പ്രിന്റില്‍ നിന്ന് സോഷ്യൽ മീഡിയയിലെത്തി, മുഖ്യധാരയായി മാറിയ ‘പൈങ്കിളി’യെക്കുറിച്ച്​, വിമർശനാത്മകമായി…

ഗൗരവമുള്ള സിനിമകൾക്കും പുസ്തകങ്ങള്‍ക്കും പകരം പൊളളയായ, തീര്‍ത്തും ഉപരിപ്ലവമായ എഴുത്തിന്റേയും വായനയുടേയും കാണലിന്റേയും സംസ്‌കാരം രൂപപ്പെട്ടുവരുന്നു. അവയയ്ക്ക് മാന്യമായ സോഷ്യല്‍ കണ്‍സെൻറ്​ ലഭിക്കുന്നു. നമ്മുടെ മുഖ്യധാരയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന മഹാ ഭൂരിപക്ഷം എഴുത്തുകളും ഇത്തരത്തില്‍ത്തന്നെയല്ലേ?. ആരോഗ്യകരമായ ഒരു ചര്‍ച്ചക്കു വേണ്ടി ഈ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.

ത്രങ്ങളില്‍ നിന്നും, മാസികകളില്‍ നിന്നും ഫീച്ചര്‍ എന്ന വിഭാഗം ഇല്ലാതായിട്ട് കുറച്ചുകാലമായി. പകരം കഥകളുടേയും നോവലുകളുടേയും രൂപത്തില്‍ അവ നമുക്ക് ധാരാളമായി കിട്ടിത്തുടങ്ങി. സമീപകാലത്ത് വ്യാപകമായ ഓര്‍മ്മ എഴുത്തുകള്‍ക്കും ഇതേ സ്വഭാവം തന്നെയായിട്ടുണ്ട്. ഫീച്ചറുകളായിരുന്നു ഒരു കാലത്ത് നമ്മുടെ പത്രങ്ങളുടേയും ആഴ്ചപ്പതിപ്പുകളുടേയും പ്രധാന ആകര്‍ഷക കേന്ദ്രം. ഫീച്ചറിനെപ്പോലെ ഉപരിപ്ലവമായി ഏതെങ്കിലും ഒരു വിഷയം (issue) കേന്ദ്രീകരിച്ച് വാചാലമായി എഴുതുക എന്നത് പുതിയ കഥകളുടെ, നോവലുകളുടെ, ഓര്‍മ്മ എഴുത്തുകളുടെ ഒക്കെ സ്വഭാവമായി മാറിയിട്ടുണ്ട്. ഏതെങ്കിലും ഒന്ന് മതിയല്ലോ, ഒരേ രീതിയിലുള്ളവ രണ്ടു വിഭാഗങ്ങളായി വേണ്ട എന്നതുകൊണ്ടാണോ ഫീച്ചറെഴുത്തുകള്‍ ഇന്ന് എവിടേയും കാണാത്തത്?

പൈങ്കിളി എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ നിലനില്പാണ് ആകെ പ്രശ്‌നത്തിലായത്. വായനക്കാരെക്കൊണ്ടും സര്‍ക്കുലേഷന്‍ കൊണ്ടും ഈ വിഭാഗത്തില്‍ മുമ്പില്‍ നിന്നിരുന്ന മംഗളം അടച്ചുപൂട്ടി. പത്രമുള്ള കാലം വരെ മനാേരമ നിലനില്‍ക്കുമായിരിക്കും. (അഭിമാന പ്രശ്‌നമായി മലയാള മനോരമ, ഭാഷാപോഷിണിയെ നിലനിര്‍ത്തുന്നുണ്ടല്ലോ.) ഈ വിഭാഗത്തില്‍പ്പെട്ട ചെറുപ്രസിദ്ധീകരണങ്ങളൊക്കെ പണ്ടേ നിലച്ചു. എന്തുകൊണ്ടാണ് വായനക്കാര്‍ ഏറെ ഉണ്ടായിരുന്ന ഈ വിഭാഗം പ്രസിദ്ധീകരണങ്ങള്‍ തളര്‍ന്നുപോയത്?

വായനയ്ക്ക് പകരം പലതരം യുട്യൂബ് വീഡിയോകളിലേക്ക് ആളുകള്‍ ചേക്കേറി. മുഴുവന്‍ സമയവും പലതരം വീഡിയോകള്‍ യൂട്യൂബിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ആളുകളിലേക്കെത്താന്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ വരവോടെ സാധിച്ചു. ഇയര്‍ ഫോണ്‍ഉപയോഗിച്ച് മാന്യമായും ഉപയാേഗിക്കാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചും ഔചിത്യവും അനൗചിത്യവും നോക്കാതെ എവിടെ വെച്ചും അത് ഉപയോഗിക്കുന്നു. എവിടെ പോയാലും ബഹളത്തില്‍ ജീവിക്കേണ്ടി വരുന്ന ഗതികേട് ഇവ ഉപയോഗിക്കാത്തവര്‍ക്കും ഉണ്ടായിവന്നു. യാത്രകളില്‍ പോലും പുറംലോകം കാണാത്തവരായി വീഡിയോ പ്രണയിനികളായ ഇവര്‍ മാറി.

ഇനി, വായനയില്‍ താത്പര്യമുള്ളവരുടെ കാര്യമെടുക്കുക. ഗൗരവമായി വായിക്കുന്നവരും അധികം ഗൗരവമില്ലാത്തവ വായിക്കുന്നവരും എന്ന് രണ്ട് വിഭാഗം വായനക്കാരുണ്ടല്ലോ. അതില്‍ പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ വായനക്കാര്‍ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അവരെ സംബന്ധിച്ച്​ ഈ വിഭാഗത്തില്‍പ്പെട്ട എഴുത്തുകള്‍ സോഷ്യല്‍ മീഡിയ വഴി ധാരാളമായി ലഭ്യമാണ്. പൈങ്കിളി സാഹിത്യമെന്ന വേര്‍തിരിവ് ഇല്ലാതായതോടെ ഗൗരവമുള്ള പുസ്തക പ്രസാധകരും ഇത്തരം പുസ്തകങ്ങള്‍ വിവേചനമില്ലാതെ വലിയ പബ്ലിസിറ്റി കൊടുത്ത് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.

Courtesy : Mohan Manimala
Courtesy : Mohan Manimala

പൈങ്കിളി എന്ന പഴയ അപകര്‍ഷതാബോധമില്ലാതെ അവ മുഖ്യധാരയില്‍ത്തന്നെ ഇടം പിടിച്ചു. അവരും സാമൂഹ്യാംഗീകാരമുള്ള പ്രധാന എഴുത്തുകാരായി. സോഷ്യല്‍ മീഡിയാ കാലത്ത് അവര്‍ക്കും ധാരാളം ആരാധകര്‍ പ്രത്യക്ഷത്തില്‍ത്തന്നെ ഉണ്ടാവുകയും ചെയ്തു. എന്തിനേറെ, സാഹിത്യ നിരൂപണം എന്ന പേരില്‍ വരുന്ന literary journalism -ത്തിന്റെ ഭാഗമായ എഴുത്തുകള്‍ പോലും പൈങ്കിളിവല്‍ക്കരിക്കപ്പെട്ടു. ഇത്തരം എഴുത്തുകളും പോപ്പുലറായി.

നേരത്തെ പറഞ്ഞ ഫീച്ചര്‍ രൂപം പൂണ്ട കഥ/ നോവല്‍ / ഓര്‍മ്മ എഴുത്ത് സാഹിത്യ രൂപങ്ങളും ഈ അനായാസമായ വായനയുടെ കൂടെ ചേര്‍ന്നു നില്‍ക്കുന്നു.

ഇങ്ങനെ എല്ലാം ഒന്നായിത്തീര്‍ന്ന ഇക്കാലത്ത് പ്രിൻറ്​ മീഡിയയില്‍ പോലും പൈങ്കിളി / ഗൗരവ സാഹിത്യം എന്ന വ്യവഹാരങ്ങള്‍ വേര്‍തിരിവില്ലാതെ ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ടും സോഷ്യല്‍ മീഡിയ അത്തരം എഴുത്തുകളേയും സാഹിത്യത്തേയും സാമൂഹികാന്തസ്സ് നല്‍കിക്കൊണ്ട് ഉദാരമായി പ്രോല്‍സാഹിപ്പിച്ചും പ്രചരിപ്പിച്ചും വളര്‍ത്തിയെടുക്കുന്നതു കൊണ്ടും പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന, സാമൂഹ്യമായി അധമബോധം ചാര്‍ത്തപ്പെട്ട ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ആവശ്യമില്ലല്ലോ. ആത്മാഭിമാനത്തോടെ അത്തരം എഴുത്തുകള്‍ക്ക് മുഖ്യധാരാ പ്രസാധനവും സോഷ്യല്‍ മീഡിയയുമായും ചേര്‍ന്ന് അന്തസ്സോടെ മുന്നോട്ട് പോകാന്‍ കഴിയുമ്പോള്‍ എങ്ങനെയാണ് അധമമെന്ന് പൊതുബോധം മുദ്രകുത്തിയ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുക? അവ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമാവുക സ്വാഭാവികം മാത്രം. നമ്മുടെ മുഖ്യധാരയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന മഹാ ഭൂരിപക്ഷം എഴുത്തുകളും ഇത്തരത്തില്‍ത്തന്നെയല്ലേ എന്ന ആലോചന വായനക്കാര്‍ക്ക് വിട്ടുതരുന്നു. ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്ക് വേണ്ടി ഈ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു.

Photo: Pexels
Photo: Pexels

പ്രിൻറ്​ മീഡിയയിലെ പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ വായനക്കാരായിരുന്ന, ആ അഭിരുചി വഹിക്കുന്നവരും സോഷ്യല്‍ മീഡിയ വ്യാപകമായതോടെ അതിന്റെ ഭാഗമായി മാറി. മാറിനിന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിനേക്കാള്‍ അവരവർ തന്നെ പങ്കാളിയാവുക എന്നതാണല്ലോ പുതിയ കാലത്തിന്റെ മനാേഭാവം. അതുകൊണ്ടുതന്നെ കേവലം വായനക്കാര്‍ മാത്രമായല്ല, സോഷ്യല്‍ മീഡിയയില്‍ പരിചയവും വഴക്കവും കൈവന്നതോടെ അവര്‍ കഥകളും കവിതകളും നോവലുകളും ഓര്‍മ്മകളും യാത്രാവിവരണവുമെല്ലാം എഴുതിത്തുടങ്ങി. പുസ്തക പ്രസാധനം വ്യാപകമായതോടെ ഇത്തരക്കാരെ കണ്ടെത്തി അച്ചടിക്കാനുള്ള കാശ് ഈടാക്കി ചെറുകിട പ്രസാധകര്‍ ആകര്‍ഷകമായ വിധത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കൊടുത്തു. പ്രിന്റ് ഓണ്‍ ഡിമാന്റ് അച്ചടി രംഗത്ത് വന്നതോടെ ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നത് എളുപ്പമായി. മറ്റു ചിലരാകട്ടെ, സിനിമകളുടേയും പുസ്തകങ്ങളുടെയുമെല്ലാം ആസ്വാദനക്കുറിപ്പുകള്‍സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. തങ്ങളുടെ അഭിരുചിയുടെ വെളിച്ചത്തിലുള്ള പരാവര്‍ത്തനമായിരുന്നു ഇവരുടെ എഴുത്തുകള്‍.

പ്രശസ്തരായ എഴുത്തുകാര്‍ പോലും ഇവരെക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പുസ്തകങ്ങള്‍ക്ക് ആസ്വാദനമെഴുതാന്‍ പ്രോത്സാഹിപ്പിച്ചു. ഉപരിപ്ലവമായ പുസ്തകങ്ങളെക്കുറിച്ച് ഉപരിപ്ലവമായ പരാവര്‍ത്തന സാഹിത്യം ചമച്ച ഈ വിഭാഗം എഴുത്തുകാരും പെട്ടെന്നുതന്നെ, പരസ്പരമുള്ള തലോടലിന്റെ ഭാഗമായി പ്രശസ്തരായ എഴുത്തുകാരായി വിശേഷിപ്പിക്കപ്പെട്ടു. അപ്പോള്‍പ്പോലും ഇവര്‍ തങ്ങളില്‍ അടിസ്ഥാനപരമായി നിലനിന്ന പഴയ അഭിരുചിയുടേയും ഭാവുകത്വത്തിന്റെ തടവില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവരായിരുന്നു. ഇത്തരത്തിലുള്ള എഴുത്തുകള്‍ക്ക് സോഷ്യല്‍ മീഡിയല്‍ വ്യാപക അംഗീകാരം ലഭിച്ചു.

Photo: Pixabay
Photo: Pixabay

സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സാമൂഹ്യാംഗീകാരത്തിന്റെ വെളിച്ചത്തില്‍ നിരന്തരം എഴുതി. ഈ അഭിരുചി വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ ഗൗരവമുള്ള സിനിമകൾക്കും പുസ്തകങ്ങള്‍ക്കും പകരം പൊളളയായ, തീര്‍ത്തും ഉപരിപ്ലവമായ എഴുത്തിന്റേയും വായനയുടേയും കാണലിന്റേയും സംസ്‌കാരം രൂപപ്പെട്ടുവന്നു. അവയയ്ക്ക് മാന്യമായ സോഷ്യല്‍ കണ്‍സെൻറ്​ ലഭിച്ചു.

പൊതുവെ ഗൗരവമുള്ളതും ഗഹനവുമായ വിഷയങ്ങളില്‍ നിന്ന് വായന പിന്‍വാങ്ങിത്തുടങ്ങിയ കാലമാണ്. വായിച്ചിട്ട് ചിന്തിച്ചു തലപുകയ്ക്കാനോ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ റഫറന്‍സുകള്‍ തേടി നടക്കാനോ സമയമോ താത്പര്യമോ ഇല്ലാത്ത കാലം ഉപരിപ്ലവമായ വായനയെ മുന്നോട്ടുവെച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

Comments