പി. കുഞ്ഞിരാമൻ നായർ

വസന്തത്തിലും ഞാൻ വാടുന്നു,
​എന്റെ കവിതകൾ കരിഞ്ഞുപോകുന്നു

പി.യിൽ രണ്ടുതരം സംഘർഷങ്ങളാണ് എക്കാലത്തും ഉണ്ടായിരുന്നത്. അതിൽ ആദ്യത്തേത് കവിതയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ സംഘർഷമായിരുന്നു. കവിത എഴുതാൻ ആഗ്രഹിക്കുകയും അതിന് പറ്റാതിരിക്കുകയും ചെയ്യുന്ന സമയത്ത് കവി അധ്യാപകവൃത്തിയെ പഴിക്കുകയും ഞാൻ ക്ലാസുമുറികളിൽ കുടങ്ങിപ്പോയല്ലോ എന്ന കഠിനമായ മനോവേദന പ്രകടിപ്പിക്കുകയും ചെയ്തുപോന്നു.

കൂടാളിയിൽ പി.യുടെ സന്തതസഹചാരിയായിരുന്ന ഒരേയൊരു അധ്യാപകൻ എം.കെ. രാമകൃഷ്ണൻ മാഷായിരുന്നു. പി. ഭാഷാധ്യാപകനായിരുന്നെങ്കിൽ രാമകൃഷ്ണൻ മാഷ് ഹിന്ദി അധ്യാപകനായിരുന്നു. കവിതയിലൂടെ വിസ്മയിപ്പിച്ച മഹാകവിയെ അദ്ദേഹം അന്നാദ്യമായി അടുത്തു കണ്ടു. വെറും 22 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരനായ രാമകൃഷ്ണൻ പി.യുടെ മുന്നിൽ ഭക്ത്യാദരങ്ങളോടെ നിന്നു. അത് പിന്നീട് പത്തുവർഷക്കാലം നീണ്ട ഒരു സൗഹൃദത്തിന്റെ തുടക്കമാവുകയും ചെയ്തു.

പി. കുഞ്ഞിരാമൻ നായരോടൊപ്പം ഇത്രയും കാലം സഹവസിച്ച മറ്റൊരാൾ ഇല്ല. കൂടാളി വിട്ടശേഷം കൊല്ലങ്കോട്ട് രാജാസ് സകൂളിൽ എത്തിച്ചേർന്ന കവിയുടെ സഹപ്രവർത്തകനായ ഇയ്യങ്കോട് ശ്രീധരനാണ് ഇതിനൊരപവാദം. കൂടാളിയിൽ കവിയുടെ അധ്യാപകകാലം പന്ത്രണ്ട് വർഷമായിരുന്നു. ഇതിൽ ആറു വർഷം മാഷ് താമസിച്ചിരുന്നത് കവിയോടൊപ്പമായിരുന്നു. പത്തുവർഷത്തോളം അടുത്ത ഹൃദയബന്ധം സൂക്ഷിക്കുകയും ചെയ്തു.

കൈനീട്ടി നിൽക്കുന്ന കുട്ടികൾക്ക് മധുരം നൽകി ഒരധ്യാപകൻ കുട്ടികളുടെ മുന്നിൽ നിൽക്കുന്നു. കൽക്കണ്ട മധുരം നുണഞ്ഞു കുട്ടികൾ ഓടിമറയുന്നു. സ്‌കൂൾ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായി അതു മനസ്സിൽ നിറഞ്ഞു.

പി.യുടെ ആത്മകഥകളിൽ കൂടാളിയിലെ ജീവിതം വളരെ കുറച്ചു മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. എന്നെ തിരയുന്ന ഞാൻ എന്ന ആത്മകഥയിൽ ആകാശവാണി കവി സമ്മേളനം, നാഗയക്ഷി എന്ന രണ്ട് അധ്യായങ്ങളിൽ മാത്രമായി അത് ചുരുങ്ങുന്നു. രാമകൃഷ്ണൻ മാഷുടെ ഒരധ്യാപകന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ആത്മകഥയിൽ മഹാകവി പി.യുടെ കൂടെ എന്ന അധ്യായത്തിൽ കവിയോടൊപ്പമുള്ള ജീവിതത്തിന്റെ സംക്ഷിപ്തരൂപമുണ്ട്.
1961 ൽ പി. കൊല്ലങ്കോട്ടേക്ക് പോയപ്പോൾ 1982 വരെ കൂടാളി സ്‌കൂളിൽ രാമകൃഷ്ണൻ മാഷ് തുടർന്നു. മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്, ചിന്മയാനന്ദസ്വാമികളുടെ ശിഷ്യൻ, ആധ്യാത്മിക പ്രഭാഷകൻ ഒക്കെയായി എം.കെ. രാമകൃഷ്ണൻ മാഷ് മാറി. പി.യാകട്ടെ ഇക്കാലത്തിനിടയ്ക്ക് കവിതയിലൂടെ എത്താവുന്ന ദൂരങ്ങളത്രയും താണ്ടുകയും ചെയ്തിരുന്നു.
എം.കെ. രാമകൃഷ്ണൻ മാഷ് 2008 ൽ വിടപറഞ്ഞു. ഈ അടുത്ത കാലത്ത് രാമകൃഷ്ണൻ മാഷുടെ ഡയറിക്കുറിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞു. അതിൽ പി.യുടെ കൂടാളിക്കാലത്തിന്റെ ഓർമകൾ പലതുമുണ്ടായിരുന്നു.

രാമകൃഷ്ണൻ മാഷുടെ ഓർമ്മകളിലൂടെ പി.യുടെ കൂടാളിക്കാലത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു:
1950 ലെ ജൂൺ മാസം. പുറത്ത് മഴ. എന്റെ മനസ്സിൽ ആദ്യമായി ക്ലാസെടുക്കാൻ പോകുന്നതിന്റെ വേവലാതി. സ്റ്റാഫ് മുറിയിൽ ഒന്നും മിണ്ടാതെ ഗൗരവത്തിലിരിക്കുന്ന കവിയെ ഞാൻ കണ്ടു. കുറച്ച് കഴിഞ്ഞ് ക്ലാസിലേക്ക് പോകുമ്പോൾ സ്‌കൂൾ വരാന്തയിൽ വെച്ചും കവിയെ കണ്ടുമുട്ടി. കുട്ടികൾ അദ്ദേഹത്തിന് ചുറ്റും കൂടിയിരിക്കുകയായിരുന്നു. അവർ കവിയുടെ കൈനീട്ടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നു. കവി ജുബ്ബയിൽ നിന്ന് കുട്ടികൾക്ക് എന്തോ എടുത്തുകൊടുത്തു. മിഠായിയാണ്. അവരതും നുണഞ്ഞുകൊണ്ട് നടന്നകന്നു. ആദ്യമായി ക്ലാസിലേക്ക് പോകുന്ന സമയത്ത് ഞാൻ കണ്ട കാഴ്ച ഇതായിരുന്നു.
ക്ലാസ് കഴിഞ്ഞ് സ്റ്റാഫ്റൂമിൽ എത്തിയപ്പോഴൊക്കെ നേരത്തെ കണ്ട കാഴ്ച മനസ്സിൽ വന്നുനിന്നു. അധ്യാപകന്റെ ചൂരലിന് മുന്നിൽ കൈനീട്ടി നിൽക്കുന്ന കുട്ടികളെയാണ് കണ്ടുപരിചയമുള്ളത്. അതിനുപകരം കൈനീട്ടി നിൽക്കുന്ന കുട്ടികൾക്ക് മധുരം നൽകി ഒരധ്യാപകൻ കുട്ടികളുടെ മുന്നിൽ നിൽക്കുന്നു. കൽക്കണ്ട മധുരം നുണഞ്ഞു കുട്ടികൾ ഓടിമറയുന്നു. സ്‌കൂൾ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായി അതു മനസ്സിൽ നിറഞ്ഞു. ആ കാഴ്ച മനോഹരമായ ഒരു കവിതയായി തോന്നി. പി.യുടെ കവിതപോലെ ജീവിതവും അസ്സൽ കവിതയാണെന്ന് അറിഞ്ഞുതുടങ്ങിയത് അന്നുമുതലായിരുന്നു.
കാണുമ്പോഴൊക്കെ കവിയുടെ മുന്നിൽ ബഹുമാനാദരങ്ങളോടെ ഞാൻ നിന്നു. ഒന്നിച്ചിരിക്കുന്ന സമയത്ത് ചില അധ്യാപകരോട് ഞാൻ പറഞ്ഞു. കവിയുള്ളതുകൊണ്ടു കൂടിയാണ് ഇവിടെത്തന്നെ പഠിപ്പിക്കണം എന്ന ആഗ്രഹമുണ്ടായത്.
ഹിന്ദി അധ്യാപകൻ ഭാഗവതര് മാഷ് ചോദിച്ചു, ‘തനിക്ക് എഴുത്തിന്റെ ശക്യത ഉണ്ടോ?’
‘കുറേശ്ശെ.’
‘ഉം’, ഭാഗവതര് ഒന്നമർത്തി മൂളി.
പഠിപ്പിക്കാൻ വന്നാ പഠിപ്പിക്കണം. അതാണ് പ്രധാനം.
ചില അധ്യാപകർ പറഞ്ഞു.
കവിയാണ്. തനിക്കവി. അതുകൊണ്ടെന്തുകാര്യം കുട്ടികളെ
പഠിപ്പിക്കാനറിയില്ല. അടക്കിനിർത്താനും.

കൂടാളി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പഴയകാല ചിത്രം

പി.യുടെ കവിതയും ഗദ്യവും എനിക്ക് പരിചിതമാണ്. പ്രസംഗസാരസ്വതം കേട്ടിട്ടുമുണ്ട്. സരസ്വതീകടാക്ഷത്തിന്റെ അപൂർവ്വസിദ്ധിയുള്ള ആൾക്ക് കുട്ടികളെ പഠിപ്പിക്കാനറിയില്ലെന്നോ? എനിക്കത് അവിശ്വസനീയമായി തോന്നി. പിന്നെപ്പിന്നെ കവിയെ കൂടുതൽ അടുത്തറിഞ്ഞുതുടങ്ങിയപ്പോഴാണ് കവിയെ കുറിച്ച് കേട്ടത് പലതും ശരിയാണെന്നും അതിൽതന്നെ പലതും തെറ്റാണെന്നും മനസ്സിലായിത്തുടങ്ങിയത്. അന്ന് ഞാൻ താമസിച്ചിരുന്നത് കണ്ണൂർ അലവിൽ ആയിരുന്നു. എന്നും അവിടെവരെ പോയി തിരിച്ചുവരിക എന്നത് അക്കാലത്ത് പ്രയാസകരമായിരുന്നു. കൂടാളിയിൽ താമസിക്കാൻ പറ്റിയാൽ കൂടുതൽ സമയം വായിക്കാനും പഠിക്കാനുമുള്ള സമയം കിട്ടുമെന്ന് വിചാരിച്ചു.

ഒരു ദിവസം കവിയോട് ചോദിച്ചു; ‘ഇവിടെ എവിടെയെങ്കിലും താമസിക്കണമെന്ന് വിചാരിക്കുന്നു. മുറിയെവിടെ കിട്ടും?’
കവി പറഞ്ഞു, ‘ഭൂഗോളമുറി തന്നെ വീട്. അതിൽ എവിടെ വേണമെങ്കിലും
താമസിക്കാം.’
കവി പറഞ്ഞത് കവിതയാണ്. എനിക്ക് കവിതയല്ല വേണ്ടത്. മുറിയാണ്. എങ്കിലും മറുപടിയായി ഞാൻ മറ്റൊരു കവിത പറഞ്ഞു, ‘ഭൂഗോള മുറിയിൽ സ്വന്തമായി താക്കോലു കിട്ടുന്ന ഒരു മുറിയാണ് തിരയുന്നത്.’
കവി അതുകേട്ട് ചിരിച്ചു.
‘പീടിക മുറി മതിയെങ്കിൽ എന്റെ കൂടെ പോര്. നാലുമുറി പീടികയിൽ രണ്ടെണ്ണം ഒഴിവുണ്ട്.’

പി.ക്ക് സ്വന്തം കവിതകൾ ചൊല്ലിക്കേൾക്കുന്നത് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പുതിയ കവിതകൾ പലതും ചൊല്ലിക്കേൾപ്പിച്ചു. കവി കണ്ണടച്ചിരുന്ന് കേട്ടു.

ഹെഡ്മാസ്റ്റർ കെ.ടി. മാധവൻ നമ്പ്യാരുടെ വാടകമുറിയായിരുന്നു അത്. അദ്ദേഹത്തോട് സംസാരിച്ച് താമസത്തിനുള്ള അനുവാദം വാങ്ങി. നിരത്തിന്റെ അരികിലായി താഴെ കുറെ പീടികകൾ അതിനു മുകളിലാണ് കവി താമസിച്ചിരുന്നത്. പീടികയുടെ ഇടയിലൂടെ ഇടുങ്ങിയ കോവണിപ്പടികൾ. അത് കയറിയാൽ മുകൾ നിലയിലെ വരാന്ത. വാതിലും ജനാലകളുമുള്ള നാലുമുറികൾ. കവിയുടേത് ഒടുവിലത്തെ രണ്ടു മുറിയായിരുന്നു. കവിയുടെ മുറിയുടെ മുന്നിലുള്ള വരാന്ത പനമ്പുകൊണ്ട് കെട്ടിമറച്ചിരുന്നു. ഒരു മുറിയിൽ കവിക്ക് കിടക്കാനുള്ള കട്ടിൽ. അടുത്ത മുറിയിൽ ഒരു നിലവിളക്ക് ചുമരിൽ മൂകാംബികയുടെയും ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ. അതോടൊപ്പം കവിയുടെ പിതാവായ പുറവങ്കര കുഞ്ഞമ്പുനായരുടെ ഒരു ഫോട്ടോ. നിലത്ത് രണ്ട് പാദുകങ്ങൾ.
ഞാൻ ചോദിച്ചു. ഇതാരുടേത്?
അച്ഛന്റേത്. പുറവങ്കര കുഞ്ഞമ്പു നായർ.

കവിയെത്തേടിയെത്തിയ എണ്ണമറ്റ പ്രസിദ്ധീകരണങ്ങൾ മുറിയിൽ അങ്ങിങ്ങ് ചിതറിക്കിടന്നു. അതോടൊപ്പം കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും മണം പരക്കുന്ന മുറി. കോലായിൽ ഒരു മടക്കുകസേര. അതിനുമുകളിൽ എഴുതാനുള്ള ബോർഡ്. തറയിൽ നിറയെ ബീഡിക്കുറ്റികൾ. കവിയുടെ മുറി. അല്ല ; കവിതയുടെ മുറി. അന്നാദ്യമായി ഞാൻ കണ്ടു. അവിടെ കവിയുടെ കൂടെ മറ്റൊരു മുറിയിൽ ഞാനും താമസം തുടങ്ങി.

കൂടാളി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.ടി. മാധവൻ നമ്പ്യാർ

പീടികവരാന്തയിൽ നിന്നാൽ കണ്ണൂരിൽനിന്ന് ബസ് ചെമ്മൺപാതയിലൂടെ കുന്നിറങ്ങി വരുന്നതും കൊടുംവളവിലെ ആൽമരച്ചോട്ടിലെ ബസ്​ സ്​റ്റോപ്പിൽ നിർത്തിയശേഷം മട്ടന്നൂർ ഭാഗത്തേക്ക് കുന്നു കയറിപ്പോകുന്നതും കാണാം. ആ ദിവസങ്ങളിൽ ഞങ്ങളൊന്നിച്ച് ബറോഡ നമ്പ്യാരുടെ ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിക്കുകയും സ്‌കൂളിൽ പോയി തിരിച്ചുവരികയും ചെയ്തു.
ചില രാത്രികളിൽ ഞാനവിടെ തനിച്ചായിരുന്നു. മറ്റു ചില രാത്രികളിൽ കവി മുറിക്കകത്ത് തനിച്ചിരിപ്പായിരുന്നു. കവി കവിതയെ ഗർഭം ധരിക്കുന്നതും കവിത ജനിക്കുന്നതും അതിനിടയിലെ വേദനയുടെയും ഞരക്കത്തിന്റെ നാഴികവിനാഴികകളും അവിടെവെച്ച് ആദ്യമായി ഞാനറിഞ്ഞു. കവിതക്കുഞ്ഞിനെ വീണ്ടും വീണ്ടും ഓമനിച്ച് ലാളിക്കുന്നതും കുഞ്ഞിന് പേരിടുന്നതും അവിടെ വെച്ചു കണ്ടു. എഴുതിക്കഴിഞ്ഞ കവിത എന്റെ കയ്യിൽ തന്നിട്ട് കവി പറഞ്ഞു. ഇപ്പോൾ പിറന്നുവീണതേയുള്ളൂ. സ്നേഹത്തോടെ നീയൊന്ന് ചൊല്ലിയുണർത്തണം.
പി.ക്ക് സ്വന്തം കവിതകൾ ചൊല്ലിക്കേൾക്കുന്നത് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പുതിയ കവിതകൾ പലതും ചൊല്ലിക്കേൾപ്പിച്ചു. കവി കണ്ണടച്ചിരുന്ന് കേട്ടു. വാടകമുറിയിലെ പല രാത്രികളും പകലുകളും ഇത്തരത്തിൽ കടന്നുപോയി. ഇക്കാലത്ത് എത്രയോ കവിതകളുടെ അസ്സലെഴുതി. അക്ഷരവടിവോടുകൂടി അതിന് മേൽവിലാസമെഴുതിക്കൊടുക്കാനും കവി എന്നെ സമീപിക്കാറുണ്ടായിരുന്നു.
എഴുത്തിനോടുള്ള കവിയുടെ പരിപൂർണ സമർപ്പണം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കവിയായിരിക്കുക എന്നതിനപ്പുറത്തേക്ക് മറ്റൊരു ചിന്തയുമില്ലാത്തവിധം കവിതയിൽ തന്നെ മുഴുകി കവി ജീവിച്ചു. എന്തെങ്കിലും എഴുതണം എന്ന ഒരു മോഹം എന്റെ മനസ്സിൽ മൊട്ടിട്ടു തുടങ്ങിയതും അതിലേക്കുള്ള കാരണമായിത്തീർന്നതും പി.യോടൊപ്പമുള്ള സഹവാസം ഒന്നുകൊണ്ടായിരുന്നു.

പി.യിലെ സംഘർഷങ്ങൾ

കൂടാളി സ്‌കൂളിൽ അധ്യാപകനായ കാലം തൊട്ടേ ക്ലാസ് മുറി ഒരു തടവറയായിട്ടാണ് കവി കരുതിയിരുന്നത്. കുട്ടികളെ സന്തോഷിപ്പിക്കാൻ കൽക്കണ്ടവും മിഠായിയും നൽകിയെങ്കിലും അധ്യാപനം കവിയെ സംബന്ധിച്ചിടത്തോളം ജോലി മഹാഭാരമായാണ് തോന്നിയിരുന്നത്. അധ്യാപകവൃത്തിയിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് തനിക്കേറ്റവും പ്രിയപ്പെട്ട കവിതകളാണെന്ന് അദ്ദേഹം കരുതി. കവിതയോടുള്ള അതിരറ്റ സ്നേഹം കാരണം അധ്യാപകവൃത്തിയേയും അതിന്റെ കെട്ടുപാടിനെയും ക്രമേണ കവി വെറുത്തു. പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ കവി വെറും യാന്ത്രിക കർമം മാത്രമായാണ് കണ്ടത്. അതുകൊണ്ടുതന്നെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വലിയ വിമർശകനായി കവി മാറി. കൂടാളിയിലെ പല സയാഹ്നങ്ങളിലും എം.കെ.രാമകൃഷ്ണൻ കവിയോട് കൂട്ടുകൂടുകയും കവിയേറ്റുവാങ്ങിയ പലതരം സംഘർഷങ്ങൾ ക്കും സാക്ഷിയാവുകയും ചെയ്തു. കൂടാളിയിലെ അറുപതാണ്ടുകൾ മുമ്പത്തെ കവിയോടൊപ്പമുള്ള സായാഹ്നങ്ങളെക്കുറിച്ച് രാമകൃഷ്ണൻ മാഷ് ഓർക്കുന്നു.

കവി പറഞ്ഞു, ‘എടോ, പിള്ളേരോട് അടികൂടി എന്റെ ജന്മം നശിച്ചു. രാത്രിയിൽ സ്വസ്ഥമായി എഴുതാനോ സമാധാനത്തോടെ ഉറങ്ങാനോ കഴിയുന്നില്ല. ഒരു ഭാഗത്ത് ശാരീരികക്ഷീണം. മറുഭാഗത്ത് മാനസികപ്രയാസം. ഇതിനിടയിൽ അവളെന്നോട് പിണങ്ങി അകന്നുനിൽക്കുന്നു.’

നാലുമണിക്ക് സ്‌കൂൾ വിട്ടശേഷമുള്ള സമയങ്ങളിൽ സ്‌കൂളിൽ അവശേഷിച്ചത് ഏതാനും പേർ മാത്രമായിരിന്നു. കുട്ടികളും ബഹളങ്ങളും ഇല്ലാത്ത ഒഴിഞ്ഞ ക്ലാസ് മുറികൾ. അതിലൊരിടത്തേക്ക് കവിമാഷ് നടക്കും. കൂടെ ഞാനും. ആരുമില്ലാതെ ശാന്തമായ ക്ലാസ് മുറിയിൽ പല വൈകുന്നേരങ്ങളിലും ഞങ്ങളെത്തിച്ചേർന്നു. ക്ലാസിന്റെ ഒരു മൂലയിൽ ചാരിനിൽക്കുന്ന ബ്ലാക്ക് ബോർഡ്. ഉറക്കംതൂങ്ങിനിൽക്കുന്ന ബെഞ്ചും ഡെസ്‌കും. നിശബ്ദമായി വന്നുതൊടുന്ന തണുത്ത കാറ്റ്. സമയം കടന്നുപോവുന്നതറിയാതെ പലതും പറഞ്ഞ് സന്ധ്യവരെ ഞങ്ങളവിടെ ചെലവഴിച്ചു.
ഒരു ദിവസം ഞാൻ ചോദിച്ചു, ‘കവിമാഷിന്റെ മനസ്സ് മറ്റെവിടെയോ ആണ്.
ഇന്നും പിള്ളേരുമായി അടിപിടിയായിരുന്നു അല്ലേ?’
കവിയുടെ മുഖം മൂടിക്കെട്ടിയ ആകാശം പോലെ ഇരുണ്ടു.
കവി പറഞ്ഞു, ‘എടോ, പിള്ളേരോട് അടികൂടി എന്റെ ജന്മം നശിച്ചു. രാത്രിയിൽ സ്വസ്ഥമായി എഴുതാനോ സമാധാനത്തോടെ ഉറങ്ങാനോ കഴിയുന്നില്ല. ഒരു ഭാഗത്ത് ശാരീരികക്ഷീണം. മറുഭാഗത്ത് മാനസികപ്രയാസം. ഇതിനിടയിൽ അവളെ
ന്നോട് പിണങ്ങി അകന്നുനിൽക്കുന്നു.’
‘ആര്?’
‘കവിത, അതല്ലാതെ മറ്റാര്’, കവിക്ക് കവിതയായിരുന്നു എല്ലാം. അതുകഴിഞ്ഞേ മറ്റെന്തുമുണ്ടായിരുന്നുള്ളൂ. അവളോടുള്ള സ്വകാര്യം പറച്ചിലാണ് കവിയുടെ മനസ്സും ജീവിതവും. ശ്വാസത്തിലും നിശ്വാസത്തിലും ഒരു രൂപം മാത്രം. ഊണിലും ഉറക്കത്തിലും അവൾ മാത്രം. മനസ്സിലെ സ്വപ്നവും ആകാശത്തിലെ നീലനിലാവും അവൾ തന്നെ. അവളുടെ പദനിസ്വനത്തിനായി കവിയെന്നും കാത്തിരുന്നു.
സ്‌കൂളിലെ അധ്യാപനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ നിന്ന് കവിയെ രക്ഷിക്കാൻ പലകാര്യങ്ങളിലും കൂടെ നിന്നിട്ടുണ്ട്. പ്രബന്ധം നോക്കാനും ഉത്തരപേപ്പറുകൾ നോക്കാനും കവിയെ സഹായിക്കുന്നു. പക്ഷേ ക്ലാസുമുറിയിലെ അടിപിടി യിൽനിന്ന് കവിയെ എങ്ങനെ രക്ഷിക്കും. എല്ലാം തുറന്നു പറഞ്ഞാൽ അദ്ദേഹമത് കേൾക്കാൻ തയ്യാറാകുമോ? തുറന്നു പറയാതിരുന്നാൽ കാര്യങ്ങൾ പരിഹരിക്കപ്പെടുമോ? ഒടുവിൽ ഞാൻ കവിയോട് എല്ലാം തുറന്നുപറയാൻ തീരുമാനിച്ചു.

‘കവിമാഷെപ്പറ്റി കുട്ടികളും രക്ഷിതാക്കളുമൊക്കെ പരാതിയുമായി വന്നിട്ടുണ്ട്. പിള്ളേരുമായി അടിപിടി കൂടുന്നത് ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പരീക്ഷയെ കണക്കിലെടുത്ത് തീർത്തുകൊടു
ക്കണം.’
കവി പറഞ്ഞു; ‘സായിപ്പിന്റെ മുറ്റം തൂത്തുവൃത്തിയാക്കുന്ന ഒരു വേലക്കാരിയുടെ പണിയാണ് സ്‌കുളിൽ ഞാനിപ്പോൾ ചെയ്യുന്നത്. മുറ്റമടിക്കുന്ന പണി നന്നാക്കണം എന്നാണ് താൻ ഉപദേശിക്കുന്നത്. അത് ചെയ്യാൻ തുടങ്ങിയതോടെ എന്റെ മനസ്സ് നശിച്ചു. കവിത അകന്നു. എനിക്ക് പ്രധാനം ഈ വേലപ്പണിയല്ല. കവിതയാണ്. കവിത. മനസ്സിലായോ? ആരെന്തു പരാതി പറഞ്ഞാലും എനിക്കതിൽ തരിമ്പുപോലും ദുഃഖമില്ല.’

''കുട്ടികൾ അദ്ദേഹത്തിന് ചുറ്റും കൂടിയിരിക്കുകയായിരുന്നു. അവർ കവിയുടെ കൈനീട്ടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നു. കവി ജുബ്ബയിൽ നിന്ന് കുട്ടികൾക്ക് എന്തോ എടുത്തുകൊടുത്തു. മിഠായിയാണ്. അവരതും നുണഞ്ഞുകൊണ്ട് നടന്നകന്നു.''

കവിയുടെ കനപ്പെട്ട വാക്കുകൾ ഞാൻ കേട്ടു. എനിക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടായിരുന്നു. പകൽ മുഴുവൻ കുട്ടികളുമായുള്ള മത്സരവും കോലാഹലങ്ങളും കവിതയെഴുത്തിന് തടസ്സമാകുന്നു എന്ന് കവി പലപ്പോഴായി പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാം മനസ്സിലാക്കി ഒന്നും മിണ്ടാതെ ഞാനിരുന്നു. ഞാൻ മിണ്ടാതായപ്പോൾ കവി അദ്ദേഹത്തിന്റെ മനോലോകം എന്റെ മുന്നിൽ തുറന്നുവെച്ചു.
ഇപ്രകാരം എന്നോട് പറഞ്ഞു, ‘സത്യവും സാത്വികതയും ഉൾക്കൊള്ളുന്ന കല അതേതായാലും ആനന്ദദായകവും അനിർവ്വചനീയവുമാണ്. ത്യാഗരാജന്റെ കീർത്തനമായാലും രവിവർമ്മയുടെ ചിത്രമായാലും എഴുത്തച്ഛന്റെ കവിതയായാലും എല്ലാം ഒരു ബിന്ദുവിൽ നിന്ന് പുറപ്പെടുന്ന വിഭിന്നവൃത്തികളാണ്. അതിനെക്കുറിച്ച് അറിയുന്നവർക്ക് അതറിയാം അല്ലാത്തവർക്ക് എത്രപറഞ്ഞാലും അതറിയുകയുമില്ല.’
കവി പറഞ്ഞതൊക്കെ ശരിയായിരുന്നു. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കവിയോട് പറയണമായിരുന്നു. അതുകൊണ്ട് ഞാൻ പറഞ്ഞു, ‘മലയാളം മുഴുവൻ അറിയപ്പെടുന്ന ഒരു മഹാത്മാവാണ് അങ്ങ്. ഗ്രാമീണരും പാവപ്പെട്ടവരുമായ കുട്ടികൾക്ക് അങ്ങയിൽ നിന്ന് ലഭിക്കുന്ന അറിവിനും അനുഭവങ്ങൾക്കും അത്രമാത്രം വിലയുണ്ട്. താങ്കൾ ഇവിടെ ഒരധ്യാപകനായിരിക്കുന്നിടത്തോളം കാലം കുട്ടികൾക്ക് അത് നിഷേധിക്കുന്നത് ശരിയല്ലല്ലോ.’
കവി ശഠിച്ചു, ‘പ്രബന്ധം നോക്കാനും ഉത്തരക്കടലാസ് നോക്കാനും
എനിക്ക് സാധ്യമല്ല. അതൊഴിച്ച് എന്താണ് ഞാൻ ചെയ്യേണ്ടത്?’
ഞാൻ പറഞ്ഞു, ‘ക്ലാസിലുള്ള സമയത്തെങ്കിലും ഒരു മാതൃകാ അധ്യാപകനായിരുന്നാൽ മതി.’
ഒരു നെടുവീർപ്പോടെ അതിന് മറുപടി പറഞ്ഞു, ‘ഓ! അങ്ങനെയായാൽ ഞാൻ തകരും.’
കവിയല്ലാതെ മറ്റൊന്നുമാവതിരിക്കാൻ പ്രതിജ്ഞ ചെയ്ത ഒരാളെപ്പോലെയായിരുന്നു കവി. അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലായി. ക്ലാസുമുറികളിൽ കുട്ടികളുമായി കലഹിക്കുകയും അതിന്റെ പേരിൽ സ്വയം പഴിക്കുകയും ഹൃദയവേദന ഏറ്റുവാങ്ങുകയും ചെയ്യുന്ന ഈ ദുർവ്വിധിയിലേക്ക് കവിയെ വിട്ടുകൊടുക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് നിവൃത്തിയില്ലായിരുന്നു.

ഉള്ളിൽനിന്ന് തികട്ടിവരുന്ന മനോവേദനകൾ നെടുവീർപ്പായും മൂക്കു ചീറ്റിക്കൊണ്ടുള്ള വികാരപാരവശ്യമായും ബഹിർഗമിക്കുന്നു. മറ്റുചിലപ്പോൾ പ്രസംഗവേദിയിൽ ആളുകളെ രസിപ്പിക്കാനുള്ള ഒരു നർമ്മവിഷയമായി അത് മാറുകയും ചെയ്തിരുന്നു.

ഓരോന്നും ആ മട്ടിൽ ആലോചിക്കുന്നതിനിടയിൽ കവി പറഞ്ഞു, ‘ക്ലാസിലോ ഒരു സ്വസ്ഥതയുമില്ല. ഇവിടെ വന്നിരിക്കുമ്പോഴും ഇപ്പോൾ അതില്ലാതായി’, കവി പരിഭവിച്ചു.
ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. അതോടെ കവിയുടെ മനസ്സിലിഞ്ഞു. കവി ജുബ്ബയിൽ പരതി. അടിയിലെവിടെയോ ബാക്കിയായ ഒരു കൽക്കണ്ടത്തിന്റെ ഒരു തുണ്ടു എടുത്തു എനിക്കു നേരെ നീട്ടി. ഞാനതുവായിലിട്ടു രുചിച്ചു.
ഞാൻ പറഞ്ഞു, ‘ഈ വൈകുന്നേരം കബീർദാസിന്റെ ദോഹകളുടെ മധുരം തിരിച്ചുതരാം. കവി മറ്റെല്ലാം തത്കാലത്തേക്ക് മറക്കണം.’
കബീർദാസ് എന്നു കേട്ടപ്പോൾ കവിക്ക് താത്പര്യമായി. കബീർദാസ്, സൂർദാസ് തുടങ്ങിയവരുടെ കവിതകൾ പലപ്പോഴായി ഞാൻ കവിയെ പരിചയപ്പെടുത്തിക്കൊടുക്കാറുണ്ടായിരുന്നു.
‘ങ്ഹാ. കബീർദാസോ. എന്നാ കേക്കട്ടെ’, കവി എല്ലാം മറന്നു. മനസ്സിന്റെ ആകാശം തെളിഞ്ഞു. കവിതയ്ക്കുവേണ്ടി കാതോർത്തിരുന്നു.
ഒരു ദോഹയിലെ വരികൾ ചൊല്ലിത്തുടങ്ങി;‘ധീരേ ധീരേ രേ മനാ ധീരേ സബ് കുഛ് ഹോയ മാലി സീംചേ സൗ ഖടാ ഋതു ആയേ ഫൽ ഹോയാ’
കബീർ ദാസ് സ്വന്തം മനസ്സിനോട് പറയുന്നു, അല്ലയോ മനസ്സേ ലോകത്ത് നല്ലതായ എല്ലാം സംഭവിക്കുന്നത് വളരെ പതുക്കെ മാത്രമായിരിക്കും. അതുകൊണ്ട് ക്ഷമിക്കൂ. തോട്ടക്കാരൻ ചെടികൾക്ക് എത്രതന്നെ വെള്ളമൊഴിച്ചുകൊടുത്താലും പൂക്കൾ വിരിയുന്നത് വസന്തകാലത്ത് മാത്രമായിരിക്കും.

കവി എന്നെയൊന്ന് ഒളികണ്ണിട്ട് നോക്കി, പിന്നെ ഗദ്ഗദത്തോടെ പറഞ്ഞു; ‘വസന്തകാലം. ഇതെന്റെ വസന്തകാലമായിരുന്നു. വസന്തത്തിൽ ഞാൻ വിടരേണ്ടതായിരുന്നു. ഒരുതുള്ളി വെള്ളം കിട്ടാതെ ഞാൻ ഈ വസന്തത്തിലും വാടുന്നു. എന്റെ കവിതകൾ കരിഞ്ഞുപോകുന്നു.’
ഞാൻ പറഞ്ഞു, ‘അങ്ങനെയൊന്നുമാവില്ല. ബസിൽ വെച്ചുപോലും മാഷിന് കവിതയെഴുതാൻ പറ്റുന്നു. കഴിഞ്ഞാഴ്ച പോലും അങ്ങനെ സംഭവിച്ചില്ലേ?’
‘എന്ന്?’
‘അന്ന്. കഴിഞ്ഞ വെള്ളിയാഴ്ച’, കവിയെ ഓർമ്മിപ്പിച്ചു. കവിയോർത്തു.

കൂടാളി സ്കൂളിൽ പി. യുടെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ ഹിന്ദി അധ്യാപകൻ എം.കെ.രാമകൃഷ്ണൻ മാഷ്

കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങൾ ഒന്നിച്ച് കൂടാളിയിൽ നിന്ന് കണ്ണൂരിലേക്ക് ബസ്സിൽ പുറപ്പെട്ടു. ഇരിക്കാൻ സീറ്റുണ്ടായിരുന്നു. കവി ബസിന്റെ ഏറ്റവും പിറകിൽ ക്ലീനറുടെ സീറ്റിന്റെ എതിർവശത്ത് ചെന്നിരുന്നു.
എന്നോട് പറഞ്ഞു, താൻ മുന്നിൽ ചെന്നിരുന്നോ.
മാഷ് പിന്നിലും മനസ്സില്ലാമനസ്സോടെ ഞാൻ മുന്നിലും ചെന്നിരുന്നു. കണ്ണൂരിൽ ബസിറങ്ങിയപ്പോൾ കവി ഒരു നോട്ടുപുസ്തകം നിവർത്തി കാണിച്ചു, ഒരു കവിത. ഞാൻ ചോദിച്ചു, ‘ഇതെപ്പോൾ?’
കവി പറഞ്ഞു, ‘ഇപ്പോൾ പ്രസവം കഴിഞ്ഞതേയുള്ളൂ, ചോരക്കുഞ്ഞാണ്.’
‘ഓഹോ. എന്നാൽ കുഞ്ഞിന് പേരിടണ്ടേ?’
‘ഇടണം. ഇപ്പോൾതന്നെ സ്റ്റാമ്പൊട്ടിച്ച് ഇവളെ പത്രാധിപർക്ക് കൊടുത്തയക്കണം.’
‘എവിടേക്ക്?’
ദീനബന്ധുവിന്’
പോസ്റ്റോഫീസിൽ നിന്ന് അസ്സലെഴുതി. മേൽവിലാസമെഴുതിയശേഷം സ്റ്റാമ്പൊട്ടിച്ച് അയച്ചു.
കബീർ ദാസിന്റെ അടുത്ത ദോഹയിലേക്ക് പോകുന്നതിനുമുമ്പ് ഞാൻ പറഞ്ഞു; മാഷുടെ ഉള്ളിൽ ഇപ്പോഴും എപ്പോഴും കവിതയുണ്ട്. അതെവിടെയും പോയിട്ടില്ല. ഒരുപക്ഷെ അവൾ വരികയും പോവുകയും ചെയ്യുന്നുണ്ടായിരിക്കും. എങ്കിലും പ്രതീ ക്ഷിക്കാത്ത നേരത്തുവന്ന് കവിയെ സന്തോഷിപ്പിക്കുന്നുണ്ടല്ലോ.’
കവിയുടെ മുഖത്ത് ചിരി പടർന്നു, ‘പഹയൻ. അപ്പോ എനിക്ക് അതുപോലെ ഇനിയും എഴുതാൻ കഴിയും അല്ലേ?’
‘അതെ കഴിയും.’
‘എന്നാ നീ കുറച്ചു കൂടി ഹിന്ദിക്കവിതകൾ കേൾപ്പിക്കണം, എന്റെയുള്ളിലെ രഹസ്യക്കാരിക്കു വേണ്ടി.’
ഞാൻ അടുത്ത ദോഹ ചൊല്ലി. അതിന്റെ അർത്ഥം ഇങ്ങനെയായിരുന്നു: ഒരു ചെടിയിലെ എല്ലാ മൊട്ടുകളും പൂക്കളാകാറില്ല. എല്ലാം പൂക്കളും ഫലങ്ങളാവാറില്ല. എല്ലാ ഫലങ്ങളും വിത്തുകളിലൂടെ വീണ്ടും പുനർജ്ജനിക്കാറില്ല. സഫലത കാലം തരുന്നതാണ്. അതിന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നു.
ചില ദോഹകൾ ചൊല്ലി അർത്ഥം പറഞ്ഞുകൊടുക്കുമ്പോൾ കവി ഇരുന്നിടത്ത് എഴുന്നേറ്റു നിന്നു. കുനിഞ്ഞുനിന്ന് തൊഴുതു.
ഞാൻ ചോദിച്ചു, ‘എന്തിന് എന്നെ തൊഴണം?’
‘നിന്നെയല്ല,കബീറിനെയാണ് തൊഴുതത്.’
അതുകേട്ട് ഞാൻ ചിരിച്ചു.
കവിയുടെ മുഖം ധ്യാനസൂര്യനെപ്പോലെയായി. സമയം സന്ധ്യയാവുകയും ആകാശം ഇരുണ്ടുതുടങ്ങുകയും ചെയ്ത പ്പോൾ ഞങ്ങൾ താമസസ്ഥലത്തേക്ക് നടന്നു.

കുസൃതിക്കാരായ കുട്ടികളെ ക്ലാസിൽ അടക്കിനിർത്തുവാൻ കവിക്ക് പ്രയാസമായിരുന്നു. ക്ലാസുമുറിയിലെ അടിപിടിയും ശകാരവും കവിയുടെ മനോനിലയെ ബാധിച്ചിരുന്നു.

പി.യിൽ രണ്ടുതരം സംഘർഷങ്ങളാണ് എക്കാലത്തും ഉണ്ടായിരുന്നത്. അതിൽ ആദ്യത്തേത് കവിതയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ സംഘർഷമായിരുന്നു. കവിത എഴുതാൻ ആഗ്രഹിക്കുകയും അതിന് പറ്റാതിരിക്കുകയും ചെയ്യുന്ന സമയത്ത് കവി അധ്യാപകവൃത്തിയെ പഴിക്കുകയും ഞാൻ ക്ലാസുമുറികളിൽ കുടങ്ങിപ്പോയല്ലോ എന്ന കഠിനമായ മനോവേദന പ്രകടിപ്പിക്കുകയും ചെയ്തുപോന്നു. ചിലപ്പോഴത് കണ്ണുനീരായി ഉതിർന്നു വരികയും ആത്മഗതമായി മൗനം പ്രാപിക്കുകയും ചെയ്തു. ഉള്ളിൽനിന്ന് തികട്ടിവരുന്ന മനോവേദനകൾ നെടുവീർപ്പായും മൂക്കു ചീറ്റിക്കൊണ്ടുള്ള വികാരപാരവശ്യമായും ബഹിർഗമിക്കുന്നു. മറ്റുചിലപ്പോൾ പ്രസംഗവേദിയിൽ ആളുകളെ രസിപ്പിക്കാനുള്ള ഒരു നർമ്മവിഷയമായി അത് മാറുകയും ചെയ്തിരുന്നു.

ഒരു ദിവസം കവിയോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നു. ഇരിട്ടിയിലോ പാനൂരിലോ ആയിരുന്നു. മൈക്കിനുമുന്നിൽ നിന്ന് കവി പലതും പറഞ്ഞ്​ വികാരം കൊണ്ടു. അക്കൂട്ടത്തിൽ നിലവിലെ വിദ്യാഭ്യാസരീതിയെപ്പറ്റി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. കവി സദസ്സിലുള്ളവരോട് ചോദിച്ചു,ഞാൻ വാധ്യാരായ കഥ നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും. പക്ഷേ നിങ്ങൾ കേട്ടതല്ല ശരിയായ കഥ. യാഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്. കഴിഞ്ഞ ജന്മത്തിൽ കുറെ പാപങ്ങൾ ചെയ്തിരുന്നു. ഒടുവിൽ മരണാനന്തരം കാലന്റെ മുന്നിലെത്തി. യമഭടന്മാർ ചുറ്റിലും നിന്നു. അവർ എന്റെ കുറ്റം വിസ്തരിച്ചു. യമൻ ഞാൻ ചെയ്ത അപരാധങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ, ഒടുവിൽ വിധി പ്രഖ്യാപിച്ചു. പ്രസംഗം നിർത്തി കവി കണ്ണടയ്ക്കുള്ളിലൂടെ ഇടംകണ്ണിട്ട് സദസ്സിലേക്ക് ഒന്ന് കണ്ണുപായിച്ചു. എന്നിട്ട് ചോദിച്ചു, എന്താണ് കാലൻ എനിക്ക് നൽകിയ വിധിയെന്തെന്നറിയാമോ?
അതിനിടയിൽ വേദിയിൽ ഇരിക്കുന്നവരുടെ മുഖത്തേക്കും ഒന്ന് പാളി നോക്കി. ആർക്കെങ്കിലും അറിയാമോ?
നിശബ്ദത.
കവി തുടർന്നു.
കാലൻ കല്പിച്ചു, അടുത്ത ജന്മത്തിൽ ഇവനൊരു വാദ്ധ്യാരാവട്ടെ. കവിയുടെ നാടകീയമായ സംഭാഷണവും അംഗചേഷ്ടകളും കണ്ട് എല്ലാവരും ചിരിച്ചു. അതിനിടയിൽ കവി ഇതുകൂടി പറഞ്ഞു, ‘ചിരിക്കാൻ വരട്ടെ. കഴിഞ്ഞില്ല. കാലൻ മറ്റൊന്നു കൂടി പറഞ്ഞു- ഇവനൊരു മലയാളം വാധ്യാരായി ജോലിചെയ്യാനിടവരട്ടെ.’
ഇതു കൂടികേട്ടപ്പോൾ സദസ്സാകെ ഇളകി മറിഞ്ഞു ചിരിച്ചു.

അധ്യാപകനായിരുന്ന നാളുകളിലൊക്കെയും കവിയുടെ ഒരേയൊരു സന്തോഷം കുട്ടികൾക്ക് കൈനിറയെ മിഠായിയും കൽക്കണ്ടവും വാരി നൽകുമ്പോഴായിരുന്നു. കുസൃതിക്കാരായ കുട്ടികളെ ക്ലാസിൽ അടക്കിനിർത്തുവാൻ കവിക്ക് പ്രയാസമായിരുന്നു. ക്ലാസുമുറിയിലെ അടിപിടിയും ശകാരവും കവിയുടെ മനോനിലയെ ബാധിച്ചിരുന്നു. പത്രമാസികകൾക്ക് യഥാസമയം കവിത അയച്ചുകൊടുക്കാൻ കഴിയാത്തതിന്റെ സമ്മർദ്ദം കൂടി ഇക്കാലങ്ങളിൽ കവിയെ പിടികൂടി.

ഒരു ദിവസം പുതിയ കവിതയെക്കുറിച്ച് അന്വേഷിച്ചപ്പോൾ കവി പറഞ്ഞു; ഓരോ പകലിന്റെയും ശാരീരികവും മാനസികവുമായ ക്ഷീണത്തിന്റെ ഇരയാണ് ഞാൻ. പകൽ മുഴുവൻ വ്യഭിചരിച്ച് കഴിയുന്ന ഒരു സ്ത്രീക്ക് രാത്രിയിൽ ഭർത്താവിനെ
പ്രീതിപ്പെടുത്തുവാൻ കഴിയുമോ?’
തനിക്കിഷ്ടമുള്ളതുപോലെ പാറിപ്പറക്കണം എന്നാണ് കവി എപ്പോഴും ആഗ്രഹിച്ചിരുന്നത്. അതിനുള്ള ഏക തടസ്സം അധ്യാപകവൃത്തിയായിരുന്നു. എല്ലായിപ്പോഴും അതിനെ ചിരകാല ബന്ധനമായി കവി കണ്ടു.
ഒരിക്കൽ കവി പറഞ്ഞു; ‘എനിക്ക് ഒരു ദിവസത്തെ കൂലി രണ്ടര രൂപ. കുട്ടികൾക്ക്
കൽക്കണ്ടവും മുന്തിരിയും ദക്ഷിണയായും കൊടുക്കാനുള്ള ചെലവ് എട്ടര രൂപ. എന്താണെന്റെ ലാഭം? നിത്യകടം. പിന്നെ അറുപതു വയസ്സുവരെ നീളുന്ന ജോലിഭാരമെന്ന കടുത്ത തടവറയും.’
പാതയോരത്തായിട്ടും അക്കാലത്ത് രാത്രിയായിക്കഴിഞ്ഞാൽ പരിപൂർണ നിശബ്ദതയായിരുന്നു. വാടകമുറിയുടെ അരികിലായി നിൽക്കുന്ന കൂറ്റൻ മരച്ചില്ലകളിൽ കാറ്റിന്റെ മർമരമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. പ്രാവിന്റെ കുറുകൽ, കാക്കയുടെ കരച്ചിൽ ഒന്നും കേൾക്കാറില്ല. ഒരു ദിവസം പതിവിന് വിപരീതമായി ഒരു നായ ദയനീയമായി കരയുന്നു. തൊട്ടടുത്തുള്ള വീട്ടിൽ വളർത്താൻ കൊണ്ടുവന്ന ഒരു അൾസേഷ്യൻ നായയായിരുന്നു അത്. കവി മുറിയിൽ നിന്നിറങ്ങി പറഞ്ഞു.
എവിടെയോ ജീവിച്ച നായ ഇവിടെ വന്നുപെട്ടു. അതിന്റെ കരച്ചിലാണ് കേൾക്കുന്നത്. എന്റെ അതേ അവസ്ഥ.
ഞാനും നായയും ഇപ്പോൾ ഒരുപോലെ കഷ്ടത്തിലായി. കവി നെടുവീർപ്പോടെയാണ് അത് പറഞ്ഞത്.
അന്നു രാത്രി മുഴുവനും നായ നിർത്താതെ കുരച്ചുകൊണ്ടിരുന്നു.

കണ്ണൂരിൽ വാലും മൈസൂർക്കാട്ടിൽ തലയുമായ് പുണ്ണുള്ള ചെമ്പൻ മലമ്പാമ്പുപോൽ കിടക്കുന്ന വിജനമായ പാതവക്കത്ത് അന്ന് കുറച്ചു കൂടി നേരം ഞങ്ങൾ ഇരുന്നു. കവി മുറിയിലേക്ക് മടങ്ങിയപ്പോൾ ഞാൻ തലേന്ന് കൊണ്ടുവച്ച പ്രബന്ധങ്ങളുടെ കെട്ടുപൊട്ടിച്ചു. കവി നോക്കി തിരുത്തേണ്ട പ്രബന്ധങ്ങൾ. മേലും കീഴുമായുള്ള വരികളിൽ തട്ടിയും മുട്ടിയും നീളുന്ന മലയാളത്തിന്റെ അക്ഷരവടിവുകൾ. കുട്ടികളെഴുതിയ ഈ കൈപ്പടകളുടെ ഒറ്റപ്പുറം പോലും കവിയൊരിക്കലും തുറന്നുനോക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും. വടിവുകൾ. ചിട്ടകൾ. ക്രമങ്ങൾ അത് എഴുത്തിലും ജീവിതത്തിലും എപ്പോഴോ കവി ഉപേക്ഷിച്ചതായിരുന്നല്ലോ. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

Comments