നെരൂദയുടെ ലോകവും നെരൂദയാൽ സൃഷ്ടിക്കപ്പെട്ട ലോകവും

‘നെരൂദ : ദ പൊയറ്റ്സ് കോളിങ്ങ്’ എന്ന ജീവചരിത്രത്തെപ്പറ്റി.

1973 സെപ്റ്റംബർ 11 ന് രാവിലെയാണ് അത് നടന്നത്. ചിലിയുടെ പ്രസിഡന്റ് സാൽവദോർ അലൻഡേയുടെ കൊട്ടാരത്തിൽ ചിലിയൻ എയർ ഫോർസ് ബോംബിട്ടു. സൈനികർ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. അപകടം മനസ്സിലാക്കിയ അലൻഡേ പട്ടാളത്തിന് പിടികൊടുക്കാതെ സ്വയം വെടിവെച്ച് മരിച്ചു. അതോടെ സൈനികാക്രമണത്തിന് നേതൃത്വം കൊടുത്ത ജനറൽ അഗസ്റ്റോ പിനോഷെ ചിലിയുടെ ഭരണം കയ്യടക്കി. ലോകത്തെയാകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവം.

അലൻഡേ കഴിഞ്ഞാൽ ചിലിയിൽ അന്ന് ഏറ്റവും സ്വാധീനമുണ്ടായിരുന്ന മറ്റൊരാൾ കവി പാബ്ലോ നെരൂദയായിരുന്നു. പട്ടാള ഭരണകൂടം അദ്ദേഹത്തെയും ഭയന്നിരുന്നു. ആ ഭയം അവർ മറച്ചു വെച്ചില്ല. മൂന്നു ദിവസത്തിനു ശേഷം കവിയുടെ ഈസ്ല നെഗ്രയിലെ വീട്ടിലേക്ക് സൈനികർ കൂട്ടത്തോടെ കടന്നു ചെന്നു. നെരൂദയുടെ വീടാകെ അവർ തിരച്ചിൽ നടത്തി. നെരൂദ കിടന്നിരുന്ന മുറിയിൽ അവരെത്തിയപ്പോൾ നെരൂദ പറഞ്ഞു:

സാൽവദോർ അലൻഡേ

‘നിങ്ങൾ തിരഞ്ഞുകൊള്ളൂ. നിങ്ങൾക്ക് അപകടകരമായി തീരാവുന്ന ഒന്നേ ഇവിടെയുള്ളൂ.’

ഇതു കേട്ടയുടനെ തന്റെ തോക്കിൽ കയ്യമർത്തിക്കൊണ്ട് പട്ടാള ഓഫീസർ ചോദിച്ചു - “അതെന്താണ്?”

“കവിത’’ എന്നായിരുന്നു നെരൂദയുടെ മറുപടി.

പ്രോസ്റ്റ്റേറ്റ് കാൻസറിന്റെ പിടിയിൽപ്പെട്ട് അവശനായി വീട്ടിൽ കഴിയുകയായിരുന്നു കവി. അടുത്ത ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. രാവിലെ തന്നെ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ആശുപത്രിയിലേക്ക് ഭാര്യ മറ്റിൽഡ അദ്ദേഹത്തെ കൊണ്ടുപോയി. വഴിയിലെല്ലാം പട്ടാളക്കാർ തടസ്സങ്ങളുണ്ടാക്കി. ആശുപത്രിയിലും അത് തടർന്നു. ഇതറിഞ്ഞ മെക്സിക്കൻ പ്രസിഡന്റ് നെരൂദയ്ക്ക് അവരുടെ രാജ്യത്ത് അഭയം നൽകാമെന്ന് അറിയിച്ചു.

അവിടേക്ക് പോകാനായി ഒരു വിമാനം എത്തിക്കാമെന്നും വാഗ്ദാനം ചെയ്തു.. “മറ്റൊരിടത്തേക്കും ഞാനില്ല; ഈ ചിലിയിൽ തന്നെ കഴിഞ്ഞു കൊള്ളാം.”നെരൂദ ആ വാഗ്ദാനം നന്ദിയോടെ നിരസിച്ചു. അടുത്ത ദിവസം പട്ടാളം നെരൂദയുടെ സാന്റിയാഗോയിലെ വീട് കൊള്ളയടിച്ച് നശിപ്പിച്ചു. വീടിനോട് ചേർന്നുള്ള കനാലിനെ വീടിനകത്തു കൂടി വഴി തിരിച്ചുവിട്ടു . ഇതൊക്കെ അറിഞ്ഞ നെരൂദയുടെ ഭാര്യ മറ്റിൽഡയും നെരൂദയോട് മെക്സിക്കോയിലേക്ക് പോകാമെന്ന് അഭ്യർത്ഥിച്ചു. കുറച്ചു മാസത്തേക്കെങ്കിലും ചിലിയിൽ നിന്ന് മാറി നിന്നു കൂടെ എന്ന് കെഞ്ചി. മണിക്കൂറുകളുടെ നിശ്ശബ്ദതയ്ക്കു ശേഷം അദ്ദേഹം സമ്മതിച്ചു. “നമുക്ക് പോകാം”.

മറ്റില്‍ഡ യൂറൂഷിയ നെരൂദയ്ക്കൊപ്പം

മറ്റിൽഡ അത്യാവശ്യ സാധനങ്ങൾ എടുക്കാനായി ആ വൈകുന്നേരം തന്നെ ഇസ്ല നെഗ്രയിലേക്ക് പോയി. രാത്രി അവർ തിരിച്ചെത്തിയപ്പോൾ നെരൂദയുടെ അവസ്ഥ വളരെ മോശമായിരുന്നു. മാനസികമായി ഏറെ അസ്വസ്ഥനായി കണ്ട അദ്ദേഹത്തിന് നഴ്സ് എന്തോ ഒരു ഇൻഞ്ചക്ഷൻ കൊടുത്തിരുന്നുവത്രേ. കുറച്ചു സമയം കഴിഞ്ഞ് കോമയിലായ അദ്ദേഹം അടുത്ത ദിവസം - സെപ്റ്റംബർ 23ന് - മരിച്ചു. ഇന്നേക്ക് അമ്പതു വർഷം മുമ്പ്.

നെരൂദയുടെ ശവസംസ്കാര ചടങ്ങ് പട്ടാള ഭരണത്തിനെതിരായ വലിയ പ്രതിഷേധമായി മാറി. ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. പ്രിയപ്പെട്ട കവിയുടെ മരണത്തിൽ അവർ വിതുമ്പി. റോഡിലുടനീളം നിരന്നു നിന്ന പട്ടാളക്കാരുടെ മുന്നിലൂടെ നെരൂദയുടെ ശവശരീരം വിലാപയാത്രയായി കടന്നു പോയി. സുഹൃത്തുക്കളും വിദേശ രാജ്യത്തെ പ്രതിനിധികളും അതിൽ പങ്കാളികളായി. നെരൂദ പ്രതിരോധത്തിന്റെ പ്രതീകമായി മാറി. പട്ടാളത്തിന് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. കാരണം അത് പാബ്ളോ നെരൂദയുടെ അന്ത്യയാത്രയാണ്. ലോകമെമ്പാടുമുള്ള വാർത്താ മാധ്യമങ്ങൾ അത് പകർത്തുന്നുണ്ട്. ലോകം കാണുകയാണ്.

“അദ്ദേഹം മരിച്ചിട്ടില്ല; അദ്ദേഹം ഉറങ്ങിപ്പോയതാണ്. സൂര്യനസ്തമിക്കുമ്പോൾ പൂക്കൾ ഉറങ്ങുന്നതു പോലെ.” ആരാധകർ ആർത്തുവിളിച്ചു.

പട്ടാളത്തിന് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. കാരണം അത് പാബ്ളോ നെരൂദയുടെ അന്ത്യയാത്രയാണ്. ലോകമെമ്പാടുമുള്ള വാർത്താ മാധ്യമങ്ങൾ അത് പകർത്തുന്നുണ്ട്. ലോകം കാണുകയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ മഹാനായ കവി പാബ്ലോ നെരൂദയുടെ ജീവിതത്തെ അക്ഷരങ്ങൾ കൊണ്ട് പുനർനിർമ്മിക്കുകയാണ് മാർക് ഐസ്നർ  “Neruda -The Poet’s Calling” എന്ന ജീവചരിത്രത്തിലൂടെ. അതിസൂക്ഷ്മമായ അന്വേഷണങ്ങളിലൂടെ നെരൂദയുടെ ജീവിതത്തെ സമഗ്രമായി രേഖപ്പെടുത്തുകയാണ് ഈ കൃതി. നെരൂദയുടെ മരണം കഴിഞ്ഞിട്ടിപ്പോൾ അഞ്ചുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും എഴുത്തിന്റെ ലോകത്തെ ആ താരപരിവേഷത്തിന് മങ്ങലേറ്റില്ല. ഷേക്സ്പിയറിനു ശേഷം ഇത്രയേറെ വായിക്കപ്പെട്ട മറ്റൊരു കവി ലോക ചരിത്രത്തിലില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ കാരണങ്ങൾ കണ്ടെത്തുകയാണ് ഈ ജീവചരിത്രകാരൻ .

കവിത കൊണ്ട് നിറച്ച ജീവിതമായിരുന്നു നെരൂദയുടേത്. കവിത മാറ്റി വെച്ചാൽ അവിടെ ജീവിതം ബാക്കിയുണ്ടാവുന്നില്ല. ഏത് വിഷയത്തെക്കുറിച്ചും കവിത സൃഷ്ടിക്കാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു. അവയെല്ലാം സൗന്ദര്യം കൊണ്ട് വേറിട്ട കാഴ്ചകളുമായി . ബാല്യകാലത്തു തുടങ്ങിയ കവിതയെഴുത്ത് മരണം വരെ തുടർന്നു.

അദ്ദേഹത്തിന്റെ പേനയ്ക്ക് വിശ്രമിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതിൽ നിന്ന് പുറന്നു വന്ന പച്ചമഷി രചിച്ചതെല്ലാം കവിതയായിരുന്നു. തന്റെ ചിന്തയെ നിയന്ത്രിക്കുകയോ മറച്ചുവെക്കുകയോ ചെയ്യാതെ എല്ലാം കവിതയാക്കി മാറ്റുകയായിരുന്നു നെരൂദ. അവയുടെ ലാളിത്യവും ആഴവും ലോകത്തെ വിസ്മയിപ്പിച്ചു . അങ്ങനെയാണ് പറാൽ എന്ന ചിലിയൻ ഗ്രാമത്തിലെ കർഷകനായ ജോസ് ദേൽ കാർമന് റോസാ നെഫ്റ്റാലി എന്ന സ്കൂൾ അദ്ധ്യാപികയിൽ ജനിച്ച റിക്കാർഡോ എലൈസേർ നെഫ്റ്റാലി ലോകത്തിന്റെ കവിയായി മാറിയത്.

മാർക് ഐസ്നർ

പതിനൊന്നു വയസ്സു മുതൽ നെഫ്റ്റാലി കവിത എതിത്തുടങ്ങിയതിന്റെ രേഖകൾ ജീവചരിത്രകാരൻ കണ്ടെത്തുന്നുണ്ട്. ആദ്യം കുറിച്ച ആ വരികളുമായി അച്ചന്റെ അടുത്ത ചെന്നപ്പോൾ നീ ഇതെവിടെ നിന്നാണ് പകർത്തിയെഴുതിയത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പതിനാറാം വയസ്സിൽ കവിതയാണ് തന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് പാബ്ളോ നെരൂദ എന്ന പേരിൽ കവിതയെഴുതി പ്രസിദ്ധീകരിച്ചുതുടങ്ങി. ഈ പേര് മാറ്റത്തിന്റെ ഉദ്ദേശം തന്നെ കവിതയെഴുത്ത് അച്ഛനിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. ദരിദ്രനായ അച്ചന് മകൻ കവിതയിൽ മുഴുകി ജോലിയെടക്കാതെയാവുമോ എന്ന ഭയമുണ്ടായിരുന്നു. ആ പേര് ലോക കവിതയുടെ പര്യായമായി മാറുമെന്ന് ആ പാവം ചിലിയൻ കർഷകൻ അറിഞ്ഞിരുന്നില്ലല്ലോ. തൻ്റെ മകൻ്റെ കവിതകൾക്ക് ലോകമെമ്പാടും അനുകർത്താക്കൾ ഉണ്ടാവുമെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ!

ലോകകവിതയിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരാൾ ഇല്ലെന്നു തന്നെ പറയാം.

കവിതയുടെ ആത്യന്തിക ലക്ഷ്യത്തെ മാറ്റിയെഴുതുകയായിരുന്നു നെരൂദ .കവിതയുടെ അധികാരം നിർണ്ണയിക്കപ്പെട്ടു. മനുഷ്യാവസ്ഥയുടെ ഒരു ഭാഗമാക്കി കവിതയെ അദ്ദേഹം മാറ്റിയെടുത്തു. അതിന്റെ കഥ കൂടിയാണ് ഈ ജീവചരിത്രം . സാഹിത്യവും രാഷ്ടീയവും തമ്മിലുള്ള ബന്ധമെന്ത്, സാമൂഹ്യ മാറ്റത്തിൽ കലാകാരന്മാർക്കുള്ള സ്വാധീനമെത്ര എന്നിങ്ങനെയുള്ള വലിയ ചോദ്യങ്ങൾക്കുള്ള പുതിയ ഉത്തരം കൂടിയാണ് ജീവചരിത്രകാരൻ നെരൂദയിലൂടെ കണ്ടെത്തുന്നത്. അസാധാരണമായ ജനപ്രിയതയാണ് അദ്ദേഹത്തിന് നേടാനായത്. വായനക്കാരുടെ വൈകാരിക ജീവിതത്തെ നിരന്തരം ഉത്തേജിപ്പിക്കുവാനുള്ള കരുത്ത് ആ വരികൾക്കുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നെരൂദ രചിച്ച പ്രണയകവിതകൾ അരനൂറ്റാണ്ടിനിപ്പുറവും ലോകത്തെ യുവാക്കളുടെ ഹരമായി നിലകൊള്ളുന്നു.

നെരൂദയുടെ അമ്മ, ജോസ് ദേൽ കാർമന് റോസാ നെഫ്റ്റാലി

ഇത് കവിയുടെ ജീവചരിത്രം മാത്രമല്ല; കവി എഴുതിയ ഓരോ വരിയുടെയും ജീവചരിത്രം കൂടിയാണ്. നെരൂദയുടെ ജീവിതം ജീവചരിത്രകാരന്മാരുടെ അക്ഷയഖനിയായിരുന്നു. സംഭവബഹുലമായ ദിനങ്ങൾ കൊണ്ട് നിറഞ്ഞ 69 വർഷങ്ങൾ. മരണാനന്തരമുള്ള കവിയുടെയും കവിതയുടെയും തുടർ ജീവിതം വേറെയും. ഇതൊക്കെയാണ് മാർക്ക് ഐസ്നർ തൻ്റെ ‘നെരൂദ: ദ പൊയറ്റ്സ് കോളിങ്ങ്’ എന്ന കൃതിയിൽ നിറച്ചിരിക്കുന്നത്.

കവിത നെരൂദയ്ക്ക് ഒരു സാമൂഹ്യ പ്രവർത്തനമാണ്. ജീവിച്ച കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ കവിയാണദ്ദേഹം. യുവാവായിരുന്നപ്പഴേ ചിലിയിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തോടൊപ്പം പ്രവർത്തിച്ച നെരൂദ പല തിരിച്ചറിവുകൾക്കു ശേഷവും ആ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയുവാൻ തയ്യാറായില്ല. സ്റ്റാലിൻ എന്ന പ്രഹേളിക അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതത്തിലും ഇരുണ്ട നിഴലായി. 1968-ൽ സോവിയറ്റ് യൂണിയൻ ചെക് സ്ലോവാക്കിയയിൽ നടത്തിയ ഇടപെടലൊക്കെ നെരൂദയെ വിഷമസന്ധിയിലാക്കിയെന്ന് ജീവചരിത്രകാരൻ പറയുന്നു. “ഞാൻ ചെക് സ്ലോവാക്കിയയുടെ സുഹൃത്താണ്. പ്രയാസ ഘട്ടത്തിൽ അവരെനിക്ക് അഭയം നൽകിയിട്ടുണ്ട്. അതേ സമയം ഞാൻ സോവിയറ്റ് യൂണിയന്റെയും സുഹൃത്താണ്. ആ കാരണത്താൽ ഞാനാരുടെ ഭാഗത്താണ് എന്ന് നിങ്ങൾ ചോദിച്ചാൽ , അച്ഛനോടൊപ്പമാണോ അതോ അമ്മയോടൊപ്പമോ എന്ന ചോദ്യം നേരിടേണ്ടി വന്ന കുട്ടിയുടെ അവസ്ഥയാകും എന്റേത്”.

നെരൂദയും മാര്ക്വേസും

കവിത കഴിഞ്ഞാൽ സുഹൃത്തുക്കളായിരുന്നു നെരൂദയുടെ ശക്തി. ലാറ്റിനമേരിക്കയിലെ എഴുത്തുകാരെല്ലാം തന്നെ അദ്ദേഹത്തിന്റെ അടുത്ത ചങ്ങാതിമാരായിരുന്നു. നെരൂദയുമായുള്ള ആദ്യ കൂടിക്കാഴ്ചയെപ്പറ്റി മാർക്വേസ് ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്. നെരൂദയുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിലെല്ലാം മാർക്വേസിന്റെ സാന്നിധ്യമുണ്ടായിരുന്നു. കാഴ്ചയിൽ സാമ്യതയുള്ള മീഗ്യൽ അസ്റ്റൂരീയാസിന്റെ ( പ്രശസ്തമായ ‘പ്രസിഡന്റ്’എന്ന നോവലിന്റെ രചയിതാവ്) പാസ്പോർട്ട് ഉപയോഗിച്ച് പാരീസിലേക്ക് ഒരു യാത്ര പോലും നെരൂദ നടത്തിയിട്ടുണ്ട്. ലോർക, ക്ലാരിസ് ലിസ്പെക്ടർ  തുടങ്ങിയവരുമായുള്ള ബന്ധങ്ങളെപ്പറ്റിയും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒരിക്കൽ തന്റെ കവിതയിൽ ഒരു ഉറുഗ്വൻ കവിയുടെ സ്വാധീനം ഒരു സുഹൃത്ത് ആരോപിച്ചപ്പോൾ നെരൂദ മടി കൂടാതെ ആ കവിയെ തന്നെ ബന്ധപ്പെട്ടു. സ്വാധീനം ആരോപിക്കപ്പെട്ട കവിത അദ്ദേഹത്തിന് അയച്ചു കെടുത്തു. ‘താങ്കളിതൊന്ന് നോക്കണം. താങ്കളുടെ സ്വാധീനം ഇതിൽ ചിലർ കണ്ടെത്തിയിരിക്കുന്നു. വായിച്ച് വ്യക്തതയുണ്ടാക്കിത്തരണം എന്നഭ്യത്ഥിക്കുന്നു.’

കവി സാബത്ത് മറുപടിയയച്ചു. “ഇത്രയും ഉജ്ജ്വലമായ കവിതകൾ അപൂർവ്വമായേ ഞാൻ കണ്ടിട്ടുള്ളൂ. അതേ സമയം അവയിൽ സാമ്പത്തിന്റെ ചില സ്ഫുലിങ്ങൾ ഉണ്ടുതാനും.”

നെരൂദ നേരിടേണ്ടി വന്ന മറ്റൊരു ആരോപണം ടാഗോറിന്റെ കവിതകളുമായുണ്ടായ സാമ്യമാണ്. ടാഗോർ കവിതകളും നെരൂദയ്ക്ക് പ്രിയപ്പെട്ടവയായിരുന്നു.

നെരൂദ മീഗ്യല്‍ അസ്റ്റൂരീയാസിനൊപ്പം

നെരൂദ എഴുതിയ ലേഖനങ്ങളെക്കുറിച്ചും , നാടകത്തെപ്പറ്റിയും , ആദ്യകാലത്ത് ഒരു പ്രസാധകന്റെ ആഗ്രഹത്തിനു വഴങ്ങി രചിച്ച ക്രൈം നോവലിനെപ്പറ്റിയും വിശദമായി ജീവചരിത്രകാരൻ പ്രതിപാദിക്കുന്നുണ്ട്. കവിയുടെ സ്വകാര്യ ജീവിതവും കുഴഞ്ഞുമറിഞ്ഞ സ്ത്രീ ബന്ധങ്ങളും ഈ ജീവചരിത്രകാരൻ പരിശോധിക്കുന്നുണ്ട്. അതുപോലെ നയതന്ത്രപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നിർവ്വഹിച്ച ഔദ്യോഗിക ജീവിതവും വിശദമായി തന്നെ വരച്ചുകാട്ടുന്നു. വിശദാംശങ്ങളിലെ മിതത്വമില്ലായ്മയാണ് ഈ ജീവചരിത്രത്തെപ്പറ്റി പറയാവുന്ന ഒരു ന്യൂനത.

2004-ൽ പ്രസിദ്ധീകരിച്ച അദാം ഫെയിൻസ്റ്റയിന്റെ നെരൂദ: എ പാഷൻ ഫോർ ലൈഫ് എന്ന ജീവചരിത്രമാണ് നെരൂദയുടെ ജീവിതത്തെ ഇതിനു മുൻപ് സമഗ്രമായി അടയാളപ്പെടുത്തിയത്. ആ മികച്ച കൃതിയോട് കിടപിടിക്കുന്ന പുതിയ രചനയാണ് മാർക്ക് ഐസ്നറുടേത്. നെരൂദയുടെ ആന്തരിക ജീവിതം നിറഞ്ഞു നിൽക്കുന്ന ഒന്നായി ഈ പുസ്തകം മാറുന്നു. നെരൂദയുടെ ജീവിതം അവസാനിക്കുന്നില്ല. ഈ പുസ്തകം തയ്യാറാക്കുമ്പോഴും നെരൂദയുടെ മരണത്താൽ ദൂരൂഹതയുണ്ടെന്ന കേസ് ചിലിയിലെ കോടതിയിൽ നടക്കുകയാണ്. അതിന്റെ വിശദാംശങ്ങളിലേക്കും പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഗ്രന്ഥകാരൻ ചർച്ച ചെയുന്നുണ്ട്. അത് യഥാർത്ഥത്തിൽ  കൊലപാതകം തന്നെയായിരുന്നുവെന്ന നിഗമനത്തിൽ  ഫോറൻസിക് വിദഗ്ദരും കോടതിയും കഴിഞ്ഞവർഷം എത്തിച്ചേർന്നു.

നെരൂദയെന്ന കവിയേയും മനുഷ്യനെയും ആഴത്തിൽ അടുത്തറിയാൻ ഈ ജീവചരിത്രം വഴികാട്ടിയാവുന്നു. നെരൂദയെ അറിയുക എന്നത് ഇരുപതാം നൂറ്റാണ്ടിൻ്റെ സാംസ്കാരികാഭിനിവേശത്തെ അറിയുക എന്നതു കൂടിയാണ്. കാലത്തിൻ്റെ ഭാവുകത്വ പ്രതിസന്ധികളും രാഷ്ട്രീയദുരന്തങ്ങളും വിപ്ലവസന്ദേഹങ്ങളും വൈകാരിക ഊർജ്ജവും ഒക്കെ ചേർന്നതാണ് ആ ജീവിത കഥ. നെരൂദയുടെ ലോകവും നെരൂദയാൽ സൃഷ്ടിക്കപ്പെട്ട ലോകവും കാലത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments