ്രാധാന്യം നൽകുന്ന പുതിയ സാമൂഹ്യക്രമത്തിന്റെ ജനസമ്മതിക്കായി നോവൽ നിലകൊള്ളുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. നോവൽ നമ്മിലെ സ്വകാര്യവ്യക്തിയുമായുള്ള കഥാഖ്യാനമായി തീരുകയും, അതുവരെ മറ്റൊരു കഥാപാത്രത്തിനും കിട്ടാത്ത താദാത്മ്യം അപ്പുണ്ണി നേടുകയും ചെയ്യുന്നു. തന്റെ ലോകത്തെ തന്നിലൂടെ മാത്രം നോക്കിക്കാണുന്നതിനുള്ള ആത്മനിഷ്ഠമായ പരിശീലനം കൊതിക്കുന്ന വ്യക്തികളുടെ സമൂഹത്തിലേക്കാണ് നാലുകെട്ട് എത്തുന്നത്.
‘‘വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പിടിച്ചുകൊണ്ടു നില്ക്കാം. ‘ആരെടാ' എന്നു ചോദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: ഞാനാണ്, കോന്തുണ്ണിനായരുടെ മകൻ അപ്പുണ്ണി.’’ നോവൽ തുടങ്ങുന്ന ഈ ആദ്യഖണ്ഡിക അപ്പുണ്ണിക്കു മാത്രമല്ല, വായിക്കുന്ന ആർക്കും പേരുമാറ്റി ഉപയോഗിക്കാവുന്നതത്രേ. അവിടെ അച്ഛന്റെ പേരിൽ അറിയപ്പെടാൻ വെമ്പുന്ന ആൺപിറന്നവനുണ്ട്. തറവാട്ടുപേരിനെ അയാൾ തട്ടിക്കളഞ്ഞിരിക്കുന്നു. കാരണം കുടുംബവ്യവസ്ഥയല്ല, അതിനെ കവച്ചുനിൽക്കുന്ന വ്യക്തിയാണിനി പ്രധാനം.

നാലുകെട്ട് എന്ന പേരു തന്നെ ഒരു ആവാസരൂപത്തെയും അതു പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യക്രമത്തെയും കാണിക്കുന്നു. / Photo : P. Krishnadas, Fb Page

1958 ലാണ് നാലുകെട്ട് പുറത്തിറങ്ങുന്നത്.
അന്ന് കേരളത്തിലെ ഏറ്റവും സജീവമായ രാഷ്ട്രീയ വിഷയം ഭൂപരിഷ്‌ക്കരണ നിയമമായിരുന്നു. പക്ഷേ, ഇതേപ്പറ്റി യാതൊന്നും നമുക്ക് നാലുകെട്ടിൽ കാണാനാവില്ലെങ്കിലും നോവലിന്റെ മൊത്തം അവതരണത്തിൽ നിന്ന്​ഭൂപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചില ആശയങ്ങളെ ചികഞ്ഞെടുക്കാനാകും. നാലുകെട്ടിലെ നായകൻ തന്റെ ആവാസ വ്യവസ്ഥയെ വിട്ട് മറ്റൊരു ആവാസ വ്യവസ്ഥയിലേക്കു ചേക്കേറുന്നത്​ കഥയിൽ നാം കാണുന്നു. ആദ്യത്തെ ആവാസ വ്യവസ്ഥ അയാളുടെ നാട്ടിൻപുറമാണ്. നാലുകെട്ടും അതിനെ ചുറ്റുന്ന വയലുകളും കാവുകളും പുഴയും അതിന്റെ മണലിൽ വേനൽക്കാലത്തെ കൊണ്ടൽ കൃഷിയുമുള്ള കാർഷികസമ്പദ്ഘടനയാണീ വ്യവസ്ഥ. കഥയുടെ ഒടുവിൽ അപ്പുണ്ണി എത്തിച്ചേരുന്നതാകട്ടെ കിഴക്ക് വയനാട്ടിലെ ഒരു തേയിലത്തോട്ടത്തിലേക്കാണ്. രണ്ടു സമ്പദ്ഘടനകളെ മുഖാമുഖം നിർത്തിയിരിക്കുകയാണ് നോവലിൽ. ഒന്ന് തകരുന്നതും മറ്റൊന്നു വളരുന്നതും.

മറ്റൊരു കാർഷിക സമ്പദ്​വ്യവസ്ഥയിലേക്ക്​ മലയാളി സമൂഹത്തെ പരിവർത്തിപ്പിക്കുന്ന കാലത്തിന്റെ സ്പന്ദനം ചെവിയോർത്താൽ നാലുകെട്ടിലുണ്ട്. അത് വർത്തമാന സംഘർഷവും വരാനിരിക്കുന്ന നാളെയുമാണ്.

ഭൂപരിഷ്‌ക്കരണം ബാധിക്കുന്ന ഇടത്തിൽ നിന്ന്​ ഭൂപരിഷ്‌ക്കരണം കടന്നുവരാത്ത ഇടത്തിലേക്കാണ് നാലുകെട്ടിലെ നായകൻ എത്തുന്നത്. അങ്ങനെയാണയാൾ രക്ഷപ്പെടുന്നതും. നാട്ടിലെ വയലും പറമ്പുമെല്ലാം ആളോഹരി വീതംവെയ്ക്കപ്പെടുകയും കൂട്ടുകുടുംബവ്യവസ്ഥ ശിഥിലമാകുകയും പഴയ തറവാട്ടു ജീവിതം പട്ടിണിയും പരിവട്ടവും ശ്വാസംമുട്ടലുമായി പൂതലിക്കുകയും കാർഷിക-ഭൂപരിഷ്‌ക്കരണം പടിവാതിൽക്കൽ എത്തുകയും ചെയ്ത ദശാസന്ധിയിൽ, മുങ്ങിത്താഴുന്ന ഈ കപ്പലിൽ നിന്ന്​ അപ്പുണ്ണി നീന്തിയെത്തുന്നത്​ വയനാട്ടിലെ ചായത്തോട്ടത്തിലാണ്. പരമ്പരാഗത ഉപജീവനമാർഗമായ പ്രാദേശിക കാർഷികോല്പാദന സ്ഥലിയിൽ നിന്ന്​ ആധുനികമായ കാർഷിക വ്യവസായ ഭൂമികയിലേക്കുള്ള കേരളത്തിന്റെ മാറ്റമാണിത്. പ്രാദേശിക ഭക്ഷ്യോല്പാദനവും അതിന്റെ ഭാഗമായ തൊഴിലും അതിനാധാരമായ വയൽ സമ്പദ്ഘടനയും പിൻവാങ്ങുന്നു. അതിനു പകരം, പുതിയ കാർഷികോല്പാദന സമ്പദ്ഘടന അധികാരം നേടുന്നു. അത് പ്രാദേശികമായ ഉല്പാദനത്തിന്റെയും തൊഴിലിന്റെയും വിച്ഛേദനമത്രേ. അതിൽ പണിയെടുക്കുന്നവർ അന്നാട്ടുകാരല്ല. അതിന്റെ ഉടമയും നാട്ടുകാരല്ല. അതിന്റെ ഉപഭോഗവും പ്രാദേശികമല്ല. ഇങ്ങനെ മറ്റൊരു കാർഷിക സമ്പദ്​വ്യവസ്ഥയിലേക്ക്​ മലയാളിസമൂഹത്തെ പരിവർത്തിപ്പിക്കുന്ന കാലത്തിന്റെ സ്പന്ദനം ചെവിയോർത്താൽ നാലുകെട്ടിലുണ്ട്. അത് വർത്തമാന സംഘർഷവും വരാനിരിക്കുന്ന നാളെയുമാണ്. അതിലേക്കുള്ള മനസമ്മതത്തിന്റെ അൾത്താരയിലാണ് നാലുകെട്ടിൽ നാം നിൽക്കുന്നത്. ഇപ്രകാരം നാലുകെട്ട് നമ്മുടെ ജനായത്ത സംവാദത്തിൽ അപ്പുണ്ണിയായി ഇടപെടുന്നു.

നെൽവയലിനെയും തേയിലത്തോട്ടത്തെയും മുഖാമുഖം നിർത്തി കേരളത്തിന്റെ സാമ്പത്തിക സംക്രമണത്തിലേക്കു കൂടി നാലുകെട്ട്​ കടക്കുന്നു. ഒന്നാമത്തേത് ഭൂപരിഷ്‌ക്കരണത്താൽ തുണ്ടുകളായി മാറിയെങ്കിൽ, രണ്ടാമത്തേത് പലതുണ്ടുകളെ ഒന്നാക്കി മാറ്റി ഏക്കറു കണക്കിനു തോട്ടംഭൂമി രൂപം കെള്ളുന്നു. ഒന്നാമത്തേത് അടിമത്തത്തിന്റെയും, കൂലി നെല്ലായി കിട്ടുന്ന ചൂഷണത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യമില്ലായ്മയുടെയും, ദാരിദ്ര്യത്തിന്റെയും ഗ്രാമഭൂമിയാണ്. തറവാടു ഭാഗംവെയ്ക്കണമെന്ന്​ വാശിപിടിച്ച കുട്ടൻനായരെപ്പറ്റി നോവലിൽ എഴുതിയിരിക്കുന്നതു നോക്കുക: ‘പതിനഞ്ചോ പതിനാറോ വയസ്സിൽ പാടത്തിറങ്ങാൻ തുടങ്ങിയതാണയാൾ. ഇരുപതിലേറെ കൊല്ലമായി അദ്ധ്വാനിക്കാൻ തുടങ്ങിയിട്ട്. എന്നിട്ടിപ്പോഴും നല്ല ഒരു മുണ്ടു ചുറ്റാനില്ല. പുറത്തുനിന്ന് ഒരു കോപ്പ ചായ കുടിക്കണമെങ്കിൽ കാശില്ല. കൊല്ലത്തിൽ നാലുമുണ്ടും രണ്ടുതോർത്തും അഞ്ചുപറ നെല്ലുമാണ് കൂലി. പടിയ്ക്കൽ പണിചെയ്യുന്ന ചെറുമക്കൾക്ക് ഓണവും വിഷുവും തിരുവാതിരയും വന്നാൽ അളവുണ്ട്. അവരുടെ സ്ഥിതി ഭേദമാണെന്നയാൾക്കു തോന്നി.'

അടുത്ത സന്ദർഭത്തിൽ, തറവാട് ഭാഗംവെയ്ക്കുന്നതിനെപ്പറ്റി സംസാരിക്കാൻ വന്ന അധികാരിയോട് കുട്ടൻനായർ ഇങ്ങനെ പരാതിപ്പെടുന്നു: ‘കോണുടുത്തു നടക്ക്ണ കാലത്തു തൊടങ്ങീതാ ഞാൻ പണി പേറാൻ. ന്നിട്ടു നിക്കെന്തു തേങ്ങാക്കൊലയാ കിട്ടീത്? കൊല്ലത്തിലു നാലുമുണ്ടും അഞ്ചുപറനെല്ലും! അധികാരി കേൾക്കണം. വല്ല്യോന്റീം അട്ക്കളേല് കൊള്ള്യുന്താൻ പോയിരുന്നെങ്കിൽ ഇതിലധികം കിട്ടീർന്നില്ലേ?..... ചെറമനെപ്പോലെ പണിട്ക്ക്വാ, ന്നിട്ടോ, പുഴുത്ത പട്ടിക്കു സമം. ഞാനൊറ്റക്കാണേൽ എന്തെങ്കിലും അദ്ധ്വാനിച്ചാൽ അതു കാണ്വല്ലോ.'

Photo : Unsplash.com

ചെറുമരേക്കാൾ മോശമായ അടിമത്തം പേറുന്നവരാണ് തങ്ങൾ എന്ന സ്വയംബോധത്തിലേക്ക്​ കേരളത്തിലെ ഇടത്തട്ടു നായർ ‘വ്യക്തി'സമൂഹം എത്തുകയാണിവിടെ. അവർക്കു വേണ്ടത് അവരുടെ അധ്വാനത്തിന്​ വില കണ്ട്​അതു നാണയരൂപത്തിൽ കിട്ടുന്ന സമ്പദ്ഘടനയിലേക്കുള്ള യാത്രയാണ്. അതിൽ കുട്ടൻനായർ വിജയിച്ചില്ലെങ്കിലും പത്താംതരം പാസായ അപ്പുണ്ണി വിജയിച്ചു.

അപ്പുണ്ണിക്ക്​ ജോലി കിട്ടുന്നത്​ വയനാട്ടിലെ സായ്പിന്റെ തേയിലത്തോട്ടത്തിൽ ഫീൽഡ്​ റൈറ്റർ ആയിട്ടാണ്. 1958 ലാണ്​ നോവൽ പുറത്തുവരുന്നതെങ്കിലും, യൂറോപ്യൻ മുതലാളിമാർ കേരളത്തിൽ തോട്ടമുടമകളായ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലമാണ് കഥയിലുള്ളത്. യൂറോപ്യൻ യജമാനരുടെ തോട്ടങ്ങളിൽ നാട്ടിലെപ്പോലെ നെല്ലായിട്ടല്ല, കൂലി നാണയമായി കിട്ടുന്നു. (ഇതേപ്പറ്റി അപ്പുണ്ണി: ‘മാസത്തിൽ നൂറ്റിനാല്പത്തഞ്ചുറുപ്പിക! ജീവിതത്തിൽ ഒരു നൂറിന്റെ നോട്ടു കണ്ടിട്ടില്ല.' അപ്പുണ്ണിയുടെ ഈ ഭാഗ്യവും ‘പുറത്തുനിന്ന് ഒരു കോപ്പ ചായ കുടിക്കണമെങ്കിൽ കാശില്ല' എന്ന്​ അധികാരിയോടു പരിതപിക്കുന്ന കുട്ടൻനായരുടെ കഷ്ടസ്ഥിതിയും ഓർത്തുനോക്കുക).

പ്രാദേശിക ഭൂമിയുമായുള്ള ബന്ധനത്തിൽ നിന്ന്​ മനുഷ്യരെ മോചിപ്പിച്ച്​, സ്വതന്ത്രമായി തങ്ങളുടെ അധ്വാനം വിൽക്കാൻ അവസരം കൊടുത്ത്​, പ്രതിഫലമായി പണം കൊടുക്കുന്ന പ്ലാന്റേഷനാണത്. ഇവിടെനിന്ന്​ സമ്പാദിച്ച പണം കൊണ്ടുവന്നിട്ടാണ് അപ്പുണ്ണി നാലായിരം രൂപയ്ക്ക്​ നാലുകെട്ടു വാങ്ങി അതു പൊളിച്ച്​ ‘കാറ്റും വെളിച്ചവും കടക്കുന്ന' പുതിയ വീടുവെയ്ക്കാൻ ഒരുങ്ങുന്നത്. എന്നാൽ പുറംലോകത്തേക്കു പോയി അധ്വാനം വിൽക്കാൻ സാധിക്കാത്ത അമ്മാവന്മാരാകട്ടെ, പഴയ വയൽസമ്പത്ത് വ്യവസ്ഥയെ കെട്ടിപ്പിടിക്കുന്നതിനാൽ ജീർണ്ണതയോടടുക്കുന്നു. അങ്ങനെ അമ്മാവന്മാർ വയലിന്റെയും കൂലിയില്ലാവേലയുടെയും വ്യക്തിത്വവികാസമില്ലായ്മയുടെയും പാരമ്പര്യ കെട്ടുപാടുകളുടെയും പ്രതിനിധികളായി നിൽക്കുന്നു. അപ്പുണ്ണിയാകട്ടെ ആ സമ്പത്ത് വ്യവസ്ഥയെ തന്നെ ധിക്കരിച്ച്​ മാസശമ്പളത്തിന്റെ പ്ലാന്റേഷനിലേക്കു ചെന്നുചേരുന്നു. ഇത് കേരളത്തിന്റെ സാമ്പത്തിക പുരോഗതി എങ്ങനെയാകണം എന്ന് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉരുത്തിരിയുന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുണ്ട്.

തോട്ടങ്ങളിലേക്കുള്ള കൂടുമാറ്റം അപ്പുണ്ണിയെപ്പോലുള്ളവർക്ക്​ അവരുടെ സാമൂഹ്യപദവി നിലനിർത്തുന്നതിനുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയെങ്കിലും, കൂലിവേലക്കാരായ തോട്ടം തൊഴിലാളികൾ തുച്ഛ കൂലിക്കാരായി കുടുസു ലായങ്ങളിൽ അവകാശങ്ങൾ പലതും നിഷേധിക്കപ്പട്ടവരായി കഴിയുന്നതുകാണാം

പ്രാദേശിക ഉപഭോഗത്തിനുവേണ്ട ഭക്ഷ്യവിളകളെ കേന്ദ്രമാക്കിയ ഉല്പാദനരീതിക്കു പകരം, വിദേശ മാർക്കറ്റിനു വേണ്ട കയറ്റുമതി വിഭവങ്ങൾ ഉല്പാദിപ്പിക്കുന്നതും അതുവഴി വിദേശനാണ്യം കിട്ടുന്നതുമായ വ്യാവസായിക കൃഷിരീതിയാണ്​പുരോഗതിയുടെ മാതൃക എന്ന കാഴ്ചപ്പാടാണിത്. കേരള വികസനത്തെപ്പറ്റി കോളനി ഭരണവ്യവസ്ഥ നിർമിച്ചെടുത്തതാണീ മനോഗതി. അതിനെ ഏറ്റവും പുരോഗമനപരമെന്നാണ് ഇന്നും നമ്മൾ കരുതുന്നതും. ഭൂപരിഷ്‌ക്കരണ നിയമത്തിൽ കൈവശം വെയ്ക്കാവുന്ന ഭൂമിക്ക്​ പരിധി ഏർപ്പെടുത്തിയപ്പോൾ തോട്ടം മേഖലയെ ഈ പരിധിയിൽനിന്ന്​ ഒഴിവാക്കിയതിന്​ കാരണമിതാണ്. തോട്ടങ്ങളെ സാമ്പത്തികോന്നമനത്തിന്റെയും ആധുനിക തൊഴിലാളിവർഗത്തിന്റെ കൂലിവേലാ സാധ്യതയുടെയും പുതിയ കാർഷിക വ്യവസായ ഭൂമികളായിട്ടാണ് നമ്മൾ കണ്ടത്.

ഇന്ന്​ തിരിഞ്ഞുനോക്കുമ്പോൾ തോട്ടങ്ങളിലേക്കുള്ള കൂടുമാറ്റം അപ്പുണ്ണിയെപ്പോലുള്ളവർക്ക്​ അവരുടെ സാമൂഹ്യപദവി നിലനിർത്തുന്നതിനുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയെങ്കിലും, കൂലിവേലക്കാരായ തോട്ടം തൊഴിലാളികൾ തുച്ഛ കൂലിക്കാരായി കുടുസു ലായങ്ങളിൽ അവകാശങ്ങൾ പലതും നിഷേധിക്കപ്പട്ടവരായി കഴിയുന്നതുകാണാം. തന്നെയുമല്ല തോട്ടങ്ങൾ, അവ തേയിലയാകട്ടെ, റബ്ബറാകട്ടെ പഴയ പ്രതാപം നഷ്ടപ്പെട്ട സ്ഥിതിയിലുമാണിന്ന്. ഇതുകൂടാതെ അഞ്ചു ലക്ഷം ഏക്കറോളം പൊതുഭൂമി തോട്ടങ്ങളെന്ന പേരിൽ സ്വകാര്യവ്യക്തികൾ ഇപ്പോഴും കയ്യടക്കി വെച്ചിരിക്കുന്നു. ഇപ്രകാരം തോട്ടംസമ്പദ്ഘടന തന്നെ പ്രതിസന്ധിയിലായപ്പോൾ, അവിടെ ടൂറിസവും മറ്റും പ്രോത്സാഹിപ്പിക്കുന്നതിനായി ഭൂമി തരം മാറ്റുന്നതിനും നിയമപരിരക്ഷയും വന്നിരിക്കുന്നു.

തോട്ടങ്ങളിലേക്കുള്ള കൂടുമാറ്റം സാമൂഹ്യപദവി നിലനിർത്തുന്നതിനുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയെങ്കിലും, കൂലിവേലക്കാരായ തോട്ടം തൊഴിലാളികൾ തുച്ഛ കൂലിക്കാരായി കുടുസു ലായങ്ങളിൽ അവകാശങ്ങൾ പലതും നിഷേധിക്കപ്പട്ടവരായി കഴിയുന്ന അവസ്ഥയുണ്ടാക്കി. / Photo : Unsplash.com ​

മറുവശത്ത് അപ്പുണ്ണി ഉപേക്ഷിച്ചു പോയ വയലുകൾ അന്നത്തെ ഒമ്പതു ലക്ഷം ഹെക്ടറിൽ നിന്ന്​ രണ്ടു ലക്ഷം ഹെക്ടറായി ഇല്ലാതാക്കപ്പെടുകയും ചെയ്തു. കോളനി ഭരണം കാർഷിക വികസനമെന്ന പേരിൽ കേരളത്തിനു സംഭാവന ചെയ്ത പരിഷ്‌ക്കരണത്തിന്റെ പരിണതിയാണിത്. എന്നാൽ ഇന്നും നാണ്യവിളകളുടെ കാർഷിക- വ്യവസായ മാതൃക വികസന രക്ഷാമാർഗമായി കേരളസമൂഹത്തിൽ ഇടംപിടിക്കുകയും നമ്മളെല്ലാം ഇതിന്റെ ആരാധകരായിത്തീരുകയും ചെയ്തിരിക്കുന്നു. അതിനു നേർവിപരീതമായി കൂലിയില്ലാ വേലയുടെ നാലുകെട്ടുകളെ (നാലതിരിലും വരമ്പുകളുള്ള വയൽകൃഷിയെ) കൈയൊഴിയുകയും ചെയ്തു. പഴയ സാമൂഹ്യബന്ധങ്ങൾക്കൊപ്പം നമ്മൾ ആ ഉല്പാദന ഭൂമികളെയും കാലഹരണപ്പെട്ടവയാക്കി. ഇപ്രകാരം ജീർണ്ണിച്ച ഒരു സാമൂഹ്യഘടനയുടെ ബിംബങ്ങളായി നാലുകെട്ടും പാടങ്ങളും നിൽക്കുന്നു. അവയെ പൊളിച്ചുകളയുക എന്നാൽ പുതിയൊരു നിർമ്മാണ ഘടനയെ സ്വീകരിക്കൽ കൂടിയാണ്. എന്നാൽ നടുമുറ്റവും മറ്റും ആധുനികോത്തരമായ ആർക്കിടെക്ചറിൽ പുതിയ രൂപത്തിൽ ആവിഷ്‌ക്കാരം കണ്ടെത്തുന്നുണ്ട്.

നാലുകെട്ടും അതിനെ താങ്ങിനിർത്തുന്ന പ്രാദേശിക ഭക്ഷ്യോല്പാദനത്തിന്റെ സമ്പദ്ഘടനയും അടിമത്തത്തിന്റെ സാമൂഹ്യാവസ്ഥയുമായി കെട്ടുപിണഞ്ഞു കിടക്കുമ്പോൾ തന്നെ, അതിനെ അതിലംഘിക്കുന്ന സാമൂഹികാധ്വാന സർഗാത്മകതകൾ എന്ന നിലയിലുള്ള സ്ഥാനമാണ് നാമിപ്പോൾ പരതുന്നത്. കാരണം നാലുകെട്ടും വയലും വ്യവസ്ഥയുടെ ആശയങ്ങളിൽ ബന്ധിതമായിരിക്കുമ്പോഴും മനുഷ്യാധ്വാനം, ഭാവന, പ്രാദേശിക പരിസ്ഥിതി, നാട്ടുശാസ്ത്രം എന്നിവയുടെ ഉല്പന്നങ്ങൾ കൂടിയാണ്. എന്നാൽ തോട്ടംകൃഷിയെയാകട്ടെ പരിസ്ഥിതിനാശം, പ്രാദേശിക ഭക്ഷ്യച്ചോർച്ച, തൊഴിൽചൂഷണം, പൊതുഭൂമിയുടെ സ്വകാര്യവൽക്കരണവും കേന്ദ്രീകരണവും, ആഗോളവിപണിയുടെ നിയന്ത്രണം എന്നിവയുടെ രാഷ്ട്രീയഭൂമിയായി നാം കാണുകയുമില്ല. ഇങ്ങനെ ഭൂമിയോടും കൃഷിയോടുമുള്ള മലയാളിയുടെ മാറിവരുന്ന കാഴ്ചപ്പാടിനെകൂടി സാധൂകരിച്ച്​ അതിന്റെ ജനസമ്മതിക്കായി നാലുകെട്ട് പ്രവർത്തിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments