എഴുപത്തിയാറുകാരിയായ ആൻ കാഴ്സൺ തന്റെ പേരിനൊപ്പം നൊബേൽ സമ്മാനം ചേർത്തുവെക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് സ്വയം പ്രഖ്യാപിച്ച രചനാ ശൈലികളാണ്. പ്രാസമൊപ്പിച്ച വരികളും, സാഹിത്യ വേലിയേറ്റങ്ങളും കാഴ്സൺ-ന്റെ വരികളിൽ അധികം കാണാൻ കഴിഞ്ഞിരുന്നില്ല. ഗദ്യവും പദ്യവും തമ്മിലും, ഉപന്യാസവും കവിതയും തമ്മിലും, സർഗാത്മകവും പാണ്ഡിത്യപരവുമായ എഴുത്തുകൾ തമ്മിലുമുള്ള വേർതിരിവിനെ അവർ എക്കാലവും തന്റെ വരികളിലൂടെ ചോദ്യം ചെയ്തിരുന്നു. കവി എന്ന ഒറ്റ നിർവചനത്തിൽ അവരെ ഉൾപ്പെടുത്തുന്നത് അവരുടെ എഴുത്തിന്റെ വൈവിധ്യത്തെ മൊത്തമായും പരിമിതപ്പെടുത്തുന്ന ഒരു ശീർഷകമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ എക്കാലവും ലോക സാഹിത്യ ചർച്ചകളിൽ വിമർശനാത്മകമായി തന്നെ ആണ് കാഴ്സൺ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ജോണർ എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് അവരുടെ എഴുത്ത്.
പരമ്പരാഗത സാഹിത്യവിഭജനത്തിൽ എക്കാലത്തും കവിത, ഗദ്യം, നാടകം, നോവൽ, വിവർത്തനം എന്നിങ്ങനെ വ്യക്തമായ അതിരുകളുണ്ട്. ആൻ കാഴ്സൺ ഈ അതിരുകളെ സ്വീകരിക്കുന്നതിനേക്കാൾ അവയെ പരസ്പരം സംയോജിപ്പിക്കാവുന്ന മറ്റൊരു മേഖലയായിട്ടായിരുന്നു സ്വീകരിച്ചത് എന്ന് വേണം പറയാൻ. അവരുടെ കൃതികളിൽ കവിതകൾക്കിടയിൽ തന്നെ അക്കാദമിക് കുറിപ്പുകൾ കാണാൻ സാധിക്കും. കവിതയ്ക്കുള്ളിൽ തത്ത്വചിന്താപരമായ നിരീക്ഷണങ്ങൾ കടന്നുവരാം. ഒരു പ്രബന്ധം പെട്ടെന്ന് ഒരു കവിതയായി രൂപാന്തരപ്പെടാം. പുരാതന ഗ്രീക്ക് കവിതയുടെ വിവർത്തനം ആധുനിക പ്രണയത്തെക്കുറിച്ചുള്ള വ്യക്തിപരമായ ചിന്തകളായി പരിവർത്തനം ചെയ്യപ്പെടാം. ആയതിനാൽ തന്നെ 'Hybrid Literature' എന്നൊരു മേഖല തന്നെ അവർക്കായി ലേബൽ ചെയ്യാൻ സാധിക്കും.
യൂറിപ്പിഡിസ്, ഹോമർ എന്നിങ്ങനെ ഗ്രീക്ക് ക്ലാസിക്കൽ 'ലെജന്റ്സ്' കാഴ്സന്റെ രചനകളിലേക്ക് കടന്നുവരുമ്പോൾ, പുരാതന ക്ലാസിക്കൽ വ്യക്തിത്വങ്ങൾ അല്ലെങ്കിൽ അവരുടെ സാഹിത്യം എന്നതിനുമപ്പുറത്തേക്ക് അവർക്ക് മറ്റൊരു മാനം നിർമ്മിക്കപ്പെടാറുണ്ട്. ആധുനിക മനുഷ്യരുടെ പ്രണയവും ഏകാന്തതയും നഷ്ടങ്ങളും ലൈംഗികതയും ദുഃഖങ്ങളും അധികാരവും ഒക്കെ ഇവരിലൂടെ തന്നെ പുനർവായിക്കപ്പെടുന്ന ഒരു പ്രവണതയുണ്ട്. ഒരു വായനയിൽ നിർവികാരമെന്നു തോന്നുന്ന, എന്നാൽ ഉള്ളിൽ തീവ്രമായ സ്വരമുള്ള വരികൾ അവർ എല്ലാകാലത്തും സൃഷ്ടിക്കാറുണ്ട്. ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ് എന്ന കാഴ്സൺ കവിതയിലെ ചില വരികൾ ചുവടെ ചേർക്കുന്നു.
"Yes.
What’s the occasion?
No occasion.
What’s going on with the colour.
Colour.
Ten white one red what’s that mean.
Guess they ran out of white."
സാഹിത്യലോകം ഒരു കവിതയായി വായിക്കപ്പെട്ട ഈ സൃഷ്ടിയെ ആ പുസ്തകത്തിൽ തന്നെ അവർ വിശേഷിപ്പിച്ചത് ഇതൊരു 'Fictional Essay' എന്നാണ്.

കാഴ്സൺ രചനകളിൽ പതിവായി കാണുന്ന ഒരു ശൂന്യതയുണ്ട്, കൃത്യമായി പറഞ്ഞാൽ ഒരു 'Blank Space'. പലപ്പോഴും വായനക്കാരുടെ ചിന്തയെ ചൂട് പിടിപ്പിക്കുന്ന കുറെയേറെ എംപ്റ്റി ബ്രാക്കറ്റുകൾ. If Not, Winter: Fragments of Sappho എന്ന വിവർത്തനത്തെ സാഹിത്യലോകം ഒന്നാകെ ചർച്ചയിലേക്ക് എടുത്തുവെച്ചത് ആ സ്‌ക്വയർ ബ്രാക്കറ്റുകൾ കൊണ്ട് കൂടിയാണ്. പാപ്പിറസിൽ വന്ന ചില കേടുപാടുകൾ കാരണം ചില വാക്കുകളും വരികളും നഷ്ടമായ ഒരു രചനയായിരുന്നു സാഫോയുടേത്. അതിലെ ശൂന്യതകളെ പറ്റി ചോദിക്കുമ്പോൾ, പലപ്പോഴും അഭിമുഖങ്ങളിൽ അതിന് അവർ നൽകുന്ന ഉത്തരങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ക്ലാസിക് ഗ്രീക്ക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കാഴ്സൺ ഇതിന് നൽകുന്ന മറുപടി ഇങ്ങനെയാണ്, "നഷ്ടപ്പെട്ട വരികളോ വാക്കുകളോ ഉണ്ടെങ്കിൽ അവയെ കൃത്രിമമായി പൂരിപ്പിച്ച് ഒരു പൂർണ്ണരൂപം ഉണ്ടാക്കിയെടുക്കാൻ എനിക്ക് താല്പര്യമില്ല. പകരം, ആ വിടവുകളും നഷ്ടപ്പെട്ട ഭാഗങ്ങളും അതേപടി കാണിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം, ആ ശകലങ്ങളുടെ യഥാർത്ഥ ചരിത്രപരവും ഭൗതികവുമായ അവസ്ഥയെ നമ്മൾ മാനിക്കണം. കാഴ്സൺ-ന്റെ എഴുത്തിലെ ഈ ബ്രാക്കറ്റ്സ് [ ] വെറും നഷ്ടപ്പെട്ട വാക്കുകളെ സൂചിപ്പിക്കുന്ന അടയാളങ്ങളല്ല. അവ വായനക്കാരുടെ ഭാവനയ്ക്ക് ഒരു തുറന്ന ഇടമാണ് നൽകുന്നത്. എന്താണ് അവിടെ നഷ്ടപ്പെട്ടതെന്ന് വായനക്കാരന് സ്വയം ചിന്തിക്കാനും അറിയാൻ കഴിയാത്തതിനെക്കുറിച്ച് ഭാവന ചെയ്യാനും സ്വന്തം രീതിയിൽ അർത്ഥം കണ്ടെത്താനും ഈ ഇടങ്ങൾ സഹായകരമാകുന്നുണ്ട് എന്നാണ് സാഹിത്യ ഗവേഷകരുടെ അഭിപ്രായം.
ഡിസി ബുക്ക്സ് പുറത്തിറക്കി മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ബെന്യാമിന്റെ ‘തരകൻസ് ഗ്രന്ഥവരി’ വായനക്കാർ മറക്കാനിടയില്ല. പേജുകൾ പരസ്പരം കൂട്ടി യോജിപ്പിക്കാതെ, എവിടുന്നു എങ്ങനെയും വായിക്കാൻ സാധിക്കുന്ന ഒരു പുസ്തകം. 2016-ൽ കാഴ്സൺന്റെ ‘Float’ എന്ന പുസ്തകം ഇതേ തരത്തിൽ ലോകശ്രദ്ധ നേടിയ ഒന്നായിരുന്നു. ഒരു പെട്ടിയിൽ ഇടകലർത്താവുന്ന, കെട്ടില്ലാത്ത ലഘുപുസ്തകങ്ങളുടെ സമാഹാരമാണത്. വായനക്കാർ തന്നെ വായനയുടെ ക്രമം തീരുമാനിക്കുന്നു. ഇത്തരത്തിൽ പരീക്ഷണ പ്രസിദ്ധീകരണങ്ങളോട് കാഴ്സൺ-ന് എന്നും ഒരു പ്രത്യേക താല്പര്യം തന്നെ ആയിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. തന്റെ സഹോദരന്റെ മരണത്തെക്കുറിച്ചുള്ള ഒരു വിലാപ രചന 2010-ൽ അവർ പ്രസിദ്ധീകരിച്ചു. പുസ്തകം ഒരു പെട്ടിയിൽ മടക്കിവച്ച, നീണ്ട ഒറ്റ ചുരുൾ രൂപത്തിലാണ് (Accordion Fold) വായനക്കാരുടെ കൈകളിലേക്ക് എത്തിയത്. ഫോട്ടോകൾ, കൈയെഴുത്ത്, കൊളാഷ് എന്നിങ്ങനെ ഒട്ടനേകം ഘടകങ്ങൾ ആ പുസ്തകത്തെ ഏറെ വേറിട്ടതാക്കിയിരുന്നു. പിന്നീട് ലൂസിയാന മ്യൂസിയം ഓഫ് മോഡേൺ ആർട്സിൽ വെച്ച് അവർ തന്നെ ആ പുസ്തകം വായിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.

അമേരിക്കൻ സാഹിത്യ നിരൂപകനായ Michael Silverblatt-മായി കാഴ്സൺന്റെ ശ്രദ്ധേയമായ ഒരു അഭിമുഖമുണ്ട്. അതിൽ സിൽവർബ്ലേറ്റ്, "നിങ്ങൾ ഒരു രചനയിൽ എലിയറ്റിനെ ഉദ്ധരിച്ചതായി കണ്ടല്ലോ" എന്ന ചോദ്യത്തിന് കാഴ്സൺന്റെ മറുപടി "നിങ്ങൾ എന്നെ ഒട്ടും റിയലിസ്റ്റിക് ആയി കാണുന്നില്ലേ" എന്ന മറുചോദ്യമാണ്. അതിന് ബ്ലേറ്റ് നൽകിയ മറുപടി ഇപ്രകാരമാണ്, "റിയലിസത്തിന്റെ എല്ലാ നിയമങ്ങളും നിങ്ങൾ പാലിക്കുന്നുണ്ട് എന്നാണ് എന്റെ തോന്നൽ, എന്നാൽ അതു കൃത്യമായും റിയലിസം ആകാതെ നിങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്. റിയലിസം എഴുതേണ്ടിവന്നാൽ അത് നിങ്ങളെ മടുപ്പിക്കും എന്നാണു കരുതുന്നത് എന്നായിരുന്നു. ഏറെക്കുറെ ശരിയാണെന്ന് പറയേണ്ടിവരുന്നു പ്രസ്താവനയാണത്. കാരണം ഒരു യാഥാസ്ഥിതിക റിയലിസ്റ്റ് രചനയുടെ ഉള്ളിൽ നിന്നുകൊണ്ട് തന്നെ അവയെ പൊളിച്ചെഴുതാൻ കാഴ്സൺ പല സൃഷ്ടികളിലും ശ്രമിച്ചിട്ടുണ്ട്. വായനക്കാരെ ഇത്രയേറെ പരീക്ഷിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് “ഉത്തരങ്ങൾക്കായുള്ള നമ്മുടെ ആവശ്യം, മനസ്സിലാക്കാനുള്ള ആവശ്യം, മനുഷ്യജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ശിക്ഷിക്കപ്പെടുന്ന ആവശ്യമായിരിക്കാം” എന്നായിരുന്നു മറുപടി. എന്തിലായാലും, മനസ്സിലാക്കാനുള്ള നമ്മുടെ കഴിവില്ലായ്മ അംഗീകരിക്കുമ്പോൾ നമുക്ക് അൽപ്പം ആശ്വാസം തോന്നിത്തുടങ്ങും എന്നും, അൽപം അരിസ്റ്റോട്ടിലിയൻ ആകും എന്നും അവർ കൂട്ടിച്ചേർക്കുന്നു. ഒരു പടികൂടി കടന്നാൽ, ഉത്തരമുണ്ടാകും എന്ന മുൻധാരണയെയും കൃത്യമായ ഒരു സംഗ്രഹത്തെയും ഉപേക്ഷിച്ചാൽ, "ഈ മുറിയിൽ എന്റെ മനസ്സും സമയവും കൊണ്ട് ഞാൻ എന്തു ചെയ്യും?" എന്ന് വായനക്കാർക്ക് ആലോചിക്കാം എന്നതാണ് അവരുടെ മറുപടി. ആവേശകരമായ എന്തെങ്കിലും നമ്മുടെ ചിന്തയോടൊപ്പം യാത്ര ചെയ്യട്ടെ എന്ന് കൂടി അവർ കൂട്ടിച്ചേർക്കുന്നുണ്ട്.
അർണോൾഡ് വാൻ ഘെന്നപ്പിന്റെ 'ലിമിനലിറ്റി' എന്നൊരു ആശയമുണ്ട്. ആന്ത്രോപോളജിസ്റ്റായ വിക്ടർ ടർണർ ആണ് ഈ ആശയത്തെ വിശദമായി വികസിപ്പിച്ചത്. ആന്ത്രോപോളജിയുമായി ബന്ധപ്പെടുത്തിയ ഈ ആശയത്തെ പൊതുവെ അത്തരത്തിൽ തന്നെയാണ് പഠന വിധേയമാക്കാറുള്ളത്. ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുന്ന ഇടക്കാല അവസ്ഥയെ ആണ് ലിമിനാലിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ലളിതമായി പറയാം. അതുകൊണ്ട് തന്നെ അവസ്ഥകൾക്കിടയിൽ നിന്നെഴുതുന്ന കാഴ്സൺ ഒരു 'ലിമിനൽ' എഴുത്തുകാരിയാണെന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല എന്ന് കരുതുന്നു. അവരുടേത് കവിതയുടെയും ഗദ്യത്തിന്റെയും ഇടയിൽ, പുരാതനതയുടെയും ആധുനികതയുടെയും ഇടയിൽ, ഗവേഷണത്തിന്റെയും ഭാവനയുടെയും ഇടയിൽ, വ്യക്തിപരമായ ഓർമ്മയുടെയും collective cultural memory-യുടെയും ഇടയിൽ നിൽക്കുന്ന, ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ നിൽക്കുന്ന, പരിധികളില്ലാത്ത, ഒരു സ്ഥലത്ത് സ്ഥിരമായി നിൽക്കാത്ത, അതിരുകൾക്കിടയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന മറ്റൊരു ശൈലിയാണ്. സാഹിത്യലോകത്തിന് ഇതുവരെ ലേബൽ ചെയ്യപ്പെടാൻ പറ്റാത്ത കാഴ്സൺ ശൈലിയെ 'Liminal Literature' എന്ന പേരിൽ വേണമെങ്കിൽ ലേബൽ ചെയ്യാം, പക്ഷെ അതും കാഴ്സൺ എഴുത്തുകൾക്ക് ഒരു ചേർച്ചയില്ലാതെയായിപ്പോകും എന്ന് തോന്നുന്നു.

ലോകസാഹിത്യം കാഴ്സണെ എല്ലായ്പ്പോഴും ഒരു പോസ്റ്റ് മോഡേൺ എഴുത്തുകാരിയായിട്ടാണ് വായിക്കുന്നത്. പക്ഷെ ഒരു തരത്തിൽ അത് അവരെ പരിമിതപ്പെടുത്തുന്നതിന് തുല്യമാണെന്ന് തോന്നാറുണ്ട്. അവരുടെ എഴുത്തുകളുടെ അടിസ്ഥാനം എല്ലായ്പ്പോഴും ഗ്രീക്ക് സാഹിത്യം ആയിരുന്നു, അല്ലെങ്കിൽ ലോക ക്ലാസ്സിക് സാഹിത്യങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ വിചിത്രമായ വിരോധാഭാസം അവരുടെ എഴുത്തുകളിൽ കാണാം. "അവർ ഭാവിയിലേക്ക് നോക്കുന്നത് ഭൂതകാലത്തിലൂടെയാണ്" എന്ന് സാഹിത്യ നിരൂപകർ അവരെ പറ്റി നിരന്തരം പറയാറുണ്ട്. വിമർശകരെയും നിരൂപകരെയും കുറ്റം പറയാൻ പറ്റില്ല, കാരണം പുരാതന ഗ്രന്ഥങ്ങളെ അവർ ആധുനിക സാഹിത്യത്തിന്റെ പരീക്ഷണ ശാലയാക്കി മാറ്റുന്നു. ഗ്രീക്ക് പുരാണത്തിലെ ഗേറയോൺ-നെയും ഗ്രീക്ക് സാഹിത്യത്തിലെ സാപ്ഫോയെയും, സ്റ്റെസിക്കോറസിനേയും, യൂറിപ്പിഡീസിനേയും സോഫോക്ലീസിനേയും ഒക്കെ ആധുനിക സാഹിത്യത്തിലേക്ക് ചേർത്ത് വെച്ച് വായിക്കുമ്പോൾ വിമർശനാത്മകമായി നമുക്ക് കാഴ്സണെ വായിക്കുക എന്നത് കഥ മനസ്സിലാക്കുക എന്നതിലുപരി ബൗദ്ധികവും സൗന്ദര്യാത്മകവുമായ എൻകൗണ്ടർ ആണ് എന്ന് പറയാം. ആൻ കാഴ്സൺ -ന്റെ സാഹിത്യത്തിന്റെ ശക്തി തന്നെയാണ് പലപ്പോഴും അതിന്റെ പരിമിതിയായും അനുഭവപ്പെടാറുള്ളത്. ക്ലാസിക്കൽ ലിറ്ററേച്ചർ, ഗ്രീക്ക് മിത്തോളജി, ഫിലോസഫി, ലിറ്റററി തിയറി തുടങ്ങിയ മേഖലകളെക്കുറിച്ച് പരിചയമില്ലാത്ത വായനക്കാർക്ക് അവരുടെ രചനകൾ ചിലപ്പോൾ സങ്കീർണ്ണവും പ്രയാസകരവുമായി തോന്നാം. വിവിധ സാംസ്കാരിക-സാഹിത്യ പരാമർശങ്ങളുടെ സാന്ദ്രത വായനക്കാരന്റെ സ്വാഭാവികമായ വൈകാരിക ഇടപെടലിനെ ചിലപ്പോൾ തടസ്സപ്പെടുത്തുകയും, അവരുടെ ഫ്രാഗ്മെന്റഡ് നറേറ്റീവ് രീതി പരമ്പരാഗത കഥപറച്ചിൽ പ്രതീക്ഷിക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യാം. എന്നാൽ ഈ സങ്കീർണ്ണതയെ കാഴ്സൺ-ന്റെ സാഹിത്യപരമായ പരിമിതിയായി മാത്രം കാണാതെ, വായനക്കാരെ കൂടുതൽ ആഴത്തിൽ ചിന്തിക്കാനും, സൂക്ഷ്മമായി വായിക്കാനും, ആവർത്തിച്ച് വായിച്ച് അർത്ഥങ്ങൾ കണ്ടെത്താനും പ്രേരിപ്പിക്കുന്ന ഒരു Aesthetic Strategy ആയി കാണുകയാണെങ്കിൽ ഇത്രയേറെ ആകാംക്ഷയോടെ വായിക്കാവുന്ന മറ്റൊരു എഴുത്തുകാരിയുണ്ടാവില്ല. എളുപ്പത്തിൽ വായിച്ചുതീർക്കാവുന്ന സാഹിത്യാനുഭവത്തിനു പകരം, കാഴ്സൺ-ന്റെ എഴുത്ത് വായനക്കാരിൽ ശ്രദ്ധയും അറിവും സജീവമായ പങ്കാളിത്തവും ആവശ്യപ്പെടുന്നു. കാഴ്സൺ-ന്റെ വായനക്കാർ ഒരിക്കൽ പാസ്സീവ് ആയ വായനക്കാർ അല്ല, ആക്റ്റീവ് ആയ വായനക്കാരാണ്.
ഒരു വശത്ത് ഗവേഷകയായ കാഴ്സൺ, മറുവശത്ത് കവയത്രിയായ കാഴ്സൺ. കവിത, ഗദ്യം, പ്രബന്ധം, വിവർത്തനം, ഗവേഷണം എന്നിവയുടെ അതിരുകൾ മറികടന്ന് ഒരു ഹൈബ്രിഡ് സാഹിത്യരൂപം സൃഷ്ടിക്കുന്ന, പുരാതന ഗ്രീക്ക് സാഹിത്യത്തെയും പുരാണങ്ങളെയും ആധുനിക അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന, Fragmentation, silence, absence, loss എന്നിവയെ അർത്ഥസൃഷ്ടിയുടെ ഭാഗമാക്കുന്ന വായനക്കാരെ വെറും അർത്ഥം സ്വീകരിക്കുന്നയാളായി കാണാതെ, ശകലങ്ങളും വിടവുകളും ചേർത്ത് സ്വന്തം അർത്ഥം കണ്ടെത്തുന്ന സജീവ പങ്കാളിയാക്കുന്ന, സാഹിത്യം എന്താണ്, അതിന്റെ അതിരുകൾ എവിടെയാണ് എന്ന ചോദ്യത്തെ തന്നെ നിരന്തരം ഉന്നയിക്കുന്ന എഴുത്തുകാരി ആൻ കാഴ്സൺ തന്റെ പേരിനൊപ്പം നൊബേൽ കൂട്ടിച്ചേർക്കുമ്പോൾ അത് ലോകസാഹിത്യത്തിൽ ഒരു പുനർവായനയ്ക്ക് തുടക്കമിടുന്നു. ചോദ്യം ചെയ്യുന്നവരും പുരസ്കരിക്കപ്പെടുന്ന മറ്റൊരു കാഴ്ച്ച.

