ഇതൊരു​ അര അവാർഡുപോലെ; എങ്കിലും സന്തോഷം- പി. രാമൻ

അര അവാർഡായാലും നമ്മളങ്ങോട്ടു തേടിപ്പോയി കിട്ടിയതല്ലാത്തതു കൊണ്ട് സന്തോഷകരം തന്നെ. പുരസ്‌കാരത്തിനും തിരസ്‌കാരത്തിനുമിടയിൽ ഒരു അരസ്‌കാരം കൂടിയുണ്ടെന്ന് കഴിഞ്ഞ മുപ്പതു കൊല്ലത്തെ എഴുത്തു ജീവിതം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അംഗീകരിക്കുമ്പോഴും ഒരനംഗീകാരം, സ്വീകരിക്കപ്പെടുമ്പോഴും ഒരസ്വീകാര്യത - അതെപ്പോഴും എവിടെയും ഞാൻ അനുഭവിച്ചിട്ടുണ്ട്, അതുണ്ടാക്കുന്ന വിമ്മിട്ടത്തോടെ ഞാൻ സന്തോഷിക്കുന്നു, ഈ അവാർഡ് എനിക്കു കൂടി ലഭിച്ചതിൽ.

2019 ലെ കേരള സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്‌കാരത്തിന് എന്റെ രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് എന്ന സമാഹാരം കൂടി അർഹമായതിൽ സന്തോഷിക്കുന്നു. അംഗീകാരങ്ങൾ അങ്ങോട്ടു പോയി തേടേണ്ടതല്ല എന്നു വിശ്വസിക്കുന്ന ഞാൻ ഒരവാർഡിനും പുസ്തകമയക്കാറില്ല. എന്നിട്ടും കിട്ടിയ ചില പുരസ്‌കാരങ്ങൾ വേണ്ടെന്നു വെച്ചിട്ടുമില്ല. ഒരു പുരസ്‌കാരവും പിന്നീട് ഓർത്തുവെക്കാൻ ആഗ്രഹിക്കാറുമില്ല. ഇപ്പോൾ ലഭിച്ച ഈ അവാർഡിനും ഇതെല്ലാം ബാധകമാണ്. ആകയാൽ, അങ്ങോട്ടപേക്ഷിക്കാതെ ഇങ്ങോട്ടെത്തിയ ഈ അവാർഡ് ഞാൻ സ്വീകരിക്കുന്നു.

കവിത വർത്തമാനത്തിന്റേത് എന്നതിനേക്കാൾ ഭാവികാലത്തിന്റെ മാധ്യമ രൂപമാണ് എന്നു ഞാൻ കരുതുന്നു. കവിതയുടെ പൊന്നായാലും കാക്കപ്പൊന്നായാലും കവിയുടെ മരണശേഷമേ അത് വ്യക്തമാകൂ. അതുകൊണ്ടു തന്നെ വർത്തമാന കാലത്തിന്റെ അംഗീകാരങ്ങൾ താൽക്കാലിക സന്തോഷം മാത്രം തന്ന് പിൻമാറുന്നു.

ഏതൊരവാർഡിനും അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരിമിതികളുണ്ടാവും. അത് സ്വാഭാവികമാണു താനും. വളരെ ശ്രദ്ധേയമായ പല പുസ്തകങ്ങൾക്കും സാഹിത്യ അക്കാദമി അവാർഡ് കിട്ടാതെ പോയിട്ടുണ്ടെന്ന് നാം ഓർക്കുക. ഖസാക്കിന്റെ ഇതിഹാസം തന്നെ ഉദാഹരണം. ഇപ്പോൾ ജീവിച്ചിരിക്കുന്ന കവികളിൽ തന്നെ കെ.എ. ജയശീലൻ, ടി.പി. രാജീവൻ, എൻ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ സാഹിത്യ അക്കാദമി അവാർഡ് വളരെ മുമ്പേ കിട്ടേണ്ടിയിരുന്ന, എന്നാൽ ഇതുവരെയും കിട്ടാതെ പോയ മികച്ച കവികളാണ്.

അതിന്റെ ന്യൂനത അവാർഡിനാണ് കവികൾക്കോ കവിതകൾക്കോ അല്ല.

അതുകൊണ്ട് ഇതൊന്നും അത്രമാത്രം പ്രധാനപ്പെട്ട കാര്യങ്ങളാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. അവാർഡുകൾ നൽകുക എന്നത് സാഹിത്യ അക്കാദമിയുടെ ബഹുമുഖ പ്രവർത്തനങ്ങളിൽ വെച്ച് ഏറ്റവും അപ്രധാനവുമാണെന്നാണ് എന്റെ വിശ്വാസം. വിപണിമൂല്യം കുറവാണെന്നതുകൊണ്ടു മാത്രം ഇന്നത്തെ തലമുറക്ക് വായിക്കാൻ കിട്ടാതെ പോകുന്ന അമൂല്യ ഗ്രന്ഥങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതുൾപ്പെടെയുളള ഒട്ടേറെ കർമപരിപാടികളിൽ താരതമ്യേന നിസ്സാരമാണ് അവാർഡ് നൽകൽ. എന്നാൽ വളരെയേറെ വർഷമായി അക്കാര്യത്തിനാണ് വലിയ ഊന്നൽ ലഭിച്ചു വരുന്നതും.

അവാർഡ് കുറ്റമറ്റ രീതിയിൽ നൽകാൻ ഏറെ അദ്ധ്വാനവും സമയവും സംവിധാനവും അക്കാദമിക്കു ചെലവഴിക്കേണ്ടിവരുന്നു. അവാർഡ് ബാധ്യതയിൽ നിന്ന് അക്കാദമിയെ മോചിപ്പിച്ച് അതു നൽകിവരാൻ മറ്റെന്തെങ്കിലും സ്ഥിരസംവിധാനം സർക്കാർ ഏർപ്പെടുത്തുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. അപ്പോൾ പുസ്തക പ്രസാധനം, വിതരണം, ഗവേഷണം, സാഹിത്യ-സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധിക്കാൻ അക്കാദമിക്കു കഴിയും.

ഇപ്പോൾ പ്രഖ്യാപിച്ച അവാർഡിന്റെ ഒരു പ്രത്യേകത, മൂന്നു വിഭാഗങ്ങളിൽ ഈ രണ്ടു പേർക്ക് അവാർഡു നൽകാൻ തീരുമാനിച്ചു എന്നതാണ്. മുമ്പ് അധികം കണ്ടിട്ടില്ലാത്ത ഒരു പ്രവണതയാണിത്. കവിതയിൽ എനിക്കും എം.ആർ. രേണുകുമാറിനുമാണ് അവാർഡ്. നാടകത്തിലും വൈജ്ഞാനിക സാഹിത്യത്തിലുമതെ, ഈരണ്ടു പേർക്ക് ലഭിച്ചു. ഒരു പ്രവണത എന്ന നിലയിൽ ഇത് അഭിലഷണീയമല്ല. കാരണം ഈ പ്രവണത തുടർന്നാൽ വരും വർഷങ്ങളിൽ കൂടുതൽ വിഭാഗങ്ങളിൽ രണ്ടോ മൂന്നോ പേർക്ക് അവാർഡ് നൽകേണ്ട അവസ്ഥ വന്നേക്കും. അത് അക്കാദമി അവാർഡിന്റെ മൂല്യത്തിന്റെ മാറ്റ് കുറക്കും.

കാരണം അതതു വർഷം ഓരോ വിഭാഗത്തിലും പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ഏതാനും കൃതികൾക്ക് നൽകുന്നതല്ല, കൃതിക്ക് നൽകുന്നതാണ് നിലവിൽ സാഹിത്യ അക്കാദമി അവാർഡ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ബാഹ്യ ഇടപെടലോ പരസ്പര ചർച്ചയോ ഇല്ലാതെ തീർത്തും സ്വതന്ത്രമായാണ് ഓരോ വിധികർത്താവും മൂല്യനിർണയം നടത്തുന്നതെന്നത് വളരെ നല്ല കാര്യം. എന്നാൽ ‘ടൈ' വരുന്ന സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് അക്കാദമി അവാർഡ് സംബന്ധിച്ച നയരേഖകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരിക്കില്ല എന്നാണ് ഞാൻ കരുതുന്നത്.

മുൻകാലങ്ങളിൽ ഇങ്ങനെ ടൈ വന്ന സന്ദർഭങ്ങളിൽ അക്കാദമി തന്നെ മുൻ കൈയ്യെടുത്ത് വിധികർത്താക്കളെക്കൊണ്ട് ഒരു പൊതുധാരണയുണ്ടാക്കി അവാർഡ് നിശ്ചയിച്ചതാവാനാണിട. അതാകട്ടെ, മാതൃകാപരമോ കുറ്റമറ്റതോ ആയ രീതിയല്ല. അത് ഇന്നു പിന്തുടരാനും കഴിയില്ല. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം, ടൈ വരുമ്പോൾ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു നയം പൊതുസമ്മതത്തോടെ അക്കാദമി രൂപപ്പെടുത്തുക എന്നതു തന്നെയാണ്.

ഉദാഹരണത്തിന് ഒരു നിർദ്ദേശം ഇങ്ങനെ: ടൈ വന്ന പുസ്തകങ്ങൾ മാത്രം നാലാമതൊരു വിധികർത്താവിനെക്കൊണ്ട് പരിശോധിപ്പിച്ച് അന്തിമ തീരുമാനം എടുക്കാവുന്നതാണ്. ഇത്തരത്തിൽ എന്തെങ്കിലും വ്യക്തതയുള്ള പൊതുസമ്മതിയുള്ള നയം രൂപീകരിച്ചില്ലെങ്കിൽ വരും വർഷങ്ങളിലും ഈ പ്രവണത തുടർന്നേക്കും എന്ന് ഞാൻ കരുതുന്നു.

ഇത്രയും എഴുതിയതിലൂടെ, അക്കാദമിയുടെയോ വിധികർത്താക്കളുടെയോ ഭാഗത്തു നിന്നുള്ള എന്തെങ്കിലും അനാസ്ഥകൊണ്ടല്ല അവാർഡ് പങ്കിടുന്ന സ്ഥിതി ഉണ്ടായത് എന്നാണ് ഞാൻ വിവരിക്കാൻ ശ്രമിച്ചത്. വിധി നിർണയത്തിൽ സമനില വരുമ്പോൾ എന്തു ചെയ്യണം എന്ന വ്യക്തമായ, പൊതുസമ്മതിയുള്ള നയം ഇനിയെങ്കിലും അക്കാദമി രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഇതു കാണിക്കുന്നു.

ഈ പങ്കുവെയ്ക്കൽ എഴുത്തുകാർക്കുണ്ടാക്കുന്ന വികാരങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. എന്റെ കാര്യം പറയാം. അര അവാർഡ് കിട്ടിയ പോലെയാണ് എനിക്ക് വാർത്ത കേട്ടപ്പോൾ ആദ്യം തോന്നിയത്. അര അവാർഡായാലും നമ്മളങ്ങോട്ടു തേടിപ്പോയി കിട്ടിയതല്ലാത്തതു കൊണ്ട് സന്തോഷകരം തന്നെ. പുരസ്‌കാരത്തിനും തിരസ്‌കാരത്തിനുമിടയിൽ ഒരു അരസ്‌കാരം കൂടിയുണ്ടെന്ന് കഴിഞ്ഞ മുപ്പതു കൊല്ലത്തെ എഴുത്തു ജീവിതം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അംഗീകരിക്കുമ്പോഴും ഒരനംഗീകാരം, സ്വീകരിക്കപ്പെടുമ്പോഴും ഒരസ്വീകാര്യത - അതെപ്പോഴും എവിടെയും ഞാൻ അനുഭവിച്ചിട്ടുണ്ട്, ഒരു വിധിയായി. അത് ഞാനാണ് എന്നു ഞാൻ തിരിച്ചറിയുന്നു. അതുണ്ടാക്കുന്ന വിമ്മിട്ടത്തോടെ ഞാൻ സന്തോഷിക്കുന്നു, ഈ അവാർഡ് എനിക്കു കൂടി ലഭിച്ചതിൽ.

രേണുകുമാറിന്റെ കൊതിയൻ എന്ന പുസ്തകം എന്റെ രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് എന്ന പുസ്തകത്തേക്കാൾ അവാർഡിനു യോഗ്യമാണ് എന്നാണു ഞാൻ കരുതുന്നത്. കാരണം അതു ഞാൻ വായിച്ച് വളരെ ഇഷ്ടപ്പെട്ട പുസ്തകമാണ്. എന്റേതാകട്ടെ, എനിക്കൊരുപാട് അനിഷ്ടങ്ങൾ കൂടിയുള്ള പുസ്തകവും.


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments