ആനിയും ലൂസിയും മർഗലീത്തയും..
'ആലാഹയുടെ പെണ്മക്കളും' 'മാറ്റാത്തിയും' 'ഒതപ്പും' പറയുന്ന കഥകളുടെ പ്രോട്ടഗോണിസ്റ്റുകൾ ആണവർ. ഇടിഞ്ഞു പൊളിഞ്ഞ ഒരു ലോകത്തുനിന്ന് ഉയർന്നു കേൾക്കാവുന്ന മർമ്മരങ്ങൾ പോലെ. മുറിഞ്ഞുവീഴുന്ന അർത്ഥങ്ങൾ. അർത്ഥമൊന്നും തീർക്കാൻ കഴിയാത്ത ജീവിതത്തിന്റെ വിപര്യയങ്ങൾ. വികൽപ്പങ്ങൾ. ഇടിഞ്ഞു താഴ്ന്ന മനസ്സുകളുടെ കാഴ്ചപ്പാടുകൾ. നഷ്ടപ്പെട്ട ജീവിതങ്ങളുടെ പരിപ്രേക്ഷ്യ ദുഃഖങ്ങൾ. പാതിയിൽ വെച്ചു കപ്പൽപ്പായ നഷ്ടമായ ജീവിതവിചാരങ്ങൾ. തൊണ്ടയിൽ മുള്ളു കുത്തിയ പോലുള്ള അനുഭവങ്ങൾ. മലയാളം ഇന്നുവരെ ആവിഷ്കരിച്ചു കണ്ടിട്ടില്ലാത്ത മനോഭൂമികകൾ.
ആത്മനിഷ്ഠതയിലും ഭൂതമഹിമയിലും അതിന്റെ നഷ്ടബോധത്തിലും കിടന്നുഴറിയ മലയാള നോവലിനെ, വസ്തുനിഷ്ഠതയിലേക്കും ചരിത്രബോധത്തിലേക്കും, "ഭാരതീയമോ" "കേരളീയമോ" അല്ലാത്ത പ്രാദേശികജീവിതത്തിന്റെ അടിത്തറയുള്ള ഭാവനാലോകങ്ങളിലേക്കും സാറ ജോസഫ് പറിച്ചുനടുന്നു. 'ആലാഹയുടെ പെൺമക്കളും' 'മാറ്റാത്തിയും' 'ഒതപ്പും' 'ആളോഹരി ആനന്ദവും' നിർമ്മിക്കുന്ന ഭാഷയും ഭാവുകതയും, വികാരത്തിനും വിചാരത്തിനും ഇടയിൽ ഊർന്നുവീണ ഇമ്പൾസീവ് (impulsive) ആയ മലയാളത്തിന്റെ പോയകാല എഴുത്തിന്റെ വികാരലോലതകളല്ല ആവർത്തിക്കുന്നത്. മറിച്ച്, എല്ലുറപ്പും മണ്ണുറപ്പുമുള്ള മനുഷ്യരുടെ ജീവിതത്തിന്റെ പരുക്കനും പരുഷവുമായ യാഥാർത്ഥ്യങ്ങളിലേക്ക് നമുക്ക് പ്രവേശനം നൽകുന്നു. രോഗവും ദുരിതവും ജീവിതസമരങ്ങളും നിറയുന്ന സാറയുടെ രചനകൾ, ധൈഷണികമായ ഒരു ആവിഷ്കാരരൂപമായി മലയാള നോവലിനെ മാറ്റിത്തീർക്കുന്നതും അങ്ങനെ തന്നെ. വികാരങ്ങളുടെ ലോലതകളും, അഗമ്യഗമനങ്ങളുടെ പെർവേസീവ് (pervasive) ആയ സന്ദർഭങ്ങളും, ഒളിഞ്ഞുനോട്ടങ്ങളുടെ ഇടങ്ങളും, മനഃശാസ്ത്ര മാനിപുലേഷനുകളും നിറഞ്ഞ മലയാള സാഹിതീയ ഭാവുകത്വത്തെ സാറ പരിക്കേൽപ്പിക്കുന്നുണ്ട്, തീർച്ച. അതിന്റെ വഴിഞ്ഞൊഴുക്കിനും അതിവൈകാരികതയ്ക്കും വയറിളക്കം ബാധിച്ചതുപോലുള്ള സ്വഛതയ്ക്കും അങ്ങനെ സംഭവിക്കുന്ന ഭാഷയുടെ കുത്തൊഴുക്കിനും സേതുബന്ധനം നിർമ്മിക്കുന്നുണ്ട് സാറയുടെ എഴുത്ത്.

ആധുനികതയുടെ ബൃഹദാഖ്യാനങ്ങളിൽ നായകനും വില്ലനുമായി ദ്വന്ദം രചിച്ച മലയാളത്തിന്റെ ആണെഴുത്തിന്റെ ആധുനികതയെ, "ഉത്തരാധുനികമെന്ന്" ശരിക്കും പേരിട്ടു വിളിക്കാവുന്ന മലയാളത്തിന്റെ ഭൂമിശാസ്ത്രങ്ങളെ സാറാ ജോസഫ് തുറന്നുവയ്ക്കുന്നു. ഘടനകൾ പിഴിഞ്ഞൂറ്റിയും ചവിട്ടിയരച്ചും അരികുമാറ്റിയും അകംതേച്ചും കടന്നുപോയ മലയാളജീവിത പുറമ്പോക്കിനെ, അങ്ങനെ, കലാപരമായ സുഭഗതയോടെയും ക്രാഫ്റ്റിന്റെ പണിക്കൂറ തീർത്ത നിലയിലും, സൂക്ഷ്മമായ ഒരു രചനാശാസ്ത്രത്തിലൂടെ സാറ ആവിഷ്കരിക്കുന്നു.
"നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതായോ" എന്ന ചോദ്യം മാറ്റാത്തി ചോദിക്കുന്നു. പള്ളിയോടും പാതിരിയോടുമുള്ള കൂറുമാറ്റി, അത് പാർട്ടിയോടും എ.കെ.ജിയോടും ആയിത്തീർന്നതിന്റെ സാരസ്യം ലൂസിയെ അത്ഭുതപ്പെടുന്നു.

സംസ്കൃതത്തിൽനിന്ന് കുതറിമാറി പദ്യവും ഗദ്യവും കണ്ടെത്തിയ മലയാളം, പക്ഷേ, മധ്യവർത്തി ജീവിതങ്ങളെയും മധ്യവർഗ കാഴ്ചപ്പാടുകളെയും ആഘോഷിച്ച കാലഘടന, സാറാ ജോസഫ് മാറ്റി എഴുതുന്നു. അത് "സബാൾട്ടേൺ" എന്ന് വിശേഷിപ്പിക്കാവുന്ന ജീവിതപരിസരങ്ങളിലേക്ക് ശാസ്ത്രഭാവനയോടെ കണ്ണയയ്ക്കുന്നു. കാര്യങ്ങൾക്ക് പല കാരണങ്ങളും കാലഗണനയും ഉണ്ടെന്ന് നമ്മെ ഉണർത്തുന്നു. ഈ intertexuality ആണ് സാറാ ജോസഫിന്റെ കൃതികളുടെ സവിശേഷത.
യഥാർത്ഥത്തിൽ മലയാളിയുടെ ആധുനികതയുടെ അടിത്തറയായിത്തീർന്ന 'ഭൂപരിഷ്കരണ നിയമങ്ങൾ' ബാക്കിയാക്കിയ ഒരു 'പുറമ്പോക്ക് ജീവിതത്തെ'യാണ് സാറ തന്റെ കൃതികളിൽ ഭാവനാത്മകമായി ആവിഷ്കരിക്കുന്നത്. പള്ളിയും പള്ളിക്കൂടവും ഗാന്ധിയും ചർക്കയും സ്വാതന്ത്ര്യസമര പ്രസ്ഥാനവും കമ്യൂണിസ്റ്റ് പിൽക്കാലവും ഒരു അന്തർധാരയായി കടന്നുപോകുന്ന ജീവിത പരിസരങ്ങൾ. അവയെല്ലാം ബാക്കിയാക്കുകയോ, പരിഗണിക്കാൻ വിമ്മിഷ്ടപ്പെടുകയോ, ശേഷബാക്കിയാക്കി വിട്ടുകളയുകയോ ചെയ്ത പരിസരങ്ങളെക്കുറിച്ച് സാറ സംസാരിക്കുന്നു.

യഥാർത്ഥത്തിൽ മണ്ണിൽ പണിയെടുക്കുന്ന മനുഷ്യർക്ക് മധ്യകാലത്തുണ്ടായിരുന്ന വർഗ്ഗ പരിഗണനയും, ആധുനികകാലത്ത് ഉണ്ടായി വന്നേക്കാമായിരുന്ന 'തൊഴിലാളികൾ' എന്ന അസ്തിത്വത്തെയും ഒരുപോലെ നഷ്ടപ്പെടുത്തി എന്ന് 'ഭൂപരിഷ്കരണം' ഒരു വലിയ പഴി കേൾക്കുന്നുണ്ടല്ലോ. ആ പാഠഭേദത്തിന്റെ ജീവിതാവിഷ്കാരങ്ങൾ നാം സാറാ ജോസഫിന്റെ കൃതികളിൽ കണ്ടുമുട്ടുന്നു. "നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതായോ " എന്ന ചോദ്യം മാറ്റാത്തി ചോദിക്കുന്നു. പള്ളിയോടും പാതിരിയോടുമുള്ള കൂറുമാറ്റി, അത് പാർട്ടിയോടും എ.കെ.ജിയോടും ആയിത്തീർന്നതിന്റെ സാരസ്യം ലൂസിയെ അത്ഭുതപ്പെടുന്നു. ഇതെല്ലാം നമുക്കെന്തു ബാക്കിയാക്കി എന്ന ചോദ്യം, കൃതികളിൽ ഒരു കീഴാളശബ്ദമായി ഉയരുന്നു. മർഗലീത്ത ഇതിൽനിന്ന് വിശ്വാസ വിശുദ്ധിയിലേക്കും മിസ്റ്റികിന്റെ ലോകത്തേക്കും സ്നേഹത്തിന്റെ നാനാർത്ഥത്തിലേക്കും രക്ഷപ്പെടുന്നു. സാമൂഹ്യ മാറ്റങ്ങളെ രോഗാതുരയായി അനുഭവിക്കുന്ന മണ്ണിന്റെ മക്കളുടെ ജീവിതം ഇവിടെ രചിക്കപ്പെടുന്നു.
അനന്തപുരിയിലെ ചെങ്കൽചൂളയും കോഴിക്കോട്ടെ ബംഗ്ലാദേശും എന്ന പോലെ, തൃശൂരിലെ സാറാ ജോസഫ് ആവിഷ്കരിക്കുന്ന കോക്കാഞ്ചറ...എണ്ണമറ്റ കേരളത്തിലെ ദലിത് കോളനികൾ. കടൽത്തീര ജീവിതങ്ങൾ.

1957-ൽ ആവിഷ്കരിച്ച ഭൂപരിഷ്കരണ ബില്ല് 70-കളിൽ നിയമമായപ്പോൾ, കൃഷിഭൂമി തുണ്ടുവൽക്കരിക്കപ്പെട്ടു എന്നു മാത്രമല്ല, അതിൽ അതുവരെ ജീവിതം കണ്ടെത്തിയ അടിസ്ഥാന വർഗ്ഗത്തെ അത് കൂട്ടത്തോടെ കുന്നിൻ പുറങ്ങളിലെ കോളനികളിലേക്കയച്ചു എന്ന യാഥാർത്ഥ്യവുമുണ്ട്. നാശത്തിന്റെ 'പാസീവ് റെവല്യൂഷൻ' എന്ന് സഖാവ് ഗ്രാംഷിയെ പരിഹസിച്ചു പറയാം.
'കേരളീയത' എന്ന ഭാഷാദേശീയത, അപരസ്വത്വവും ദുരഭിമാനവും കണ്ടെത്തിയ നമ്മുടെ പ്രസിദ്ധമായ കോളനി ജീവിതങ്ങൾ. "പരിഷ്കരിച്ചിട്ടും പരിഷ്കാരം വരുന്നില്ല" എന്നു പഴി കേൾക്കുന്ന, കുന്നിൻപുറങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട ദലിത് ജീവിതം. അനന്തപുരിയിലെ ചെങ്കൽചൂളയും കോഴിക്കോട്ടെ ബംഗ്ലാദേശും എന്ന പോലെ, തൃശൂരിലെ സാറാ ജോസഫ് ആവിഷ്കരിക്കുന്ന കോക്കാഞ്ചറ...എണ്ണമറ്റ കേരളത്തിലെ ദലിത് കോളനികൾ. കടൽത്തീര ജീവിതങ്ങൾ.

ഭൂപരിഷ്കരണം ഒരു മധ്യവർഗ മലയാളിയെയും, ആർത്തിപൂണ്ട കൺസ്യൂമർ ആധുനികനെയും സൃഷ്ടിച്ചുകൊണ്ട്, പുരുഷകേന്ദ്രീകൃതമായ ഒരു താൻബോധത്തിന്റെ സാഹിത്യ ഭൂപടങ്ങൾ തീർത്തു കൊണ്ട്, ആനുകാലികങ്ങൾ നിർമിച്ചപ്പോൾ, അധ്വാനിക്കുന്ന ജനവിഭാഗം എന്ന ആശയം ശരിക്കും അരികുപറ്റി. അതിൽ, കീഴാളതയുടെ ഓരങ്ങൾ എന്ന ഗ്രാംഷിയൻ അർത്ഥങ്ങൾ മാത്രം ബാക്കിയായി. അവ ഏറ്റെടുക്കാൻ ആളില്ലാത്ത മാവോയ്സ്റ്റ് ഇടങ്ങളായി. വാറ്റിന്റെയും വോട്ടുബാങ്കിന്റെയും സൂത്രവാക്യങ്ങളായി. തീവ്ര വിപ്ലവകാരികൾ ജയിലിലായപ്പോൾ അവിടെ കവാത്തും ശാഖകളും സംഘികളും വന്നു. കമ്യൂണിസ്റ്റ് ഭൂതകാലം ചക്കിയുടെയും കുഞ്ഞോളുടെയും തോറ്റങ്ങളായി. സവർണ്ണന്റെ കഥകളി സിനിമാകഥയായി. തോറ്റങ്ങളും തെയ്യങ്ങളും ക്രൂരതയുടെ ജാതിക്കോമരങ്ങളായി. കല്ല്യാശ്ശേരിയിലെ ഹരിജനപ്രസ്ഥാനം കണ്ണൂരിന്റെ കറുത്ത പൊട്ടായി. പൊക്കുടൻ പാർട്ടിക്ക് പുറത്തായി. അയാളുടെ ജീവിതം കണ്ടൽക്കാടുകൾക്കിടയിലായി. "ആടുജീവിതം" പോലെ മലയാളത്തിലുമുണ്ട് ജീവിതങ്ങൾ.
മലയാളത്തിന്റെ വികസനഭ്രാന്തിന്റെ കാഴ്ചയിൽ നിന്ന് മാഞ്ഞ ഇത്തരം കോളനികളിൽ നിന്നുള്ള ജീവിതമാണ് സാറാ ജോസഫ്, ഒട്ടു കരുത്തോടെയും ഉള്ളുറപ്പോടെയും ആവിഷ്കരിക്കുന്നത്.

കത്തോലിക്കാ മതവത്കരണത്തിനും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഉൾക്കൊള്ളാനോ ഉൾപ്പെടുത്താനോ കഴിയാത്ത കീഴാളതയുടെ പരിസരങ്ങൾ കോളനികളിലേക്കു പറിച്ചുനടപ്പെട്ടു. ഭൂപരിഷ്കരണം ആധുനിക കമ്യൂണിസത്തിൽ, ഹൈവേ വികസനവും അഴിമതിയും സ്വജന പക്ഷപാതവുമായി ആവിഷ്കാരം കൊണ്ടപ്പോൾ, വീണ്ടും വീണ്ടും വിലക്കയറ്റം കൊണ്ടും ജീവിതസൗഖ്യങ്ങളിൽ നിന്നുള്ള ആട്ടിയോടിക്കലുകളിലൂടെയും അദൃശ്യവൽക്കരണങ്ങൾ കൊണ്ടും അരികുപറ്റിയ കീഴാളതയുടെ കോളനിവൽക്കരണങ്ങൾ തുടരുന്നത്, വികസന മാനദണ്ഡങ്ങളുടെ അളവുമാനങ്ങൾക്കോ, റിച്ചർ സ്‌കൈലിനോ, അളയ്ക്കാൻ കഴിയാത്ത, മലയാളത്തിന്റെ ഭാവിയുടെ ഭൂകമ്പ സാധ്യതകളാണ്.
കോൾ നിലങ്ങളിൽ നിന്ന് കോവിലന്റെ "തട്ടക"ത്തിലെ കുഞ്ഞോളുടെ തോറ്റംപാട്ടുകൾ പോലെ, ജാതിമലയാളം മറന്ന സാഹിത്യഭാവനകൾ, ചതുപ്പുകൾ ആയിത്തീർന്ന തൃശൂരിലെ പാടയോരങ്ങളിൽ നിന്ന് നിലവിളിക്കുന്നത് കേൾക്കാം, സാറയുടെ കൃതികളിൽ.

മലയാളത്തിന്റെ വികസനഭ്രാന്തിന്റെ കാഴ്ചയിൽ നിന്ന് മാഞ്ഞ ഇത്തരം കോളനികളിൽ നിന്നുള്ള ജീവിതമാണ് സാറാ ജോസഫ്, ഒട്ടു കരുത്തോടെയും ഉള്ളുറപ്പോടെയും ആവിഷ്കരിക്കുന്നത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനോ കമ്യൂണിസ്റ്റ് കാലത്തിനോ അറ്റം കാണാനോ പരിഹാരം പറയാനോ കഴിയാത്ത ജീവിതപരിസരങ്ങൾ. ഒരിക്കലും മാറ്റം വരില്ല എന്ന് ശാപവാക്കുമായി മലയാളത്തിന്റെ കീഴാള ജനതയെ കോളനികളിൽ കുടിയിരുത്തിയ ഭൂപരിഷ്കരണനിയമങ്ങളുടെ കോസ്മെറ്റിക് മുഖലാവണ്യത്തിനുമേലെ സാറയുടെ കഥാപാത്രങ്ങൾ കരിപുരട്ടുന്നത് കാണാം.
പെൺമയെ പ്രോട്ടഗോണിസ്റ്റാക്കുന്ന സാറയുടെ ഈ ആഖ്യാനങ്ങൾ, 'ഫെമിനിസ’മെന്ന ആക്ഷേപവാക്യം കൊണ്ടല്ല വിശേഷിപ്പിക്കേണ്ടത് എന്നു തോന്നുന്നു. ഫെമിനിസത്തേക്കാൾ, സ്ത്രീമനസ്സിന്റെ വിചാരങ്ങളെ, കീഴാള പരിസരങ്ങളുടെ ഒരു പരിപ്രേക്ഷ്യ നിർമ്മാണത്തിനാണ് കഥാകാരി ഉപയോഗിക്കുന്നത് എന്നു കാണാം.
അതാണ് "നിലാവ് അറിയുന്നതി"ന്റെ അർത്ഥം. ശകലങ്ങളിലെ സത്യങ്ങളുടെ ആഖ്യാനം കൊണ്ട് ബ്രഹദ് ചരിത്രത്തിനും മുഖ്യധാരാ സാഹിത്യത്തിനും ബദൽ പാടുന്നതാണ് സാറയുടെ എഴുത്ത്. ആ നിലയിൽ ഇവിടെ പെൺമനസ്സിന്റെ പരിപ്രേക്ഷ്യം കീഴാളതയുടെ രൂപകം (metaphor) കൈകൊള്ളുകയാണ്.

തകഴിയും പൊൻകുന്നവും ബഷീറും പൊറ്റക്കാടും ഉറൂബും ആവിഷ്കരിച്ച സ്വതന്ത്ര്യപൂർവ്വ ഇന്ത്യയുടെ ബൃഹദ് സ്വപ്നങ്ങളോ ആനന്ദും മുകുന്ദനും സക്കറിയയും പുനത്തിലും ഒ.വി. വിജയനും എം.ടി യും ആവിഷ്കരിച്ച കമ്യൂണിസ്റ്റ് സ്വപ്നാനന്തര ആധുനികതയുടെ ആത്മവിചാരങ്ങളോ, അതിലൂടെ പടർന്ന നവ ഹൈന്ദവ ഭാവുകതയുടെ ലീലാപടങ്ങളോ അല്ല, സാറാ ജോസഫിന്റെ കഥാപ്രപഞ്ചം. അത് ഭൂപരിഷ്കരണത്തിനുശേഷം നഷ്ടപ്രസക്തമായ മധ്യവർഗനിലവിളികളും ആത്മരോദനങ്ങളും, നഗരങ്ങളിലേക്ക് പറിച്ചു നടപ്പെട്ട മധ്യവർഗ്ഗ ബുദ്ധിജീവിതങ്ങളുടെ മൂല്യങ്ങളുടെ കുഴമറച്ചിലും അല്ല അവതരിപ്പിക്കുന്നത്. ഈ രണ്ട് ചരിത്രഘട്ടങ്ങളും പകർന്ന ആത്മരോദനത്തിന്റെ ഭാഷാഭൂപടങ്ങളെ മാറ്റിപ്പണിയാനും അതിനെ വസ്തുനിഷ്ഠ വൽക്കരിക്കാനുമാണ് സാറ ശ്രമിക്കുന്നത്. അങ്ങനെ "ഡിസ്കേഴ്സിവ്" (discursive) ആയ (വ്യവഹാരാത്മകമായ) ഒരു എഴുത്തിനെ മലയാളത്തിൽ കൊണ്ടുവരാൻ സാറാ ജോസഫിനായി. അത്തരം 'ഡിസ്കേഴ്സീവ്' ആയ ആവിഷ്കാരങ്ങൾ, ഒരു ദാരുപ്രതലത്തിൽ കൊത്തിയ ജീവിതചിത്രങ്ങൾ പോലെ, നമ്മുടെ മനസ്സിൽ മായാത്ത അടയാളങ്ങൾ തീർത്തു കൊണ്ട്, പുതിയ സൗന്ദര്യശാസ്ത്രം രചിക്കുന്നു. വിശദമായ പഠനത്തിനുള്ള ആവശ്യം ഉന്നയിക്കുന്നു.

മാധവിക്കുട്ടി മറന്നുവച്ച പലതും തന്റെ "കണ്ടംബെച്ച കോട്ടിൽ" നിന്ന് സാറ ഒരു ഇന്ദ്രജാലക്കാരിയെപ്പോലെ കണ്ടെടുക്കുന്നുണ്ട്. മലയാളിയുടെ മുഖ്യധാരാ ഭാവുകത്വത്തിന്റെ "ഈറോട്ടിസത്തിനും" പുരുഷകാമനയുടെ കാഴ്ചപ്പാടുകൾക്കും പിടികിട്ടാത്ത ജീവിതവും മുഖലക്ഷണവും പറയുന്നുണ്ട് അവ. ക്ലാസിക്കൽ മാർക്സിസത്തിന്റെ സൗന്ദര്യശാസ്ത്രനിയമങ്ങളുടെ നാലതിരിനപ്പുറം, ഘടനാവാദാനന്തര (post structuralist) ചിന്തയുടെ വിശകലനോപാധികൾ വെച്ചു തിരയേണ്ട ജീവിതസത്യങ്ങളാണ് സാറ ജോസഫ് ആവിഷ്കരിക്കുന്നത് എന്നു കാണാം.