മാതൃഭൂമിയോട് സ്‌നേഹപൂർവം

കേരള സാഹിത്യ അക്കാദമിയുടെ, നോവലിനുള്ള 2019ലെ പുരസ്‌കാരം എസ്. ഹരീഷിന്റെ 'മീശ' നേടിയ വാർത്ത മാതൃഭൂമി പത്രം, നോവലിന്റെ പേരില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'മീശ' എന്ന പേര് വാർത്തയിൽനിന്ന് ഒഴിവാക്കാൻ, അവാർഡുനേടിയ മറ്റെല്ലാ കൃതികളുടെയും പേരും ഒഴിവാക്കിയിരിക്കുന്നു. ഹിന്ദുത്വ വർഗീയതയുടെ ആക്രമണങ്ങളെ അതിജീവിച്ച് മലയാള സാഹിത്യത്തിൽ ഇതിനകം അടയാളപ്പെടുത്തപ്പെട്ട ഒരു നോവലിന്റെ പേരുപോലും അച്ചടിക്കില്ലെന്ന ആ പത്രത്തിന്റെ തീരുമാനം കേരളത്തിലെ സാംസ്കാരിക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന്​ ലേഖകൻ

കേരളത്തിന്റെ മാറിവരുന്ന സാമൂഹ്യ പരിസരത്തെ അടുത്തറിയാൻ അവസരമൊരുക്കിയ ഒന്നായിരുന്നു ‘മീശ' വിവാദം. അതിന്റെ പേരിൽ മലയാളത്തിലെ പ്രധാനപ്പെട്ട പത്രമായ മാതൃഭൂമിക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്. വലിയൊരു പാരമ്പര്യത്തിന്റെ പിൻബലമുണ്ടായിട്ടും ആ വിവാദം നേരിടുന്നതിൽ അവർ പരാജയപ്പെട്ടു.

അതിനെ പുറമെനിന്ന് വിമർശിക്കുമ്പോഴും വർത്തമാനകാലത്ത് ഉരുത്തിരിഞ്ഞുവന്ന മാധ്യമ വ്യവസായത്തിന്റെ പൊളിറ്റിക്കൽ ഇക്കോണമിയുടെ ഇര കൂടിയാണ് അവരെന്ന് കേരളത്തിലെ ബുദ്ധിജീവി സമൂഹം തിരിച്ചറിഞ്ഞിരുന്നു.

ഇരയായ ഞങ്ങൾ സാഹചര്യത്തിന്റെ അടിമകളായി തന്നെ നിലനിന്നുകൊള്ളാമെന്ന നിലപാടിലേക്ക് മാതൃഭൂമി പോലെ ഒരു സ്ഥാപനം പോയി എന്നതാണ് എന്നെപ്പോലുള്ളവരുടെ പരാതി.

അതിൽനിന്ന് മോചിതരാവാനുള്ള ഏറ്റവും ആദ്യത്തെ അവസരം മാതൃഭൂമി ഉപയോഗിക്കും എന്നാണ് ആ പത്രസ്ഥാപനത്തിന്റെ പാരമ്പര്യത്തെ ഉൾക്കൊണ്ട വായനാസമൂഹം കരുതിയത്. അതുണ്ടായില്ല എന്നത് വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു.

2019ലെ കേരള സാഹിത്യ അക്കാദമി അവാർഡു വാർത്ത ‘മാതൃഭൂമി’യിൽ: ‘മീശ’ എന്ന പേര്​ ഒഴിവാക്കാനായി അവാർഡിന്​ അർഹമായ മറ്റെല്ലാ കൃതികളുടെയും പേരുകൾ ഒഴിവാക്കിയിരിക്കുന്നു.
2019ലെ കേരള സാഹിത്യ അക്കാദമി അവാർഡു വാർത്ത ‘മാതൃഭൂമി’യിൽ: ‘മീശ’ എന്ന പേര്​ ഒഴിവാക്കാനായി അവാർഡിന്​ അർഹമായ മറ്റെല്ലാ കൃതികളുടെയും പേരുകൾ ഒഴിവാക്കിയിരിക്കുന്നു.

ആ വിവാദത്തിനു ശേഷവും വിവാദത്തിനു കാരണമായ രചനയും രചയിതാവും ഈ സമൂഹത്തിൽ തലയുയർത്തി തന്നെ നിലകൊണ്ടു എന്നത് അഭിമാനകരവും ആഹ്ലാദകരവുമായ കാര്യമാണ്. ഇതാണ് പ്രശ്‌നം. നോവലിന് വേദിയൊരുക്കിയവർ വിവാദാനന്തരം തലപൊക്കുന്നതേയില്ല. വിവാദ നോവൽ ജൈത്രയാത്ര തുടരുകയും ചെയ്യുന്നു. ഇത് ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ കഴിയും.

മീശയുടെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ജെ.സി.ബി പുരസ്‌കാരം നേടി.

2018ലെ സാഹിത്യ അക്കാദമി അവാർഡിന്റെ  ‘മാതൃഭൂമി’ റിപ്പോർട്ട്​. അവാർഡിന്​ അർഹരായവരുടെ പേരിനൊപ്പം കൃതിയുടെ  പേരും ചേർത്തിരിക്കുന്നു.
2018ലെ സാഹിത്യ അക്കാദമി അവാർഡിന്റെ ‘മാതൃഭൂമി’ റിപ്പോർട്ട്​. അവാർഡിന്​ അർഹരായവരുടെ പേരിനൊപ്പം കൃതിയുടെ പേരും ചേർത്തിരിക്കുന്നു.

അത് ഒരു മലയാള മാധ്യമത്തെ സംബന്ധിച്ച് ഒരു പ്രധാന വാർത്ത തന്നെയായിരുന്നു. ദേശീയ പത്രങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ ഈ പുരസ്‌കാരത്തെ ആഘോഷിച്ചപ്പോൾ മാതൃഭൂമി പത്രം ഈ വാർത്ത കണ്ടതായി പോലും നടിച്ചില്ല. കേവലമായ പത്രധർമം പോലും അവർ ഓർത്തില്ല. പിന്നെയും ഹരീഷും മീശയും അംഗീകാരങ്ങൾ നേടി. മാതൃഭൂമി പത്രം മാത്രം അത്തരം വാർത്തകളെ കണ്ടില്ലെന്നു നടിച്ചു. ഇപ്പോഴിതാ മീശ കേരള സാഹിത്യ അക്കാദമിയുടെ 2019ലെ മികച്ച നോവൽ പുരസ്‌കാരം നേടിയിരിക്കുന്നു.

ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഈ വാർത്ത എങ്ങനെ കൊടുത്തു എന്നത് നോക്കുക. സത്യത്തിൽ മീശയെപ്പേടിച്ച അവർ സാഹിത്യ അക്കാദമി അവാർഡ് വാർത്തയെ അപ്പാടെ മറ്റൊരു രീതിയിലാക്കി മാറ്റിക്കളഞ്ഞു. അവരുടെ വാർത്ത വായിച്ചാൽ അംഗീകരിക്കപ്പെട്ട ഒരു കൃതിയുടെയും പേരുകാണില്ല. എഴുത്തുകാരുടെ പേരും ലഭിച്ച വിഭാഗവും മാത്രമാണ് കൊടുത്തിരിക്കുന്നത്. പി. രാമൻ ( കവിത ) എസ്. ഹരീഷ് (നോവൽ) എന്നിങ്ങനെ അതിനെ ഉടച്ചെടുത്തു.

‘മീശ’ എന്ന പേര്​ ഹെഡിംഗ്​ തന്നെയാക്കിയ  ’ദ ഹിന്ദു’ റിപ്പോർട്ട്​
‘മീശ’ എന്ന പേര്​ ഹെഡിംഗ്​ തന്നെയാക്കിയ ’ദ ഹിന്ദു’ റിപ്പോർട്ട്​

യഥാർത്ഥത്തിൽ സാഹിത്യ അക്കാദമി പുരസ്‌കാരം കൃതിയ്ക്കാണ്. അതറിയാനുള്ള അവസരം ഒഴിവാക്കിക്കൊണ്ട് വാർത്ത പൊതിയേണ്ട ഗതികേട് ഇന്ന് നിലവിലുണ്ടോ? പൊതുവിൽ വിവാദ രചനയായ മീശ അംഗീകാരം നേടുന്നു എന്നതായിരുന്നു വാർത്തയാവേണ്ടിയിരുന്നത്. ഹിന്ദു ഉൾപ്പടെയുള്ള പത്രങ്ങൾ അങ്ങനെയാണ് അത് കൊടുത്തിരിക്കുന്നത്. സാധാരണ നിലയിൽ നോവലിനുള്ള അവാർഡിനാണ് പ്രാമുഖ്യം. ഇതൊക്കെ മറന്നുകൊണ്ടാണ് മാതൃഭൂമി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നത്. ഇതെന്തിനാണെന്നാണ് മനസ്സിലാക്കാൻ പറ്റാത്തത്. മീശ എന്ന വാക്ക് പത്രത്തിൽ അടിക്കില്ല എന്ന് കരാറെടുത്തതു പോലെ!

സാഹിത്യ അക്കാദമി അവാർഡുവാർത്ത ‘മലയാള മനോരമ’യിൽ
സാഹിത്യ അക്കാദമി അവാർഡുവാർത്ത ‘മലയാള മനോരമ’യിൽ

വിവാദത്തിനിടയാക്കിയ നോവൽ സർഗ്ഗാത്മക രചന എന്ന തലത്തിൽ ചരിത്രം കുറിക്കുമ്പോൾ, ആ നിലയിൽ വലിയ ഉയരങ്ങൾ താണ്ടുമ്പോൾ അതിനെ വായന സമൂഹത്തിനു മുന്നിലെത്തിച്ച മാതൃഭൂമി ആഴ്​ചപ്പതിപ്പിന്റെ അക്കാലത്തെ പത്രാധിപ സമിതിയുടെ നിലപാടുകൾ ശരിവെക്കപ്പെടുകയാണ്.

യഥാർത്ഥത്തിൽ അവരാണ് അതിനെ ആദ്യം അംഗീകരിച്ചത്. അതും കാണാതെ പോകരുത്. ഇന്ത്യയിലെ പരമോന്നത കോടതി മുതൽ സാമൂഹ്യ സാംസ്കാരിക ഇടങ്ങൾ വരെ ഒരു സർഗാത്മക സൃഷ്ടി എന്ന നിലയിൽ മീശയെ നിലനിർത്താനാണ് ശ്രമിച്ചു കൊണ്ടിരുന്നത്. അതൊക്കെ അറിഞ്ഞു കൊണ്ട് തന്നെ നടത്തുന്ന മാതൃഭൂമിയുടെ അവഗണന കേരളത്തിലെ സാംസ്കാരിക സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

‘മീശ’ എന്ന്​ ഹെഡിംഗിൽ സൂചിപ്പിക്കുന്ന ‘മാധ്യമം’ റിപ്പോർട്ട്​
‘മീശ’ എന്ന്​ ഹെഡിംഗിൽ സൂചിപ്പിക്കുന്ന ‘മാധ്യമം’ റിപ്പോർട്ട്​

ഇത് പത്രധർമല്ല. പത്രാധിപരുടെ വിവേക ബുദ്ധിയില്ലായ്മയാണ്. അതിബുദ്ധി കാണിച്ച് നേരിടാവുന്ന ഒന്നല്ല സാമൂഹ്യ പ്രതിസന്ധികൾ. മീശ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിലപാടില്ലായ്മയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് . മാതൃഭൂമി പോലുള്ള ഒരു പത്രം ഇങ്ങനെ സ്വയം കുഴിച്ച കുഴിയിൽ കിടന്ന് രാമനാമം ജപിക്കരുത്. കരകയറാനുള്ള അവസരങ്ങളെ ഇങ്ങനെ അവഗണിക്കുക വഴി സ്വന്തം മൂല്യബോധത്തെ കീഴ്മേൽ മറിക്കുകയാണ് മാതൃഭൂമി നടത്തിപ്പുകാർ ചെയ്യുന്നത്. കേരളത്തിന്റെ വായനാസംസ്‌കാരത്തോടു ചേർന്നുനിന്നു എന്ന് അഭിമാനത്തോടെ പറയാൻ അവകാശമുള്ള മാതൃഭൂമിയോട് സ്‌നേഹബഹുമാനങ്ങൾ കൊണ്ട് അവരുടെ വായനക്കാരൻ എന്ന നിലയിൽ ഞാനിതോർമിപ്പിക്കുന്നു എന്നു മാത്രം.



Summary: കേരള സാഹിത്യ അക്കാദമിയുടെ, നോവലിനുള്ള 2019ലെ പുരസ്‌കാരം എസ്. ഹരീഷിന്റെ 'മീശ' നേടിയ വാർത്ത മാതൃഭൂമി പത്രം, നോവലിന്റെ പേരില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'മീശ' എന്ന പേര് വാർത്തയിൽനിന്ന് ഒഴിവാക്കാൻ, അവാർഡുനേടിയ മറ്റെല്ലാ കൃതികളുടെയും പേരും ഒഴിവാക്കിയിരിക്കുന്നു. ഹിന്ദുത്വ വർഗീയതയുടെ ആക്രമണങ്ങളെ അതിജീവിച്ച് മലയാള സാഹിത്യത്തിൽ ഇതിനകം അടയാളപ്പെടുത്തപ്പെട്ട ഒരു നോവലിന്റെ പേരുപോലും അച്ചടിക്കില്ലെന്ന ആ പത്രത്തിന്റെ തീരുമാനം കേരളത്തിലെ സാംസ്കാരിക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന്​ ലേഖകൻ


Comments