അത്ഭുതാദരങ്ങളോടെ മാത്രം നോക്കിക്കാണാവുന്ന ഒരു ജീവിതമായിരുന്നു എൻ.ഇ. ബാലകൃഷണമാരാരുടേത്. 90 വയസ്സിന്റെ നിറവിലൂടെ അദ്ദേഹമിന്നിപ്പോൾ ജീവിതത്തിൽ നിന്ന് പിൻവാങ്ങിയിരിക്കുന്നു.
കേരളത്തിന്റെ പ്രസാധക ചരിത്രത്തിൽ ഒറ്റയ്ക്ക് പൊരുതി ഒരു സാധാരണ മനുഷ്യൻ നേടിയ സ്ഥാനത്തെ വരുംകാലത്തിന് തെല്ലൊരു വിസ്മയത്തോടെ മാത്രമേ ഓർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. തയ്യാറെടുപ്പുകളൊന്നും തന്നെയില്ലാതെയും കഠിനാദ്ധ്വാനംകൊണ്ട് ഒരാൾക്ക് അസാധാരണ നേട്ടം നേടിയെടുക്കുവാൻ സാധിക്കും എന്നോർമിപ്പിക്കുന്ന ആ ജീവിതം അദ്ദേഹം തന്നെ ‘കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അത്യുത്സാഹിയും അതിസാഹസികനുമായ ഒരു സാധാരണക്കാരന്റെ അതിശയിപ്പിക്കുന്ന ജീവിതകഥയാണത്. പത്രവില്പനയിലൂടെ തുടങ്ങി പുസ്തക വില്പനയിലൂടെ വളർന്ന് പ്രസാധകനും കോഴിക്കോട് നഗരത്തിലെ വലിയൊരു സാംസ്‌കാരിക സാന്നിധ്യവുമായി മാറിയ ഒരു ജീവിതം. അത് വിശദമായറിയാൻ ആ പുസ്തകം തന്നെ വായിക്കുക.
എന്നാൽ, അങ്ങനെയൊരാൾ ഇവിടെ അവശേഷിപ്പിച്ചു പോകുന്നത് എന്ത് എന്ന ഒരന്വേഷണത്തിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. കാരണം മലയാളത്തിന്റെ പുസ്തക വിതരണ - പ്രസാധന ചരിത്രത്തിലും ബാലകൃഷ്ണമാരാർക്ക് തുല്യനായി മറ്റൊരാളെ കണ്ടെത്തുക പ്രയാസം. അദ്ദേഹം സഞ്ചരിച്ച വഴിയും കാലവും നേടിയ നേട്ടങ്ങളും അത്രമാത്രം സമാനതകളില്ലാത്തതായിരുന്നു.
അല്പം പശ്ചാത്തലം
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ലോകത്തിലെ പുസ്തക പ്രസാധന / വിപണനരംഗത്ത് കുടുംബവ്യവസായവും ഒറ്റയാൻ നേതൃത്വങ്ങളും മേൽക്കോയ്മ നിലനിർത്തി. ഇന്ന് ലോകപ്രശസ്തങ്ങളായ ആഗോള പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് വലിയ നിശ്ചയദാർഢ്യവും
കർമ്മകുശലതയും മാത്രം കൈമുതലുണ്ടായിരുന്ന ചില വ്യക്തികളാണ്. ഈയടുത്ത കാലത്താണ് ആഗോളതലത്തിൽ ഇതിനൊരു മാറ്റം വന്നത്.
പാശ്ചാത്യപ്രസാധകരംഗത്തന്നപോലെ ഏഷ്യൻ രാജ്യങ്ങളിലെ പ്രാദേശിക ഭാഷാപ്രസാധകരംഗത്തും ഇതേ സ്വഭാവം നമുക്ക് കാണാം. ഒരുവേള, പ്രാദേശിക ഭാഷകളിൽ അത്തരം സംരംഭങ്ങൾ മാത്രമേ വിജയം കണ്ടിട്ടുള്ളൂ എന്നും പറയാം. കേരളത്തിലെ കാര്യവും മറിച്ചായിരുന്നില്ല. കേരളത്തിൽ ചില കൂട്ടായ്മകൾ -വ്യക്തിപരവും- സഹകരണാടിസ്ഥാനത്തിലുള്ളതുമായവ ആദ്യകാലത്ത് വിജയം കണ്ടിരുന്നു എന്നതൊഴിച്ചാൽ ഇന്നും സജീവമായി മുന്നേറുന്നവയെല്ലാം കുടുംബ കച്ചവടങ്ങളാലും വ്യക്തികളാലും നിയന്ത്രിക്കപ്പെടുന്നവ തന്നെയാണ്.
കേരളത്തിന്റെ എടുത്തു പറയേണ്ടുന്ന മറ്റൊരു സവിശേഷത ആഗോള പ്രസിദ്ധീകരണരംഗവുമായി ആദ്യം മുതലേ ബന്ധം പുലർത്താൻ സാധിച്ചു എന്നതാണ്. 1930-കളിൽ ലണ്ടനിൽ പെൻഗ്വിൻ ബുക്‌സ് തുടങ്ങുമ്പോൾ അലൻ ലെയിനിന്റെ പങ്കാളി നമ്മുടെ വി. കെ. കൃഷ്ണമേനോനായിരുന്നുവല്ലോ. അക്കാലം മുതലേ വിദേശപുസ്തകങ്ങളുമായി പരിചയം നേടിയ നേടിയ ഒരുപറ്റം വായനക്കാരും കേരളത്തിലുണ്ടായിരുന്നു. എന്നാൽ എടുത്തുപറയാവുന്ന പുസ്തകശാലകളും പ്രസിദ്ധീകരണശാലകളും ഉണ്ടായത് അമ്പതുകൾ കഴിഞ്ഞാണ്. അത് ശക്തമായൊരു പോരാട്ടവുമായിരുന്നു. പല ഒറ്റയാന്മാരും അതിന് നേതൃത്വം കൊടുത്തു. അന്ന് തുടക്കം കുറിച്ച കേരള പുസ്തകരംഗത്തെ ഒറ്റയാൻ വിപ്ലവങ്ങളിലെ അവസാന കണ്ണിയാണ് കോഴിക്കോട്ടെ ടൂറിങ് ബുക്‌സ് സ്റ്റാളിന്റെയും പൂർണ പബ്ലിക്കേഷൻസിന്റെയും സ്ഥാപകനായ എൻ. ഇ. ബാലകൃഷ്ണമാരാർ.
സാമ്പത്തികമായി അത്ര കൊതിപ്പിക്കുന്ന ഒന്നായിരുന്നില്ല ഒരുകാലത്തും പുസ്തകവിപണനം. അതേസമയം, ഒരു സാംസ്‌കാരിക ഉത്പന്നം എന്ന തലയെടുപ്പ് അതിനുണ്ടുതാനും. അതുകൊണ്ടുതന്നെ പലരും ആ രംഗത്തേക്കു കടന്നുവരാൻ മടിച്ചു. കേരളത്തിൽ പുസ്തകവ്യാപാരം അത്ര സജീവമല്ലാതിരുന്ന ഒരു കാലത്ത്, പത്രവില്പനയിലൂടെ പുസ്തകവില്പനയിലേക്ക് കടന്നുവന്ന് അതിസാഹസികമായി വലിയ ഉയരങ്ങൾ താണ്ടിയ കർമകുശലനാണ് ബാലകൃഷ്ണമാരാർ. അതിനാവശ്യമായ ബൗദ്ധിക തയ്യാറെടുപ്പുകളൊന്നും ഇല്ലാതിരുന്നിട്ടും പൂർണമായ അർപ്പണബോധത്തോടെയും സ്വയമാർജ്ജിച്ച കൗശലങ്ങളോടെയും ഏറ്റെടുത്ത മേഖലയിലെ കരുത്തനായി മാറിയ ഒറ്റയാൻ തന്നെയാണ് മാരാർ. പുസ്തക വിതരണരംഗത്തെന്നപോലെ മലയാള പ്രസിദ്ധീകരണരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുവാൻ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു. ഇന്നിപ്പോൾ അദ്ദേഹം കൈവെക്കാത്ത ഒരു രംഗവും പുസ്തകവുമായി ബന്ധപ്പെട്ട മേഖലയിലില്ലെന്നുതന്നെ പറയാം.
ബൗദ്ധികവും സർഗ്ഗാത്മകവുമായി ഉയർന്ന തലത്തിൽ വിരാജിക്കുന്ന ഒരുപറ്റം ആളുകളുമായാണ് പൊതുവെ പുസ്തക വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇടപെടേണ്ടിവരിക. അതിൽ എളുപ്പം വിജയം കണ്ടെത്താൻ കഴിഞ്ഞു എന്നതുതന്നെയാണ് മാരാരുടെ മിടുക്ക്. അത്തരം ഇടപെടലുകളെ നല്ല ബന്ധങ്ങളായി വളർത്തി നിലനിർത്തി വ്യാപാരത്തിനനുകൂലമാക്കി പടിപടിയായി മുന്നേറുവാൻ കഴിഞ്ഞു എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. പുസ്തകവ്യാപാരത്തെപ്പറ്റിയോ പബ്ലിഷിങ് ഇൻഡസ്ട്രിയെ പറ്റിയോ ബിസിനസ് നടത്തിപ്പിനെ പറ്റിയോ പണമിടപാടുകളെപ്പറ്റിയോ അവശ്യം ഉണ്ടായിരിക്കേണ്ട കേവല പരിജ്ഞാനം പോലും ഇല്ലാതെയാണ് ബാലകൃഷ്ണമാരാർ എന്ന വ്യക്തി ഈ ഉയരങ്ങൾ കീഴടക്കിയത് എന്നത് എടുത്തുപറയേണ്ടതുണ്ട്. ആർക്കും അവഗണിക്കാനാവാത്ത ശക്തമായ സ്വാധീനം ഇന്നദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്ക് കേരളത്തിലുണ്ട്.
പിൻതലമുറക്കാരുടെ പരിശീലനക്കളരി
ശ്രദ്ധേയമായ മറ്റൊരു വസ്തുത, പിൻതലമുറക്കാർക്ക് പരിശീലനക്കളരിയാവാൻ മാരാരുടെ സ്ഥാപനങ്ങൾ വഴിയൊരുക്കി എന്നതാണ്. ഇന്നിപ്പോൾ കേരളത്തിലെ പുസ്തകവ്യാപാരരംഗത്തു പ്രവർത്തിക്കുന്ന പല മിടുക്കന്മാരും ‘മാരാർ കളരിയിൽ' നിന്ന് പരിശീലനം നേടിയവരാണ്. അദ്ദേഹത്തിൽനിന്ന് പഠിച്ചെടുത്ത ബിസിനസ് തന്ത്രങ്ങൾ തന്നെയാണ് അവരെയും വിജയത്തിലെത്തിച്ചത് എന്ന് സൂക്ഷ്മവിശകലനത്തിൽ മനസ്സിലാവും. വഴിമാറി നടന്ന പലർക്കും പാതിവഴിയിൽവെച്ച് രംഗം വിടേണ്ടതായും വന്നു.
ശരിതെറ്റുകളെപ്പറ്റി ഭിന്നാഭിപ്രായമുണ്ടാകാം. വിജയം കണ്ട പലരും ഇതംഗീകരിച്ചില്ലെന്നു വരാം അതുകൊണ്ടാന്നും ചരിത്രസത്യം ഇല്ലാതാകുന്നില്ല. ‘മാരാർ കളരി' എന്ന് ഞാൻ ഏറെ വിശേഷിപ്പിച്ച ടൂറിങ് ബുക്‌സ് സ്റ്റാളിന്റെ വിജയകഥ കേരളത്തിലെ പുസ്തകവ്യാപാര ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം തന്നെയാണ്. അതിന്റെ ശില്പി എന്ന നിലയിലാണ് എൻ. ഇ. ബാലകൃഷ്ണമാരാർ ആദ്യം സൂചിപ്പിച്ച ഒറ്റയാന്മാരുടെ ഗണത്തിൽ ആദ്യസ്ഥാനം നേടുന്നത്.
ഭയാശങ്ക കൂടാതെ, പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് കടന്നുവന്ന് തന്റേതായൊരു വഴി കണ്ടെത്തി ആ വഴിയിലൂടെ മറ്റ് പലരേയും മുന്നോട്ടു നയിച്ചു എന്നത് തീർച്ചയായും വലിയ കാര്യമാണ്. തുടങ്ങിവെച്ച പ്രസ്ഥാനത്തിന് തുടർച്ചയുണ്ടാകും എന്നുറപ്പുവരുത്തുകയും ചെയ്തു. നിതാന്തജാഗ്രതയോടെ ഇതിനായി ജീവിതം സമർപ്പിച്ചു എന്നതുതന്നെ അദ്ദേഹത്തെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഒരു കാര്യം കൂടി വ്യക്തമാക്കി ഈ ഓർമ അവസാനിപ്പിക്കാം. മുകളിൽ എഴുതിയ നിഗമനങ്ങൾക്ക് എനിക്ക് സഹായകമായത് പുസ്തക വ്യാപാരരംഗവുമായി ഈ ലേഖകനുള്ള ദീർഘകാലത്തെ അടുത്ത ബന്ധം ഒന്നു മാത്രമാണ്.
എന്റെ അമ്മാവൻ
ഇത്രയുമൊക്കെ എഴുതിയത് ബാലകൃഷ്ണമാരാർ എന്ന വ്യക്തിക്കുള്ള അനുമോദനമെന്ന നിലയിലല്ല. മറിച്ച് ആ വ്യക്തിയുടെ പ്രവർത്തന മികവിനുള്ള ഒരംഗീകാരം എന്ന നിലയിലാണ്. ഒരു വ്യക്തിയെ അറിയുവാനും അടയാളപ്പെടുത്തുവാനും ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലവും ജീവിതം അയാൾക്കുമുന്നിൽ വെച്ച സാധ്യതകളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതു വിശദമാക്കാനാണ് ഞാൻ ശ്രമിച്ചത്. ഇതു പ്രത്യേകം എടുത്തു പറയുന്നത് ബാലകൃഷ്ണമാരാർ എന്റെ അടുത്ത ബന്ധുകൂടിയായതുകൊണ്ടാണ്. ആ നിലയിൽ വ്യക്തിപരമായി വളരെ അടുത്തിടപഴകിയ അനുഭവം കൂടി എനിക്ക് കൂട്ടിനുണ്ട്.
സ്‌നേഹനിധിയായ ഒരമ്മാവൻ എന്ന നിലയ്ക്കും ഞാനദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ മുതിർന്ന അംഗം എന്ന നിലയിലും നിരവധി ഉത്തരവാദിത്തങ്ങൾ അദ്ദേഹം സന്തോഷത്തോടെ നിർവ്വഹിച്ചു പോന്നിട്ടുണ്ട്. ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണുന്ന ഒരു രീതി ഞാനെപ്പോഴും അമ്മാവനിൽ കണ്ടിട്ടുണ്ട്. അതു തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്രയും ജീവിതവിജയത്തിന്റെ അടിസ്ഥാനവും.