ആനന്ദിനെക്കുറിച്ച് എഴുതാനിരുന്നപ്പോൾ വർഷങ്ങൾക്കുമുമ്പ് ആൾക്കൂട്ടം വായിച്ചത് ഓർമ വന്നു. എന്നായിരുന്നു അത്? 1980-കളുടെ രണ്ടാം പകുതിയിലെന്നോ ആണ്. കോളേജ് പഠനകാലം. ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി ആൾക്കൂട്ടം വായനയ്ക്കെടുത്തു. പതിവുപോലെ നോവൽ വായിക്കുമ്പോൾ തൊട്ടടുത്ത് ഒരു നോട്ടുബുക്കും കരുതിയിരുന്നു, ഇഷ്ടപ്പെട്ട വാചകങ്ങൾ കുറിച്ചു വെക്കാൻ. വായന മുന്നേറുന്തോറും നോട്ടുബുക്കിന്റെ പേജുകൾ നിറയുന്നത് ഞാനറിഞ്ഞതുപോലുമില്ല. വൈകാതെ നോട്ട് ബുക്കിലെ പേജുകൾ തീർന്നപ്പോഴാണ് കാര്യം മനസ്സിലായത്, നോവൽ അധികമൊന്നും മുന്നോട്ടു പോയിട്ടില്ല. ഞാൻ നോവൽ അപ്പാടെ പകർത്തിയെഴുതുകയാണോ എന്ന തോന്നലുണ്ടായി. അതിലെ ആശയങ്ങൾ വരിഞ്ഞുമുറുക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. പേജുകൾ കടന്നു പോവുന്തോറും എന്റെ ബോധ്യങ്ങളിൽ എന്തെല്ലാമോ തകിടം മറിയുന്നുണ്ട് എന്നറിഞ്ഞിരുന്നു. യൗവനത്തിലേക്ക് കടന്നു കൊണ്ടിരിക്കുന്ന എന്റെ ജീവിതവീക്ഷണത്തിലും മൂല്യസങ്കല്പത്തിലും അത് ഇടപെടലുകൾ നടത്തുന്നുണ്ടായിരുന്നു. ഓരോ പേജിലും ഓരോ പിടച്ചിൽ അനുഭവപ്പെട്ടു. ഞാൻ പരിഭ്രമിക്കാൻ തുടങ്ങി. ജീവിതത്തിന്റെ അഗാധത എന്നെ ഭയപ്പെടുത്തി. ജീവിതം ഇത്രയൊക്കെ ദുർഘടം പിടിച്ചതാണോ എന്ന ചിന്ത അലട്ടിത്തുടങ്ങി. ആശയങ്ങളുടെ വൻകടലിൽ എനിക്കെന്നെ നഷ്ടമായി.
നോവൽ വായിച്ചു തീർന്നപ്പോഴേക്കും ഞാൻ എനിക്കു തന്നെ അപരിചിതനായിരുന്നു. ലോക സാഹിത്യത്തിലെ പ്രധാന രചനകളിൽ പലതും വായിച്ചിട്ടുണ്ട്. സമാനമായ ഒരനുഭവം വെറെ അധികമൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. കാഫ്കയും ഈലിയസ് കാനേറ്റിയും ഡബ്ലു. ജി. സെബാൾഡുമാണ് ജീവിതമെന്ന സമസ്യയെ ഇത്രയും രൂക്ഷമായി വിശകലനം ചെയ്തു കാണിച്ചവർ.
കുറേക്കാലത്തിനുശേഷം ഞാൻ പുസ്തകമെടുത്ത് മറിച്ചുനോക്കുമ്പോൾ ഈ കഥാപാത്രങ്ങൾ എന്റെ മുമ്പിൽ വരിക മജ്ജയും മാംസവുമുള്ള യഥാർത്ഥ മനുഷ്യരായാണ്. കഥയും അതുപോലെ യഥാർത്ഥ സംഭവമായി.
1970-കളിലാണ് ആനന്ദ് ആൾക്കൂട്ടം എഴുതിയത്. 50 വർഷം കടന്നുപോയിരിക്കുന്നു. അന്നു തൊട്ടുള്ള ആൾക്കൂട്ടത്തിന്റെ വായനക്കാർ അത് വായിച്ച് എന്നെപ്പോലെ പിടച്ചിലിന് വിധേയരായിരിക്കും. ആൾക്കൂട്ടത്തിലൂടെയാണ് ആനന്ദ് എന്ന എഴുത്തുകാരൻ മലയാള ഭാവനയിൽ രംഗപ്രവേശം ചെയ്യുന്നത്. പിന്നിടിങ്ങോട്ട് അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്നു. നോവലുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ - അങ്ങനെ പല പുസ്തകങ്ങളും നമുക്ക് ലഭിച്ചു. ഭാവനയാൽ നിർമ്മിക്കപ്പെട്ട വേറിട്ട ശില്പങ്ങൾ. ആശയസമ്പന്നതയും കലാശക്തിയും ഒത്തിണങ്ങിയ അപൂർവ്വം രചനകൾ. ആനന്ദ് എഴുതുന്നത് ഏത് സാഹിത്യ രൂപമാണ് എന്നത് ആരും ശ്രദ്ധിച്ചില്ല. അക്കാര്യത്തിൽ അദ്ദേഹത്തിനും വേവലാതിയില്ലായിരുന്നു. സാഹിത്യരൂപങ്ങളെക്കുറിച്ചുള്ള സാമാന്യധാരണകളെ തകർത്ത എഴുത്തായിരുന്നു അത്. ഫിക്ഷനും നോൺ ഫിക്ഷനും തമ്മിലുരുമ്മിയുള്ള ഒരു സാഹിത്യ ബാന്ധവം. മലയാളത്തിൽ അന്നും ഇന്നും ഇതൊരപൂർവ്വത തന്നെയാണ്. ആശയങ്ങളാൽ സമ്പുഷ്ടമായ അദ്ദേഹത്തിന്റെ നോവലുകളിൽ ഫിക്ഷണൽ ഭാഗം കുറവായിരുന്നു. വൈകാരികാനുഭവങ്ങളേക്കാൾ ചിന്തകൾക്ക് പ്രാധാന്യം നൽകിയ ഒരെഴുത്തുരീതി. ആപൽക്കരമായ ആശയസമ്പന്നത എന്നുപോലും നിരൂപകർ വിശേഷിപ്പിച്ചു. എന്നാൽ ആ ആശയങ്ങളെ ഉൾക്കൊള്ളാൻ അവ അത്ര അന്യമല്ല എന്നു തിരിച്ചറിഞ്ഞ വായനക്കാർ മലയാളത്തിലുണ്ടായിരുന്നു.

എന്തിനാണ് ആനന്ദ് എഴുതുന്നത്? എന്തുകൊണ്ടാണ് ആനന്ദ് പതിവില്ലാത്ത ഒരു എഴുത്തുവഴിയിലെത്തപ്പെട്ടത്?
കലാസൃഷ്ടി അനുഭവത്തിന്റെ വ്യാഖ്യാനമാണ് എന്നാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ആനന്ദ് അനുഭവിക്കുന്നതാണ് അദ്ദേഹം സ്വന്തം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്നത്. തീർച്ചയായും ആനന്ദിന്റെ മനസ്സ് വ്യാപരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹത്തിന്റെ കൃതികൾ പറഞ്ഞു തരും. ഇത് സൂക്ഷ്മവായനക്കാർക്ക് പുറമെനിന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. എന്നാൽ അതിലുപരി, അദ്ദേഹത്തെ വ്യക്തിപരമായി അടുത്തറിഞ്ഞുകൊണ്ട് ഇത് സാക്ഷ്യപ്പെടുത്താനും എനിക്കു കഴിയും. കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും എന്ന പുസ്തകത്തിൽ അദ്ദേഹം തന്നെ ഇത് ഏറ്റുപറയുന്നുണ്ട്: ‘‘ … കുറേക്കാലത്തിനുശേഷം ഞാൻ പുസ്തകമെടുത്ത് മറിച്ചുനോക്കുമ്പോൾ ഈ കഥാപാത്രങ്ങൾ എന്റെ മുമ്പിൽ വരിക മജ്ജയും മാംസവുമുള്ള യഥാർത്ഥ മനുഷ്യരായാണ്. കഥയും അതുപോലെ യഥാർത്ഥ സംഭവമായി. ഉദാഹരണത്തിന് രാധ, സുനിൽ, കുന്ദൻ, ഗണേശൻ… ചിലപ്പോൾ ഞാൻ അവരായിത്തീരും. അവരുടെ യാതനകൾ, ദുഃഖം, സംഘർഷം, ജയം, തോൽവി, വിരക്തി, ഒറ്റപ്പെടൽ ഒക്കെ എന്നിലൂടെ കടന്നുപോകുന്നു. എന്റെ തൊണ്ടയിൽ എന്തോ തടഞ്ഞെന്നു വരും. കണ്ണുകൾ നനഞ്ഞെന്നും’’.
“എന്റെ അനുഭവം പുറത്തേയ്ക്ക് വഴിയുക ഒരാവശ്യമായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ അത് പൂർണ്ണമാവില്ലെന്നതിനാൽ. ആൾക്കൂട്ടം എഴുതിയത് സാഹിത്യം എന്നുവെച്ചല്ല. ചിലത് പറയേണ്ടതുണ്ടായിരുന്നു.” - ആനന്ദ്.
ആനന്ദ് സാഹിത്യമെഴുതുകയായിരുന്നില്ല. അദ്ദേഹം തന്നെ ഒരിടത്ത് അത് വിശദീകരിക്കുന്നുണ്ട്: “എന്റെ അനുഭവം പുറത്തേയ്ക്ക് വഴിയുക ഒരാവശ്യമായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ അത് പൂർണ്ണമാവില്ലെന്നതിനാൽ. ആൾക്കൂട്ടം എഴുതിയത് സാഹിത്യം എന്നുവെച്ചല്ല. ചിലത് പറയേണ്ടതുണ്ടായിരുന്നു.”
ഇത് അദ്ദേഹത്തിന്റെ എല്ലാ എഴുത്തിനും ബാധകമായ പ്രസ്താവനയാണ്. അദ്ദേഹം നേരിടുകയും കാണുകയും ചെയ്ത ജീവിതത്തിലെ നിസ്സഹായതകളേയും യുക്തിഭംഗങ്ങളെയും അപഗ്രഥിക്കുവാനാണ് എഴുത്ത് എന്ന സാധ്യതയെ ഉപയോഗിച്ചത്. സംവദിച്ചുകൊണ്ട് പരിഹാരം തേടേണ്ടതുണ്ട്. എന്നാണ് ആനന്ദ് കരുതുന്നത്. അതിനാണ് അദ്ദേഹം സാഹിത്യത്തെ ഉപയോഗിക്കുന്നത്. സാഹിത്യത്തിന്റെ ഫങ്ങ്ഷൻ സംവാദം തന്നെയാണ് എന്ന് ആനന്ദ് വിശദീകരിക്കുന്നുണ്ട്.
“സംവദിക്കാനുള്ള ഒരു ഉപകരണമാണ് വാക്ക്. വാക്കിന്റെ തന്നെ കൂടുതൽ ഗഹനവും സംസ്കൃതവുമായ ( refined) ആയ പ്രയോഗമാണല്ലോ സാഹിത്യമായിത്തീരുന്നത്. ആശയങ്ങൾ അനുഭൂതി കൂടിയായിത്തീരുന്നു. ഇവിടെ ഭാഷ പുതിയ സ്വഭാവങ്ങൾ കൈവരിക്കുന്നു’’.
ഈ സംവാദങ്ങൾ പൂർത്തിയാകുന്നത് പ്രവാഹം ഇരുവഴിക്കും സംഭവിക്കുമ്പോഴാണ് എന്ന് ആനന്ദിന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ എഴുത്തുകാരന് സവിശേഷസ്ഥാനം അദ്ദേഹം അവകാശപ്പെടുന്നില്ല. ഇക്കാര്യത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്: “എഴുത്തുകാരന് സാധാരണ മനുഷ്യന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കണം. സാധാരണ മനുഷ്യനെന്ന അവസ്ഥ നഷ്ടപ്പെടുകയും പ്രിവിലെജ്ഡ് ക്ലാസിന്റെ ബഹുമാന്യത കൈവരിക്കുകയും ചെയ്യുക സാഹിത്യകാരന് സംഭവിക്കാവുന്ന വലിയൊരു ദുരന്തമാണ്’’.
മനുഷ്യർ സ്വാഭാവികമായി വിശ്വസിക്കുന്ന രണ്ടു സംഗതികളാണ് യുക്തിയും നീതിയും. ഇവ രണ്ടും യഥർത്ഥ ജീവിതത്തിൽ കാണാനില്ലെന്ന് വരുമ്പോൾ മനുഷ്യർ എന്തുചെയ്യും? ഈ നിസ്സഹായവസ്ഥയാണ് ആനന്ദിന്റെ എഴുത്തിന്റെ പൊരുൾ. ജീവിതമെന്ന സമസ്യയ്ക്കകത്ത് ആവർത്തിച്ചുവരുന്ന നിസ്സഹായതകളെയാണ് ആനന്ദ് വായനക്കാരുമായി പങ്കുവെച്ചത്. നിസ്സഹായതയെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ആനന്ദിന്റെ അന്വേഷണങ്ങൾ. അതിനായി അദ്ദേഹം ചരിത്രത്തിൽ തിരയുന്നുണ്ട്. ജീവശാസ്ത്രപരമായ പരിണാമപ്രക്രിയയിലും തിരയുന്നുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ചരിത്രത്തിന്റെ അകത്തും പുറത്തും ആവുംവിധം തന്റെ ധിഷണയെ കടത്തിവിടുന്നുണ്ട്. ജീവിതം എന്നാൽ സ്വാതന്ത്ര്യമാണ്. എന്നാൽ ജീവിതത്തിൽ ആധുനിക മനുഷ്യർക്ക് വിധിക്കപ്പെട്ടിട്ടുള്ളത് സ്വാതന്ത്ര്യ നിഷേധമാണ്. ഈ വൈരുദ്ധ്യം മനസ്സിലാക്കാനാണ് അദ്ദേഹം അറിവുകളെ കൂട്ടുപിടിക്കുന്നത്.
മാനുഷികവും ജീവിത സംബന്ധിയുമായ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരായ മനുഷ്യർ പ്രതികരിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന പൊതുവായ ഒരു സംരഭം എന്ന നിലയിലാണ് അദ്ദേഹം അറിവുജീവിതത്തെ നോക്കിക്കാണുന്നത്. ജീവിതമെന്ന പ്രതിഭാസത്തെ എങ്ങനെയാണ് മനസ്സിലാക്കുക? അതിനകത്ത് നിറഞ്ഞിരിക്കുന്ന വേദനയെയും ഹിംസയേയും എങ്ങനെയാണ് ഒഴിവാക്കുക? ഇതിനായാണ് മനുഷ്യർക്ക് മാത്രമായി പ്രകൃതി നൽകിയിട്ടുള്ള ഭാവനയെ (Imagination) ഈ എഴുത്തുകാരൻ കൂട്ടുപിടിക്കുന്നത്. ആനന്ദിന്റെ ഭാവന സത്യങ്ങളുമായും മനുഷ്യനിർമ്മിതമായ മൂല്യങ്ങളുമായും ഏറ്റുമുട്ടുന്നത് നമുക്ക് കാണാം. ഈ ഏറ്റുമുട്ടലിന്റെ ശക്തിയാണ് വായനക്കാരെ പിടിച്ചുലക്കുന്നത്. സത്യങ്ങൾ എന്നാൽ ശാസ്ത്രീയമായ യാഥാർത്ഥ്യങ്ങൾ. മൂല്യങ്ങൾ എന്നാൽ ചരിത്രപരമായ തിരഞ്ഞെടുപ്പുകൾ. ആനന്ദ് പറയുന്ന രണ്ട് ഉദാഹരണങ്ങൾ ഇത് വ്യക്തമാക്കിത്തരും.
അന്വേഷണത്തിന്റെ സമഗ്രതയിൽ എഴുത്തുകാരൻ സത്യത്തെ വേർതിരിച്ചെടുക്കുന്ന ഈ കാഴ്ച മലയാളിയെ വിസ്മയിപ്പിച്ചു. സത്യം അറിഞ്ഞതുകൊണ്ട് സ്വസ്ഥത കിട്ടുമോ? ഇല്ലെന്നതിനാൽ വേദനയകറ്റാൻ പരിഹാരങ്ങൾ തേടേണ്ടതുണ്ട്. അതിനും ചരിത്രത്തോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്.
‘‘ശീതോഷ്ണങ്ങളെ ചെറുക്കുവാനായി ആദ്യകാലത്ത് മനുഷ്യർ നിർമ്മിച്ച ഉപകരണങ്ങളായ വസ്ത്രങ്ങൾ അവയുടെ പ്രയോജനത്തെ അതിക്രമിച്ച് സൗന്ദര്യ വർദ്ധക വസ്തുക്കളായി, ശരീരത്തെ മോടി പിടിപ്പിക്കുവാനുള്ളവ. ഭംഗി, സൗന്ദര്യബോധം, അഭിരുചികൾ, ആസ്വാദനരീതികൾ,ഫാഷൻ, ഇങ്ങനെ പോയി ആ വഴി. മുമ്പ് ശ്രദ്ധിക്കാതിരുന്ന നഗ്നത എപ്പോഴോ ഒരു വിഷയമായി, സദാചാരത്തിന്റെ പ്രശ്നം. ഒപ്പം അതൊരു സാധ്യതയുമായി. അരുതാത്തതിന്റെ പ്രദർശനം ഉണർത്തുന്ന കൗതുകം’’.
ഒന്നുകൂടി: ‘‘പ്രത്യുൽപാദനത്തിനായി പ്രകൃതി നിശ്ചയിച്ച ശാരീരികപ്രക്രിയയിൽ നിന്ന് ലൈംഗികത വൈകാരികതയിലേക്ക് പ്രവേശിച്ചു. വികാരം, പ്രേമം, ആഭിമുഖ്യങ്ങൾ, സൗന്ദര്യബോധം, കലകൾ, കവിത, സംഗീതം, ഇങ്ങനെ പോയി അതിന്മേലുള്ള ഭാവനയുടെ യാത്ര, ഒപ്പം കൂടുംബ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങളുടെ തകർച്ച, സ്പർദ്ധ, അസൂയ, അക്രമം തുടങ്ങിയവ’’.

അന്വേഷണത്തിന്റെ സമഗ്രതയിൽ എഴുത്തുകാരൻ സത്യത്തെ വേർതിരിച്ചെടുക്കുന്ന ഈ കാഴ്ച മലയാളിയെ വിസ്മയിപ്പിച്ചു. സത്യം അറിഞ്ഞതുകൊണ്ട് സ്വസ്ഥത കിട്ടുമോ? ഇല്ലെന്നതിനാൽ വേദനയകറ്റാൻ പരിഹാരങ്ങൾ തേടേണ്ടതുണ്ട്. അതിനും ചരിത്രത്തോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. സാമൂഹികമായ ഒളിച്ചോട്ടങ്ങളെ ആനന്ദിന് അംഗീകരിക്കാനാവുമായിരുന്നില്ല. എന്താണ് സമൂഹം? അതിനെ ആരാണ് നയിക്കേണ്ടത്? എന്താണ് സ്റ്റേറ്റ് ചെയ്യേണ്ടത്? ഇതെല്ലം ഈ അറിവന്വേഷകന്റെ ധിഷണയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. സമൂഹം മിക്കപ്പോഴും ശത്രുപക്ഷത്താണെന്ന് ആനന്ദ് തിരിച്ചറിഞ്ഞു. വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസ്സും അംഗീകരിക്കാൻ മടിക്കുന്ന സമൂഹത്തിന്റെ മനസ്സിനെ എഴുത്തിലൂടെ അദ്ദേഹം തുറന്നു കാട്ടി. സത്യത്തിൽ അതിനു കൂടിയാണ് ആനന്ദ് എഴുത്തുകാരനായത്. എഴുത്ത് ഉപകരണമാണ്. വസ്തുതകളെ, സാമൂഹിക പ്രഹേളികകളെ മനസ്സിലാക്കാനുള്ള വഴിയാണ്.
സമൂഹത്തിലെ കാണാത്ത ചങ്ങലകളെ കണ്ടെത്താൻ ആനന്ദിലെ എഴുത്തുകാരൻ നിരന്തരം അദ്ധ്വാനിച്ചു. ഹിംസയുടെ ഒളിത്താവളങ്ങളെ അദ്ദേഹം കാണിച്ചുതന്നു. സാമൂഹിക സ്ഥാപനങ്ങളുടെ കാപട്യങ്ങളെപ്പറ്റി വായനക്കാരുമായി സംവദിച്ചു. പ്രത്യയശാസ്ത്രങ്ങൾ മൂല്യങ്ങളിൽ നിന്ന് രഹസ്യമായി വഴിമാറുന്നത് കാണിച്ചുതന്നു. ഭരണകൂടമായി മാറാനുള്ള വ്യഗ്രതയിൽ അവരൊക്കെ നഷ്ടപ്പെടുത്തുന്നത് എന്താണെന്ന് വിശദീകരിക്കാൻ ശ്രമിച്ചു. മതങ്ങളിലെ ഹിംസ, ജനാധിപത്യത്തിലെ തെറ്റിദ്ധാരണകൾ എല്ലാം ആനന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിലെല്ലാം അപകടങ്ങൾ പതിയിരിപ്പുണ്ടായിരുന്നു. അധികാരത്തിന്റെ ഹിംസാത്മകത മനുഷ്യരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കി.
ആനന്ദ് മലയാളിയുടെ മസ്ത്ഷകത്തിന്റെ പ്രവർത്തനത്തിൽ ഇടപെടുകയായിരുന്നു. അയാൾ വായനക്കാരന്റെ ചിന്തയ്ക്ക് തീകൊളുത്തുകയായിരുന്നു. ധൈഷണികതയുടെ ആ തീ കെടാതെ നിലനിർത്താനും അദ്ദേഹത്തിന് സാധിച്ചു.
പുറംന്തോടിലെ മാറ്റം കണ്ട് വിസ്മയിച്ചു പോകരുതെന്ന് ഈ എഴുത്തുകാരൻ ഓർമ്മിപ്പിച്ചു. ‘‘രാജാക്കന്മാർക്കോ, കൊളോണിയൽ ശകതികൾക്കോ ഉണ്ടായിരുന്ന പരമാധികാരം ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഏറ്റെടുത്താൽ സ്വാതന്ത്ര്യവും ജനാധിപത്യവും ആയി എന്ന തെറ്റായ ധാരണ അപകടമാണെന്ന്’’ ആനന്ദ് താക്കീതു നൽകി. ജനാധിപത്യത്തെ അതാക്കുന്നത് അതിൽ ന്യൂനപക്ഷങ്ങൾക്കുള്ള മാനനീയ സ്ഥാനമാണ് എന്നദ്ദേഹം ഓർമ്മിപ്പിച്ചു.
ആനന്ദ് മലയാളിയുടെ മസ്ത്ഷകത്തിന്റെ പ്രവർത്തനത്തിൽ ഇടപെടുകയായിരുന്നു. അയാൾ വായനക്കാരന്റെ ചിന്തയ്ക്ക് തീകൊളുത്തുകയായിരുന്നു. ധൈഷണികതയുടെ ആ തീ കെടാതെ നിലനിർത്താനും അദ്ദേഹത്തിന് സാധിച്ചു. വിധിയും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെ ചിന്തയിലൂടെ നേരിടാൻ അദ്ദേഹം ശീലിപ്പിച്ചു. അതൊരു ബൗദ്ധിക വിപ്ലവമായിരുന്നു. വേറിട്ട ഒരു തുടക്കം കുറിക്കൽ എന്ന നിലയിൽ വേണം നമ്മൾ അതിനെ മനസ്സിലാക്കാൻ. ആനന്ദ് ഒരിക്കലും വിധി കല്പിക്കുകയായിരുന്നില്ല. അന്വേഷകന്റെ ദൗത്യം അതല്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. അറിയാൻ ശ്രമിക്കുക. പലതിലും വ്യക്തത കുറവാണെന്ന് വന്നേക്കാം. എന്തിലെങ്കിലും തൃപ്തിപ്പെട്ടു എന്നു വരില്ല. കാരണം ആനന്ദ് ഒരു സന്ദേഹിയാണ്.
ആനന്ദിനെ അടുത്ത ദിവസം കണ്ടപ്പോൾ ഇനിയൊന്നും എഴുതാനില്ല എന്നു പറയുകയുണ്ടായി. ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ചിന്തിച്ചു, ആനന്ദിന് എഴുതാതിരിക്കാൻ കഴിയുമോ? “അകത്തുനിന്ന് ആഴത്തിലുള്ള സമ്മർദ്ദം ഉണ്ടാകുമ്പോഴാണ് ഞാൻ എഴുതുന്നത്. ഈ സമ്മർദ്ദത്തിനനുസരിച്ചാണ് ഞാൻ മുൻഗണന നൽകുന്നത്’’- ഇങ്ങനെ പറഞ്ഞൊരാൾക്ക് ജീവിതാവസാനം വരെ എഴുതേണ്ടിവരും എന്നു തീർച്ചയാണ്. ആ പിടച്ചിലുകൾക്കായി ആരെല്ലാമോ ഇവിടെ കാത്തിരിപ്പുണ്ട്.