പി.രാമൻ, വിഷ്​ണുപ്രസാദ്​, എസ്​. ജോസഫ്​

പുതുകവിതയുടെ അമർ അക്ബർ ആന്റണിമാരോട്

‘‘ഇപ്പോൾ പരസ്പരം പരിഭവവും പരാതിയും പറയുന്ന പ്രിയപ്പെട്ട കവികൾ എഴുപതുകളിലെ ഹിന്ദി സിനിമയിൽ, മേളയിൽ കൈവിട്ടുപോയ ഭായിമാരെപ്പോലെ, കവിതാ കാർണിവലിനിടയിൽ കൂട്ടം തെറ്റി പരസ്പരം അകന്നുപോയി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മലയാളകവിത അനുയോജ്യമായ നായികാവേഷങ്ങളിൽ അവർക്കൊപ്പമുണ്ട് എന്നിരിക്കെ അധികം താമസിയാതെ സിനിമകളിൽ ഉള്ളതുപോലെ പാരമ്പര്യമായി കഷ്ണം മുറിച്ചു കിട്ടിയ ഓലകൾ കൂട്ടിച്ചേർത്തുകൊണ്ട് അവർ വീണ്ടും പരസ്പരം തിരിച്ചറിയുമെന്നും കെട്ടിപ്പിടിക്കുമെന്നും വിചാരിക്കുന്നു’’- ട്രൂകോപ്പി വെബ്​സീനിൽ കവി വിഷ്​ണുപ്രസാദുമായി വി. അബ്​ദുൽ ലത്തീഫ്​ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട്​ കവിതയെക്കുറിച്ച്​ നടക്കുന്ന ചർച്ചയിൽ ഇടപെട്ട്​ എഴുതുന്നു, നിരഞ്​ജൻ ടി.ജി​.

രു താളത്തിനാണ് അങ്ങനെയൊരു ടൈറ്റിലിട്ടത്. ട്രൂകോപ്പി വെബ്​സീനിലെ വിഷ്ണുപ്രസാദ്-വി. അബ്ദുൾ ലത്തീഫ് അഭിമുഖം തന്നെയാണ് വിഷയം. പുതുകവിതയുടെ ആർക്കിടെക്റ്റുകൾ ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ, ലളിതപദങ്ങളുടെ മൺകട്ടകൾ കൊണ്ട് ഏറ്റവും ചുരുങ്ങിയ ചെലവിൽ കവിതയുടെ നാലുകാലോലപ്പുര വെച്ച് കഞ്ഞി കുടിച്ച് കഴിഞ്ഞു പോകുന്ന ഒരാൾ അഭിപ്രായം പറഞ്ഞിട്ടെന്ത് എന്ന് സ്വാഭാവികമായും സംശയം തോന്നാം. വ്യാപാരിവ്യവസായി സംസ്ഥാനസമ്മേളനം നടക്കുമ്പോൾ വാഴനാരുൽപ്പന്നങ്ങളുടെ ഒരു കുടുംബശ്രീ സ്റ്റാൾ പുറത്തിടുന്നതുപോലെ കണ്ട് ക്ഷമിച്ചാൽ മതി.

എസ്. ജോസഫും പി. രാമനും തമ്മിൽ വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നടന്ന സംവാദം വഴിയാണ് വിഷ്ണുപ്രസാദ് എന്ന കവിയെ ആദ്യമായി കേൾക്കുന്നത്. ആറ്റൂരിൽ നിന്ന് രാമനിലേക്ക് ഒരു പാലമുണ്ടെന്നും അത്തരം വരേണ്യമായ ഒരു സഞ്ചാരസൗകര്യം തനിക്ക് കിട്ടിയിട്ടില്ലെന്നും അവഗണിക്കപ്പെട്ട തുരുത്തുകളിലാണ് തന്നെപ്പോലുള്ള കവികൾ വളർന്നതെന്നും എസ്. ജോസഫ് വിഷമം പറഞ്ഞതായിരുന്നു തുടക്കം. മറുപടിയായി അത്തരം പരിഗണനകളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും കുറ്റാലത്തു നടന്ന തമിഴ്- മലയാളം കവികളുടെ ക്യാമ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വിഷ്ണുപ്രസാദിന്റെ കവിതകളാണെന്നും മറ്റും രാമനും എഴുതി.

വിഷ്ണുപ്രസാദ്

ബ്ലോഗുകളുടെ വസന്തം ആരംഭിച്ചിരുന്ന കാലമായിരുന്നു. അതിൽ ചില വള്ളിക്കൊളുത്തുകളിൽ തൂങ്ങിപ്പിടിച്ച് അന്വേഷിച്ചുപോയാണ് വിഷ്ണുവിന്റെ കവിതകൾ വായിച്ചത്. കടലിൽ അന്ന് ഇന്റർനെറ്റ് സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വളരെ വൈകി ബൂലോകത്ത് കയറിപ്പറ്റിയ ഞാനും നാളികേരം, കടുമാങ്ങ എന്നു പേരുകളുള്ള രണ്ട് ബ്ലോഗുകളുടെ ചെറുകിടവ്യവസായ യൂനിറ്റുകൾ തുടങ്ങിയിരുന്നു അക്കാലത്ത്. അതിൽ ചിലതെല്ലാം വിഷ്ണുവും വായിച്ചിരുന്നു എന്നറിഞ്ഞത് പിന്നീട്.

കാമ്പസ് ജീവിതത്തിനു ശേഷം വലിയൊരു ഇടവേള കഴിഞ്ഞ് കവിതയെഴുത്തിലേക്ക് തിരിച്ചുവന്ന എനിക്ക് ആദ്യം ധൈര്യം തന്ന രണ്ടുപേർ പി. രാമനും വിഷ്ണുപ്രസാദുമാണ്.

കാമ്പസ് ജീവിതത്തിനു ശേഷം വലിയൊരു ഇടവേള കഴിഞ്ഞ് കവിതയെഴുത്തിലേക്ക് തിരിച്ചുവന്ന എനിക്ക് ആദ്യം ധൈര്യം തന്ന രണ്ടുപേർ പി. രാമനും വിഷ്ണുപ്രസാദുമാണ്. എന്റെ ബ്ലോഗ് കവിതകൾ വായിച്ച് ആരോ വഴി നമ്പർ സംഘടിപ്പിച്ച് വിഷ്ണു ഒരു ദിവസം എന്നെ വിളിച്ചു. ഞാൻ ചിറ്റൂർ കോളേജിലെ അദ്ധ്യാപകനാണെന്നായിരുന്നു വിഷ്ണു ധരിച്ചിരുന്നത്. കവിതകൾ വെറുതെ ബ്ലോഗിൽ കൂട്ടിയിടേണ്ടതല്ല, പ്രസിദ്ധീകരിക്കണം എന്നൊക്കെ അന്ന് പ്രോത്സാഹിപ്പിച്ചതോർക്കുന്നു. വിഷ്ണുവിന്റെ ചിറകുള്ള ബസ്​ ഡി.സി ബുക്സ് അതിനകം പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം ബ്ലോഗിലെ പുതിയ എഴുത്തുകാർക്കായി പട്ടാമ്പി കോളേജിൽ ഒരു കവിതാവതരണം സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്ത് കവിത വായിക്കണമെന്നും വിഷ്ണു ക്ഷണിച്ചു. കവിതയുടെ ആദ്യത്തെ വെബ് പോർട്ടലുകളിൽ ഒന്നായ പി.പി. രാമചന്ദ്രൻ മാഷുടെ ഹരിതകവും പട്ടാമ്പി കോളേജിലെ മലയാളവിഭാഗവും ചേർന്നായിരുന്നു അത് സംഘടിപ്പിച്ചത്. രാമചന്ദ്രൻ മാഷ് കുറച്ചു കഴിഞ്ഞ് ക്ഷണിക്കാൻ വിളിച്ചു. സന്തോഷ് ഹൃഷികേശും എം.ആർ. അനിൽകുമാറും പിന്നീട് പി.പി. പ്രകാശനും അലിക്കുട്ടിയുമൊക്കെ ചേർന്ന് ഒരു ദൃഢസംഘമായി മാറിയ പട്ടാമ്പിയിലെ മലയാളവിഭാഗത്തിന്റെ അത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു അത്.

പി.എന്‍ ഗോപീകൃഷ്ണന്‍

യുവകവികളായ ലതീഷ് മോഹൻ, ടി.പി. വിനോദ്, രാജേഷ് നന്ദിയങ്കോട് തുടങ്ങിയവർ അവിടെ കവിതകൾ അവതരിപ്പിച്ചു. കൂട്ടത്തിൽ താരതമ്യേന വയസ്സന്മാരായ ഞാനും അജിത്തും (ലെഗ് ബിഫോർ വിക്കറ്റ് എന്ന അജിത്തിന്റെ സമാഹാരം തൊട്ടടുത്ത വർഷം പുറത്തുവന്നു). വിഷ്ണുപ്രസാദ് നിർബന്ധം പറഞ്ഞതുകൊണ്ടാണ് ഞാൻ അക്കൂട്ടത്തിൽ ഉൾപ്പെട്ടത് എന്ന് വിഷ്ണു എന്നോട് പറഞ്ഞതോർക്കുന്നു. യാദൃച്ഛികമെന്നു പറയട്ടെ ഏതാണ്ട് ഒരേ പ്രായക്കാരായ ഞാനും അജിത്തും അവതരിപ്പിച്ച ചില കവിതകളിൽ ഒരേ വിഷയം കൈകാര്യം ചെയ്തിരുന്നു. എന്തായാലും കേൾവിക്കാരായി ഉണ്ടായിരുന്ന അൻവർ അലിക്കും രാമനും ഞങ്ങൾ കവിതകൾ അവതരിപ്പിച്ചത് വേണ്ട വിധത്തിലായില്ല എന്ന അഭിപ്രായമുണ്ടായിരുന്നു. മനോജ് കുറൂരും അന്ന് വന്നിട്ടുണ്ട്. അപ്പോൾ പ്രസിദ്ധീകരിക്കാനിരിക്കുന്ന എന്റെ ചെലവു കുറഞ്ഞ കൃതികളുടെ ഡ്രാഫ്റ്റ് എന്റെ കയ്യിൽ നിന്ന് വാങ്ങി രാമൻ അതിലെ ചില കവിതകൾ വൃത്തിയായി അവതരിപ്പിച്ചു. രാമൻ പാഠപുസ്തകക്കമ്മിറ്റിയിൽ വന്ന് ദേശാഭിമാനി പേപ്പറോ കർഷകശ്രീയോ നിവർത്തി വായിച്ചാലും “തരക്കടില്ലാത്ത കവിതയാണല്ലോ” എന്ന് തോന്നും എന്ന് പിന്നീട് പറഞ്ഞുകേട്ട തമാശ ശരിവെക്കും വിധം എന്റെ കവിതകളും തരക്കടില്ലല്ലോ എന്ന് സത്യത്തിൽ എനിക്കു പോലും തോന്നിപ്പോയി. കാമ്പസ് കാലത്തിനുശേഷം അൻവറിനെ കാണുന്നതും അന്നായിരുന്നു.

ആദ്യത്തെ രണ്ടു കവിതാ കാർണിവലുകളുടേയും ദേഹണ്ണപ്പുരയിൽ ചട്ടുകമിളക്കാനും കഷ്ണം നുറുക്കാനും ഉണ്ടായിരുന്ന ആളെന്ന നിലയിൽ ആ സംരംഭത്തിന് മുന്നിട്ടിറങ്ങിയവരുടെ ആത്മാർത്ഥതയ്ക്കും അവരനുഭവിച്ച കഷ്ടപ്പാടുകൾക്കും സാക്ഷ്യം പറയേണ്ടതുണ്ട് എന്നും തോന്നുന്നു.

എന്തായാലും കവിതയുടെ കാർണിവലിന് പട്ടാമ്പി കോളേജ് വേദിയായിത്തീർന്നതിന്റെ ആദ്യത്തെ ഉത്സാഹക്കമ്മിറ്റി രൂപം കൊണ്ടത് ആ പരിപാടിക്കു ശേഷമാണെന്നാണ് എന്റെ വിശ്വാസം. അന്ന് രാത്രി ഏറെ വൈകും വരെ രാമന്റെ വീട്ടിൽ കവിതയെക്കുറിച്ച് സംസാരിച്ചിരുന്നതോർക്കുന്നു. ബ്ലോഗർമാർക്കിടയിൽ ലാപുടയായ ടി.പി. വിനോദ് തന്റെ തലമുറയുടെ കവിതാവിചാരങ്ങൾകൊണ്ട് എൺപതുകളിലെ കാമ്പസുകാരായ ഞങ്ങളിൽ പലരേയും അന്ന് ഞെട്ടിക്കുകയും ചെയ്തു. വിഷ്ണുവും അൻവറും പി.പി. രാമചന്ദ്രൻ മാഷും പട്ടാമ്പിക്കാരനായ കവിരാജ് മുഹമ്മദും ഒക്കെ അന്ന് ആ ഇരുത്തത്തിൽ ഉണ്ടായിരുന്നെന്നാണ് ഓർമ്മ.

അൻവർ അലി

വിഷ്ണുപ്രസാദും പാത്തുമ്മക്കുട്ടിയും പട്ടാമ്പിയിൽ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറി പോകുന്നതു പ്രമാണിച്ച് രാമന്റെയും സന്തോഷിന്റെയുമൊക്കെ ഉത്സാഹത്തിൽ കീഴായൂരിൽ വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ഒരു യാത്രയയപ്പു യോഗത്തിനാണ് പിന്നീട് അത്തരമൊരു ഒത്തുകൂടലുണ്ടായത് എന്നോർക്കുന്നു. ശൈലനെ ആദ്യമായി കണ്ടതും അന്നായിരുന്നു. എന്തായാലും പട്ടാമ്പിയിൽ രൂപം കൊണ്ട കവിതയുടെ കൂട്ടായ്മയിൽ പല കാരണങ്ങളാൽ പല സമയങ്ങളിൽ ഭാഗമായിത്തീർന്ന ഒരാളെന്ന നിലയിലാണ് ഈ ചർച്ചക്കിടയിൽ ചുരുക്കം ചില ഓർമ്മകൾ പറയണം എന്ന് തോന്നിയത്.

കാമ്പസ് വിട്ട് ഏറെക്കാലം കഴിഞ്ഞ് എഴുത്തിലേക്ക് തിരിച്ചുവന്നപ്പോൾ ആ വിവരം ആദ്യമറിയിച്ച ഒരാൾ രാമനായിരുന്നു. രാമൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അത് രാമന്റെ ഒരു രീതിയുമാണ്. വിഷ്ണുപ്രസാദിന്റെ പുസ്തകത്തോടൊപ്പം പുറത്തുവന്ന എം.എസ്. സുനിൽകുമാറിന്റെ പേടിപ്പനി പുസ്തകരൂപത്തിലാവാൻ രാമൻ കാരണമായിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. പുതുകവിതയുടെ ചർച്ചകളിൽ സുനിൽകുമാറിന്റെ കവിത പരാമർശിക്കപ്പെടാതെ പോകുന്നതിൽ വിഷമം തോന്നാറുണ്ട്. സുനിലിന്റെ കവിതയിൽ അപ്പന്റെ കുഴിമാടത്തിനരികെ പനിച്ചുവിറച്ചു നിന്ന ആ തുളസിച്ചെടി, മലയാളകവിതയിൽ അടയാളം വെക്കപ്പെടേണ്ട ഒരു മുളച്ചുപൊന്തലായി തോന്നിയിട്ടുണ്ട്.

പുതുകവിതയുടെ ഭാവുകത്വത്തിന് ബോധപൂർവമായ ശ്രമങ്ങളിലൂടെത്തന്നെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ നടത്തിയ ഒരു കവിയാണ് വിഷ്ണുപ്രസാദ്​ എന്നു ഞാൻ കരുതുന്നു.

ആദ്യത്തെ രണ്ടു കവിതാ കാർണിവലുകളുടേയും ദേഹണ്ണപ്പുരയിൽ ചട്ടുകമിളക്കാനും കഷ്ണം നുറുക്കാനും ഉണ്ടായിരുന്ന ആളെന്ന നിലയിൽ ആ സംരംഭത്തിന് മുന്നിട്ടിറങ്ങിയവരുടെ ആത്മാർത്ഥതയ്ക്കും അവരനുഭവിച്ച കഷ്ടപ്പാടുകൾക്കും സാക്ഷ്യം പറയേണ്ടതുണ്ട് എന്നും തോന്നുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ വിഭാവനം ചെയ്യപ്പെട്ട കാർണിവൽ സ്വഭാവം ആ സംരംഭത്തിന് കൈവന്നിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. രാമൻ കവിതക്കായി തിളനില ആരംഭിക്കുന്നതും അതേ കാലത്താണ്. ഒരു കവിതാമൗലികവാദി എന്ന് വിശേഷിപ്പിക്കാവുന്ന രാമൻ, ഞങ്ങളൊക്കെ സ്കൂളിൽ പഠിച്ച ക്വഥനാങ്കത്തെയാണ് പച്ചമലയാളത്തിൽ കവിതയുടെ തിളനിലയാക്കിയത്. പരിമിതമായ സൗകര്യങ്ങളിൽ അശോകേട്ടനെ കൊണ്ട് ഡി.ടി.പിയും ലേ ഔട്ടും ചെയ്യിച്ച ആദ്യത്തെ മൂന്നു ലക്കം തിളനിലകളുടെ കവറുകൾ എന്നെക്കൊണ്ടാണ് രാമൻ ചെയ്യിച്ചത്. കവികളായ ചിത്രകാരന്മാർ അഥവാ ചിത്രകാരന്മാരായ കവികളുടെ ചിത്രങ്ങളുപയോഗിക്കാം എന്ന ആശയവും രാമന്റേതായിരുന്നു. അശോകൻ മറയൂരിന്റെ കവിതകൾ ഉൾപ്പെടുത്തിയ ലക്കത്തിന്റെ കാര്യങ്ങൾക്ക് അന്ന് അശോകനുമായും സംസാരിച്ച് പരിചയമായി.

അനിത തമ്പി

പ്രായം കൊണ്ട് എന്റെ തലമുറയിൽപ്പെട്ട അൻവർ അലിയുടേയും പി.എൻ. ഗോപീകൃഷ്ണന്റേയും അനിത തമ്പിയുടേയുമൊക്കെ കവിതകൾ അവധിക്കാലത്ത് വല്ലപ്പോഴും പിന്തുടർന്ന് വായിച്ചുപോവുന്നതിനിടയിലാണ് എസ്. ജോസഫിനെ വായിക്കുന്നത്. മാതൃഭൂമിയിൽ ഉണ്ടായ ആറ്റൂർ വിവാദത്തെത്തുടർന്ന് കൂടുതൽ തിരഞ്ഞുവായിച്ചു. പട്ടാമ്പി കോളേജിൽ വെച്ച് വിപുലമായി വിളിച്ചുചേർത്ത ഭാരതപ്പുഴ കൺവെൻഷന്റെ പുസ്തകത്തിൽ ജോസഫിന്റെ പുഴ എന്ന കവിത ചോദിക്കാതെത്തന്നെ ചേർക്കാൻ ഞാൻ ധൈര്യപ്പെട്ടത് വെള്ളം എത്ര ലളിതമാണ് എന്ന പുസ്തകമടക്കം ആ കവിതകളിലൂടെ വെളിപ്പെട്ട മനുഷ്യനോട് തോന്നിയ അടുപ്പം കൊണ്ടാണ്. (പി.പി.രാമചന്ദ്രന്റെ കാറ്റേ കടലേ, പി.രാമന്റെ വെള്ളക്കുഴികൾ എന്നീ കവിതകളും അങ്ങനെ അതിൽ ചേർത്തിരുന്നു ).

പുതുകവിത / സമീപകവിതയെക്കുറിച്ച് എസ്. ജോസഫിന്റെ വർത്തമാനങ്ങളും എമേർജിങ്ങ് പോയട്രിയുമൊക്കെ ഏറെ കൗതുകത്തോടെയാണ് പിന്തുടർന്നുപോന്നിട്ടുള്ളത്. പുതുകവിതയുടെ ചരിത്രം രേഖപ്പെടുത്താനുള്ള ആ ശ്രമത്തിന്റെ ആത്മാർത്ഥതയും മനസ്സിലാവുമായിരുന്നു. (നോഹയുടെ പെട്ടകം എന്നു പറയുന്നതുപോലെ ജോസഫിന്റെ പുസ്തകത്തിൽ കയറിക്കൂടാൻ കഴിഞ്ഞ പുതുകവിതയുടെ സ്പെസിമൻ സ്പീഷീസുകളിൽ വെച്ചൂർ പശുക്കളെപ്പോലെ എന്റെ കവിതകൾക്കു പോലും ഇടം തന്നിട്ടുണ്ട് എന്ന സന്തോഷം മറച്ചുവെക്കുന്നില്ല).

അടുത്തിടെ കവിതയുടെ പേരിൽ ചില അനിഷ്ടങ്ങളും പരിഭവങ്ങളുമൊക്കെ പൊതുസമൂഹത്തോട് പങ്കിട്ട മേൽപ്പറഞ്ഞ മൂന്നു കവികളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളകവിതയുടെ മുന്നോട്ടുപോക്കിന് വളരെ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയ ആളുകളാണ്

പുതുകവിതയുടെ ഭാവുകത്വത്തിന് ബോധപൂർവമായ ശ്രമങ്ങളിലൂടെത്തന്നെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പരീക്ഷണങ്ങൾ നടത്തിയ ഒരു കവിയാണ് വിഷ്ണുപ്രസാദ്​ എന്നു ഞാൻ കരുതുന്നു. ഹൈപ്പർലിങ്കുകളിലൂടെയും മറ്റും നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ കവിതയിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ ഒരുപക്ഷെ ആദ്യമായി ശ്രദ്ധിക്കുന്നത് വിഷ്ണുവിന്റെ കവിതയിലാണ്. അതിന്റെയൊക്കെ തുടർച്ചയായാണ് ബേർഡ്സ് എന്ന ഹൈപ്പർ ലിങ്ക്ട് കുറ്റാന്വേഷണ കവിത ട്രൂകോപ്പിയിൽ അരുൺ പ്രസാദ് എഴുതുന്നത്. ( അരുൺ ആ കവിത ആവിഷ്കരിക്കുന്നതിനായി പാലക്കാടൻ ശബ്ദമന്വേഷിച്ച് സമീപിച്ചത് എന്നെയും രവിശങ്കറിനേയും (റാഷ്) ആയിരുന്നു. ഒടുവിൽ അതിന് ഞങ്ങൾ ശബ്ദം കൊടുപ്പിച്ചത് ചിറ്റൂർ നഗരസഭ വൈസ് ചെയർമാനും സഹൃദയനുമായ ശിവകുമാർ മാഷെക്കൊണ്ടാണ് എന്ന ഒരു രസം കൂടി പറയാനുണ്ട്. )

പറഞ്ഞുവന്നത്, അടുത്തിടെ കവിതയുടെ പേരിൽ ചില അനിഷ്ടങ്ങളും പരിഭവങ്ങളുമൊക്കെ പൊതുസമൂഹത്തോട് പങ്കിട്ട മേൽപ്പറഞ്ഞ മൂന്നു കവികളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളകവിതയുടെ മുന്നോട്ടുപോക്കിന് വളരെ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയ ആളുകളാണ് എന്നാണ്. അതേസമയം, പുതിയ കാലത്തിന്റെ കവിത എന്നത് സ്വതന്ത്ര സോഫ്​റ്റ്​വെയർ എന്നതുപോലെ പലരുടേയും ഇടപെടലുകളും സംഭാവനകളും കൊണ്ട് രൂപപ്പെട്ടുവന്ന ഒന്നാണ് എന്ന വസ്തുത അവർ ഓർക്കേണ്ടതുണ്ട് എന്നതാണ്. ചൈനയുടെ കാര്യത്തിൽ ഡെങ് സിയാവൊ പിങ്ങ് “പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാൽ മതി” എന്ന ഒറ്റ വാചകം കൊണ്ട് സ്വകാര്യസംരംഭരംഗത്തുണ്ടാക്കിയ കുതിച്ചുചാട്ടത്തിനു സമാനമായ ഒന്ന് പുതുകവിത /സമീപകവിതയിലും സംഭവിച്ചിട്ടുണ്ട് എന്നു വേണം കരുതാൻ. ഒറിജിനലിനേയും വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവുന്നതു പോലെ ഒരാളുടെ മോശം കവിതയിലെ ഒരു വരി ഉൾക്കൊണ്ട് മറ്റൊരാൾ മനോഹരമായ മറ്റൊരു കവിത എഴുതുന്നതുപോലും ഇന്ന് സ്വാഭാവികമാണ്. പുതുകവിതയുടെ ഗതിവിഗതികളിൽ ഇന്നത് ഇന്നത് എന്ന മട്ടിൽ തരം തിരിക്കുന്നതിലോ അടയാളപ്പെടുത്തുന്നതിലോ പ്രത്യേകിച്ച് ഒരു അർത്ഥവും തോന്നാറില്ല. രൂപപരമായും പ്രമേയപരമായും അത്രമാത്രം വൈവിദ്ധ്യം പുലർത്തുന്ന എഴുത്തുകളാണ് ഇന്റർനെറ്റും യൂനികോഡ് ഫോണ്ടുകളും സ്മാർട്ട്ഫോണുകളും സൃഷ്ടിച്ചെടുത്ത എഴുത്തിന്റെ പുതുലോകത്തിലൂടെ ആവിഷ്കരിക്കപ്പെട്ടത്.

‘ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം’ എന്ന് സക്കറിയ പണ്ട് ചോദിച്ചതുപോലെ ഈ കവികളെക്കൊണ്ട് എന്ത് പ്രയോജനം എന്ന് പലരും ചോദിക്കാറുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ‘നാവടക്കൂ പണിയെടുക്കൂ’ എന്ന് വശങ്ങളിലെഴുതിയ ബസുകൾ റോഡിലൂടെ ഓടിയിരുന്ന കാലത്താണ് പൊതുനിരത്തിലേക്ക് ചൊൽക്കവിതകൾ ഇറങ്ങിവന്നത്. ഉച്ചത്തിൽ പറയുകയും ആക്രോശിക്കുകയും തല്ലുകൊള്ളുകയും നിലവിളിക്കുകയും ചെയ്യുന്ന കവിതകളുണ്ടായത്. പ്രതിരോധത്തിന്റെ ഏറ്റവും ചടുലമായ ആവിഷ്കാരങ്ങൾക്ക് പന്തം കൊളുത്തി വെളിച്ചം കാണിച്ചത് കവിതയാണ്. ലോകത്തെമ്പാടും അത് അങ്ങനെത്തന്നെയാണ്. സമാനമായ ഒരു ഉത്തരവാദിത്തം എഴുത്തിന്റെ ജനകീയതയും ബാഹുല്യവും കൊണ്ട് അടയാളപ്പെടുന്ന ഇക്കാലത്തും അറിഞ്ഞോ അറിയാതെയോ കവികൾ ഏറ്റെടുത്തിട്ടുണ്ട്. സമസ്തമേഖലകളിലും അധികാരം കടന്നുകയറുന്ന, എല്ലാ സ്വകാര്യതകളും നിരന്തരം നിരീക്ഷിക്കപ്പെടുന്ന ഇക്കാലത്ത് എല്ലായിടങ്ങളിൽ നിന്നും കവിതകളുണ്ടായത് തികച്ചും സ്വാഭാവികവുമാണ്.

ഇ. പി. രാജഗോപാലൻ

പുതുകവിതയുടെ ഒരു പരിച്ഛേദം പ്രദർശിപ്പിക്കാൻ ഒരു ശ്രമം ചിറ്റൂരിലെ പാഞ്ചജന്യം ലൈബ്രറി ഒരിക്കൽ നടത്തിയിരുന്നു. തുഞ്ചൻ മഠത്തിൽ വെച്ച് ഇ.പി.രാജഗോപാലൻ മാഷ് നടത്തിയ പ്രഭാഷണത്തോടനുബന്ധിച്ച്. നൂറിലധികം കവികളുടെ കവിതകൾ അന്ന് പ്രദർശിപ്പിച്ചിരുന്നു. പുതുകവിതയുടെ നിറപൊലി എന്ന പേരിൽ. വണക്കമാസകാലത്തെ ഒരു പശുപ്പിറവിരാത്രി എന്ന പ്രഭാ സക്കറിയാസിന്റെ കവിത തുഞ്ചത്തെഴുത്തച്ഛന്റെ എഴുത്താണി സൂക്ഷിച്ച ഇടത്തിനു മുന്നിലെ നടുമുറ്റത്തിനു സമീപമായിരുന്നു തൂക്കിയിട്ടിരുന്നത് എന്ന് ഇപ്പോഴുമോർക്കുന്നു. ആ ശേഖരം മുഴുവൻ സന്തോഷ് ഹൃഷികേശിന്റെ നിർദേശപ്രകാരം തൊട്ടടുത്ത കാർണിവലിന് പട്ടാമ്പിയിലും പ്രദർശിപ്പിച്ചു.

അങ്ങനെ ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് രണ്ടായിരം കവികളുണ്ട് എന്ന മട്ടിൽ കളിയാക്കൽ നേരിടുന്ന പുതുകവിതയുടെ ബാഹുല്യം സത്യത്തിൽ വർണവൈവിദ്ധ്യങ്ങളുടെ നിറപൊലിയായിത്തീരുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. കവിത അനുഷ്ഠിക്കേണ്ട ധർമ്മം ഏറ്റവും ജനകീയമായി ഏറ്റെടുത്ത ഒരു കർമ്മസേനയായാണ് പുതുകവിത ഒരു പ്രസ്ഥാനമെന്ന നിലയിൽ അടയാളപ്പെടേണ്ടത്. ആസന്നമായ ഒരു പ്രകൃതിദുരന്തത്തെയോ ആക്രമണത്തെയോ നേരത്തെ ഗ്രഹിക്കുന്ന മൃഗസമാനമായ സൂക്ഷ്മേന്ദ്രിയങ്ങൾ കവിതക്കുണ്ട്. ആ ജാഗ്രതയോടെ ഈ കാലത്തെ അഭിസംബോധന ചെയ്യുകയും സമൂഹത്തെ പ്രതിരോധസജ്ജമാക്കുകയും ചെയ്യുക എന്ന ദൗത്യം ബാഹുല്യമാരോപിക്കപ്പെടുന്ന പുതുകവിതയുടെ പടയാളികൾ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തിട്ടുമുണ്ട്.

പുതുകവിതയുടെ വഴികളിൽ അടയാളം വെക്കാനുള്ള സൗകര്യത്തിന് പലരുടേയും കവിതകൾ പലരാലും പരാമർശിക്കപ്പെടാറുണ്ട്. മനോജ് കുറൂരിന്റെ കോമയും ശ്രീകുമാർ കരിയാടിന്റെ ഇൻസ്റ്റലേഷനും ഒക്കെ കവിതയെക്കുറിച്ച് സംസാരിച്ച ചുരുക്കം വേദികളിൽ ഞാനും പരാമർശിച്ചിട്ടുണ്ട്. ചിറ്റൂരിൽ വെച്ച് നടത്തിയ കനയ്യകുമാറും പറ്റും പങ്കെടുത്ത ഫാസിസത്തിനെതിരായ വലിയൊരു കൂട്ടായ്മയിൽ വിഷ്ണുപ്രസാദിന്റെ കുനാൻ പോഷ്പാറയും പശുവും, ചിത്ര കെ.പിയുടെ യുദ്ധചിത്രത്തിൽ എന്ന കവിതയും പി.എൻ. ഗോപീകൃഷ്ണന്റേയും അൻവർ അലിയുടേയും കവിതകൾക്കൊപ്പം ഉപയോഗിച്ചിരുന്നു. അങ്ങനെ ഉപയോഗിക്കപ്പെടാവുന്നതുകൂടിയാണ് കവിതകൾ. അങ്ങനെ ഉപയോഗിക്കപ്പെടേണ്ടവയുമാണ്.

ഒരു എഴുത്തിനെ കവിതയാക്കുന്ന മാന്ത്രികവിദ്യയെന്തെന്നും ഏതൊരു രചനാരീതിയിലും ഉൾക്കൊള്ളേണ്ട കവിതയുടെ ആന്തരികമായ താളമെന്തെന്നും ധാരണയില്ലാതെ വെറും പോസ്റ്ററുകളായി മാറുന്ന എഴുത്തുകളും എഫ്.ബി വാളുകളിൽ ഒട്ടിക്കപ്പെടുന്നുണ്ട്. അതിലും കൂതറയായ വരികൾ കവിതയെന്ന പേരിൽ മേശമേലിടിച്ച് ചൊല്ലപ്പെടുന്നുണ്ടെന്നതും മീഡിയോക്രിറ്റി ആഘോഷിക്കപ്പെടുന്നുണ്ടെന്നതും വസ്തുതയാണു താനും.

അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. മുഖ്യധാര ഏറ്റെടുക്കുന്നതിനുമുമ്പ് കടമ്മനിട്ടയേയും ചുള്ളിക്കാടിനേയുമൊക്കെ ഏറ്റെടുത്ത കാമ്പസുകളിലാണ് എഴുപതുകളിലേയും എൺപതുകളിലേയും തലമുറ പഠിച്ചത്. അത്തരത്തിൽ ഒരു ഏറ്റെടുക്കൽ പുതുകവിതക്കും പുതുകവികൾക്കും ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ബ്ലോഗെഴുത്തിന്റ വസന്തത്തിനൊടുവിൽ ഫേസ് ബുക്കിന്റെ പ്രാരംഭകാലത്ത് കോഴിക്കോട് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്ന ഹരിശങ്കർ കർത്താ റൂമാതുരത്വം എന്ന പേരിൽ ഒരു കവിതയെഴുതിയത് ഓർമ്മയിലുണ്ട്. ഹോസ്റ്റൽ മുറികളിൽ നിന്നും അടുക്കളകളിൽ നിന്നും ഗൾഫിലെ തൊഴിലിടങ്ങളിൽ നിന്നും ഒക്കെയായി അതുവരെ മലയാളകവിത പരിചയിച്ചിട്ടില്ലാത്ത അത്രയേറെ വൈവിദ്ധ്യങ്ങളുള്ള അനുഭവലോകങ്ങളിൽ നിന്ന് കവിതകൾ പ്രവഹിച്ചുതുടങ്ങിയ ഒരു സമയമായിരുന്നു അത്. ഹരിശങ്കർ കർത്ത ഇപ്പോഴും സജീവമായി എഴുതുന്നുണ്ട്. പക്ഷെ ഹരിയെ കാമ്പസുകൾ അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് സമീപകവിതയുടെ അമരക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരേയും കാമ്പസുകൾക്ക് അറിയില്ല എന്നു മനസ്സിലാവുക.
“നാളെ ഈ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും, കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ..
കൊല്ലം മുഴുക്കെ ജയിലിലാണോ”
എന്ന കവിത എട്ടു വർഷം മുമ്പ് ആഘോഷിച്ച കാമ്പസുകളാണ് എന്നുമോർക്കുക.

സമീപകാലത്ത് കവിത ആർജിച്ച സ്വാതന്ത്ര്യത്തിനൊപ്പം ഗുണപരമായ ഇടിവുകൾ സംഭവിച്ചിട്ടില്ല എന്ന് പറയാനാവില്ല. ഒരു എഴുത്തിനെ കവിതയാക്കുന്ന മാന്ത്രികവിദ്യയെന്തെന്നും ഏതൊരു രചനാരീതിയിലും ഉൾക്കൊള്ളേണ്ട കവിതയുടെ ആന്തരികമായ താളമെന്തെന്നും ധാരണയില്ലാതെ വെറും പോസ്റ്ററുകളായി മാറുന്ന എഴുത്തുകളും എഫ്.ബി വാളുകളിൽ ഒട്ടിക്കപ്പെടുന്നുണ്ട്. അതിലും കൂതറയായ വരികൾ കവിതയെന്ന പേരിൽ മേശമേലിടിച്ച് ചൊല്ലപ്പെടുന്നുണ്ടെന്നതും മീഡിയോക്രിറ്റി ആഘോഷിക്കപ്പെടുന്നുണ്ടെന്നതും വസ്തുതയാണു താനും.

പേടിപ്പനി, എം.എസ് സുനില്‍ കുമാര്‍

കാര്യങ്ങൾ അങ്ങനെയൊക്കെയായിരിക്കെ അത്തരം വിഷയങ്ങളിൽ ഒന്നിച്ച് ആകുലപ്പെടുന്നതിനു പകരം ഇപ്പോൾ പരസ്പരം പരിഭവവും പരാതിയും പറയുന്ന പ്രിയപ്പെട്ട കവികൾ എഴുപതുകളിലെ ഹിന്ദി സിനിമയിൽ മേളയിൽ കൈവിട്ടുപോയ ഭായിമാരെപ്പോലെ കവിതാ കാർണിവലിനിടയിൽ കൂട്ടം തെറ്റി പരസ്പരം അകന്നുപോയി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മലയാളകവിത അനുയോജ്യമായ നായികാവേഷങ്ങളിൽ അവർക്കൊപ്പമുണ്ട് എന്നിരിക്കെ അധികം താമസിയാതെ സിനിമകളിൽ ഉള്ളതുപോലെ പാരമ്പര്യമായി കഷ്ണം മുറിച്ചു കിട്ടിയ ഓലകൾ കൂട്ടിച്ചേർത്തുകൊണ്ട് അവർ വീണ്ടും പരസ്പരം തിരിച്ചറിയുമെന്നും കെട്ടിപ്പിടിക്കുമെന്നും വിചാരിക്കുന്നു.

അമർ അക്ബർ ആന്റണി എന്നത് ഹിന്ദിയായിപ്പോയി എന്നു തോന്നുന്നവർക്ക് ഈ കുറിപ്പ് ജോൺ ജാഫർ ജനാർദ്ദനൻ എന്ന് മലയാളത്തിൽ വിവർത്തനം ചെയ്ത് വായിക്കാവുന്നതാണ്. 1982-ലിറങ്ങിയ പ്രസ്തുത സിനിമയിലെ ഒരു ഗാനത്തോടെ ഏവർക്കും മംഗളം നേരുന്നു:

“ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങൾ
പടർന്നു കത്തിത്തുരത്തിടും നാം
അനീതി തൻ പടയെ
ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങൾ”

Comments