അറിവ് കണ്ടെത്തുകയും അതിനെ നിരന്തരം പുതുക്കുകയും ചെയ്യുക എന്നതിനുള്ള ഏറ്റവും ലളിതവും കാര്യക്ഷമവുമായ ഉപാധി എന്ന നിലയിലാണ് വായന പ്രസക്തമാവുന്നത്. എന്തിനാണ് അറിവ്? ഉത്തരം വളരെ ലളിതമാണ്. ജീവിക്കാൻ. മനുഷ്യൻ പ്രകൃതിയിൽ അവന്റെ ആധിപത്യം ഉറപ്പിക്കുകയും അതിലൂടെ സമൂഹം ഉരുത്തിരുഞ്ഞു വരികയും ചെയ്തതോടെ, കൂട്ടമായ നിലനിൽപ്പിന് അറിവ് അനിവാര്യമായി വന്നു. അറിവ് നേടാനും അതിനെ പ്രയോഗിക്കുവാനുള്ള കഴിവാണ് മനുഷ്യനെ മറ്റ് ജന്തുജാലങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഈ അറിവിന് തുടർച്ചയുണ്ടാവണം. അതായത് അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടണം. എങ്കിലേ അതിന് വികാസമുണ്ടാവുകയുള്ളൂ. എങ്കിലേ അത് കാലോചിതമാവുകയുള്ളൂ. ആ അന്വേഷണത്തിന്റെ ഭാഗമായി മനുഷ്യൻ കണ്ടെത്തിയ ഉപാധികളാണ് ഭാഷ, എഴുത്ത്, വായന, പുസ്തകം എന്നിവയൊക്കെ.
തെറ്റുകളിൽ നിന്നും, അനീതിയിൽ നിന്നും അസമത്വത്തിൽ നിന്നും അശാസ്ത്രീയതയിൽ നിന്നും വ്യക്തി എന്ന നിലയിൽ സ്വയം പ്രതിരോധം സൃഷ്ടിക്കാനാണ് ഞാൻ വായനയിലേക്ക് പോകുന്നത്.
വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളും യുക്തിഭദ്രമായ അന്വേഷണങ്ങളിലൂടെ നിർമ്മിക്കപ്പെടുന്ന ശാസ്ത്ര വിജ്ഞാനവും സാമൂഹ്യവിജ്ഞാനവും ഒക്കെ ഉൾപ്പെടുന്നതാണ് അറിവ്. അനുഭവത്തിന്റെ വായനയ്ക്ക് സർഗ്ഗാത്മക സാഹിത്യ രചനകൾ വഴിയൊരുക്കുമ്പോൾ ആശയങ്ങളുടെ വായനയ്ക്ക് വൈജ്ഞാനിക സാഹിത്യ കൃതികൾ സഹായിക്കുന്നു. ഇങ്ങനെ സമരസപ്പെട്ടു പോവുന്ന അറിവാണ് മനുഷ്യനെ നേരിലേക്ക് നയിക്കുന്നത്. സത്യത്തോട് അടുപ്പിക്കുന്നത്. നീതിയോട് ചേർത്തു നിർത്തുന്നത്. ഈ ചേർത്തുനിൽപ്പുകളുടെ ആകെത്തുകയാണ് സംസ്‌കാരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തിന്റെ തിരുത്തൽ പ്രക്രിയയെ സക്രിയമാക്കുന്നത് ഈ സംസ്‌കാരമാണ്. അതുകൊണ്ടാണ് ഞാൻ വായനയെ പ്രതിരോധ പ്രവർത്തനമായി കരുതുന്നത്. തെറ്റുകളിൽ നിന്നും, അനീതിയിൽ നിന്നും അസമത്വത്തിൽ നിന്നും അശാസ്ത്രീയതയിൽ നിന്നും വ്യക്തി എന്ന നിലയിൽ സ്വയം പ്രതിരോധം സൃഷ്ടിക്കാനാണ് ഞാൻ വായനയിലേക്ക് പോകുന്നത്. ഇങ്ങനെയുള്ള വ്യക്തിഗതമായ പ്രതിരോധങ്ങളുടെ ഒത്തുചേരലിലൂടെയാണ് സമൂഹം മുന്നേറേണ്ടത്; സാംസ്‌കാരികമായി ഉണർന്നു മുന്നേറേണ്ടത്. അല്ലാതെ വായന വായനയ്ക്കു വേണ്ടി തന്നെ കണ്ടെത്തിയ വെറുമൊരാഹ്ലാദ വൃത്തിയല്ല.
വായനയുടെ സാംസ്‌കാരികതലം ഉൾക്കൊള്ളാതെ കുറെപ്പേർ വായിച്ചു ജീവിച്ചതുകൊണ്ട് മാനവരാശിയ്‌ക്കോ, മനഷ്യ സമൂഹത്തിനോ ഒരു പ്രയോജനവുമില്ല. അടുത്ത കാലത്തായി കേരളത്തിലെ വായനാസമൂഹത്തിൽ ഇത്തരമൊരു ഭോഷ്‌ക്ക് നടക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വായന വായനയ്ക്കു വേണ്ടി എന്ന ചിന്തയാണ് അത്തരക്കാരെ ഭരിക്കുന്നത്. അറിവുകൊണ്ട് ജീവിതത്തിൽ ഊർജ്ജ പ്രസരണം സംഭവിക്കുന്നു എന്ന് അവർ തിരിച്ചറിയുന്നില്ല. ചിന്തിക്കുന്ന മനസ്സുകളായി അവർ മാറുന്നില്ല. അതിനാൽ അവരിൽ ആരോഗ്യകരമായ മാറ്റം ഉണ്ടാവുന്നില്ല. മനുഷ്യാവസ്ഥയെ മെച്ചപ്പെടുത്തുന്നതിൽ അത്തരക്കാർ പങ്കാളികളാവുന്നില്ല. നിശ്ചലാവസ്ഥയെയാണ് അവർ ആഘോഷിക്കുന്നത്.
ഭയാനകമായ ഒരു മഹാമാരിയുടെ പരിസരത്തു നിന്നു കൊണ്ടാണ് ഇപ്പോൾ നമ്മൾ ചിന്തിക്കുന്നത്. നമുക്ക് മുന്നിൽ ഇത്തരം മുൻകാല അവസ്ഥകളുടെ വായനകളുണ്ട്. ആ വായനകളാണ് നമ്മുടെ ഇപ്പോഴത്തെ ചിന്തകളെ പൂർത്തിയാക്കുന്നത്. അത് കഴിഞ്ഞ നൂറ്റാണ്ടിലെയോ, അതിനും ഏറെ മുമ്പത്തേയോ മഹാമാരികളുടെ ചരിത്രമാകാം. ശാസ്ത്രീയ വിശകലനമാവാം. അതുപോലെ അവയുടെ അനുഭവസാക്ഷ്യങ്ങളായ ഓർമ്മക്കുറിപ്പുകളോ നോവലുകളോ ആവാം. എന്റെ മനസ്സിൽ ആക്‌സൽ മുൻതെയുടെ സ്റ്റോറി ഓഫ് സാൻ മിഷേൽ എന്ന ഓർമ്മക്കുറിപ്പും ആൽബേർ കമ്യുവിന്റെ ദ പ്ലേഗ് എന്ന നോവലും കടന്നു വരുന്നു. അവയുടെയൊക്കെ വായന ഈ ദുരന്തമുഖത്ത് ധാരാളം മനുഷ്യർക്ക് പുതിയ ഊർജ്ജം പകർന്നിട്ടുണ്ട്. ആ വായനക്കാരാണ് ജീവിതത്തെ ഈ ദുരിതാവസ്ഥയിലും പുതുക്കിപ്പണിയാൻ പോകുന്നത്.
പറഞ്ഞു വന്നത് ഇത്തരം വായനയിലൂടെയാണ് മാനവ സംസ്‌കാരം നടന്നു നടന്നു ഭാവിയോട് ചേരുന്നത് എന്നാണ്. ഭാവിയോട് ചേർത്തു നിർത്തുന്നതിൽ വായനയ്ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ മനുഷ്യനെ ഭൂതകാലത്തു നിന്ന് അടർത്തിമാറ്റി വർത്തമാനകാലത്തിൽ നിലനിർത്തി ഭാവിയോട് ചേർക്കുക. ഇതാണ് എല്ലാ കാലത്തും നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നരവംശശാസ്ത്ര ചരിത്രത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യന്റെ വായിക്കാനുള്ള സിദ്ധി. ആദിമമനുഷ്യനിൽ നിന്ന് ആധുനിക മനുഷ്യനിലേക്ക് വരുന്നതിൽ വായനയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അതു കൊണ്ട് തന്നെ വായന വളരെ ഗൗരവമുള്ളതും പ്രധാനപ്പെട്ടതുമായ ഒരു കർമ്മമാവുന്നു.
എന്ത് വായിക്കണം ? എങ്ങനെ വായിക്കണം ? ഈ ചോദ്യങ്ങളെ നമ്മൾ നിരന്തരം പിൻതുടരേണ്ടതുണ്ട്. ഓഷ്വിറ്റ്‌സിന്റെ ദുരന്തം, ഹോളോകോസ്റ്റിന്റെ ദുരന്തം ധാരാളം സാഹിത്യ കൃതികൾക്ക് കാരണമായിട്ടുണ്ട്. ഭയാനകവും മനുഷ്യത്വരഹിതവുമായ അതിന്റെ ദുരനുഭവം ചിത്രീകരിക്കുന്ന നിരവധി നോവലുകളുണ്ട്. പലതും സാഹിത്യത്തിനുള്ള വിശ്വ പുരസ്‌കാരങ്ങൾ വരെ നേടിയവയാണ്. അതുപോലെ ഞെട്ടലോടെ മാത്രം വായിച്ചു തീർക്കാവുന്ന ആത്മകഥകളുണ്ട്. കരയിപ്പിക്കുന്ന ഡയറിക്കുറിപ്പുകളുണ്ട്. ചരിത്ര ഗ്രന്ഥങ്ങൾ വേറെയും. ഇവയൊക്കെ വായിച്ച വലിയ വായനക്കാർ വർത്തമാനകാലത്ത് ഫാഷിസത്തെയും വർഗീയ - വംശീയ നിലപാടുകളെയും അംഗീകരിക്കുന്നതു കാണുമ്പോൾ ഞാനന്തം വിട്ടു പോവാറുണ്ട്.
എന്താണ് അവരുടെ വായനയിൽ സംഭവിച്ചത്? എങ്ങനെയാണ് അവർ അത്തരം കൃതികളെ സമീപിച്ചത്? ഏതുതരം വായനയാണ് അവർ നടത്തിയത്? ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങൾ ലോകത്തിന്റെ മുന്നിലുണ്ട്. അവ വായനയുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുകയാണ്.
എന്താണ് അവരുടെ വായനയിൽ സംഭവിച്ചത്? എങ്ങനെയാണ് അവർ അത്തരം കൃതികളെ സമീപിച്ചത്? ഏതുതരം വായനയാണ് അവർ നടത്തിയത്? ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങൾ ലോകത്തിന്റെ മുന്നിലുണ്ട്. അവ വായനയുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുകയാണ്.
ആ വായന വെറും ആസക്തി വായനയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ വായനയിലൂടെ പ്രതിപ്രവർത്തനം നടക്കുന്നില്ല. അവിടെ ശീലത്തിന്റെ ആഹ്ലാദം മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത്തരം വായനകളെയും വായനക്കാരേയും ആഘോഷിക്കേണ്ടതില്ല എന്നാണ് എന്റെ തോന്നൽ. അവ സംസ്‌കാര നിർമ്മാണത്തിൽ പങ്കു ചേരുന്നില്ല. നിശ്ചലമായ മനസുകളെയാണ് അവിടെ നമ്മൾ കാണുന്നത്. അത്തരം വായനക്കാർക്ക് ഭൂതകാലത്തിൽ നിന്ന് മോചനം നേടാൻ കഴിയുന്നില്ല. അവർ വർത്തമാനത്തിൽ പങ്കാളിയാവുന്നില്ല; ഭാവിയോട് ചേർന്നു നില്ക്കുന്നുമില്ല.
കമ്മ്യൂണിസത്തിന്റെ മഹാസാധ്യതകളെപ്പറ്റിയുള്ള കൃതികൾ വായിച്ചു തീരുമ്പോൾ Black Book of Communism എന്ന പുസ്തകം നമ്മളെ കാത്തിരിപ്പുണ്ട്. ബോറിസ് പാസ്റ്റർനാക്കും അലക്‌സാണ്ടർ സോൾഷെനിറ്റ്‌സനും വരച്ചിട്ട ചിത്രങ്ങളുണ്ട്. ഓർവെല്ലിന്റെ Animal Farm, 1984 എന്നീ കൃതികൾ വായിക്കാതെ നമ്മുടെ രാഷ്ട്രീയ വിദ്യാഭ്യാസം പൂർത്തിയാകുന്നുമില്ല.
എഴുത്തിലെ രാഷ്ട്രീയം വായനക്കാരനിൽ ചലനമുണ്ടാക്കുന്നില്ലെങ്കിൽ പ്രശ്‌നം ആരുടേതാണ്?
ഇതുപോലെ തന്നെ പ്രശ്‌നമുണ്ടാക്കുന്നവയാണ് തെറ്റായ വായനകൾ. ഇപ്പോഴത്തെ പോസ്റ്റ് ട്രൂത്ത് കാലത്ത് തെറ്റായ വായനകൾക്ക് സാധ്യത വളരെയധികമാണ്. അതായത് സത്യത്തിലേക്കു നയിക്കാനുള്ള ഉപാധിയിലൂടെ തന്നെ അസത്യത്തെ സത്യപരിവേഷത്തിൽ കടത്തിവിട്ട് മനുഷ്യരെ സ്വാധീനിക്കുക. ലോകത്ത് പ്രശ്‌നപൂരിതമാക്കുന്നതിൽ ഇത്തരം വായനകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വർഗീയതയും അന്ധവിശ്വാസങ്ങളും വിനാശകരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും പ്രചാരത്തിലാവുന്നതും വായനയിലൂടെയാണ്. അവയുടെ സ്വാധീനം മനുഷ്യരെ ഇരുണ്ട കാലത്തിന്റെ അനുയായികളായി മാറ്റുന്നുണ്ട്. ഇന്നത്തെ ലോകത്ത് സജീവമായിക്കൊണ്ടിരിക്കുന്ന വിധ്വംസക രാഷ്ട്രീയം ഇതിന്റെ സൃഷ്ടിയാണ്. ഈ വായനയുടെ ആരാധകരും നമ്മുക്കിടയിലുണ്ട്.
വർഗീയതയും അന്ധവിശ്വാസങ്ങളും വിനാശകരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും പ്രചാരത്തിലാവുന്നതും വായനയിലൂടെയാണ്.
വായന കരുതലോടെ സംഭവിക്കേണ്ട ഒന്നാണ്. എഴുത്ത് ഒരു ആന്റിബയോട്ടിക്ക് പോലെയാണ്. ധാരാളം പാർശ്വഫലങ്ങൾ അതിനുണ്ട്. അത് തിരിച്ചറിയാതെ, കഴിവില്ലാത്തവരാൽ തയ്യാറെടുപ്പില്ലാതെ സംഭവിക്കേണ്ട ഒന്നല്ല എഴുത്ത്. വായനയുടെ രാസപ്രക്രിയ മനസിലാക്കി വേണം ഒരു സമൂഹത്തെ വായനയിലേക്ക് തള്ളിവിടാൻ. ഏതുതരം പ്രതിരോധമാണ് നമ്മൾക്ക് വേണ്ടതെന്ന് തിരിച്ചറിയാത്ത ബിബ്ലിയോഫൈലുകളെ കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല. അവർ വായനയെയും അറിവിനെയും വ്യഭിചരിക്കുന്നവരാണ്. പരസ്പരം തിരിച്ചറിയാതെ നൈമിഷികമായ ആനന്ദത്തിൽ അഭിരമിച്ച് മടങ്ങുന്നവർ. നമ്മുടെ വായനയെ നമ്മൾ പുതുക്കിപ്പണിയേണ്ടതുണ്ടോ എന്ന് ഓരോ വായനക്കാരനും ഈ വായനദിനത്തിൽ ചിന്തിക്കട്ടെ.