ലൂയിസ് ഗ്ലുകിന്റെ കവിതകളിൽ US ഉണ്ടായിരിക്കാം; പക്ഷേ Us ഉണ്ടോ?

ഇത്തവണത്തെ സാഹിത്യ നൊബേൽ ഒരു അമേരിക്കൻ കവിയെ കണ്ടെത്തുകയാണ്. ലോകം അവരെ സ്വീകരിക്കുമോ എന്ന ചോദ്യമാണ് ലേഖകൻ മുന്നോട്ടു വെക്കുന്നത്.

മേരിക്കൻ കവി ലൂയിസ് ഗ്ലുക് 2020ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയിരിക്കുന്നു. നൊബേൽ നേടിയേക്കാമെന്ന് വായനക്കാർ ആഗ്രഹിച്ച എഴുത്തുകാരുടെ കൂട്ടത്തിലും പ്രധാന മാധ്യമങ്ങൾ മുന്നോട്ടുവെച്ച സാധ്യതാലിസ്റ്റിലും ഈ പേരുണ്ടായിരുന്നില്ല. കെനിയൻ നോവലിസ്റ്റ് ഗൂഗി വാ തോങ്ങ്‌ഗോ, ജപ്പാനീസ് എഴുത്തുകാരൻ ഹറുകി മുറകാമി, റഷ്യൻ നോവലിസ്റ്റ് ല്യുഡ്മില ള്ളിത്സ്‌കയ, കനേഡിയൻ കവി ആനെ കാർസൻ, കനേഡിയൻ നോവലിസ്റ്റ് മാർഗരറ്റ് അറ്റ് വുഡ്, ചെക്കോസ്ലാവാക്കിയൻ എഴുത്തുകാരൻ മിലാൻ കുന്ദേര തുടങ്ങിയ പേരുകളാണ് പൊതുവിൽ പറഞ്ഞു കേട്ടത്. അതിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്ത പേരാണ് ലൂയിസ് ഗ്ലുകിന്റെത്.

മാർഗരറ്റ് അറ്റ് വുഡ്, ഹറുകി മുറകാമി, ല്യുഡ്മില ള്ളിത്സ്‌കയ, ഗൂഗി വാ തോങ്ങ്‌ഗോ, മിലാൻ കുന്ദേര, ആനെ കാർസൻ

ഒരുവേള അമേരിക്കയിലെ വായനക്കാർ പോലും അവരുടെ പ്രിയ കവി ലൂയിസ് ഗ്ലുക് നോബൽ പുരസ്‌കാരം നേടുമെന്ന് കരുതാനിടയില്ല. അമേരിക്കയ്ക്ക് പുറത്ത് അത്രയൊന്നും പരിചിതയല്ലെങ്കിലും ഗ്ലുക് അമേരിക്കൻ സാഹിത്യത്തിലെ വലിയ പേരുകളിലൊന്നാണ്. അമേരിക്കയിലെ ഒട്ടുമിക്കവാറും സാഹിത്യ പുരസ്‌കാരങ്ങൾ അവർ ഇതിനകം കരസ്ഥമാക്കിയിട്ടുമുണ്ട്. ഭാവഗീതങ്ങളിലൂടെ അമേരിക്കൻ വായനാസമൂഹത്തിന്റെ ഇഷ്ടപ്പെട്ട കവിയായി വർഷങ്ങൾക്കു മുമ്പുതന്നെ അവർ അംഗീകാരം നേടിക്കഴിഞ്ഞതാണ്.

പൊതുവിൽ വ്യക്തിയധിഷ്ഠിതമായ രചനകളാണ് ഗ്ലുകിന്റേത്. അവർ സ്വന്തം ജീവിതത്തിലേക്കു നോക്കിയാണ് സർഗ്ഗാത്മക വേദനകളെ നേരിട്ടു കൊണ്ടിരിക്കുന്നത്. ജീവിതത്തെ കവിത കൊണ്ട് അഭിവാദ്യം ചെയ്യുന്ന ഒരു രീതിയാണ് എന്നും അവലംബിച്ചത്. " The Best American Poetry - 1993 ' എന്ന സമാഹാരത്തിനെഴുതിയ ആമുഖത്തിൽ "കവിതകൾ ആത്മകഥകളാണ് ' എന്നവർ ഏറ്റുപറയുന്നുണ്ട്.

The Best American Poetry - 1993

ബാല്യകാല ജീവിതത്തിൽ നിന്നാണ് കവിതയ്ക്കുള്ള ഊർജ്ജം ആദ്യമവർ കണ്ടെത്തിയത്. ആഗ്രഹങ്ങളെ കവിതയിലൂടെ സ്‌നേഹിക്കുവാനും അവർ വഴി കണ്ടെത്തി. കുടുംബ ജീവിതത്തിന്റെ വേറിട്ട ചിത്രങ്ങളും അവരുടെ കവിതയിൽ സ്ഥാനം നേടിയിട്ടുണ്ട്. പിന്നീടങ്ങോട്ട് അദ്ധ്യാത്മചിന്തയുടെ ഒരു തലം ഗ്ലുകിന്റെ കവിതയിൽ നിറയാൻ തുടങ്ങി. ബിബ്ലിക്കൽ ഭാഷയേയും മിത്തിനേയും സ്വന്തം കവിതയിലേക്ക് ചേർത്തുവെക്കുന്നതിലും അവർ താൽപര്യം കാണിച്ചിരുന്നു. അവയിലൊക്കെ പാഠാന്തരധ്വനികൾ നിരൂപകർ കണ്ടെത്തി. അങ്ങനെ അവർ ഒരേ സമയം നിരൂപകരുടെയും വായനക്കാരുടെയും പ്രശംസ നേടിയെടുത്തു. സ്ത്രീത്വത്തിന്റെ ദർശനവും ആത്മീയതയുടെതായ ഒരു പ്രവചനതലവും അവരുടെ കവിതയുടെ പൊതുസ്വഭാവമായി വിലയിരുത്തപ്പെടുന്നു. ആത്മീയതയുടെ സാക്ഷ്യപ്പെടുത്തലും പ്രകൃതിയോടുള്ള അനുരാഗവും അവരുടെ വാക്കുകളിൽ എപ്പോഴും കാണുന്നുണ്ട്.

1943-ൽ ന്യൂയോർക്ക് സിറ്റിയിലാണ് ഗ്ലുക് ജനിച്ചത്. 1968-ൽ Firstborn എന്ന സമാഹാരത്തിലൂടെ അമേരിക്കൻ സാഹിത്യ ലോകത്ത് ഇടം നേടി. ഇതിനകം പന്ത്രണ്ട് കവിതാസമാഹാരങ്ങളാണ് അവരുടേതായി പുറത്തുവന്നിട്ടുള്ളത്. Firstborn, Ararat, Meadowlands, The Wild Iris, The House on MarshIand, Descending Figure, The Triumphof Achilles, Vita Nova, The Seven Ages , A Village Life എന്നിവയാണ് പ്രധാന കൃതികൾ. Proofs & Theories എന്ന ഒരു ലേഖന സമാഹാരവും പ്രസിദ്ധികരിച്ചിട്ടുണ്ട്. The Wild Iris 1992-ൽ പുലിറ്റ്‌സർ പുരസ്‌കാരവും The Triumph of Achilles 1985 ൽ നാഷണൽ ബുക്ക് ക്രിറ്റിക്‌സ് സർക്കിൾ അവാർഡും നേടുകയുണ്ടായി.

The Wild Iris

2003-2004 കാലഘട്ടത്തിൽ അമേരിക്കയിലെ പോയറ്റ് ലോറേറ്റ് എന്ന പദവിയും ലൂയിസ് ഗ്ലുക് അലങ്കരിച്ചു. സാഹിത്യ അദ്ധ്യാപിക എന്ന നിലയിൽ കവിത പഠിപ്പിക്കുന്നതിലാണ് ഈ കവി ആനന്ദം കണ്ടെത്തുന്നത്. ഇപ്പോൾ യേൽ സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ് അവർ.

സാഹിത്യത്തിനുള്ള നോബേൽ പുരസ്‌കാരം നിശ്ചയിക്കുന്ന സ്വീഡിഷ് അക്കാദമി കഴിഞ്ഞ കുറേ വർഷങ്ങളായി വിവാദങ്ങളുടെ വലയത്തിലാണ്. സാമ്പത്തിക അഴിമതിയും ലൈംഗികാരോപണവും രഹസ്യസ്വഭാവത്തിൽ വന്ന പിഴവുമൊക്കെ സ്വീഡിഷ് അക്കാദമിയുടെ പേരിൽ ആരോപിക്കപ്പെട്ടിരുന്നു. ഇതു കൂടാതെ മൂല്യനിർണ്ണയത്തിലെ വേറിട്ട രീതികളും വിവാദങ്ങളുയർത്തുകയുണ്ടായി. ഇംഗ്ലീഷ് പാട്ടുകാരനായ ബോബ് ഡിലനും വംശീയ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത നേതാവിന്റെ ആരാധകനായ പീറ്റർ ഹാൻഡ്‌കെയ്ക്കും സാഹിത്യ നൊബേൽ സമ്മാനിച്ചത് ശക്തമായി എതിർക്കപ്പെട്ടിരുന്നു. തീർച്ചയായും ഈ വർഷത്തെ തിരഞ്ഞെടുപ്പും വലിയ രീതിയിൽ ചർച്ചയാവാൻ പോവുകയാണ്. ലോകസാഹിത്യനഭസ്സിൽ ഇരിപ്പിടം കിട്ടാനുള്ള സർഗ്ഗാത്മക വൈഭവം ലൂയിസ് ഗ്ലുകിനുണ്ടോ എന്ന ചോദ്യം വരുംദിവസങ്ങളിൽ ഉയർന്നു വരും. 1962-മുതൽ 2012 വരെ അവരെഴുതിയ കവിതകളുടെ ഒരു സമാഹാരകൃതി മറിച്ചുനോക്കാൻ ഈ ലേഖകന് കഴിഞ്ഞിരുന്നു. വ്യക്തിപരമായി എന്നെ സ്പർശിച്ച കവിതകൾ ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽ പെട്ടില്ല. ലോക വായനയെ തൃപ്തിപ്പെടുത്തുന്ന നൂതനമായ ഒരു സാഹിത്യവീക്ഷണം അവരുടെ എഴുത്തുകളിലുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

The Triumph of Achilles

ഒറ്റനോട്ടത്തിൽ അവർ അമേരിക്കൻ ഭാവുകത്വത്തിന്റെ മാത്രം സൃഷ്ടിയാണ്. സാർവലൗകികവീക്ഷണമോ ദാർശനികാന്വേഷണങ്ങളോ നൂതനമായ സർഗ്ഗാത്മകപരീക്ഷണത്വരയോ അവരുടെ കവിതകളിൽ ഉള്ളതായി സ്വീഡിഷ് അക്കാദമിയും സാക്ഷ്യപ്പെടുത്തുന്നില്ല. നൊബേലിന്റെ യശസ്സിന് മങ്ങലേൽക്കാനാണ് ഈ വർഷത്തെ പുരസ്‌കാരവും വഴിയൊരുക്കുക. ആദ്യം സൂചിപ്പിച്ചവരുൾപ്പെടെ പ്രതിഭാശാലികളായ മറ്റു പല എഴുത്തുകാരെയും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു തിരഞ്ഞെടുപ്പിന് നോബേൽ പുരസ്‌കാരനിർണ്ണയസമിതി തയ്യാറായിട്ടുള്ളത്. ഇതിന്റെയൊക്കെ പ്രതിഫലനമായാണ് 2018-ൽ സമാന്തര നൊബേൽ പുരസ്‌കാരം രംഗത്തെത്തിയത്. ഗൗഡ്‌ലോപിയൻ നോവലിസ്റ്റ് മാരീസ് കോണ്ടേയാണ് ആദ്യപുരസ്‌കാരം നേടിയത്. അവരുടെ പേരും ചില മാധ്യമങ്ങൾ ഇത്തവണത്തെ സാധ്യതാലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ഏതായാലും ലൂയിസ് ഗ്ലുകിന്റെ രചനകൾ ലോകം ശ്രദ്ധയോടെ വായിക്കും എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ സംഭവിക്കുന്ന നേട്ടം. അവ വായനക്കാരുടെ വിശാലലോകത്തിൽ ഇടം നേടുമോ എന്നത് കാലം നിശ്ചയിക്കേണ്ടതാണ്. സ്വീഡിഷ് അക്കാദമി അവരുടെ തീരുമാനം പറഞ്ഞു കഴിഞ്ഞു. ലോകത്തിന്റെ എഴുത്തായി നിലകൊള്ളാനുള്ള കരുത്ത് ലൂയിസ് ഗ്ലുകിന്റെ വരികൾക്കുണ്ടോ എന്നത് ഇനി നമ്മൾ വായനക്കാരാണ് കണ്ടെത്തേണ്ടത്.

Comments