ഡോസ്റ്റോയെവ്‌സ്‌കി

ഡോസ്റ്റോയെവ്‌സ്‌കി: വിശ്വാസം, ആധുനികത, നൈഹിലിസം

​ഡോസ്​റ്റോയെവ്​സ്​കിയുടെ ആന്തരിക പ്രപഞ്ചം എങ്ങനെയാണ്​ ആ സർഗാത്മക ലോകത്തെ നിർണയിച്ചത്​ എന്ന പഠനം

ത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും യാഥാസ്ഥിതികരായിരുന്ന എഴുത്തുകാരിൽ ഒരാളായിരുന്നു ഫെയ്‌ദോർ ഡോസ്റ്റോയെവ്‌സ്‌കി. ത്സാർ ഭരണകൂടത്തിന് അദ്ദേഹം നൽകിയ പിന്തുണയും റഷ്യൻ ഓർത്തഡോക്‌സ് സഭയോടു പുലർത്തിയ ആഭിമുഖ്യവുമാണ് ഈ യാഥാസ്ഥികതയുടെ പ്രധാന ഘടകങ്ങൾ. റഷ്യൻ ദേശീയതയെക്കുറിച്ച് ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ ഡോസ്റ്റോയെവ്‌സ്‌കി വികസിപ്പിച്ചെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ഈ ഓർത്തഡോക്‌സ് വിശ്വാസത്തിന് ഒരു രാഷ്ട്രീയമാനവും കൈവരുന്നുണ്ട്. 19ാം നൂറ്റാണ്ടിൽ റഷ്യയിലുണ്ടായിരുന്ന നിരീശ്വരവാദത്തെയും രാഷ്ട്രീയ വിപ്ലവ പ്രവണതകളെയും പ്രതിരോധിക്കുക എന്നത് കുറ്റവും ശിക്ഷയും (Crime and Punishment, 1866) മുതലുള്ള നോവലുകളുടെ ഒരു പ്രധാന ലക്ഷ്യവുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ യൂറോപ്പിലെ ജ്ഞാനോദയ- ആധുനികതയുടെ ചില തുടർച്ചകളെ ത്സാർ ഭരണകൂടത്തിലും ഓർത്തഡോക്‌സ് സഭയിലുമുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹം പ്രതിരോധിക്കാൻ ശ്രമിച്ചത്. ജ്ഞാനോദയ- ആധുനികത നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്; എങ്കിലും ഫ്യൂഡൽ റഷ്യയുടെ മൂല്യവ്യവസ്ഥയുപയോഗിച്ച് അവയെല്ലാം പരിഹരിക്കാമെന്ന്​ കരുതുന്നതിനോട് ഇന്ന് എത്രപേർ യോജിക്കുമെന്നറിയില്ല.

ഡോസ്റ്റോയെവ്‌സ്‌കിയുടെ യാഥാസ്ഥിതിക മനോഭാവം രൂപപ്പെട്ടതിനു പിന്നിൽ പല ഘടകങ്ങളുമുണ്ട്. ബാല്യകാലത്തുതന്നെ സ്വാധീനം ചെലുത്തിയത്​ ഓർത്തഡോക്‌സ് വിശ്വാസമായിരുന്നു. പുഷ്‌കിൻ, ഗോഗോൾ, റ്റുർഗാന്യേവ്, റ്റോൾസ്റ്റോയ് തുടങ്ങിയ റഷ്യയിലെ മറ്റു പ്രധാന എഴുത്തുകാരിൽനിന്ന്​വ്യത്യസ്തമായി ഒരു സാധാരണ കുടുംബത്തിലാണ് ഡൊസ്റ്റോയെവ്‌സ്‌കി ജനിച്ചത്. സുവിശേഷങ്ങളുടെ വായന ഈ കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ ഓർത്തഡോക്‌സ് സഭയോടുള്ള ആഭിമുഖ്യം ഡോസ്റ്റോയെവ്‌സ്‌കിയിൽ സ്വാഭാവികമായി വളർന്നു. യുറ്റോപ്യൻ സോഷ്യലിസ്റ്റ് ചിന്തയോട് അടുത്തിടപഴകിയ 1840കളിലും ഈ ആഭിമുഖ്യം നിലനിന്നു: വിമർശകനായിരുന്ന വിസ്സറിയോൺ ബെലിൻസ്‌കിയിയുമായുള്ള പ്രധാന വിയോജിപ്പും മതവുമായി ബന്ധപ്പെട്ടതായിരുന്നു.

അതേസമയം, മതാനുഷ്ഠയുമായി ബന്ധപ്പെട്ട നിരവധി ആന്തരിക പ്രശ്‌നങ്ങൾ ഡോസ്റ്റോയെവ്‌സ്‌കി അനുഭവിച്ചിട്ടുണ്ട്. വിശ്വാസം ഒരു മിഥ്യയായിരിക്കാനുള്ള സാദ്ധ്യതയായിരുന്നു ഇതിൽ മുഖ്യം. വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ചുള്ള ഭയവും ഇതോടൊപ്പമുണ്ടായിരുന്നു; തന്റെയുള്ളിലുള്ള അവിശ്വാസിയായിരുന്നു ഡോസ്റ്റോയെവ്‌സ്‌കിയുടെ ഏറ്റവും വലിയ ശത്രു. The Karamazov Brothers എഴുതിക്കഴിഞ്ഞശേഷം ഈ സംശയബാധയിൽ നിന്ന് അദ്ദേഹം വിമുക്തനായതായി കരുതപ്പെടുന്നു. അതെന്തായാലും വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള ഒരു സന്ദിഗ്ദ്ധാവസ്ഥ കൃതികളിലുടനീളം കാണാം; ജീവിതത്തിലും.

സൈബീരിയയിലെ തടവുപാളയത്തിൽ കഴിയുമ്പോൾ ഡോസ്റ്റോയെവ്‌സ്‌കിയുടെ കൈവശമുണ്ടായിരുന്ന പുതിയ നിയമം

1849 ഡിസംബറിൽ മിഖായിൽ പെറ്റ്രാഷേവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള യുറ്റോപിയൻ സോഷ്യലിസ്റ്റ് വൃത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഡോസ്റ്റോയെവ്‌സ്‌കി വധശിക്ഷക്കു വിധിപ്പെട്ടു. വധശിക്ഷയുറപ്പായതിനുശേഷം അതിനു കാത്തുനിൽക്കുമ്പോൾ ‘‘നമ്മൾ ക്രിസ്തുവിനോടു ചേരും'' എന്ന് ഡോസ്റ്റോയെവ്‌സ്‌കി നിക്കൊളായ് സ്‌പെഷ്‌നേവിനോട് മന്ത്രിച്ചതായി സമീപത്തുണ്ടായിരുന്ന F. N. Lvov എഴുതിയിട്ടുണ്ട്. ഇതിനു മറുപടിയായി സ്‌പെഷ്‌നേവ് പറഞ്ഞത്, ‘‘നമ്മൾ പൊടിയായിത്തീരും'' എന്നർത്ഥം വരുന്ന വാക്കുകളാണ്​ (Joseph Frank, A Writer in His Time, 179). പൊടി മാത്രമായി അവസാനിക്കുന്നതിനുള്ള സാദ്ധ്യതയെപ്പറ്റിയുള്ള ചിന്ത ഡോസ്റ്റോയെവ്‌സ്‌കിയെ സ്ഥിരമായി പിന്തുടരുന്ന ഒന്നായിരുന്നു. അവസാന നിമിഷത്തിൽ വധശിക്ഷ കഠിനതടവായി ചുരുക്കി എന്ന നാടകീയമായ അറിയിപ്പുണ്ടായി. പക്ഷേ അതിനു തൊട്ടുമുൻപുള്ള ഭീകരനിമിഷങ്ങളിലെ അനുഭവങ്ങൾ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന എല്ലാ ധാരണകളും മാറ്റിമറിക്കുന്നതായിരുന്നു. ഇതിനു തുല്യമായ ഒരനുഭവത്തെപ്പറ്റി The Idiot എന്ന നോവലിന്റെ തുടക്കത്തിൽ പ്രിൻസ് മിഷ്‌കിൻ സംസാരിക്കുന്നുണ്ട്. ഫ്രാൻസിൽ ഗില്ലറ്റിൻ ഉപയോഗിച്ചു നടത്തുന്ന വധശിക്ഷകളിലൊന്നിനു സാക്ഷിയായതിന്റെ ഓർമയാണ് മിഷ്‌കിൻ പങ്കുവയ്ക്കുന്നത്:

Just think- torture, the resulting suffering and injuries, the pain-it's all physical and a distraction from mental agony. As a result, right up to the moment of death, one only has one's physical injuries to contend with. But what if the greatest pain is not in injuries, but rather in the knowledge that in an hour, in ten minutes, then in half a minute, finally now-this instant-you'll be decapitated, and that'll be the end of you as a human being, and that's irrevocable. Irrevocable, mark you! As you put your head under the blade, and you hear the swish from above, that fraction of a second is the most terrifying of all. (The Idiot 23-24)

ഇത് നോവലിസ്റ്റിന്റെ തന്നെ അനുഭവത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണെന്നതിൽ സംശയമില്ല. തുടർന്ന്, 1850 മുതൽ നാലു വർഷം സൈബീരിയയിലെ ഓംസ്‌ക് പട്ടണത്തിലെ തടവുപാളയത്തിൽ കഴിയുമ്പോൾ ഡോസ്റ്റോയെവ്‌സ്‌കിയുടെ കൈവശമുണ്ടായിരുന്ന ഒരേയൊരു പുസ്തകം പുതിയ നിയമമായിരുന്നു; മറ്റൊന്നും അവിടെ അനുവദനീയമായിരുന്നില്ല (Dostoevsky, Diary9). ഈ ഓർമയിലേക്ക് Crime and Punishment തിരിച്ചുപോകുന്നുണ്ട്. നോവൽ അവസാനിക്കുന്നത് സൈബീരിയയിൽ തടവുകാരനായിരിക്കുമ്പോൾ സോണിയ സൂക്ഷിക്കുന്ന സുവിശേഷ പുസ്തകം റസ്‌കോൾ നിക്കോവ്​ കയ്യിലെടുക്കുമ്പോഴാണ്. സഹനത്തിലൂടെ നിഷ്‌കളങ്കതയിലും വിശുദ്ധിയിലുമെത്തുക എന്ന ക്രിസ്തീയവിശ്വാസവുമായി ബന്ധപ്പെട്ട ഈ പ്രമേയം, തുടർന്നെഴുതിയ മറ്റു മൂന്നു ബൃഹദ് നോവലുകളിലും (The Idiot -1869, The Demons/The Possessed -1872, The Karamazov Brothers -1880) കേന്ദ്രസ്ഥാനത്തുണ്ട്. നാസ്തിക വാദം, അരാജക വാദം, സോഷ്യലിസം, തുടങ്ങി അക്കാലത്ത് റഷ്യയിൽ പ്രചരിക്കാനാരംഭിച്ച പുതുചിന്താരീതികൾക്കെതിരെ ഓർത്തഡോക്‌സ് നിലപാടിൽ നിന്നുകൊണ്ടുള്ള പ്രതിരോധവും ആക്രമണവുമാണ് നോവലിസ്റ്റ് ഈ കൃതികളിൽ ലക്ഷ്യമാക്കുന്നത്.

സെൻറ്​ പീറ്റേഴ്‌സ്ബർഗ് നഗരജീവിതത്തിന്റെ വിഹ്വലതകൾ ആവിഷ്‌കരിക്കുന്ന ആദ്യകാല രചനകളുടെ പ്രമേയങ്ങളും അന്തരീക്ഷവും ഡോസ്റ്റോയെവ്‌സ്‌കി പിൽക്കാല രചനകളിൽ പൂർണമായുപേക്ഷിച്ചില്ല. അവയിൽ പലതും മുൻപു പറഞ്ഞ നാലു നോവലുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്; പക്ഷെ അവയെല്ലാം ത്സാറിസ്റ്റ് ഭരണകൂടത്തിലും ഓർത്തഡോക്‌സ് വിശ്വാസത്തിലും നിലകൊള്ളുന്ന ഒരു ആശയസംഹിതയുടെ ചട്ടക്കൂടിലാണ് സങ്കല്പിക്കപ്പെടുന്നത്. അതോടൊപ്പം, Notes From the Underground (1864) The Gambler (1867), The Adolescent (1875) തുടങ്ങിയ കൃതികളിൽ existentialist എന്ന് വിശേഷിപ്പിക്കാറുള്ള പ്രമേയങ്ങളും ആഖ്യാനരൂപങ്ങളും തുടരുന്നുമുണ്ട്. Notes From the Underground എന്ന ലഘുനോവലിന് പ്രമേയത്തിന്റെ കാര്യത്തിൽ മുഖ്യനോവലുകളുമാണ് അടുപ്പം. യൂറോപ്യൻ നൈഹിലിസവും (Nihilism) അനുബന്ധചിന്താരീതികളും ഈ കൃതിയിൽ നിശിതമായി പരിഹസിക്കപ്പെടുന്നു.

"ബോഡി ഓഫ് ദ ഡെഡ് ക്രൈസ്റ്റ്" ഹാൻസ് ഹോൾബെയ്ൻ ദി ഇംഗർ

റസ്‌കോൾ നിക്കോവിന്റെ കഥ വേർതിരിച്ചെടുത്തുനോക്കിയാൽ വായനക്കാർ കാണുന്നത് പാശ്ചാത്യ ആശയങ്ങളുടെ സ്വാധീനത്തിൽ കൊലപാതകങ്ങൾ ചെയ്യുന്ന ഒരാൾ നിരവധി അന്തർസംഘർഷങ്ങൾക്കുശേഷം പശ്ചാത്താപത്തിലും, തുടർന്ന് റഷ്യൻ ഓർത്തഡോക്‌സ് ക്രിസ്തീയതയിലും എത്തിച്ചേരുന്നതാണ്. ഉപജാപങ്ങളിലും ധനമോഹത്തിലും ഭൗതികസുഖങ്ങളിലും നിയന്ത്രണമില്ലാത്ത ആസക്തികളിലും മുഴുകിയ സമകാലിക റഷ്യൻ സമൂഹം, ക്രിസ്തീയ നിഷ്‌കളങ്കതയിൽ ജീവിക്കുന്ന ഒരു മനുഷ്യനെ എങ്ങനെയാണ് മാനസികത്തകർച്ചയിലെത്തിക്കുന്നത് എന്നു ചിത്രീകരിക്കുകയാണ് The Idiot എന്ന നോവൽ ചെയ്യുന്നത്. നോവലിസ്റ്റിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട സങ്കീർണതകളും ഈ നോവലിൽ പ്രമേയമാകുന്നു. ബാസെലിലെ കുൺസ്റ്റ് മ്യൂസിയം സന്ദർശിക്കുമ്പോൾ കാണാനിടയായ ‘The Body of the Dead Christ' (Hans Holbein the Younger,1522) എന്ന ചിത്രം ഡോസ്റ്റോയെവ്​സ്​കിയെ വല്ലാതെ ഉലച്ചതായി ജീവചരിത്രങ്ങൾ പറയുന്നു. നോവലിസ്റ്റിനെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന അപസ്മാരബാധ തുടങ്ങുന്നതിനു മുൻപുള്ള ഭാവമാണ് ഈ ചിത്രത്തിനു മുന്നിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത് എന്ന് അന്ന ഗ്രിഗറിയേവ്‌ന ഡോസ്റ്റോയെവ്‌സ്‌കായ എഴുതിയിട്ടുണ്ട് (Frank, A Writer in His Time 549). ‘The Body of the Dead Christ' ആവത്തിച്ചുവരുന്ന ഒരു പ്രമേയമാണ് ഈ നോവലിൽ. റോഗോഷിനെ സന്ദർശിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഈ ചിത്രം ഒരു ചുമരിൽ കാണുമ്പോൾ വിദേശത്തുവച്ച് താൻ ഇത് കണ്ടിട്ടുണ്ടെന്നും മനസ്സിൽ നിന്ന് പുറത്താക്കാനവാത്ത ഒന്നാണ് ഇതെന്നും മിഷ്‌കിൻ പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു:

‘I like looking at that picture,' Rogozhin muttered after a pause,apparently no longer aware that he had asked a question.‘At that picture!' the Prince exclaimed, struck by a sudden thought.‘Do you? Don't you realize that picture is enough to put a man from his faith?' (The Idiot 226)

നോവലിന്റെ മൂന്നാം ഭാഗത്തിൽ അവിശ്വാസിയും നൈഹിലിസ്റ്റുമായ ഇപ്പോലിറ്റ് ഈചിത്രത്തെക്കുറിച്ച് പറയുമ്പോൾ അതുളവാക്കുന്ന കടുത്ത നൈരാശ്യത്തിനാണ് ഊന്നൽ കൊടുക്കുന്നത്. വിശ്വാസം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന കടുത്ത നൈരാശ്യം മുഖത്തോടുമുഖം കാണുന്ന അനുഭവമാണ് ബാസെലിലെ മ്യൂസിയത്തിൽ വച്ച് ഡോസ്റ്റോയെവ്‌സ്‌കിയെ അസ്വസ്ഥനാക്കിയത്.The Demons എന്ന നോവലിന്റെ പ്രധാന ലക്ഷ്യം തന്നെ പടിഞ്ഞാറൻ യൂറോപ്പിൽ നിന്നു പ്രചോദമുൾക്കൊണ്ട് റഷ്യയിൽ പ്രവർത്തിച്ചിരുന്ന വിപ്ലവപ്രസ്ഥാനങ്ങളെ തുറന്നുകാണിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്നതായിരുന്നു.

വിപ്ലവകാരിയായ ഒരു യുവാവിനെ അയാളുടെ സഖാക്കൾ തന്നെ കൊലചെയ്ത ഒരു യഥാർത്ഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ നോവലിന്റെ കഥാതന്തു വികസിപ്പിച്ചിട്ടുള്ളത്. റഷ്യയിലെ സാധാരണജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയോ അവരോട് ഏതെങ്കിലും തരത്തിലുള്ള സഹതാപമോ ഇല്ലാത്ത ബുദ്ധിജീവിസംഘങ്ങൾ എന്ന നിലയിലാണ് ഡോസ്റ്റോയെവ്‌സ്‌കി ഇവരെ വിലയിരുത്തിയിരുന്നത്. അതോടൊപ്പം, റഷ്യയിലെ സാധാരണമനുഷ്യരുടെ പ്രശ്‌നങ്ങൾ ത്സാർ ചക്രവർത്തി പരിഹരിക്കും എന്ന വിശ്വാസം ഈ നോവലെഴുതാനുള്ള പ്രധാനപ്രേരകമായിരുന്നു എന്നോർമ്മിക്കുന്നതും പ്രധാനമാണ്. ഡോസ്റ്റോയെവ്‌സ്‌കിയുടെ ആക്ഷേപഹാസ്യഭാഷണം ഏറ്റവും രൂക്ഷമാകുന്നത് ഈ നോവലിലാണ്; അതിന്റെ ശക്തിയുടെ ഒരു പ്രധാന ശ്രോതസ്സുതന്നെ ഹാസ്യമാണ്.

പാശ്ചാത്യചിന്തയിലും സാഹിത്യത്തിലും പിന്നീട് നൈഹിലിസം ഒരു പ്രധാന ചർച്ചാവിഷയമായി. നീറ്റ്ഷ്ചെ, സാർത്ര്, കമ്യു തുടങ്ങിയ ചിന്തകർ അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു സമകാലിക പ്രശ്‌നം എന്ന നിലയിലാണ് നൈഹിലിസത്തെ സമീപിക്കുന്നത്. നീറ്റ്ഷ്ചെയുടെ അവസാനകാല രചനകളുടെ സമാഹാരമായ The Will to Power ആരംഭിക്കുന്നത് ഈ നിരീക്ഷണത്തോടെയാണ്: ‘What does nihilism mean? That the highest values devaluate themselves. The aim is lacking; 'why?' finds no answer' (9). നൈഹിലിസം ചർച്ചാവിഷയമാകുന്ന The Myth of Sisyphus എന്ന ദീർഘലേഖനത്തിൽ അൽബേർ കമ്യു ഡോസ്റ്റോയെവ്‌സ്‌കിയുടെ നോവലുകളും കഥാപാത്രങ്ങളും വിശദമായി പരാമർശിക്കുന്നുണ്ട്.The Demons എന്ന നോവലിലെ കിറിലോവ് എന്ന കഥാപാത്രത്തിന്റെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ മുതൽ ഇവാൻ കാരമസോവിന്റെ ‘‘ദൈവമില്ലെങ്കിൽ എല്ലാം അനുവദനീയമാണ്'' എന്ന നിരീക്ഷണം വരെ കമ്യു ചർച്ച ചെയ്യുന്നു. സിസിഫസിന്റെ തുടർച്ചായി വായിക്കാവുന്ന The Rebel എന്ന (കൂടുതൽ ദീർഘമായ) ലേഖനത്തിൽ നൈഹിലിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്നത് അന്വേഷണവിഷയമാകുന്നു.

അതുവരെയെഴുതിയ നോവലുകളിലും കഥകളിലുമുള്ള പ്രമേയങ്ങളും സന്ദിഗ്ദ്ധതകളും ഒന്നുകൂടി വലിയ ഒരു കാൻവാസിൽ അവതരിപ്പിക്കുന്ന കൃതിയാണ്The Karamazov Brothers. മുൻപുള്ള രചനകളിലെ കഥാപാത്രങ്ങൾക്കും ഇവിടെ തുടർച്ചകളുണ്ട്. ഓർത്തൊഡോക്‌സ് സഭയുടെ വിശ്വാസസംഹിതയാണ് നോവലിലെ ആശയങ്ങളുടെ അസ്ഥിവാരമായി സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. സഭ അതിന്റെ ഉദാത്തമായ രൂപത്തിൽ ഫാദർ സോസ്സിമയിലൂടെ പ്രത്യക്ഷമാവുകയും ചെയ്യുന്നു. നോവലിന്റെ നായകസ്ഥാനത്തുള്ള അലെക്‌സി കാരമസോവ് സോസ്സിമയുടെ പാത തുടരുന്നതായാണ് വായനക്കാർ ധരിക്കുന്നത്. യൂറോപ്യൻ ആധുനികതയുടെ പ്രതിനിധിയായ ഇവാൻ കാരമസോവ് തന്റെ ചിന്താപദ്ധതി ഏതു കൊലപാതകത്തെയും ന്യായീകരിക്കാനുതകുന്നതാണെന്ന് മനസ്സിലാക്കുന്നുണ്ട്. റസ്‌കോൾനിക്കോഫിനുള്ളതുപോലെ പുതിയ നിയമം കയ്യിലെടുക്കുക എന്ന സാദ്ധ്യത ഇവാൻ കാരമസോവിനില്ല; അതുകൊണ്ടുതന്നെ നോവലിന്റെ അവസാനം അയാൾ നേരിടുന്ന മാനസികത്തകർച്ച സഭയുടെ യുക്തിയനുസരിച്ച് ദൈവനീതിയുമാണ്.

ഡോസ്റ്റോയെവ്‌സ്‌കിയുടെ രചനകളിൽ നിറഞ്ഞുനിൽക്കുന്ന യാഥാസ്ഥികത അതിനോട് കടുത്ത വിയോജിപ്പുള്ളവർക്കുപോലും വായനയിൽ പ്രശ്‌നങ്ങളുണ്ടാക്കിയില്ല എന്നതിന് പല കാരണങ്ങളുമുണ്ട്. അവയിൽ ഏറ്റവും പ്രധാനമായി വരുന്നത് നോവലുകളിലുള്ള ബഹുസ്വരതയാണ്. എഴുതുന്നയാളുടെ കരുക്കളല്ല ഡോസ്റ്റോയെവ്‌സ്‌കിയുടെ കഥാപാത്രങ്ങൾ. അവർക്ക് ശബ്ദവും സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ടുതന്നെ, നോവലിസ്റ്റിന്റെ നിലപാടുകളോടെതിർത്തു നിൽക്കുന്ന ഇവാൻ കാരമസോവ്, നിക്കൊളായ് സ്റ്റാവ്രോഗിൻ തുടങ്ങിയ കഥാപാത്രങ്ങൾ വായിക്കുന്നവരുടെ മനസ്സിൽ കൂടുതൽ പതിയുന്നു.

ഡോസ്റ്റോയെസ്‌കിയുടെ ബഹുസ്വരതയെക്കുറിച്ച്​ ഏറ്റവും ആഴത്തിൽ പഠനം നടത്തിയിട്ടുള്ളത് സാഹിത്യ വിദ്യാർത്ഥികൾക്ക് പരിചിതനായ മിഖായിൽ ബാഖ്റ്റീനാണ്. കഥാപാത്രങ്ങളെയും കഥാഗതിയെയും ഒരു ബോധകേന്ദ്രത്തിൽ നിന്ന്​ നിയന്ത്രിക്കുന്ന എഴുത്തുകാരിൽ നിന്ന് ഡോസ്റ്റോയെവ്‌സ്‌കി തികച്ചും വ്യത്യസ്തനാണ് എന്ന നിരീക്ഷണത്തിലാണ് ബാഖ്റ്റീൻ തുടങ്ങുന്നത്. എഴുതുന്നയാളുടെ പൂർണനിയന്ത്രണത്തിലുള്ള ഉപകരണങ്ങളല്ല ഇവിടെ കഥാപാത്രങ്ങൾ; അവർക്ക് സ്വന്തമായ നിലനില്പും വ്യക്തിത്വവും അതിലുമുപരി സ്വാതന്ത്ര്യവുമുണ്ട്. എഴുതുന്നയാൾക്കൊപ്പം നിൽക്കാനും അവരെ ചോദ്യം ചെയ്യാൻ തന്നെയും കഥാപാത്രങ്ങൾക്കു കഴിയുന്നു. എഴുതുന്നതായി ഒരാളല്ല ഡോസ്റ്റോയെവ്‌സ്‌കിയുടെ നോവലുകളിലുള്ളത്, നിരവധി പേരുണ്ട്:

Any acquaintance with the voluminous literature on Dostoevsky leaves the impression that one is dealing not with a single author-artist who wrote novels and stories, but with a number of philosophical statements by several author-thinkers-Raskolnikov, Myshkin, Stavrogin, Ivan Karamazov, the Grand Inquisitor, and others. Among these also figure, but in far from first place, the philosophical views of the author himself. (Bakhtin, Poetics 5)

എഴുതുന്നയാളുടെ ഏകീകൃത ബോധമണ്ഡലത്തിലല്ല ആഖ്യാനം രൂപപ്പെടുന്നത്; മറിച്ച് നിരവധി ബോധങ്ങളുടെ പ്രതിപ്രവർത്തനത്തിലാണ്. A plurality of independent and unmerged voices and consciousnesses, a genuine polyphony of fully valid voices is in fact the chief characteristic of Dostoevsky's novels. What unfolds in his works is not a multitude of characters and fates in a single objective world, illuminated by a single authorial consciousness; rather a plurality of consciousnesses, with equal rights and each with its own world, combine but are not merged in the unity of the event. (6 )

കഥാപാത്രങ്ങളും ആശയങ്ങളും സംഭവങ്ങളും കേന്ദ്രീകൃതമായ ഒരു ബോധത്തിലേക്കു ചുരുങ്ങുന്നില്ല; മറിച്ച് സ്വന്തം അവകാശങ്ങളും സ്വന്തം ലോകം തന്നെയും നിലനിർത്തിക്കൊണ്ട് മറ്റുള്ളവരോടു ചേരുന്ന നിരവധി ബോധങ്ങളായി അവ നിലകൊള്ളുന്നു. ഒരു നോവൽ അവസാനിക്കുമ്പോൾ പോലും ഈ നിലക്കു മാറ്റമില്ല. ഉദാഹരണമായി, ഇവാൻ കാരമസോവിന് കഥാവസാനം എന്തുസംഭവിച്ചാലും അയാളുടെ ലോകവും ആശയങ്ങളും തുടർന്നും നിലനിൽക്കും; സ്വന്തം ആശയലോകത്തേക്ക് നോവലിസ്റ്റ് അയാളെ ചുരുക്കുന്നില്ല. ബാഖ്റ്റീൻ തുടരുന്നു: Dostoevsky's major heroes are, by the very nature of his creative design, not only objects of authorial discourse but also subjects of their own directly signifying discourse. In no way, then, can a character's discourse be exhausted by the usual functions of characterization and plot development, nor does it serve as a vehicle for the author's own ideological position (as with Byron, for instance). The consciousness of a character is given as someone else's consciousness, another consciousness, yet at the same time it is not turned into an object, is not closed, does not become a simple object of the author's consciousness. In this sense the image of a character in Dostoevsky is not the usual objectified image of a hero in the traditional novel. (7)

ഡോസ്റ്റോയെവ്‌സ്‌കിയുടെ നോവലുകളിൽ ബഹുസ്വരത (polyphony) രൂപപ്പെടുന്നതിന്റെ സാഹചര്യങ്ങളും അതുൾക്കൊള്ളുന്ന പ്രക്രിയകളുമാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് ആഴത്തിലുള്ള മറ്റൊരു തലം കൂടിയുണ്ട്. ഇവിടെയാണ് നിരവധി ഭാഷണങ്ങൾ അനുവദിക്കുക എന്നതിലുപരി അവതമ്മിലുള്ള പരസ്പരപ്രവർത്തനം ഉറപ്പുവരുത്തുന്നത്. ഈ ഉറപ്പുള്ളതുകൊണ്ട് ഡോസ്റ്റോയെവ്‌സ്‌കിയിലുള്ള ബഹുസ്വരത അടിസ്ഥാനപരമായി ഡയലോജിക് ആണ്; ഭാഷണങ്ങൾ തമ്മിലും ആശയങ്ങൾ തമ്മിലുമുള്ള തീർപ്പാക്കലില്ലാത്ത പരസ്പരപ്രവർത്തനമാണ് അതിന്റെ മുഖ്യസ്വഭാവം. ഇത് സംഭാഷണങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല എന്ന് ബാഖ്റ്റീൻ കൂട്ടിച്ചേർക്കുന്നു: ‘The polyphonic novel is dialogic through and through. Dialogic relationships exist among all elements of novelistic structure; that is, they are juxtaposed contrapuntally (40). സ്വതന്ത്രമായ എല്ലാ മനുഷ്യബന്ധങ്ങളും ഡയലോജിക് ആണ്.

ചരിത്രവൽക്കരിച്ചുകൊണ്ടുള്ള വായനയിലും ഡയലോജിക് വായനയിലും, എഴുതുന്നവരും വായിക്കുന്നവരും തമ്മിലുള്ള ബന്ധം കൂടുതൽ ജനാധിപത്യപരമാകുന്നു. വായനക്കാർ ഇവിടെ ആരാധകരോ വിധേയരോ അല്ല. എഴുതിയ ആളുമായി സ്വതന്ത്രമായ ഒരു സംഭാഷണം ഇത്തരം വായനയിൽ സംഭവിക്കുന്നു. ഇവാൻ കാരമസോവിന്, അല്ലെങ്കിൽ മാർമലദോവിന് നൽകിയ സ്വാതന്ത്ര്യം വായനക്കാർക്കും നൽകാൻ നോവലിസ്റ്റ് ബാദ്ധ്യസ്ഥനാണ്. ഇങ്ങനെ വായിക്കുമ്പോൾ ഡൊസ്റ്റോയെവ്‌സ്‌കിയുടെ വ്യക്തിപരവും ചരിത്രപരവുമായ പരിമിതികൾ അപ്രസക്തമാകുന്നു. അതുകൊണ്ട് എഴുത്തുകാരെ ആരാധിക്കുന്നതിന് പ്രസക്തിയില്ലാതാകുന്നു. ആരാധനയും വിധേയത്വവും വായനയെ വികലമാക്കുന്നു; നോവലിസ്റ്റുമായുള്ള ഒരു സംഭാഷണത്തിന്റെ തലത്തിലാണ് വായന സൃഷ്ടിപരമാകുന്നത്.▮

ReferencesBakhtin, Mikhail. 1984. Trans. Caryl Emerson. The Problems of Dostoevsky's Poetics. Minneapolis: Minnesotta UP.Dostoevsky, F. 2010. Trans. Ignat Avesey. The Idiot. Richmond: Alma Classics.Dostoevsky, F. 1919. Trans. Boris Brasol. The Diary of a Writer. New York: Groege Braziller.Frank, Joseph. 2009. Dostoevsky: A Writer in His Time. Princeton: Prinston UP.Nietzsche, Frederic. 1968. Ed. Walter Kaufman. The Will to Power. New York: Vintage.​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments